പൊന്നാനി വലിയ ജുമുഅത്ത് പള്ളി അനുപമം ഭക്തിസാന്ദ്രം ഈ പുണ്യ ഗേഹം




6. അനുപമം ഭക്തിസാന്ദ്രം 

ഈ പുണ്യ ഗേഹം


ടി. വി.അബ്ദുറഹിമാന്‍ കുട്ടി

alfaponnani@gmail.com

9495095336






        പൊ
ന്നാനി നഗരത്തിലെ കിണര്‍ സ്റ്റോപ്പില്‍ നിന്ന് ആരംഭിക്കുന്ന നിരവധി മഹാ രഥരുടെ പാദ സ്പര്‍ശനത്താല്‍ പുളകമണിഞ്ഞ ജെ എം റോഡ് മുസ്ലിം സംസ്കാരത്തിന്റെ ദീപശിഖകളായ വലിയ ജുമുഅത്ത് പള്ളിയിലേക്കും മഊനത്തുല്‍ ഇസ്ലാം സഭയിലേക്കും നമുക്ക് ദിശാബോധം നല്‍കും. മൂന്ന് പതിറ്റാണ്ടായി ജീവ-കാരുണ്യ രംഗത്ത് ശ്ളാഘനീയ സേവനങ്ങള്‍ നടത്തിവരുന്ന എം എസ് എസ്, ഒന്നാം മഖ്ദൂം 1485 ല്‍ ല്‍ സ്ഥാപിച്ച മഖ്ദൂമിയ്യ അകത്തെ പള്ളി, പുരാതന മഖ്ദൂം ഭവനങ്ങള്‍ തുടങ്ങിയവ ഈ റോഡിലാണ്. കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള 1939 ലെ ബീഡി തൊഴിലാളി സമരത്തിന് തുടക്കം കുറിച്ചതും ഇവിടെത്തന്നെ. പതിറ്റാണ്ടുകള്‍ പ്രായംചെന്ന ആല്‍മരം ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ വളര്‍ന്ന് പന്തലിച്ച് നിന്ന ഇടം ആലിന്‍ചുവട്. ഇതിലൂടെ നടന്നാല്‍ വലിയ പള്ളിയുടെ കിഴക്കെ പടിപ്പുര നടയിലെത്താം.


        പടിപ്പുര കടന്നാല്‍ ആത്മീയ സാഷാത്കാരത്തോട് അനുനയിക്കുന്ന പ്രതീതി മനസ്സില്‍ അലയടിക്കം. രണ്ടാം സൈനുദ്ദീന്‍ മഖ്ദൂം ഒഴികെ, മഖ്ദും സ്ഥാനം അലങ്കരിച്ച 38 മഖ്ദൂമുകള്‍ അന്ത്യവിശ്രമം കൊളള്ളുന്ന മഖ്ദൂം മഖാം പൂമുഖ മുറ്റത്ത് കാണാം. ചെമ്പ് തകിടുകള്‍ പൊതിഞ്ഞിരുന്ന മഖ്ബറയുടെ മേല്‍ഭാഗം 1995 ല്‍ മാറ്റി പരിഷ്കരിച്ചു. കിഴക്കും വടക്കും മഖദൂം കുടുംബത്തിന്റെ ഖബറിടങ്ങള്‍. അല്‍പം വടക്ക് മാറി മുകളിലക്ക് കണ്ണോടിച്ചാല്‍ ഒരിക്കലും മായാത്ത മറക്കാത്ത കരകൌശാല ചാരുതയുടെ ദൃശ്യ രൂപം മനസ്സില്‍ പതിയും. അവിസ്മരണീയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ രൂപ ഭംഗി ആവാഹിച്ചെടുത്ത ആകൃതിയും ആകാര സൌന്ദര്യവും മികച്ച കൂലീനതയുടെ പ്രതീകമായ പുമുഖ മാളികയുടെ ചിത്രം. അകത്ത്േ പ്രവേശിക്കുമ്പോള്‍ അതിശയമുണര്‍ത്തുന്ന തിണ്ണയും വിശുദ്ധ വചനങ്ങള്‍ ആലേഖനം ചെയ്ത കവാടവും. പുറത്തെ പള്ളിയുടെ ചുമരിന്റെ മധ്യത്തില്‍ മുകള്‍ ഭാഗത്തായി മരത്തില്‍ കൊത്തിവെച്ച ഖുര്‍ആന്‍ ആയത്തുകളും ഹദീസും ആപ്തവാക്യങ്ങളും വലത് ഓപ്പണ്‍ ഹൌളിന്‍ കര. മുന്നോട്ട് നടന്നാല്‍ 5400 സ്ക്വയര്‍ ഫീറ്റ് ഉള്‍ഭാഗം വിസ്തീര്‍ണ്ണമുള്ള അകത്തെ പള്ളി. അസാധാരണ കനത്തില്‍ കുമ്മായം പൊതിഞ്ഞ പിടിയിലൊതുങ്ങാത്ത കല്‍ത്തൂണുകളും ചുമരും. ആവശ്യാനുസരണം വെന്റിലേറ്റര്‍, ഭക്തി ചൈതന്യം നിറഞ്ഞ അകത്തളം. മിക്കസമയത്തും നമസ്കാരവും ഖുര്‍ആന്‍ പാരായണവും. അഞ്ചു നേരത്തെ നമസ്കാരത്തിന് മാത്രം തുറക്കുന്ന നടുവാതില്‍. സദാസമയവും തുറന്നിട്ട മറ്റു വാതിലുകള്‍. കമനീയ കമാനങ്ങള്‍ കവാടങ്ങള്‍.
        പളളിയുടെ നടുവില്‍ ഒന്നാം മഖ്ദൂം കൊളുത്തിയ തൂക്ക് വിളക്കിന് താഴെ വിശ്വ പ്രശസ്ത പണ്ഡിത ശ്രേഷ്ഠന്‍ ഇബ്നുഹജറുല്‍ ഹൈത്തമി പതിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ട വൃത്താകൃതിയിലുളള കല്ല്. ഇതിന് ചുറ്റുമിരന്ന് മഖ്ദൂമിയന്‍ സിലബസ്സനുസരിച്ച് ഓതിപ്പഠിച്ച പണ്ഡിത ശ്രേഷ്ഠരാണ് കേരളത്തിന് അകത്തും പുറത്തും പള്ളി ദര്‍സുകള്‍ക്ക് പ്രചുര പ്രചാരം ലഭിക്കാന്‍ ഹേതു വാഹകരായത്.

        ജുമുഅക്കും ചില പ്രത്യേക ദിനങ്ങളിലെ വക്ത്ത് നമസ്കാരങ്ങള്‍ക്കും മാത്രമെ ഇമാം മിഹ്റാബില്‍ നമസ്കരിക്കാറുള്ളു. പുകള്‍പ്പെറ്റ കൈരളി അറേബ്യന്‍ കരകൌശല ചാരുതയില്‍ പണിത മിംബര്‍, ജുമുഅ ദിനങ്ങളിലും റംസാന്‍ രാവുകളിലും ആത്മീയ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്നതും ദീപ്തമായ മനശാന്തി പ്രദാനം ചെയുന്നതും ആത്മാവിനെ സാന്ത്വനിപ്പിക്കുന്നതുമായ ഇടമാണ് ഇവിടമെന്ന് ത്യാഗിവര്യ•ാരായ പൂര്‍വ്വകാല സൂരികള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അകത്തെ പള്ളിയില്‍ നിന്ന് ദൈര്‍ഘ്യമുള്ള കോണി കയറിയാല്‍ വിശാലമായ ഒന്നാം നില. പൂര്‍ണ്ണമായും പുറത്തേക്ക് തള്ളിയ മരം കൊണ്ട് നിര്‍മ്മിച്ച പൂമുഖ മാളികക്കൂട്. തുടര്‍ന്ന് രണ്ടാം നിലയും അരതട്ടും (രണ്ടരതട്ട്) ചരിത്രവും ഐതിഹ്യവും കൈകോര്‍ക്കുന്ന ഇവിടെ ഒരു കാലത്ത് അസമയങ്ങളില്‍ ജിന്നുകള്‍ ദൈവീക മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നുവെന്നും ദൈവീക സാമീപ്യത്താല്‍ അനുഗ്രഹീതരായ മുന്‍കാല മഖ്ദൂമുകള്‍ ജിന്നുകള്‍ക്കായി ഇവിടെ ദര്‍സ് നടത്തിയിരുന്നുവെന്നുമാണ് വാമൊഴി. ചരിത്രം രേഖപ്പെടുത്തിയ കാലടയാളങ്ങളും ലിഖിതങ്ങളും ഇവിടെ കാണാം. മോന്തായത്തെ താഴികക്കുടങ്ങള്‍ പ്രൌഢിയുടെ ചിഹ്നങ്ങളത്രെ.

    ഒന്നാം നിലയില്‍ നിന്ന് ചെറിയ കോണി ഇറങ്ങിയാല്‍ ഹൌളിന്‍ കര മുകള്‍ത്തട്ട്. കേരളത്തിലെ ഇതര മുസ്ലിം പള്ളികള്‍ക്കില്ലാത്ത പല അപൂര്‍വ്വ പ്രത്യേകതകളും ഈ പള്ളിക്കുണ്ട്. വിപുലീകരണത്തിന്റെ ഓരോ ദിശയിലും അമൂല്ല്യമായ അനുഭവസമ്പത്തിന്റെ പ്രതിഭാധനരായ തച്ചുശാസ്ത്രജ്ഞ•ാരുടെയും കല്ലാശാരിമാരുടെയും പൂര്‍വ്വ പ്രതാപികളുടെ നിര്‍ലോഭ സഹായത്തിന്റെയും സംഗമമാണീ ഗേഹം. കിഴക്ക് വടക്ക് പടിഞ്ഞാറ് പടിപ്പുര മാളികകള്‍, പ്രൌഡിതയുടെ മുഖമുദ്രയണിഞ്ഞ ചുറ്റുമതില്‍. പൌരാണീകതയുടെ പ്രതീകം പള്ളികുളം. തുടങ്ങി കേരളത്തിലെ മറ്റ് പളളികള്‍ക്കില്ലാത്ത അസാധാരണ ഗാംഭീര്യവും പ്രത്യേകതയും ഈ പളളിക്കുണ്ട്. നൂറ്റാണ്ടുകളായി പുരാതന പളളികളില്‍ ഉന്നതസ്ഥാനം നേടി അകവും പുറവും പരിപാവനതയോടെ കര്‍ശന പരിപാലനം ഇതിന് സ്വന്തം. ആധുനിക ആര്‍ക്കിടെക്ടുകള്‍ക്കും ഡിസൈനര്‍മാര്‍ക്കും പഠന വിഷയമാക്കേണ്ട പലതും പൈതൃക തനിമയോടെ നില നില്‍ക്കുന്നു.

        15-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഖാസിയായിരുന്ന സൈനുദ്ദീന്‍ ഇബ്റാഹിം അല്‍ മഅ്ബരി പൊന്നാനിയിലേയും ഖാസിയായി സ്ഥാനമേറ്റേതു മുതലാണ് ഈ ദേശം മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ ഇടം നേടി തുടങ്ങിയത്. ഇദ്ദേഹത്തിന്റെ സഹോദര പുത്രന്‍ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ് ഹിജറ 925(ക്രി.വ.1510/19)ല്‍ പള്ളി സ്ഥാപിച്ചത്. ഈ പളളിയാണ് നൂറ്റാണ്ടുകളായി മുസ്ലിം ആത്മീയതയുടെ സിരാകേന്ദ്രമായി പരിലസിക്കുന്നത്.

    കേരളീയ വാസ്തു ശില്‍പകലയുടെ മറുതല കണ്ട പ്രശസ്തനായ തച്ചുശാസ്ത്രജ്ഞനും മഖ്ദൂമിന്റെ ആത്മ മിത്രവുമായ അശാരി തങ്ങളാണ് പളളിയുടെ പ്രഥമ ശില്‍പി. ശതാബ്ദങ്ങളായിട്ടും അതിരുകള്‍ നിര്‍ണയിക്കപ്പെടാത്ത ശില്‍പിയുടെ അനുപമ വൈഭവം ഇന്നും അത്ഭുതം നിറഞ്ഞ് നിലകൊളളുന്നു. ദൈവീക സാമീപ്യത്തിലും ഭയഭക്തിയിലും മാനവിക സംസ്കാരത്തിലും പൂര്‍ണ്ണമായും ഊന്നിയ രീതിയിലായിരുന്നു പൌരാണിക കാലം മുതല്‍ ദേവാലയങ്ങളുടെ നിര്‍മ്മാണം. ദൈവ വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റയും നാഗരീകതയുടെയും ഉറവിടങ്ങളായ പള്ളികളുടെ അടിസ്ഥാന ശില അതുതന്നെയാവണമെന്ന് പണ്ഡിതര്‍ക്ക് നിര്‍ബന്ധവുമുണ്ട്. ഈ ഒരു ചിന്ത മനസ്സില്‍ ധ്യാനിച്ചുകൊണ്ടാണ് പള്ളികളുടെ അടിക്കല്ല് പാകിയതും സ്ഥാപിച്ചതും, പൊന്നാനി വലിയപള്ളി ആദ്യാവസാനം ഇതിന് ഉത്തമമാതൃകയാണ്.

    പള്ളി നിര്‍മ്മാണത്തിന് ശേഷം ആശാരി തങ്ങള്‍ മുകളില്‍ കയറി പടിഞ്ഞാറോട്ടേക്ക് നോക്കിയപ്പോള്‍ കോഴി മുട്ടപ്പരിശില്‍ വിശുദ്ധ കഅ്ബയുടെ ദിവ്യ പ്രഭ ദര്‍ശിച്ചുവെന്നും വെട്ടം രാജാവ് ദാനം നല്‍കിയ ഒറ്റ തേക്ക്    മരം കൊണ്ടാണ് പള്ളി പണിതതെന്നും തുടങ്ങി മതമൈത്രിലൂന്നിയ പല കഥകളും പ്രചാരത്തിലുണ്ട്. 

  1550 ല്‍(ഹിജ്റ 957 ശവ്വൌല്‍ 19 വ്യാഴാഴ്ച) നടന്ന് പോര്‍ച്ചുഗീസ് ആക്രമണത്തില്‍ പള്ളിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. പള്ളിയുടെ നിര്‍മ്മാണാരംഭത്തില്‍  90 അടി നീളവും അറുപത് അടി വീതിയുമുള്ള അകത്തെ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറത്തെ പള്ളിയും മുറികളും മാളികയും മറ്റും പിന്നീട് നിര്‍മ്മിച്ചതാണ്. മലബാര്‍  കലക്ടറായിരുന്ന വില്യം ലോഗന്‍ 1887 ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാനുവലില്‍ പള്ളിക്ക് നാല് നിലകളുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തി.

“The Mosque is a Spacious Four-Storeyed Building, 90 Feet in Length and 60 in breadth, and stands close to the Jaram or Mausoleum, which contains his own and his successor’s remains.”

'المسجد هو واسع أربعة طوابق البناء، و 90 أقدام في الطول و 60 في اتساع'
   
 വിവിധ ഘട്ടങ്ങളില്‍ നിര്‍മ്മാണ ആവശ്യമായ പരിഷ്കരണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവിലുള്ള മിമ്പര്‍ 1911ല്‍ തരകന്‍കോജിനിയകത്ത് കുഞ്ഞാദുട്ടിയും മേല്‍ക്കുര 1938-39 ല്‍ കോടമ്പിയകത്ത് സൈതുട്ടിയും പൂമുഖം 1861-62 ല്‍ ആക്ടിങ്ങ് മഖ്ദൂം കമ്മുകുട്ടി മുസ്ലിയാരും കനത്ത ചുട്ടുമതില്‍ കെട്ട് മണ്ടായപ്പുറത്ത് ആലി മൂപ്പനും നിര്‍മ്മിച്ചു.

    വാസുതു ശില്‍പകലാലക്ഷണമെത്ത പള്ളികള്‍, തൊട്ടടുത്ത പള്ളിക്കാടുകള്‍, നിരനിരയായുള്ള മിസാന്‍ (നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍, തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടും പതിറ്റാണ്ടുകളും പിന്നിട്ട വീടുകള്‍ ഒരേ സമയം പള്ളികളില്‍ നിന്നുയരുന്ന ഭക്തിമയവും കര്‍ണാനന്ദകരവുമായ വാങ്ക്വിളികള്‍ സുബഹിക്കും മഗ്രിബിനും മസ്ജിദുകളുടെ അകത്തളങ്ങളില്‍ നിന്നുയരുന്ന തസ്ബീഹ്, തഹ്ലീല്, സ്വലവാത്ത്, തിലാവത്തുകളുടെ ശബ്ദവീചികള്‍ നെഞ്ചകം നിര്‍വൃതികൊള്ളിക്കും. നിശയുടെ അന്ത്യയാമങ്ങളില്‍  ആരംഭിക്കുന്ന വേറിട്ടുള്ള ബാങ്ക്വിളികള്‍ സുബഹിയായാല്‍ കൂട്ടബാങ്ക് വിളികളായി അവസാനിക്കുന്നതും വലിയപള്ളിയുടെ പൊലിവും മഹാത്മ്യവും ആകര്‍ഷണീയതയും മസ്ജിദുകളുടെ സാമിപ്യത്താല്‍ അനുഗ്രഹീതമായ ഈ പ്രദേശത്ത് നിന്നാല്ലാതെ കേരളത്തില്‍ മറ്റേതു ദേശത്തുനിന്നാണ് ഇത്രയും ഹൃദ്യമായി ഭര്‍ക്തക്ക് സായൂജ്യവും മനശാന്തിയും ലഭിക്കുക. ഇതെല്ലാം പരിഗണിച്ചാണ് ദക്ഷിണേന്ത്യന്‍ മുസ്ലിം സംസ്കാരത്തിന്റെ സര്‍വ്വോത്തമകേന്ദ്രമെന്നു ചരിത്രം ഒരേ സ്വരത്തില്‍ പൊന്നാനിയെ വിശേഷിപ്പിച്ചത്. പളളി പെരുമയാല്‍ പുരാതനകാലം മുതല്‍ ചെറിയ മക്ക കൈരളിയുടെ മക്ക പളളികളുടെ മഹാനഗരി എന്നീ പേരുകളാല്‍ പ്രസിദ്ധമാണിവിടം.
.