ഇ. കെ. ഇമ്പിച്ചിബാവ തിരയടിയും തേരോട്ടവും






34. ഇ. കെ. ഇമ്പിച്ചിബാവ

തിരയടിയും തേരോട്ടവും


ടി.വി. അബ്ദുറഹിമാന്‍കുട്ടി

alfaponnani@gmail.com

9495095336 

പൊന്നാനിയുടെ സുല്‍ത്താന്, പരിവേഷങ്ങളില്ലാത്ത ജനനായകന്‍ ഉള്‍പ്പെടെ പല വിശേഷണങ്ങളാല്‍ ഖ്യാതിനേടിയ ഇമ്പിച്ചിബാവയെക്കുറിച്ച് മുഖ്യധാരക്കുവേണ്ടി ഒരു രചന നടത്തുന്നതിന് ബഹു. സ്നേഹിതന്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ മറ്റു ജോലികള്‍ മാറ്റി ചാരിതാര്‍ത്ഥ്യത്തോടെയാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇമ്പിച്ചിബാവ പിറന്ന തറവാടിന് അര കിലോമീറ്ററിനുള്ളില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹത്തിന്‍റെ നാട്ടുകാരനും അദ്ദേഹം ആദ്യമായി പഠിച്ച സ്കൂളില്‍ വിദ്യാര്‍ത്ഥിയും പിന്നീട് അദ്ധ്യാപകനുമാകാന്‍അവസരം ലഭിച്ച എനിക്ക് ഇങ്ങനെയൊരു സംരംഭത്തിന് ഒരുങ്ങുന്നത് സന്തോഷം പകര്‍ന്നു തരുന്നു.

പരമ്പരാഗത ചരിത്ര രചന രീതിയില്‍ നിന്നും അല്‍പമൊന്ന് വ്യതിചലിച്ച് അനുഭങ്ങള്‍ ചാലിച്ചും അദ്ദേഹത്തിന്‍റെബാല്യം മുതല്‍ മരണം വരെ ആറ് പതിറ്റാണ്ടിനിടയില്‍ നടന്ന ദേശ പുരോഗതിയും വികസന പ്രവര്‍ത്തനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരോട്ടം ലഭിച്ച്, കേരളത്തില്‍ മുഖ്യ പാര്‍ട്ടിയായി വളര്‍ത്തുന്നതില്‍ ഇമ്പിച്ചിബാവ വഹിച്ച സുപ്രധാന പങ്കും സമകാലീക സംഭവവികാസങ്ങളും പരിവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയ ഒരു രചനാരീതി വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഭാരതപ്പുഴ, അസ്തമയ സൂര്യന്‍റെ പൊന്‍ കിരണങ്ങളേറ്റ് പൊന്‍പുഴയായി മാറി പൊന്നാനി എന്ന പേര് സിദ്ധിക്കാന്‍ ഹേതുവായ പ്രദേശം. സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, നേവി ഹെഡ് ക്വാര്‍ട്ടേഴ്സ്, കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍റെ തട്ടകം, ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയദേശം, മതമൈത്രിയും മാനവമൈത്രിയും ജീവിത ലക്ഷ്യമാക്കിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ജډം നല്‍കിയ ഇടം, ലഭ്യമായ രേഖകളനുസരിച്ച് മലയാളക്കരയില്‍നിന്ന് ആദ്യമായി  വിദേശ ബിരുദം നേടിയ പണ്ഡിതശ്രേഷ്ഠനും മുസ്ലിം നവോത്ഥാനനായകനുമായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും കേരളത്തിന്‍റെ ലക്ഷണമൊത്ത പ്രഥമ ചരിത്രകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും പ്രവര്‍ത്തന മണ്ഡലം, കൈരളിയുടെ സാംസ്കാരിക ആസ്ഥാനം, മലബാറിന്‍റെ മക്ക, വടക്കേ മലബാറില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വേരോട്ടത്തിന് തുടക്കം കുറിച്ച ഐതിഹാസിക ബീഡിത്തൊഴിലാളിസമരംമലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെയും മലയാള സാഹിത്യ തറവാട്ടില്‍ ചിരപ്രതിഷ്ഠനേടിയ പൊന്നാനി കളരിയുടെയും വന്നേരി കളരിയുടെയും സ്വാതന്ത്ര്യസമര അക്കാദമി ആനക്കര വടക്കത്തിന്‍റെയും മാമാങ്ക മഹോത്സവങ്ങളുടെയും കേരള വാത്മീകി വള്ളത്തോള്‍ നാരായണമേനോന്‍റെയും വര്‍ത്തമാനകാല സാഹിത്യനായകന്‍ എം.ടി. വാസുദേവന്‍ നായരുടെയും പഴയ താലൂക്ക് ആസ്ഥാനം,1921ലെ മലബാര്‍ കലാപത്തില്‍പോലും മതമൈത്രിക്ക് പോറലേല്‍ക്കാത്ത പ്രദേശം തുടങ്ങി നിരവധി വിശേഷണങ്ങളാല്‍ സമ്പന്നമായമാതൃകാരാജ്യമാണ് ഞങ്ങളുടെ പൊന്നാനി.


ബാല്യകാലവും ദുരിതങ്ങളും


ടിപ്പുവിന്‍റെ പടയോട്ടങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ചാലിയം ചേറ്റുവ ടിപ്പുസുല്‍ത്താന്‍ റോഡിന്‍റെ ചാരെ സ്ഥിതിചെയ്യുന്ന തക്വാ മസ്ജിദിന് അരികിലൂടെ ഏതാനും മീറ്റര്‍ നടന്നാല്‍ അഴീക്കല്‍ കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന ലൈറ്റ് ഹൗസിന് സമീപം ഏഴുകുടിക്കല്‍ തറവാട്ടില്‍ 1917 ജൂലായ് 20നാണ് ഇമ്പിച്ചിബാവ ജനിച്ചത്.മാതാവ് ആയിശ. പിതാവ് അബ്ദുല്ല സ്രാങ്ക്,പത്തേമാരികളുടെ കപ്പിത്താനെ സ്രാങ്കെന്നും  ജോലിക്കാരെ ഖലാസികളെന്നുമാണ്  വിളിക്കാറ്.

അതിപ്രാചീന തുറമുഖമായ പൊന്നാനിയില്‍ നിന്ന് ഗോവ, മുംബൈ, കൊച്ചി, തൂത്തുക്കുടി തുടങ്ങിയ ഇന്ത്യയുടെ വിവിധ തുറമുഖങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും സഞ്ചരിക്കുന്ന പത്തേമാരികളിലും പായക്കപ്പലുകളിലുംസ്രാങ്കായും ഖലാസികളുമായി ജോലി ചെയ്തിരുന്നവരായിരുന്നു അഴീക്കല്‍ നിവാസികളില്‍ ഭൂരിഭാഗവും. കുഞ്ഞാലി മരക്കാډാരുടെ പിന്‍ഗാമികളാണിവരെന്ന് നിരീക്ഷിക്കുന്നവരുണ്ട്.ജീവന്‍ പണയംവച്ചുള്ള ഈ ജോലി ആദ്യാവസാനം സാഹസവും ദുര്‍ഘടവുമായിരുന്നു.ആറ് മണിക്കൂര്‍ വീതം യാമം മാറി (ഷിഫ്റ്റി)യാണ് ജോലി നിര്‍വ്വഹണം. ചിലപ്പോള്‍ കാറ്റിന്‍റെ ഗതിയനുസരിച്ച് പായ ചലിക്കുന്ന ദിശയിലേക്കായിരിക്കും വഞ്ചികളുടെ സഞ്ചാരം.സ്രാങ്കിന് തല്‍സമയത്ത് നിയന്ത്രണം കിട്ടണമെന്നില്ല.കരക്കണയേണ്ട സ്ഥലത്ത് കടല്‍ ക്ഷോഭമായാല്‍ കാര്യം ഗുരുതരം തന്നെ.തന്മൂലം മടങ്ങി വീട്ടിലെത്തുന്നതുവരെ കുടുംബത്തിന് നെഞ്ചില്‍ തീ തന്നെ.

കാറ്റിലും കോളിലും അകപ്പെട്ടും കപ്പലിടിച്ചും വെള്ളം കേറിയും പായകെട്ടാന്‍ കയറുന്ന അവസരത്തില്‍ പാമരങ്ങളില്‍നിന്നും തെറിച്ചുവീണും ഇടിമിന്നലേറ്റും വഞ്ചി തകര്‍ന്നും നിരവധി തൊഴിലാളികളുടെ ജീവന്‍ കടല്‍ കവര്‍ന്നിരുന്നു.ഒരവസരത്തില്‍ ഇമ്പിച്ചിബാവയുടെ അമ്മാവന്‍റെ മകന്‍ സുലൈമാന്‍ ഉള്‍പ്പെടെയുള്ള ഒരു വഞ്ചി തകര്‍ന്ന് മുഴുവന്‍ തൊഴിലാളികളും കടലില്‍ മുങ്ങി മരിച്ചു. ഇത്തരത്തിലുള്ള നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. യാതനയും വേദനയും കദനകഥകളും കണ്ണീരും കയ്യുമായ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍ പരിരക്ഷയോ മറ്റു ആനുകൂല്യങ്ങളോ അന്നില്ലായിരുന്നു. അത്തരം അവസരങ്ങളില്‍ ജീവനക്കാരോട് അനുകമ്പ പുലര്‍ത്തിയ ഉടമകളും സ്രാങ്കന്മാരും വിപരീതമായി പ്രവര്‍ത്തിച്ചിരുന്നവരും അക്കാലത്തുണ്ടായിരുന്നു. ഇതേ രീതിയില്‍ പല കുടുംബങ്ങളുടെയും അയല്‍വാസികളുടെയും തദ്ദേശീയരുടെയും കദനകഥകള്‍ നേരിട്ടറിഞ്ഞുകൊണ്ടാണ്അദ്ദേഹം വളര്‍ന്നു വലുതായത്.തെക്കേ മലബാറിനെ പിടിച്ചുലച്ച മലബാര്‍ കലാപവും അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 1921 ജൂണ്‍ 24ന് പൊന്നാനി അങ്ങാടിപ്പാലത്തിനു മുകളില്‍വെച്ച് നെല്ലിക്കുത്ത് ആലി മുസ്ലിയാരും പോലീസ് ഓഫീസറും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും പുതുപൊന്നാനിയില്‍ നടന്ന ദേശീയ നേതാക്കളുടെ സംഗമവും ശൈശവത്തില്‍ത്തന്നെ അദ്ദേഹത്തില്‍ സമരാവേശം പകര്‍ന്നിരിക്കാം.


അനീതിക്കെതിരെയുള്ള പ്രഥമ വാക്ചാതുര്യം


രാഷ്ട്രീയമായി അധികമാരും ഉല്‍ബുദ്ധരാകാത്ത അക്കാലത്ത് ദേശീയബോധമുള്ള അധ്യാപകര്‍ സംഘടിപ്പിച്ചിരുന്ന ശനിയാഴ്ച ചര്‍ച്ചാ ക്ലാസുകളില്‍ ശ്രോതാവായി എത്തിയിരുന്നതും കോഴിക്കോട് നിന്ന് പിതാവ് ഇടക്കിടെ എത്തിച്ചു കൊടുത്തിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ പത്രാധിപത്യത്തിലുള്ള അല്‍അമീന്‍ വായിച്ചിരുന്നതും ബ്രിട്ടീഷ് പോലീസ് അധികാരി ആമുസൂപ്രണ്ട് അബ്ദുറഹിമാന്‍ സാഹിബിനെ മര്‍ദ്ദിച്ചതുംഇമ്പിച്ചിബാവയില്‍ രാഷ്ട്രീയ ബോധം അങ്കൂരിപ്പിച്ചതിനാല്‍ ബാല്യത്തില്‍തന്നെ കോണ്‍ഗ്രസ് ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. 

അക്കാലത്ത് പൊന്നാനിയിലെയും പരിസരത്തെയും ഏക മുസ്ലിം അപ്പര്‍പ്രൈമറി വിദ്യാലയമായ 1914ല്‍ അംഗീകാരം ലഭിച്ച തഅലീമുല്‍ ഇഖ്വാന്‍ മദ്രസ്സ ഹയര്‍ എലിമെന്‍ററി സ്ക്കൂളില്‍ (ഇപ്പോഴത്തെ ടി.ഐ.യു.പി സ്കൂള്‍) 1925 ഒക്ടോബര്‍ ഒന്നിന് ഒന്നാംക്ലാസ്സില്‍ ചേര്‍ന്നു. അല്‍പസ്വല്‍പം കുസൃതിയും അതിലുപരി പുരോഗമനാശയങ്ങളും നാമ്പെടുക്കുന്ന ശൈശവം മുതല്‍ തന്നെഅനീതിക്കെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റവും വാക്ചാതുര്യവും സമന്വയിച്ചതായിരുന്നു ഇമ്പിച്ചിബാവയുടെ ബാല്യകാലം.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്, ഒരു ദിവസം അദ്ധ്യാപകന്‍ ക്ലാസ്സിലില്ലാത്ത നേരത്ത് മേശപ്പുറത്ത് വെച്ചിരുന്ന വടിയെടുത്ത് ഒരു കുട്ടി ശക്തിയോടെ മറ്റൊരു കുട്ടിയെ എറിഞ്ഞു. ഏറ് മര്‍മ്മസ്ഥാനത്ത് തട്ടിയ കുട്ടി ഈര്‍ഷ്യത്താല്‍ വടിയൊടിച്ചു തന്‍റെ മുന്നില്‍തന്നെ  താഴെയിട്ടു. ഈ രംഗം കണ്ടു കൊണ്ടായിരുന്നു അദ്ധ്യാപകന്‍റെ വരവ്. അദ്ദേഹം വസ്തുതകള്‍ ഗ്രഹിക്കാതെ ഒടിഞ്ഞ വടി മുമ്പില്‍ കിടക്കുന്ന കുട്ടിയെ തല്ലി.

ആദ്യാവസാനംസംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ ഇമ്പിച്ചിബാവക്ക് അദ്ധ്യാപകന്‍റെ ശിക്ഷ നടപടി സഹിച്ചില്ല. ആ ബാല്യ മനസ്സിനെ ആഴത്തില്‍ വേദനിപ്പിച്ചു. അദ്ദേഹംഅദ്ധ്യാപകന്‍റെ നേര്‍ക്ക് കയര്‍ത്തു.

നിങ്ങളെന്താ കോണ്‍ഗ്രസ്സുകാര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന സമയത്ത് വെള്ളക്കാരുടെ പോലീസ് അന്യായമായി മര്‍ദ്ദിക്കുന്നത് പോലെ പെരുമാറുന്നത്?നിജസ്ഥിതി മനസ്സിലാക്കാതെ തെറ്റു ചെയ്യാത്തവനെയാണോ ശിക്ഷിക്കുന്നത്?.

തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്പയറ്റുതന്നെ നടന്നു. പിന്നീട് സ്ക്കൂളില്‍ നടന്ന പുകില് പറയേണ്ടതില്ലല്ലോ. ഒടുവില്‍ ഇമ്പിച്ചിബാവയെസ്ക്കൂളില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. അന്നാരംഭിച്ച അനീതിയ്ക്കെതിരെയുള്ള പോരാട്ടം ജീവിതാന്ത്യം വരെ തുടര്‍ന്നു.

വിദ്യാലയങ്ങളില്‍ ചൂരല്‍ പ്രയോഗം അക്കാലത്ത് പതിവായിരുന്നു. മൂരിവടിപോലുള്ള വടിയുണ്ടാക്കി പൈതങ്ങളെ പൊതിരെ തല്ലുന്നത് വിദ്യാഭ്യാസത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് അധ്യാപകരും അങ്ങനെ ചെയ്യാഞ്ഞാല്‍ കുട്ടികള്‍ നന്നാവില്ലെന്ന് രക്ഷിതാക്കډാരും വിശ്വസിച്ചു. വടികള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊണ്ടുവന്ന് കൊടുക്കാറ്. ഓത്തുപള്ളികളില്‍ പഠിക്കുന്ന പഠിതാക്കള്‍ക്ക് ഗുരുനാഥډാരില്‍നിന്നും അടികൊള്ളുന്ന ശരീരത്തിന്‍റെ ഭാഗം നരകാഗ്നിയില്‍നിന്ന് വിമുക്തമാണെന്ന് പോലും വിശ്വസിച്ചിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു.

ജാതിപിശാചിന്‍റെ ക്രൂരമായ തേര്‍വാഴ്ച നടമാടിയിരുന്ന കാലമായിരുന്നു അത്. കുടിപ്പള്ളിക്കൂടങ്ങളില്‍ അവര്‍ണരായ പൈതങ്ങളെ മറ്റൊരിടത്ത് മാറ്റിയിരുത്തുകയും ശിക്ഷാനടപടികള്‍ നടപ്പാക്കുന്ന സമയത്ത് സവര്‍ണ്ണരായ അധ്യാപകര്‍ കുട്ടികളെ അടിക്കുന്നതിന് പകരം വടി എറിയുകയുമായിരുന്നു പതിവ്. 


അബ്ദുറഹിമാന്‍ സാഹിബിന്‍റെ ഇടപെടല്‍


പിതാവ് അബ്ദുല്ല സ്രാങ്ക് കോഴിക്കോട് പിയേഴ്സ് ലിസി കമ്പനിയില്‍ കയറ്റിയിറക്ക് മേസ്തിരിയായിരുന്നു. തന്‍റേടിയായ സ്രാങ്കിന് അക്ഷരജഞാനമില്ലെങ്കിലും അവിടത്തെ സാമൂഹിക-രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമായിരുന്നു. സ്രാങ്ക് മകനെയും കൂട്ടി അക്കാലത്ത് മലബാറിലെ ഊര്‍ജ്ജസ്വലനായയുവനേതാവ്  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ സമീപിച്ച് കഴിഞ്ഞതെല്ലാം അല്‍പ്പം വിഷമത്തോടെ വിശദീകരിച്ചു.

സാഹിബ് സ്രാങ്കിന്‍റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.  ഗുരുനാഥډാരോട് തികഞ്ഞ ആദരവ് പുലര്‍ത്തി കൊണ്ട് തന്നെ ഈ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച്അല്‍ അമീനില്‍ മുഖപ്രസംഗം എഴുതി. പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ഇങ്ങനെ.

ഗുരു സാക്ഷാല്‍ പരബ്രഹ്മമാണെന്ന് വിശ്വസിക്കുന്ന സംസ്ക്കാരമാണ് അപ്പോഴും കുട്ടിയെ നയിച്ചിരുന്നതെന്നോര്‍ക്കണം. അദ്ധ്യാപകനെയല്ല. ശരിയേതെന്നും തെറ്റേതെന്നുമുള്ള സത്യസന്ധമായ അന്വേഷണം നടത്താതെ അന്യായമായി ശിക്ഷാരീതി നടപ്പാക്കുന്ന ആളെയാണ് കുട്ടി ആക്ഷേപിച്ചത്. ഇതോടെ കേരള രാഷ്ട്രീയത്തില്‍ പിന്നീട് ചെന്താരമായി തിളങ്ങിയ ഇമ്പിച്ചിബാവയെ അല്‍അമീനിലൂടെ മലബാര്‍ ആദ്യമായി അറിഞ്ഞു.സാഹിബുമായുള്ള കൂടിക്കാഴ്ചയും അല്‍അമീനിലെ ഇടപ്പെടലുകളും പ്രതികരണങ്ങളും ഇമ്പിച്ചിബാവയുടെ ഭാവിരേഖ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. സാഹിബുമായി തുടങ്ങിയ ബന്ധം ഇരുവരും പിന്നീട് ഇരുചേരികളായി പിരിഞ്ഞുവെങ്കിലും സാഹിബ് മരിക്കുന്നതുവരെ ബന്ധം തുടര്‍ന്നു.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ ശക്തമായ ഇടപെടലും പൊന്നാനിയുടെ വിദ്യാഭ്യാസ പരിഷ്കര്‍ത്താവ് ഉസ്മാന്‍ മാസ്റ്ററുടെ കരുനീക്കങ്ങളും കാരണം ഇമ്പിച്ചിബാവയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.വീണ്ടും ടി.ഐ.യു.പി. സ്ക്കൂളില്‍ തന്നെ ചേര്‍ന്നു. ഇവിടെ നിന്ന് 1931 സെപ്തംബര്‍ 22ന് അഞ്ചാംക്ലാസ്സില്‍ നിന്ന് വിടപറഞ്ഞു.


ഗുരുവായൂര്‍ സത്യാഗ്രഹവും പ്രഥമ സമര ജാഥയും

ഈ അവസരത്തിലാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ മുന്നോടിയായി സമര പ്രചരണ ജാഥ പൊന്നാനിയിലെത്തുന്നത്.നമ്പൂതിരി യുവാവായ സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെനേതൃത്വത്തില്‍ എകെജി ക്യാപറ്റനായി ഒക്ടോബര്‍ 21ന് കണ്ണൂരില്‍ നിന്നായിരുന്നു ജാഥയുടെ ആരംഭം. ജാഥ പയ്യന്നൂരിനടുത്ത കണ്ടോത്ത് എത്തിച്ചേര്‍ന്ന സമയത്ത് അവിടത്തെ ഒരു ക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ് ക്ഷേത്രത്തിനടുത്തുള്ള തെരുവില്‍ക്കൂടി സഞ്ചരിക്കാന്‍ ദളിതരെ അനുവദിച്ചിരുന്നില്ല.

എകെജിയുടെ നേതൃത്വത്തിലുള്ള ജാഥ താഴ്ന്ന ജാതിക്കാരോടൊപ്പം ഈ തെരുവിലേക്ക് പ്രവേശിച്ചു. തല്‍സമയം  ഇരുന്നൂറോളം വരുന്ന ജനക്കൂട്ടം ജാഥയില്‍ പങ്കെടുത്തവരെ കഠിനമായി മര്‍ദ്ദിച്ചു. എ.കെ.ജി.യും കേരളീയനും ബോധ രഹിതനായി നിലംപതിച്ചു. കേരളീയന്‍റെ മരണമൊഴിപോലും രേഖപ്പെടുത്തി. ഈ കൊടിയ മര്‍ദ്ദനം കണ്ടോത്തെ കുറുവടി എന്ന പേരില്‍ അറിയപ്പെട്ടു.

മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കണ്ടോത്തെത്തി. റോഡിലൂടെ എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ടെന്ന ബോര്‍ഡ് സ്ഥാപിച്ചു. രംഗം ശാന്തമായതിനെ തുടര്‍ന്ന് എ.കെ.ജി. അടക്കം  ശാരീരികാവശത കൂസാതെ പ്രയാണം ആരംഭിച്ച ജാഥക്ക്  വഴി നീളെ പണക്കിഴികളും ആവേശകരമായ സ്വീകരണങ്ങളും ലഭിച്ചു. ജാഥക്ക് പൊന്നാനി കുറ്റിക്കാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ കേവലം 13 വയസ്സുകാരനായ ഇമ്പിച്ചിബാവയും ശ്രോതാവായി എത്തിയിരുന്നു.


എകെജിയുടെ ആവേശകരമായ പ്രസംഗം ഇമ്പിച്ചിബാവയില്‍ നവചൈതന്യവും ഊര്‍ജ്ജവും പകര്‍ന്നു. തുടര്‍ന്ന് അദ്ദേഹം എകെജിയുടെ ജാഥയെ അനുഗമിച്ചു. വന്നേരി നാട്ടിലെ വന്നേരി കോട്ടപ്പടി തുടങ്ങിയ പ്രദേശങ്ങളില്‍ ജാഥക്ക് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.ഇമ്പിച്ചിബാവയുടെ കാല്‍നടയായുള്ള പ്രഥമ സമര പോരാട്ടമായിരുന്നു ഇത്. ഒക്ടോബര്‍ 31ന് വൈകുന്നേരം ജാഥ ഗുരുവായൂരിലെത്തി.അന്നാരംഭിച്ച എ.കെ.ജി.യോടുള്ള ആകര്‍ഷണീയത ക്രമേണ ആത്മബന്ധമായി മാറുകയും അദ്ദേഹത്തിന്‍റെ വലം കൈ പോലെ അന്ത്യംവരെ തുടരുകയും ചെയ്തു.

എകെജിക്ക് ശേഷം കേരളം കണ്ട മഹാനായ കമ്യൂണിസ്റ്റ് പ്രചാരകനും പ്രക്ഷോഭകാരിയുമായിരുന്നു ഇമ്പിച്ചിബാവ. എ.കെ.ജിക്ക് പിറക്കുന്ന കുട്ടി ആണായാലും പെണ്ണായാലും പേര് നിര്‍ദ്ദേശിക്കുക ഞാനായിരിക്കുമെന്ന്അദ്ദേഹത്തോട് ഇമ്പിച്ചിബാവ നേരത്തെ പറഞ്ഞതനുസരിച്ചായിരുന്നു എകെജിയുടെ മകള്‍ക്ക് ലൈല എന്ന് പേര് വിളിച്ചത്.

അക്കാലത്ത് ദേശീയ നേതാക്കള്‍ മരിച്ചാല്‍ പൊന്നാനിയില്‍ അനുശോചനയോഗങ്ങള്‍ ചേരുകയും യോഗസ്ഥലത്തിന് ഉത്തരേന്ത്യയിലേത് പോലെ ചിലപ്പോള്‍ ആ നേതാവിന്‍റെ പേര് നല്‍കുകയും പതിവായിരുന്നു. പൊന്നാനി പുത്തംകുളം മുഹമ്മദലി മൈതാനത്തിനും, ലൈറ്റ് ഹൗസിന് സമീപം ആറ്റക്കുളംശൗക്കത്തലി മൈതാനത്തിനും പേര് ലഭിക്കാന്‍ കാരണം ഇതാണ്. മോത്തിലാല്‍നെഹ്റു, മൗലാനാ മുഹമ്മദലി, ഡോക്ടര്‍ അന്‍സാരി തുടങ്ങിയ ദേശീയ നേതാക്കളുടെ അനുശോചന യോഗത്തില്‍ പങ്കെടുത്ത നഗരത്തിലെ നാമമാത്ര വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഇമ്പിച്ചിബാവ.


വെള്ളപ്പെട്ടിയും ചുകപ്പ് പെട്ടിയും


1920കളില്‍ രാഷ്ട്രീയ ചേരി തിരിവുകള്‍ വ്യക്തമാകാത്ത കാലത്ത് ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്‍റ് വി. ആറ്റക്കോയ തങ്ങളുടെ പാര്‍ട്ടിയായ വെള്ളപ്പെട്ടിയും ദേശീയവാദിയായ കെ.വി. നൂറുദ്ദീന്‍ സാഹിബിന്‍റെ പാര്‍ട്ടിയായ ചുകപ്പ് പെട്ടിയും എന്നീ രണ്ട് പക്ഷക്കാര്‍ തമ്മിലുള്ള വിഭാഗീയത പൊന്നാനി നഗരത്തില്‍ അതിരൂക്ഷമായിരുന്നു.

ഇക്കാലത്ത് ബ്രിട്ടീഷ് അനുകൂലിയായ പൊന്നാനിയിലെ ഒരു പൗര പ്രമുഖന്‍ ഖിലാഫത്തുകാരാല്‍ ടിഐയുപി സ്കൂളിന് സമീപം ഖാസിമൈതാനത്തിന്‍റെ ഇടവഴിയില്‍ വെച്ച് കൊല്ലപ്പെട്ടു. കൊലപാതകി അജ്ഞാതനായതിനാല്‍ അസ്രാഈല്‍ കുത്തി കൊന്നുവെന്നാണത്രെ നാട്ടില്‍ പ്രചരിച്ച ചൊല്ല്. ഊര്‍ജ്ജിതമായ അന്വേഷണങ്ങള്‍ക്കൊടുവിലും തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഈ കേസിന്‍റെ ഗതിയെ څലാതുമ്പ വലാവാലچഎന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ് സര്‍ക്കാര്‍ 1907ല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വി. ആറ്റക്കോയ തങ്ങളായിരുന്നു 1935 വരെ തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്‍റ്. തുടര്‍ന്ന് നടന്ന ജനകീയ തെരഞ്ഞെടുപ്പ് കെ.വി. നൂറുദ്ദീന്‍ സാഹിബ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം ചേരികള്‍ തമ്മിലുള്ള സ്പര്‍ധ പൂര്‍വ്വോപരി മൂര്‍ച്ഛിച്ചു. മത ധര്‍മ്മ സ്ഥാപനങ്ങളില്‍ പോലും ചേരി തിരിവ് രൂക്ഷമായി അനുഭവപ്പെട്ടു. ഇതിനിടയില്‍ വെള്ളപ്പെട്ടി വിഭാഗക്കാരനായ എം.ഐ. സഭ മെമ്പര്‍ എന്‍. മുഹമ്മദാജിയുടെ  മകളുടെ വിവാഹം അക്കാലത്ത് നിലവിലുണ്ടായിരുന്ന ശാരദ വിവാഹ ആക്ടിന് വിരുദ്ധമായാണ് നടന്നതെന്നാരോപിച്ച് ചുകപ്പ്പ്പെട്ടിക്കാര്‍ ഇതിനെതിരില്‍ കേസ് കൊടുത്തു. കോടതിയിലെത്തിയപ്പോള്‍ ഖാസി പദവി വഹിച്ചിരുന്ന ബാവ മുസ്ലിയാര്‍ വെള്ളപ്പെട്ടിക്കാര്‍ക്ക്  അനുകൂലമായി സാക്ഷി മൊഴി നല്‍കുകയും ചെയ്തു. 

അക്കാലത്ത് മഖ്ദൂം തറവാട്ടിലെ പലരും പൊന്നാനിക്ക് പരിസരത്തും  പുറം നാടുകളിലും ഖാസി പദവി വഹിച്ചിരുന്നു. ഖാസിയുടെ സാക്ഷി മൊഴി വിവാദം രൂക്ഷമായപ്പോള്‍ ബാവ മുസ്ലിയാര്‍ക്കെതിവെവവര ചുകപ്പുപ്പെട്ടി വിഭാഗക്കാര്‍ സമാന്തര ഖാസിയെ വാഴിക്കാന്‍ പൊതുയോഗം ചേര്‍ന്ന മൈതാനമാണ് ഖാസി മൈതാനം എന്ന പേരില്‍ അറിയപ്പെടുന്നത്.

1934ല്‍ഏപ്രില്‍ 28,29 (ശനി, ഞായര്‍) തിയതികളില്‍ മഊനത്തിന്‍റെ മുപ്പത്തിമൂന്നാം വര്‍ഷാന്ത ജനറല്‍ മീറ്റിംങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് സ്വാതന്ത്ര്യ സമര നായകനും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ അമരക്കാരനുമായ മൗലാന ഷൗക്കത്തലിയായിരുന്നു. ഏപ്രില്‍ 28ന് ശനിയാഴ്ച ഉച്ചക്ക് 3.20ന് ഇമ്പിച്ചിബാവയുടെ വീടിന് മുന്‍വശം ആറ്റകുളം മൈതാനത്ത് ഒരുക്കിയ വിശാലമായ പന്തലിലേക്ക് വളണ്ടിയര്‍മാരുടെ അകമ്പടിയോടെയാണ് ഷൗക്കത്തലി സാഹിബ് ആഗതനായത്. കേവലം 17 വയസ്സുകാരനായ ഇമ്പിച്ചിബാവയടക്കം പ്രത്യേക ക്ഷണിതാക്കളായി 200ല്‍പ്പരം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. മൊത്തം അയ്യായിരത്തിലധികം ബഹുജന സാന്നിധ്യമുണ്ടായിരുന്നു. 


കൃഷ്ണപ്പണിക്കരും ഇമ്പിച്ചിബാവയും


കല്‍പ്പകഞ്ചേരി, മാറഞ്ചേരി എന്നിവടങ്ങളിലെ അധ്യാപക ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും പൊതുരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സ്വാതന്ത്ര്യ സമര യോദ്ധാവായിരുന്നു പൊന്നാനി പനമ്പാട് പറയരിക്കല്‍ കൃഷ്ണപ്പണിക്കര്‍(1909-37)

പ്രവര്‍ത്തിയിലും വേഷത്തിലും സമകാലികരില്‍ നിന്ന് അസാധാരണത്വം പുലര്‍ത്തിയ അദ്ദേഹം. സാക്ഷരത, മിശ്രഭോജനം, വയോജന വിദ്യാഭ്യാസം തുടങ്ങിയവ സംഘടിപ്പിച്ച് ജനമനസ്സുകളില്‍ ആദരവ് പിടിച്ചുപറ്റി. നീണ്ട ഖദര്‍ കുപ്പായം-വെസ്റ്റ് കോട്ട്-ഖദര്‍ഷാള്‍, ഓലക്കുട ഇതായിരുന്നു മിക്കപ്പോഴും ഇഷ്ടവേഷം. 

ബ്രിട്ടീഷ് ഭരണകൂടത്തോട് ആത്മാര്‍ത്ഥമായി പടപൊരുതുന്ന സമര ഭടനായതിനാല്‍ മലക്ക് നേരെ കല്ലെറിയുന്നവന്‍ എന്നാണ് ചിലര്‍ പരിഹാസത്തോടെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അവിഭക്ത വിശാല പൊന്നാനി താലൂക്കായിരുന്നു പ്രവര്‍ത്തന മേഖല. കാല്‍നടയായിട്ടായിരുന്നു അധികവും പ്രവര്‍ത്തനം. ഒരുവട്ടം താലൂക്ക് മുഴുവന്‍ സഞ്ചരിച്ചെത്തുമ്പോഴേക്കും ഒരാഴ്ച കഴിഞ്ഞിരിക്കും. വടക്ക് പരപ്പനങ്ങാടി പൂരപ്പുഴ, തെക്ക് കൊടുങ്ങല്ലൂര്‍ ആല, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് പട്ടാമ്പിപ്പുഴ തിരുനാവായ തുടങ്ങിയ പ്രദേശങ്ങള്‍ അതിരിട്ട അക്കാലത്തെ 66 വില്ലേജുകള്‍ അടങ്ങിയതായിരുന്നു അന്നത്തെ പൊന്നാനി താലൂക്ക്. 

പ്രധാന ഹോബി വീടുവീടാന്തരം കയറി ഇറങ്ങിയുളള ജനസമ്പര്‍ക്കമായിരുന്നു. അതുകൊണ്ട് പണിക്കാരുടെ തട്ടകത്തില്‍ കോണ്‍ഗ്രസ്സിന്‍റെ വളര്‍ച്ച വേഗത്തിലായിരുന്നു. പൊന്നാനി താലൂക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിയായും, കെ.പി.സി.സി. മെമ്പറായും മികച്ച പ്രകടനം കാഴ്ച വെച്ചു. അദ്ധ്യാപകരെ ദേശീയതയുടെ മുഖ്യ ധാരയിലേക്കാനയിച്ചു. ഇടതുപക്ഷ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്‍റെ മുഖ്യ വക്താവായിരുന്നു. 

ഉപ്പു സത്യാഗ്രഹം, വിദേശ വസ്ത്രഷോപ്പ്, കളള്ഷാപ്പ്, ബഹിഷ്കരണം തുടങ്ങിയവയില്‍ അനുഭവിച്ച കൊടിയ മര്‍ദ്ദനവും തടവും അദ്ദേഹത്തെ നിത്യരോഗിയാക്കി. കുറഞ്ഞ കാലയളവില്‍ ഇത്രയും കൂടുതല്‍ കഠിന മര്‍ദ്ദനമേറ്റ സമരഭടന്‍ മലബാറിലില്ല. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലും ശനിയാഴ്ച സ്റ്റഡിക്ലാസ്സുകളിലും ഇമ്പിച്ചിബാവ സ്ഥിരം ശ്രോതാവും സഹകാരിയുമായിരുന്നു.അദ്ദേഹത്തിന്‍റെ പല ശൈലികളും ഇമ്പിച്ചിബാവ സ്വജീവിതത്തില്‍ പകര്‍ത്തി. 

1934ല്‍ ഗുരുവായൂര്‍ സന്ദര്‍ശിക്കാനെത്തിയ മഹാത്മാഗാന്ധിയെ കാണുന്നതിന് ജലഗതാഗതത്തിന് പ്രാമുഖ്യമുള്ള അക്കാലത്ത് കേവലം ബാലനായിരുന്ന ഇമ്പിച്ചിബാവ സഹപ്രവര്‍ത്തകരോടൊപ്പം പൊന്നാനിയില്‍ നിന്ന് കനോലി കനാലിലൂടെ വഞ്ചിയിലാണ് സമ്മേളനത്തിനെത്തിയത്. അദ്ദേഹം നേരത്തെതന്നെ കൃഷ്ണപ്പണിക്കരോടൊപ്പം സദസ്സിന് മുന്നില്‍ സ്ഥാനം പിടിച്ചു. തന്‍റെ ഇരുകരങ്ങളും ചേര്‍ത്ത് ഗാന്ധിജിയുടെ വലതുകൈ പിടിച്ച് ചുംബിച്ച് സായുജ്യമടഞ്ഞു. പ്രസംഗം മുഴുവന്‍ ശ്രവിച്ച് ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്ന് മനസ്സില്‍ ദൃഢ പ്രതിജ്ഞയെടുത്തു. 


വിദ്യാര്‍ത്ഥി നേതൃത്വത്തിലേക്ക്


ടിഐയുപി സ്കൂളില്‍നിന്ന് വിടപറഞ്ഞ ശേഷം പൊന്നാനി എവി ഹൈസ്കൂള്‍, കോഴിക്കോട് ബ്രിട്ടീഷ് പാതിരിമാര്‍ നടത്തിയിരുന്ന സെന്‍റ് ജോസഫ് ഹൈസ്കൂള്‍ അവിടത്തെ മറ്റൊരു പ്രശസ്ത വിദ്യാലയമായ ഗണപത് ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു തുടര്‍പഠനം.

രണ്ട് തവണ രാഷ്ട്രപതി പദം അലങ്കരിച്ച ഏക ഇന്ത്യന്‍ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദ് എ.ഐ.സി.സി. പ്രസിഡന്‍റായിരിക്കുന്ന സമയത്ത്, 1935 ല്‍ അവിഭക്ത ഇന്ത്യയില്‍ പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ കനത്ത ഭൂകമ്പത്തെ തുടര്‍ന്ന് ദുരിത്വാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ അദ്ദേഹം പൊന്നാനിയിലുമെത്തി. ഇമ്പിച്ചിബാവ അന്ന് ഏ.വി. ഹൈസ്ക്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. 

തന്‍റെ ആത്മമിത്രമായ ശുകപുരം പിഷാരത്തെ ബാലകൃഷ്ണ പിഷാരടിയുമൊന്നിച്ച് ഇമ്പിച്ചിബാവ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വരൂപിച്ച 100 രൂപ പൊതുചടങ്ങില്‍ രാജേന്ദ്രപ്രസാദിനെ ഏല്‍പ്പിച്ചു. രൂപയുടെ മൂല്ല്യം ഗണിക്കുമ്പോള്‍ അന്നത് മോശമല്ലാത്ത വലിയൊരു തുകയായിരുന്നു. തډൂലം വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ ഇതേ രീതിയിലുള്ള ഇമ്പിച്ചിബാവയുടെ പ്രവര്‍ത്തനങ്ങളില്‍ കൃഷ്ണപണിക്കര്‍, അഡ്വ. കെ.വി രാമമേനോന്‍, കെ.വി. നൂറുദ്ദീന്‍ സാഹിബ് തുടങ്ങി നേതാക്കള്‍ മതിപ്പ് പ്രകടിപ്പിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു.

1936 ലാണ് മലബാറില്‍ ആദ്യമായി സ്റ്റുഡന്‍റ്സ് യൂണിയന്‍ നിലവില്‍ വരുന്നത്. അക്കാലത്ത് ഇമ്പിച്ചിബാവ കോഴിക്കോട് സെന്‍റ് ജോസഫ് ഇംഗ്ലീഷ് സ്ക്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം അദ്ദേഹം നേടി. ഇംഗ്ലീഷ് സ്ക്കൂളില്‍ മലയാളത്തില്‍ ഉജ്ജ്വല പ്രസംഗം നടത്തിയതാണ് കാരണം. 

പ്രസംഗപാടവവും സംഘാടക മികവും തെളിയിച്ചതിനെ തുടര്‍ന്ന് യൂണിയന്‍റെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.ഗാന്ധിജിയുടെ ചില നയങ്ങളെ ചില പ്രസംഗങ്ങളില്‍ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിച്ചു. ഇതേ വര്‍ഷം തന്നെ എകെജിയുടെ നേതൃത്വത്തില്‍ മദിരാശിയിലേക്ക് പുറപ്പെട്ട പട്ടിണി ജാഥക്ക് കോഴിക്കോട് നല്‍കിയ സ്വീകരണത്തിന്‍റെ മുന്നണി പോരാളിയായിരുന്നു.

1937ല്‍ സാമൂതിരി കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സമ്മേളനത്തോടെയാണ് അഖിലേന്ത്യാതലത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന ആശയം നാമ്പെടുക്കുന്നതും രൂപീകൃതമാക്കുന്നതും. ദേശീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു സംഘടന പ്രവര്‍ത്തിച്ചിരുന്നത്. കെ. കേളപ്പനായിരുന്നു അദ്ധ്യക്ഷന്‍. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, സൗമ്യേന്ത്രനാഥ് തുടങ്ങിയവര്‍ നിറസാന്നിദ്ധ്യമായിരുന്നു. പ്രസ്ഥാനത്തിന്‍റെ ചാലകശക്തി പി. ക്യഷ്ണപ്പിള്ളയായിരുന്നു. കേളപ്പന്‍റെ മകന്‍ കുഞ്ഞിരാമക്കിടാവ് കോഴിപ്പുറത്ത് മാധവമേനോന്‍റെ മകള്‍ ലക്ഷ്മി തുടങ്ങി പല പ്രമുഖ നേതാക്കളുടെ മക്കളും വിദ്യാര്‍ത്ഥി യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.  

ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാകണമെന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ആഹ്വാനം ഉദ്ധരിച്ച് മഹാകവി വള്ളത്തോള്‍ രചിച്ച  


' ജവഹരിലാലാം യുവജനരത്നം

  ജയിലിതാ കേറി സഭമധ്യത്തിങ്കല്‍,

  ഉണര്‍ന്നുപോയി നേരം നമിക്കപുത്തനാം

  ഉലകിനു നേരെ യുവജനങ്ങളെ'


എന്ന വരികള്‍ ഇമ്പിച്ചിബാവയെ കൂടുതല്‍ ആവേശഭരിതനാക്കുകയും കര്‍മ്മനിരതനാക്കുകയും ചെയ്തു. 

അക്കാലത്ത് കൃഷ്ണപ്പിള്ള, എ.കെ.ജി., ഇ.കെ. നായനാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന മണ്ഡലം കോഴിക്കോടായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി യുവജന വിഭാഗത്തെ സംഘടിപ്പിക്കാന്‍ കൃഷ്ണപ്പിള്ള കോഴിക്കോട് ചുമതലപ്പെടുത്തിയതും ഇമ്പിച്ചിബാവയെ തന്നെ. തډൂലം സ്റ്റുഡന്‍സ് ഫെഡറേഷന്‍റെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തുടര്‍ന്ന് അദ്ദേഹം സ്റ്റുഡന്‍സ് ഫെഡറേഷന്‍റെ സ്ഥാപക സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തിലുള്ള ഈയൊരു വിദ്യാര്‍ത്ഥി സംഘടന മാത്രമേ 1942 വരെ കേരളത്തിലുണ്ടായിരുന്നുള്ളു.


കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി


എന്‍.പി. കുരുക്കള്‍, പൊന്നറ ശ്രീധരന്‍, എന്‍.സി. ശേഖര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ തീവ്രവാദി ബുദ്ധിജീവികളുടെ യോഗം ചേര്‍ന്ന് 1930കളില്‍ കമ്മ്യൂണിസ്റ്റ് ലീഗെന്ന ഒരു സംഘനക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചിരുന്നു. ക്രമാനുഗതമായി  പ്രവര്‍ത്തനം നിലച്ചു.

1934 മുതലാണ് കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാകുന്നത്. 35 ?36ല്‍കൃഷ്ണപിള്ള, ഇ.എം.എസ്. തുടങ്ങിയവര്‍ നേതൃനിലയില്‍ വന്നതോടെ പൂര്‍വ്വോപരി ശക്തിപ്പെട്ടു. 

1934 മെയ് 12 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ യോഗം ചേര്‍ന്നു കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സിഎസ്പി) രൂപീകരിച്ചു. പിന്നീട് ഈപ്രസ്ഥാനത്തിന്‍റെ വിരുദ്ധനായിത്തീര്‍ന്ന കെ. കേളപ്പനായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. സി.കെ. ഗോവിന്ദന്‍ നായര്‍ പ്രസിഡന്‍റും പി. കൃഷ്ണപിള്ള സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ്., കെ.പി. ഗോപാലന്‍, കെ. മഞ്ചുനാഥറാവു, പി. നാരായണന്‍ നായര്‍ മുഖ്യ സംഘാടകരായിരുന്നു.

1937ല്‍ കോഴിക്കോട് ചെറുവണ്ണൂരിലെ ഒരു തൊഴിലാളിയുടെ വീട്ടില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ കൃഷ്ണപിള്ള, ഇ.എം.എസ്, ദാമോദരന്‍, എന്‍.സി. ശേഖര്‍, കേരളീയന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മ്യൂമിസ്റ്റ് ഗ്രൂപ്പ് നിലവില്‍വന്നു. കമ്മ്യൂണിസ്റ്റുകാരാണെന്ന് പരസ്യമാക്കരുതെന്നും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്കിടയില്‍ പ്രസ്ഥാനത്തിന്അടിത്തറയുണ്ടാക്കാന്‍ ശ്രമിക്കുമെന്നും അതിനായി ഒരു മുഖപത്രം ആരംഭിക്കണമെന്നും തീരുമാനിച്ചു. സേഷ്യലിസ്റ്റ് എന്ന പേരില്‍ മലയാള പത്രം പ്രസിദ്ധീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലുംബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് 1938ല്‍ ഇ.എം.എസിന്‍റെ നേതൃത്വത്തില്‍ പ്രഭാതം എന്നപേരില്‍ പത്രം കോഴിക്കോടുനിന്ന് പ്രസിദ്ധീകരിച്ചു.

1935ല്‍ കെ. കേളപ്പന്‍ പ്രസിഡന്‍റായിരൂപീകരിച്ച കെ.പി.സി.സി.യുടെ സെക്രട്ടറി സി.കെ. ഗോവിന്ദന്‍ നായരും മറ്റൊരു സെക്രട്ടറി ഇഎംഎസ്സുമായിരുന്നു. തുടര്‍ന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പ്രസിഡന്‍റം ഇ.എം.എസ് സെക്രട്ടറിയുമായി ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള പുതിയൊരു കമ്മിറ്റി രൂപംകൊണ്ടു. തډൂലം നാട്ടിന്‍പുറത്ത് കര്‍ഷക പ്രസ്ഥാനങ്ങളും നഗരങ്ങളില്‍ തൊഴിലാളി സംഘടനകളും രൂപംകൊണ്ടു.ബഹജനമുന്നേറ്റത്തിന്‍റെ ഉണര്‍വ് ഇടത്തരക്കാരിലും താഴെതട്ടിലുള്ള ജനവിഭാഗത്തിലും വ്യാപിച്ചു. കോണ്‍ഗ്രസ്സ് ഒരു ബഹുജന പ്രസ്ഥാനമായി മാറി. 

ഇക്കാലത്ത് കോണ്‍ഗ്രസ്സില്‍ പുരോഗമനാശയക്കാരായ വാമക കക്ഷി, വലതുപക്ഷ ചായ്വ് ഉള്ള ചാലപ്പുറം ഗാങ്ങ്(ഞായറാഴ്ച കോണ്‍ഗ്രസ്സ്) എന്നീ രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. കോഴിക്കോട് താമസിച്ചിരുന്ന ഇമ്പിച്ചിബാവക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് നേതൃത്വം നല്‍കിയിരുന്ന പുരോഗമന ഗ്രൂപ്പുമായായിരുന്നു ബന്ധം. കോണ്‍ഗ്രസ്സ് ഓഫീസില്‍ നിത്യേനെ സന്ദര്‍ശകനായിരുന്നു. 

1939ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പറപ്പൂരില്‍വെച്ച് കെപിസിസിയുടെ വിപുലമായൊരു സമ്മേളനം സംഘടിപ്പിച്ചു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവായിരുന്ന മിയാന്‍ ഇഫ്തികാറുദ്ദീനായിരുന്നു മുഖ്യ അഥിതി. വലതുപക്ഷ കോണ്‍ഗ്രസ്സുകാര്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നവരാണെന്ന്ശക്തമായ ആരോപണമുയര്‍ന്നു. തډൂലം ഇരുവിഭാഗവും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നു.

സമ്മേളനത്തോടനുബന്ധിച്ച് വിവിധസ്റ്റാളുകള്‍ ഒരുക്കിയിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍റെ സ്റ്റാളിലായിരുന്നു ഏറ്റവും ഉയരത്തില്‍ പതാക പാറിപ്പറന്നിരുന്നത്. ഇത് കണ്ട മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കോണ്‍ഗ്രസ്സിന്‍റെ കൊടിയേക്കാള്‍ ഉയരത്തിലാണല്ലോ വിദ്യാര്‍ത്ഥി ഫെഡറേഷന്‍റെ കൊടി എന്ന് പറഞ്ഞ് സാഹിബ് ഇമ്പിച്ചിബാവയെ അഭിനന്ദിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച കാലമായിരുന്നതിനാല്‍ പരസ്യ പ്രവര്‍ത്തനം അനുവദനീയമല്ല.ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് നിമവരുദ്ധമായിരുന്നു. ഒരു ലഘുലേഖ വിതരണം ചെയ്യാന്‍നേതൃത്വം നിര്‍ദ്ദേശിച്ചു. സമ്മേളന പന്തലിലെ വൈദ്യുതി അല്‍പ സമയത്തേക്ക് ഓഫാക്കുക എന്നതാണ് കണ്ടെത്തിയ തന്ത്രം. വൈദ്യുതിയുടെ ചുമതല വഹിച്ചിരുന്ന പൊന്നാനി സ്വദേശി അലി കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കുകയും കാര്യങ്ങള്‍ മുറക്ക് നടക്കുകയും ചെയ്തു.

സമ്മേളനത്തിനെത്തിയിരുന്ന കമ്മ്യുണിസ്റ്റ് അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ നയരൂപീകരണ രേഖ വിശദീകരിച്ച് കൊടുത്തത് സി. ഉണ്ണിരാജയായിരുന്നു.രേഖ പിന്നീട് പാര്‍ട്ടി അംഗീകരിച്ചില്ല. കേരളത്തില്‍ കോണ്‍ഗ്രസ്സില്‍നിന്ന് കമ്മ്യൂണിസത്തിലേക്കുള്ള വഴിത്തിരിവായിരുന്നു ഈ സമ്മേളനം. സിഎസ്പിയില്‍ തന്നെ മിതവാദികളും കമ്മ്യൂണിസത്തോട് ആഭിമുഖ്യമുള്ളവരും പ്രവര്‍ത്തിച്ചിരുന്നു. 

തിരൂരില്‍പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കാനുള്ള ചുമതലകെ. ദാമോദരനായിരുന്നു.1935 മുതല്‍ 40വരെ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷവും കെ. കേളപ്പന്‍റെ നേതൃത്വത്തിലുള്ള വലതുപക്ഷവും തമ്മില്‍ നടന്ന പാര്‍ട്ടി മത്സരങ്ങളില്‍ ഇടതുപക്ഷത്തിനായിരുന്നു വിജയം. തډൂലം കേന്ദ്രനേതൃത്വം ഇടപെട്ട് 1940ല്‍ നിലവിലുള്ള കെ.പി.സി.സി. പിരിച്ചുവിട്ട് നന്ദകോളിയാന്‍ കണ്‍വീനറായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.


പാട്ടബാക്കിയും കര്‍ഷക സമ്മേളനങ്ങളും


1930കളുടെ ആദ്യത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ പൊന്നാനിയില്‍ വിരളമായിരുന്നു. ബീഡിത്തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, വഞ്ചിത്തൊഴിലാളികള്‍ തുടങ്ങിയ തൊഴിലാളിവിഭാഗവും കലയും സാഹിത്യവും ഗാനമേളകളും പിന്നീട് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തുടര്‍ന്ന് പല പ്രദേശങ്ങളിലും വായനശാലകള്‍ രുപീകരിച്ചു. ചര്‍ച്ചാക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ചിലയിടങ്ങളില്‍ കാലാനുസൃത കലകള്‍ അരങ്ങേറി. വിടി ഭട്ടതിരിപ്പാട്, എംപി ഭട്ടതിരിപ്പാട് തുടങ്ങിയ സാംസ്കാരിക നായകډാകډാര്‍ നിറസാന്നിധ്യമായി.

കേരളത്തില്‍ നിരവധി സ്റ്റേജുകളില്‍ അവതരിപ്പിച്ച് കോളിളക്കം സൃഷ്ടിച്ച പാട്ടബാക്കി നാടകം 1937ല്‍ തിരൂരിലെ പെരൂര്‍ സ്വദേശിയും കേരളാമാര്‍ക്സ് എന്ന വിശേഷണത്താല്‍ പുകള്‍പ്പെറ്റ കെ. ദാമോദരന്‍ രചിച്ചതും ആദ്യമായി അവതരണ റിഹേഴ്സല്‍ നടത്തിയതും അവിഭക്ത പൊന്നാനി താലൂക്കില്‍ വന്നേരി നാട്ടിലെ വൈലത്തൂര്‍ കടലായമനയില്‍ വെച്ചായിരുന്നു. കൊരിഞ്ഞിയൂര്‍ കര്‍ഷക സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി ഇ.എം.എസിന്‍റെ നിര്‍ദ്ദേശപ്രകാരം രണ്ട് ദിവസംകൊണ്ടാണ് നാടകരചന പൂര്‍ത്തിയാക്കിയത്.ദാമോദരന്‍ കെ.പി.ആര്‍ ഗോപാലന്‍, കെ.എ. കേരളീയന്‍, എ.കെ.ഗോപാലന്‍, സര്‍ദാര്‍ ചന്ദ്രോത്ത് തുടങ്ങിയ നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ നാടകത്തില്‍ അഭിനയിച്ചു. നാടകം കര്‍ഷകരെ ആവേശഭരിതരാക്കി ജډികളെ വിറളി പിടിപ്പിച്ചു. 

തുടര്‍ന്ന് എം കേശവന്‍ നമ്പൂതിരി പ്രസിഡന്‍റ്, കെഎസ് നാരായണന്‍ സെക്രട്ടറി, കൊടമന നാരായണന്‍ നായര്‍, കെസിഎസ് പണിക്കര്‍, എംപി ഭട്ടതിരിപ്പാട്, പിഎം കുഞ്ഞു, കാരാട്ട് രാമമേനോന്‍, പി കണാരന്‍ മാസ്റ്റര്‍, ഒകെ മമ്മുണ്ണി, കുട്ടികൃഷ്ണന്‍ എഴുത്തച്ഛന്‍, എകെ രാഘവന്‍ തുടങ്ങിയവര്‍ അംഗങ്ങളായി ആദ്യത്തെ പൊന്നാനി താലൂക്ക് കര്‍ഷക സംഘം രൂപീകരിച്ചു.തുടര്‍ന്ന് ഇടതുപക്ഷ ആശയക്കാരായ ജډികള്‍ ഉള്‍പ്പെടെയുള്ള കൃഷിക്കാരും അനുഭാവികളും ഉള്‍പ്പെട്ട കര്‍ഷക സമ്മേളനങ്ങള്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നു.


ബീഡിത്തൊഴിലാളി സമരവും പ്രാസ്ഥാനിക വളര്‍ച്ചയും


ഒരുനേരത്തെ അന്നത്തിനായി ബീഡി തെരച്ചിരുന്ന തൊഴിലാളികളുടെയും വീടുകളിലെ അകംമറക്കുള്ളിലിരുന്ന് കുടില്‍വ്യവസായമായി ഈ ജോലി ചെയ്തിരുന്ന മുസ്ലിം സ്ത്രീകളുടെയും കേന്ദ്രമായിരുന്നു അക്കാലത്ത് പൊന്നാനി അങ്ങാടി.

ഇടതുപക്ഷ ആശയക്കാര്‍ക്ക് സംഘടിത രൂപമുണ്ടാകുന്നതിന് മുമ്പുതന്നെ സംഗീതവും കമ്മ്യൂണിസ്റ്റ് ആശയവും സമന്വയിച്ച ഗാനങ്ങള്‍ പാടി പാര്‍ട്ടിയെ വളര്‍ത്തിയത്ബീഡിത്തൊഴിലാളികളാണ്. മുഹമ്മദ് യൂസഫ്, പി.വി.കെ. ബാവ, പൊന്‍കുന്നം ദാമോദരന്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് ഹരം പകരുന്ന സംഗീതം ചാലിച്ച് വിപ്ലവഗീതങ്ങളായി പുറംലോകം ആദ്യമായി അറിഞ്ഞത് ഇവരിലൂടെയാണ്.


മാറി മാറി പത്രം വായിക്കുകയും ഇടക്കിടെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിക്കുകയും ഇവര്‍ക്കിടയില്‍പതിവായിരുന്നു. ചിലയിടങ്ങലില്‍ ഒരാളുടെ ദിവസക്കൂലിക്ക് അനിയോജ്യനായ ഒരു തൊഴിലാളിയെ ഇതിനായി നിയോഗിച്ചു. അക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് മുമ്പ് ഗാനാലാപനം മുഖ്യ ഇനമായിരുന്നു. പിന്നീട് മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് സ്റ്റേജുകളില്‍ പ്രമുഖ നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് മുമ്പ് വിപ്ലവഗീതങ്ങള്‍ പാടാന്‍ നിയോഗിക്കപ്പെട്ട പൊന്നാനി അസീസ് ഈ മേഖലയില്‍നിന്നാണ് ഉയര്‍ന്ന് വന്നത്.

ആയിരം ബീഡിക്ക് അഞ്ച് രൂപ മൂന്ന് പൈസ (അഞ്ചരണ)ആയിരുന്നു കൂലി. അത്മൂന്ന് പൈസ കൂട്ടി ആറണ ആക്കണമെന്നായിരുന്നു ഡിമാന്‍ഡ്.(6 പൈസയാണ് ഒരു അണ)മിതമായ കൂലി ലഭിക്കാത്തതുകാരണം തൊഴിലാളികള്‍ കഷ്ടപ്പാടിലും ദുരിതത്തിലുമായിരുന്നു ഉപജീവനം നടത്തിയത്.

തൊഴിലാളികളുടെ ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ദാമോദരന്‍ പൊന്നാനിയിലെത്തി അവകാശ സമരത്തിന് ആവേശം വര്‍ദ്ധിപ്പിക്കാന്‍ ഒരുക്കങ്ങള്‍കൂട്ടി.പികെ അബ്ദുല്‍ കാദറിന്‍റെ ഉടമസ്ഥതയിലുള്ള പൊന്നാനി ജെ എം റോഡിലെ ആനബീഡി കമ്പനിയിലായിരുന്നു സമരത്തിന്‍റെ തുടക്കം. തുടര്‍ന്ന് എ.വി. കുഞ്ഞിബാവയുടെ ഇ.എസ്.കെ. കമ്പനിയിലേക്കും എം. കുഞ്ഞിമുഹമ്മദിന്‍റെ മലബാര്‍ സപ്ലൈകൊ ബീഡിക്കമ്പനിയിലേക്കും മറ്റുചില ചെറുകിട ബീഡിക്കമ്പനികളിലേക്കും സമരം വ്യാപിച്ചു. 

1939 ഒക്ടോബറിലായിരുന്നു സമരം.സമരം തുടങ്ങി ദിവസങ്ങള്‍ കഴിയുമ്പോഴേക്കും തുലാവര്‍ഷവും റംസാന്‍ മാസവുമാരംഭിച്ചു. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു പിന്നീടുള്ള പോരാട്ടങ്ങള്‍. പണിമുടക്ക് ആരംഭിച്ചതോടെ കമ്പനികള്‍ ലോക്കൗട്ട് പ്രഖ്യാപിച്ചു.വിജയിപ്പിക്കാന്‍ രൂപീകരിക്കപ്പെട്ട സമിതിയിയുടെ നേതൃസ്ഥാനത്തേക്ക്ദാമോദരനെ നിര്‍ദ്ദേശിച്ചത് ഇമ്പിച്ചിബാവയായിരുന്നു. തുടര്‍ന്ന് ഇമ്പിച്ചിബാവയെ സമരത്തിന്‍റെ വിദ്യാര്‍ത്ഥി യുവജന ഗ്രൂപ്പിന്‍റെ ലീഡറായും തെരഞ്ഞെടുത്തു.സമരം ആരംഭിച്ചതിന് ശേഷമാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും ക്രമാനുസൃത കമ്മിറ്റിയും നിലവില്‍വന്നത്.

തൊഴിലാളികളും മുതലാളിമാരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു ദാമോദരനാണെങ്കില്‍ ഹൈന്ദവ സമുദായത്തില്‍പ്പെട്ട അന്യ നാട്ടുകാരനും പിന്നീടുണ്ടായ കോലാഹലം പറയണൊ.

ബീഡിമുതലാളിമാരുടെ ശക്തമായ ഇടപെടല്‍ കാരണം യൂണിയന്‍ഓഫീസിന് വേണ്ടി വാടകക്ക് ഒരു മുറി നല്‍കാന്‍പോലും ആരും തയ്യാറായില്ല.കെവി നൂറുദ്ദീന്‍ സാഹിബ് ഇടപെട്ടതിനെ തുടര്‍ന്നാണ് ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചത്. സമരത്തിന് ആവേശം പകരാന്‍പ്രേംജിയും എം.പിയും സംയുക്തമായി എഴുതിയ സമര ഗാനത്തിലെ ഏതാനും വരികള്‍ ഇങ്ങനെ.


കമ്പനിപൂട്ടി, കമ്പനിയുടമ

കുമ്പ, നിറച്ചു സുഖിച്ചീടുമ്പോള്‍

ബീഡി തിരച്ചുതിരച്ചഹനിത്യം

വീടുപുലര്‍ത്തും തൊഴിലാളികളെയും

പട്ടണനടുവില്‍പ്പണിയില്ലാതെ

പട്ടികളെപ്പോലുഴലുകയായീ

നിറുത്തീടട്ടേ ലോക്കൗട്ടുടനെ

തുറന്നീടട്ടേ കമ്പനി വേഗം

പണികിട്ടട്ടെ തൊഴിലാളികള്‍ക്ക്

പശിതീര്‍ക്കട്ടെ പണിചെയ്യുന്നോര്‍

എങ്ങനെപോറ്റും വീടുകള്‍ ഞങ്ങള്‍

എങ്ങനെപോക്കും റംസാന്‍ കാലം


സമരഗാനത്തിലെതുടര്‍ന്നുള്ള


വേലവിയര്‍പ്പുകള്‍ വറ്റും മുമ്പെ, 

കൂലികൊടുക്കണമെന്നരുള്‍ ചെയ്ത, 

കൊല്ലാക്കൊലയെ എതിര്‍ത്ത മുഹമ്മദ്, 

സല്ലാഹു അലൈഹിവസല്ലം


എന്ന വരികള്‍ മുസ്ലിം തൊഴിലാളികളുടെ സിരകളില്‍ സമരാവേശം വര്‍ദ്ധിപ്പിച്ചു.


സമരഗാനങ്ങളോടൊപ്പം അല്ലാഹുഅക്ബറും ഇന്‍ക്വുലാബ് സിന്ദാബാദും സമന്വയിച്ച് മുഴക്കിക്കൊണ്ടുള്ള പ്രകടനങ്ങളും പിക്കറ്റിംഗുകളുംഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം പുത്തംകുളം മുഹമ്മദലി മൈതാനത്ത് പൊതുയോഗങ്ങളും ചേര്‍ന്നു. 

ബീഡിക്കെട്ടുകള്‍ വലിയ ചാക്കുകള്‍(മലകുകള്‍) ആക്കി കനോലി കനാലിലൂടെ കെട്ടുവള്ളങ്ങളില്‍ ചേറ്റുവക്ക് കൊണ്ടുപോയി അവിടെനിന്നും ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നത്. ശ്രീലങ്കയില്‍ ബീഡിക്ക് നല്ല മാര്‍ക്കറ്റായിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ പ്രദേശങ്ങളിലേക്ക് പാര്‍സലുകളായും അയച്ചു. 

തൊഴിലാളികള്‍ മലകുകള്‍ വഞ്ചിയില്‍ നിന്നെടുത്ത് അഴിമുഖത്ത് കടലില്‍ കെട്ടിത്താഴ്ത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം ശക്തമായപ്പോള്‍ ഓരോ തൊഴിലാളിയും ഞാനാണത് ചെയ്തതെന്ന് ആവര്‍ത്തിച്ചു. തډൂലം പരാതികള്‍ക്ക് തെളിവുകള്‍ ലഭിക്കാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

ദാമോദരന്‍റെ രണ്ടാമത്തെ നാടകമായ രക്തപാനത്തിന്‍റെ അവതരണം എ.വി. ഹൈസ്കൂളില്‍ നടന്നത്സമരത്തോടനുബന്ധിച്ചായിരുന്നു.1938ല്‍ പണിമുടക്കം എന്ന പേരില്‍ രംഗപ്രവേശനം നടത്തിയ നാടകത്തിന്‍റെ പരിഷ്കരിച്ച രൂപമാണ് രക്തപാനം. പണിമുടക്കം മൂന്ന് സ്റ്റേജുകളിലും രക്തപാനം നാല് സ്റ്റേജുകളിലും അവതരിപ്പിച്ചു. പിന്തിരിപ്പന്‍ ശക്തികളെ തട്ടിത്തകര്‍ത്തുകൊണ്ട് പുരോഗതിയിലേക്ക് കുതിച്ചുപായുന്ന കേരളത്തിലെ ബഹുജനങ്ങള്‍ക്ക് എന്ന ആമുഖത്തോടെയാണ് നാടകത്തിന്‍റെ ആരംഭം. ഈ നാടകം ആദ്യമായി അരങ്ങേറിയ വേദികളില്‍ പൊന്നാനി ഏ.വി. ഹൈസ്ക്കൂളുംപെടും.

ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പണിയാളുകളുടെ ശക്തമായ സമ്മര്‍ദ്ദത്താല്‍ നാടകം കണ്ടുകെട്ടി.അഞ്ചാമത്തെ സ്റ്റേജില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന അവസരത്തിലാണ് ദാമോദരന്‍ അറസ്റ്റിലായത്. നാടകത്തിന് അല്‍പ്പായുസ്സായിരുന്നു. നാടകം പുസ്തക രൂപത്തിലാക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ കോപ്പികള്‍ മുഴുവനും സര്‍ക്കാര്‍ നശിപ്പിച്ചു. വില ആറ് അണയായിരുന്നു.പാട്ടബാക്കി കാര്‍ഷിക രംഗത്തെയും രക്തപാനം വ്യാവസായിക രംഗത്തെയും ചൂഷണത്തെയുമാണ് തുറന്ന് കാട്ടുന്നത്.

മുതലാളിമാരുടെപ്രലോപനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വഴങ്ങാതെ സമരം ദിവസങ്ങള്‍ നീണ്ടുനിന്നെങ്കിലും തൊഴിലാളികളുടെ സഹനശക്തിയും ആവേശവും പോലീസിന്‍റെ ക്രൂരമര്‍ദ്ദനവും കാരണം ക്രമാനുഗതമായി സമരഭടന്മാര് കുറഞ്ഞുവന്നു.

ഒരു ദിവസം രാവിലെ യൂണിയന്‍ ആപ്പീസില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ തൊഴിലാളികള്‍ക്കുവേണ്ടി ജീവന്‍കൊടുക്കാന്‍ തയ്യാറുള്ളവരെ ആവശ്യമുണ്ട്. ഒരുക്കമുള്ളവര്‍ ഈ ഓഫീസില്‍ വന്ന് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സമനില തെറ്റിയ ഒരു നേതാവിന്‍റെ ജല്‍പ്പനമാണിതെന്ന് മുതലാളിമാര്‍ തെറ്റിദ്ധരിച്ചെങ്കിലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓഫീസിലേക്ക് സമരഭടډാര്‍ വന്നുതുടങ്ങി. ഒടുവില്‍ ദാമോദരനെ അറസ്റ്റു ചെയ്തു. അദ്ദേഹത്തോടൊപ്പം കുറ്റിക്കാട്ടിലെ സി. കുഞ്ഞിമോന്‍, ഗോപാലന്‍, പൊന്നാനി നഗരത്തിലെ സഹോദരന്‍ കുഞ്ഞിബാവ, സഹോദരന്‍ കുഞ്ഞിമുഹമ്മദ്, കുഞ്ഞുണ്ണി, അബ്ദുറഹിമാന്‍, ഇമ്പിച്ചി തുടങ്ങിയ ഏതാനും സംരഭടډാരെ അറസ്റ്റു ചെയ്തു പാലക്കാട് ജയിലിലേക്ക് കൊണ്ടുപോകാന്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്ന സമയത്ത് സമരഭടډാര്‍ പാടിയ വരികള്‍ 


നിഷ്ഠുരനിയമക്കോടതിമുമ്പില്‍

നിഷ്ഫലം ഞങ്ങടെ നിലവിളിയെല്ലാം

കണ്ണുള്ളവരേ, കാതുള്ളവരേ,

കാരിയമറിവാന്‍ കരളുള്ളവരേ,

പ്രതിഷേധിപ്പിന്‍ ഞങ്ങളോടൊപ്പം.

പ്രതിഷേധിപ്പിന്‍ ഞങ്ങളോടൊപ്പം.


ദാമോദരനെയും സമര ഭടډാരെയും അതി ക്രൂരമായി മര്‍ദ്ദിച്ചു. വാര്‍ത്ത നാടാകെ വ്യാപിച്ചതോടെ കോടതിപ്പടിക്ക് സമീപമുള്ള പോലീസ്റ്റേഷനിലെ ലോക്കപ്പ് മുറിയിലേക്ക് സഖാവ് ദാമോദരനെ വിട്ടയക്കുക എന്ന മുദ്രാവാക്യവുമായി സമരാനുകൂലികള്‍ ഇരമ്പിക്കേറാന്‍ ശ്രമങ്ങള്‍ തുടങ്ങി. 

ദാമോദരനെയും സമരയോദ്ധാക്കളെയും അറസ്റ്റ് ചെയ്ത് പാലക്കാട് ജയിലിലേക്ക്കൊണ്ട് പോകുന്നസമയത്ത്, പൊന്നാനി അങ്ങാടിയില്‍ രാത്രിയില്‍പോലും ബുര്‍ക്കയിട്ട് കുടപിടിച്ച് നടന്നിരുന്ന മുസ്ലിം സ്ത്രീകളില്‍ ചിലര്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് പോലീസ് വാഹനം ഞങ്ങളുടെ നെഞ്ചത്തുകൂടി മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കൂ എന്ന് പറഞ്ഞ് റോഡില്‍ മലര്‍ന്നുകിടന്ന് പ്രതിരോധിച്ചു. മലബാറില്‍ മുസ്ലിം സ്ത്രീകള്‍ പരസ്യമായി രംഗത്തിറങ്ങിയ കേരളത്തില്‍ അന്ന് വരെ എവിടെയും കേട്ടുകേള്‍വിയില്ലാത്ത ആദ്യത്തെ സമരമായിരുന്നു ഇത്.

അന്തരീക്ഷം കൂടുതല്‍ കലുഷിതമായതോടെ പോലീസ് ഓഫീസര്‍ ജയിലില്‍ചെന്ന് ദാമോദരനുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അദ്ദേഹം കോടതി വളപ്പിലെ കിഴക്കേ മൂലയിലുണ്ടായിരുന്ന ആല്‍ത്തറയില്‍ കയറിനിന്ന് തിരിച്ചുപോകാന്‍ പറഞ്ഞതിനു ശേഷമാണ് രംഗം ശാന്തമായത്.രാത്രിയിലാണ് ദാമോദരനെയും സംഘത്തെയും പാലക്കാട്ടേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. സി കുഞ്ഞിമോന്‍, സഹോദരന്‍ കുഞ്ഞിമുഹമ്മദ്, ഗോപാലന്‍ എന്നിവര്‍ക്ക് പ്രായപൂര്‍ത്തി തികയാത്തതിനാല്‍ ചന്തിക്ക് മുമ്മൂന്നടിവീതം നല്‍കി പൊന്നാനിയില്‍ തിരിച്ചെത്തിച്ചു. 

തൊഴില്‍ നിലച്ചതുമൂലം പല വീടുകളും മുഴുപട്ടിണിയിലായി. അഡ്വ.കെ.വി. രാമമേനോന്‍, കെ.വി. നൂറുദ്ദീന്‍ സാഹിബ് തുടങ്ങിയ നേതാക്കډാരുടെ ഇടപെടലിനെ തുടര്‍ന്ന് മുതലാളിമാരും ഭരണാധികാരികളും സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. സമരത്തിന് ഉദ്ദേശിച്ച ഗുണഫലങ്ങള്‍ ലഭിച്ചില്ലെങ്കിലും പുന്നപ്ര വലയാര്‍ പോരാട്ടത്തിന് ഏഴ് വര്‍ഷം മുമ്പ് നടന്ന ഈ സമരം തെക്കേ മലബാറില്‍ ഇടതുപക്ഷത്തിന് വേരോട്ടം ലഭിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചു. പൊന്നാനിക്കാര്‍ രാഷ്ട്രീയമെന്താണെന്ന് വ്യക്തമായി ഗ്രഹിക്കുന്നത് ഈ സമരത്തിലൂടെയായിരുന്നു. സമരഭടډാരില്‍ ചിലര്‍ക്ക് ക്രൂരമായ പോലീസ് മര്‍ദ്ദനം കാരണം രോഗം ബാധിച്ച് നിത്യരോഗികളായിമാറി. പൊന്നാനി അങ്ങാടിയില്‍ ചുള്ളിക്കുളത്തിന് സമീപമുള്ള കമ്മാലിക്കാനകം അക്കാലത്ത് ബീഡിത്തൊഴിലാളി സമരത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനത്തെ വളര്‍ത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചതറവാടാണ്.


ചന്തപ്പടിയില്‍ സീതാരാമയ്യക്ക് നല്‍കിയ സ്വീകരണം


1938 ല്‍ എ.ഐ.സി.സി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടത്-പുരോഗമന ആശയക്കാരുടെ പിന്തുണയോടെ സുഭാഷ് ചന്ദ്രബോസും, ഗാന്ധിജിയുടെ ആശിര്‍വാദത്തോടെ പട്ടാഭി സീതാരാമയ്യയും മത്സരിച്ചു. പ്രചരണാര്‍ത്ഥം പൊന്നാനിയില്‍ ആഴ്ചച്ചന്ത നടന്നിരുന്ന ചന്തപ്പടിയിലെത്തിയ സീതാരാമയ്യയുടെ സമ്മേളന വേദിക്കടുത്ത് ചന്ദ്രബോസിന് അനുകൂലമായി വിപ്ലവ നൃത്തമാടി സഖാവും സഹയാത്രികരും ജനശ്രദ്ധ പിടിച്ചുപറ്റി.ചന്തപ്പടിയിലെ വലിയൊരു ഭാഗം വിജനവും വിശാലവുമായിരുന്നു.

അക്കാലത്ത് നേതൃത്വത്തിന്‍റെ ആഹ്വാനമനുസരിച്ച് അദ്ദേഹം സാമൂതിരി കോളേജില്‍ ദേശീയപതാക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കോലാഹലം അറസ്റ്റിന് ഇടയാക്കി. പിടികൊടുക്കാതെ ഒളിവില്‍ പോയി.

നൂറുദ്ദീന്‍ സാഹിബ് ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായിരുന്ന 1940-41 വര്‍ഷത്തില്‍ വടക്ക് ചെറുകുന്നു മുതല്‍ തെക്ക് ആലുവ വരെയുള്ള മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രസിഡന്‍റ് പോകുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച് വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ സഖാവ് അവസരം വിനിയോഗിച്ചു.



കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം 


കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റ്ആശയം പുലര്‍ത്തിയിരുന്നവരും അല്ലാത്തവരുമുണ്ടായിരുന്നു. ഭൂരിപക്ഷവും കമ്മ്യൂണിസ്റ്റ് ആശയം പുലര്‍ത്തിയിരുന്നവരായിരുന്നു. ഇവര്‍ 1939 ഡിസംബറില്‍ തലശ്ശേരിക്കടുത്ത പിണറായി പാറപ്പുറത്ത് ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ യോഗത്തില്‍ സജീവമായി പങ്കെടുത്തു. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, കെ. ദാമോദരന്‍, കെ.പി.ആര്‍. ഗോപാലന്‍, ഇ.പി. ഗോപാലന്‍, കെ.പി. ഗോപാലന്‍, ടി.കെ. രാജു, മൊയാരത്ത് ശങ്കരന്‍, സി.എച്ച്. കണാരന്‍, സുബ്രഹ്മണ്യ ശര്‍മ്മ,എന്‍.ഇ. ബാലറാം, എ.വി. കുഞ്ഞമ്പു, എം.കെ. കേളു, ജോര്‍ജ് ചടയന്‍മുറി, ജനാര്‍ദ്ദന ഷേണായി തുടങ്ങി തൊണ്ണൂറില്‍പ്പരം സജീവ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.അധികൃതരുടെ ശ്രദ്ധതിരിക്കാന്‍ അന്നേ ദിവസം തൊട്ടടുത്ത ഒരു സ്ക്കൂളില്‍ അദ്ധ്യാപക സമ്മേളനവും സംഘടിപ്പിച്ചിരുന്നു.പി. കൃഷ്ണപിള്ള സെക്രട്ടറിയായി കേരള പ്രദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനിലവില്‍വന്നു.

1940 ജനുവരി 26നാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രത്യക്ഷമായി രംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകډാരില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു.ഉടനെ തന്നെ എകെ രാഘവന്‍ സെക്രട്ടറിയും ഇടി കുഞ്ഞന്‍, ഇയുജി മേനോന്‍, കൊടമന നാരായണന്‍ നായര്‍ തുടങ്ങിയവര്‍ അംഗങ്ങളായി പാര്‍ട്ടിയുടെ പൊന്നാനി താലൂക്ക് നിലവില്‍വന്നു. ഈ സമയത്ത് തന്നെയാണ് സഖാവിന്‍റെ പാര്‍ട്ടിരംഗപ്രവേശനവും. ആദ്യക്കാല കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലെ ആദ്യം കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഈ പാതകളിലൂടെയായിരുന്നു സഖാവിന്‍റെയും പ്രയാണം. മാര്‍ഗ്ഗനിര്‍ദ്ദേശകര്‍ പി. കൃഷ്ണപ്പിള്ളയും, എ.കെ.ജി.യുമായിരുന്നു.അന്ന് സംസ്ഥാന ലെവലില്‍ പോലുംപാര്‍ട്ടിക്ക് സ്വന്തമായ ഒരു ഓഫീസ് ഇല്ലായിരുന്നു. കേരളത്തിലുടനീളം കൃഷ്ണപിള്ള ഒളിവില്‍ സഞ്ചരിച്ച് രഹസ്യ സങ്കേതങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശക്തമായ മഴയും കൂരിരുട്ടുമുള്ള ഒരു രാത്രിയില്‍ അദ്ദേഹവും സതീര്‍ത്ഥ്യനുംപാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി കാല്‍നടയായി മൈലുകളോളം സഞ്ചരിക്കുന്നതിനിടയില്‍ പാര്‍ട്ടിയുടെ രേഖകള്‍ അടങ്ങിയ സഞ്ചിയുള്‍പ്പെടെ കൃഷ്ണപിള്ള തോട്ടില്‍ വീണ് നനഞ്ഞ് കുതിര്‍ത്തു. ഒരു പീടികകോലായയില്‍ രേഖകള്‍പരത്തിയിട്ട് ഉണക്കുന്നതിനിടയില്‍, ഇത് പാര്‍ട്ടി സെക്രട്ടറിയേറ്റിന്‍റെ ആപീസാണ്. ആപീസൊലിച്ചുപോയാല്‍ സെക്രട്ടറി പിന്നെന്തുചെയ്യും? എന്നദ്ദേഹം ഫലിത രൂപേനെ പറഞ്ഞു. 1941 മുതല്‍ 48 വരെകേരള രാഷ്ട്രീയത്തില്‍ നിറ സാനിദ്ധ്യമായിരുന്നു അദ്ദേഹം.


ആദ്യത്തെ അറസ്റ്റും ജയില്‍വാസവും


ഇമ്പിച്ചിബാവയെ നിരീക്ഷിക്കാന്‍ എഴുത്തച്ഛന്‍ എന്നൊരു പോലീസിനെ നിയോഗിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ബസ്സില്‍ കയറിയ അവസരത്തില്‍ പോലീസും  കൂടെ കയറി. വെട്ടത്ത് പുതിയങ്ങാടിയില്‍ ബസ്സിറങ്ങിയ ഇമ്പിച്ചിബാവയെ, ഉടനെ സബ് ഇന്‍സ്പെക്ടര്‍ വന്ന്അറസ്റ്റ് ചെയ്തു. 1940 ല്‍ നടന്ന ഈ ആദ്യത്തെ അറസ്റ്റ് ഇന്ത്യന്‍ ഡിഫന്‍സ് ആക്ട് അനുസരിച്ചായിരുന്നു. ഇ.എം.എസിനെയും കെ. ദാമോദരനെയും ഇതേ വകുപ്പനുസരിച്ചു തന്നെ അറസ്റ്റ് ചെയ്തു. പാര്ട്ടിയുടെ നിര്‍ദേശമനുസരിച്ച് ഇഎംഎസ് ഒളിവില്‍പോയി.

ഇമ്പിച്ചിബാവയെ ഒന്നര വര്‍ഷത്തോളം വെല്ലൂര്‍ ജയിലില്‍ അടച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ ദേശീയ നേതാക്കള്‍ സഹതടവുകാരായിരുന്നു. കമ്മ്യൂണിസ്റ്റായി മാറിയെങ്കിലും അബ്ദുറഹിമാന്‍ സാഹിബുമായുള്ള ബന്ധം മങ്ങലേല്‍ക്കാതെ തുടര്‍ന്നു. 1942 ല്‍ ജയില്‍മോചിതനായെങ്കിലും ക്വിറ്റ് ഇന്ത്യ സമരം കാരണം അക്കൊല്ലം വീണ്ടും അറസ്റ്റ് ചെയ്ത് 9 മാസം ജയിലിലടച്ചു. 1943ല്‍ മോചിതനായി. പിന്നീട് അറസ്റ്റുകള്‍ പലതും നടന്നു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അടിയന്തിരാവസ്ഥയോടനുബന്ധിച്ച അറസ്റ്റ്. തുടര്‍ന്ന് 16 മാസം കണ്ണൂര്‍ ജയിലിലടച്ചു.


ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ 


1943 ലാണ് കൃഷ്ണപിള്ള ആദ്യമായി പൊന്നാനിയില്‍ വരുന്നത്. പാര്‍ട്ടി പറയുന്നത് അനുസരിക്കുകയും ഏല്‍പ്പിക്കുകയും ചുമതല നിര്‍വ്വഹിക്കുകയും ചെയ്യുക എന്നതാണ് അക്കാലത്തെ പാര്‍ട്ടിയുടെ നിര്‍ദ്ദേശം. നടപ്പുദീനം (കോളറ)യും ക്ഷാമവും  വ്യാപകമായി പടര്‍ന്ന് പിടിച്ച കാലമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ചരമം അടഞ്ഞവരുടെ അന്ത്യ കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ വളണ്ടിയര്‍മാരുടെ സ്ക്വാഡ് രൂപീകരണമായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ ലക്ഷ്യം. സി. ജി. ദാമോദരന്‍റെ വീട്ടിലാണ് ക്യാമ്പ് ചെയ്തത്. സി. ജി. അന്ന് വിദ്യാര്‍ത്ഥിയായിരുന്നു.

ജയിലില്‍ നിന്ന് മോചിതനായി വന്ന ഇമ്പിച്ചിബാവയെ തിരൂരിനടുത്ത മംഗലം ഗ്രാമത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചത്. ഈ കൊച്ചു ഗ്രാമത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം തൊള്ളായിരത്തോളം വരും. പ്രദേശം രോഗവിമുക്തമായപ്പോള്‍ നിരാലംബരും നിരാശ്രയരുമായ 90 ഓളം അനാഥകുട്ടികള്‍! മുസ്ലിം കുട്ടികളെ യതീംഖാനകളിലും ഹിന്ദുകുട്ടികളെ അനാഥാലയങ്ങളിലും അദ്ദേഹം ചേര്‍ത്തു. പിന്നീട് ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹത്തിന് രക്ഷാകര്‍തൃത്വം വഹിക്കേണ്ടി വന്ന അദ്ദേഹത്തിന് പൂര്‍വ്വകാല സ്മരണയാല്‍ കണ്ണീരൊഴുകി.  മൊത്തം ഇന്ത്യയില്‍ 43000ത്തോളം രോഗികള്‍ മരിച്ചെന്നാണ്  പത്രഭാഷ്യം. ബംഗാളില്‍ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ ഈ കെടുതിയില്‍ അകപ്പെട്ടു. പൊന്നാനിയിലും രോഗം പടര്‍ന്ന് പിടിച്ചു. മയ്യത്ത് മറമാടാന്‍ പോലും ചില പള്ളി പറമ്പുകളില്‍ ഇടമില്ലായിരുന്നു.

പാലക്കാടും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് ഹതഭാഗ്യര്‍ ഈ രോഗം പിടിപെട്ട് മരിച്ചിരുന്നു. മരിച്ചവരില്‍ അധികവും ദരിദ്രരും അധഃസ്ഥിത വിഭാഗക്കാരുമായിരുന്നു. ജാതിക്കാരുമായിരുന്നു. ഇവരുടെ ശേഷക്രിയകള്‍ക്കും രോഗം ബാധിച്ചവരെ പരിചരിക്കാനുമായി ഏതാനും വളണ്ടിയര്‍മാരെ സി കുഞ്ഞിമോന്‍റെ നേതൃത്വത്തില്‍ കൃഷ്ണപിള്ള നിയോഗിച്ചു. ഓരോ അംഗത്തിനും മുമ്മൂന്ന് ബീഡിയും അഞ്ച് ദേശാഭിമാനിയുമാണ് നല്‍കിയത്. ദേശാഭിമാനിയുടെ വില ഒരു മുക്കാലാണ്.രോഗം ബാധിച്ചവര്‍ക്ക് നല്‍കാന്‍ ഗുളികകളും ശരീരത്തില്‍ പുരട്ടാന്‍ തൈലവും പിരിവ് നടത്താന്‍ഹുണ്ടികപ്പെട്ടിയും നല്‍കി.

പദംപദം ഉറച്ചുനാം 

പാരിലൈക്യ കേരളത്തില്‍ 

കാഹളം മുഴക്കുവാന്‍ 

തയ്യാറാവുക സോദരേ നാം

നാടിനെ രക്ഷിക്കാന്‍


എന്ന ഈരടികള്‍ പാടിയും ഇടക്കിടെ ഉറക്കെ മുദ്രാവാക്യങ്ങള്‍ വിളിച്ചും കവലകളില്‍ പ്രസംഗിച്ചും ദേശാഭിമാനി വിറ്റും പണം പിരിച്ചുമായിരുന്നു പാലക്കാട്ടേക്കുള്ള യാത്ര. ഇടക്ക് തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, പറളി എന്നീ പ്രദേശങ്ങളില്‍ യഥാക്രമം ഇ.പി. ഗോപാലന്‍, കോയക്കുഞ്ഞ് നഹ, പി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ സംഘങ്ങള്‍ ജാഥയില്‍ അനുഗമിച്ചു. രാത്രി സമയത്ത് ഒരു മുക്കാലിന് ചൂട്ടുവാങ്ങി കത്തിച്ച് വീശുമ്പോള്‍ ലഭിച്ചിരുന്ന അരണ്ടവെളിച്ചത്തിലായിരുന്നു  യാത്ര. 

പാലക്കാട് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത് തലശ്ശേരി അരയങ്കണ്ടി അച്ചുതനായിരുന്നു. സഹായത്തിന് കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ കൃഷ്ണപിള്ളിയും കൂട്ടുചേര്‍ന്നു. മറവുചെയ്യുന്നതിന് ശവമെടുക്കാന്‍ഒരു പലകയും കുഴിവെട്ടുന്നതിന് ഒരു കൈക്കോട്ടുമാണ് ഉണ്ടായിരുന്നത്. പലരും മറവുചെയ്യാന്‍ ഭയന്ന ശവങ്ങള്‍പോലും പാര്‍ട്ടി സഖാക്കള്‍ നിര്‍ഭയമായി ശേഷക്രിയ നടത്തി മറവുചെയ്തു.ശവങ്ങള്‍ മറവ് ചെയ്തിരുന്നത് യാക്കര എന്ന സ്ഥലത്തായിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഈ രീതിയിലുള്ളപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി.മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങലിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 1944 കേരള പീപ്പിള്‍സ് റിലീഫ് കമ്മിറ്റി രൂപീകരിച്ചു.


കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ


രണ്ടാംലോക മഹായുദ്ധ കാലത്ത് 1943 44ല്‍ ഭക്ഷ്യ അവശ്യ സാധനങ്ങള്‍ക്ക് അതിരൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. പലയിടത്തും പട്ടിണി ജാഥകള്‍ സംഘടിപ്പിച്ചു. പണം പിരിച്ച് കഞ്ഞിപാര്‍ച്ചകള്‍ നടത്തി. അവശ്യസാധനങ്ങള്‍ പലതിനും റേഷന്‍ ഏര്‍പ്പെടുത്തി.പലവീടുകളും അര്‍ദ്ധ പട്ടിണിയും മുഴു പട്ടിണിയുമായിരുന്നു. അരിയാണ് മുഖ്യ ഭക്ഷണം. അതാണെങഅകില്‍ കിട്ടാനുമില്ല. ചേമ്പിന്‍താളും പൂളക്കിഴങ്ങിന്‍റെ തൊലിയും വേവിച്ചതായിരുന്നു ഭക്ഷണം. ജാഥകളിലെമുദ്രാവാക്യത്തോടൊപ്പമുള്ള ഈരടികള്‍ ഇങ്ങനെ.


ഉരിയരിപോലും കിട്ടാനില്ല

പൊന്നുകൊടുത്താലും

ഉദയാസ്തമയം വരെ

പീടികക്ക് മുമ്പില്‍ നിന്ന് നിരച്ചാലും


പൊന്നാനി താലൂക്കിലെ നാട്ടികയില്‍വെച്ച് അതിവിപുലമായ ഭക്ഷ്യസമ്മേളനം വിളിച്ചുചേര്‍ത്തു. കുറുമ്പ്രനാട് താലൂക്കില്‍ നിന്ന് കെപി രയരപ്പന്‍റെ നേതൃത്വത്തിലും വള്ളുവനാട് താലൂക്കില്‍നിന്ന് കെഎ കേരളീയന്‍റെ നേതൃത്വത്തിലും പുറപ്പെട്ട കാല്‍നട ജാഥകള്‍ പൊന്നാനിയില്‍ കേന്ദ്രീകരിച്ചു. ഇവിടെനിന്നും സംയുക്തജാഥ ചാവക്കാടെത്തുമ്പോഴേക്കും നാട്ടികയിലെ സമ്മേളനം സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇക്കാലത്ത് ഗുജറാത്തി ആലായീസ് കച്ചവടക്കാര്‍ നടത്തിയ പൂഴ്ത്തിവെപ്പിനെതിരെ അതിശക്തമായ പ്രതിഷേധ സമരങ്ങള്‍ പൊന്നാനിയില്‍ നടന്നു. ഇതിനിടയില്‍ പൊന്നാനി തഹസില്‍ദാര്‍ സുബ്രഹ്മണ്യ അയ്യരും വക്കീല്‍ വെങ്കിടാചല അയ്യരും ഓരോ ടിന്‍ മണ്ണെണ്ണ അവിഹിതമായി കടത്തുന്നത് തടഞ്ഞുപിടിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനെതിരില്‍ പൊന്നാനി അങ്ങാടിയില്‍ അതിശക്തമായ രീതിയില്‍ പോലീസ് മര്‍ദ്ദനം നടന്നു. ഇതില്‍ പ്രതിഷേധിച്ച് ഇമ്പിച്ചിബാവയുടെ നേതൃത്വത്തില്‍ പൊന്നാനി അങ്ങാടി കടകള്‍ അടച്ച് പൂര്‍ണ്ണ ഹര്‍ത്താല്‍ ആചരിച്ചു. ഇത് പൊന്നാനിയാകെ ഇളക്കിമറിച്ചു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറ പാകിയ ഒരു സമരമായിരുന്നു ഇത്. ഇതിനുള്ള പ്രതികാരമെന്നോണം അദ്ദേഹത്തെ നികുതി നിഷേധകനായും രാജ്യദ്രോഹിയായും മുദ്രകുത്തി ഒന്നര വര്‍ഷത്തേക്ക് ജയിലിലടച്ചു.


വന്നേരി സമ്മേളനം ഒളിവുജീവിതവും


1948 ല്‍ കല്‍ക്കത്താ തിസീസിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരില്‍ നിരോധനം വന്നു. നേതാക്കളെ അറസ്റ്റു ചെയ്യാന്‍ അണിയറയില്‍ ആസുത്രണം തുടങ്ങി. ഇമ്പിച്ചിബാവയും എഴുത്തുകാരന്‍ പി. കെ. മുഹമ്മദ്കുഞ്ഞും കല്‍ക്കത്താ കോണ്‍ഗ്രസ്സില്‍ പ്രതിനിധികളായിരുന്നു. അറസ്റ്റുണ്ടാകുമെന്ന ഊഹത്തെ തുടര്‍ന്ന് യോഗം അവസാനിക്കുന്നതിനുമുമ്പ് തന്നെ സഖാവ് സ്ഥലം വിട്ടു. വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് അറസ്റ്റ് വാറന്‍റുണ്ടെന്ന് സൂചന ലഭിച്ചതിനാല്‍ കൈവശമുണ്ടായിരുന്ന നാലണ (25 പൈസ)യുമായാണ് മൂന്നേകാല്‍ കൊല്ലത്തോളം നീണ്ടുനിന്ന ഒളിവുജീവിതം ആരംഭിക്കുന്നത്. 

പട്ടാമ്പിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ അറിയുന്ന ബസ്സ് ഡ്രൈവര്‍ അബൂബക്കറിനെ അവിടത്തെ അങ്ങാടിയില്‍വെച്ച് കണ്ടു. സഖാവിനെപോലീസ് എല്ലായിടത്തും സൂക്ഷമമായി അന്വേഷിക്കുന്നുണ്ട്. പൊന്നാനിക്ക് പോകേണ്ട പെട്ടിയും സാധനങ്ങളും വേണമെങ്കില്‍ ഞാന്‍ വീട്ടിലെത്തിക്കാം എന്ന് അബൂബക്കര്‍ പറഞ്ഞു. 

പിടിച്ച് കൊടുക്കുന്നവര്‍ക്ക് മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഒരു പാര്‍ക്കര്‍ പേന സമ്മാനമായി ഓഫര്‍ വരെ ചെയ്തിരുന്നു(വിലകൂടിയ സമ്മാനമായിരുന്നു അക്കാലത്ത് പാര്‍ക്കര്‍ പേന).കുടുംബക്കാര്‍ക്ക് പോലും നേരിട്ട് കാണാന്‍ അനുവാദമില്ല. പാര്‍ട്ടി നിയോഗിച്ച സന്ദേശ വാഹകര്‍ മുഖേനയാണ് പരസ്പരം വിവരങ്ങള്‍ കൈമാറുന്നത്. ഒരവസരത്തില്‍ ഇമ്പിച്ചിബാവ നല്‍കിയ എഴുത്തുകളില്‍ ചിലത് ടി ഇബ്രാഹിമില്‍നിന്ന് വീണ് പോലീസിന് കിട്ടിയതിനെ തുടര്‍ന്ന് ഇബ്രാഹിമിനെ അതിക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.

ഇക്കാലത്താണ് ലൈറ്റ് ഹൗസിന് സമീപമുള്ള തറവാട്ടില്‍ കയറി പിതാവിനെയും മാതാവിനെയും പോലീസ് മര്‍ദ്ദിച്ചത്. സബ് ഇന്‍സ്പെക്ടര്‍ എം.എച്ച്. മേനോന്‍റെയും ഹെഡ്കോണ്‍സ്റ്റബിള്‍ ഉണ്ണി നായരുടെയും പോലീസ് രാജി അതി ക്രൂരമായിരുന്നു. 

പിതാവിനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ററല്‍ ജയിലില്‍ അടച്ചു. പോലീസ് വീണ്ടും വീട് വളഞ്ഞത് ഒരു വെള്ളിയാഴ്ചയായിരുന്നു. ജൂമുഅ നമസ്കാര നേരത്ത് വീട്ടിനകത്ത് കയറി അരിച്ച് പെറുക്കി എല്ലായിടത്തും പരിശോധിച്ചു. സഖാവില്ലെങ്കില്‍ സഹോദരനും പിന്നീട് പൊന്നാനിയുടെ പ്രഥമ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവി അലങ്കരിച്ച  ഇ. കെ. അബൂബക്കറിനെയെങ്കിലും പിടിക്കണം എന്നതായിരുന്നു പോലീസിന്‍റെ മുഖ്യ ലക്ഷ്യം. വിവരം അറിഞ്ഞ് ജുമുഅ കഴിഞ്ഞ് പള്ളിയില്‍ നിന്ന് വിട്ടിലെത്താറായ മറ്റൊരു സഹോദരന്‍ ഇ. കെ. ഇബ്രാഹിംകുട്ടിയോട് ഉടന്‍ സ്ഥലം വിടാന്‍ മാതാവ് ആംഗ്യ ഭാഷയില്‍ അകലെ നിന്ന് നിര്‍ദ്ദേശം നല്‍കി. 


മണ്‍സൂണ്‍ സീസണില്‍ അറ്റകുറ്റ പണികള്‍ക്കായി ബേപ്പൂര്‍ കടപ്പുറത്ത് കരക്ക് കയറ്റിയിരുന്ന കുടുംബത്തിന്‍റെ ഉപജീവന മാര്‍ഗ്ഗമായിരുന്ന മുഹമ്മദ് സലാമത്തി, ഖാലിദ് എന്നീ രണ്ട് പത്തേമാരികള്‍ സാമ്പത്തിക ക്ലേശങ്ങള്‍ മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ തകര്‍ന്ന് തരിപ്പണമായി വിറക്വിലക്കാണ് വിറ്റത്. 

എടപ്പാള്‍, വന്നേരിനാട്ടിലെ വെളിയംകോട്, അയിരൂര്‍, കടിക്കാട് തുടങ്ങിയ പല പ്രദേശങ്ങളിലെ നമ്പൂതിരി മനകളിലും ഇടത്തരം മുസ്ലിം വീടുകളിലും മാളികമുകളിലും കര്‍ഷക കൂരകളിലും പരീച്ചകം സ്കൂളിലും പരിസരത്തും മാറി മാറിയുള്ള സഖാവിന്‍റെ ഒളിജീവിതം ആദ്യാവസാനം സാഹസികവും ത്യാഗപൂര്‍ണ്ണവുമായിരുന്നു. നിവേദ്യ ചോറ് ഉണ്ടുകൊണ്ട് ക്ഷേത്രപരിസരത്ത് പോലും അന്തിയുറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഒളിവുകാല ജീവിതത്തില്‍ പലതും അദൃശ്യ കഴിവുകളുടെ പരിവേഷം ചാലിച്ചതായിരുന്നു. എടപ്പാളിലും വന്നേരി നാട്ടിലുമായിരുന്നു അധികവും കഴിച്ച് കൂട്ടിയത്. കൃഷ്ണന്‍ നമ്പൂതിരി,ഇ. യു. ജി. മേനോന്‍, ടി. ഇബ്രാഹിം, സി. എം. ഇബ്രാഹിംകുട്ടി (സ്റ്റാലിന്‍ ഉമ്പായി) തുടങ്ങിയവരായിരുന്നു സന്തതസഹചാരികള്‍. 

ഇ.എം.എസിന്‍റെ സഹോദരിയുടെ വീടായ പൊല്‍പ്പാക്കര ഇല്ലത്ത് ഒളിവുകാലത്ത് അദ്ദേഹം താമസിക്കാറണ്ടായിരുന്നു. പോലീസ് നിരീക്ഷണത്തിലുള്ള ഈ വീട്ടില്‍ ഒരിക്കല്‍ ഇമ്പിച്ചിബാവആ വീടിന്‍റെ തട്ടിന്‍ മുകളില്‍ താമസിക്കുന്ന സമയത്ത് പുലരാന്‍ കാലത്ത് മൂന്ന് മണിയോടെ പോലീസ്വീട് വളഞ്ഞു.സൂചന ലഭിച്ച അദ്ദേഹം ജനലിന്‍റെ അഴികളിളക്കി പുറത്ത് കടന്ന് അഴികള്‍ പഴയതുപോലെ ഉറപ്പിച്ച് കൈരണ്ടും ചുമരിലുറപ്പിച്ച് അനങ്ങാതെ നിന്നു. പോലീസ് അരിച്ചുപെറുക്കി തെരഞ്ഞ് സ്ഥലം വിട്ടപ്പോഴേക്കും പുലര്‍ച്ചെ ആറ് മണി കഴിഞ്ഞിരുന്നു. അനങ്ങിയാല്‍ വീണുപോകുവിധം അദ്ദേഹം ആകെ മരവിച്ചിരുന്നു. പരസഹായത്തോടെ വീട്ടിന്‍റെ അകത്തേക്ക് കയറി. ഇങ്ങനെ അതിരൂക്ഷമായ പ്രതിസന്ധികള്‍ തരണം ചെയ്ത് തലനാരിഴ വ്യത്യാസത്തിനാണ് പലയിടങ്ങളില്‍നിന്നും അവസാനം രക്ഷപ്പെട്ടത്. തിരുവിതാംകൂറിലേയും തിരുകൊച്ചിയിലേയും പാര്‍ട്ടി സഖാക്കളില്‍ അധികവും ഒളിവില്‍ പാര്‍ത്തിരുന്നത് വന്നേരിയിലെ പല വീടുകളിലും ഓലപ്പുരകളിലുമാണ്.

പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയോളം ഏതാണ്ട് തുല്യ പ്രാധാന്യമുള്ള മലബാര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു യോഗം പോലീസിന്‍റെ കണ്ണുവെട്ടിച്ച് പനമ്പാട് ഒരു വീട്ടില്‍വെച്ച് പരമ രഹസ്യമായി ചേര്‍ന്നത് ഇക്കാലത്താണ്. ഇ.എം.എസ്. തുടങ്ങിയ സമുന്നത നേതാക്കളില്‍ പലരും പങ്കെടുത്ത ഈ യോഗം ഇമ്പിച്ചിബാവക്കും ടി. ഇമ്പാഹീനും കണാരന്‍ മാഷ്ക്കും ഒഴികെ മറ്റു പല പ്രധാന സഖാക്കള്‍ക്കുപോലും അറിയില്ലായിരുന്നു. ചര്‍ച്ചകളും തീരുമാനങ്ങളും അതീവ രഹസ്യമായിരുന്നു. പോലീസോ മറ്റോ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വേണ്ടി കനോലി കനാലിന്‍റെ തീരത്ത് പാര്‍ട്ടി സഖാക്കളെ കാവല്‍ നിര്‍ത്തിയിരുന്നു. കരഗതാഗതത്തെക്കാള്‍ ജലഗതാഗതത്തിന് പ്രാമുഖ്യമുള്ള അക്കാലത്ത് കനോലി കനാല്‍ മലബാറിലെ പ്രധാനപ്പെട്ട സഞ്ചാരമാര്‍ഗ്ഗമായിരുന്നു. 

ഇഎംഎസിന്‍റെ പിറന്നാളായിരുന്നു അന്ന്. തന്‍റെ അടുത്തുവന്ന് സദ്യയുണ്ണാന്‍ എടപ്പാള്‍ പൊല്‍പ്പാക്കര ഇല്ലത്തെ സഹോദരിക്കൊരാശ.  പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായിരുന്നെങ്കിലും അദ്ദേഹത്തിന് പുറങ്ങില്‍നിന്ന് പൊല്‍പ്പാക്കര ഇല്ലത്ത് കാറില്‍ കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന കാര്യം ഞാനേറ്റു. അവിടെ ചെന്ന് ചക്കപ്രഥമനും മറ്റുചില വിഭവങ്ങളും കഴിച്ചു. ഇതുകഴിഞ്ഞ് നാലാം ദിവസം ഇംഎംഎസിന്‍റെ രഹസ്യ ചലനങ്ങള്‍ അറിയുന്ന തമ്പാനെ പോലീസ് അറസ്റ്റ് ചെയ്തു.


പ്രഥമ അസംബ്ലി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് 


1952 ല്‍ നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന്  പാര്‍ട്ടി പൂര്‍വ്വോപരി ശക്തി പ്രാപിച്ചു. ഈ വര്‍ഷം നടന്ന പ്രഥമ അസംബ്ലി-ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ചാണ് മത്സരിച്ചത്. ലോകസഭയിലേക്ക് കെ.കേളപ്പന്‍ വിജയിക്കുകയും അസംബ്ലിയിലേക്ക് എസി രാമന്‍ പരാജയപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പിന്‍റെ ചുമതല വഹിച്ച ടി.കെ. രാമന്‍ സെക്രട്ടറിയായ താലൂക്ക് കമ്മിറ്റിയില്‍ പി.സി. രാമകൃഷ്ണ വൈദ്യര്‍, ശങ്കരനാരായണന്‍, ഡോ. ഇ.ആര്‍, ടി. ഇബ്രാഹിം, എ.പി.എം. കുഞ്ഞിബാവ, പി.പി. ബീരാന്‍കുട്ടി, പ്രഭാകരന്‍ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു. 


പ്രഥമരാജ്യസഭയുംവിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും


1952 ല്‍ റഷ്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ എകെജിക്ക് ഇമ്പിച്ചിബാവയുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ ഒരു ഗംഭീര സ്വീകരണം നല്‍കി. ഇതേ വര്‍ഷം തന്നെ സ്വാതന്ത്ര്യാനന്തരം നിലവില്‍വന്ന പ്രഥമരാജ്യസഭാ അംഗമായാണ് സഖാവിന്‍റെ പാര്‍ലിമെന്‍ററി ജീവിതം ആരംഭിക്കുന്നത്. 1952 ഏപ്രില്‍ 3 മുതല്‍1954 ഏപ്രില്‍ 2 വരെയായിരുന്നു കാലാവധി. 216 അംഗങ്ങള്‍ അടങ്ങിയ സഭയില്‍ വലിയൊരു ഭാഗം അക്കാലത്തെ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു. സഭയില്‍ നിന്ന് ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ക്കായി രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ഒരുക്കിയ സല്‍ക്കാരത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അദ്ദേഹവും കെ.സി. ജോര്‍ജ്ജുമാണ് പങ്കെടുത്തത്. പൊന്നാനിയില്‍ നിന്ന് നല്‍കിയ ക്വറ്റ ദുരിത്വാശ്വാസ ഫണ്ടിന്‍റെ കാര്യം സഖാവ് രാഷ്ട്രപതിയെ അനുസ്മരിപ്പിച്ചു. സഖാവിന്‍റെ ഇരു കൈകളും ചേര്‍ത്ത് രാജേന്ദ്രപ്രസാദ് ഹസ്തദാനം ചെയുകയും ബന്ധത്തിന് പൂര്‍വ്വോപരി ഊഷ്മളത പകരുകയും ചെയ്തു. 


ആദ്യ മലയാള പ്രസംഗം

രാജ്യസഭയില്‍ മാതൃഭാഷയില്‍ ആദ്യമായി ഇടപെടലുകള്‍ നടത്തിയത് ഇമ്പിച്ചിബാവയായിരുന്നു.പല അംഗങ്ങളും അതിരൂക്ഷമായി ഇതിനെ വിമര്‍ശിച്ചു. സഖാവ് മാപ്പ് പറയണമെന്നുപോലും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. യാതൊരു കൂസലുമില്ലാതെ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. എന്നെ ഇങ്ങോട്ടയച്ച ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയിലാണ് ഞാന്‍ പ്രസംഗിച്ചത്. അവര്‍ അറിയാത്ത ഭാഷയില്‍ എന്നോട് സഭയില്‍ സംസാരിക്കുന്നതിന് ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.  പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്റു ഇമ്പിച്ചിബാവയുടെ വാദം അംഗീകരിച്ചതിനെ തുടര്‍ന്ന് തല്‍ക്കാലം കോലാഹലം അവസാനിച്ചു.  

മറ്റൊരവസരത്തില്‍ അതിരൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടിവന്നെങ്കിലും രാജേന്ദ്ര പ്രസാദ് ഇടപ്പെട്ടതിനെ തുടര്‍ന്ന് മലയാളത്തില്‍ അദ്ദേഹത്തിന് സഭയില്‍ പ്രസംഗിക്കാന്‍ അനുമതി ലഭിച്ചു. മത്സ്യം, കയര്‍, നാളികേരം, അടക്ക, ബീഡി, പിന്നോക്ക ക്ഷേമം, റെയില്‍വെ, പോര്‍ട്ട്, മലബാര്‍ വികസനം, ഹജ്ജ്, വിദേശകാര്യം  തുടങ്ങി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളില്‍ രണ്ട് വര്‍ഷത്തിനിടയില്‍ മൊത്തം 52 ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. മലയാള ഭാഷയില്‍ ഇടപെടലുകള്‍ നടത്തിയതിന് പലപ്പോഴും ചില അംഗങ്ങളില്‍ നിന്ന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും പതറാതെ സുധീരം താന്‍ ഏറ്റെടുത്ത ഉത്തരവാദിത്വം ഗൗരവത്തോടെ തന്നെ നിര്‍വ്വഹിച്ചു. പല സുപ്രധാന പ്രശ്നങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ സാധിച്ചു. 

മറ്റു പല അംഗങ്ങളും തതുല്ല്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ഇരുസഭകളിലും മാതൃഭാഷയില്‍ പ്രസംഗിക്കാന്‍ നിയമ നിര്‍മ്മാണവുമുണ്ടായി. ഏ.വി. ഹൈസക്കൂളില്‍ ആരംഭം കുറിച്ച രാജേന്ദ്രപ്രസാദുമായുള്ള സഖാവിന്‍റെ ബന്ധമായിരുന്നു ഇതിന് ഹേതു. അന്ന് സഖാവിനെ പരിഹസിച്ച പലരുടെയും പിന്‍ഗാമികള്‍ ഇന്ന് മാതൃഭാഷയിലാണ് ഡല്‍ഹിയിലെ ഇരു സഭകളിലും പ്രസംഗങ്ങളും ഇടപെടലുകളും നടത്തുന്നു എന്നതാണ് ഏറെ രസകരം.രാജ്യസഭയില്‍നിന്ന് വിരമിച്ച ശേഷം 1955 ലാണ് തന്‍റെ ജീവിതസഖിയായി കൊണ്ടോട്ടിയിലെ തൊട്ടിയില്‍ മമ്മദ് മാസ്റ്ററുടെ മകള്‍ പിന്നീട് 1995-2000 കാലത്ത് പൊന്നാനി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പദം അലങ്കരിച്ച ഫാത്തിമ്മ ടീച്ചറാണ് തന്‍റെ ജീവിത പങ്കാളിയായി കടന്ന് വരുന്നത്. ടീച്ചറുടെ ശ്രമഫലമായാണ് 1998 ല്‍ ഈ ലേഖകന് സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റിയുടെ വളണ്ടിയറായി സെലക്ഷന്‍ കിട്ടി ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചത്. വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയായിരുന്നു. 


പ്രഥമ അസംബ്ലി തെരഞ്ഞെടുപ്പ്


1957 ജനുവരി ഒന്നിന് ഐക്യകേരളം നിലവില്‍ വന്ന ശേഷം അതേ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പൊന്നാനി-തൃത്താല ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജിതനായി. ജനറല്‍ സീറ്റും റിസര്‍വേഷന്‍ സീറ്റും ഉള്‍പ്പെട്ടതായിരുന്നു ദ്വയാംഗ മണ്ഡലം. ജനറല്‍ സീറ്റിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി ഇമ്പിച്ചിബാവയും റിസര്‍വേഷന്‍ സീറ്റില്‍ ഇ. ടി. കുഞ്ഞനുമായിരുന്നു മത്സരിച്ചത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും അധികം വോട്ടുകള്‍ റിസര്‍വേഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ മുന്‍ മന്ത്രി കെ. കുഞ്ഞമ്പുവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇ.ടി. കുഞ്ഞനും വിജയിച്ചു. ഇമ്പിച്ചിബാവ ഉള്‍പ്പെടെ ജനറല്‍ സീറ്റില്‍ മത്സരിച്ചവരെല്ലാം പാരാജയപ്പെട്ടു. ഹരിജന്‍ വോട്ടുകളില് കൂടുതലും  രണ്ട് ഹരിജന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയതാണെന്നും അതല്ല ഇന്നത്തെക്കാള് വിദ്യാഭ്യാസം കുറവായ അക്കാലത്ത് സ്ഥാനാര്ത്ഥികളുടെ പേരുകളശുടെ ക്രമീകരണ പ്രകാരം മുന്ഗണനയിലുള്ള സ്ഥാനാര്ത്ഥികള്ക്ക് വോട്ട് ലഭിച്ചതാണ് കാരണമെന്നും പറയപ്പെടുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തൊട്ട് പിറകില്‍ കൂടുതല്‍ വോട്ട് ലഭിച്ചത് സഖാവിനായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അവിഭക്ത പൊന്നാനി താലൂക്കിലെ അണ്ടത്തോട് നിയോജക മണ്ഡലത്തില്‍ അഡ്വ. കൊളാടി ഗോവിന്‍കുട്ടി മത്സരിച്ചു. പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളില്‍ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും എന്നുകൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ഈണത്തില്‍ പാടി. 


ആശിച്ച ചെങ്കൊടി നാട്ടൂല- ഇ 

ക്കേരളം കമ്മു ഭരിക്കൂല

നമ്പൂരി മന്ത്രിയതാകൂല- ഇ

കുട്ടിസഖാക്കള്‍ക്കതറിയൂല

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം ലഭിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് ലഭിച്ചു. കൊളാടിയുടെ വിജയത്തോടെയുള്ള  കേവല ഭൂരിപക്ഷത്തിന്‍റെ പിന്‍ബലത്തിലായിരുന്നു അത്. ഇ.എം.എസ്. മുഖ്യമന്ത്രിയായി. ആ നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കൊളാടി.


പാര്‍ട്ടിയിലെ പിളര്‍പ്പ്


1959 ഡിസംബര്‍ 14ന് ഇടതുപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍വെച്ച് ചേര്‍ന്ന കര്‍ഷക?കര്‍ഷക തൊഴിലാളി സമ്മേളനത്തില്‍ ഒരു ലക്ഷത്തില്‍പ്പരം അനുഭാവികള്‍ പങ്കെടുത്തു. ഇതിനെ തുടര്‍ന്ന് രൂപംകൊണ്ട മിച്ച ഭൂമി സമരവും ഭൂപരിഷ്കരണവുമാണ് പിന്നീട് ആയിരക്കണക്കിന് ഭൂരഹിതര്‍ക്ക് ഗുണകരമായിത്തീര്‍ന്നത്.

പൊന്നാനി-വള്ളുവനാട്-പാലക്കാട് താലൂക്കുകള്‍ ചേര്‍ന്ന തെക്കെ മലബാറായിരുന്നു സഖാവിന്‍റെ ആദ്യത്തെ പ്രവര്‍ത്തന മേഖല. ആദ്യം ബീഡി തൊഴിലാളികളെയും പിന്നീട് മത്സ്യതൊഴിലാളികളെയും സംഘടിപ്പിക്കേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. 1956 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെ തുടര്‍ന്നുണ്ടായ അഭിപ്രായ അനൈക്യം കാരണം 64 ല്‍ പിളരുന്നത് വരെ പാര്‍ട്ടിയിലുണ്ടായ ഉള്‍പ്പാര്‍ട്ടി പോരാട്ടത്തില്‍ സുന്ദരയ്യ പക്ഷക്കാരനായിരുന്നു അദ്ദേഹം.

തെക്കെ മലബാര്‍ ജില്ലാ പാര്‍ട്ടി കമ്മിറ്റി അംഗമായ ഇമ്പിച്ചിബാവ ഐക്യ കേരളം നിലവില്‍ വന്നപ്പോള്‍ 1957 പാലക്കാട് ജില്ലയുടെ പ്രഥമ ജില്ലാ സെക്രട്ടറിയായി. ദീര്‍ഘകാലം അവിഭക്ത പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളരുന്ന ഘട്ടത്തില്‍ ബാസവ പുന്നയ്യ തയ്യാറാക്കിയ രേഖയില്‍ കേരളത്തില്‍ നിന്ന് ഒപ്പുവെച്ച ഒരാള്‍ ഇമ്പിച്ചിബാവ മാത്രമായിരുന്നു. 1964 ഏപ്രില്‍ 11 ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ്  ഇന്ത്യ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ബഹിഷ്കരിച്ച് ഇറങ്ങിയ 32 പേരില്‍ ഒരാള്‍ ഇമ്പിച്ചിബാവയായിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാറിനോടുള്ള സമീപനം, ഇന്ത്യ-ചൈന തര്‍ക്കത്തെ വിലയിരുത്തല്‍, ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുണ്ടായ ഭിന്നിപ്പ് വിശകലനം ചെയ്യല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ആസ്പദമാക്കിയാണ് പാര്‍ട്ടി പിളരേണ്ടി വന്നത്. പൊന്നാനി താലൂക്ക് കമ്മിറ്റിയില്‍ ശക്തമായ ചേരിതിരിവുണ്ടായി. വോട്ടിനിട്ടപ്പോള്‍ ഭൂരിഭാഗവും ഇമ്പിച്ചിബാവയുടെ പക്ഷത്തായിരുന്നു. 

1965 ല്‍ കേരളഅസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചിഹ്നത്തിന്‍റെ പ്രശ്നം രൂക്ഷമായപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്കിസ്റ്റ്) എന്ന പേര് പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം സിപിഎം പിളര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്കിസ്റ്റ്?ലെനിന്‍സ്റ്റ്) എന്ന പേരില്‍ പുതിയൊരു വിഭാഗം രൂപംകൊണ്ടു. ഈ രണ്ട് പിളര്‍പ്പും പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചെങ്കിലും പിന്നീട് താത്വിക അടിത്തറ ഉറപ്പിക്കാനും പാര്‍ട്ടി വളരാനും ഹേതുവായി.

ലോകസഭയിലേക്ക്


1962 ല്‍ പാലക്കാട് ജില്ലയില്‍ ഉള്‍പ്പെട്ട പൊന്നാനി പാര്‍ലിമെന്‍റ് മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1962 ഏപ്രില്‍ രണ്ടാം തിയതി മുതല്‍ 1967 മാര്‍ച്ച് മൂന്നാം തിയതി വരെയായിരുന്നു കാലാവധി. 1964 പാര്‍ട്ടിയുടെ പല നേതാക്കളെയും ചൈന ചാരډാര്‍ എന്ന് മുദ്രകുത്തി ജയിലിലടച്ചു. ഇമ്പിച്ചിബാവക്ക് അറസ്റ്റ് വാറന്‍റ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഒളിവില്‍ പോയി. ഈ അവസരത്തില്‍ പോലീസിന്‍റെ കണ്ണ് വെട്ടിച്ച് പാര്‍ലിമെന്‍റില്‍ കടന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് ശമ്പളം വാങ്ങി സ്ഥലം വിട്ട സാഹസിക ചരിത്രം സഖാവിന് സ്വന്തം. 

സഖാവിനെ തിരിച്ചറിയുന്നതിന്ന് ഒരവസരത്തില്‍ പൊന്നാനിയില്‍നിന്നുള്ള ഒരു പോലീസ്തന്നെ ഡല്‍ഹിയില്‍ നിയോഗിക്കപ്പെട്ടിരുന്നു. അദ്ദേഹം പാര്‍ലിമെന്‍റ് മന്ദിരത്തില്‍ ടാക്സിയില്‍ ചെന്നിറങ്ങി ലോകസഭയിലേക്ക് കയറി പോകുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. സഭക്ക് അകത്ത് വെച്ച് അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. ടാക്സി കാര്‍ ഇമ്പിച്ചിബാവയെയും കാത്ത് കിടപ്പുണ്ടായിരുന്നു. ഇതെല്ലാം കണ്ട് പ്രതീക്ഷയര്‍പ്പിച്ച പോലീസ് തിരിച്ചു പോകുമ്പോള്‍ അദ്ദേഹത്തെ പിടികൂടാന്‍ സര്‍വ്വ സന്നാഹവും ഒരുക്കി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സഖാവ് തിരിച്ചുവന്നില്ല. തങ്ങള്‍ക്ക് പറ്റിയ അമളി പിന്നീടാണ് പോലീസ് ഓഫീസര്‍മാര്‍ മനസ്സിലാക്കിയത്. 

ലോകസഭാ മന്ദിരത്തിന് എത്ര കവാടങ്ങളാണ് ഉള്ളതെന്ന് പോലീസുകാര്‍ക്ക് അറിയുമോ എന്നാണ് ഇതിനെ കുറിച്ച് ഒരിക്കല്‍ സഖാവ് പ്രതികരിച്ചത്. 1980 ല്‍ കോഴിക്കോടിനെയും പ്രതിനിധീകരിച്ച് വീണ്ടും ലോകസഭയിലെത്തി. 


അധികാരത്തിലേക്ക്


1967ല്‍ മണ്ണാര്‍ക്കാട് നിന്ന് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്. മന്ത്രിസഭയില്‍ 67 മാര്‍ച്ച് ആറാം തിയതി മുതല്‍ 69 നവംബര്‍ ഒന്നാം തിയതി വരെ ഗതാഗത-തുറമുഖ-ജയില്‍ പുരാവസ്തുമ്യൂസിയം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി. കുറച്ച്കാലം ഭക്ഷ്യവകുപ്പിന്‍റെ ചുമതലയും വഹിച്ചു. നാല് പതിറ്റാണ്ട് മുമ്പുവരെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ മലബാറില്‍ വല്ലപ്പോഴും ഓടിയിരുന്ന ഒരു കൗതുക വാഹനമായിരുന്നു. സഖാവ് മന്ത്രിയായ ഉടനെ അവ മലബാറിന്‍റെ നാനാഭാഗത്തും ഓടിപ്പിക്കുന്നതില്‍ അചഞ്ചലമായ ഭരണപാടവം തന്നെ പ്രകടിപ്പിച്ചു. ഇതിനെ എതിര്‍ത്ത പ്രതിപക്ഷത്തെ അതിരൂക്ഷമായി അദ്ദേഹം പ്രതിരോധിച്ചു. ഈ ഗതാഗത വിപ്ലവത്തിന്‍റെ ഭാഗമായാണ് പൊന്നാനി കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനും, എടപ്പാള്‍-കാലടി-റീജ്യണല്‍ വര്‍ക്ക്ഷോപ്പും നിലവില്‍ വന്നത്. ഈ വകുപ്പിനെ ജനകീയവല്‍ക്കരിച്ചതും അദ്ദേഹം തന്നെ.ഈ അവസരത്തിലാണ് കരിപ്പൂര്‍ വിമാനതാവളത്തിന് ഭൂമി അക്ക്വയര്‍ ചെയ്തത്. നിര്‍ജ്ജീവമായി കിടന്നിരുന്ന ചില വകുപ്പുകള്‍ അദ്ദേഹം ചുമതലയേറ്റതിന് ശേഷമാണ് സജീവമായത്. ഇംഗ്ലീഷ് അറിയാത്ത മന്ത്രി എന്ന് അപഖ്യാതി അദ്ദേഹത്തില്‍ പ്രതിപക്ഷം ചാര്‍ത്തി. 

എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചിരുന്ന ഐ.എ.എസ്. ഓഫീസര്‍മാരെയും ബ്യൂറോക്രെസിയെയും വരച്ചവരയില്‍തന്നെ നിര്‍ത്തി പ്രഗല്‍ഭമായിത്തന്നെ അദ്ദേഹം ഭരണം നിയന്ത്രിച്ചു. ജയില്‍ വകുപ്പ് മന്ത്രിയായി സേവനം അനുഷ്ടിച്ച അദ്ദേഹത്തിന് അടിന്തരാവസ്ഥക്കാലത്ത് രാജ്യദ്രോഹി എന്ന് കുറ്റം ചാര്‍ത്തിയാണ് ജയില്‍വാസം വരിക്കേണ്ടിവന്നത്.

1971 നവംബറില്‍ മലപ്പുറത്ത് നടന്ന മിച്ചഭൂമി സമരത്തിന്‍റെ നേതൃത്വം അദ്ദേഹത്തിനായിരുന്നു, അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് കോടതിയിലെ വാദത്തിനിടയില്‍ തെളിവുകള്‍ സഹിതം ചെയ്ത പ്രസ്താവനയെ തുടര്‍ന്ന് അദ്ദേഹത്തെയും സമരസഖാക്കളെയും കോടതി വെറുതെവിട്ടു.

1948ലെ മദ്രാസ്സ് ലൈബ്രററി ആക്റ്റനുസരിച്ച് മലബാറില്‍ ഏതാനും ലൈബ്രറേറിയډാര്‍ സര്‍വ്വീസിലുണ്ടായിരുന്നു. സംസ്ഥാന പുനര്‍നിര്‍ണ്ണയത്തിന് ശേഷം ഇവര്‍ കേരള സര്‍ക്കാറിന്‍റെ കീഴിലായി. ഇതേ ആക്റ്റനുസരിച്ച് ജോലിചെയ്തവര്‍ക്ക് മദ്രാസ്സ് സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചെങ്കിലും കേരള സര്‍ക്കാര്‍ കാലതാമസം വരുത്തി. ലൈബ്രറേറിയനും ചരിത്രക്കാരനുമായ വേലായുധന്‍ പണിക്കശ്ശേരി തന്‍റെ സ്നേഹിതന്‍ കൃഷ്ണന്‍ കണിയാംപറമ്പില്‍ എം.എല്‍.എ. മുഖേന പ്രശ്നം മുഖ്യമന്ത്രി നായനാരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒടുവില്‍ പെന്‍ഷന്‍ അനുവദിച്ച് കിട്ടാന്‍ ഇമ്പിച്ചിബാവ കൂടി ഇടപെടേണ്ടി വന്നു. 

കയ്യാല കമ്മിറ്റി, കോലായ കമ്മിറ്റി, സീറ്റ് കമ്മിറ്റി, ജന്‍സ് ക്ലബ്ബ് തുടങ്ങി  രാത്രികളില്‍ സജീവമാകുന്ന പല കമ്മിറ്റികളും ക്ലബ്ബുകളും നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൊന്നാനി അങ്ങാടിയില്‍ ഉണ്ടായിരുന്നു. വെടിപറച്ചിലിനോടൊപ്പം ദേശത്തെ സ്പര്‍ശിക്കുന്ന ഗൗരവമായ പല പ്രശ്നങ്ങളും വികസന കാര്യങ്ങളും ഇവിടെ സജീവ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. രായിച്ചന്‍റകം തറവാട്ടിലെ കയ്യാലകമ്മിറ്റിയില്‍വെച്ചാണ് പൊന്നാനി എം.ഇ.എസ്. കോളേജിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. പലപ്പോഴും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് സഖാവായിരുന്നു. തുടര്ന്ന് സപ്തകക്ഷി ഭരണത്തില് റവന്യു മന്ത്രിയായിരുന്ന കെആര്  ഗൌരിയമ്മയെ കൊണ്ട് കോളേജിന് സ്ഥലം അനുവദിപ്പിക്കുന്നതിലും1968ല് കോളേജ് സ്ഥാപിക്കുന്നതിലും അശ്രാന്ത പരിശ്രമം നടത്തി. 1970 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് അഴീക്കലെ തറവാട്ടില്‍ നിന്ന് എം.ഇ.എസ്. കോളേജിന് മുമ്പിലെ ലാല്‍ ഭവനിലേക്ക് താമസം മാറ്റിയത്. 

രാഷട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങള് നിലനിര്ത്തുന്നതില്  സജീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. യശശരീരനായ ജി. കാര്‍ത്തികേയന്‍ കെ.എസ്.യു. പ്രസിഡന്‍റായ അവസരത്തില്‍ വാഹനജാഥയുമായി പൊന്നാനിയിലെത്തി. കോളേജിനു മുമ്പില്‍വെച്ച് നടന്ന സ്വീകരണയോഗത്തില്‍ കാര്‍ത്തികേയന് ഇരിക്കാന്‍ വീട്ടില്‍നിന്ന് കസേര നല്‍കിയത് സഖാവായിരുന്നുവെന്ന് അന്നത്തെ കെ.എസ്.യു. താലൂക്ക് പ്രസിഡന്‍റായിരുന്ന ടി.കെ. ഇസ്മാഈല്‍ ഓര്‍ക്കുന്നു. പൊന്നാനി ബ്ലോക്ക് ഗോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് 1990 ഏപ്രിലില്‍ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. കടവനാട് മുഹമ്മദ് രാജിവെച്ചു. വിവരം അറിഞ്ഞ സഖാവ് സംഭാഷണത്തിനിടയില്‍ രാജി പിന്‍വലിക്കാന്‍ കടവനാടിനോട് ആവശ്യപ്പെട്ടു.ഫാത്തിമ്മ ടീച്ചര്‍ ഈ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. അദ്ദേഹത്തോട് സ്നേഹബന്ധം സ്ഥാപിച്ചവര്‍ക്കെല്ലാം ഒരിക്കലും മറക്കാന്‍ കഴിയാത്തതായിരുന്നു ആരാധകരിലും എതിരാളികളിലും ഒരുപോലെ മതിപ്പുളവാക്കിയ ആ വ്യക്തിത്വം

    1991 ല്‍ പൊന്നാനിയില്‍ നിന്നാണ് രണ്ടാമത് നിയമസഭയിലെത്തിയത്. സഭയിലെ അവസാനത്തെ പ്രസംഗം പൊന്നാനി മണ്ഡലത്തിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങളിലൂന്നിയായിരുന്നു. നാടിന്‍റെ വികസനത്തിനും നാട്ടാരുടെ പ്രശ്നങ്ങള്‍ക്കും ഏതറ്റം വരെ പോകാനും സദാ ഒരുക്കമായിരുന്നു. പൊന്നാനി ഫിഷിങ്ങ് ഹാര്‍ബറും ഷിപ്പിങ്ങ് ഹാര്‍ബറും നിര്‍മ്മാണം അന്ത്യാഭിലാഷമായിരുന്നു.

ഉന്നത ബിരുദങ്ങള്‍ നേടാതെ പ്രായോഗിക പരിജ്ഞാനവും പൊതു പ്രവര്‍ത്തനവും കൈമുതലാക്കി ഭരണരംഗത്തെയും നിയമസഭയെയും രാജ്യസഭയെയും ലോകസഭയെയും ബ്യൂറോ ക്രസിയെയും എങ്ങനെയാണ് സമുഹത്തിനും നാട്ടിനും ഫലവത്തായ രീതിയില്‍ അനുകൂലമാക്കി മാറ്റിയെടുക്കുക എന്ന് കാണിച്ച് കൊടുത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം. എന്നും സാധാരണ ജനവിഭാഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. 

താന്‍ കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങള്‍ എത്ര സങ്കീര്‍ണ്ണമായാലും ഉടനെയൊരു പ്രായോഗിക പരിഹാരം കണ്ടെത്താനുള്ള മിടുക്കായിരുന്നു സഖാവിന്‍റെ മറ്റൊരു സിദ്ധി. പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോഴും പ്രതിസന്ധിയിലകപ്പെട്ടാലും ആ വ്യക്തിത്വം തളരാറില്ല. തിരിച്ചടികളുണ്ടാകുമ്പോഴെല്ലാം ആ ശിരസ്സ് ഉയര്‍ന്നു തന്നെ നില്‍ക്കും.പൂര്‍വ്വോപരി ഊര്‍ജ്ജസ്വലതയോടെ വ്യക്തി പ്രഭാവം നിലനിര്‍ത്തും. പൊതു പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ മുഖം നോക്കാതെ വിഭാഗീയത ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കും. 

സിഗരറ്റുപേക്കറ്റിന്‍റെ പുറത്ത് പേരെഴുതി സ്വന്തം കുടുംബക്കാര്‍ക്കും അളിയډാര്‍ക്കും കെ.എസ്.ആര്‍.ടി.സി.യില്‍ ജോലി നല്‍കിയ ആളായിരുന്നു ഇമ്പിച്ചിബാവയെന്ന് നിയമസഭയില്‍ ആരോപണം ഉയര്‍ന്നിരുന്നു.

ശരിയാണ് ഞാന്‍ കുറെ അളിയډാര്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. രാജ്യത്തെ സ്ത്രീകളെല്ലാം എന്‍റെ സഹോദരിമാരെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ആ നിലക്ക് അളിയډാര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. ഇതെ രീതിയില്‍ സ്വതസിദ്ധമായ ശൈലിയിലുള്ള പലപ്പോഴും എതിരാളികളുടെ ആരോപണത്തിന്‍റെ കതകടച്ചിരുന്നു.

മന്ത്രിയായ ഉടനെ കോഴിക്കോട്-പൊന്നാനി-മാറഞ്ചേരി-ഗുരുവായൂര്‍-കോട്ടയം റൂട്ടില്‍ ഒരു കെഎസ്ആര്‍ടിസി ബസ് അനുവദിച്ച് ഓടിതുടങ്ങി. മാറഞ്ചേരി സ്വദേശിയായ സ്വാതന്ത്ര്യസമരനായകന്‍ ഇ. മൊയ്തുമൗലവിയുടെ അഭിലാഷം കൂടിയായിരുന്നു ഇത്.  ഈ ബസില്‍ കയറി സഞ്ചരിച്ച ഒരു എംഎല്‍എ അസംബ്ലിയില്‍ ബസ് റൂട്ടിന്‍റെ ദൈര്‍ഘ്യത്തെ പറ്റി ആക്ഷേപസ്വരത്തില്‍ പറഞ്ഞു. ബസ് പൊന്നാനിക്കാര്‍ക്കും പരിസരത്തുള്ളവര്‍ക്കും കൂടിയാണ് ഓടിക്കുന്നത്. ബസില്‍ കയറുമ്പോള്‍ ബോര്‍ഡ് നോക്കി വേണം കയറാന്‍ എന്ന് ഇമ്പിച്ചിബാവ തിരിച്ചടിച്ചു. ഈ റൂട്ടിനെ പറ്റി മറ്റൊരവസരത്തില്‍ ബസ് പൊന്നാനിയില്‍ നിന്ന് തൊപ്പിയിട്ട് ഗുരവായൂര്‍ ചെന്ന് പുണൂല്‍ ധരിച്ചിട്ട് സഞ്ചരിച്ചോട്ടെ എന്നാണ് സരസമായി പ്രതികരിച്ചത്.

ഭക്ഷ്യവകുപ്പിന്‍റെ ചുമതല വഹിക്കുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നിരുന്നു. മന്ത്രിയെ കണ്ട് സമേളന ചിലവിലേക്ക് ആവശ്യമായ അരിയുടെ പെര്‍മിറ്റ് അനുവദിക്കാനും സമ്മേളനത്തിന് ക്ഷണിക്കാനും ഭാരവാഹികള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അരിയുടെ പെര്‍മിറ്റ് അനുവദിച്ച് ആവശ്യമായതെല്ലാം ചെയ്ത് കൊടുത്തു. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ഞങ്ങളും നിങ്ങളും ഒക്കൂല്ല എന്ന് പറഞ്ഞ് നിരസിച്ചു


മരിക്കുന്നത് വരെ മത്സ്യതൊഴിലാളി ഫെഡറേഷന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. അദ്ദേഹം വിഭാവനം ചെയ്ത പദ്ധതികള്‍ ഒരോന്നായി പൂര്‍വ്വോപരി പരിഷ്കരിച്ച് പൊന്നാനി അഴീക്കല്‍ സ്വദേശി സുല്‍ഫത്ത് അടക്കമുള്ള മുഴുവന്‍ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എംബിബിഎസിന് സര്‍ക്കാര്‍ ഫീസ് നല്‍കി സൗജന്യമായി പഠിക്കാന്‍ അവസരം ഒരുക്കി ഇമ്പിച്ചിബാവയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ശ്ലാഘനീയമായ രീതിയില്‍ പ്രാവര്‍ത്തികമാക്കി വരുന്നത്.  മത്സ്യതൊഴിലാളികളുടെ ഉന്നമനം പൊന്നാനി ഫിഷിംങ് ഹാര്‍ബര്‍, കാര്‍ഗോപോര്‍ട്ട്, തീരദേശ സമഗ്രവികസനം തുടങ്ങിയ പദ്ധതികള്‍ അദ്ദേഹത്തിന്‍റെ അന്ത്യാഭിലാഷമായിരുന്നു. 

1964 മുതല്‍ മരണം വരെ  സി.പി. ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. 1957ല്‍ ഇ.പി. ഗോപാലന്‍ എംഎല്‍എ ആയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയായി. 1971 മുതല്‍ 80 വരെ സി. പി. ഐ. (എം) മലപ്പുറം ജില്ലാ സെക്രട്ടറിയായും മലപ്പുറം ജില്ലാ സി.ഐ.ടി.യു. തുടങ്ങി വിവിധ തൊഴിലാളി സംഘടനകളുടെയും  സാരഥിയായും പ്രവര്‍ത്തിച്ചു.


ഇ.എം.എസ്. കഴിഞ്ഞാല്‍ മലബാര്‍ പ്രദേശത്ത് ഏറ്റവും അറിയപ്പെടുന്ന നേതാവ്, ഊര്‍ജ്ജസ്വലനായ വിദ്യാര്‍ത്ഥി യുവജന നേതാവ്, പരിവേഷങ്ങളില്ലാത്ത ജനനായകന്‍, ഫലിതങ്ങളുടെ ചെപ്പു തുറക്കുന്ന പൊന്നാനി സുല്‍ത്താന്‍,  മുഖവുരയ്ക്ക് പ്രസക്തിയില്ലാത്ത നേതാവ്, മത്സ്യത്തൊഴിലാളികളുടെ അനിഷേധ്യ അമരക്കാരന്‍, ലക്ഷ്യബോധവും ആദര്‍ശബോധവും സമന്വയിച്ച വിപ്ലവകാരി, സ്നേഹത്തിന്‍റെ പരുക്കന്‍ ഭാവം, ജീവിതം പോരാട്ടമാക്കിയ ജനനായകന്‍ തുടങ്ങിയ പല വിശേഷണങ്ങളാല്‍ പുകള്‍പ്പെറ്റ ഇമ്പിച്ചിബാവയ്ക്ക് സമം ഇമ്പിച്ചിബാവ മാത്രം.


ഛത്തീസ്ഗഢില്‍ നടന്ന 15-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മലപ്പുറം ജില്ലയില്‍ നിന്നെത്തിയ മുഴുവന്‍ പാര്‍ട്ടി പ്രതിനിധികളെയും തന്‍റെ കൂടെ നിര്‍ത്തി ഫോട്ടെയെടുത്തു. 1995 ഏപ്രില്‍ 11 ന് രാത്രി പതിനൊന്ന് മണിയോടെ ഡല്‍ഹിയില്‍വെച്ച് 77-ാം വയസ്സില്‍ നിര്യാതനായി. മയ്യിത്ത് നമസ്കാരത്തിന്നു നേതൃത്വം നല്‍കിയത് സഹോദരീമകനും ദീനി പ്രവര്‍ത്തകനുമായ ഇ.കെ. മുഹമ്മദലിയാണ്. പൊന്നാനി സിയാറത്ത് ജുമാമസ്ജിദ് അങ്കണത്തിലാണ് അന്ത്യവിശ്രമം.


റഫറന്‍സ്


1. ശോഭനമായിരുന്ന കാലം  ڊ ഇ.കെ. ഇമ്പിച്ചിബാവ

2. കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആദ്യനാളുകള്‍ڊ ഇ.കെ. ഇമ്പിച്ചിബാവ

3. കേരളം കമ്മ്യൂണിസ്റ്റ് കൂറുള്ള മണ്ണ് ? ഇഎംഎസ്

4. പരിവേഷങ്ങളില്ലാത്ത ജനനായകന്‍ ڊ എഡി. ഐ.വി. ദാസ് (ചിന്താപബ്ലിക്കേഷന്‍സ്)

5. സഖാവ് പി. കൃഷ്ണപ്പിള്ള  ڊ  എഡി. സി. ഭാസ്കരന്‍(ചിന്താപബ്ലിക്കേഷന്‍സ്)

6. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ڊ  ഇ.എം.എസ്. നമ്പൂതിരിപ്പാട്(ചിന്താപബ്ലിക്കേഷന്‍സ്)

7. വന്നേരിനാട് ڊ  എഡി. പി.കെ.എ. റഹീം

8. മഖ്ദൂംമും പൊന്നാനിയും ڊ  ഡോ. ഹുസൈന്‍ രണ്ടത്താണി

9. പൊന്നാനി പൈതൃകവും നവോത്ഥാനവും ڊ  ടി.വി. അബ്ദുറഹിമാന്‍കുട്ടി

10. കെ. ദാമോദരന്‍, എം. റഷീദ്

11. സാന്ത്വനങ്ങളുടെ സൂര്യകിരണങ്ങള്‍  ڊ  സഫറുള്ള പാലപ്പെട്ടി

12. സഖാവ് കുഞ്ഞിമോനെ കേരളം അറിയുമോ ڊ മലയാളം വാരിക മാര്‍ച്ച് 2007

13. കേരള അസംബ്ലി, രാജ്യസഭ, ലോകസഭ രേഖകള്‍ 

14. മലബാര്‍ സപ്ലൈകൊ ബീഡിക്കമ്പനി തൊഴിലാളി എം.പി. ഹംസ (90 വയസ്സ്), വാച്ച്മേക്കര്‍ 

ഹസ്സന്‍(93വയസ്സ്), പത്തേമാരി സ്രാങ്ക് കെ.കെ. കാദര്‍(77 വയസ്സ്), അഴീക്കല്‍ മഹല്ല് കമ്മിറ്റി 

പ്രസിഡന്‍റും ഇ. കെ. സിദ്ദീഖ് എന്നിവരുമായുള്ള അഭിമുഖം.