47. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ശക്തിയുടെ കവിയെന്നാണ് ഇടശ്ശേരിയെ വിശേഷിപ്പിക്കാറ്. കവി, നാടകകൃത്ത്, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഇദ്ദേഹം 1906 ഡിസംബര്‍ 23-ന് കുറ്റിപ്പുറത്ത് ജനിച്ചു. ആലപ്പുഴയിലും, കോഴിക്കോടും, പൊന്നാനിയിലും വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമിയിലും കേരള സംഗീതനാടക അക്കാദമിയിലും അംഗമായിരുന്നു. സാമൂഹിക-രാഷ്ട്രിയരംഗങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‍റെ കൃതികളില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തെളിഞ്ഞുകാണാം.
അളകാവലി, കറുത്തചെട്ടിച്ചികള്‍, കാവിലെപാട്ട്, ഒരുപിടിനെല്ലിക്ക, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, പുത്തന്‍ കലവും അരിവാളും എന്നിവയാണ് കവിതാസമാഹരങ്ങള്‍. കുട്ടുകൃഷിയാണ് ഇടശ്ശേരിയുടെ ഏറ്റവും പ്രസിദ്ധമായ നാടകം. നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും, തൊടിയില്‍ പടരാത്ത മുല്ല എന്നിവയാണ് മറ്റു നാടകങ്ങള്‍. കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1974 ഒക്ടോബര്‍ 14-ന് അന്തരിച്ചു.