36. വി.പി.സി തങ്ങള്‍
അധഃസ്ഥിത വിഭാഗത്തിന്‍റെ നേതാവ്
alfaponnani@gmail.com
9495095336
ഡിസംബര്‍ 22 ഏതാണ്ട് രാത്രി ഒന്‍പതു മണി. ഈ രചന തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് ഒരു നിയോഗം പോലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവും എഴുത്തുകാരനുമായ പി.എ റഷീദ് സാഹിബിന്‍റെ ഫോണ്‍. വിഷയം വി.പി.സി. തങ്ങള്‍ തന്നെ. പരിഗണിക്കപ്പെടേണ്ട ഒരിടത്ത് വി.പി.സിയെ വിസ്മരിച്ചിരിക്കുന്നു എന്നതാണ് പരാതി. അന്ന് രാവിലെ പൊന്നാനിയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ വേദനിപ്പിച്ച ഒരു കാഴ്ച്ചയായിരുന്നു ഇതിനാധാരം. അത് പരമാവധി പരിഹരിക്കാന്‍ ശ്രമിക്കാമെന്ന് ഞാന്‍ മറുപടിയും നല്‍കി.
വിടപറഞ്ഞിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും സഹൃദയരില്‍ ആ വ്യക്തിത്വം നിലനില്‍ക്കുന്നു എന്നല്ലേ ഇതിനര്‍ത്ഥം. ഒരു പുരുഷായസ്സു മുഴുവന്‍ സമുദായത്തിനും നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട, രാഷ്ട്രീയത്തെക്കാള്‍ ഉപരി രാജനډക്ക് മുന്തിയ പരിഗണന നല്‍കിയ വി.പി.സി. തങ്ങളെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. !
ഖിലാഫത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്ന അദിനയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയ തങ്ങളുടെയും കുഞ്ഞിബീവി ഷെരീഫയുടെയും മകനായി 1920ല്‍ ജനിച്ചു. സയ്യിദ് അല്‍ ഹൈദ്രോസ് വെട്ടം പോക്കരിയകത്ത് ചെറുകോയ തങ്ങള്‍ എന്നാണ് മുഴുവന്‍ പേര്. ടി.ഐ.യു.പി. സ്ക്കൂളിലേയും പൊന്നാനി വലിയ പള്ളിയിലേയും പഠനത്തിന് ശേഷം ചെറുപ്പത്തില്‍ തന്നെ പൊതുരംഗത്ത് സജീവമായി.
സര്‍വ്വേന്ത്യാ മുസ്ലിം ലീഗിന്‍റെ ശാഖകള്‍ 1917 ല്‍ ആദ്യമായി കോഴിക്കോടും തലശ്ശേരിയിലും നിലവില്‍ വന്ന അവസരത്തില്‍ പൊന്നാനിയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുപോലും കാര്യമായ വേരുകള്‍ ഉണ്ടായിരുന്നില്ല. മുസ്ലിംലീഗിന്‍റെ പ്രവര്‍ത്തനം കോഴിക്കോടും തലശ്ശേരിയിലും അധികം കാലം മുന്നോട്ട് പോയില്ല.
ജനകീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായി ഐഡന്‍റിഫിക്കേഷന്‍ ചെയ്യപ്പെടാത്ത കാലത്ത് 1934 ല്‍ സെന്‍ട്രല്‍ അസംബ്ലി (പാര്‍ലമെന്‍റ്)ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സത്താര്‍ സേട്ട് വിജയിച്ചു. കേരള മുസ്ലിം രാഷ്ട്രീയത്തിന്‍റെ ഭാവി ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയതായിരുന്നു ഈ വിജയം. തുടര്‍ന്ന് 1936 ല്‍ സത്താര്‍ സേട്ട്, സീതി സാഹിബ്, പോക്കര്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വീണ്ടും മുസ്ലിംലീഗ് രൂപംകൊണ്ടു.
1935 ലെ ഇന്ത്യാ ഗവണ്‍മെന്‍റ് ആക്റ്റിനെ തുടര്‍ന്ന് മദ്രാസ്സ് സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് 1936-37 കാലഘട്ടത്തിലാണ് നടന്നത്. ശക്തമായ ബ്രൈക്കുള്ള എന്നാല്‍ എഞ്ചിനില്ലാത്ത വണ്ടി എന്നാണ് ഈ ആക്ടിനെ നെഹ്റു വിശേഷിപ്പിച്ചത്. മലബാറിലെ പല മണ്ഡലങ്ങളിലും മുസ്ലിംലീഗ് സഹകരണത്തോടെ സ്ഥാനാര്‍ത്ഥികള്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. കോഴിക്കോട് കുറുമ്പ്രനാട് റുറല്‍ മണ്ഡലത്തില്‍ മുസ്ലിംലീഗ് പിന്തുണയോടെ പോക്കര്‍ സാഹിബും കോഴിക്കോട്ടെ ഖാന്‍ ബഹദൂര്‍ പി.എം.ആറ്റക്കോയ തങ്ങളും തമ്മിലുള്ള മത്സരം അതി ശക്തമായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ പ്രായപൂര്‍ത്തി വോട്ടവകാശമില്ല. നികുതി റസീറ്റുള്ള ജډിമ്മാര്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളു. ആറ്റക്കോയ തങ്ങള്‍ വിജയിച്ചു. പോക്കര്‍ സാഹിബ് തോറ്റെങ്കിലും ഈ തെരഞ്ഞെടുപ്പ് ഹേതുവായി പാര്‍ട്ടിയുടെ തായ്വേര് മലബാറില്‍ ആഴ്ന്നിറങ്ങുകയും ഉപവേരുകള്‍ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
1937 ഒക്ടോബര്‍ 3 ന് ലഖ്നൗവില്‍ ചേര്‍ന്ന സര്‍വ്വേന്ത്യാ മുസ്ലിംലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം തെക്കെ ഇന്ത്യയില്‍ വ്യാപിപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. ഈ വര്‍ഷം ഡിസംബര്‍ 20 ന് മലബാര്‍ ജില്ലാ മുസ്ലിംലീഗ് നിലവില്‍ വന്നു. കമ്മിറ്റിയുടെ പ്രഗത്ഭനായ ഒരു ജോ: സെക്രട്ടറി അന്നത്തെ പൊന്നാനി താലൂക്കിലെ ചാവക്കാട് സ്വദേശി എം.വി ഹൈദ്രോസ് വക്കീലായിരുന്നു.
അതെ വര്‍ഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പൊന്നാനി മണ്ഡലത്തിലെ ഒരു ഭാഗം ഉള്‍പ്പെട്ട പാലക്കാട് ദ്വയാംഗ മണ്ഡലത്തില്‍ നിന്ന് ശൈഖ് മുഹമ്മദ് റാവുത്തര്‍ പച്ചപെട്ടിയിലും, പി. കെ. മൊയ്തീന്‍കുട്ടി നീലപെട്ടിയിലും വിജയിച്ചു. കെ. വി. നുറുദ്ധീനും എം. വി. ഹൈദ്രോസ് വക്കീലും തോറ്റു. മദ്രാസ്സ് സംസ്ഥാനത്തില്‍ സി. രാജഗോപാലാചാരി മന്ത്രിസഭയില്‍ (1937-39) മലബാറിന്‍റെ ആദ്യത്തെ പ്രതിനിധിയായിരുന്ന ചേറ്റുവ മണപ്പുറം സ്വദേശി കോങ്ങാട്ടില്‍ രാമ മേനോന്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാണ് നിയമ-ജയില്‍ വകുപ്പ് മന്ത്രിയായത്.
പോക്കര്‍ സാഹിബിന്‍റെ വളണ്ടിയര്‍ക്കോര്‍ ക്യാപ്റ്റനും ഇലക്ഷന്‍ സൂത്രധാരകരില്‍ പ്രമുഖനും പൊന്നാനി സ്വദേശി പി. കുഞ്ഞി അഹമ്മദ് കുട്ടി ഹാജിയാണ്. മുസ്ലിം സമുദായത്തില്‍ ആധുനിക വിദ്യാസമ്പന്നര്‍ കുറവായ അക്കാലത്ത് പൊന്നാനി നഗരത്തിലെ വിദ്യാസമ്പന്നരില്‍ പ്രമുഖനായിരുന്നു ഈ യുവ അഭിഭാഷകന്‍. ഇദ്ദേഹവും കോക്കൂര്‍ മാനംകണ്ടത്ത് മൊയ്തുണ്ണി ഹാജിയുമായിരുന്നു മുസ്ലിംലീഗ് പ്രസ്ഥാനത്തിന് ദിശാബോധം നല്‍കിയ പ്രഥമ വക്താക്കള്‍. കുഞ്ഞി അഹമ്മദ് കുട്ടി ഹാജി 1940ല്‍ ജ്യുഡീഷ്യറി സര്‍വ്വീസില്‍ പ്രവേശിച്ചതോടെ പൊന്നാനിയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിലച്ചു.
ആറ്റക്കോയ തങ്ങളുടെ മകന്‍ പഴയകത്ത് ചെറുകോയ തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് വന്ന ഒഴിവില്‍ 1942 ല്‍ പഞ്ചായത്ത് മെമ്പറായി വി.പി.സി. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 1940കളുടെ രണ്ടാം പകുതി മുതല്‍ പൊന്നാനി പഞ്ചായത്ത് പ്രസിഡന്‍റായ അദ്ദേഹം 1977ല്‍ നഗരസഭയായി അപ്ഗ്രേഡ് ചെയ്യുന്നതുവരെ മൂന്നുപതിറ്റാണ്ടിലധികം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. പൊന്നാനിയില്‍ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്‍റ് പദം അലങ്കരിച്ച റെക്കോര്‍ഡിന്‍റെ ഉടമ തങ്ങളായിരുന്നു.
ഖാന്‍ സാഹിബ് വി ആറ്റക്കോയ തങ്ങള്‍ക്ക് ശേഷം മുസ്ലിം പൊന്നാനിയെ വിവിധ തുറകളില്‍ നയിച്ച പ്രോജ്ജ്വല വ്യക്തിത്വമാണ് തങ്ങള്‍ . ആറ്റക്കോയ തങ്ങള്‍ ഗുരുത്വവും പൊരുത്തവും പകര്‍ന്നുകൊടുത്ത പലരില്‍ പ്രഥമഗണനീയനും തങ്ങള്‍ തന്നെ. മുസ്ലിം ലീഗ് ഓഫീസില്‍ ഒരു യോഗത്തില്‍ ഒരിക്കല്‍ ഈ സംഭവം തങ്ങള്‍ വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ രണ്ടു കണ്ണുകളും ഈറനണിഞ്ഞിരുന്നു.
1940കളെ തുടര്‍ന്ന് പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ വി.പി.സി. തങ്ങളോടൊപ്പം നിര്‍ണ്ണായക പങ്ക് വഹിച്ചവരാണ് നാട്ടിക അബ്ദുല്‍ മജീദ് സാഹിബ്, അബ്ദുല്‍ ഹയ്യ്ഹാജി, കുഞ്ഞാലന്‍ ഹാജി, കൂട്ടായിലെ മുഹാജിര്‍ സാഹിബ് തുടങ്ങിയ നേതാക്കള്‍. സാമൂഹിക സംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി വടക്ക് പരപ്പനങ്ങാടി പൂരപ്പുഴ മുതല്‍ തെക്ക് കൊടുങ്ങല്ലൂര്‍ ആല വരെയുള്ള അവിഭക്ത പൊന്നാനി താലൂക്കില്‍ പള്ളികളില്‍ രാപ്പാര്‍ത്തും കാല്‍നടയായും പാര്‍ട്ടിയെ കെട്ടിപ്പടുത്തത്.
മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍റെ ശൈശവം മുതല്‍ പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കി വളര്‍ത്തി വലുതാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പ്രദേശമാണ് പൊന്നാനി. 1940 ന് മുമ്പ് മലബാറിന്‍റെ ചില പ്രദേശങ്ങളില്‍ സംഘടനയുടെ ശാഖകള്‍ ആദ്യമായി നിലവില്‍ വന്ന സമയത്ത് തന്നെ സീതി സാഹിബിന്‍റെ സന്തത സഹചാരിയായിരുന്ന പി. കുഞ്ഞി അഹമ്മദ് കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ ഇവിടെയും എം.എസ്.എഫിന്‍റെ ശാഖ രൂപികരിച്ചിരുന്നു. 1943ലാണ് വീണ്ടും പുനര്‍ ജനിക്കുന്നത് ഈ വര്‍ഷം ജനുവരി 23, 24 തിയ്യതികളില്‍ കോഴിക്കോട് വെച്ച് മലബാര്‍ ജില്ലാ മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍റെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. പി. ഹസന്‍രിസ സാഹിബ് പ്രസിഡന്‍റായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ നാല് വൈസ് പ്രസിഡന്‍റുമാരില്‍ രണ്ടാംസ്ഥാനി പൊന്നാനി സ്വദേശി മുസ്ലിയാരകത്ത് കുട്ടിഹസ്സനായിരുന്നു. ജോയിന്‍റ് സെക്രട്ടറി സി. എച്ച്. മുഹമ്മദ് കോയ സാഹിബും. ഡിസംബറില്‍ ഹസന്‍ രിസാ സാഹിബ്, മുഹമ്മദ് കോയ സാഹിബ്, കുട്ടിഹസ്സന്‍ ഉള്‍പ്പെട്ട ഒരു പ്രസിദ്ധീകരണ കമ്മിറ്റിയും നിലവില്‍ വന്നു.
ബാംഗ്ലൂര്‍ മുസ്ലിംലീഗ് സെക്രട്ടറിയായിരുന്ന ഹാജി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്‍റെ അദ്ധ്യക്ഷതയില്‍ 1944 മെയ് 26, 27 തിയ്യതികളില്‍ പൊന്നാനി കോര്‍ട്ട് മൈതാനിയില്‍ ചേര്‍ന്ന എം. എസ്. എഫിന്‍റെ രണ്ടാം വാര്‍ഷിക സമ്മേളന സംഘാടക പ്രമുഖരില്‍ പ്രധാനി സി. എച്ചായിരുന്നു. ഈ സമ്മേളനത്തോടെയാണ് സി. എച്ച്. നേതൃപദവിയിലേക്ക് ഉയരുന്നത്. ഇത് സേട്ടുസാഹിബിന്‍റെ കേരളത്തിലെ ആദ്യത്തെ പരിപാടിയായിരുന്നു. ഏതാണ്ട് ഈ കാലഘട്ടത്തില്‍ തന്നെയാണ് സുപ്രണ്ടിംഗ് എഞ്ചിനിയര്‍ കെ. വി. അബ്ദുല്‍ അസീസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസറായിരുന്ന ഡോ.കെ.എം. മൊയിതീന്‍കുട്ടി, കെ. എം. അബ്ദുഹാജി, സി. ഉമ്മര്‍ ഹാജി, മുല്ലമായിന്‍ങ്ങാനകത്ത് കുഞ്ഞുണ്ണി, കെ. കെ. അസൈനാര്‍ മാസ്റ്റര്‍, എ. എം. അബൂബക്കര്‍ സാഹിബ്, സി. വി. ഉമ്മര്‍ സാഹിബ് തുടങ്ങിയ ഒരുപറ്റം ചുറുചുറുക്കുള്ള വിദ്യാര്‍ത്ഥികള്‍ എം.എസ്.എഫ്. പ്രവര്‍ത്തന രംഗത്തും, വ്യവസായ പ്രമുഖനായ എം. കുട്ടിഹസ്സന്‍കുട്ടി സാഹിബ് പാര്‍ട്ടി രംഗത്തും കര്‍മ്മനിരതനായത്.
1957 ല്‍ മുസ്ലിം ലീഗ് സ്വതന്ത്രനായാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. 1960 ല്‍ കോണ്‍ഗ്രസ്-ലീഗ്-പി.എസ്.പി-കോലിപി സഖ്യം(മുക്കൂട്ടു മുന്നണി) തെരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതനായ ആഘോഷ പ്രകടനത്തിലെ തുറന്ന ജീപ്പില്‍ കെ. കുഞ്ഞമ്പുവുമൊത്ത് 'ആരാണ്ട്യെ ആരാണ്ട്യെ ജീപ്പിലത് കുഞ്ഞമ്പു തങ്ങളാണ്ട്യെ എന്ന് ആര്‍ത്തിരമ്പിയുള്ള മുദ്രാവാക്യത്തോടെ സഞ്ചരിക്കുന്ന തങ്ങളുടെ മുഖമാണ് എന്‍റെ മനസ്സില്‍ തെളിയുന്നത്. പിന്നീട് എത്രയെത്ര മായാത്ത മറക്കാത്ത സ്മരണകള്‍. 1967 ല്‍ സപ്തകക്ഷി മുന്നണിയിലും തങ്ങള്‍ ഇവിടെ നിന്ന് വിജയിച്ചു. പൊന്നാനി നിയമസഭ മണ്ഡലത്തില്‍ നിന്ന് പൊന്നാനിക്കാരനായ ഒരു സ്ഥാനാര്‍ത്ഥി രണ്ട് തവണ വിജയിച്ചത് തങ്ങള്‍ മാത്രമാണ്.
പൊന്നാനി ജെ. എം. റോഡിലെ വെട്ടംപോക്കിരിയകവും ചോഴിമാടവും കോക്കൂരിലെ മാനംകണ്ടവും മുസ്ലിം ലീഗിന്‍റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച തറവാടുകളാണ്. 1960 കളില്‍ പുതുപൊന്നാനിയിലെ ബ്രീസ് ഹൗസും ഈ പട്ടികയില്‍ ഇടം നേടി. 1940-50 കളില്‍ റോഡ് സൗകര്യം കുറവായ കാലത്ത് സ്വദേശമായ കൊടുങ്ങല്ലൂരില്‍ നിന്ന് ഇടക്കിടെ സീതി സാഹിബും മറ്റു നേതാക്കളും മുഖ്യ പ്രവര്‍ത്തനകേന്ദ്രമായ കോഴിക്കോട്ടേയ്ക്കുള്ള യാത്ര ചാവക്കാട്ട് നിന്ന് പൊന്നാനിയിലൂടെ തിരൂരിലേക്ക് കനോലി കനാല്‍ വഴി സര്‍വ്വീസ് ബോട്ടുകളിലായിരുന്നു. ഈ സമയത്ത് മിക്കപ്പോഴും ഇടത്താവളം വെട്ടം പോക്കരിയകം, ചോഴിമാടം തറവാടുകളായിരുന്നു. തല്‍ഫലമായി പലപ്പോഴും പ്രസ്ഥാനത്തിന്‍റെ നയരൂപീകരണ കേന്ദ്രം ഇവിടെയായി മാറി.
സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 10 ാം തിയ്യതി 11 മണിക്ക് മുസ്ലിം ലീഗിന്‍റെ പ്രഥമ കൗണ്‍സില്‍ മദ്രാസ്സിലെ രാജാജി ഹാളില്‍ ചേര്‍ന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. സര്‍വ്വേന്ത്യാ മുസ്ലിംലീഗ് എന്ന പേരിന് പകരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പുന:നാമകരണം ചെയ്തു. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിലേക്ക് പോയ സത്താര്‍ സേട്ടിന് പകരം മലബാര്‍ ജില്ല, മുസ്ലിംലീഗിന്‍റെ പ്രസിഡണ്ടായി സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മലബാറില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ 1949 ഒക്ടോബര്‍ 23 ന് രൂപീകരിക്കപ്പെട്ട അഡ്ഹോക്ക് കമ്മിറ്റിയില്‍ പൊന്നാനിയിലെ സി. ഹംസ സാഹിബ് തുടങ്ങിയ നേതാക്കളും അംഗങ്ങളായിരുന്നു.
സ്വാതന്ത്ര്യ ഇന്ത്യയില്‍ നൈസാമിന്‍റെ ഭരണത്തിലുള്ള ഹൈദരാബാദ് 1950 ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിമുഖത പ്രകടിപ്പിച്ചതും ഹൈദരാബാദില്‍ നടന്ന ഇന്ത്യ വിരുദ്ധ സമരങ്ങള്‍ക്ക് നൈസാം പച്ചക്കൊടി കാട്ടുകയും ചെയ്തപ്പോള്‍ നൈസാമിന്‍റെ നയം ശരിയല്ലെന്നും ഹൈദരാബാദ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ പാര്‍ട്ടിയാണ് ലീഗ്. എന്നിട്ടും ഹൈദരാബാദിലെ സൈനിക നടപടികളുടെ ഭാഗമായി ഇന്ത്യയിലുടനീളം ലീഗ്കാരെ വേട്ടയാടികൊണ്ടിരുന്നു. മുസ്ലിംലീഗിന്‍റെ സമുന്നത നേതാക്കള്‍ ഉള്‍പ്പടെ പലരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വി.പി.സി. തങ്ങളെയും സി. ഹംസ സാഹിബിനെയും ഇതിന്‍റെ ഭാഗമായി ജയിലിലടക്കപ്പെട്ടു. ഒരു മാസത്തിനുശേഷം ജയില്‍ മോചിതരായി.
സ്വാതന്ത്ര്യാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ മദ്രാസ്സ് അസംബ്ലിയിലേക്ക് അഞ്ച് നിയമസഭാ സാമാജികരെയും മലപ്പുറം മണ്ഡലത്തില്‍ നിന്ന് ലോകസഭയിലേക്ക് പോക്കര്‍ സാഹിബിനെയും വിജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അസംബ്ലി മണ്ഡലത്തില്‍ നെടിയം വീട്ടില്‍ ഗോപാല മേനോനും പാര്‍ലമെന്‍റിലേക്ക് കെ. കേളപ്പനുമാണ് വിജയിച്ചത്. മുസ്ലിം ലീഗ് ടിക്കറ്റില്‍ മത്സരിച്ച തിരൂരിലെ വ്യാപാരിയായിരുന്ന ടി. മുസ്തഫക്ക് 9,457 വോട്ടുകള്‍ ലഭിച്ചു. ഇത് അന്നത്തെ സ്ഥിതിക്ക് മോശമല്ലാത്ത വോട്ടിംഗ് നിലയായിരുന്നു.
സ്വാതന്ത്ര്യാനന്തരം ഐക്യമുന്നണി സംവിധാനം നിലവില്‍ വരാത്ത കാലത്ത് കോണ്‍ഗ്രസ്-ലീഗ് ബന്ധം സുദൃഢമല്ലായിരുന്നു. ഇടക്കിടെ ഇരുപാര്‍ട്ടികളും പരസ്പരം രൂക്ഷമായി കൊമ്പുകോര്‍ക്കല്‍ പതിവായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലര്‍ മൃദുസമീപനം സ്വീകരിച്ചപ്പോള്‍ മറ്റു പലരും മുസ്ലിംലീഗിനോട് കടുത്ത പക പുലര്‍ത്തി പോന്നിരുന്നു. ڇഎന്‍റെ ശരീരത്തില്‍ ഒരു തുള്ളി രക്തമുള്ളിടത്തോളം ഞാന്‍ മുസ്ലിംലീഗിനെ വളരാന്‍ അനുവദിക്കിലെന്ന്ڈ മദ്രാസ്സ് അസംബ്ലിയില്‍ ആഭ്യന്തര മന്ത്രി സുബരായന്‍ പോലും പ്രഖ്യാപിച്ചു.
ചരിത്രം ആലേഖനം ചെയ്യപ്പെട്ട സമ്മേളനം
1955 ഡിസംബര്‍ 30ന് പൊന്നാനി മരക്കടവത്തെ വിശാലമായ കടപ്പുറത്ത് അരങ്ങേറിയ മുസ്ലിംലീഗ് മഹാസമ്മേളനം പാര്‍ട്ടി ചരിത്രത്തില്‍ പകിട്ടാര്‍ന്ന ഒരദ്ധ്യായമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്‍റെ അനിഷേദ്ധ്യ അമരക്കാരനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഈ സമ്മേളനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് ആക്ഷേപ അപഹാസ്യസ്വരത്തില്‍ മുസ്ലിംലീഗിനെ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമര്‍ശം മുസ്ലിംലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.
തുടര്‍ന്ന് പൊന്നാനി ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വി. പി. സി. തങ്ങള്‍ ചെയര്‍മാനും സി. ഹംസ സാഹിബ് ജന:കണ്‍വീനറും ആനബീഡി കെ.എം. കുഞ്ഞിമുഹമ്മദാജി മുഖ്യ സംഘാടകനുമായുള്ള സ്വാഗതസംഘം സമ്മേളന നടത്തിപ്പ് ഊര്‍ജ്ജിതമാക്കി. മുസ്ലിംലീഗിന്‍റെ ആരംഭകാലത്ത് സമുന്നതനേതാവായിരുന്ന മഹാകവി സര്‍ അല്ലാമ മുഹമ്മദ് ഇക്ബാലിന്‍റെ നാമഥേയത്തിലായിരുന്നു സമ്മേളന നഗര്‍. പഞ്ചിലകത്ത് മൊയ്തീന്‍കുട്ടിയുടെ കരവിരുതില്‍ വെട്ടം പോക്കരിയകത്ത് വെച്ച് ദിനരാത്രങ്ങള്‍ നീണ്ട കഠിന അദ്ധ്വാനത്താല്‍ നിര്‍മ്മിച്ച സ്റ്റേജ്, താജ്മഹലിന്‍റെ ത്രിമാന നിലയങ്ങളുടെ ആകൃതിയില്‍ ശില്‍പ്പചാരുത ആവാഹിച്ചെടുത്തതായിരുന്നു.
സമ്മേളന ദിവസം രാവിലെ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്ന് കാല്‍നടയായും വാഹനങ്ങളിലും സൈക്കിളുകളിലും കടല്‍ മാര്‍ഗ്ഗം വഞ്ചികളിലും മറ്റും പരശതം ജനം ഇക്ബാല്‍ നഗറിലേക്ക് പ്രവഹിച്ചു. സമ്മേളന നഗരിയില്‍ അലങ്കരിച്ച നൂറു കണക്കിന് ഹരിത പതാകകളും തോരണങ്ങളും ഇളം തെന്നല്‍ തലോടലില്‍ പാറിപ്പറന്ന് കാണികള്‍ക്ക് ഹരം പകര്‍ന്നു.
നാടാകെ ഉത്സവ പ്രതീതിയായിരുന്നു അന്ന്. അസംഖ്യം മാപ്പിള തൊപ്പികളും തലയില്‍ കെട്ടുകളും തുവെള്ള കുമിളകളാല്‍ അന്തരീക്ഷം വര്‍ണ്ണാഭമാക്കി. ബദര്‍ പള്ളിയില്‍ നിന്ന് മഗ്രിബ് ബാങ്കൊലികള്‍ മുഴങ്ങി. അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ڈ. ഉള്‍ക്കടലില്‍ നിന്നും വീശിയെത്തുന്ന കാറ്റിലും വിസ്മയ കാഴ്ചയിലും സമ്മേളന നഗരിയിലെ പരശതം കോള്‍മയിര്‍ കൊണ്ടും, പടിഞ്ഞാറന്‍ മാനത്തെ ചെഞ്ചായം പൂശിയ മേഘപാളികളും തിരമാലയുടെ അലയടികളും മിന്നി മിന്നി പ്രകാശിക്കുന്ന താരകങ്ങളും ദീപാലംകൃത സ്റ്റേജും നൂറുകണക്കിന് പെട്രോമാക്സ് വിളക്കുകളിലെ പ്രകാശവും അന്തരീക്ഷത്തെ മനോഹരമാക്കി. യോഗം ആരംഭിച്ചെങ്കിലും ഇശാ ബാങ്ക് വിളിച്ചപ്പോള്‍ നമസ്ക്കാരത്തിനായി ബാഫഖി തങ്ങളുടെ നിര്‍ദ്ദേശപ്രകാരം സമ്മേളനം നിര്‍ത്തിവെച്ചു. നമസ്ക്കാരാനന്തരം യോഗ പരിപാടികള്‍ ആരംഭിച്ചു.
പ്രഗത്ഭരുടെ പ്രസംഗങ്ങള്‍ കഴിഞ്ഞ ഉടനെ അദ്ധ്യക്ഷ വേദിയില്‍ നിന്ന് ബാഫക്കി തങ്ങളുടെ പ്രൗഢ ഗംഭീര സ്വരം. ڇനിങ്ങളെല്ലാം പ്രതീക്ഷിക്കുന്ന നമ്മുടെ സി.എച്ച്. വെടിപൊട്ടി കോയ നിങ്ങളോട് പ്രസംഗിക്കും. സി.എച്ച്. യുവത്വത്തിന്‍റെ അനുപമ വാക്ചാതുരി ഒരു കൊടുങ്കാറ്റു പോലെ മലബാറിലെ രാഷ്ട്രീയ രംഗത്ത് അടിച്ചു വീശുന്ന കാലം.ڇസൂചി വിണാല്‍ പ്രതിധ്വനിക്കുന്ന പതിനായിരങ്ങളുടെ സദസ്സില്‍ നിന്നുയര്‍ന്ന തക്ബീര്‍ധ്വനികളും ജയഭേരികളും മണല്‍ തരികളെ പോലും ശബ്ദ മുഖരിതമാക്കി. പ്രസംഗം ആരംഭിച്ചു. സദസ്സ് പൂര്‍വ്വോപരി നിശ്ശബ്ദം. അണികള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സി.എച്ചിന്‍റെ ഉരുളക്ക് ഉപ്പേരി മറുപടി ഗര്‍ജ്ജനം മാറ്റൊലി കൊണ്ടു.
അല്ല പണ്ഡിറ്റ്ജി മുസ്ലിംലീഗ് ചത്ത കുതിരയല്ല അത് ഉറങ്ങി കിടക്കുന്ന സിംഹമാണ്. ڈ പ്രഗത്ഭനം കൊള്ളിക്കുന്ന ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായ ആ പ്രഖ്യാപനം പ്രതിയോഗികളുടെ നാവടക്കുകയും ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം കുറിക്കുകയും ചെയ്തു. അതിനു മുമ്പോ ശേഷമോ ഇതു പോലെയുള്ളൊരു സമ്മേളനത്തിന് ഈ പ്രദേശം സാക്ഷിയായിട്ടില്ല.
സി.എച്ചിന് പൊന്‍ തൂവല്‍ ചാര്‍ത്തിയ ഈ സമ്മേളന വിജയത്തിന്‍റെ മുഖ്യ സംഘാടകനായ വി.പി.സിയെ അനുമോദിച്ച് ഖാഇദേമില്ലത്ത് മദ്രാസ്സില്‍ നിന്ന് പ്രത്യേക സന്ദേശമയച്ചിരുന്നു. പ്രസംഗ കലയില്‍ കേരളം കണ്ട പെരുന്തച്ചډാരില്‍ പ്രമുഖനായിരുന്ന സി. എച്ച്. മലയാളക്കരയില്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും സമുദായത്തിന് വേണ്ടി അദ്ദേഹം വാക്കുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തു. അന്നത്തെ മലബാര്‍ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിയായിരുന്ന കെ. എം. സീതി സാഹിബ്, നാട്ടിക അബ്ദുല്‍ മജീദ്, പാലപ്പെട്ടി മുഹമ്മദ് കുട്ടി ഹാജി, പൊന്നാനി സ്വദേശികളായ എം. കുഞ്ഞാദു, കെ. കുഞ്ഞാവുഷാ, പി. പി. അബ്ദുറഹിമാന്‍, എം.കുഞ്ഞിമൂസ തുടങ്ങിയ പ്രാദേശിക ജില്ലാ സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു.
ഐക്യകേരളം രൂപീകൃതമായ ശേഷം ആലപ്പുഴ ലജ്നത്തില്‍ വെച്ച് 1958 ഡിസംബര്‍ 28-ാം തിയ്യതി ഞായറാഴ്ച കെ. എം. കുഞ്ഞിമായിന്‍ സാഹിബ് പ്രസിഡന്‍റും, ഇ. അഹമ്മദ് സാഹിബ് ജനറല്‍ സെക്രട്ടറിയുമായി പ്രഥമ കേരള സ്റ്റേറ്റ് എം. എസ്. എഫ്. കമ്മിറ്റി നിലവില്‍ വന്നു. തുടര്‍ന്ന് പൊന്നാനിയിലെ കോര്‍ട്ട് മൈതാനിയില്‍ വെച്ച് നടന്ന സമ്മേളനവും 1972ല്‍ പുത്തംകുളം മുഹമ്മദലി മൈതാനിയില്‍ വെച്ച് ചേര്‍ന്ന സമ്മേളനവും സംഘാടന മികവുകൊണ്ട് പ്രശംസ പിടിച്ചുപറ്റിയതായിരുന്നു. ഈ സമ്മേളനങ്ങളില്‍ ഇ. അഹമ്മദ് സാഹിബിന്‍റെ പ്രസംഗം ഇന്നും മധ്യവയസ്കരായ മുസ്ലിം ലീഗ് അനുഭാവികളുടെ മനസ്സില്‍ ഒളിമങ്ങാത്ത ഓര്‍മ്മയാണ്.
തിരുകൊച്ചി-മലബാര്‍ മുസ്ലിംലീഗ് പാര്‍ട്ടി സംയോജനം, മദ്രാസ്സ് അസംബ്ലി മുസ്ലിംലീഗ് പാര്‍ട്ടി ലീഡര്‍ തെരഞ്ഞെടുപ്പ് തുടങ്ങി പല സുപ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വെട്ടം പോക്കരിയകം വേദിയായിട്ടുണ്ട്. ഈ ലയന ചര്‍ച്ചയില്‍ തിരുകൊച്ചിയെ പ്രതിനിധീകരിച്ച് മജീദ് മരക്കാര്‍, ടി. ഒ. ബാവ, അഡ്വ: ടി മുഹമ്മദ് ഇസ്മയില്‍ തുടങ്ങിയവരും മലബാര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബ്, പോക്കര്‍ സാഹിബ്, ഉപ്പി സാഹിബ്, സീതി സാഹിബ് തുടങ്ങിയവരും വെട്ടം പോക്കിരിയകത്ത് പങ്കെടുത്തു. ചര്‍ച്ച വിജയിച്ചില്ലെങ്കിലും ഹസന്‍ ഗനിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം തിരുകൊച്ചി ഭാഗത്തേയ്ക്കു കൂടി വ്യാപിപ്പിക്കുവാന്‍ ധാരണയായി.
1960 ഫിബ്രുവരിയില്‍ നടന്ന കോണ്‍ഗ്രസ്-പി. എസ്. പി-ലീഗ് മുന്നണി വിജയത്തോടെ സിഎച്ചി.ന്‍റെ പ്രസംഗത്തിന്‍റെ പൊരുള്‍ സഫലികരിച്ചു. ഇന്ത്യയിലെ പ്രമുഖ വാര്‍ത്താമാധ്യമങ്ങളെല്ലാം ലീഗിന്‍റെ ശക്തി വിലയിരുത്തി മുഖക്കുറിപ്പുകള്‍ എഴുതി.
1963 ല്‍ പൊന്നാനിയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി ലീഗിനെതിരില്‍ ഒരു മുന്നണിയുണ്ടാക്കി പഞ്ചായത്തു ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും 11 ല്‍ പത്ത് സീറ്റും നേടി ഉജ്ജ്വല വിജയം കൊയ്തു. പ്രധാന സൂത്രധാരകര്‍ തങ്ങളും ആനബീഡി കുഞ്ഞി മുഹമ്മദാജിയുമായിരുന്നു. ആനബീഡിയെ വാഴ്ത്തി ڇആന ചൗട്ടി ഒമ്പതും പൊട്ടിڈ എന്നതായിരുന്നു വിജയാഘോഷത്തിലെ മുഴുനീള മുദ്രാവാക്യം.
ബാഫക്കി തങ്ങളുടെയും കെ.കരുണാകരന്‍റെയും ശ്രമത്താലാണ് 1969 മുതല്‍ ഇന്ന് തുടര്‍ന്ന് വരുന്ന യു.ഡി.എഫ്. സംവിധാനം നിലവില്‍ വന്നത്. 1952 മുതല്‍ ഇന്നുവരെ കോണ്‍ഗ്രസ്സിനെ കൂടാതെ പാര്‍ലിമെന്‍റില്‍ അംഗത്വമുള്ള ഒരേഒരു പാര്‍ട്ടിയാണ് മുസ്ലിംലീഗ്. 1977 മുതല്‍ പാര്‍ലിമെന്‍റില്‍ പൊന്നാനിയെ പ്രതിനിധീകരിച്ചത് മുസ്ലിംലീഗ് മാത്രമാണ്.
ഒരു കാലത്ത് പൊന്നാനിയിലെ കടലോര പ്രദേശത്ത് തീപ്പിടുത്തം നിത്യ സംഭവമായിരുന്നു. അടുത്തടുത്ത് നില്‍ക്കുന്ന ചെറിയ കൂരകള്‍ക്ക് ഒന്നിന് തീപിടിച്ചാല്‍ തൊട്ടടുത്തുള്ള പല വീടുകളും മീന്‍ചാപ്പകളും ഒന്നിച്ച് കത്തിച്ചാമ്പലാവും. കോഴിക്കോട്ടു നിന്നോ, തൃശ്ശൂരില്‍ നിന്നോ ഫയര്‍ ഫോഴ്സുകാര്‍ എത്തുമ്പോഴേക്കും നിരനിരയായി നില്‍ക്കുന്ന വീടുകളും ചാപ്പകളും വെണ്ണീറായിമാറും. ഈ ദുരന്തത്തിന് ആശ്വാസമേകിയത് വി.പി. സി തങ്ങളുടെ നിരന്തരമായ പരിശ്രമഫലമായി പൊന്നാനിയില്‍ സ്ഥാപിച്ച ഫയര്‍സ്റ്റേഷനാണ്. ഫയര്‍ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ചരിത്രത്തില്‍ കേരളത്തില്‍ ഒരു പഞ്ചായത്തില്‍ ആദ്യമായി ഫയര്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നത് പൊന്നാനിയിലാണ്.
ഇന്ന് കാണുന്ന പല പുരോഗതിയുടെയും ശില്‍പ്പി തങ്ങളാണ്. അഹമ്മദ് കുരിക്കളുടെയും നഹാ സാഹിബിന്‍റെയും ഭരണത്തില്‍ അദ്ദേഹം ഫിഷറീസ് ഉപദേശക സമിതി മെമ്പറായിരുന്ന സമയത്ത് 42 ഫിഷറീസ് സൊസൈറ്റികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. പ്രസ്തുത സൊസൈറ്റികള്‍ മുഖേനയും ഗ്രൂപ്പടിസ്ഥാനത്തിലും ബോട്ടുകളും വലകളും വള്ളങ്ങളും യുനിസെഫ് പദ്ധതിയുടെ കീഴിലുള്ള പല ആനുകൂല്യങ്ങളും മത്സ്യ തൊഴിലാളികള്‍ക്ക് വാങ്ങിച്ച് കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. തീപ്പിടുത്തംമൂലം വീടുകള്‍ നഷ്ടപ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കാന്‍ ധനസഹായം സര്‍ക്കാരില്‍നിന്ന് നേടിയെടുത്തതും തങ്ങളായിരുന്നു.
ഇന്നത്തെ പല നേതാക്കളെയും പോലെ തങ്ങള്‍ ഒരിക്കലും അനുയായികളാല്‍ നിയന്ത്രിക്കപ്പെടുന്ന നേതാവായിരുന്നില്ല. മറിച്ച് അനുയായികളെ അക്ഷരാര്‍ത്ഥത്തില്‍ നയിക്കുന്ന നേതാവാണ്. നയചാതുര്യം, ധൈര്യം, പ്രായോഗിക ബുദ്ധി, ദീര്‍ഘവീക്ഷണം, ആത്മീയചിന്ത തുടങ്ങി ഒരു ഉത്തമ നേതാവിനുണ്ടാകേണ്ട മിക്ക വിശേഷണങ്ങളും ആ വ്യക്തിത്വത്തിന് മാറ്റു കൂട്ടിയിരുന്നു. ഇസ്മായില്‍ സാഹിബിനെയും ബാഫക്കി തങ്ങളെയും അനുകരിച്ച മുസ്ലിം ലീഗ്കാരനായതുകൊണ്ട് ലക്ഷ്യം നിര്‍മ്മലമായിരുന്നു. അതു കൊണ്ടു തന്നെ സത്യത്തിന്‍റെ പാതയിലുളള ആ പ്രയാണം അനര്‍ഗളവും അതിശക്തവുമായിരുന്നു.
ആരെയും കൂസ്സാത്ത തങ്ങളുടെ സ്വഭാവം പലര്‍ക്കും തല്‍സമയം ഇഷ്ടപ്പെട്ടില്ലെങ്കിലും അത് ഒന്നു കൊണ്ടു തന്നെ പിന്നീട് പലരെയും അദ്ദേഹത്തിലേക്ക് സ്വാധീനിച്ചിട്ടുണ്ട്. തന്‍റെ പേരില്‍ കളങ്കം വന്നേല്‍ക്കാന്‍ സാദ്ധ്യതയുള്ള രംഗങ്ങളില്‍ നിന്നെല്ലാം അദ്ദേഹം അറിഞ്ഞാല്‍ വിട്ടുനിന്ന പല അവസരങ്ങളും ഞാനോര്‍ക്കുന്നു. ചില നേതാക്കളെപ്പോലെ അനവസരത്തില്‍ വലിഞ്ഞു കയറി പ്രതിച്ഛായയുണ്ടാക്കാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.
സ്ഥലം കുലം മുഖം നോക്കി സംസാരിക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന് തന്‍റെ നിലപാടും ആവശ്യവും മറ്റുള്ളവരെ ധരിപ്പിക്കുന്നതിനുള്ള കഴിവ് അനുകരണീയമാണ്. ഏതു പ്രതിസന്ധിയിലും പതറാതെ, നിയന്ത്രണം വിടാതെയുള്ള തങ്ങളുടെ ഇടപ്പെടലുകള്‍ മാതൃകാപരമായിരുന്നു. പൊന്നാനിക്കാര്‍ക്ക് പ്രിയപ്പെട്ട തങ്ങളും നേതാക്കډാര്‍ക്ക് വി.പി.സിയുമായിരുന്നു.
ഒരിക്കല്‍ തിരുവനന്തപുരത്ത് വെച്ച് എം. എം. കുഞ്ഞാലന്‍ ഹാജി സി. എച്ച്. മുഹമ്മദ് കോയ സാഹിബിനോട് അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണ്‍ കഴുത്തുവരെ ഇട്ടിരിക്കുന്ന വിവരം ആരാഞ്ഞപ്പോള്‍ ഉരുളക്ക് ഉപ്പേരി നല്‍കുന്ന സി.എച്ച് ഉടനെ പ്രതികരിച്ചു. അതു'വി. പി. സി യോടു ചോദിക്കൂ (തങ്ങള്‍ ഷര്‍ട്ടിന്‍റെ ബട്ടണ്‍ കഴുത്തുവരെ ഇടാറായിരുന്നു പതിവ്)
ഉന്നത സ്ഥാനത്തിരുന്നപ്പോഴെല്ലാം തങ്ങള്‍ തന്‍റെ നാട്ടിന്‍റെ പ്രശ്നങ്ങള്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്. ഇതിനെ അനുസ്മരിച്ചു കൊണ്ട് വി.പി.സി.യുടെ പൊന്നാനി പ്രത്യേക സംസ്ഥാനമാണെന്ന്' പല അവസരങ്ങളിലും ആദരണീയനായ സയ്യിദ് ഉമര്‍ ബാഫക്കി തങ്ങള്‍ പറയുമായിരുന്നു.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയോടെ ആരംഭിച്ച് 1977 മാര്‍ച്ച് 27ന് പിന്‍വലിച്ച ആഭ്യന്തര അടിയന്താരാവസ്ഥയുടെ തുടക്കത്തില്‍ പ്രതിപക്ഷപാര്‍ട്ടിയായിരുന്ന അഖിലേന്ത്യാ മുസ്ലിംലാഗിന്‍റെ സംസ്ഥാന വൈസ്പ്രസിഡന്‍റെന്ന നിലയില്‍ വി.പി.സി. തങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ജയിലില്‍ പോകാനായിരുന്ന സകലവിധ സന്നാഹങ്ങളോടെ അദ്ദേഹം ഒരുങ്ങിയിരുന്നു. പക്ഷെ പാര്‍ട്ടിയിലെ അഞ്ച് സീനിയര്‍ നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും തങ്ങളെ അറസ്റ്റ് ചെയ്തില്ല. ആ സമയത്ത് ഞാന്‍ പാര്‍ട്ടിയുടെ മലപ്പുറംജില്ല യൂത്ത്ലീഗിന്‍റെ പ്രസിഡന്‍റായിരുന്നു.
ഒരു മികച്ച സംഘാടകനായ തങ്ങള്‍ക്ക് അമ്പതുകള്‍ക്ക് ശേഷം പൊന്നാനിയില്‍ നടന്ന മുസ്ലിംലീഗ് മഹാസമ്മേളനങ്ങളുടെ സൂത്രധാരകന്‍ എന്ന നിലയില്‍ അക്കാലത്തെ സമുന്നത നേതാക്കള്‍ അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ച സന്ദേശങ്ങള്‍ അയച്ചിരുന്നു.
മതകാര്യങ്ങളില്‍ അദ്ദേഹം എല്ലാ നിലക്കും നിഷ്ക്കര്‍ഷത പാലിച്ചിരുന്നു. ഒരിക്കല്‍ ചില സൃഹൃത്തുക്കളൊന്നിച്ച് വിശുദ്ധ ഹജ്ജിന്‍റെ രംഗങ്ങള്‍ ചിത്രീകരിച്ച څഖാനെഖുദാچ ഫിലിം കാണുന്നതിന് തിയേറ്ററില്‍ കയറി. പക്ഷെ, അന്നേക്ക് ആ ഫിലിം മാറി മറ്റൊരു മലയാള സിനിമയായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. കാര്യം ഗ്രഹിച്ച അദ്ദേഹം ഉടനെ തിയ്യേറ്റര്‍ വിട്ടു പുറത്തിറങ്ങി.
1981 ഏപ്രില്‍ മെയ് മാസങ്ങളില്‍ അമ്പത് ദിവസത്തോളം യു.എ.ഇ., ഒമാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തങ്ങളോടൊന്നിച്ച് ഞാനും കൂടെപോയിരുന്നു. അബുദാബിയില്‍ ഹോട്ടല്‍ സാക്കിര്‍, ഹോട്ടല്‍ നിഹാല്‍, അവിടത്തെ മികച്ച ഹോട്ടലുകളില്‍ ഒന്നായിരുന്ന കടല്‍ത്തീരത്തെ ഖാലിദിയ്യാ പാലസ് എന്നിവിടങ്ങളിലായിരുന്നു വിവിധ ഘട്ടങ്ങളില്‍ ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്.
ഖാലിദിയ്യ പാലസില്‍ താമസം ആരംഭിച്ച ശേഷമാണ് പലസ്തീന്‍ സുന്ദരികളുടെ കാബറേ നൃത്തങ്ങള്‍ അവിടെ ഉണ്ടെന്നറിഞ്ഞത്. ഉടന്‍ തങ്ങള്‍ ആതിഥേയരെ ഫോണില്‍ വിളിച്ച് താമസസ്ഥലം മാറ്റി അങ്ങിനെ പലതിലും തങ്ങള്‍ സൂക്ഷ്മത പാലിച്ചിരുന്നു. വലിയ ജുമുഅത്ത് പള്ളിയുടെയും മഊനത്തുല്‍ ഇസ്ലാം സഭയുടെയും ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ വാക്ക് നിര്‍ണ്ണായകമായിരുന്നു.
വിരോധം മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന കഠിനഹൃദയനായി തങ്ങളെ ചിത്രീകരിച്ച പലരും, അദ്ദേഹത്തിന്‍റെ വിശാല മനസ്കതയും ആര്‍ദ്രഹൃദയവും ഗ്രഹിച്ചവരല്ല. അദ്ദേഹത്തിന്‍റെ മൃദുലസ്വഭാവവും നര്‍മ്മബോധവും തങ്ങളോട് അടുത്തു പെരുമാറിയവര്‍ക്കെ അറിയൂ. തമാശ പറയുവാനും ആസ്വദിക്കാനും തന്‍റെ ജീവിതത്തിലെ നര്‍മ്മാനുഭവങ്ങള്‍ അടുത്ത സുഹൃല്‍ സദസ്സില്‍ അവതരിപ്പിച്ച് ആസ്വദിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ കമ്പം ഒന്നു വേറെ തന്നെയാണ്.
1982 ജനുവരിയിലെ ഒരു ഞായറാഴ്ച അന്നാണ് വര്‍ഷങ്ങളോളം പിണങ്ങി നിന്ന രണ്ട് ആത്മസുഹൃത്തുക്കള്‍ പുനരാലിംഗനം ചെയ്തത്. വി. പി. സി. തങ്ങളും, ആനബീഡി കെ. എം. കുഞ്ഞിമുഹമ്മദ് ഹാജിയും. ബാല്യകാലം മുതലെ ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. 1974ല്‍ മുസ്ലിംലീഗില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് കാരണം അകന്നു നിന്നപ്പോള്‍ രണ്ടുപേര്‍ക്കും കടുത്ത മനസാക്ഷിക്കുത്ത് അനുഭവപ്പെട്ടിരുന്നുവെന്ന് ഇരുവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എനിക്ക് അനുഭവം ഉണ്ട്.
പുനരൈക്യത്തിന് രംഗവേദിയൊരുക്കിയത് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനായ കെ. എന്‍. ഉമ്മര്‍ സാഹിബായിരുന്നു. ആ സന്തോഷാശ്രുക്കളില്‍ ഈ ഗ്രന്ഥകാരനും എ.വി. ഹംസയും സാക്ഷിയായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒന്നു രണ്ടു വര്‍ഷം തങ്ങള്‍ക്ക് ചില പ്രശ്നങ്ങളാല്‍ മാനസിക സംഘര്‍ഷം അനുഭവപ്പെട്ടിരുന്നില്ലേ? ഒരു കാര്യം തീര്‍ച്ച. ഈ പുനരൈക്യത്തോടെ ഇരു കൂട്ടര്‍ക്കും വര്‍ഷങ്ങളായി നിലനിന്നിരുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും അനല്‍പ്പമായ മന:ശാന്തി പിന്നീട് ലഭിച്ചു.
സംഘടനാ രംഗത്ത് ബൗദ്ധീക പ്രായോഗിക വൈഭവവും നേതൃപാടവവും പ്രകടിപ്പിച്ചിരുന്ന തങ്ങള്‍ ഇരു ലീഗുകളും ഔദ്യോഗികമായി യോജിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പുതന്നെ പ്രാദേശിക ഐ. യു. എം.എല്‍. കമ്മറ്റിയുമായി സഹകരിച്ച് 82ല്‍ പൊന്നാനിയില്‍ സംയുക്ത റിലീഫ് നടത്തി ഐക്യത്തിന് പ്രചോദനം നല്‍കി.
ഒരു സ്ക്കൂള്‍ ഒഴിവുദിവസം. രാവിലെ 10 മണിയോടെ ഞാന്‍ തങ്ങളുടെ വീട്ടില്‍ ചെന്നു. പത്രം വായിക്കുന്നതിനിടയില്‍ എ. വി. ഹംസ സാഹിബിനെ കാര്‍ഷിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് ആദ്യമായി തെരഞ്ഞെടുത്ത ഫോട്ടോ തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉടനെ തങ്ങള്‍ പ്രതികരിച്ചു. 'ഹംസ ഭാഗ്യമുള്ള ഭാവിയുള്ള ചെറുപ്പക്കാരനാണ് തങ്ങളുടെ ഈ പ്രതികരണം അന്ന് തന്നെ വണ്ടിപ്പേട്ടക്ക് സമീപം വെച്ച് എ.വി. യെ കണ്ടപ്പോള്‍ ഞാന്‍ അറിയിച്ചു. മഞ്ചേരിക്കുപോയാല്‍ ചില അവസരങ്ങളില്‍ കൊരമ്പയേയും ഇസ്ഹാക്ക് കുരിക്കളെയും സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാറുണ്ടായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു.
മഊനത്തുല്‍ ഇസ്ലാം സഭ വൈസ് പ്രസിഡണ്ട്, എം.ഇ.എസ്. കോളേജ് നിര്‍മ്മാണഫണ്ട് ചെയര്‍മാന്‍, ആര്‍. ടി. എ. മെമ്പര്‍, പൊന്നാനി മുന്‍സിപ്പല്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, ബി. ഡി. സി. ചെയര്‍മാന്‍ തുടങ്ങി പല പദവികളും വഹിച്ചു. 1974ല്‍ മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ വൈസ് പ്രസിഡണ്ടായും, ആ പാര്‍ട്ടിയില്‍ ജനകീയ പിന്തുണയുള്ള നേതാവായും ഉയര്‍ന്നു.
1983 സപ്തംബര്‍ 16 (ഹി:1403 ദുല്‍ഹജ്ജ്-8)ന് പുലര്‍ച്ചെ ഒരുമണിയ്ക്ക് മുമ്പ് 63-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ അവസാനത്തെ അനുശോചനം വി. പി.സി. തങ്ങളുടെ മരണത്തെ തുടര്‍ന്നായിരുന്നു. ആ വര്‍ഷം സെപ്തംബര്‍ 27ന് ഹൈദ്രാബാദില്‍ വെച്ച് സി.എച്ചും ഈ ലോകത്തോട് വിട പറഞ്ഞു. പൊന്നാനി വലിയ പള്ളിയുടെ പൂമുഖത്ത് കിഴക്കെ മതില്‍ക്കെട്ടില്‍ വടക്കെതല ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മുസ്ലിംലീഗ് പ്രസ്ഥാനത്തിനും പൊന്നാനി മേഖലക്കും തമ്മില്‍ ഏഴ്പതിറ്റാണ്ടോളം ദൈര്‍ഘ്യമുളള തിളക്കമാര്‍ന്ന ചരിത്രത്തിന്‍റെ പിന്‍ബലമുണ്ട്. ചിട്ടയോടെ ശാസ്ത്രീയമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ച ഘട്ടങ്ങളിലെല്ലാം മികവുറ്റ വിജയങ്ങള്‍ കൊയ്തെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. മഹാ രഥന്‍മാരായ നേതാക്കളുടെ പാദമുദ്ര പതിഞ്ഞ ഈ പ്രദേശം പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് പലപ്പോഴും വേദിയൊരുക്കിയിട്ടുണ്ട്. കേരളത്തില്‍ ജനകീയ അടിത്തറയുള്ള നാമമാത്ര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് അന്നും ഇന്നും മുസ്ലിംലീഗ്.
അഷറഫ് കോക്കൂര്‍, സി. പി. ബാവഹാജി, വട്ടംകുളം മുഹമ്മദുണ്ണി, എം. കുഞ്ഞാദു സാഹിബ്, സി. മുഹമ്മദ് ഷെരീഫ്, സി.എം. യൂസഫ്, വി.പി. ഹുസൈന്‍കോയ തങ്ങള്‍, വി. ഇസ്മാഈല്‍, വി. മുഹമ്മദുണ്ണി സാഹിബ്, കെ.വി. ചെറിയാമു ഹാജി, സി.പി. ഹംസ, പാലപ്പെട്ടി മുഹമ്മദ്കുട്ടി ഹാജി, പി.എം. അബ്ദുല്ലഹാജി, വെളിയംകോട് സി. അബ്ദുല്ല, സി. അബ്ദുട്ടി, പി.പി. അബ്ദുറഹിമാന്‍, എം. കുഞ്ഞിമൂസ, വട്ടംകുളം ഹൈദരലി മാസ്റ്റര്‍, എഞ്ചിനിയര്‍ ടി. അഹമ്മദ്കുട്ടി, പി.പി. യൂസഫലി, പി.ടി. അലി, വി.വി. ഹമീദ്, അഹ്മദ് ബാഫഖി തങ്ങള്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, എ.എം. അബ്ദുസമദ്, എം. മൊയ്തീന്‍ബാവ, എം.ടി. മൊയ്തീന്‍കുട്ടി മൗലവി, യു മുനീബ്, ഷാനവാസ് വട്ടത്തൂര്‍, എം.എ. ഹസീബ്, എം.വി. അഹമ്മദുണ്ണി, വി.കെ.എം. ഷാഫി, കെ.എം. ഇക്ബാല്‍, സവാദ് വെളിയംകോട്, എ. സൈനുദ്ദീന്‍, എ.വി. കുഞ്ഞിബാവ ഹാജി, സി. സജീവ്, ലത്തീഫ് പാണക്കാട്, കെ.കെ. കാദര്‍, സി.പി. ശിഹാബ്, എം. കുഞ്ഞിബാവ മൂപ്പന്‍, വമ്പന്‍റെ അബ്ദുല്ലകുട്ടി ഹാജി, മാറാപ്പിന്‍റെ ഖാലിദ്, പി. സി. കുഞ്ഞിമുഹമ്മദ്, എം കുഞ്ഞിബാവഹാജി, കെ. ബാവകുട്ടിഹാജി, എയ്ന്തീന്‍ ഹാജി, കെ. പരീദ് ബാവ, എ. ചെറിയ ബാവ, യു.കെ. അബ്ദുറഹിമാന്‍കുട്ടി, കല്ലയില്‍ കുഞ്ഞിമോന്‍, കൊപ്പള്ളി കുഞ്ഞിപ്പ, ടി.വി. കുഞ്ഞിമുഹമ്മദ് ഹാജി, ചാത്തോത്തയില്‍ കുഞ്ഞിമോന്‍ ഹാജി, സി. മൊയ്തുണ്ണിക്കുട്ടി, പി. അബ്ദുഹാജി, ടി.ടി. മുഹമ്മദുണ്ണി മാസ്റ്റര്‍, ടി.വി. അബൂബക്കര്‍, വി.എം. അബ്ദുറഹിമാന്‍കുട്ടി, കെ. ഉസ്മാന്‍ ഹാജി, യു.എം. കാസിം, പി. അബ്ദുറഹിമാന്‍കുട്ടി, കെ.കെ. ആസഫ് അമീന്‍, കെ.വി. കുഞ്ഞിമൊയ്തീന്‍, എ.പി. അബ്ദുല്ലകുട്ടി, നടുവട്ടം ബാവക്കുട്ടി ഹാജി, പി. ബാവകുട്ടി സ്രാങ്ക്, സി.പി. സകരിയ, ഹംസ അമ്പലത്തുവീട്, കെ. ഉസ്മാന്‍ഹാജി വിവിധ ഘട്ടങ്ങളില്‍ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തി വലുതാക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു.