വള്ളത്തോള്‍ നാരായണമേനോന്‍




46. വള്ളത്തോള്‍ നാരായണമേനോന്‍



ടിവി അബ്ദുറഹിമാന്കുട്ടി

alfaponnani@gmail.com

9495095336

അറബി ഭാഷയും അറബി-മലയാളവും അനുയോജ്യമായ സംസ്കാരവും പൊന്നാനി അങ്ങാടിയില്‍ തഴച്ചുവളര്‍ന്നപ്പോള്‍ വൈവിദ്ധ്യമാര്‍ന്ന ഈ സംസ്കാരത്തിനിടയില്‍ മലയാളത്തനിമയില്‍ തിളങ്ങിയ മഹാപ്രതിഭകളുടെ കൂട്ടായ്മ ഇവിടെ ജീവിച്ചു മരിച്ചുപ്പോയിട്ടുണ്ട്. ഇത് പൊന്നാനിക്കളരി എന്ന പേരില്‍ ഖ്യാതിനേടി. വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, എം.ആര്‍.ബി., ഇ. നാരായണന്‍, ഇ.പി. സുമിത്രന്‍, പ്രേംജി, എന്‍.പി. ദാമോധരന്‍ തുടങ്ങിയ പ്രമുഖര്‍ ഈ കളരിയിലെ നിറസാന്നിദ്ധ്യമായിരുന്നു. ഇവരെ പുനര്‍വായിച്ച് സ്വജീവിതത്തില്‍ സ്വാംശീകരിക്കുമ്പോള്‍ മാത്രമെ പാരമ്പര്യതിരസ്കരണത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് സംശുദ്ധമായൊരു സാംസ്കാരിക പാന്ഥാവിലൂടെ സഞ്ചരിക്കാന്‍ കഴിയു. കാലചക്രത്തിലൂടെ ഒരു നൂറ്റാണ്ട് പിന്നോട്ട് കറങ്ങിമണ്‍മറഞ്ഞ ഏതാനും നായകരുടെ ജീവിതരേഖയിലൂടെ ഒരു മിന്നലോട്ടം നടത്താം.


കുമാരനാശാനും, ഉള്ളൂരിനും പുറമെ ആധുനിക കവിത്രയത്തില്‍പ്പെട്ട ഇദ്ദേഹം പൊന്നാനിപ്പുഴയ്ക്കക്കരെ മംഗലം ദേശത്ത് വള്ളത്തോള്‍ തറവാട്ടില്‍ 1878 ഒക്ടോബര്‍ 16-ന് ജനിച്ചു. കവി, കഥകളിയുടെ പുനരുദ്ധാരകന്‍, ദേശസ്നേഹി എന്നീ നിലകളില്‍ വള്ളത്തോള്‍ ശ്രദ്ധേയനാണ്. സംസ്കൃതവും വൈദ്യവും ബാല്യത്തില്‍തന്നെ പഠിച്ചു. 1894-ല്‍ ഭാഷാപോഷിണി സഭ സംഘടിപ്പിച്ച മത്സരത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതോടെ കവി എന്ന നിലയില്‍ പ്രസിദ്ധനായി. കേരളോദയം, ആത്മപോഷിണി തുടങ്ങിയവകളില്‍ പത്രാധിപരായി സേവനം അനുഷ്ടിച്ചു.


വാത്മീകി രാമായണം, ഋഗ്വേദം വിവര്‍ത്തനങ്ങള്‍, ബധിരവിലാപം, ഗണപതി, ശിഷ്യനും മകനും, അച്ഛനും മകളും, മഗ്ദലനമറിയം, കൊച്ചുസീത, ബന്ധനസ്ഥനായ അനിരുദ്ധന്‍, സാഹിത്യമഞ്ജരി, ചിത്രയോഗം (മഹാകാവ്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആസ്ഥാനകവിയായ വള്ളത്തോളിനെ കൊച്ചി മഹാരാജാവ്, കവിതിലകപട്ടവും കവിസാര്‍വഭൗമ ബിരുദവും, തിരുവിതാംകൂര്‍ മഹാരാജാവ് വീരശൃംഖലയും, ഭാരതസര്‍ക്കാര്‍ 1955-ല്‍ പദ്മഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു. കേരളസാഹിത്യ പരിഷത്തിന്‍റെ  അദ്ധ്യക്ഷന്‍, കേരളസാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷന്‍, കേന്ദ്രസാഹിത്യഅക്കാദമി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. 1958 മാര്‍ച്ച് 13-ന് അന്തരിച്ചു.