37. കെ. ദാമോദരന്‍
alfaponnan@gmail.com
9495095336
2012 നവംബറിലെ ആദ്യ ശനിയാഴ്ച. വാഹനങ്ങള്‍ യഥാസമയം ലഭ്യമായതിനാല്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് തൃശ്ശൂരിലെ സാഹിത്യ അക്കാദമിയിലെത്തി. സെക്രട്ടറിയെ കാണലായിരുന്നു മുഖ്യ ഉദ്ദേശ്യം. യൗവ്വനത്തില്‍ അന്തരിച്ചുപോയ മലയാളത്തിന്‍റെ അനശ്വരകവി ചങ്ങമ്പുഴയുടെ സ്മരണക്കായി പണിത അക്കാദമി അങ്കണത്തിലെ കെട്ടിടത്തിന്‍റെ കോലായയിലിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രഥമ അംഗത്വം, തൊഴിലാളി മേഖലയില്‍ മികച്ച സംഘാടനം, ജീവല്‍ സാഹിത്യ നാടക രചന തുടങ്ങി കേരളത്തില്‍ പല മേഖലയുടെയും തുടക്കക്കാരനും താത്വികാചാര്യനും ബഹുമുഖ പ്രതിഭയുമായ ദാമോദരനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ജډശതാബ്ദിയോടനുബന്ധിച്ച് ചര്‍ച്ചകളും അനുസ്മരണങ്ങളും നടക്കുന്ന ഈ അവസരത്തില്‍ ഒരു ഹൃസ്വ ചരിത്രക്കുറിപ്പ് എഴുതാന്‍ ആരംഭം കുറിച്ചത് യാദൃശ്ചികം.
അവിഭക്ത പൊന്നാനി താലൂക്കില്‍ തിരൂര്‍-പൊന്നാനിപ്പുഴയോരത്ത് പെരുമണ്ണയിലെ കിഴക്കിനിയേടത്ത് തറവാട്ടില്‍ 1912 ഫെബ്രുവരി 25 നാണ് ജനനം. പിതാവ് തുപ്പന്‍ നമ്പൂതിരി. മാതാവ് നാരായണി. പ്രതിവര്‍ഷം 4500 രൂപ ഖജനാവിലേക്ക് നികുതി നല്‍കുന്ന മലബാറിലെ ചുരുക്കം തറവാടുകളില്‍ ഒന്നായ, കേന്ദ്ര സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലേക്ക് വോട്ടവകാശമുള്ള, തിരൂര്‍ വില്ലേജിലെ ഏഴു ധനാഢ്യ കുടുംബങ്ങളില്‍ മുന്തിയ പരിഗണനയുള്ള, ബ്രിട്ടീഷ് ഭരണകൂടത്തോട് കൂറുപുലര്‍ത്തി പോന്നിരുന്ന തറവാടായിരുന്നു കിഴേടത്ത് തറവാട്. തിരൂരിലെ മാട്ടായ പ്രൈമറി സ്ക്കൂള്‍, ഗവ. ഹൈസ്ക്കൂള്‍, കോഴിക്കോട് സാമൂതിരി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബാല്യത്തില്‍ തികഞ്ഞ ഈശ്വരഭക്തനായിരുന്നു.
സ്വാതന്ത്ര്യസമരനായകډാരെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാന്‍ ഇടയായ ദാമോദരന്‍റെ മനസ്സില്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് അടങ്ങാത്ത പക ആളിപ്പടര്‍ന്നു. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി മുന്നണി പോരാളിയായി സമരരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
1930 മെയ് മാസത്തില്‍ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട സത്യാഗ്രഹ ക്യാമ്പില്‍ സമര യോദ്ധാവായി എത്തിയെങ്കിലും പ്രായം തികയാത്തതിനാല്‍ നേതാക്കള്‍ അനുവദിച്ചില്ല. 1931 മാര്‍ച്ച് 17 ന് താനൂരില്‍ വെച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടര്‍ന്നായിരുന്നു ആദ്യത്തെ അറസ്റ്റ്. 23 മാസം കഠിന തടവില്‍ കഴിയേണ്ടിവന്നു. ഇത് ദാമോദരന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. തറവാട്ടില്‍ നിന്ന് അകറ്റപ്പെട്ടു.
ഇന്ത്യയിലെ ഇടതുപക്ഷ ആശയക്കാരുടെ സംഘടനയായ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി.) 1934 ലാണു നിലവില്‍ വരുന്നത്. ഈ പ്രസ്ഥാനത്തിന്‍റെ ആദ്യകാല നേതാക്കളില്‍ ചിലരുമായി ബന്ധമുള്ള കാശീവിദ്യാ പീഠത്തില്‍ ചേര്‍ന്ന് 1936-37 കളില്‍ ബി.എ.ക്ക് തുല്യമായ ശാസ്ത്രി കോഴ്സ് പൂര്‍ത്തിയാക്കി. പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി സഹപാഠിയായിരുന്നു. ഇവിടുത്തെ പഠനകാലത്തായിരുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗമാകുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്ന ആദ്യത്തെ മലയാളിയാണ് ദാമോദരന്‍. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രസ്ഥാനത്തിന്‍റെ മുഴുവന്‍ സമയ സംഘാടകനായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ചു. ഈ അവസരത്തിലാണ് അദ്ദേഹം 1937 ല്‍ ഇ.എം.എസ്., പി. കൃഷ്ണപ്പിള്ള, എന്‍.സി. ശേഖര്‍ എന്നിവരോടൊന്നിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി രൂപീകരിക്കുന്നത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ കലയും സാഹിത്യവും സുപ്രധാന പങ്ക് വഹിച്ചു. 1937 ലാണ് കോളിളക്കം സൃഷ്ടിച്ച പാട്ടബാക്കി എന്ന നാടകം ദാമോദരന്‍ രചിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ വന്നേരി നാട്ടില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ വൈലത്തൂര്‍ കടലായി മനയിലായിരുന്നു നാടകത്തിന്‍റെ പിറവി. രണ്ടു ദിവസം കൊണ്ടാണ് നാടകം എഴുതി തീര്‍ത്തത്. തുടര്‍ന്ന് കേരളത്തിലെ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം ആദ്യമായി അരങ്ങേറിയതും ഈ ജില്ലയിലെ കൊരിഞ്ഞിയൂരില്‍ തന്നെ. എ.കെ. ഗോപാലന്‍, കെ.എ. കേരളീയന്‍, സര്‍ദാര്‍ ചന്ദ്രോത്ത്, കെ.പി.ആര്‍. ഗോപാലന്‍ തുടങ്ങിയവര്‍ പലപ്പോഴും നാടകത്തില്‍ വേഷമിട്ടിരുന്നു.
1939 ലാണ് രണ്ടാമത്തെ നാടകമായ രക്തപാനത്തിന്‍റെ അവതരണം. നാടകത്തിന് അല്‍പ്പായുസ്സായിരുന്നു. 1938ല്‍ പണിമുടക്കം എന്ന പേരില്‍ രംഗപ്രവേശനം നടത്തിയ നാടകത്തിന്‍റെ പരിഷ്കരിച്ച രൂപമാണ് രക്തപാനം. പണിമുടക്കം മൂന്ന് സ്റ്റേജുകളിലും രക്തപാനം നാല് സ്റ്റേജുകളിലും അവതരിപ്പിച്ചു. പിന്തിരിപ്പന്‍ ശക്തികളെ തട്ടിത്തകര്‍ത്തുകൊണ്ട് പുരോഗതിയിലേക്ക് കുതിച്ചുപായുന്ന കേരളത്തിലെ ബഹുജനങ്ങള്‍ക്ക് എന്ന ആമുഖത്തോടെയാണ് നാടകത്തിന്‍റെ ആരംഭം. ഈ നാടകം ആദ്യമായി അരങ്ങേറിയ വേദികളില്‍ പൊന്നാനി ഏ. വി. ഹൈസ്ക്കൂളുംപെടും. അഞ്ചാമത്തെ സ്റ്റേജില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന അവസരത്തിലാണ് ദാമോദരന്‍ അറസ്റ്റിലായത്. നാടകം പുസ്തക രൂപത്തിലാക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ കോപ്പികള്‍ മുഴുവനും സര്‍ക്കാര്‍ നശിപ്പിച്ചു. വില ആറ് അണയായിരുന്നു.
ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പിണിയാളുകളുടെ ശക്തമായ സമ്മര്‍ദ്ദത്താല്‍ നാടകം കണ്ടുകെട്ടി. പാട്ടബാക്കി കാര്‍ഷിക രംഗത്തെയും രക്തപാനം വ്യാവസായിക രംഗത്തെയും ചൂഷണത്തെയുമാണ് തുറന്ന് കാട്ടുന്നത്.
പുന്നപ്ര, വയലാര്‍ പോരാട്ടത്തിന് ഏഴു വര്‍ഷം മുമ്പ് 1939 ല്‍ നടന്ന മലബാറിലെ ആദ്യത്തെ സംഘടിത ബീഡി തൊഴിലാളി സമരം ഈ ദേശചരിത്രത്തിലെ ശ്രദ്ധേയമായ ഒരദ്ധ്യായമാണ്. ആയിരം ബീഡി തെറുക്കുന്നതിന് കൂലിയായി അഞ്ചരഅണ (33 പൈസ)നല്‍കിയിരുന്നത് ഒരു കമ്പനി ഉടമ കുറച്ചതിനെത്തുടര്‍ന്ന് കെ ദാമോദരന്‍റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമരത്തില്‍ പ്രേംജി, ഇ. കെ. ഇമ്പിച്ചി ബാവ, കെ.വി.നൂറുദ്ദീന്‍ തുടങ്ങിയവര്‍ നിറസാന്നിദ്ധ്യമായിരുന്നു. സമരം ആരംഭിച്ചത് ജെ.എം. റോഡിലെ പി.കെ. അബ്ദുള്‍കാദര്‍ ബീഡി കമ്പനിയിലെയാരുന്നു.
ദാമോദരനും പ്രേംജിയും ചിട്ടപ്പെടുത്തിയ വേലയെടുത്ത് വിയര്‍പ്പുകള്‍ വറ്റും മുമ്പെ- കൂലികൊടുക്കണമെന്നരുള്‍ചെയ്ത- കൊല്ലാക്കൊലയെ എതിര്‍ത്ത മുഹമ്മദ്- സല്ലല്ലാഹു അലൈഹി വസല്ലം എന്ന ഗാനം മുസ്ലിം തൊഴിലാളികളുടെ സിരകളില്‍ സമരാവേശം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് പല കമ്പനികളിലേക്കും സമരം വ്യാപിച്ചു. തൊഴിലാളികളും മുതലാളിമാരും മുസ്ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു. ദാമോദരനാണെങ്കില്‍ ഹൈന്ദവ സമുദായത്തില്‍പ്പെട്ട അന്യനാട്ടുകാരനും. പിന്നീടുണ്ടായ കോലാഹലം പറയണോ.
ദാമോദരനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാത്രിയില്‍ പോലും ബുര്‍ഖയിട്ട് കുടപിടിച്ച് നടന്നിരുന്ന ഇവിടത്തെ മുസ്ലിം സ്ത്രീകളില്‍ ചിലര്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് ജാഥ നയിച്ചതും അല്ലാഹു അക്ബറും ഇങ്ക്വിലാബ് സിന്ദാബാദും കേരളത്തില്‍ ആദ്യമായി ഒന്നിച്ച് മുഴങ്ങിക്കേട്ടതും ഈ സമരത്തിലാണ്. മലബാര്‍ മുസ്ലിം വനിതാസമര ചരിത്രത്തില്‍ ഈ പോരാട്ടം നൂതന അദ്ധ്യായം തുന്നിച്ചേര്‍ത്തു. സമരം പ്രത്യക്ഷത്തില്‍ പരാജയപ്പെട്ടെങ്കിലും മലബാറില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ അവസരം ഒരുക്കി. അക്കാലത്ത് മലബാറിലെ പ്രധാന ബീഡി വ്യവസായ കേന്ദ്രമായിരുന്ന ഇവിടെ സ്ത്രീപുരുഷ ഭേദമന്യേ നൂറുകണക്കിനാളുകള്‍ കടകളിലും വീടുകളിലും ഈ തൊഴില്‍ ചെയ്തു ജീവിച്ചു. പുകയില എത്തിയിരുന്നത് ഗുജാറത്ത്-ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു.
വിവിധ തൊഴില്‍മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ സമരസജ്ജരാക്കുന്നതിലും ഭാവനാത്മക മികവ് പ്രശംസനീയമാണ്. സമരം കാണാന്‍ നാടിന്‍റെ നാനാ ഭാഗത്തുനിന്നും ധാരാളം ആളുകള്‍ ദിവസേന എത്തിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ആശുപത്രിയ്ക്ക് കിഴക്ക് പുത്തംകുളം മൈതാനത്ത് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ജയിലില്‍നിന്ന് പുറത്തേക്ക് കൊണ്ടുവന്ന ദാമോദരന്‍ കോടതിവളപ്പിലെ കിഴക്കേ മൂലയിലുണ്ടായിരുന്ന ആലിന്‍തറയില്‍ കയറിനിന്ന് ശാന്തരായി പിരിഞ്ഞുപോവാന്‍ പറഞ്ഞതിന് ശേഷമാണ് രംഗം ശാന്തമായത്. സമരം പ്രത്യക്ഷത്തില്‍ പരാജയമാണെങ്കിലും മലബാര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാകാന്‍ ഹേതുവായി. പൊന്നാനി അങ്ങാടിയിലെ ചുള്ളിക്കുളത്തിന് സമീപമുള്ള കമ്മാലിക്കാനകം തറവാട് അക്കാലത്ത് ബീഡിത്തൊഴിലാളി സമരത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇടതുപക്ഷ പ്രസ്ഥാനത്തെ വളര്‍ത്തുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. മലബാറിലെ പ്രധാന ബീഡി വ്യവസായ കേന്ദ്രമായിരുന്ന ഇവിടെ സ്ത്രീ പുരുഷഭേദമന്യേ നൂറുകണക്കിന് ആളുകള്‍ കടകളിലും വീടുകളിലും ഈ തൊഴില്‍ ചെയ്ത് ജീവിച്ചു. പുകയില എത്തിയിരുന്നത് ഗുജറാത്ത് ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നായിരുന്നു.
വിവിധ തൊഴില്‍മേഖലകളിലെ തൊഴിലാളികളെ സഘടിപ്പിക്കുന്നതിലും അവരെ സമര സജ്ജരാക്കുന്നതിലും അദ്ദേഹത്തിന്‍റെ ഭാവനാത്മക മികവ് പ്രശംസനീയമാണ്. കനോലി കനാലിലൂടെ കെട്ടുവള്ളങ്ങളില്‍ ചേറ്റുവക്ക് കൊണ്ട് പോയി അവിടെനിന്നും ശ്രീലങ്കയിലേക്കായിരുന്നു ബീഡികള്‍ അധികവും കയറ്റി അയച്ചിരുന്നത്. ശ്രീലങ്കയില്‍ ബീഡിക്ക് നല്ല മാര്‍ക്കറ്റായിരുന്നു. സി.കണ്ണന്‍, കെ. കെ. അബു, എ.പി.എം കുഞ്ഞിബാവ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിന്നെയും ദീര്‍ഘനാള്‍ നീണ്ടുനിന്ന ബീഡിത്തൊഴിലാളി സമരങ്ങള്‍ നടന്നിരുന്നു.
1940 ജനുവരി 26 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരസ്യമായി പ്രഖ്യാപിച്ച ആ വര്‍ഷം സപ്തംബര്‍ 15 നു നടന്ന സമരത്തെ തുടര്‍ന്ന് ദാമോദരന്‍ ജയിലിലടക്കപ്പെട്ടു. 1937 മുതല്‍ 40 നവംബറില്‍ ജയില്‍വാസം വരിക്കുന്നതുവരെയുള്ള മൂന്ന് വര്‍ഷമാണ് അദ്ദേഹത്തിന്‍റെ പൊതുജീവിതത്തില്‍ വര്‍ണ്ണാഭവും സജീവവുമായ കാലം. മോചിതനായി പുറത്തു വന്നതിനു ശേഷം പാര്‍ട്ടിക്കു വേണ്ടി കൂടുതല്‍ സമയം പ്രസംഗിക്കുന്ന നേതാവായും മികച്ച പ്രചാരകനായും മാറി. ഇ.എം.എസ്. കഴിഞ്ഞാല്‍ പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായി ഉയര്‍ന്നു.
1948 ലെ കല്‍ക്കത്താ തിസീസിനെ തുടര്‍ന്ന് വീണ്ടും ജയിലിലയക്കപ്പെട്ടു. ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് പരോളില്‍ പോയി. ഈ അവസരത്തിലാണ് പാര്‍ട്ടിയുടെ മലബാര്‍ ജില്ലാ സെക്രട്ടറിയായത്. സംസ്ഥാന കൗണ്‍സിലിലും സെക്രട്ടറിയേറ്റിലും ദേശീയ കൗണ്‍സിലിലും സെന്‍ട്രല്‍ എക്സിക്യൂട്ടിവിലും പ്രവര്‍ത്തിച്ചു. അസംബ്ലിയിലേക്കും ലോക്സഭയിലേക്കും മല്‍സരിച്ചെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല. രാജ്യസഭയില്‍ അംഗമാകാന്‍ സാധിച്ചു.
1964 ല്‍ പാര്‍ട്ടി പിളരുന്നതിന്‍റെ തൊട്ടുമുമ്പ് രാജ്യസഭാംഗമായി. തന്‍റെ പൊതുജീവിതകാലത്ത് പല ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും ലോക നേതാക്കളുമായി അഭിമുഖം നടത്തുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ നിലപാടുകള്‍ ഹേതുവായി പാര്‍ട്ടിയുടെ സജീവരംഗത്ത് നിന്നും പതിയെ പിന്‍മാറുകയാണുണ്ടായത്. ഇംഗ്ലീഷ്, തമിഴ്, റഷ്യന്‍, ബംഗാളി, ഉറുദു തുടങ്ങിയ പല ഭാഷകളിലും പാണ്ഡിത്യം നേടിയ അദ്ദേഹത്തിന്‍റെ പല കൃതികളും മൊഴിമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. റഷ്യന്‍ നയങ്ങളോടുള്ള നയവ്യതിയാനങ്ങളാല്‍ തന്‍റെ കൃതികളുടെ റഷ്യന്‍ ഭാഷകളിലേക്കുള്ള വിവര്‍ത്തനം നിലച്ചു.
രാജ്യസഭയില്‍ നിന്ന് വിരമിച്ച ശേഷം തൃശൂരില്‍ സ്വന്തമായൊരു വീടുവെച്ചെങ്കിലും വായ്പ അടക്കാനും ഉപജീവനം കഴിക്കാനും മകന്‍റെ ഫീസടക്കാന്‍ പോലും വരുമാനം തികയാതെ ക്ലേശിക്കുന്ന ദിനങ്ങളായിരുന്നു പിന്നീട്. പിളര്‍പ്പിന് ശേഷം സി. പി. ഐ. നയങ്ങളോടായിരുന്നു ചായ്വ്.
1970കളില്‍ തന്‍റെ സമയം കൂടുതല്‍ ചെലവഴിച്ചത് പഠന ഗവേഷണങ്ങള്‍ക്കായിരുന്നു. വിവര്‍ത്തനം, നാടകം, മാര്‍ക്കീസം, ഭാരതീയ ചിന്ത, സാമ്പത്തികശാസ്ത്രം, ചരിത്രം, മതം, സാഹിത്യ വിമര്‍ശനം തുടങ്ങിയ വിവിധ ശാഖകളില്‍ നാലരപതിറ്റാണ്ടുകാലം നീണ്ടുനിന്ന പഠനതപസ്യയെ തുടര്‍ന്ന് നാല്‍പ്പതോളം കൃതികളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. വിവിധ സംവാദങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. ഇന്ത്യയുടെ ആത്മാവ് (1968) ഭാരതീയചിന്ത (1978) എന്നീ കൃതികള്‍ മികവുറ്റ കൃതികളായി വിലയിരുത്തപ്പെടുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന പി.സി. ജോഷിയുമൊന്നിച്ച് എഴുപതുകളില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഇന്ത്യാചരിത്രം സംബന്ധിച്ച പ്രോജക്ടില്‍ വ്യാപൃതനായിരുന്ന വേളയില്‍ 1976 ജൂലൈ മൂന്നിന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.