എം.എം. കുഞ്ഞാലന്‍ ഹാജി




 40. എം.എം. കുഞ്ഞാലന്‍ ഹാജി


ടിവി അബ്ദുറഹിമാന്കുട്ടി

alfaponnani@gmail.com

9495095336

 കോക്കൂരിലെ മാനംകണ്ടത്ത് തറവാട്ടില്‍ 1926-ല്‍ (കൊല്ലവര്‍ഷം 1103 കന്നിമാസം 3-ാം തിയ്യതി) ആയിരുന്നു ജനനം. കോക്കൂര്‍  മാനം കണ്ടത്ത് മൊയ്തുണ്ണി ഹാജിയുടെയും അമ്പത്തു വീട്ടില്‍ തോപ്പില്‍ ആച്ചുമ്മയുടെയും മൂന്നാമത്തെ മകനായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴിലുള്ള കോക്കൂര്‍ എല്‍.പി സ്ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. നാലാം ക്ലാസ്സിലെ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി എത്തിയത് അക്കാലത്ത് തെക്കെ മലബാറിലെ നാമമാത്ര ഹയര്‍ വിദ്യാലയങ്ങളില്‍ ഒന്നായ കുമരനെല്ലൂര്‍ ഹൈസ്ക്കൂളിലായിരുന്നു. 


കുമരനെല്ലൂര്‍ കരിമ്പനക്കല്‍ മൊയ്തുണ്ണി സാഹിബിന്‍റെ തറവാട്ടുവളപ്പിലുള്ള ഒരു വീട് വാടകക്കെടുത്ത്  അരിയും സാധനങ്ങളും അവിടെ എത്തിച്ച് സഹായത്തിന് ആളെ നിര്‍ത്തിയാണ് മാനംകണ്ടത്തുകാര്‍ കുട്ടികളെ പഠിപ്പിച്ചത്. തുടര്‍ന്ന് ചാവക്കാടും മലപ്പുറം ഹൈസ്ക്കൂളിലും പഠനത്തിനുശേഷം മദ്രാസ്സില്‍ ഉപരിപഠനം നടത്തുന്ന സമയത്ത് പിതാവിന്‍റെ മരണത്തെ തുടര്‍ന്ന്  പഠനം നിര്‍ത്തേണ്ടിവന്നു. മുസ്ലിം സമുദായം ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ കാലമായിരുന്നു.

പാര്‍ട്ടിയില്‍ പല സ്ഥാനങ്ങളും വഹിച്ചു. സ്ഥാനം അല്ല പ്രവര്‍ത്തനമാണ് വേണ്ടതെന്ന നിശ്ചയമായിരുന്നു അദ്ദേഹത്തിന്‍റേത്. ആദ്യം പൊന്നാനി താലൂക്ക് ലീഗ് വൈസ് പ്രസിഡന്‍റായി. അണ്ടത്തോട്, തൃത്താല നിയോജക മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചു. 1962ല്‍ ആലങ്കോട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞാലന്‍ ഹാജി സ്ഥാനാര്‍ത്ഥിയാവാന്‍ നിര്‍ബ്ബന്ധിതനായി. ചിയാനൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ചു. പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായി 35-ാം വയസ്സില്‍ അദ്ദേഹം അവരോധിതനായി. നീണ്ട 21 കൊല്ലം തല്‍സ്ഥാനം തുടര്‍ന്നു. ആലങ്കോട് പഞ്ചായത്തിന്‍റെ വികസന കുതിപ്പിനൊപ്പമായിരുന്നു ആ രണ്ട് പതിറ്റാണ്ടു നീണ്ട യാത്ര.

മലബാറിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തഞ്ചിലധികം പള്ളികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇടവഴികള്‍ റോഡുകളായും, വെള്ളക്ഷാമം നേരിട്ട മേഖലകളില്‍ കിണറുകളായും വികസനം പടി കടന്നു വന്നു. മിനി എസ്റ്റേറ്റ്, പ്രാഥമികാരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷന്‍, കോക്കൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, പന്താവൂര്‍ ബാഫഖി സ്ക്കൂള്‍, മൂക്കുതല യു.പി. സ്ക്കൂള്‍, കടവല്ലൂര്‍ എല്‍.പി. സ്ക്കൂള്‍, പോസ്റ്റ് ഓഫീസ് തുടങ്ങി വികസനത്തിന്‍റെ നാഴികക്കല്ലുകള്‍ ഒട്ടു വളരെ കാണാം. വികസന പദ്ധതികള്‍ക്ക് സ്ഥലമില്ലെന്ന തടസ്സം സ്വന്തം സ്ഥലം നാടിന് വിട്ടു കൊടുത്തുകൊണ്ടാണ് പലപ്പോഴും പരിഹരിച്ചത്. 


മഊനത്തുല്‍ ഇസ്ലാം സഭയുടെ ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലന്‍ ഹാജി വന്ന ശേഷമാണ് സഭയുടെ അന്യാധീനപ്പെട്ട് കിടന്നിരുന്ന പല സ്വത്തുക്കളും വീണ്ടെടുത്ത് പ്രത്യേകം രജിസ്റ്റര്‍ ഉണ്ടാക്കിയത്. അക്കാലത്ത് രാവിലെ ഇറങ്ങിയാല്‍ വൈകും വരെ ഓരോ സ്ഥലങ്ങളിലും പോയി സ്ഥലം കണ്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് സംരക്ഷണത്തിന് നടപടിയുണ്ടാക്കിയാണ് മടങ്ങുക. സഭയുടെ ഭൂസ്വത്തുക്കള്‍ പരിപാലിക്കുകയും സബ് കമ്മിറ്റികള്‍ സജീവമാക്കുകയും വികേന്ദ്രീകരണം നടപ്പാക്കുകയും ചെയ്തത് ശ്രദ്ധേയമാണ്. 

കുന്ദംകുളം, തൃശ്ശൂര്‍, അമല തുടങ്ങിയ പള്ളികള്‍ അത്യാവശ്യമായ   സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ പള്ളികള്‍ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ടേംവരെ മുസ്ലിംലീഗിന്‍റെ മലപ്പുറം ജില്ലാ വൈസ്  പ്രസിഡന്‍റ്. കോക്കൂര്‍ ജുമുഅത്ത് പള്ളി, സിറാജുല്‍ ഉലൂം മദ്‌റസ്സ കമ്മിറ്റികളുടെ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനവും വഹിച്ചു. താല്‍പ്പര്യങ്ങളില്ലാത്ത തെളിഞ്ഞ ഇടപെടലുകള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. വഹിച്ച സ്ഥാനങ്ങളിലെല്ലാം തന്‍റേതായ മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് കുഞ്ഞാലന്‍ ഹാജിയെ പഴയ തലമുറക്കും പുതിയ തലമുറക്കും പ്രിയങ്കരനാക്കുന്നത്. മഊനത്തുല്‍ ഇസ്ലാം സഭയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റായിരുന്ന അവസരത്തില്‍ 2014 സെപ്റ്റംബര്‍ 24ന് ഇഹലോകവാസം വെടിഞ്ഞു.