44. കെ.എം. കുഞ്ഞിമുഹമ്മദാജി
ടിവി അബ്ദുറഹിമാന്കുട്ടി
വലിയപള്ളിയ്ക്ക് സമീപം കോയമുസ്ലിയാരകത്ത് 1923ല്‍ ജനനം. വ്യവസായ പ്രമുഖന്‍, സാമൂഹിക രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ സമാനതകളേറെയില്ലാത്ത വ്യക്തിത്വത്തിന്‍റെ ഉടമ. പ്രവര്‍ത്തന മേഖലകള്‍ക്ക് ഒരസറ്റായി തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. വാക്കിനേക്കാള്‍ വലുതാണ് പ്രവൃത്തിയെന്ന് സ്വജീവിതം കൊണ്ടു തെളിയിച്ചു.
എം. ഐ. സഭാ സെക്രട്ടറി, എം. ഇ. എസ്. കോളേജ് സെക്രട്ടറി, ഐ. യു. എം. എല്‍. താലൂക്ക് സെക്രട്ടറി തുടങ്ങിയ പല പദവികളും വഹിച്ചു. കോളേജിന്‍റെ സാമ്പത്തിക പരാധീനത പരിഹരിക്കാനും ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും എം. ഐ. അനാഥശാല നിര്‍മ്മാണത്തിലും അക്ഷീണം പരിശ്രമിച്ചു. അനാഥശാല നിര്‍മ്മാണാവസരത്തില്‍ ഒരു ജോലിക്കാരനനെപ്പോലെ അദ്ദേഹം ചെയ്തിരുന്ന സേവനം നേരില്‍കണ്ട ഏതാനും സഹൃദയരായ സന്ദര്‍ശകര്‍ തുടര്‍ന്ന് ഓരോ വര്‍ഷവും സ്ഥാപനത്തിന് സംഭാവനയായി അന്നത്തെ മൂല്യമനുസരിച്ച് മോശമല്ലാത്തൊരു തുക നല്‍കിവന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു ദേശം മുഴുവന്‍ മൂന്നുപതിറ്റാണ്ടിലധികം ഒരാളെ മുതലാളിയെന്ന് ആദരപൂര്‍വ്വം വിളിച്ചത് ആനബീഡി കുഞ്ഞിമുഹമ്മദാജിയെ മാത്രമാണ്.
അവസാന നാളുകള്‍ പ്രവര്‍ത്തനരംഗത്ത് കര്‍മ്മനിരതനായിരുന്ന അവസരത്തിലാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ അവസരം ലഭിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ബുധനാഴ്ച രാത്രി അസുഖമായി കിടന്നിരുന്ന പൊന്നാനിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ അദ്ദേഹവും എ.വി. ഹംസയും ഞാനും സന്ദര്‍ശിച്ചിരുന്നു ആ നേതാവ് മരിച്ചതായി അന്ന് അര്‍ദ്ധരാത്രിക്കുശേഷം കുഞ്ഞിമുഹമ്മദ് ഹാജി സ്വപ്നം കണ്ടിരുന്ന വിവരം പിറ്റേ ദിവസം യാത്രമധ്യെ എന്നോട് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള ഞായറാഴ്ചയാണ് പൊന്നാനി എ.വി.ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ മോഹനകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാജീവ്ഗാന്ധി എത്തിയത്.
യു.ഡി.എഫ്. സംയുക്തമായി നേതൃത്വം നല്‍കുന്ന ഒരു തെരഞ്ഞെടുപ്പായതിനാല്‍ തന്‍റെ പാര്‍ട്ടിയായ മുസ്ലിംലീഗിന്‍റെ പതാകകള്‍ രാജീവ്ഗാന്ധിയുടെ സന്ദര്‍ശന ദിവസം വഴിയോരങ്ങളില്‍ കാണാത്തതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. തുടര്‍ന്ന് ഒരു പീസ് പച്ചത്തുണിയും വണ്ടിപ്പേട്ടയില്‍നിന്ന് മുളയും വാങ്ങി പ്രവര്‍ത്തകന്മാരെക്കൊണ്ട് പതാകകള്‍ ഉണ്ടാക്കി തന്‍റെ നേതൃത്വത്തില്‍ കോടതിപ്പടി മുതല്‍ എ.വി. ഹൈസ്ക്കൂള്‍ വരെ റോഡിലെ എല്ലാ പോസ്റ്റുകളിലും കെട്ടിച്ചു. ഇതാണ് അദ്ദേഹത്തിന്‍റെ അവസാന രാഷ്ട്രീയ പ്രവര്‍ത്തനം. അന്ന് ഉച്ചയ്ക്ക്ശേഷം രോഗശയ്യയിലായ അദ്ദേഹം 1987 മാര്‍ച്ച് 17 ചൊവ്വാഴ്ച നിര്യാതനായി. സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ അന്ത്യം വരെ അദ്ദേഹവുമായുള്ള ബന്ധം സുദൃഢമായിരുന്നു.