അഡ്വ: കൊളാടി ഗോവിന്ദന്‍കുട്ടി




 38. അഡ്വ: കൊളാടി ഗോവിന്ദന്‍കുട്ടി



ടിവി അബ്ദുറഹിമാന്കുട്ടി

alfaponnani@gmail.com

9495095336

പൊന്നാനിക്കടുത്ത് വെളിയംകോട് ഗ്രാമത്തില്‍ പ്രശസ്ത ജډി കുടുംബമായ കൊളാടി തറവാട്ടില്‍ 1927ല്‍ ജനനം. ചാവക്കാട് ഗവ: ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ്സില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി അവിടെതന്നെ ബാരിസ്റ്റര്‍ എം കെ നമ്പ്യാരുടെ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. വന്നേരി നാട്ടിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ജ്യേഷ്ഠസഹോദരനുമായ കൊളാടി ബാലകൃഷ്ണന്‍ (ഉണ്ണി) ആണ് രാഷ്ട്രീയരംഗത്തേക്ക് ആനയിച്ചത്. മാര്‍കിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ ഗോവിന്ദന്‍കുട്ടി ആ വിഷയത്തില്‍ ആഴത്തില്‍ പഠനങ്ങള്‍ നടത്തി. 1955ല്‍ മുപ്പത്തിയാറാം വയസ്സില്‍ ഉണ്ണിയുടെ നിര്യാണത്തെ തുടര്‍ന്ന് മദ്രാസ്സിലെ വക്കീല്‍ പ്രാക്ടീസ് മതിയാക്കി സ്വദേശത്ത് തിരിച്ചെത്തി രാഷ്ട്രീയ രംഗത്ത് സജീവമായി. 


ആദ്യത്തെ കേരളനിയമസഭയിലേക്ക് 1957ല്‍ അണ്ടത്തോട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കോണ്‍ഗ്രസ്സ് നേതാവ് കെ.ജി. കരുണാകരമേനോനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഈ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളില്‍ ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും എന്നുകൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ഈണത്തില്‍ പാടി. 



ആശിച്ച ചെങ്കൊടി നാട്ടൂല- ഇ 

ക്കേരളം കമ്മു ഭരിക്കൂല

നമ്പൂരി മന്ത്രിയതാകൂല- ഇ

കുട്ടിസഖാക്കള്‍ക്കതറിയൂല


തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണം ലഭിച്ച സംസ്ഥാനമെന്ന വിശേഷണം കേരളത്തിന് ലഭിച്ചു. കൊളാടിയുടെ വിജയത്തോടെയുള്ള  കേവല ഭൂരിപക്ഷത്തിന്‍റെ പിന്‍ബലത്തിലായിരുന്നു അത്. ഇ.എം.എസ്. മുഖ്യമന്ത്രിയായി. ആ നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കൊളാടി.


ജീവിതാന്ത്യംവരെ സി.പി. ഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന കൊളാടി പാര്‍ട്ടിയുടെ നയരൂപികരണത്തിലും അടവുകളും തന്ത്രങ്ങളും മെനയുന്നതിലും സജീവ സാന്നിദ്ധ്യമായിരുന്നു. പലപ്പോഴും മാര്‍ക്സിസവും ഭക്തിയും സമന്വയിക്കുന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പന്തീരായിരം ആചരിക്കുന്നതില്‍ തല്‍പ്പരനായിരുന്നു. മതാനുഷ്ഠാനങ്ങളേയും ആചാരങ്ങളേയും ആദരിച്ചു. പാര്‍ട്ടിവേദികളില്‍ സ്വന്തം അഭിപ്രായം വെട്ടിതുറന്നുപറഞ്ഞു. വെളിയംകോട് പഞ്ചായത്ത് പ്രസിഡന്‍റ്, അണ്ടത്തോട് സര്‍വ്വീസ് ബാങ്ക് പ്രസിഡന്‍റ്, പൊന്നാനി കോടതിയിലെ പ്രമുഖ അഭിഭാഷകന്‍, കലാമണ്ഡലം വൈസ്ചെയര്‍മാന്‍, സാഹിത്യപ്രവര്‍ത്തകസംഘം ഡയറക്ടര്‍ തുടങ്ങിയ പല വേദികളിലും തിളങ്ങി. തികഞ്ഞ രാഷ്ട്രീയക്കാരനായിരുന്നുവെങ്കിലും വിപുലമായ സ്നേഹബന്ധങ്ങളുടെ ഉടമയായിരുന്നു. 


എഴുത്തുകാരനും ബുദ്ധിജീവിയും കൂടിയായ കൊളാടി എന്തുകൊണ്ട് വന്നേരി, ഓര്‍മ്മകളില്‍ ജീവിക്കുന്നവര്‍, രേഖാചിത്രങ്ങള്‍, ഒന്നു ചിരിക്കു ഒരിക്കല്‍കൂടി, വാത്മീകി രാമായണം തുടങ്ങി പല രചനകളിലും തൂലികാവൈഭവം തെളിയിച്ചു. പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചു. 2003ല്‍ സെപ്റ്റംബര്‍ 13ന് 76-ാം വയസ്സില്‍ അന്തരിച്ചു. 

പൊന്നാനി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലനം ആലുവയ്ക്കടുത്ത് എടത്തല കുറഞ്ചാട്ടുകര മാര്‍ത്തോമ ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന സമയത്തായിരുന്നു മരണം. നഗരസഭ ചെയര്‍മാനായിരുന്ന സി. ഹരിദാസ് എക്സ് എം.പി.യും ഈ ലേഖകനും പരിശീലനത്തില്‍ പങ്കെടുത്ത് അവിടെ ചെറിയ കോര്‍ട്ടേഴ്സില്‍ ഞങ്ങള്‍മാത്രം താമസിക്കുന്ന അവസരത്തില്‍  പ്രഭാതപ്രാര്‍ത്ഥനയ്ക്ക് ഉണര്‍ന്ന് അഞ്ചരമണിക്കാണ് ഹരിദാസേട്ടന്‍റെ സഹധര്‍മ്മിണി വാസന്തിയുടെ ഫോണ്‍കോളിലൂടെ കൊളാടിയുടെ ദുഃഖവാര്‍ത്ത അറിഞ്ഞത്. ഉടനെ ട്രെയ്നിംഗ് സ്ഥലത്തുനിന്ന് പൊന്നാനി കൗണ്‍സിലര്‍മാരായ ഞങ്ങള്‍ മുഴുവനും  ഉച്ചതിരിഞ്ഞ് വെളിയംകോട് കൊളാടി തറവാടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 


മരണത്തിന് ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പ് ബന്ധുമിത്രാദികളെ ക്ഷണിച്ച് വിഭവസമൃദ്ധമായ സദ്യ നല്‍കി സുഹൃദ് ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് വര്‍ദ്ധിപ്പിച്ചിരുന്നു. അന്നത്തെ കുശലം പറച്ചിലും സന്തോഷവാക്കുകളും കൊളാടിയുടെ ജനകീയകൂട്ടായ്മയുടെ അവസാന സ്നേഹപ്രകടനമായിരുന്നുവെന്ന് ആരും ധരിച്ചില്ല. ദീര്‍ഘകാലം പ്രവര്‍ത്തനമണ്ഡലം പൊന്നാനിയായിരുന്നു. ഇവിടെ ബസ്സ്സ്റ്റാന്‍റില്‍ ഒരു സ്മാരകമന്ദിരം ഉണ്ട്.


കൊളാടി ഉണ്ണി, ടി.ഇബ്രാഹിം, പി.പി. ബീരാന്‍കുട്ടി, എ.കെ. ബാവ, ഒ.കെ. മമ്മുണ്ണി, ഇ.എം.എസ്. നാരായണന്‍, എ.കെ. മുഹമ്മദ്കുട്ടി, എ.പി. കുഞ്ഞന്‍ബാവ, കമ്മാലിക്കാനകത്ത് കുഞ്ഞിബാവ, പഞ്ചാബി മുഹമ്മദ്കുട്ടി, കമ്പൗണ്ടര്‍ ബാലകൃഷണന്‍ നായര്‍, വി.പി. കാദര്‍, എ.കെ. സുബൈര്‍, പി.പി. സുനീര്‍, എം. അബൂബക്കര്‍, എ.കെ. ജബ്ബാര്‍, എം. എ. ഹമീദ്, ഔണ്ടിത്തറ ഹംസ തുടങ്ങിയ നേതാക്കളും പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ ശ്ലാഘനീയമായ നേതൃത്വം നല്‍കി. 20-04-1969ന് എ.പി. കുഞ്ഞന്‍ബാവ കൊല്ലപ്പെടുകയും 20-05-1967ല്‍ എ.കെ. സുബൈര്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.