43. കെ.വി. നൂറുദ്ദീന്‍
alfaponnani@gmail.com
9495095336
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ പൊന്നാനിയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലിംകളില്‍ നിന്ന് രാഷ്ട്രീയ-സാമൂഹിക രംഗത്ത് വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിച്ച് അടയാളങ്ങള്‍ പതിപ്പിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ പ്രമുഖനാണ് കെ. വി. നൂറുദ്ധീന്‍ സാഹിബ്. പൊന്നാനി നഗരത്തിലെ പുത്തന്‍കുളം റോഡില്‍ കണ്ടത്ത് വീട്ടില്‍ 1903ല്‍ ജനിച്ചു. പിതാവ് കൊങ്ങണം വീട്ടില്‍ മുഹമ്മദ്. മാതാവ് കദീജ. കോണ്‍ഗ്രസ്സ് മാത്രമേ അക്കാലത്ത് ഇവിടെ രാഷ്ട്രീയ പാര്‍ട്ടിയായി രംഗത്തുണ്ടായിരുന്നുള്ളൂ. അതിനാല്‍ കക്ഷി രാഷ്ട്രീയത്തിന്‍റെ ലേബളില്‍ ശക്തി ബന്ധങ്ങള്‍ പരീക്ഷിച്ചറിയാന്‍ പ്രയാസമായിരുന്നു.
എന്നാല്‍ വി. ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള തങ്ങള്‍ പാര്‍ട്ടി, നൂറുദ്ദീന്‍ സാഹിബിന്‍റെ നേതൃത്വത്തിലുള്ള നൂറുദ്ദീന്‍ പാര്‍ട്ടി എന്നീ വ്യക്തി നാമത്തില്‍ അറിയപ്പെടുന്ന രണ്ട് വിഭാഗങ്ങള്‍ 1930കളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ പാര്‍ട്ടികള്‍ വെള്ള(പ്പെട്ടി)പാര്‍ട്ടി, ചുവപ്പ് (പ്പെട്ടി)പാര്‍ട്ടി എന്നറിയപ്പെട്ടു. വെള്ളപ്പെട്ടി ബ്രിട്ടീഷ് അനുകൂലികളും ചുവപ്പ്പ്പെട്ടി ബ്രിട്ടീഷ് വിരുദ്ധരുമായിരുന്നു.
തുടര്‍ന്ന് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ വെളളപ്പെട്ടി (തങ്ങള്‍ പാര്‍ട്ടി)യും കെ. വി. നൂറുദ്ധീന്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ ചുകപ്പുപ്പെട്ടി (നുറുദ്ദീന്‍ പാര്‍ട്ടി)യും രണ്ട് വിഭാഗക്കാരായി സര്‍വ്വരംഗത്തും തെരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കെ.വി. നൂറുദ്ദീന്‍ വിജയിച്ചു പ്രസിഡന്‍റായി തെരഞ്ഞെടുത്തു. അതിനു മുമ്പ് നോമിനേറ്റഡ്ബോഡിയായിരുന്നു പഞ്ചായത്ത് ഭരിച്ചിരുന്നത്.
1935 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചുകപ്പ്പ്പെട്ടി പാര്‍ട്ടിക്കാര്‍ വിജയിക്കുകയും കെ. വി. നൂറുദ്ധീന്‍ സാഹിബ് പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1936-37 കളില്‍ മദ്രാസ്സ് അസംബ്ലിയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പ് മലബാറില്‍ ശക്തമായ മത്സരത്തിന് വഴിയൊരുക്കി. പൊതു മണ്ഡലങ്ങള്‍ എട്ട്, മുസ്ലിം പ്രത്യേക മണ്ഡലങ്ങള്‍ ആറ്, ക്രിസ്ത്യന്‍ മണ്ഡലം ഒന്ന്, ജന്മി മണ്ഡലം ഒന്ന്, തൊഴിലാളി മണ്ഡലം ഒന്ന്, സ്ത്രീ മണ്ഡലം ഒന്ന് ഈ രീതിയിലായിരുന്നു മലബാറിലെ നിയമസഭാ മണ്ഡലങ്ങളുടെ ക്രമീകരണം.
പൊന്നാനി, പാലക്കാട് താലൂക്കുകള്‍ ഉള്‍പ്പെട്ട പാലക്കാട് മുസ്ലിം പ്രത്യേക ദ്വയാംഗ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായി എസ്. കെ. ഷെയ്ഖ് മുഹമ്മദ് റാവുത്തര്‍ (പാലക്കാട്-പച്ചപ്പെട്ടി), പി.കെ. മൊയ്തീന്‍കുട്ടി സാഹിബ് (കൂടല്ലൂര്‍-നീലപ്പെട്ടി), കെ.വി. നൂറുദ്ദീന്‍ (പൊന്നാനി-മഞ്ഞപ്പെട്ടി), എം.വി. ഹൈദ്രോസ് വക്കീല്‍ (ചാവക്കാട്-വെളളപ്പെട്ടി) എന്നിവരും ഏറനാട്, വള്ളുവനാട് ഉള്‍പ്പെട്ട മലപ്പുറം മുസ്ലിം പ്രത്യേക ദ്വയാംഗ മണ്ഡലത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും മത്സരിച്ചു. പാലക്കാട് നിന്ന് ശൈഖ് മുഹമ്മദ് റാവുത്തറും മൊയ്തീന്‍ കുട്ടി സാഹിബും മലപ്പുറത്ത് നിന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും വിജയിച്ചു. നൂറുദ്ദീന്‍ സാഹിബ് കുറഞ്ഞ വോട്ടിന് തോറ്റു. അക്കാലത്ത് ഇന്നത്തെ പോലെ എല്ലാവര്‍ക്കും വോട്ടവകാശമില്ല. സാമ്പത്തികശേഷിയുളള അമ്പത് രൂപയെങ്കിലും നികുതിയടക്കുന്നവര്‍ക്കെ വോട്ട് ചെയ്യാന്‍ പറ്റു. ഈ തുകയുടെ അക്കാലത്തെ മൂല്യം ഊഹിക്കാമല്ലോ.
കോണ്‍ഗ്രസ്സില്‍ ശക്തമായ രണ്ട് ചേരികള്‍ ഉണ്ടായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ വാമ കക്ഷിയും കോഴിപ്പുറം ദമ്പതികള്‍, കെ. കേളപ്പന്‍ തുടങ്ങിയവര്‍ നയിക്കുന്ന കോഴിക്കോട് ചാലപ്പുറം ഗ്യാന്‍ഗും. നൂറുദ്ദീന്‍ സാഹിബ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ പക്ഷത്തായിരുന്നു. മലബാറിനെ പ്രതിനിധീകരിച്ച് മന്ത്രിയാകാന്‍ എല്ലാം കൊണ്ടും യോഗ്യനായ അബ്ദുറഹിമാന്‍ സാഹിബ് ഗ്രൂപ്പിസം മൂലം തഴയപ്പെട്ടു. പകരം പൊന്നാനി ജനറല്‍ സീറ്റില്‍ നിന്ന് വിജയിച്ച ചേറ്റുവ മണപ്പുറം കോങ്ങാട്ടില്‍ രാമമേനോന്‍ നിയമ തൊഴില്‍ വകുപ്പു മന്ത്രിയായി.
1939 ലെ ബീഡി തൊഴിലാളി സമരം രൂക്ഷമായ ഘട്ടത്തില്‍ തൊഴിലാളി യൂണിയന് നഗരത്തില്‍ ഒരു ഓഫീസ് പോലും വാടകക്ക് ലഭിക്കാന്‍ പ്രയാസമായി. ഈ അവസരത്തില്‍ കെ. ദാമോദരന്‍ നൂറുദ്ദീന്‍റെ സഹായം തേടി. അദ്ദേഹം സമരത്തിന്‍റെ നേതൃ രംഗത്തെത്തി അങ്ങാടിയില്‍ ഓഫീസടക്കം ആവശ്യമായ ഒത്താശകള്‍ ചെയ്ത് കൊടുത്തു. തല്‍ഫലമായി എതിര്‍പ്പിന്‍റെ കാഠിന്യം കുറഞ്ഞു. ഈ വര്‍ഷം തന്നെ പൊന്നാനി ഫര്‍ക്കയില്‍ നിന്നും ഏകകണ്ഠമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നൂറുദ്ദീന്‍ തെരഞ്ഞെടുക്കപ്പെട്ട് ബോര്‍ഡ് പ്രസിഡണ്ട് പദം അലങ്കരിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചു വിട്ടു.
ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ എഡ്യുക്കേഷണല്‍ കമ്മിറ്റി പാഠപുസ്തകങ്ങള്‍ അംഗീകരിക്കുന്നതിന് പാരിതോഷികം വാങ്ങി എന്നതായിരുന്നു കാരണം. നൂറുദ്ദീനും മോയന്‍കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയും നിരപരാധികളായിരുന്നിട്ടും അവരുടെ മേല്‍ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട് ജയിലിലടച്ചു. നൂറുദ്ദീന്‍ സാഹിബിന്‍റെ താങ്ങും തണലുമായിരുന്ന അബ്ദുറഹിമാന്‍ സാഹിബ് ഈ അവസരത്തില്‍ രാജരക്ഷാ നിയമം 26-ാം വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്ത് വെല്ലൂര്‍ ജയിലില്‍ ഡെറ്റിന്യൂ ക്യാമ്പിലായിരുന്നു. അതുകൊണ്ട് ഇതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ സാധ്യമായില്ല.
ക്വിറ്റിന്ത്യ സമരകാലത്ത് ചില പ്രത്യേക രാഷ്ട്രീയ അടിയൊഴുക്കുകള്‍ നടന്നതിനെ തുടര്‍ന്നും അബ്ദുറഹിമാന്‍ സാഹിബിന്‍റെ അഭാവം കാരണം കോണ്‍ഗ്രസ്സ് പൊന്നാനി അങ്ങാടിയില്‍ നാമമാത്രമായി. ഒരു ജാഥ നയിക്കാനുള്ള അംഗബലം പോലും ഉണ്ടായിരുന്നില്ല. ഈ സമയത്ത് തുടരെ തുടരെ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് നുറുദ്ദീന്‍ പാര്‍ട്ടിയെ കെട്ടിപ്പടുത്തു. മുദ്രാവാക്യം വിളിയും പ്രസംഗവും ഗാനാലാപനവും ജയില്‍മോചിതനായി വന്ന അദ്ദേഹം ഒറ്റക്ക് നടത്തി. അക്കാലത്ത് ജാഥകളിലും പൊതുയോഗങ്ങളിലും ഗാനാലാപനം മുഖ്യ ഘടകമായിരുന്നു. തന്‍റെ ഇഷ്ട ശിഷ്യന്മാരില്‍പ്പെട്ട ഇ. കെ ഇമ്പിച്ചിബാവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് പൊന്നാനിയില്‍ കൂടുതല്‍ പ്രാസ്ഥാനികബന്ധം നൂറുദ്ദീന്‍ സാഹിബിനോടായി.
1945 ല്‍ മജിലിസുല്‍ ഉലമയുടെ സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തി. ഈ അവസരത്തില്‍ മൊയ്തു മൗലവിയുമൊന്നിച്ച് മദ്രാസ്സില്‍ ചെന്ന് ഗാന്ധിജിയുമായി അഭിമുഖം നടത്തി. യോദ്ധാവായി ജനിച്ച് യോദ്ധാവായി തന്നെ വിടപറഞ്ഞ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ അന്ത്യം 1945 നവംബര്‍ 24 ന് അര്‍ദ്ധരാത്രിയിലായിരുന്നു. ഈ വിയോഗത്തിന് ശേഷം നൂറുദ്ദീന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മെല്ലെ മെല്ലെ പിറകോട്ട് പോയി. എന്നിട്ടും തന്‍റെ അന്ത്യക്കാലത്ത് മുന്‍കൈയ്യെടുത്ത് പൊന്നാനിയില്‍ സംഘടിപ്പിച്ച സമ്മേളനം പ്രാദേശിക കോണ്‍ഗ്രസ്സ് ചരിത്രത്തില്‍ നിത്യസ്മരണീയമായി. അല്‍ അമീന്‍ സഹപത്രാധിപരും മികച്ച സംഘാടകനും ഉജ്ജ്വല പ്രാസംഗികനുമായിരുന്നു. 1956 ല്‍ 53-ാം വയസ്സില്‍ നിര്യാതനായി. തെരുവത്ത് പളളി പൂമുഖത്ത് അന്ത്യവിശ്രമം. കോടതിപ്പടിയില്‍ സ്മാരക സ്തൂപം കാണാം.
കെ.ജി. കരുണാകരമേനോന്‍, പി.ടി. മോഹനകൃഷ്ണന്‍, സി. ഹരിദാസ്, എം.പി. ഗംഗാധരന്‍, പി.ടി. അജയ്മോഹന്‍, വി. സെയ്തുമുഹമ്മദ് തങ്ങള്‍, യു. അബൂബക്കര്‍, എം.വി. ശ്രീധരന്‍ മാസ്റ്റര്‍, അഡ്വ: കെ.വി. രാമന്‍മേനോന്‍, കെ.വി. അബ്ദുറഹിമാന്‍കുട്ടി, ടി.കെ. അബ്ദുല്ലകുട്ടി, പ്രൊഫ. കടവനാട് മുഹമ്മദ്, ടി.കെ. ആലസ്സന്‍കുട്ടി, കാട്ടിലകത്ത് കാദര്‍, എം. രാമനാഥന്‍, കെ.സി. അഹമ്മദ്, തണ്ടാങ്കോളി കുഞ്ഞിമോന്‍, ആയിശക്കുട്ടി ടീച്ചര്‍, ഹംസ അണ്ണക്കമ്പാട്, ഇ. ബാലന്‍നായര്‍, മാന്തടം മൊയ്തീന്‍കുട്ടി, ആലങ്കോട് ഉണ്ണി, പി.രാമകൃഷ്ണന്‍, സി. ശിവശങ്കരന്‍ നായര്‍, എന്‍. ബാവു, എം.ബി. സണ്‍ ഹംസ, കെ.ബീരാന്‍, പി. അബ്ദുല്‍ അസീസ്, ഏച്ചു നായര്‍, പത്മനാഭമേനോന്‍, ബാലന്‍നായര്‍, അഡ്വ: പവിത്രന്‍, ആബിദ് തങ്ങള്‍, ടി.കെ. മുഹമ്മദ് അഷ്റഫ്, അഡ്വ. എന്‍.എ. ജോസഫ്, ജെ.പി. വേലായുധന്‍, കെ.പി.അബ്ദുല്‍ ജബ്ബാര്‍, എം. അബ്ദുല്‍ ലത്തീഫ്, നൈതല്ലൂര്‍ കുഞ്ഞിമോന്‍, കെ. അബ്ദുല്‍കാദര്‍, കുഞ്ഞികൃഷ്ണന്‍വൈദ്യര്‍, കെ.അബ്ദുറഷീദ്, കെ. ഇബ്രാഹിംകുട്ടി, ആലുണ്ണി, പി.ടി. മാമു, പി.എം. മൊയ്തീന്‍കുട്ടി, എം. കുഞ്ഞിമുഹമ്മദ്, യു. മുഹമ്മദ്കുട്ടി, ദര്‍ക്കാസ് മുഹമ്മദ്കുട്ടി, മൊയ്തീന്‍കുട്ടി സ്രാങ്ക്, വേലായുധന്‍നായര്‍, ദാമോദരന്‍ വൈദ്യര്‍, പുന്നയ്ക്കല്‍ സുരേഷ്, ജയപ്രകാശ്, എ. പവിത്രകുമാര്‍, അലി ചെറുവത്തൂര്‍ തുടങ്ങിയ പല പ്രമുഖരും കോണ്‍ഗ്രസ്സിനെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്ലാഘനീയ പങ്ക് വഹിച്ചു.