35. ഖാന്‍ സാഹിബ്
വി. ആറ്റക്കോയ തങ്ങള്‍
പ്രഥമ പഞ്ചായത്ത് പ്രസിഡന്‍റ്
ടിവി അബ്ദുറഹിമാന്കുട്ടി
alfaponnani@gmail.com
9495095336
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ പൊന്നാനിയേയും പരിസര പ്രദേശങ്ങളേയും പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ചാലകശക്തിയായി പാദമുദ്ര ചാര്‍ത്തിയ ഭരണാധികാരിയും സമുദായ നേതാവുമാണ് ഖാന്‍ സാഹിബ് വി. ആറ്റക്കോയ തങ്ങള്‍. വലിയ ജാറത്തിങ്കല്‍ 1884 ജനനം. 1907ല്‍ പൊന്നാനിയുടെ പ്രഥമ യൂണിയന്‍ (പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്‍റായി ബ്രിട്ടീഷ് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. അത് മുതല്‍ 1935 കളെ തുടര്‍ന്ന് ഒന്നുരണ്ടു വര്‍ഷം ഒഴികെ വര്‍ഷങ്ങളോളം പ്രസ്തുത പദവിയില്‍ തുടര്‍ന്നു. മലബാര്‍ ജില്ലയിലെ പാലക്കാട് ഡിവിഷനില്‍നിന്ന് 1912ല്‍ സര്‍ക്കാറില്‍ നിന്ന് ബഹുമാനമുദ്ര ലഭിച്ച ഏക മുസ്ലിം ഭരണാധികാരിയായിരുന്നു.
നഗര വികസനത്തിലും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിലും തീവ്രശ്രമങ്ങള്‍ നടത്തി. നാടിന്‍റെയും നാട്ടാരുടെയും പ്രശ്നങ്ങള്‍ക്ക് അക്ഷീണം പരിശ്രമിച്ചതിന്‍റെ ഫലമായി ആദരസൂചകമായി 1916ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഖാന്‍ സാഹിബ് പദവി നല്‍കി ആദരിച്ചു. പൊന്നാനി പട്ടണത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് അക്ഷീണം ശ്രമിച്ചു.
ടി.ഐ.യു.പി. സ്ക്കൂള്‍ സ്ഥാപിക്കുന്നതിലും മദ്രസ്സത്തുല്‍ ഉസ്മാനിയ (എം.ഐ.യു.പി. സ്ക്കൂള്‍) മഊനത്തുല്‍ ഇസ്ലാം സഭയെകൊണ്ട് ഏറ്റെടുപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. തറവാടുവക സ്ഥലം ദാനം ചെയ്തു സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഒരു ഗേള്‍സ് എലിമെന്‍ററി സ്ക്കൂള്‍ 1940കളില്‍ ജാറത്തിന് മുന്‍വശം സ്ഥാപിച്ചു. ഈ സ്ഥലത്താണിപ്പോള്‍ അന്‍സാറുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി മദ്രസ്സ പ്രവര്‍ത്തിക്കുന്നത്.
വി.പി.സി. തങ്ങളെ പൊതുരംഗത്ത് സജീവമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. പൊന്നാനി താലൂക്ക് ബോര്‍ഡ് മെമ്പര്‍, മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍, സഭയുടെ വൈസ് പ്രസിഡന്‍റ്. 1919 മുതല്‍ മരണംവരെ പ്രസിഡന്‍റ് തുടങ്ങി പല പല പദവികളും വഹിച്ചു. 1945 ഡിസംബറില്‍ ഇഹലോകവാസം വെടിഞ്ഞു.
ആറ്റക്കോയതങ്ങളുടെ സ്ഥാനാരോഹണത്തില്‍ കലക്ടര്‍ തോറണ്‍ സാഹിബ് ചെയ്ത പ്രസംഗം
പൊന്നാനിയില്‍ വെച്ച് ആറ്റക്കോയ തങ്ങള്‍ക്ക് ഖാന്‍ സാഹിബ് പദവി നല്‍കുന്ന അവസരത്തില്‍ മലബാര്‍ കലക്ടര്‍ തോറന്‍ സായിപ് (സാമൂതിരി എസ്റ്റേറ്റ് ) ചെയ്ത പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗം ഇങ്ങനെ:
ആറ്റക്കോയ തങ്ങളെ നിങ്ങളെല്ലാം നല്ലവണ്ണം അറിയുന്നതുകൊണ്ടു അദ്ദേഹം ചെയ്തിട്ടുള്ള പ്രവൃത്തികളെ കുറിച്ച് ഞാന്‍ അധികം പറയേണ്ടതില്ല. എന്നാല്‍ രണ്ടു സംഗതികളാണ് നിങ്ങളോട് വിശേഷിച്ച് എനിക്ക് പറയാനുള്ളത്.ആറ്റക്കോയ തങ്ങള്‍ അവര്‍കള്‍ക്ക് 32 വയസ്സ് പ്രായമെ ആയിട്ടുള്ളു. ഗവര്‍മ്മേണ്ടില്‍ നിന്ന് സ്ഥാനമാനങ്ങള്‍ കിട്ടീട്ടുള്ള ചെറുപ്പക്കാരില്‍ ഒരാളാണദ്ദേഹം.
ആറ്റക്കോയ തങ്ങള്‍ തുടങ്ങിയതുപോലെ മേലാലും പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ അദ്ദേഹത്തിന് മേലാലും വലിയ കാര്യങ്ങള്‍ കിട്ടുമെന്ന് ഞാന്‍ പറയുന്നു. മലയാം(മലബാര്‍) ജില്ലയിലെ യൂനിയന്‍ ചെയര്‍മാന്‍ (പഞ്ചായത്ത് പ്രസിഡണ്ട്) മാരില്‍ സന്നത് കിട്ടിയത് ഇദ്ദേഹത്തിന് മാത്രമാണ്. ഇയ്യിടെ അധികമായി നാം തദ്ദേശഭരണങ്ങളെ പറ്റി കേള്‍ക്കുന്നുണ്ട്.
ഒരു നഗരത്തിലെ ഭരണത്തിലെ പ്രധാന ഭാഗമായ ശുചീകരണം മുതലായത് ആ നഗരത്തിലെ പ്രധാനികളുടെ കയ്യിലിരിക്കുന്നത് ആവശ്യമാണെന്നതില്‍ നിങ്ങളും യോജിക്കുമല്ലൊ. അങ്ങിനത്തെ കാര്യങ്ങള്‍ നടത്തി അവരുടെ നാട്ടുകാര്‍ക്ക് ആറ്റക്കോയ തങ്ങളെ പോലെയുള്ള ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്ന പ്രധാനപ്പെട്ടവരോട് ഗവര്‍മെണ്ടിന്‍റെ നന്ദി എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.
സാധാരണയായി മലയാളത്തിലെ നാട്ടുപുറങ്ങളില്‍ ശുചീകരണം മുതലായ കാര്യങ്ങളില്‍ പക്ഷെ, അധികം ഏര്‍പ്പാടുകളില്‍ ചെയ്യേണ്ടതില്ല. സാധാരണയായി യൂനിയന്‍ (പഞ്ചായത്ത്) സ്ഥാപിക്കുന്നത് നാട്ടുക്കാര്‍ക്ക് സമ്മതമല്ലാ എന്നു ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ പൊന്നാനിയെപ്പോലെ ഇത്ര വളരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ശരിയായി നടത്തുന്നതായ യൂനിയന്‍ വേണ്ടതാണെന്നും, പൊന്നാനി യൂനിയന്‍ കൊണ്ടു വളരെ ഗുണം സിദ്ധിച്ചിട്ടുണ്ടെന്നും ഉള്ള അഭിപ്രായത്തില്‍ നിങ്ങള്‍ എല്ലാവരും എന്നോട് യോജിക്കുമായിരിക്കാം. ഇത് ഇങ്ങിനെ ഉണ്ടായിട്ടുള്ളത് അധികമായും ആറ്റക്കോയ തങ്ങളുടെ ശ്രമം കൊണ്ടാണെന്നും എന്നാല്‍ ഈ ഗുണങ്ങള്‍ ഉണ്ടായിട്ടുളളത് ആറ്റക്കോയതങ്ങളുടെ സഹായികളായ യൂനിയന്‍ മെമ്പര്‍മാരുടെ ഉത്സാഹം കൊണ്ടുള്ള ഫലമാണെന്നും ഉള്ളത് ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ യാതൊരു സഭയുടെയും അഭിവൃദ്ധിയോ ക്ഷയമോ അതാതിന്‍റെ ചെയര്‍മാന്‍റെയോ പ്രസിഡണ്ടിന്‍റെയോ ഗുണം കൊണ്ടുണ്ടാകുന്നതാണ്.
1912 മുതല്‍ ഇദ്ദേഹം ഒരു താലൂക്ക് ബോര്‍ഡ് മെമ്പറാണ്.ഇപ്പോള്‍ തങ്ങള്‍ ഒരു ഡിസ്ട്രിക്ട് ബോഡ് മെമ്പറാണ്. 1913 ലും ഈ കൊല്ലത്തിലും ഉണ്ടായ അഗ്നിബാധകളിലും യുദ്ധഫണ്ടിലേക്കും അദ്ദേഹം ചെയ്തിട്ടുള്ള ശ്രമങ്ങള്‍ നിങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. ഈ താലൂക്കില്‍ പലേ ദിക്കുകളിലും സഭകള്‍ കൂടി യുദ്ധത്തെപ്പറ്റിയുള്ള ശരിയായ വര്‍ത്തമാനങ്ങള്‍ എല്ലാവരെയും അറിയിച്ചിരിക്കുന്നു.
ആറ്റക്കോയ തങ്ങള്‍ വലിയ ജാറത്തിങ്കല്‍ ഉണ്ടായിട്ടുള്ള ഒരാളാണ്. ഈ തറവാട് പൊന്നാനിയിലും ഈ(മലബാര്‍) ജില്ലയിലും വളരെ കേള്‍വിപ്പെട്ട ഒരു തറവാടാണ്. അദ്ദേഹത്തിന്‍റെ ഒരു കാരണവര്‍ 1894 ല്‍ ഉണ്ടായ പാണ്ടിക്കാട് ലഹളയില്‍ ഗവര്‍മ്മേണ്ടിലേക്ക് വലുതായ ഒരു ഉപകാരം ചെയ്തിരിക്കുന്നു. ആ തറവാട് എപ്പോഴും രാജഭക്തിക്ക് ശ്രുതിപ്പെട്ടതാണ് ആറ്റക്കോയതങ്ങള്‍ തന്‍റെ പ്രവൃത്തികള്‍ നല്ലവണ്ണം ചെയ്തു തന്‍റെ തറവാടിന്‍റെ പേരിനെ നിലനിര്‍ത്തുകയും അതിന്നുന്നതമായ പ്രഭ ഉണ്ടാക്കയും ചെയ്തിരിക്കുന്നു.
അദ്ദേഹം യാതൊരാളുടെയും പക്ഷത്തിലും കൂടാതെ ഈ നഗരത്തിന്‍റെ നډക്കുവേണ്ടി പ്രവൃത്തി എടുക്കുന്ന സാമര്‍ത്ഥ്യം കൊണ്ടാണ് എനിക്കു പ്രത്യേകം സന്തോഷം. ഇദ്ദേഹം ഈ സ്ഥാനത്തെ അനുഭവിച്ചും, പുതിയ സ്ഥാനങ്ങളെ നേടുവാനും വേണ്ടി അധികകാലം ജീവിച്ചിരിക്കട്ടെ.
ഈക്കഴിഞ്ഞ ശനിയാഴ്ച 1912 സെപ്റ്റംബര്‍ 7 ന് വൈകുന്നേരം അഞ്ചേകാല്‍ മണിക്ക് കോഴിക്കോട്ട് ജൂബിലി ടൌണ്‍ ഹാളില്‍ കൂടിയ സദസ്സില്‍ വെച്ച് ചക്രവര്‍ത്തി മഹാരാജാവ് തിരുമനസ്സിന്‍റെ കിരീടധാരണം പ്രമാണിച്ച് മലയാം ജില്ലയില്‍ പലെ ഖണ്ഡങ്ങളിലേയും യോഗ്യډാര്‍ക്ക് ബഹുമാന മുദ്രകള്‍ സിദ്ധിക്കുകയുണ്ടായി. അവരുടെ പേരു വിവരം താഴെ ചേര്‍ത്തു കൊള്ളുന്നു.
കോഴിക്കോട് - മലയാം ആക്ടിങ്ങ് കലക്ടര്‍ മിസ്റ്റര്‍ സി.എ.ഇന്നിസ്സ്, അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മിസ്റ്റര്‍ സി.ജി.മെക്കെ ലഫ്ടനണ്ട് കര്‍ണ്ണല്‍ ജെ. ക്രിസ്റ്റി കല്‍പ്പനയിലിരിക്കുന്ന ഡിസ്ട്രിക്റ്റ് പോലീസ് സൂപ്രണ്ട് മിസ്റ്റര്‍ റോളാന്‍സന്‍, എക്സിക്യൂട്ടീവ് ഇഞ്ചിനീയര്‍ മിസ്റ്റര്‍ എ.കാമ്പല്‍ ഡിസ്ട്രിക്ട് മെഡിക്കല്‍ സാനിട്ടറി ആപ്സര്‍ ക്യാപ്ടന്‍ വില്‍കോപ്സ്, സാള്‍ട്ട് അബ്ക്കാരി അസിസ്റ്റാണ്ട് കമീഷണര്‍ മിസ്റ്റര്‍ ജോണ്‍സ്റ്റണ്‍, മിഷ്യന്‍ ഡോക്ടര്‍ സ്റ്റോക്കസ്, ഖജാന ഡിപ്യൂട്ടി കലക്ടര്‍ റാവു ബഹദൂര്‍ ജി.ടി വര്‍ഗീസ് നൂല്‍കമ്പനി മാനേജര്‍ റാവുബഹദൂര്‍ സോമസുന്ദരന്‍ ചെട്ട്യാര്‍ പെന്‍ഷന്‍ഡ് സബ്ബ് ജഡ്ജി ബി.കമ്മാരന്‍ നായരവര്‍കള്‍, കിമര്‍ഷ്യല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ റാവുസാഹിബ് എസ്.വൈദ്യനാഥയ്യരവര്‍കള്‍ ഹൈകോര്‍ട്ട് വക്കീല്‍ കെ.ശിവരാമയ്യരവര്‍കള്‍,മിസ്റ്റര്‍ ടി.ആര്‍ ഗ്രീന്‍ മുനിസിപ്പല്‍ ചേര്‍മാന്‍ ഒ.കൃഷ്ണന്‍ അവര്‍കള്‍, മുനിസിപ്പല്‍ സിക്രട്ടറി ജി.സക്കറിയ അവര്‍കള്‍തലശ്ശേരി കല്‍പ്പനിയിലിരിക്കുന്ന ഡിസ്ട്രിക്ട് ജഡ്ജ് മിസ്റ്റര്‍ എഫ് ബി.ഇവന്‍സ് സബ്ബ് കലക്ടര്‍ വി.പാണ്ഡുറങ്കറാവു അവര്‍കള്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായരവര്‍കള്‍ ഗവര്‍മേണ്ട് വക്കീല്‍ ടി.സി നാരായണകുറുപ്പവര്‍കള്‍ കണ്ണൂര് മുനിസിപ്പല്‍ ചേര്‍മ്മാന്‍ ടി. കൃഷ്ണന്‍ അവര്‍കള്‍ തലശ്ശേരി മുനിസിപ്പല്‍ സിക്രട്ടറി എ ചാത്തു അവര്‍കള്‍ വടകര യൂണിയന്‍ ചെയര്‍മാന്‍ ഡോക്ടര്‍ എം.അപ്പുമേനോന്‍ കടത്തനാട്ട് ആയഞ്ചേരി കോവിലകത്ത് ശങ്കരവര്‍മ്മ രാജാവര്‍കള്‍ പെന്‍ഷന്‍ഡ് ഡിപ്യൂട്ടി കലക്ടര്‍ പി. കരുണാകരമേനോന്‍ അവര്‍കള്‍.
മലപ്പുറം - ഡിവിഷനല്‍ ആപ്സര്‍ കെ.കുഞ്ഞിരാമന്‍ അവര്‍കള്‍, മങ്കട കോവിലകത്ത് കൃഷ്ണവര്‍മ്മരാജാവവര്‍കള്‍ ഒളപ്പമണ്ണ മനക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടവര്‍കള്‍, ചേമഞ്ചേരി മനക്കല്‍ ഭാസ്ക്കരന്‍ നമ്പൂതിരിപ്പാടവര്‍കള്‍ (ഇപ്പോള്‍ തീപ്പെട്ടുപോയിരിക്കുന്നു)
പാലക്കാട് - ഇപ്പോള്‍ വേറെ പ്രവൃത്തിയിലിരിക്കുന്ന ഡിവിഷനല്‍ ആപ്സര്‍ മിസ്റ്റര്‍ ഇ.എഫ്. തോമാസ് ഇപ്പോഴത്തെ ഡിവിഷണല്‍ ആപ്സര്‍ മിസ്റ്റര്‍ ഹാള്‍, സബ്ബ് ജഡ്ജ് വി.കെ ദേശികാചാരി അവര്‍കള്‍ വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാല്‍ മിസ്റ്റര്‍ ഡേവി, കണ്ണമ്പ്ര രാമനുണ്ണി വലിയ നായരവര്‍കള്‍ , പൊന്നാനി വലിയ ജാറത്തിങ്കല്‍ അയിദ്രോസ്സ് ആറ്റുക്കോയ തങ്ങള്‍ അവര്‍കള്‍ , അപ്പോത്തിക്കരി റാവു സാഹിബ് കൃഷ്ണന്‍ അവര്‍കള്‍ പെന്‍ഷന്‍ണ്ട് സബ്ബ് ജഡ്ജി യു അച്ചുതന്‍ നായര്‍ അവര്‍കള്‍കൊച്ചി ഡിപ്യൂട്ടി കലക്ടര്‍ മിസ്റ്റര്‍ ജെ.എല്‍ ജേക്സ് മുനിസിപ്പല്‍ ചേര്‍മ്മാന്‍ മിസ്റ്റര്‍ ആത്മാരാമ ലക്ഷമണ ക്ഷര്‍ഗോക്കര്‍ ,കാടാങ്കണ്ടി കുട്ടി അഹമ്മദ് ഹാജി അവര്‍കള്‍
വയനാട് : ഡിവിഷനല്‍ ആപ്സര്‍ മിസ്റ്റര്‍ എല്‍.എ.കമിയാഡ് , മിസ്റ്റര്‍ സി.ഇ അബട്ട്