പൊന്നാനി പേരും പെരുമയും

HIstory Of Ponnani In Malayalam





പൊന്നാനി 
12. പേരും പെരുമയും

ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
9495095336

പൊന്നാനി അതിപ്രാചീന തുറമുഖ പട്ടണമായതിനാല്‍ ഈ നാടിന് പേര് സിദ്ധിച്ചതിനെ കുറിച്ച് സ്ഥലനാമ ചരിത്ര ഗവേഷകډാര്‍ പല രീതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

പൗരാണിക കാലം മുതല്‍ അറബികളും പേര്‍ഷ്യക്കാരും മറ്റു വിദേശികളും വ്യാപാരത്തിനായി   ഇവിടെ വന്നിരുന്നു. അവര്‍ അക്കാലത്തെ നാണയമായ പൊന്‍നാണയം ആദ്യമായി പ്രചരിപ്പിച്ചു. പൊന്‍നാണയത്തിന്‍റെ പരിവര്‍ത്തിത രൂപം-പൊന്നാനി. 
പൊന്നിന്‍റെ അവനി (ലോകം) = പൊന്നാനി

അറബികള്‍ ഫൂനാനിയെന്നും മലബാര്‍ മാനുവല്‍ പൂനാനിയെന്നും പ്രയോഗിച്ചു. ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പൊന്നാനയെ നടയിരുത്തിയിരുന്നു. പൊന്നാന ദര്‍ശനം നടന്നിരുന്ന ദേശം-പൊന്നാനി. 
പൊന്നന്‍ എന്ന നാടുവാഴി ഭരിച്ച ദേശം-പൊന്നാനി.

പൊന്‍വാനിയുടെ ദാനം

വാനിയെന്ന തമിഴ് പദത്തിനുള്ള അര്‍ത്ഥങ്ങളില്‍ ഒന്നാണ് പുഴ. കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന സ്ഥാനമുള്ള മലയാളിയുടെ നദിയായ നിളയില്‍  അഴിമുഖത്തുവെച്ച് ആതവനാടില്‍നിന്ന് ഒഴുകിയെത്തുന്ന തിരൂര്‍, പൊന്നാനി പുഴ പതിക്കുന്നു. ഈ ദ്വിവാനി (ദ്വിവേണി) സംഗമം അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ഏറ്റ് പൊന്‍പുഴയായി മാറുന്നു. പൊന്‍വര്‍ണ്ണമാകുന്ന പൊന്‍+വാനി - പൊന്‍വാനി= പൊന്നാനി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പല രേഖകളിലും പൊന്നാനി വായ്ക്കല്‍ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി. 
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് മുറജപം കഴിഞ്ഞുവരുന്ന നമ്പൂതിരിക്ക് സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ആനക്കുട്ടിയെ ദക്ഷിണയായി കിട്ടി. വഴിയരികില്‍  വിശ്രമത്തിനിടെ നമ്പൂതിരി ആനക്കുട്ടിയെ ഒരിടത്ത് വെച്ചു. അതുവഴി വന്ന പാക്കനാര്‍ കുസൃതിയായി നമ്പൂതിരിയോട് പറഞ്ഞു. ചത്ത ജന്തുക്കളുടെ  അവകാശം ഞങ്ങള്‍ക്കാണ്. അതിങ്ങു തരണം. നമ്പൂതിരിക്ക് വലിയ സങ്കടമായി, കരച്ചിലായി. സംഘത്തിന്‍റെ നേതൃ സ്ഥാനിയായ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ആനയെ വാങ്ങി. കൂടി നിന്നിരുന്ന മാലോകര്‍ കാണെ നിലത്തുവെച്ച് ആജ്ഞാപിച്ചു. നടക്കാനേ ഉടന്‍ ആന നടന്നു; പൊന്നിന്‍റെ ആന നടന്നയിടം പൊന്‍+ആന=പൊന്നാന, പിന്നീടത് പൊന്നാനിയായി എന്നാണ് മറ്റൊരു കഥ. തുടങ്ങി പല ഐതീഹ്യവും ചരിത്രവും ഈ നാടിന്‍റെ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട് വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്.