11. സെന്‍റ് ആന്‍റണീസ് ചര്‍ച്ചും മാർതോമ പള്ളിയും
ടിവി അബ്ദുറഹിമാന്കുട്ടി
9495095336
യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍പ്പെട്ട സെന്‍റ്തോമസ് എ.ഡി. 52 ല്‍ ആദ്യത്തെ തുറമുഖമായ മുസരീസി (കൊടുങ്ങല്ലൂര്‍) നടുത്ത മാലിയങ്കരയില്‍ കപ്പലിറങ്ങി. ഇന്ത്യയില്‍ ക്രിസ്തുമതത്തിന്‍റെ വിത്തുപാകിയത് ഇദ്ദേഹമാണ്. കൊടുങ്ങല്ലൂര്, കൊല്ലം, പറവൂര്‍ (കോട്ടക്കാവ്), പാലയൂര്‍, കൊക്കോമംഗലം, നിരണം, നിലയ്ക്കല്‍ എന്നീ ഏഴ് പ്രദേശങ്ങളില്‍ ചര്‍ച്ച് സ്ഥാപിച്ചു. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി പല ഗോത്ര തലവന്മാരും ക്രിസ്തുമതം സ്വീകരിച്ച് കൊച്ചുകൊച്ചു പള്ളികള്‍ സ്ഥാപിച്ച് വളര്‍ച്ചയ്ക്ക് ആരംഭംക്കുറിച്ചു. അദ്ദേഹം ചെന്നൈ മൈലാപ്പൂരില്‍ വെച്ച് രക്തസാക്ഷിയായത് എ.ഡി. 72 ലാണത്രെ. തുടര്‍ന്ന് കേരളത്തില്‍ ക്രിസ്തുമതത്തിന്‍റെ വളര്‍ച്ച സ്തംഭനാവസ്ഥയിലായി. തന്മൂലം രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ എണ്ണം എട്ടായി ചുരുങ്ങി. ഇക്കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികള്‍ സഭയുടെ കീഴില്‍ സംഘടിതരായിരുന്നില്ല. പ്രാദേശിക നേതൃത്വത്തിന്‍ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
എ.ഡി. 350 ല്‍ ഇവിടെ വന്ന സിറിയന്‍ വ്യാപാരിയായ കാനാ സ്വദേശി തോമസ് (കാനായി തോമ), അക്കാലത്ത് ക്രിസ്ത്യാനികളുടെ ഇവിടത്തെ ദയനീയാവസ്ഥ ഗ്രഹിച്ച് സ്വദേശത്ത് മടങ്ങിച്ചെന്ന് ക്രിസ്തീയ മേലദ്ധ്യക്ഷന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തന്മൂലം അദ്ദേഹം മലയാളക്കരയിലേക്ക് തിരിച്ച് വരുന്ന അവസരത്തില്‍ അന്തോക്യായിലെ പാത്രിയാക്കീസ് മാര്‍ ഔസോപ്പ് ബിഷപ്പിനേയും പാതിരിമ്മാരേയും എഴുപത്തിരണ്ട് കുടുംബങ്ങളിലായി നാനൂറ് ക്രിസ്ത്യാനികളെയും ഇങ്ങോട്ടയച്ചു. അന്ന് രാജ്യം വാണിരുന്ന ഭരണാധികാരി അവരെ സൗഹാര്‍ദ്ദപൂര്‍വ്വം സ്വീകരിച്ച് കൊടുങ്ങല്ലൂരില്‍ കുടിയിരുത്തി വിശ്വാസത്തിന് സംരക്ഷണം കൊടുത്തു. ചില വിശേഷാല്‍ അധികാരങ്ങളും ബഹുമതികളും നല്‍കി. തല്‍ഫലമായി ക്രിസ്തുമതം ക്രമാനുഗതമായി കേരളക്കരയില്‍ വളര്‍ന്നു. അന്തോക്യയില്‍നിന്നും ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയില്‍നിന്ന് വലിയൊരു സംഘം ക്രിസ്ത്യാനികള്‍ (നെസ്തോറിയര്‍) കൊല്ലത്തുവന്നപ്പോള്‍ അവര്‍ക്കും അന്നത്തെ ഭരണാധികാരികളും തദ്ദേശീയരും അവസരോചിതമായ സ്വീകരണങ്ങളും ആദരങ്ങളും നല്‍കി. വേണാട് അധിപനായിരുന്ന അയ്യനടികള്‍ തിരുവടികളുടെ എ.ഡി. 849 ല്‍ തെരിസാപ്പള്ളി ശാസനത്തില്‍ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്.
അക്കാലത്ത് പേര്‍ഷ്യന്‍ സഭയും ഭാരതസഭയും മാര്‍ത്തോമ ചൈതന്യത്തിലധിഷ്ടിതമായായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സുറിയാനി ആരാധനാക്രമങ്ങളായിരുന്നു ഇരു സഭകളിലും അനുഷ്ടിച്ചിരുന്നത്. പിന്നീട് വന്ന ക്രിസ്ത്യാനികളും ആദ്യമേ ഇവിടെ താമസമാക്കിയ ക്രിസ്ത്യാനികളും സഭയുടെ വളര്‍ച്ചയ്ക്ക് സഹകരിച്ച് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേരളാ ക്രിസ്ത്യാനികളുടെ ആദ്ധ്യാത്മിക ഭരണം പേര്‍ഷ്യന്‍ ബിഷപ്പുമാരുടെ അധീനത്തിലായി.
1498ല്‍ പോര്‍ച്ചുഗീസ്സുകാരുടെ ആഗമനംവരെ ഇത് തുടര്‍ന്നു ക്രമേണ ക്രിസ്തീയ വിഭാഗം ചില പരിഷ്കരണങ്ങള്‍ക്ക് വിധേയമായി. 1580ല്‍ പോപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഇന്ത്യയിലെത്തിയ ബിഷപ്പ് റവ.ഡോ. അലക്സീസ് മെനസീസ് കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ച് ആരാധനാരീതികള്‍ ഗ്രഹിച്ചു. ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളെ ലാറ്റിനീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. അക്കാലത്ത് ഭാരതത്തില്‍ 75 ക്രിസ്ത്യന്‍ പള്ളികളെ ഉണ്ടായിരുന്നുള്ളു.
1599 ജൂണ്‍ 20 ന് എറണാംകുളം ജില്ലയിലെ ഉദയംപേരൂരില്‍ പോപ്പിന്‍റെ നിര്‍ദ്ദേശാനുസരണം ഗോവ ആര്‍ച്ച് ബിഷപ്പായി പദവിയേറ്റ റവ. മെനസസിന്‍റെ നേതൃത്വത്തില്‍ ആരാധനകളിലും ആചാരങ്ങളിലും സമൂലമാറ്റത്തിന് ആരംഭംക്കുറിച്ച സുനഹദോസ് ചേര്‍ന്നു. കേരളാ സംസ്ക്കാരവുമായി ബന്ധപ്പെട്ട ആരാധനാകര്‍മ്മങ്ങള്‍ പരിഷ്ക്കരിച്ചു. അതുവരെ കേരളത്തിലെ ചര്‍ച്ചുകളില്‍ കുരിശുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശുദ്ധ രൂപങ്ങളുംകൂടി പ്രതിഷ്ഠിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കേരളത്തിലെ പള്ളികളില്‍ വിശുദ്ധ രൂപങ്ങള്‍വെച്ച് ആരാധന ആരംഭിച്ചതും വിശുദ്ധരുടെ നാമത്തില്‍ പള്ളികള്‍ അറിയപ്പെടാന്‍ തുടങ്ങിയതും സുനഹദോസിനെ തുടര്‍ന്നാണ്. സുനഹദോസിന് മുമ്പ് ഇവിടത്തെ ക്രിസ്ത്യാനികള്‍ പലയിടത്തും ഹൈന്ദവരുടെ ആചാരങ്ങളും അനുഷ്ടിച്ചിരുന്നു.
1800ല്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ ലണ്ടന്‍ മിഷ്യന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷ്യന്‍ സൊസൈറ്റി മദ്ധ്യകേരളത്തിലും സ്വിറ്റ്സര്‍ലാന്‍റിലെ ബാസല്‍ നഗരം ആസ്ഥാനമായുള്ള ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷ്യന്‍ (ബി.ഇ.എം.) മലബാറിലും മിഷ്യണറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബാസല്‍ മിഷ്യണറീസ് മലബാറില്‍ സ്ക്കൂളുകള്‍ സ്ഥാപിക്കുന്ന സമയത്ത് 1880കളില്‍ പൊന്നാനിയില്‍ സ്ഥാപിച്ച ബി. ഇ. എം. സ്ക്കൂളാണ് ഇവിടത്തെ പ്രഥമ ക്രിസ്തീയ സ്ഥാപനം. ആദ്യകാലത്ത് ഈ സ്ക്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു കത്തോലിക്കാ ഇതര വിഭാഗത്തിന്‍റെ ആരാധനകള്‍ നടന്നിരുന്നത് വര്‍ഷങ്ങളോളം തുടര്‍ന്നു.
ഏഴ് പ്രേഷിത ഇടങ്ങളില്‍ ഒന്നായ പഴയ പൊന്നാനി താലൂക്കിലെ ചാവക്കാട് പാലയൂര്‍ (പാലൂര്) പള്ളിക്ക് കീഴില്‍ മേനാച്ചേരി യോഹന്നാന്‍ മെത്രാന്‍റെ ആശീര്‍വാദത്തോടെ 1907ല്‍ ചാണയില്‍ നിര്‍മ്മിച്ച ചര്‍ച്ചാണ് ഇവിടത്തെ പ്രഥമ ക്രിസ്തീയ ദേവാലയം. ചില പ്രത്യേക സാഹചര്യങ്ങളാല്‍ 1919ല്‍ ഈ ദേവാലയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു. പിന്നീട് തൃശ്ശൂര്‍ അതിരൂപതാ മെത്രാനായ വാഴപ്പിള്ളി ഫ്രാന്‍സിസ് മെത്രാന്‍റെ അനുമതിയോടെ അഞ്ചുണ്ണി പാലത്തിന് സമീപം 1928ല്‍ പുതിയൊരു പള്ളിക്ക് ശിലയിട്ടു. 1931 സെപ്തംബര്‍ 21 ന് അതിന്‍റെ വെഞ്ചിരിപ്പ് കര്‍മ്മം നടന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന പുണ്യാളനായ സെന്‍റ് ആന്‍റണീസിന്‍റെ നാമധേയത്തിലുള്ള ഇപ്പോഴത്തെ പൊന്നാനി സെന്‍റ് ആന്‍റണീസ് ചര്‍ച്ച്. പാലയൂര്‍ ഫെറോനാ പള്ളിയുടെ കീഴിലുള്ള പതിനാല് പള്ളികളില്‍ ഒന്നാണിത്.
ആദ്യത്തെ വികാരി ഫാദര്‍ ഇഗ്നേഷ്യസ് മഞ്ഞലിയാണ്. തുടര്‍ന്ന് പൊന്നാനി ഒരു ഇടവകയായി ഉയര്‍ത്തി. തൃശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ മലപ്പുറം ജില്ലയുടെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ഇടവകയുടെ പരിധിയില്‍ പൊന്നാനി താലൂക്ക് മുഴുവനായും പട്ടാമ്പി താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളും ഉള്‍പ്പെടും. ഇടവകയുടെ പരിധിയില്‍ നൂറിലധികം ക്രിസ്തീയ കുടുംബങ്ങള്‍ വസിക്കുന്നു. ഞായറാഴ്ചകളില്‍ ദിവ്യബലിക്ക് ധാരാളം വിശ്വാസികള്‍ പങ്കെടുക്കുന്നു. ആരാധനാ രീതികള്‍ മലയാളത്തിലാണ്. 1975ലാണ് ചര്‍ച്ച് പുതുക്കിപ്പണിതത്. ആത്മീയ പുരോഗതി ലക്ഷ്യംവെച്ച് ചര്‍ച്ചിനോടനുബന്ധിച്ച് വിജയമാതാ കോണ്‍വെന്‍റ് പ്രവര്‍ത്തിക്കുന്നു. പള്ളിയുടെ ആള്‍ത്താരയും പുറത്തുള്ള കപ്പേളയും 2005ല്‍ നവീകരിച്ചു. വേദപഠന ക്ലാസ്സുകളും നടന്നുവരുന്നുണ്ട്. ഇപ്പോള്‍ പള്ളി അങ്കണത്തില്‍ സെമിത്തേരിയുമുണ്ട്. 1975ല്‍ നഴ്സറി സ്ക്കൂളായി ആരംഭിച്ച വിജയമാതാ സ്ക്കൂള്‍ 1995ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി.
മാര്‍ത്തോമ ചര്‍ച്ച്
മാര്‍ത്തോമ വിഭാഗം വിശ്വാസികള്‍ക്കായുള്ള ദേവാലയത്തിന്‍റെ ശിലാസ്ഥാപനം ഏ. വി. ഹൈസ്ക്കൂളിന് സമീപം 1979 ജനുവരി 10ന് ഈശോ മാര്‍തിമത്തിയോസ് നിര്‍വ്വഹിച്ചു. ഒരു ലക്ഷത്തിഇരുപതിനായിരത്തോളം രൂപയാണ് അന്നത്തെ നിര്‍മ്മാണ ചിലവ്. 1980 ആഗസ്റ്റ് 15ന് അതിന്‍റെ കൂദാശയും നിര്‍വ്വഹിച്ചു. പൊന്നാനി മുന്‍സിഫ് മജിസ്ട്രേറ്റായിരുന്ന ജെ.ദേവദാനം ആയിരുന്നു ഇതിന്‍റെ പ്രധാന ചാലകശക്തി. കുന്ദംകുളം മലബാര്‍ ഭദ്രാസനത്തിന്‍റെ കീഴിലാണ് ചര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. പഴയ രീതിയിലാണ് ആരാധനകള്‍ നടന്നുവരുന്നത്. കുരിശ് അല്ലാതെ മറ്റു പ്രതിഷ്ഠകളൊന്നും ചര്‍ച്ചിലില്ല. ഇതിനോടനുബന്ധിച്ച് 1984ല്‍ ഡേകെറായി ആരംഭിച്ച സ്ഥാപനം 1994ല്‍ എല്‍.പി. സ്ക്കൂളായി ഉയര്‍ത്തി. സ്കൂളിന് അംഗീകാരമുണ്ട്. പൊന്നാനിയില്‍ കൂടുതലുള്ളത് റോമന്‍ കത്തോലിക്ക വിശ്വാസികളാണ്. സി.എസ്.ഐ, ഓര്‍ത്തോഡോക്സ്, പെന്തോക്കോസ്റ്റ് തുടങ്ങിയ വിഭാഗങ്ങളും ഇവിടെയുണ്ട്.