ചില നാട്ടു വിശേഷങ്ങള്‍ വീട്ടു വിശേഷങ്ങള്‍ - Ponnani Culture



പൊന്നാനി

3. ചില നാട്ടു വിശേഷങ്ങള്‍ വീട്ടു വിശേഷങ്ങള്‍


ടി വി അബ്ദുറഹിമാൻ കുട്ടി 
alfaponnani@gmail.com
9495095336

    പൊന്നാനിയുടെ ഭൂപ്രകൃതി, വീട്ടു നടപ്പ്, നാട്ടു നടപ്പ്, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ അറിയുന്തോറും കൂടുതല്‍ ആകാംക്ഷയുളവാക്കുന്നതാണ്. മാമലകളും മരതകക്കുന്നുകളും കാനനച്ചോലകളും അപ്രാപ്യമാണെങ്കിലും പുഴകള്‍, കനാല്‍, കായല്‍, കടല്‍, ഇടത്തോടുകളാല്‍ അനുഗ്രഹീതമാണിവിടം. ഇവ നാടിന്റെ പ്രകൃതി‘ഭംഗിക്ക് മാറ്റു കൂട്ടുന്നു. വലിയ പളളിക്ക് കിഴക്ക് കനോലികനാല്‍ പാലം കടന്നെത്തുന്ന പ്രദേശങ്ങള്‍ ഒരു കാലത്ത് തെങ്ങിന്‍തോപ്പുകളും നെല്‍വയലുകളും വാഴത്തോട്ടങ്ങളും നിറഞ്ഞ തീരമായിരുന്നു.
    പൊന്നാനി പൗരാണിക കാലം മുതല്‍ തന്നെ പ്രസിദ്ധമായൊരു തുറമുഖപട്ടണവും വാണിജ്യ കേന്ദ്രവുമായതിനാല്‍ തദ്ദേശീയരില്‍ പലരും വ്യവസായികളും ധനാഢ്യരും ജന്മികളുമായിരുന്നു. അയല്‍ദേശങ്ങളിലെ പല ഭൂമികളുടെയും ഉടമസ്ഥര്‍ ഇവിടത്തുകാരായിരുന്നു. ഫ്രാന്‍സിസ് ബുക്കാനനും വില്യംലോഗനും ഈ വസ്തുത സ്ഥിരീകരിക്കുന്നു. പള്ളികള്‍, വീടുകള്‍, പാണ്ടികശാലകള്‍, പീടികകള്‍, ഗുദാമുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഈ പൈതൃകം മികച്ചു നിന്നു. മരുമക്കത്തായ വ്യവസ്ഥകള്‍ക്കും കൂട്ടുകുടുംബ സംവിധാനത്തിനും അനുയോജ്യമായ രീതിയിലായിരുന്നു പഴയ തറവാടുകളുടെ നിര്‍മാണം
    വിശാലമായ പുരയിടം. പടിപ്പുര, വരാന്ത, പൂമുഖം, അകം, വടക്കിനി, തെക്കിനി, കിഴക്കിനി, പടിഞ്ഞാറ്റ, വീടുനിറയെ വായും വെളിച്ചവും കിട്ടാന്‍ നിലത്ത് കരിങ്കല്‍ പാളികള്‍, ആകാശത്തേക്ക് തുറന്ന നടുമുറ്റം, വിവിധ അറകള്‍, അഞ്ചാമ്പുര, അടുക്കള, കോലായ ഇതാണ് പഴയ ഹൈന്ദവ നാലുകെട്ടിന്റെ താഴെ നിലയുടെ മാതൃക. പടിപ്പുര കടന്നാല്‍ പത്തായപുര. ഇവിടെയാണ് കാരണവരും ഭാര്യയും (അമ്മാവനും അമ്മായിയും) താമസിച്ചിരുന്നത്. കാരണവരുടെ ഭാര്യ എന്ന നിലക്ക് അമ്മായിക്ക് പ്രത്യേക പദവി ലഭിച്ചിരുന്നു. പക്ഷേ അത് അമ്മാവന്റെ മരണംവരെ മാത്രം. നാലുകെട്ടിനകത്ത് സ്ത്രീകള്‍ക്കു മാത്രമാണ് സഹവാസം യുവതികള്‍ അധികവും നാലുകെട്ടിനകത്തും. ഇതാണ് അന്നത്തെ കീഴ്‌വഴക്കം. പുരുഷന്മാര്‍ ആവശ്യസമയത്തേ ഇവിടെ പ്രവേശിക്കൂ. ചില വീടുകള്‍ക്ക് രണ്ടാംനിലയും ഉണ്ടാകും. ആഢ്യത്വത്തിലും കുലീനതയിലും മികച്ചു നിന്ന ഇതേ മാതൃകയിലുള്ള വസതികള്‍ പൊന്നാനിയുടെ പല ഭാഗങ്ങളിലും മൂന്നു പതിറ്റാണ്ടു മുമ്പുവരെ ഉണ്ടായിരുന്നു. ഇന്നും പൈതൃക തനിമയോടെ സംരക്ഷിക്കുന്ന നാലുകെട്ടുകളാണ് കടവനാട് ഹരിഹരമംഗലം വാര്യന്‍മാരുടെ കീഴൂര്‍ തൃക്കാവിലെ കാരംകുന്നത്ത് അമ്പിളിപറപ്പ് കോഴിക്കോട്ട് അകത്തിട്ട വളപ്പില്‍(കോഴിത്താതറ) പുത്തന്‍പുരയില്‍ തറവാടുകള്‍
ഗുജറാത്തി സേഠുമാരുടെയും മറ്റു വിഭാഗങ്ങളുടെയും കുലീനതയുടെ മുഖമുദ്രയണിഞ്ഞ ഭവനങ്ങളും ഇവിടെയുണ്ട്. പൊന്നാനി പരിസരത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് വിശാലമായ പച്ച പുതച്ച നെല്‍വയലുകള്‍ക്കരികെ പടിപ്പുരയും കൂറ്റന്‍ പത്തായപ്പുരയും അപ്പുറത്ത് മറ്റൊരു പത്തായപ്പുരയും കുടുംബക്ഷേത്രവും ശ്രീകോവിലും‘ഭഗവതി കുടിയിരിപ്പ് ഇടങ്ങളും തട്ടിന്മുകളും ആമ്പല്‍ക്കുളവും കല്‍പടവുകളും കുളിപ്പുരയുമുള്ള അപൂര്‍വം എട്ടുകെട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.

    സാംസ്‌കാരിക സമന്വയമൊ ആത്മബന്ധമൊ അനുകരണമൊ പൈതൃക പരിവര്‍ത്തനമൊ പൗരാണിക തച്ചുശാസ്ത്ര കരവിരുതൊ ഇങ്ങനെ പലതു കൊണ്ടുമാകാം ഏതാണ്ട് നാലുകെട്ടിനോട് സാദൃശ്യമുള്ള അമ്പതിലധികം മുസ്‌ലിം ഭവനങ്ങള്‍ പൊന്നാനി നഗരത്തിലുണ്ടായിരുന്നു. പലതും ഇന്നില്ല. ഇവിടത്തെ ചില ഇടവഴികളും കുടുസ്സായിരുന്നുവെങ്കിലും പല വീടുകളുടെയും അകം മറ്റു പ്രദേശങ്ങളിലെ വീടുകളെക്കാള്‍ വിശാലവും സൗകര്യപ്രദവുമായിരുന്നു.

    പടിപ്പുര-മുറ്റം-പടാകോലായ്-പടാപ്പുറം-നട-അകത്തളം-ചുറ്റുകോലായ്-മൂന്നുഭാഗത്തും ഉയരത്തിലുള്ള കൊട്ടിലുകള്‍-മണ്ടകം-പുറമണ്ടകം-അറകള്‍-കൊട്ടിലില്‍ നിന്നിറങ്ങുന്ന വരാന്ത-മുറ്റം-ചായ്പ്പ്-കോലായ്, നാലുകെട്ടിനോട് സാമ്യമുള്ള ഇത്തരം വീടുകളെ നാലകം (നാലോകുടി) എന്നു വിളിക്കും. ഒന്നാം നിലയും ചിലതിന് രണ്ടാം നിലയുമുണ്ട്. പടിപ്പുര ഇല്ലാത്ത വീടുകളുമുണ്ട്.
നാലുകെട്ടിനോടുള്ള രൂപസാദൃശ്യം പോലെ തന്നെ പല വീടുകളുടെയും പേരുകളില്‍ പൂര്‍വിക കുലീനതയുടെയും കുടുംബമഹിമയുടെയും അടയാളങ്ങള്‍ കാണാം.
    ഒരേ കോലായയില്‍ ഒന്നിലധികം വീടുകളും ഇവയെ വേര്‍തിരിക്കാന്‍ ഇടമുറ്റമുള്ള വീടുകളുമുണ്ട്. വലിയ ജാറം-തറീക്കാനകം-കോയമുസ്‌ലിയാരകം-വെട്ടം വീട്-കോടമ്പിയകമെന്ന സൈതാമാക്കാനകം തുടങ്ങിയ ഇത്തരം വീടുകള്‍ ഇതിനകം പൊളിച്ചുമാറ്റുകയോ രൂപഭേദപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പലതും പൗരാണിക തനിമയോടെ നിലനില്‍ക്കുന്നു.
ഗതകാല പ്രതാപത്തിന്റെ സ്മാരകങ്ങളായ പല വീടുകളും ഇവിടെയുണ്ട്. ചിലത് പഴമയുടെയും പുതുമയുടെയും സംഗമമായി നിലകൊള്ളുന്നു.
    കോട്ടപോയുള്ള കല്ലറക്കല്‍ രായിച്ചിന്റകത്തെ (കാപ്പട്ടാളം) നീളമുള്ള കോലായ, കോണി, തട്ടിന്‍ മുകളില്‍ വിശാലമായ വരാന്ത തുടങ്ങി അതിനൊത്ത സംവിധാനമുള്ള വീടുകളും കുറവല്ല. ധാരാളം മര സാമഗ്രികളുടെയും കൊത്തുപണികളുടെയും സംഗമമാണീ ഭവനങ്ങള്‍. നിര്‍മാണാരംഭത്തില്‍ ചെങ്കല്‍പൊടിയില്‍ കുമ്മായം ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചുള്ള ചുമരുകള്‍, തറയോട് പതിച്ചതോ വെള്ള കുമ്മായമോ സിമന്റോ തേച്ചതായ തറകള്‍, മരം കൊണ്ടുള്ള സീലിങ്, മെഷിന്‍ ഓട് കൊണ്ടുള്ള മേല്‍പ്പുര ഇവയായിരുന്നു മറ്റു പ്രത്യേകതകള്‍. ചില വീടുകള്‍ക്ക് കല്‍തൂണുകളുമുണ്ട്. പൗരാണിക പോര്‍ച്ചുഗീസ് പാരമ്പര്യ തനിമയുള്ള പോര്‍ട്ടിക്കോയും ദൃശ്യ ഭംഗിയും അലങ്കാര പണികളുമുള്ള അപൂര്‍വം വസതികളുമുണ്ടായിരുന്നു.
            ആദ്യമൊക്കെ മിക്ക വീടുകളുടെയും പള്ളികളുടെയും മേല്‍ക്കൂര ഓലയായിരുന്നു. ക്രമേണ പലതും പാത്തി ഓടിലേക്കും മെഷിന്‍ ഓടിലേക്കും രൂപഭേദം വന്നു. അങ്ങാടിയിലിപ്പോള്‍ ഓലപുരകള്‍ നാമമാത്രമാണ്. ഇവിടത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് വീടിനെ വെണ്‍മാടം എന്നുവിളിച്ചു. ഭൂപരിഷ്‌കരണ നിയമങ്ങള്‍ കേരളത്തില്‍ അധഃസ്ഥിത വിഭാഗത്തെ കൈപിടിച്ച് ഉയര്‍ത്തിയപ്പോള്‍ പൊന്നാനിയില്‍ വിപരീത ഫലമാണുളവാക്കിയത്. നഗരത്തിലെയും അയല്‍ പ്രദേശങ്ങളിലെയും ഭൂവുടമകള്‍ക്ക് സ്വത്ത് നഷ്ടപ്പെട്ടു. പല തറവാടുകളുടെയും പ്രതാപത്തിന് മങ്ങലേറ്റു.
    അണുകുടുംബ സംവിധാനങ്ങള്‍ക്ക് മരുമക്കത്തായവും കൂട്ടുകുടുംബവ്യവസ്ഥകളും വഴിമാറിയതോടെ അനുദിനം ഇത്തരം‘ഭവനങ്ങളുടെ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഹത്തായ പൂര്‍വിക സംസ്‌കൃതിയുടെ ഗേഹങ്ങള്‍ കൈവെടിഞ്ഞ് അങ്ങാടിക്കാരില്‍ പലരും ഇപ്പോള്‍ അയല്‍ദേശത്തേക്ക് പാലായനം ചെയ്യുന്നു. പഴമയുടെ സൗന്ദര്യം തുളുമ്പുന്ന ഗൃഹങ്ങളാക്കി മാറ്റുന്നതിനുള്ള സംവിധാനം ഇന്നുണ്ട്. പലയിടത്തും നൂറ്റാണ്ടുകള്‍ കഴിഞ്ഞ തറവാടുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് താമസം സുസജ്ജമാക്കുമ്പോള്‍ പലരും ഇവിടം വിട്ടുപോകാന്‍ വെമ്പല്‍ കൊള്ളുന്നു. പലതും പൊളിച്ചുമാറ്റുകയോ പരിവര്‍ത്തനത്തിന് വിധേയമാക്കുകയോ ചെയ്യുന്നു. താമസിക്കാന്‍ ആളില്ലാത്തതും അറ്റകുറ്റ ചെലവ് വര്‍ധിച്ചതുമാണ് പൊളിക്കാന്‍ കാരണമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ആധുനിക ഭവന നിര്‍മാണരംഗം പൗരാണിക വാസ്തു ശില്‍പ മാതൃകയെ അനുകരിക്കുന്ന ഇക്കാലത്ത് വീണ്ടും തുറമുഖ പട്ടണമായി വികസിക്കുന്ന പൊന്നാനിയില്‍ മറ്റു പ്രദേശങ്ങളുടെ കീഴ്‌വഴക്കം അനുസരിച്ച് ഭാവിയില്‍ ഇവിടം ഹെറിറ്റേജ് വില്ലേജും, ഈ മാളികകള്‍ പൊളിച്ചുമാറ്റുന്നതിനുപകരം ഹെറിറ്റേജ് മന്ദിരങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ മടുത്ത സഞ്ചാരികള്‍ക്ക് ഹോം സ്റ്റേകളും പരിഗണനാര്‍ഹമാണ്. ഇത് നല്ലൊരു സാമ്പത്തിക സ്രോതസ്സുമാകും. പാരമ്പര്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന കെട്ടിടങ്ങളിലേക്ക് ആധുനിക പാര്‍പ്പിടം തിരിച്ചുവരവ് നടത്തുന്ന ഇക്കാലത്ത് ആര്‍ക്കിടെക്‌ചേഴ്‌സിനും ഡിസൈനേഴ്‌സിനും ഇന്റീരിയര്‍ ഡെക്കറേറ്റേഴ്‌സിനും മാതൃകയാക്കേണ്ട പലതും ഇവിടെയുണ്ട്.