41. അഡ്വ: കെ.വി. രാമമേനോന്‍
alfaponnani@#gmail.com
9495095336
പൊന്നാനി പുല്ലോണത്ത് അത്താണിക്ക് സമീപം കോഴിക്കോട് അകത്തിട്ട വീട്ടില്‍ 1900 ത്തില്‍ ജനിച്ചു. പിതാവ് സംസ്കൃത പണ്ഡിതന്‍ കടവനാട് ഹരിഹരമംഗലത്ത് ശൂലപാണി വാര്യര്‍. മാതാവ് നാരായണി അമ്മ. 1915-18 കാലത്ത് കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്‍റര്‍മീഡിയേറ്റിന് പഠിക്കുമ്പോള്‍ സ്വതന്ത്ര്യ സമര നായകരായ മദന്‍മോഹന്‍ മാളവ്യയുടെയും, ആനിബെസന്‍റിന്‍റെയും പ്രസംഗത്തില്‍ ആകൃഷ്ടനായി വിദേശ വസ്ത്ര ബഹിഷ്കരണത്തിലൂടെ ദേശീയ പ്രക്ഷോഭത്തില്‍ ആദ്യമായി പങ്കെടുത്തു.
മദിരാശി പച്ചപയ്യാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഗാന്ധിജി അവിടം സന്ദര്‍ശിച്ചത്. പ്രഥമ ദര്‍ശനത്തില്‍ തന്നെ ആ അനുപമ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ രാമമേനോന്‍ ജീവിതാന്ത്യം വരെ ആ സവിശേഷ മാതൃക സ്വജീവിതത്തില്‍ പകര്‍ത്തി പൊന്നാനി ഗാന്ധിയെന്ന വിശേഷണം അന്വര്‍ത്ഥമാക്കി. വിപിന്‍ ചന്ദ്രപാല്‍, ബാലഗംഗാധര തിലകന്‍ ഉള്‍പ്പെടെ ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ നേരിട്ട് ശ്രവിച്ചതിനെ തുടര്‍ന്ന് തിരിച്ചെത്തിയശേഷം മുഴുസമയ സ്വാതന്ത്യ സമര സേനാനിയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായി.
അക്കാലത്ത് പൊന്നാനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കേളപ്പനുമായുള്ള സുദൃഢബന്ധം പൊതു രംഗത്ത് ഊര്‍ജ്ജം പകര്‍ന്നു. 1921 ലെ മലബാര്‍ കലാപത്തില്‍ ജന്മദേശത്ത് സമാധാനം നിലനിര്‍ത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിയ അദ്ദേഹത്തെ ലഹളക്ക് നേതൃത്വം നല്‍കിയെന്ന കള്ളക്കേസ്സുകള്‍ ചാര്‍ത്തി ബ്രിട്ടിഷ് ഭരണകൂടം ഏഴ് മാസത്തോളം കഠിന തടവിന് കണ്ണൂര്‍ ജയിലില്‍ അടച്ചു.
മോചിതനായ ശേഷം കോണ്‍ഗ്രസ്സിന്‍റെ ദേശീയ സമ്മേളനം ഗയയില്‍ ചേര്‍ന്നപ്പോള്‍ പ്രതിനിധിയായി പങ്കെടുത്തു. തിരുവനന്തപുരം ലോകോളേജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം 1925 മുതല്‍ 1969 വരെ പൊന്നാനി ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. പ്രാധാന ഗുമസ്തന്‍ പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായരായിരുന്നു. രാമമേനോന്‍ പ്രാക്ടീസ് അവസാനിപ്പിച്ചപ്പോള്‍ ഇടശ്ശേരി ഗുമസ്തപ്പണിയും നിര്‍ത്തി. പാവപ്പെട്ടവരുടെയും വക്കീലായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്. കേസ്സാവശ്യത്തിനായി ഏല്‍പ്പിച്ചിരുന്ന പൈസ ഒരിക്കലുംതന്നെ വകമാറി ചിലവാക്കിയിട്ടില്ല.
മലബാറിലെ കുടിയായ്മ നിയമപ്രകാരം 1957 ല്‍ നിലവില്‍ വന്ന പാട്ട കോടതിയില്‍ കുടിയാന്മാര്‍ക്ക് വേണ്ടി കൂടുതല്‍ ഹാജരായത് അദ്ദേഹമായിരുന്നു. തന്‍റെ രാഷ്ട്രീയ നേതാവ് കേളപ്പജി സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് വിട്ട് പ്രജാ പാര്‍ട്ടിയില്‍ ചേര്‍ന്ന അവസരത്തില്‍ രാമമേനോനെയും ക്ഷണിച്ചു. ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ്സ് വിടുമ്പോള്‍ ഞാന്‍ കോണ്‍ഗ്രസ്സ് വിടുന്ന കാര്യം ആലോചിക്കാമെന്നാണ് തല്‍സമയം മറുപടി നല്‍കിയത്.
ഐക്യ കേരളം നിലവില്‍ വന്ന ശേഷം പ്രഥമ അസംബ്ലി തെരഞ്ഞെടുപ്പില്‍ പൊന്നാനി തൃത്താല ദ്വയാംഗ മണ്ഡലത്തില്‍ ജനറല്‍ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അക്കാലത്ത് കോണ്‍ഗ്രസ്സിന് നിര്‍ത്താവുന്ന മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. എന്‍റെ വക്കീല്‍ തോറ്റത് നന്നായി. അദ്ദേഹത്തിന് ഇന്നത്തെ രാഷ്ട്രീയവും രാഷ്ട്രീയക്കാര്‍ക്ക് അദ്ദേഹത്തെയും പൊറുപ്പിക്കാനാവില്ല എന്നാണ് ഈ സമയത്ത് ഇടശ്ശേരി പ്രതീകരിച്ചത്.
ലളിതജീവിതത്തിന്‍റെ ഉടമയായിരുന്ന അദ്ദേഹം ഇടക്കാലത്ത് ചെറിയ വാടക വീട്ടിലായിരുന്നു താമസം. റേഷന്‍ വിതരണത്തിന് അധികാരമുണ്ടായിരുന്ന പി.സി.സി. സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന കാലത്ത് പോലും അരിയും മണ്ണെണ്ണയും വീട്ടിലില്ലാത്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന കെ. മാധവന്‍നായരുടെ ഭാര്യാസഹോദരി അമ്മിണിഅമ്മയാണ് സഹധര്‍മ്മിണി. ണവമേ ശെ ്മശസസമാ ൃൗഴെേഴഹല തുടങ്ങി ഗാന്ധിജിയും നെഹ്രുവും അയച്ച പല പ്രശസ്തമായ കത്തുകളും അമ്മിണിയമ്മയുടെ തറവാട് കരമത്തിക്കുഴിയില്‍ ദീര്‍ഘകാലം സൂക്ഷിച്ചിരുന്നു.
ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരത്ത് നടന്ന കോണ്‍ഗ്രസ്സിന്‍റെ ഒന്നാം രാഷ്ട്രീയ സമ്മേളനം, ഗുരുവായൂര്‍ സത്യാഗ്രഹം, ക്ഷേത്രപ്രവേശന റഫറണ്ടം, വൈക്കം സത്യാഗ്രഹം തുടങ്ങിയവകളില്‍ ക്രിയാത്മക പങ്ക് വഹിച്ചു. കോണ്‍ഗ്രസ്സില്‍ പല ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചു.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പര്‍, കുറ്റിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്‍റ്, നിസ്വാര്‍ത്ഥ സേവകന്‍, സുസമ്മതന്‍, മാതൃകാ അഭിഭാഷകന്‍, സര്‍വ്വോപരി സംശുദ്ധ പൊതുപ്രവര്‍ത്തനത്തിന്‍റെ ഉടമ ഇങ്ങിനെ പല വിശേഷണങ്ങള്‍ക്കും അര്‍ഹനായിരുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലും- സാംസ്ക്കാരിക രംഗത്ത് പൊന്നാനിയില്‍ പതിറ്റാണ്ടുകള്‍ നിറസാന്നിധ്യമായിരുന്നു. താമ്രപത്രവും സ്വാതന്ത്ര്യ പെന്‍ഷനും ഭാരത പുഴയോരത്ത് ഭൂമി പതിച്ച് നല്‍കിയും സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.
1975 ഒക്ടോബര്‍ 4 ശനിയാഴ്ച കാലത്ത് 6 മണിക്ക് 75-ാം വയസ്സില്‍ നിര്യാതനായി. അസത്യത്തിനും, അര്‍ദ്ധസത്യത്തിനും ഇടയില്‍ പലപ്പോഴും സഞ്ചരിക്കുന്ന അഭിഭാഷകര്‍ക്കിടയില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഒരു വക്കീല്‍ ഇത്രമാത്രം സത്യവാനായതെങ്ങിനെ എന്ന് ഞാന്‍ അതിശയിക്കുന്നു എന്ന് 1960 ല്‍ നടന്ന രാമമേനോന്‍റെ ലളിത ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ അദ്ധ്യക്ഷത വഹിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ് വി. ടി. ഭട്ടതിരിപ്പാടിന്‍റെ പ്രശംസ അദ്ദേഹത്തെ നിത്യ സ്മരണീയനാക്കുന്നു. തൃക്കാവ് കിഴക്കേ ആല്‍ത്തറ ബസ്സ്റ്റോപ്പില്‍ സ്മാരക വെയിറ്റിങ്ങ് ഷെഡ്ഡ് കാണാം.