ഏ. വി. ഹൈസ്കൂളും ഇടശ്ശേരി മാവും



പൊന്നാനി 
1. ഏ. വി. ഹൈസ്കൂളും ഇടശ്ശേരി മാവും


- ടിവി അബ്ദുറഹിമാന്‍കുട്ടി
 -
alfaponnani@gmail.com
- 9495095336 -


    അതിപ്രാചീന കാലം മുതല്‍ പാണ്ഡിത്യത്തിലും വേദശാസ്ത്രാദി വിഷയങ്ങളിലും വൈവിധ്യ വൈജ്ഞാനിക ശാഖകളിലും തിളക്കമാര്‍ന്ന പാരമ്പര്യം പൊന്നാനിപ്പുഴയുടെ തീരത്തിനുണ്ടല്ലോ. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്റെ വൈജ്ഞാനിക മേഖലകളിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്റെ അനുപമ അക്ഷര പെരുമ. എന്നിട്ടും, പൊന്നാനിയിലെയും അയല്‍നാടുകളിലെയും വിദ്യാവാസനികള്‍ക്ക് അഞ്ചാം ക്ളാസിന് മുകളിലോട്ട് ആധുനിക വിദ്യാഭ്യാസം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ക്ളേശകരമായിരുന്നു. കുട്ടാവു ആശാന്റെ കുടിപള്ളികൂടവും, ബി ഇ എം എലിമെന്ററി സ്കൂളും, ആശുപത്രി റോഡിലെ ബോര്‍ഡ് മാപ്പിള എല്‍ പി സ്കൂളുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയം. ഒറ്റപ്പാലത്തും മറ്റിടങ്ങളിലുമുണ്ടായിരുന്ന നാമമാത്ര ഹൈസ്കൂളുകളില്‍ ദുഷ്കരമായ യാത്രകള്‍ ചെയ്ത് സെക്കണ്ടറി വിദ്യാഭ്യാസം കരസ്ഥമാക്കിയവരെ വിസ്മരിക്കുന്നില്ല. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലക്ക് ആധുനിക വിദ്യാഭ്യാസം അവശ്യനാസുരണം ഉണ്ടായാല്‍ മാത്രമേ ദേശവും ദേശക്കാരും പ്രബുധമാകൂ എന്ന് ഗ്രഹിച്ച സേവന വിദ്യാ തല്‍പരനായ സി. വി. ചെറിയാന്‍ മാസ്ററും സുമനസ്സുക്കളും ഉല്‍പതിഷ്ണുകളായ ഒരുപറ്റം വിദ്യാഭ്യാസ കുതുകികളും ചേര്‍ന്ന് ദി നേറ്റീവ് മിഡില്‍ സ്കൂള്‍ പൊന്നാനി എന്ന നാമധേയത്തില്‍ ഏ. വി. ഹൈസ്കൂളിന്റെ മാതൃസ്ഥാപനത്തിന് 1895 ഫ്രെബുവരി 20 ന് ആരംഭം കുറിച്ചു. 1908 വരെ ചെറിയാന്‍ മാസ്ററായിരുന്നു പ്രധാനാധ്യാപകന്‍. ആരംഭം മുതല്‍ കടവനാട് ഹരിഹരമംഗലത്ത് അച്യുതവാര്യരായിരുന്നു സ്കൂള്‍ കമ്മിറ്റിയുടെ പ്രസിഡന്റ്. 1909 ആകുമ്പോഴേക്കും സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു സ്കൂള്‍ നടത്തിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം അച്യുതവാര്യരില്‍ നിക്ഷിപിതമായി. തുടര്‍ന്ന് ശാരീരികവും മാനസികവും ബൌദ്ധീകവുമായ വ്യക്തിത്വ വികാസത്തിന്റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പ്രായോഗികവല്‍ക്കരിക്കുന്നതിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. പൊന്നാനി തഹസില്‍ദാര്‍ നാരായണ കിനിയുടെ ശ്രമത്താല്‍ 1917ല്‍ ഹൈസ്കൂളായി അപഗ്രേഡ് ചെയ്തത് ഒരു പ്രദേശത്തിന്റെ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചു. ദി ഹിന്ദു സെക്കണ്ടറി സ്കൂള്‍ എന്നായിരുന്നു അന്നത്തെ പേര്. 1919ല്‍ ദി ഹൈസ്ക്കൂള്‍ പൊന്നാനി എന്നാക്കി പുനര്‍ നാമകരണം ചെയ്തു. 1935 ല്‍ അച്യുതവാര്യരുടെ വിയോഗത്തോടെ ഏ. വി. എഡ്യുകേഷണല്‍ സൊസൈറ്റി പൊന്നാനി എന്ന ട്രസ്റിലധിഷ്ടിതമായി സ്കൂള്‍ നടത്തിപ്പ്. തുടക്കം മുതല്‍ സ്കൂളിന്റെ സര്‍വ്വതല സ്പര്‍ശിയായി പ്രവര്‍ത്തിച്ച അച്യുതവാര്യരുടെ നിത്യസ്മരണാക്കായി അച്യുത വാര്യര്‍ ഹൈസ്ക്കൂള്‍ പൊന്നാനി എന്ന പേരും നല്‍കി. അങ്ങനെ ദി ഹൈസ്കൂള്‍ പൊന്നാനി ഏ. വി. ഹൈസ്കൂളായി.

കഴിഞ്ഞ നൂറ്റാണ്ടിലെ ദേശ ചരിത്രത്തില്‍ പല അവിസ്മരണീയ മൂഹൂര്‍ത്തങ്ങള്‍ക്കും സ്കൂള്‍ അങ്കണം വേദിയായിട്ടുണ്ട്. 1919 ല്‍ കെ. കേളപ്പജി സ്കൂളില്‍ ഫിസിക്സ് അധ്യാപകനായി ചേര്‍ന്നത് മുതലാണ് കലാ സാഹിത്യ സാംസ്കാരിക രംഗത്ത് ജനകീയ ശ്രദ്ധ ആകര്‍ഷിച്ച് തുങ്ങിയത്.

രണ്ട് തവണ രാഷ്ട്രപതി പദം അലങ്കരിച്ച ഏക ഇന്ത്യന്‍ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് എ ഐ സി സി പ്രസിഡന്റായിരിക്കുന്ന സമയത്ത്. 1935 ല്‍ അവിഭക്ത ഇന്ത്യയില്‍ പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ കനത്ത ഭൂകമ്പത്തെ തുടര്‍ന്ന് ദുരിത്വാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ അദ്ദേഹം പൊന്നാനിയിലുമെത്തി. ഫണ്ട് സ്വരൂപണം ഏ. വി. ഹൈസ്കൂളില്‍ വെച്ചായിരുന്നു. ഈ അവസരത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്വരൂപിച്ച നൂറ് രൂപ രാജേന്ദ്ര പ്രസാദിനെ എല്‍പ്പിച്ചിരുന്നു. 1952 ല്‍ സഖാവ് രാജ്യസഭാ മെമ്പറായപ്പോള്‍ അംഗങ്ങള്‍ക്കായി രാഷ്ട്രപതി ഒരുക്കിയ സല്‍ക്കാരത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. തത്സമയം ക്വറ്റ ദുരിത്വാശ്വാസ ഫണ്ടിന്റെ കാര്യം അനുസ്മരിപ്പിച്ചു. സഖാവിന്റെ ഇരു കൈകളും ചേര്‍ത്ത് ഹസ്തദാനം ചെയുകയും ബന്ധത്തിന് ഊഷ്മളത പകരുകയും ചെയ്തു. രാജ്യസഭയില്‍ മാതൃഭാഷയില്‍ പ്രസംഗിക്കാന്‍ ശ്രമമാരംഭിച്ചത് ഇമ്പിച്ചബാവയായിരുന്നു. ആദ്യമൊക്കെ രൂക്ഷമായ എതിര്‍പ്പ് നേരിടേണ്ടിവന്നെങ്കിലും രാജേന്ദ്ര പ്രസാദ് ഇടപ്പെട്ടതിനെ തുടര്‍ന്ന് മലയാളത്തില്‍ പ്രസംഗാനുമതി ലഭിച്ചു. തുടര്‍ന്ന് മറ്റു പല അംഗങ്ങളും തതുല്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്. ഇരുസഭകളിലും മാതൃഭാഷയില്‍ പ്രസംഗിക്കാന്‍ നിയമ നിര്‍മ്മാണവുമുണ്ടായി. ഏ. വി. ഹൈസ്കൂളില്‍ ആരംഭംകുറിച്ച ബന്ധമായിരുന്നു ഇതിന് ഹേതു.

ദേശത്തിന്റെ ഗുരുസ്ഥാനിയായ മാധവ വാര്യര്‍ വിദ്യാര്‍ത്ഥി, അധ്യാപകന്‍, പ്രധാനാധ്യപകന്‍, മാനേജര്‍ എന്നീ നിലകളില്ലെലാം ഈ വിദ്യാലയത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു. സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞ സമയത്ത് ഇദ്ദേഹത്തിന് മറ്റൊരു ലാവണത്തില്‍ ജോലി ചെയ്യാനായിരുന്നു ഇഷ്ടം. കാരണവരായ അച്യുതവാര്യരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപരിപഠനം നടത്തി അധ്യാപക പരിശീലനം കഴിഞ്ഞപ്പോള്‍ സ്കൂളില്‍ പോസ്റിലായിരുന്നു. പെട്ടന്നുണ്ടായ ഒരു നിയോഗം ഹേതുവായി ഇവിടെ സര്‍വ്വീസില്‍ കയറി. ഗവര്‍ണറുടെ ഉപദേശ്ടാവായനിരുന്ന എന്‍. ഇ. എസ്. രാഘവാചാരി, റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന എസ്. ജഗനാഥന്‍, ജസ്റീസ്മാരായായ കുഞ്ഞി അഹമ്മദ് കുട്ടി ഹാജി, ചേറ്റൂര്‍ ശങ്കരന്‍ നായര്‍, വിദ്യാഭ്യാസ ജോയന്റ് ഡയറക്ടറായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട്, വേള്‍ഡ് ബാങ്ക് ഓഡിറ്ററായിരുന്ന സേതുമാധവന്‍, കെ. വി. നുറുദ്ധീന്‍, വ്യവസായ പ്രമുഖനായ എം. കുട്ടിഹസ്സന്‍ കുട്ടി, സി. ഹരിദാസ്, അങ്ങാടിയില്‍ നിന്ന് ആദ്യമായി ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ടി. പി. ഖദീജ തുടങ്ങി വിവിധ രംഗങ്ങളില്‍ പാദമുദ്ര ചാര്‍ത്തിയ നിരവധി വ്യക്തിത്വങ്ങള്‍ ഇവിടെത്തെ പഠിതാക്കളായിരുന്നു.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളില്‍ പ്രശോഭിച്ച പല പ്രമുഖരുടെയും കൂട്ടായ്മയാല്‍ സമ്പന്നമായിരുന്നു സ്കൂള്‍ അങ്കണത്തിലെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുന്ന മുത്തശ്ശി മാവ്. സാഹിത്യ പ്രതിഭകളായ വി. ടി. ഭട്ടതിരിപ്പാട്, നാലാപ്പാട്, കുട്ടികൃഷ്ണ മാരാര്‍, എം. പി. ഭട്ടതിരിപ്പാട്(പ്രേംജി), എം. ആര്‍. ബി, എം. ടി. വാസുദേവന്‍ നായര്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്ണന്‍, എം. ഗോവിന്ദന്‍, അക്കിത്തം, സി. രാധാകൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വിശ്വമാനവികതയെ ചാലിച്ച വരച്ച കെ. സി. എസ്. പണികര്‍, ടി. കെ. പത്മിനി, ആര്‍ടിസ്റ് നമ്പൂതിരി, സ്വതന്ത്യ്ര സമര സേനാനികളായ പറയരിക്കല്‍ കൃഷ്ണ പണിക്കര്‍, എന്‍. പി. ദാമോദരന്‍, സി. ചോയുണ്ണി, രാഷ്ട്രീയ നേതാക്കളായ ഇ. കെ. ഇമ്പിച്ചിബാവ, പി. ടി. മോഹനകൃഷ്ണന്‍, സി. ഹരിദാസ് തുടങ്ങിയ പല പ്രമുഖരുടെയും മികച്ച പ്രകടനങ്ങള്‍ മാറ്റുരയ്ക്കാന്‍ ഈ മരം തണലേകിയിട്ടുണ്ട്. സാഹിത്യ സംവാദങ്ങള്‍ക്കും ഇടശ്ശേരി അന്ുമരണങ്ങള്‍ക്കും പലവട്ടം വേദിയൊരുക്കിയ ഈ വൃക്ഷത്തെ ഇടശ്ശേരി മാവെന്നാണ് സഹൃദയര്‍ വിളിക്കാറ്.