ഭാരതപ്പുഴയില്‍ ഏറ്റവും വീതികൂടിയ കടവാണ്പള്ളിക്കടവ്. ഒരുകാലത്ത് തിരൂര്‍ പൊന്നാനി താലൂക്കുകളുടെ ജലപാതകളില്‍ ഏറ്റവും പ്രാധാന്യമുള്ള കടവായിരുന്നു ഇത്.
പുഴയുടെയും കടലിന്‍റെയും കരലാളനകളേറ്റ് നൂറ്റാണ്ടുകളുടെ സ്മരണകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന പൊന്നാനിയിലെ നിലവിലുള്ള ആദ്യത്തെ പള്ളി തോട്ടുങ്ങല്‍ ജുമാ മസ്ജിദ് ഇവിടെയാണ്. തډൂലം പള്ളിക്കടവെന്ന് പേര് സിദ്ധിച്ചു.
കടവിന്നരികെ പുഴയില്‍ വലിയൊരു ഭാഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസയോഗ്യമായിരുന്നു.നഗരത്തിലെ പല പ്രധാന വീട്ടുകാരുടേയും പൂര്‍വ്വിക തറവാടുകള്‍ ഇവിടെയായിരുന്നുവെത്രെ. 2011 ഫെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഫിഷിങ് ഹാര്‍ബറാണ് ഇന്നിവിടം. പൊന്നാനി നഗരം വില്ലേജിലെ ഭൂസര്‍വ്വെ ആരംഭിക്കുന്നത് പള്ളിക്കടവത്തു നിന്നാണ്.
മലബാറിന്‍റെ ദൃശ്യഗോപുരമെന്ന വിശേഷണമുള്ള ഊരകം മല തെളിഞ്ഞ പ്രഭാതത്തില്‍ ഇവിടെ നിന്ന് കാണാം. മനോഹര ദൃശ്യങ്ങള്‍ ഓരോന്നായി പോയി മറയുന്നുവെങ്കിലും പുഴകളും കടലും സംഗമിക്കുന്ന അഴിമുഖം, വടക്കന്‍ പര്‍വ്വത നിരകളുടെ രമണീയത, ബാലസൂര്യകിരണങ്ങള്‍, പൂര്‍ണ അസ്തമയം കേരവൃക്ഷലതാദികളാല്‍ നിപിഢമായ കരകള്‍ തുടങ്ങി പ്രകൃതിയുടെ ദൃശ്യ ഭംഗി ഇപ്പോഴും കാണാം.
അക്കരെ പുറത്തൂര്‍ കടവ്, പടിഞ്ഞാറെക്കര അഴിക്കടവ്, കുറ്റിക്കാട് കടവ്, ചമ്രവട്ടം കടവ് അങ്ങിനെ കടവുകള്‍ പലതുണ്ടായിരുന്നു ഇവിടെ.
"മഞ്ഞണിപ്പൂനിലാവില്‍ പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍" എന്നാരംഭിക്കുന്ന ഗാനം പി ഭാസ്കരന്‍ എഴുതിയത്. ഈ കടവിലൊന്നിനെ ഭാവനയില്‍ ദര്‍ശിച്ചാവാം
വേനലില്‍ പുഴ പലയിടത്തും വറ്റുമെങ്കിലും നീര്‍ച്ചാലുകളിലും കടവുകളിലും ആവശ്യാനുസരണം നീരൊഴുക്ക് ഉണ്ടായിരുന്നു.
വര്‍ഷക്കാലത്തും വേലിയേറ്റത്തിലും പുഴനിറയെ വെള്ളമാണ്. ഞാന്‍ അതിന് സമീപം ജനിച്ചുവളര്‍ന്നതിനാല്‍ നിറയെ വെള്ളമുള്ള പരന്നൊഴുകുന്ന പുഴയാണ് എന്‍റെ ഓര്‍മ്മകളില്‍ ആദ്യം തെളിഞ്ഞുവരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതപ്പുഴ അറിയപ്പെട്ടിരുന്നത് പൊന്നാനിയുടെ പേരിലും പ്രശസ്തിയിലുമായിരുന്നു. മലബാര്‍ മാനുവല്‍ ഉള്‍പ്പെടെയുള്ള കൃതികളില്‍ പലയിടത്തും ഈ പുഴയെ പൊന്നാനിപ്പുഴ എന്നാണ് വിശേഷിപ്പിച്ചത്.
ചരിത്രവും ഐതീഹ്യവും വിശ്വാസവും അലിഞ്ഞുചേര്‍ന്നൊഴുകുന്ന ഈ പുഴക്ക് പേരാര്‍, നിള, ദക്ഷിണ ഗംഗ, കൗണാര്‍ എന്നീ അപരനാമങ്ങളുമുണ്ട്. ഇന്ത്യയില്‍ ഒരു നദിക്കും 'ഭാരതം എന്നു ചേര്‍ത്ത പേരില്ല.
വേദവ്യാസന്‍റെ ശ്രീമദ് ഭാഗവതത്തില്‍ ദശമസ്കന്ധം 39 ാം ശ്ലോകത്തില്‍ മഹാപുണ്യാപ്രതീചി എന്ന് വാഴ്ത്തിപറഞ്ഞത് ഈ നദിയെ പറ്റിയാണത്രെ.
കര്‍ണ്ണ ശല്യ ഹരീ സേയം ഭാരതീ ഭാരതോപമാ
നിളാ നദീ പുണ്യതാമാ സേയം
കല്യാണദായനീ
ഭാരതാഖ്യാ നദീ സേയം
നിത്യം പശ്ചിമവാഹിനീ
യത്ര സ്നാന്ത്യമരാ നിത്യം
ശുദ്ധയോ ശുദ്ധവര്‍ചസ്യ
(വില്വമംഗലം സ്വാമി)
തമിഴ്നാട്ടിലെ ആനമല നിരകളിലെ 1964 മീറ്റര്‍ ഉയരത്തിലുള്ള തിരുമൂര്‍ത്തി ശൃംഗത്തില്‍നിന്ന് ഉത്ഭവിച്ച് സഹ്യന്‍റെ തെളിനീരായി പ്രവഹിച്ച് അനേകം കാട്ടരുവികളും നീര്‍ച്ചാലുകളും ചേര്‍ന്നാണ് നിള രൂപപ്പെടുന്നത്.
രണ്ടു സംസ്ഥാനങ്ങളിലായി കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളെ മുറിച്ചുകടന്ന് അറബിക്കടലില്‍ പതിക്കുന്നു. തമിഴ്നാട്ടില്‍ ഒഴുകുന്ന ഭാഗത്തെ അമരാവതിയെന്ന് വിളിക്കും. ഈ ഭാഗംകൂടിച്ചേര്‍ത്താല്‍ പേരാറിന്‍റെ നീളം പെരിയാറോളം വരും. ആകെ വിസ്തീര്‍ണ്ണം 6188 ച.കി.മീറ്റര്‍. 1788 ച.കി.മി. തമിഴ്നാട്ടിലും, 4400 ച.കി.മീറ്റര്‍ കേരളത്തിലും വ്യാപിച്ചു കിടക്കുന്നു.
മലമ്പുഴ, വാളയാര്‍, മംഗലം, സൈലന്‍റുവാലി തുടങ്ങിയവ സന്തതികളാണ്. ഗായത്രി, കണ്ണാടി, കല്‍പ്പാത്തി, തൂതപ്പുഴകളാണ് പ്രധാന പോഷകനദികള്‍. പലതും വേനലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭേദപ്പെട്ട നീരൊഴുക്കുള്ളതായിരുന്നെങ്കില്‍ ഇന്ന് ഇവയുടെ പല ഭാഗങ്ങളിലും വേനലില്‍ നീരൊഴുക്ക് പറ്റെ നിലച്ചുപോകും.
ഈ പ്രവാഹിനിയുടെ ജിവധാരയില്‍ കിഴക്കന്‍മലകളുടേയും ഓരങ്ങളുടേയും സൗന്ദര്യവും ജലനിരപ്പിന്‍റെ വശ്യതയും നിറഞ്ഞൊഴുകി. ജലനിരപ്പ് ഉയരുമ്പോഴും വേലിയേറ്റത്തിലും നിലാവുള്ള രാത്രികളിലും പുഴയുടെ സൗന്ദര്യവും ചന്തവും അത്യാകര്‍ഷകമായിരുന്നു. വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിതകളായും പാട്ടുകളുടെ പാലാഴിയായും ഒഴുകി.
തിരൂര്‍ പുഴ ഈ പുഴയുമായി സംഗമിക്കുന്ന ഭാഗത്ത് അക്കരെ ഒരു തുരുത്തില്‍ ഏതാനും തെങ്ങുകള്‍ ഉണ്ടായിരുന്നു. ദേശക്കാര്‍ ഇതിനെ അഞ്ച് തെങ്ങെന്ന് വിളിച്ചു. കാലപ്രവാഹത്തില്‍ ഈ തുരുത്ത് കഥാവിശേഷമായി.
څകന്നിനിലാവിന്‍ കളഭക്കിണ്ണം
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍
പൊന്നാനിപ്പുഴچ
എന്ന് തുടങ്ങുന്ന വരികളിലൂടെ പ്രശസ്ത ഗാന രചയിതാവ് പി ഭാസ്കരനുള്‍പ്പെടെ മലയാളത്തിലെ പല കവികളും സാഹിത്യ നായകډാരും ഒരു കാലത്ത് ഈ പുഴയെ ആവോളം വാഴ്ത്തി വര്‍ണിച്ചു. ഇന്നതിന്‍റെ ദുരാവസ്ഥയില്‍ അവര്‍ ദുഃഖിക്കുന്നു.
സ്കൂള്‍ വിട്ടാല്‍ വൈകുന്നേരങ്ങളില്‍ വേലിയിറക്ക സമയത്ത് പുഴയിലെ തുരുത്തില്‍ (മാട്ടത്ത്) ഞങ്ങള്‍ മതിവരുവോളം കളിക്കും. തോര്‍ത്തുമുണ്ട് നാല് അറ്റങ്ങള്‍ വിടര്‍ത്തിപ്പിടിച്ച് ആവോളം മത്സ്യങ്ങള്‍ പിടിച്ചു. ചൊറിയും കരക്കിട്ടാല്‍ വികസിച്ച് വയര്‍ പൊട്ടുന്ന ചെറുമീനുകളോടപ്പം നുഴഞ്ഞു കയറും. വേലിയേറ്റത്തില്‍ വെള്ളത്തിന് ഉപ്പുരസം കൂടും. വേലിയിറക്കത്തില്‍ അവസരമൊത്താല്‍ ഞങ്ങള്‍ കുളിക്കും.
വര്‍ഷക്കാലത്ത് മഴവെള്ള പാച്ചിലില്‍ അലക്ഷ്യമായി ഒഴുകിവന്നിരുന്ന മരച്ചില്ലകളും തടികഷ്ണങ്ങളും അലവലാതികളും തോട്ടികൊണ്ട് കരയിലേക്ക് അടുപ്പിച്ചിരുന്നത് കണ്‍കുളിര്‍ക്കെ കണ്ടു. കത്തിക്കാന്‍ വിറകിന് പ്രയാസം അനുഭവിച്ചിരുന്നു. പട്ടിണിപ്പാവങ്ങള്‍ക്ക് മതിവരുവോളം അവ ആശ്വാസം പകര്‍ന്നു. വെണ്ണീര്‍ കോരിയും ഓല മുടഞ്ഞും കയര്‍ പിരിച്ചും ചെറുവഞ്ചികളില്‍പോയി മത്സ്യം പിടിച്ചും ഉപജീവനം നടത്തിയിരുന്ന പരിസര നിവാസികള്‍ കൂരകളിലും ഓലവീടുകളിലും അര്‍ദ്ധ പട്ടിണിയിലും മുഴുപ്പട്ടിണിയിലും മനസുഖം കണ്ടെത്തി.
പുഴക്കരയില്‍ ഇരുന്ന് തമാശ പറഞ്ഞ് തിമിര്‍ത്ത ദിനരാത്രങ്ങള്‍ ഞങ്ങളുടെ ശൈശവത്തെ സ്വപ്ന സുന്ദരമാക്കി. ചിലര്‍ നേരംപോക്കിന് ഇടം കണ്ടെത്തുന്നത് ഇപ്പോഴും ഇവിടെയാണ്.
എന്നാല്‍ ഞങ്ങളുടെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചതാ യിരുന്നു 26 വര്‍ഷം മുമ്പത്തെ ഒരു ഒക്ടോബറും ഈ കടവും. 1981 ലായിരുന്നു കണ്ണീരിലാഴ്ത്തിയ ആ ദുരന്തം. പൊന്നാനി നഗരത്തിലെ ആദ്യത്തെ ഹയര്‍ വിദ്യാലയമായ ടിഐയുപി സ്കൂളില്‍ അധ്യാപ കനായിരുന്നു അന്ന് ഞാന്‍.
1981 ഒക്ടോബര്‍ 28 ബുധനാഴ്ച്ച ഉച്ചഭക്ഷണത്തിന് സ്ക്കൂള്‍ വിട്ടു. അക്കാലത്ത് പൊന്നാനി നഗരത്തിലെ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകള്‍ മുഴുവനും മുസ്ലിം കലണ്ടറനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഉച്ചക്ക് ഒന്നര മണിക്കാണ് ക്ലാസുകള്‍ വിടാറ്. ഞാനും സഹാദ്ധ്യാപകരും റോഡിലിറങ്ങി. സ്കൂളിനരികെയുള്ള ഈ റോഡിലൂടെ പള്ളിക്കടവിലേക്ക് ദിവസേന നൂറുകണക്കിനാളുകള്‍ സഞ്ചരിക്കും.
അന്ന് റോഡില്‍ അസാധാരണ ജനപ്രവാഹവും വെപ്രാളവും കണ്ടപ്പോള്‍ വിളിപ്പാടകലെയുള്ള കടവിലേക്ക് അബൂബക്കര്‍മാഷും ഞാനുംധൃതിയില്‍ നടന്നു. തൊട്ടടുത്ത മുജാഹിദ് പള്ളിയില്‍നിന്ന് ളുഹര്‍ നമസ്കാരം കഴിഞ്ഞവരും ചില സഹാധ്യാപകരും ഞങ്ങളെ അനുഗമിച്ചു.ഉച്ചക്ക് ഒരു മണിക്ക് പള്ളിക്കടവില്‍ നിന്ന് പുറത്തൂരിലേക്ക് പുറപ്പെട്ട കടത്തുതോണി മറിഞ്ഞുവെന്ന ദുരന്തവാര്‍ത്തയാണ് ജനത്തിരക്കിനിടയില്‍ നിന്ന് അറിഞ്ഞത്.
അമ്പതോളം യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന തോണിയിലപ്പോള്‍ മുപ്പതിലധികംപേരെ കയറിയിരുന്നുള്ളു. പുഴയില്‍ അടിയൊഴുക്ക് കൂടുതലുള്ള സമയമായിരുന്നു.
എം.ഇ.എസ്സ്. കോളേജ് വിട്ടു അല്‍പ്പം മുമ്പു സ്ക്കൂളിനു മുമ്പിലൂടെ കളിച്ചിരി തമാശകളുമായി നടന്നുനീങ്ങിയ കുട്ടികളുടെ ഏതാനും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള ഏക ആശ്രയമായിരുന്നു അന്ന് ഈ കലാലയം.
ചമ്രവട്ടം പാലം നിലവില്‍ വരാത്തതിനാലും ഇന്നത്തെപ്പോലെ ജില്ലയില്‍ കൂടുതല്‍ ഉന്നത കലാലയങ്ങള്‍ ഇല്ലാത്തതിനാലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദൈനംദിനം മുവ്വായിരത്തിലധികം യാത്രക്കാര്‍ ഈ കടവിലൂടെ കടന്നിരുന്നുവെന്നാണ് നിഗമനം. തډൂലം കടത്തിന് സദാസമയവും നല്ല തിരക്കാണ്.
വിശാലമായി പരന്നൊഴുകിയ പുഴയില്‍ കൈക്കോല്‍ കുത്തിയും പങ്കായം തുഴഞ്ഞും കാറ്റിന്‍റെ ഗതിയനുസരിച്ച് പായകെട്ടിയുമാണ് അക്കാലത്ത് അധികവും വഞ്ചികളുടെ സഞ്ചാരം.
പുഴ മദ്ധ്യം മുതല്‍ അരക്കിലോമീറ്റര്‍ അകലെയുള്ള അഴിമുഖം വരെ ചാലുകീറിയതിനാല്‍ അടി ഒഴുക്കും ചുഴിയും ശക്തമായ ഇടമായിരുന്നു അന്നിവിടം. കടത്തുവഞ്ചി എത്തിയപ്പോള്‍ കാറ്റടിയേറ്റ് ഉലയുകയും മറിയുകയും ചെയ്തത് പെട്ടെന്നായിരുന്നു. പുഴയിലും കരയിലുമുള്ളവര്‍ ധൃതിയില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് മിച്ചം.
അഞ്ച് വയസ്സുള്ള പിഞ്ചു പൈതലും പുറത്തൂരിലെ ചീരുവും മംഗലത്തെ ചേക്കാലിയും കോളേജ് വിദ്യാര്‍ത്ഥികളായ നിറമരതൂരിലെ ഇസ്മാഈലും ചേന്നരയിലെ അബ്ദുല്‍ അലിയും മംഗലത്തെ സൈഫുന്നിസയും എന്നീ ആറു ജീവനുകള്‍ അപ്പോഴേക്കും പുഴ കവര്‍ന്നിരുന്നു. സൈഫുന്നിസയുടെയും ചീരുവിന്‍റെയും ഡെഡ്ബോഡി കണ്ടെത്താനായില്ല. ഒരു നൂറ്റാണ്ടിന്നിടയില്‍ ഇവിടെയുണ്ടായ വലിയ ദുരന്തമാണിതെന്നാണ് പഴമക്കാര്‍ പറഞ്ഞത്. ജലദുരന്ത വാര്‍ത്ത അറിയുമ്പോഴെല്ലാം ഞങ്ങളുടെ മനസ്സില്‍ ആ കണ്ണീര്‍ക്കാഴ്ച ദു:ഖത്തോടെ തെളിഞ്ഞെത്താറുണ്ട്.