പൊന്നാനി പൗരാണിക തുറമുഖം



പൊന്നാനി 

17. അതി പ്രാചീന തുറമുഖം

 

- ടിവി അബ്ദുറഹിമാന്‍കുട്ടി

alfaponnani@gmail.com

9495095336 

അതിപ്രാചീന കാലത്ത് പ്രധാന വ്യാപാര സാംസ്കാരിക വിനിമയ മാര്‍ഗ്ഗം കടലായിരുന്നതിനാല്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനം തുറമുഖമായിരുന്നു. മുസരീസ്, തിണ്ടീസ്, ബക്കരെ, നെല്‍കിണ്ട, നൗറ തുടങ്ങിയവയാണ് പ്രധാന തുറമുഖങ്ങള്‍.

 

മുസരീസ് കൊടുങ്ങല്ലൂരാണ് ഭാരതത്തിലെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവും ഗെയിറ്റ് ഓഫ് ഇന്ത്യയും. ഈ തുറമുഖം മുഖേനയാണ് ഇന്ത്യയില്‍ ആദ്യമായി യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ പ്രചരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നിയിരുന്നു അക്കാലത്ത് കൊടുങ്ങല്ലൂര്. 110 മൈല്‍ തെക്കുമാറി സ്ഥിതിചെയ്യുന്ന കൊല്ലം മാത്രമായിരുന്നു ഇന്ത്യയില്‍ മുസരീസിന് വെല്ലുവിളി ഉയര്‍ത്തിയത്. 

 മുസരീസിന് വടക്ക് ഭാഗത്തുള്ള തിണ്ടീസിനാണ് രണ്ടാം സ്ഥാനം. നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും സമൃദ്ധമായ പ്രകൃതിരമണീയമായ ഈ പ്രദേശം പൊന്നാനിയാണെന്നും ഡോ. ബര്‍ണല്‍ കടലുണ്ടിയാണെന്നും മറ്റു ചിലര്‍ പന്തലായനി കൊല്ലമാണെന്നും ചരിത്രപണ്ഡിതര്‍ വിഭിന്ന പക്ഷക്കാരാണ്.

 പൊന്നാനി തന്നെയാണ് തിണ്ടീസ് എന്നതിന് ഇപ്പോള്‍ പല രേഖകളും ലഭ്യമാണ്. ഫലപ്രദമായ ഗവേഷണത്തിന് വിധേയമാക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താം. 

    തിണ്ടീസ് കോരോബൊത്ര (കേരളം) രാജ്യത്തിലാണ്. കടലില്‍നിന്ന് വ്യക്തമായി കാണാവുന്ന ഒരു ഗ്രാമമാണിത്. ഇതേ രാജ്യത്തില്‍ തന്നെയാണ് മുസരീസും. ഇവിടേക്ക് ചരക്കുകള്‍ നിറച്ച ഒട്ടനേകം അറേബ്യന്‍ കപ്പലുകളും യവന കപ്പലുകളും വരുന്നു. ഇത് ഒരു നദീതീരത്തുള്ള തുറമുഖമാണ്. അന്ന് കേരളം ഭരിച്ചിരുന്ന കോരോബോത്രാസ് (കേരളപുത്രന്‍) രാജാവിനെപ്പറ്റി അശോകചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളില്‍ പരാമര്‍ശമുണ്ട്. 

തിണ്ടീസി(പൊന്നാനി)ല്‍നിന്ന് കടല്‍വഴിയായും, കരവഴിയായും അഞ്ഞൂറ് സ്റ്റേഡിയ അകലെയാണ് മുസരീസ്(കൊടുങ്ങല്ലൂര്‍). ഒരു ഒളിംമ്പിക്സ് സ്റ്റേഡിയ= 606.75 അടി, അതായത് ഒരു ഫര്‍ലോങ്ങിനേക്കാള്‍ 53.25 അടി കുറവ്, ഒരു നാഴിക = 8.619 സ്റ്റേഡിയ, ഒരു കിലോമീറ്റര്‍ = 5.45 സ്റ്റേഡിയ. ഈ ഗണിതാടിസ്ഥാനത്തില്‍ പൊന്നാനി അഴിമുഖത്തുനിന്നും കൊടുങ്ങല്ലൂര്‍ അഴിമുഖത്തേക്കുള്ള എണ്‍പതിലധികം കിലോമീറ്റര്‍ ദൂരം ശരിയാകുന്നുണ്ട്. (പെരിപ്ലസ് : എറിത്രയന്‍ കടല്‍ത്തീരത്തിലൂടെ ഒരു കപ്പല്‍ യാത്ര, ഇഗ്ലീഷ് തര്‍ജ്ജമ വവില്‍ഫ്രഡ് എച്ച് ഷോപ്, മലയാളം തര്‍ജമ പികെ പത്മനാഭന്‍ നായര്‍, പേജ് 52, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം പതിപ്പ് ആഗസ്റ്റ് 1982) 

ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്ടില്‍ രചിച്ച ഗ്രീക്ക് കപ്പല്‍ യാത്രാഗ്രന്ഥമായ പെരി പ്ലസ് ഓഫ് ദി എറിത്രിയന്‍ സീ  (ചെങ്കടലിലൂടെയുളള ഭൂപര്യടനം ക്രി.വ. 60), ഇറ്റാലിയന്‍ പണ്ഡിതനായ പ്ലീനിയുടെ ലോകത്തിലെ ആദ്യത്തെ വിശ്വവിജ്ഞാനകോശം ഹിസ്റ്റോറിയ നാച്ചുറലീസ് (ക്രി.വ.87), പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞനും ഗ്രീക്ക് പണ്ഡിതനുമായ ടോളമി (ക്ലോഡിയസ് ടോളമയാസ് ക്രി.വ.95-162), സംഘകൃതികള്‍ തുടങ്ങിയവയില്‍ തിണ്ടീസിനെപ്പറ്റി വിവരിക്കുന്നുണ്ട്. 

 

ഒരു കാലത്ത് കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുറമുഖ നഗരങ്ങളോളം വ്യാവസായിക, വാണിജ്യരംഗത്തും ഇതര മേഖലകളിലും പൊന്നാനി തുറമുഖം മികച്ചുനിന്നു. ഭൂമിശാസ്ത്രപരമായി  വളരെയേറെ സവിശേഷതകളുള്ള നിളയുടെ സംഗമ സ്ഥാനവും കൊച്ചിക്കും കോഴിക്കോടിനും  ഇടയില്‍ കേരളാ കടല്‍ തീരത്തിന്‍റെ ഏതാണ്ട് മദ്ധ്യബിന്ദുവിലായി  സ്ഥിതിചെയ്യുന്ന പൊന്നാനി തുറമുഖത്തിനോട് വള്ളുവ കോനാതിരി സാമൂതിരി കൊച്ചി രാജാവ് തുടങ്ങി മലയാളക്കര ഭരിച്ചിരുന്ന ഭരണാധികാരികള്‍ക്കെല്ലാം പ്രത്യേക കണ്ണുണ്ടായിരുന്നു. രണ്ടാം ആസ്ഥാനമാക്കിയ സാമൂതിരി ഭരണത്തിന്‍റെ പ്രതാപകാലത്ത് സുപ്രധാന നയരൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും പലപ്പോഴും കേന്ദ്രബിന്ദു ആക്കിയിട്ടുണ്ട്.