പൊന്നാനിയുടെ വ്യാവസായിക പാരന്പര്യം

 

23. പൊന്നാനിയുടെ വ്യവസായിക പാരമ്പര്യം

 

ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മദ്ധ്യംവരെ ബീഡി, കയര്‍, മത്സ്യ വ്യവസായങ്ങള്‍ ഒരുകാലത്ത് പൊന്നാനിയില്‍ തഴച്ചുവളര്‍ന്നു. കച്ചത്തെരുവ്, ആവിക്കുളം റോഡ്, ജെ.എം. റോഡ്, കോടതിപ്പടി, കോരവളവ്, ബോട്ട്ജെട്ടി, കനോലികനാല്‍ തീരങ്ങള്‍, വണ്ടിപ്പേട്ട, ചന്തപ്പടി തുടങ്ങിയ പ്രദേശങ്ങളില്‍ അക്കാലത്ത് കച്ചവട കേന്ദ്രങ്ങളായിരുന്നു. നാനൂറോളം തൊഴിലാളികള്‍ ജോലിചെയ്തിരുന്ന മലബാറിലെതന്നെ പ്രശസ്തമായ ഒരു തീപ്പെട്ടി കമ്പനി ലൈറ്റ്ഹൗസിന് തൊട്ടുതെക്ക് പ്രവര്‍ത്തിച്ചിരുന്നു. 

കഴിഞ്ഞനൂറ്റാണ്ടിന്‍റെ പകുതിയില്‍ ബീഡിവ്യവസായം ഇവിടെ വ്യാപകമായിരുന്നു. പീരങ്കി, ആന, ഗ്ലോബ്, ലക്ഷ്മി, ദുര്‍ഗ്ഗ, യോഗി, കോഹിനൂര്‍ തുടങ്ങിയ ട്രേഡ്മാര്‍ക്ക് ബീഡികളും, കേരള, കാദര്‍, ഇസ്മാഈല്‍, ചാന്ദിലാല്‍, എം.എം. റോസ് തുടങ്ങിയ പ്രാദേശിക ബീഡികളും ധാരാളമായി ഉത്പാദിപ്പിച്ചു. പി.കെ. അബ്ദുല്ല കമ്പനി, പി.കെ. അബ്ദുല്‍കാദര്‍ കമ്പനി, എ.വി. കുഞ്ഞിബാവ കമ്പനി, മുല്ലമായിങ്ങാനകത്ത് കുഞ്ഞിമുഹമ്മദ് കമ്പനി  തുടങ്ങിയവയായിരുന്നു പ്രധാന ബീഡിക്കമ്പനികള്‍. 

പുരുഷډാരും സ്ത്രീകളും ഉള്‍പ്പെടെ കുടില്‍ വ്യവസായമായി നൂറുകണക്കിന് തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലിചെയ്തു. പുരുഷډാര്‍ പീടികമുറികളിലും കോലായയിലും ഒന്നിച്ചിരുന്നുള്ള ബീഡിതെരപ്പും പത്രവായനയും രാഷ്ട്രീയ ചര്‍ച്ചകളും സ്ഥിരം കാഴ്ചകളായിരുന്നു. ബീഡികള്‍ അധികവും കയറ്റുമതി ചെയ്തിരുന്നത് സിലോണിലേക്കായിരുന്നു. കനോലികനാലിലൂടെ കെട്ടുവള്ളങ്ങളില്‍ വലിയ ചാക്കുകളി(മലകുകളി) ലാക്കി ചേറ്റുവയിലെത്തിച്ച്  അവിടെനിന്ന് ശ്രീലങ്കയിലേക്ക് കയറ്റുമതിചെയ്തു. അക്കാലത്ത് ശ്രീലങ്ക ബീഡിവ്യവസായത്തിന്‍റെ പ്രധാന കമ്പോളമായിരുന്നു.  

ഹനീഫ സോപ്പ്, സുലൈഖ സോപ്പ്, ശോഭാ സോപ്പ്, സിംഹം സോപ്പ് തുടങ്ങിയ വിവിധതരം സോപ്പുകള്‍ നിര്‍മ്മിച്ച് പൊന്നാനിയിലും പരിസരത്തും വിപണനം ചെയ്തു. 

പരന്നൊഴുകിയിരുന്ന പുഴയില്‍ വള്ളുവനാട്ടില്‍ നിന്ന് മുള, കവുങ്ങ് ചങ്ങാടം കെട്ടിയും, ഉള്‍നാടുകളില്‍ നിന്ന് കയര്‍, ഓല, പച്ചക്കറി, നാളികേരം, കൊപ്ര, നെല്ല് തുടങ്ങിയവ വഞ്ചി കളിലൂടെയും, അരിയും പലച്ചരക്കുകളും സ്റ്റേഷനറിയും പട്ടണങ്ങളില്‍ നിന്ന് കനാലിലൂടെയും കടലിലൂടെയും, കിഴങ്ങു ഫലവ്യജ്ഞനങ്ങളും കാളവണ്ടിയിലൂടെയും ഇറക്കുമതി ചെയ്തും  അങ്ങാടി (ഒന്നാം നമ്പര്‍) പാലത്തിനു സമീപം ഷെഡ്ഡുകളിലും ഗോഡൗണുകളിലും ശേഖരിച്ച് അയല്‍നാടുകളിലേക്ക് കയറ്റി അയക്കുകയും വിപണനം നടത്തുകയും ചെയ്തിരുന്നു.

ഇവിടെനിന്ന് തെക്കോട്ട് വെളിയംകോട്, അണ്ടത്തോട,് എടക്കഴിയൂര്‍, ചാവക്കാട്, ഒരുമനയൂര്‍, ചേറ്റുവ, കണ്ടശ്ശാന്‍ കടവ് തുടങ്ങിയ പ്രദേശങ്ങളിലേക്കും വടക്കോട്ട് പുറത്തൂര്‍, കൂട്ടായി, തിരൂര്‍ ഭാഗങ്ങളിലേക്കും കനോലികനാലിലൂടെ തോണിവഴി ചരക്കുകള്‍ കൊണ്ടുപോയിരുന്നു. യാത്രക്കാര്‍  വഞ്ചികളിലും കെട്ടുവള്ളങ്ങളിലും സഞ്ചരിച്ചു. മേല്‍പ്പുരയുള്ള ധാരാളം വഞ്ചികള്‍ ദൈനം ദിനം കനാലില്‍ തെക്കും വടക്കും സഞ്ചരിച്ചു. അന്ന് പൊന്നാനി അങ്ങാടി തെക്കെ മലബാറിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു. പുഴകളിലൂടെ നിറഞ്ഞൊഴുകിയ ജല സമ്പത്തായിരുന്നു ഇതിന് ഹേതുവായത്. 

അങ്ങാടി പാലത്തിന് സമീപത്ത് നിന്ന് തിരൂര്‍, ചാവക്കാട് 'ഭാഗത്തേക്ക് ദിവസവും യന്ത്രവല്‍കൃത സര്‍വ്വീസ് ബോട്ടുകളിലായിരുന്നു സഞ്ചാരം. ജയ്ഹിന്ദ്, ഇസ്മാഈല്‍, പൈലറ്റ്, മോഹനന്‍ തുടങ്ങിയ ബോട്ടുകള്‍ ദിവസവും പത്തിലധികം സര്‍വ്വീസുകള്‍ നടത്തിയിരുന്നു. മണത്തല, കൂട്ടായി നേര്‍ച്ച ദിനങ്ങളില്‍ ബോട്ടുകള്‍ക്ക് വിശ്രമമില്ലായിരുന്നു. തറീക്കുട്ടി ഹാജിയുടെ ഉസ്മാനും, കെ.വി. അബ്ദുല്ലകുട്ടി ഹാജിയുടെ റഹ്മാനുമായിരുന്നു ആദ്യത്തെ ബോട്ട് സര്‍വ്വീസ്. മുല്ലമായിങ്ങാനകത്ത് കുഞ്ഞിമുഹമ്മദ് സാഹിബിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇസ്മായില്‍ ബോട്ട്. അദ്ദേഹത്തിന്‍റെ മകന്‍ കെ.എസ്. ഇസ്മായിലിന്‍റെ പേരിലായിരുന്നു പ്രസ്തുത ബോട്ട് സര്‍വ്വീസ്.

കെട്ടുവള്ളങ്ങ (വളവര വഞ്ചികള്‍) ളില്‍ രാത്രി കയറിക്കിടന്നാല്‍ വേലിയേറ്റത്തിന്‍റെ ഗതിയനുസരിച്ച് രാവിലെ തിരൂരില്‍ എത്തി തുടര്‍ന്നായിരുന്നു വിദൂര സ്ഥലത്തേക്കുള്ള തീവണ്ടിയാത്ര. ചരക്കുകളുമായി കെട്ടുവള്ളങ്ങളില്‍ പോകുന്നവര്‍ രാത്രി ഊണുകഴിഞ്ഞ് വഞ്ചിയില്‍ കയറിയാല്‍ പുലര്‍ച്ചെ ചാവക്കാട് കൂട്ടുങ്ങല്‍ അങ്ങാടിയിലും, തിരൂര്‍ ബോട്ടുജെട്ടിയിലും ചരക്കുകള്‍ ഇറക്കി വിപണനം നടത്തി വേലിയേറ്റ ഗതിയനുസരിച്ചായിരുന്നു മടക്കം. അക്കാലത്ത് അങ്ങാടിപ്പാലം പരിസരം തെക്കേ മലബാറിലെ പ്രമുഖ വ്യവസായ കേന്ദ്രമായിരുന്നു.

കരമാര്‍ഗ്ഗമുള്ള ചരക്കുകളധികവും കാളവണ്ടികളിലൂടെയായിരുന്നു. എത്തിയിരുന്നത്. രാത്രിസമയങ്ങളില്‍ വണ്ടിക്കാരന്‍ ഉറങ്ങിയാല്‍പ്പോലും പൊന്നാനിയിലെത്തിയാല്‍ കാളകള്‍ ദിശതെറ്റാതെ വണ്ടിപ്പേട്ടയിലെത്തുമായിരുന്നുവത്രെ. അത്രയ്ക്കും പരിചിതമായിരുന്നു വണ്ടിക്കാളകള്‍ക്ക് വണ്ടിപ്പേട്ട. എം. ഇമ്പിച്ചി കമ്പനി തെക്കേ മലബാറിലെ പ്രമുഖ വ്യവസായികളായിരുന്നു. തിരൂര്‍, പൊന്നാനി, ചാവക്കാട്, കൊച്ചി തുടങ്ങിയ പട്ടണങ്ങളില്‍ കമ്പനിക്ക് ശാഖകളുണ്ടായിരുന്നു.


ആഴ്ച്ചച്ചന്ത

പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള വിഭവങ്ങളും നിത്യോപ യോഗ വസ്തുക്കളും വിപണനം ചെയ്യുന്ന ഇടങ്ങളായിരുന്നു ആദ്യകാലത്ത് ചന്തകള്‍. വിവിധ ദിക്കിലുള്ള ജനങ്ങള്‍ക്ക് പരസ്പരം കണ്ടുമുട്ടാനുള്ള ഒരു വേദികൂടിയായിരുന്നു ഇത്. തډൂലം ഒരു ജനകീയ സ്വഭാവവും കൂടി വന്നുചേര്‍ന്നു. ചന്തകള്‍ക്കെല്ലാം ദിവസങ്ങള്‍ നിര്‍ണ്ണയിച്ചിരുന്നു. പൊന്നാനി ചന്ത തിങ്കളാഴ്ചയായിരുന്നു. കാര്‍ഷിക വിഭവങ്ങള്‍ വീട്ടുപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചമരുന്നുകള്‍ തുടങ്ങി ഉപ്പ്തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ചന്തയില്‍നിന്ന് ലഭിച്ചിരുന്നു. പീടികകളില്‍നിന്നും കിട്ടാത്ത പലതും ഇവിടെ വിപണനം നടത്തി. ഒരാഴ്ചക്കുള്ള പച്ചക്കറിസാധനങ്ങള്‍ വാങ്ങാന്‍ തദ്ദേശീയരും അയല്‍ദേശക്കാരും ഇവിടെയെത്തി. 1940 വരെ ഇത് തുടര്‍ന്നു.

ഒരു രൂപയ്ക്ക് എട്ടുസേറ് അരിയും അഞ്ചണയ്ക്ക് ഒരു തുലാം പൂളക്കിഴങ്ങും വാങ്ങിയതായി പഴമക്കാര്‍ ഓര്‍ത്തിരുന്നു. കയ്യിലുള്ളത് വില്‍ക്കലും സാധനങ്ങള്‍ വാങ്ങലുമായിരുന്നു ചന്തയിലെ പ്രധാന ഇടപാട്. ചന്തപ്പടിയിലെ പെട്രോള്‍പമ്പിന് എതിര്‍വശത്ത് ആഴ്ചച്ചന്ത നടന്നിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിനെ ചന്തപ്പടി എന്ന് വിളിക്കാന്‍ കാരണം. പി.കെ. അബ്ദുറഹിമാന്‍കുട്ടി എന്ന ഇമ്പിച്ചിയുടെ ഉടമസ്ഥതയിലുള്ള ചന്തയുടെ മേല്‍നോട്ടം കെ.വി. സൈനുദ്ദീന്‍കുട്ടിക്കായിരുന്നു.


കച്ചവടത്തിനായി വന്നവര്‍

പൗരാണിക കാലം മുതല്‍ ആഗോള കമ്പോളങ്ങളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ പ്രിയമേറിയവയും ആകര്‍ഷകവുമായിരുന്നതിനാല്‍ യവനര്‍, അറബികള്‍, യൂറോപ്യര്‍ (അഫ്റഞ്ച്), ഈജിപ്ത്യര്‍ (മിസ്രികള്‍), ചൈനക്കാര്‍ (സ്വീനികള്‍) തുടങ്ങിയവര്‍ കച്ചവടത്തിനായി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇവിടെയെത്തിയിരുന്നു. സമുദ്ര വ്യാപാര രംഗത്ത് അറബിക്കടല്‍ വഹിച്ച പങ്ക് വിവരണാതീതമാണ്.

 നൂറ്റാണ്ടുകളോളം പഴക്കമുള്ളതാണ് നമ്മുടെ വ്യാപാരബന്ധങ്ങളുടെ ചരിത്രം. അതിനെ നിലനിര്‍ത്താന്‍ വ്യാവസായിക പുരോഗതി മാത്രം ലക്ഷ്യമിട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുജറാത്തില്‍നിന്ന് കേരളത്തിലെത്തിയ വ്യാപാര പ്രമുഖരാണ് സേട്ടുമാര്‍. കനോജിയാ ബ്രാഹ്മണര്‍, ഭാട്ടിയ, വാണിയ തുടങ്ങി വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇവര്‍ സത്യസന്ധത മുഖമുദ്രയാക്കി ഏര്‍പ്പെട്ട മേഖലകളിലെല്ലാം ഒരു പരിധിവരെ വിജയം കൊയ്യാനും സാധിച്ചു. പിറന്നനാടിന്‍റെ ഗൃഹാതുരത്വം തുളുമ്പുന്ന സ്മരണകളുമായി കേരളത്തിലെ അവശേഷിക്കുന്ന ഗുജറാത്തികള്‍ വര്‍ഷംന്തോറും ദീപാവലി സമുചിതമായി ആഘോഷിക്കുന്നു.


ഗുജറാത്തികള്‍

മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊല്ലം തുടങ്ങിയ തുറമുഖ പട്ടണങ്ങള്‍ കേരളത്തിലെ പ്രമുഖ വ്യവസായ കേന്ദ്രങ്ങളായിരുന്നു. അക്കാലത്ത് പൊന്നാനിയും മികച്ചൊരു കയറ്റിറക്ക് കേന്ദ്രമായിരുന്നു. അവിഭക്ത ഗുജറാത്തിലെ കച്ച്, പോര്‍ബന്ദര്‍, കുംറ്റാ പ്രദേശങ്ങളില്‍ നിന്ന് ആ സമയത്താണ് സേട്ടുമാരുടെ ആഗമനം കുറിച്ചത്. പോര്‍ച്ചുഗീസ് യാത്രികനായ ഇഗ്നേഷ്യോ ബര്‍ബോസ (1686-1734)യുടെ സഞ്ചാര വേളയില്‍ ഗുജറാത്തികള്‍ ഇവിടെയുണ്ടായിരുന്നതായി രേഖപ്പെടുത്തിട്ടുണ്ട്. ക്രമാനുഗതമായി  കണ്ണൂര്‍, വടകര, കോഴിക്കോട്, ആലപ്പുഴ, കൊച്ചി തുടങ്ങിയ പട്ടണങ്ങളിലേക്ക് വ്യാപാര ശൃംഖല വ്യാപിപ്പിച്ചു. 

കേരളത്തിലെ ബ്രാഹ്മണ വിഭാഗങ്ങളില്‍ പ്രമുഖരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ കുടിയേറ്റത്തോടെ വികസനം പ്രാപിച്ച് സാമൂതിരിയുടെ രണ്ടാം ആസ്ഥാനമെന്ന് പുകള്‍പ്പെറ്റ പൊന്നാനി തൃക്കാവിലെ ക്ഷേത്ര പരിസരത്താണ് ഗുജറാത്തികള്‍ വാസമുറപ്പിച്ചത്. ഇവര്‍ അടുത്തടുത്ത് താമസിക്കുന്ന തൃക്കാവ് പൊന്നാനിയിലെ കൊച്ചു ഗുജറാത്താണെന്നു പറയാം.

1960കള്‍ക്ക് ശേഷം പൊന്നാനിയുടെ വ്യാപാരമേഖലയ്ക്ക് സാരമായ തകര്‍ച്ച സംഭവിച്ചതോടെ സാമ്പത്തിക രംഗത്ത് ഗുജറാത്തികള്‍ക്കും ക്ഷതമേറ്റു. വന്നവരിലും ഇവിടെ പിറന്നവരിലും അധികവും മാതൃദേശമായ ഗുജറാത്തിലേക്ക് പോയി. അവശേഷിക്കുന്നവര്‍ ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ പട്ടണങ്ങളിലേക്കും ചേക്കേറി. 

ആദ്യകാലത്ത് ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍ ഇവിടെ വസിച്ചിരുന്നു. ഇപ്പോള്‍ അഞ്ചുകുടുംബങ്ങളില്‍ മുപ്പത് അംഗങ്ങളാണ് അവശേഷിക്കുന്നത്. അവര്‍ പൈതൃക തനിമനിലനിര്‍ത്തി പൊന്നാനിക്കാരായി മാറി. ബ്രാഹ്മണര്‍, ഭാട്ടിയ, ബനിയ വിഭാഗത്തില്‍പ്പെട്ടവരാണ് ഇവിടെയുള്ള ഗുജറാത്തികള്‍. വിവാഹങ്ങളിലൂടെ ഗുജറാത്തി ബന്ധം നിലനിര്‍ത്താനും കേരളത്തിലെ ഇതര ഗുജറാത്തി കുടുംബങ്ങളുമായി കണ്ണിചേരാനും പരസ്പരം സുഖദുഃഖങ്ങളില്‍ പങ്കുചേരാനും അവസരം കണ്ടെത്തി. ഗുജറാത്തിലെ പോര്‍ബന്ദറിലേക്ക് 2014 ജൂലൈ 18ന് നടന്ന സി. ബി.  ഡിലേഷ്കുമാറിന്‍റെ മകള്‍ ആശയുടെ വിവാഹമാണ് അവസാനത്തെത്. അന്നാണ് സി.പി. ഭട്ടിന്‍റെ കുടുംബം അദ്ദേഹത്തിന്‍റെ മകന്‍ ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ ഒടുവിലായി മാതൃദേശത്തേക്ക് യാത്രതിരിച്ചത്. ഗുജറാത്തിയാണെങ്കിലും ജډംകൊണ്ടും കര്‍മ്മംകൊണ്ടും ഞാനൊരു പൊന്നാക്കാരനാണെന്നാണ് ജയപ്രകാശ് പറയുന്നത്.

എക്കൗണ്ടിങ് സിസ്റ്റം ഏപ്രില്‍ ഒന്നാക്കണമെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നതുവരെ വ്യാപാര രംഗങ്ങളിലടക്കം പലതിനും തുടക്കം കുറിച്ചത് ദീപാവലിദിനത്തിലായിരുന്നു. ഇന്നും ചില മേഖലകളില്‍ ആ കീഴ്വഴക്കം തുടരുന്നു. പഴയ കണക്ക് പുസ്തകം മാറ്റി പുതിയവ പൂജക്കുവെച്ചശേഷം മാത്രമേ കണക്കെഴുത്ത് ആരംഭിക്കുകയുള്ളൂ. സരസ്വതീ പൂജയും ദേവീപൂജയും ലക്ഷ്മീ പൂജയുമാണ് മുഖ്യം. കുടുംബക്ഷേത്രമായ തൃക്കാവിലെ സത്യനാരായണ ക്ഷേത്രത്തില്‍ ദിവസവും പൂജ നടക്കുന്നുണ്ട്. ഗണപതിപൂജയടക്കം തന്ത്രി അശ്വിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ വിശേഷാല്‍ കര്‍മ്മങ്ങളും നടക്കും.

കച്ച് ദേശത്തിന്‍റെ പിന്‍മുറക്കാരായ സതീഷ് കൃഷ്ണദാസിന്‍റെയും വിജയ് കൃഷ്ണദാസിന്‍റെയും വീടുകളില്‍ ലിപിയില്ലാത്ത കച്ച് ഭാഷയിലാണ് സംസാരം. ഇതര വീടുകള്‍ക്കകത്തും പരസ്പരം കുടുംബക്കാര്‍ തമ്മിലും സംസാരഭാഷ ഗുജറാത്തിയാണ്. കണക്കെഴുതുന്നതും ഗുജറാത്തിയില്‍ തന്നെയായിരുന്നു. തദ്ദേശീയരുമായുള്ള സമ്പര്‍ക്കം നല്ല മലയാളത്തിലും. 

മലയാള ഭാഷയ്ക്ക് ആവോളം സംഭാവനകള്‍ അര്‍പ്പിച്ചവരാണ് ഗുജറാത്തികള്‍. 1865ല്‍ കൊച്ചിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളാ പത്രിക ഗുജറാത്തിയായ ദേവ്ജി ഭീംജിയുടേതാണ്. മലയാള ചലച്ചിത്രങ്ങളുടെ കേരളത്തിലെ ആദ്യ വിതരണക്കാരന്‍ കൊച്ചിയിലെ ഗുജറാത്തിയായ ദേവ്ജി ജട്ടാഭായിയാണ്. ദീപ്തി വാരിക, നൗക, കൊച്ചിന്‍ പത്രിക, ദക്ഷിണ ഭാരത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥാവകാശവും ഇവര്‍ക്ക് സ്വന്തം.

ദീപാവലിയാണ് പ്രധാന ആഘോഷം. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അര്‍ത്ഥം. ഭാരതത്തിലെ മുഖ്യ ഇതിഹാസ പുരാണങ്ങളായ രാമായണവും മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് ഈ ആഘോഷം.  അന്നേ ദിവസവും തലേ ദിവസവും വീടുകളും കച്ചവടസ്ഥാപനങ്ങളും ദീപാലംകൃതമാക്കും. നിറദീപം സാക്ഷിയായാണ് വാര്‍ഷിക ആചാരങ്ങളുടെ ആരംഭം. പുസ്തകപൂജയും അന്നുതന്നെ. 

ദീപാവലി ദിവസം പുലര്‍ച്ചെ കുളി കഴിഞ്ഞ് മന്ത്രങ്ങള്‍ ഉരുവിട്ട് ആദ്യദീപം തെളിയിക്കുന്നതോടെയാണ് ആഘോഷത്തിന് തുടക്കം. തുടര്‍ന്ന് പല ദീപങ്ങളാല്‍ വീടുകളും സ്ഥാപനങ്ങളും സമ്പൂര്‍ണ്ണ ദീപാലംകൃതമാക്കും. അന്ന് കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ആശ്രിതര്‍ക്കും ആവോളം മധുരം വിതരണം ചെയ്യും. പായസം, പാല്‍പേട, ഗുലാബ്ജാം, ലഡു തുടങ്ങിയവയാണ് മുഖ്യം.

ആണ്ടറുതി ദിവസങ്ങളില്‍ വിവിധ തരം കളര്‍പൊടികള്‍ ചേര്‍ത്ത് രംഗോലി (കളം) വരയ്ക്കും. മലയാളികള്‍ക്ക് മോഹിനിയാട്ടംപോലെ തന്നെയാണ് ഗുജറാത്തികളുടെ തനത് നൃത്തമായ നവരാത്രി ആഘോഷങ്ങളിലെ ഗര്‍ബ. മറ്റൊരു പ്രധാനകലയാണ് ദാണ്ഡിയ റാസ്. ഏകാദശിയും നവരാത്രിയും ഹോളിയും ജډാഷ്ടമിയുമാണ് മറ്റു പ്രധാന ആഘോഷങ്ങള്‍.

ജലഗതാഗതത്തിന് പൊന്നാനിക്ക് പ്രാമുഖ്യം ഉണ്ടായിരുന്ന കാലത്ത് ബോംബെ പോലുള്ള പട്ടണങ്ങളിലേക്ക് കയറ്റിറക്ക് നടത്തിയിരുന്ന പത്തോളം ഉരുക്ക (പത്തേമാരി)ളുടെ ഉടമകളായിരുന്നു ഇവിടത്തെ സേട്ടുമാര്‍. അക്കാലത്ത് പൊന്നാനി വ്യാപാരരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. സ്വന്തമായ പാണ്ടികശാലകളില്‍ ആവോളം ചരക്കുകള്‍ സംഭരിച്ച് വ്യാപാരം പൊടിപൊടിച്ചു. തേങ്ങ, കൊപ്ര ഇടപാടുകളുമായി എത്തിയവര്‍ അതിന് തകര്‍ച്ച സംഭവിച്ചതോടെ കയര്‍, ഔഷധം, സ്വര്‍ണ്ണം തുടങ്ങി ധനകാര്യസ്ഥാപനങ്ങള്‍ വരെ നടത്തി. വിവിധ മേഖലകളില്‍ വ്യാപാരം വ്യാപിച്ചു. കൊപ്ര വ്യാപാരികളാണെങ്കിലും വെളിച്ചെണ്ണ ഇവര്‍ക്ക് അലര്‍ജിയാണ്. കടലെണ്ണയാണ് പ്രിയം.

ദീപാവലി കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് പുതുവര്‍ഷമായ സാല്‍മുബാറക്ക് (ഹാപ്പി ന്യൂ ഇയര്‍). സംവത് 2070 കാര്‍ത്തികമാസ പിറവിയോടെയാണ് പുതുവര്‍ഷാരംഭം. വ്യാപാരവും ഭക്തിയും മധുരവും ആഘോഷവുമായാല്‍ ഗുജറാത്തിയായി എന്നാണ് നാട്ടുചൊല്ല്. 

ജീവരാജ് രണ്‍ചോഡ് ദാസ്, രംദാസ് വസന്തി, സി. പി. ഭട്ട്, മണികാന്ത്രംദാസ്, സതീഷ് കൃഷ്ണദാസ് തുടങ്ങി അഞ്ചാം തലമുറയില്‍ എത്തിനില്‍ക്കുന്നു. ആദ്യകാലത്ത് പൊന്നാനിയില്‍ ഇവര്‍  സുസംഘടിതരായിരുന്നു. പൊന്നാനി കോടതിക്ക് പടിഞ്ഞാറ് സര്‍ക്കാര്‍ ഐസ്പ്ലാന്‍റ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന് സമീപം സ്വന്തമായ സമാജമുണ്ടായിരുന്നു. മരണമടഞ്ഞാല്‍ ദഹിപ്പിക്കുകയാണ് പതിവ്. നഗരസഭ വക പൊതുശ്മശാനമായ കുറ്റിക്കാട്ടിലോ, ഭദ്രാംകുളങ്ങരയിലോ ചടങ്ങ് നടത്തും. മൂന്നാം ദിവസത്തെ ദുഃഖാചരണത്തില്‍ കുടുംബാംഗങ്ങള്‍ മുഴുവനും പങ്കെടുക്കും. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളിലെ പൂജാകര്‍മ്മങ്ങള്‍ക്കൊടുവില്‍ പതിമൂന്നാം ദിവസത്തെ സദ്യയോടെ ചടങ്ങ് പര്യവസാനിക്കും.


കച്ച്മേമന്‍ 

ഗുജറാത്തിലെ കച്ചിദേശത്ത് നിന്നെത്തിയ മുസ്ലിം വ്യാപാരികളായ കച്ച് ഹാലായിസ്മേമന്‍ വിഭാഗത്തോടും ഹൈന്ദവ വ്യാപാരികളായ ഗുജറാത്തി സേട്ടുമാരോടും ഈ ഭൂമിക ഉദാര സമീപനമാണ് സര്‍വ്വ രംഗത്തും സ്വീകരിച്ചത്. 

മേമന്‍ വംശത്തില്‍ ഹാലായി മേമന്‍, കച്ചി മേമന്‍, സിന്ധി മേമന്‍, ഒക്കായി മേമന്‍, കത്രി, തരട്ടി, നെസര്‍പൂരിയ തുടങ്ങിയ പല അവാന്തര വിഭാഗങ്ങളും ഉണ്ട്. ആദ്യകാലത്ത് കച്ചവടം മാത്രമായിരുന്നു ഇവരുടെ കുലത്തൊഴില്‍. ക്രമേണ വിവിധ മേഖലകളിലേക്കും തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം വ്യാപിപ്പിച്ചു.

പൊന്നാനിയില്‍ കൂടുതല്‍ ഉണ്ടായിരുന്നത് കച്ചിക്കാരും ഹാലായിസുമായിരുന്നു. പൊന്നാനിയും പുറംരാജ്യങ്ങളുമായി കയറ്റിറക്ക് വ്യാപാരം നടത്തിയിരുന്ന ഇവര്‍ സിന്ധും ഗുജറാത്തിയും ചേര്‍ന്ന കച്ച് ഭാഷയായിരുന്നു സംസാരിച്ചിരുന്നത്. കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ദേശത്തിന്‍റെ സാമൂഹിക, സാംസ്കാരിക, മത രംഗത്തും മായാമുദ്ര പതിപ്പിച്ചു. റംസാന്‍ മാസത്തിലും അല്ലാതെയും അശരണര്‍ക്കും അഗതികള്‍ക്കും ആവോളം സഹായം നല്‍കി. 

ആദം ഹാജി പീര്‍ മുഹമ്മദ് സേട്ട്, ഉസൈന്‍ കാസിം ദാദ,  ഹാജി ഹബീബ്, ഹാജി പീര്‍ മുഹമ്മദ് സേട്ട്, ഹാജി ദാവൂദ് തുടങ്ങിയവരായിരുന്നു പ്രധാന ഹാലായീസ് വ്യാപാരികള്‍. കച്ചത്തെരുവിലായിരുന്നു കച്ചവടം ആദ്യം ആരംഭിച്ചത്. പിന്നീട് കോടതിപ്പടിയിലേക്ക് മാറ്റി. ഇവരില്‍ അധികവും ഹനഫി വിഭാഗത്തില്‍പ്പെട്ട മുസ്ലിംകളായതുകൊണ്ടാണത്രെ പൊന്നാനി കോടതിപ്പടിക്ക് സമീപമുള്ള മുഹിയദ്ദീന്‍ പള്ളിയുടെയും കടപ്പുറത്തെ പള്ളി (അന്‍സാര്‍ പള്ളി)യുടെയും ആദ്യകാലത്തെ  ഹൗള് വലുതാകാന്‍ കാരണം.

സ്വാതന്ത്ര്യാനന്തരം വ്യാപാരം സ്വദേശത്തേക്കും മറ്റു പട്ടണങ്ങളിലേക്കും പറിച്ച് നട്ടെങ്കിലും പ്രബലമായ പാരമ്പര്യം നിലനിര്‍ത്തിയാണ് നാടുനീങ്ങിയത്. മദ്രാസ്സ് ചീഫ് എഞ്ചിനീയറായിരുന്ന എ.എം.ഉസ്മാന്‍ സാഹിബ് ഹാജി ദാവൂദിന്‍റെ മകനാണ്. ആദ്യ കാലത്ത് പാവപ്പെട്ട കുടുംബങ്ങളില്‍നിന്ന് വിവാഹം ചെയ്ത് പലര്‍ക്കും ഇവര്‍ ജീവിതം നല്‍കിയിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, കായംകുളം, കോഴിക്കോട്, കോട്ടയം, ചേറ്റുവ തുടങ്ങിയ പല പട്ടണങ്ങളിലും  പള്ളികള്‍ സ്ഥാപിച്ചു.

സാമ്പത്തികവര്‍ഷാരംഭം ഏപ്രില്‍ ഒന്നാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്വരെ എക്കൗണ്ടിംഗ് സിസ്റ്റത്തില്‍ ഇവര്‍ സ്വന്തമായ ചില കീഴ്വഴക്കങ്ങള്‍ പരിപാലിച്ച് പോന്നു. റംസാന്‍ മാസത്തിന് പതിനഞ്ച് ദിവസം മുമ്പ് ശഅബാനിലെ ബറാഅത്ത് നാളായിരുന്നു ഈ വിഭാഗത്തിന്‍റെ സാമ്പത്തിക വര്‍ഷാരംഭം. സമ്പത്തില്‍നിന്ന് വര്‍ഷംതോറും സാധുക്കള്‍ക്ക് നല്‍കാന്‍ നിര്‍ബ്ബന്ധമാക്കിയ സക്കാത്ത് വിഹിത വിതരണം റംസാന്‍ മാസത്തില്‍തന്നെ നടത്താനായിരുന്നു ഈ രീതി തുടര്‍ന്നത്. 

മംഗലാപുരം, ബോംബെ, കറാച്ചി, ബര്‍മ്മ, സിലോണ്‍ തുടങ്ങിയ തുറമുഖ പട്ടണങ്ങളിലേക്ക് കച്ചീക്കാരും ഗുജറാത്തി സേട്ടുമാരും മുറക്ക് കയറ്റിറക്ക് വ്യാപാരം നടത്തിയിരുന്ന സമയത്ത് പാതാറില്‍ (ഡക്കയില്‍) ഒരവസരത്തില്‍ പൊന്നാനിയിലെയും പരിസരത്തെയും നൂറുകണക്കിന്  തൊഴിലാളികള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്തിരുന്നു. കെ. കുഞ്ഞാവുക്ക, കാസിം മൂപ്പന്‍, കുഞ്ഞാവ മൂപ്പന്‍ തുടങ്ങിയ കാര്യക്കാരും മൂപ്പډാരും പാണ്ടികശാലയിലും പണി ഇടങ്ങളിലും തൊഴിലിന് മികവുറ്റ നേതൃത്വം നല്‍കി.

കുഞ്ഞാവുക്കയെ കുഞ്ഞാവുഷാ എന്ന വിശേഷണത്തോടെ ആദ്യം വിളിച്ചത് കച്ചീക്കാരാണ്. പൊന്നാനിയില്‍ ഇത് പോലുള്ള പ്രാപ്തരായ കാര്യസ്ഥډാരും മൂപ്പډാരുമായിരുന്നു പല കച്ചവടങ്ങളും നിയന്ത്രിച്ചിരുന്നത്. എം.എ. അസീസ്, പി.വി. അബ്ദുല്ല തുടങ്ങിയ പലരും ഇവരുടെ ഇടനിലക്കാരായിരുന്നു. ഒന്നാംനമ്പര്‍ പാലത്തിന് സമീപം പട്ടരുടെ (സ്വാമിയുടെ) കടയില്‍ കാര്യസ്ഥനായിരുന്ന ബാവക്കയെ പിന്നീട് പട്ടരുബാവ എന്നും,  എസ്. വി. ശേഷയ്യരെ പുതിയാപ്പിള സ്വാമി എന്ന് വിളിക്കപ്പെടാനുള്ള കാരണം മുസ്ലിംകളും പട്ടമ്മാരും തമ്മിലുള്ള സുദൃഢ ബന്ധമാണ്. വാമൊഴിയാല്‍ പ്രചരിച്ച ഈ വിശേഷാല്‍  പേരുകള്‍ പൊന്നാനിയില്‍ ദീര്‍ഘകാലമായി നിലനിന്ന് വരുന്ന മതമൈത്രിയുടെ അടയാളവും കൂടിയത്രെ.

കോഴിക്കോട്, കൊച്ചി, കായംകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ പല പട്ടണങ്ങളിലും ഇവര്‍ക്ക് വ്യാപാര കേന്ദ്രങ്ങളുണ്ടായിരുന്നു. അരി, തേങ്ങ, കൊപ്ര തുടങ്ങിയവയായിരുന്നു പ്രധാന കയറ്റിയിറക്ക് വ്യാപാരം. സത്യസന്ധതയും കൃത്യനിഷ്ഠയും ഇവരുടെ മുഖമുദ്രയായിരുന്നു. സ്വന്തമായ ഭാഷയും വേഷവും സ്വീകരിച്ചിരുന്ന ഈ വിഭാഗം ഇതര ജീവിത താളങ്ങളില്‍ മലയാളിത്വം തനിമയോടെ സംരക്ഷിച്ചു. കേരളത്തില്‍ ആയിരത്തിലധികം കുടുംബങ്ങള്‍ ഇപ്പോള്‍ വസിക്കുന്നുണ്ട്.

ഒരവസരത്തില്‍ സാമ്പത്തിക രംഗത്ത് മികച്ചുനിന്നിരുന്ന ഇവരില്‍ പകുതതിയിലധികവും ഇപ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരുമാണ്. കൊച്ചി, കായംകുളം തുടങ്ങിയ പട്ടണങ്ങളില്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തും മറ്റു മേഖലകളിലും ഈ വിഭാഗം നിറസാന്നിദ്ധ്യമാണ്. അന്തരിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എം.ജെ. സക്കരിയാസേട്ട് തുടങ്ങിയ പല പ്രമുഖരും സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചവരാണ്. കൊച്ചിയില്‍ കച്ചിമേമന്‍ അസോസിയേഷനും ഹാലായീസ് അസോസിയേഷനും വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്നു.

തകരുന്ന കയര്‍ വ്യവസായം

കനോലികനാലിന്‍റെ തീരപ്രദേശങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പ്രമുഖ കയറുല്‍പ്പാദക കേന്ദ്രങ്ങളായിരുന്നു. രണ്ടാം നമ്പര്‍ പാലത്തിന് സമീപത്ത്നിന്ന് ഇരുമ്പേലെ പാലം, കുട്ടിവൈദ്യര്‍പാലം വഴി കനോലി കനാലിനരികിലെ ഒറ്റയടിപ്പാതയിലൂടെ കടവനാട്ടേക്ക് നടന്നാല്‍ വഴിയോരങ്ങളില്‍ ചകിരി ധാരാളമായി പൂഴ്ത്തിയിരുന്ന ഇടത്തോടുകളായിരുന്നു അധികവും. പുറത്തൂര്‍, ബിയ്യം, കാഞ്ഞിരമുക്ക്, പുറങ്ങ്, പുളിക്കകടവ്,  കടവനാട്, വെളിയംകോട് പ്രദേശങ്ങള്‍ ഒരു കാലത്ത് പ്രമുഖ കയര്‍, തേങ്ങ വ്യവസായ  കേന്ദ്രങ്ങളായിരുന്നു. മിക്ക വീടുകളുടെയും ചാരെ ഓലമേഞ്ഞ ഷെഡ്ഡുകള്‍ കെട്ടി പുലര്‍ച്ചെ മുതല്‍ ചിമ്മിനി വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ ആരംഭിക്കുന്ന കയര്‍ പിരി മൂവന്തിയോളം നീണ്ടുനില്‍ക്കുമായിരുന്നു. തൊണ്ട് തല്ലി തുമ്പാക്കി കയറുപിരി സര്‍വ്വസാധാരണമായിരുന്നു.

പച്ചച്ചകിരി തുമ്പാക്കാന്‍ പാകത്തിലുള്ള തൊണ്ടുകള്‍ പൂഴ്ത്തിയിരുന്ന പലയിടങ്ങളും ഇവിടെയുണ്ടായിരുന്നു. വെള്ളം സുലഭമായി ലഭിക്കാന്‍ ഇടയുള്ള തീരപ്രദേശത്ത് മണ്ണ് ആഴത്തില്‍മാറ്റി വലിയ കുഴിയുണ്ടാക്കി അതിലെ വെള്ളം മാറ്റിയശേഷം ചകിരി വാരിയിട്ട് മുകളില്‍ ഓലവെച്ച് മണ്ണിട്ട് മൂടിയാണ് തൊണ്ട് പാകപ്പെടുത്തിയെടുക്കുന്നത്. രണ്ട് മൂന്ന് സെന്‍റ് സ്ഥലത്ത് ഏതാണ്ട് പതിനായിരം തേങ്ങ പച്ചചകിരി പൂഴ്ത്താം. മണ്ണിട്ട് മൂടിയശേഷം ഒരു ഭാഗത്ത് ചെറുതായി (കണ്ണ്) തുറക്കുന്ന ഇടത്തിലൂടെ വെള്ളം പ്രവേശിക്കാന്‍ അവസരം നല്‍കും. ഈ വെള്ളത്തില്‍ കിടന്നാണ് ചകിരി തുമ്പാക്കാന്‍ പാകമാകുന്നത്. ആയിരം ചകിരി പൂഴ്ത്തിയാല്‍ നൂറ്റിയിരുപത് രൂപവരെയായിരുന്നു അക്കാലത്തെ കൂലി. 

മൂന്നൂറ്റിയമ്പത് രൂപ വിലവരുന്ന ആയിരം തേങ്ങ ചകിരി പൂഴ്ത്തി പാകമായാല്‍ എഴുന്നൂറ്റിയമ്പത് രൂപവരെ വില ലഭിക്കും. പാകമായ ചകിരി പോളചീന്തി തുണ്ട്തല്ലുന്ന സ്ത്രീകള്‍ സുലഭമായിരുന്നു. നൂറുതേങ്ങ തല്ലി തുമ്പാക്കിയാല്‍ പതിനാറ് രൂപയായിരുന്നു കൂലി. പലയിടത്തും മണ്ണിട്ട് നികത്തിയെങ്കിലും പുറങ്ങ്, മാരാമുറ്റം, പടിഞ്ഞാറ്റുമുറി, കടവനാട്, വെളിയംകോട് ചീര്‍പ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ചകിരിക്കുഴികളുടെ ശേഷിപ്പുകള്‍ ഇപ്പോഴും കാണാം.

മിക്ക വീടുകളുടെയും ചാരെ ഓലമേഞ്ഞ ഷെഡ്ഡുകള്‍കെട്ടി പുലര്‍ച്ചെ മുതല്‍ തന്നെ ചിമ്മിനിവിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ ആരംഭിക്കുന്ന കയര്‍പിരി മൂവന്തിയോളം നീണ്ടുനില്‍ക്കുമായിരുന്നു. 

വൈദ്യുതി വ്യാപകമായതിന് ശേഷം ബിയ്യം, മുക്കട്ടക്കല്‍ പാലം, പുറങ്ങ് പടിഞ്ഞാറ്റുമുറി, കുണ്ടുകടവ് വടക്ക്, കുണ്ടുകടവ്, വെളിയങ്കോട് കടവ്, പുതുപൊന്നാനി, കടവനാട്, നാലാംനമ്പര്‍ പാലം, ഇരുമ്പേലെപാലം, പുറത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തൊണ്ട് തുമ്പാക്കി മാറ്റുന്ന ചകിരി മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇടക്കാലത്ത് പച്ചചകിരി തുമ്പാക്കുന്ന മെഷീന്‍ വന്നെങ്കിലും അതിന് നിലനില്‍പ്പുണ്ടായില്ല. 

ഇവിടെനിന്ന് വിദേശ വിപണിയിലേക്കു പറങ്കികളുടെ കാലത്തുതന്നെ കയര്‍ കയറ്റുമതി ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം. അര്‍ദ്ധ പട്ടിണിയാണെങ്കിലും കയര്‍ പണി വ്യാപകവും ഉപജീവനമാര്‍ഗ്ഗവുമായിരുന്നു. കൈപ്പിരി, പൊള്ളാച്ചി മുപ്പിരി, മുപ്പിരി, സാദാമുപ്പിരി, മുറുക്ക് മുപ്പിരി, സികമ്പ, എസ് കമ്പ,  സ്പെഷ്യല്‍ കമ്പ, വാള്‍ കയര്‍, തലക്കയര്‍, ലോറി കയര്‍, തണ്ണിക്കയര്‍, ചൂടിക്കയര്‍, വണ്ണക്കയര്‍, നേര്‍മ്മക്കയര്‍, തുടങ്ങിയ പലയിനം കയറുകള്‍ ഉല്‍പാദിപ്പിച്ചു.

കയര്‍ വ്യവസായരംഗത്ത് സഹകരണ സംഘങ്ങള്‍ ആദ്യമായി ആരംഭിക്കുന്നത് 1957-58 കാലഘട്ടങ്ങളിലാണ്. മരക്കടവ്, പള്ളപ്രം ഏരിയകള്‍ കേന്ദ്രമാക്കിയാണ് ഈ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. നാനൂറോളം തൊഴിലാളികള്‍ വിവിധ സഹകരണസംഘങ്ങള്‍ മുഖേന ജോലിചെയ്തിരുന്നു. 

കെ.എന്‍.എസ് കമ്പനി, ടി.എന്‍.എന്‍ കമ്പനി, എ.വി. ബാവകുട്ടി ഹാജി ആന്‍റ് സണ്‍സ്, ഇ.എം.വി.എസ്. കമ്പനി, എ.പി. അബൂബക്കര്‍ സാഹിബിന്‍റെ ഷാജഹാന്‍ കയര്‍ കമ്പനി, മേനോന്‍ കമ്പനി, കൊച്ചി സപ്ലെ കമ്പനി, യു.സി.ഐ. കമ്പനി തുടങ്ങിയവയായിരുന്നു പ്രധാന കയര്‍ കമ്പനികള്‍. ബാംഗ്ലൂര്‍, മൈസൂര്‍, മഹാരാഷ്ട്ര, ഹുബ്ലി, ഹാസന്‍, അര്‍ഷിക്കര, ദാവണിക്കര, മദനപ്പുര, കോലാര്‍, ഷിമോഗ, മദ്രാസ്, പൊള്ളാച്ചി, സേലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്ന് കയറും ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്തിരുന്നു. ഇപ്പോള്‍ ഈ വ്യവസായം പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണ്.  ഇവിടെ നിന്ന് മുപ്പിരി കയര്‍ മാത്രമെ ഇപ്പോള്‍ പിരിച്ച് കയറ്റി അയക്കുന്നുള്ളു.