59. കനോലികനാല്
9495095336
കോഴിക്കോട് ജില്ലയിലെ കോട്ടപ്പുഴയില്‍ നിന്നൊഴുകി മൂരാട് പുഴ, കോരപ്പുഴ, കല്ലായിപ്പുഴ, കടലുണ്ടിപ്പുഴ, പൂരപ്പുഴ, തിരൂര്‍ പൊന്നാനിപ്പുഴ, ഭാരതപ്പുഴ, പൂക്കൈതപ്പുഴ, ചേറ്റുവപ്പുഴ, എറണാകുളം ജില്ലയിലെ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പുഴയുമായി മദ്ധ്യമലബാറിനെയും തെക്കേ മലബാറിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും നീളം കൂടിയ ജലസഞ്ചാര പാതയാണ് കനോലി കനാല്‍.
1822ല്‍ ബ്രിട്ടീഷ് സ്പെഷ്യല്‍ കമ്മീഷനായിരുന്ന മിസ്റ്റര്‍ ഗമേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയിലെ മൂന്ന് പ്രഗത്ഭ കലക്ടര്‍മ്മാരില്‍പ്പെട്ട കനോലി സായിപ്പാണ് 1848ല്‍ ഈ കനാല്‍ നിര്‍മ്മിച്ചത്. വിപുലീകരണത്തിന് സ്ഥലം നല്‍കിയ ഉടമസ്ഥര്‍ക്ക് സാമ്പത്തിക ആനുകാല്യങ്ങള്‍ നല്‍കാതെ ഉപ്പുവെള്ളം കയറുന്നതിന് തടയിണ നിര്‍മ്മിച്ചുകൊടുക്കാമെന്നും തൊഴിലാളികള്‍ക്ക് കൂലി നല്‍കാതെ ഭക്ഷണം മാത്രം നല്‍കാമെന്ന വ്യവസ്ഥയിലുമാണ് ഈ കനാല്‍ നിര്‍മ്മിച്ചത്.
പല ചരിത്ര സംഭവങ്ങള്‍ക്കും സാംസ്കാരിക സമന്വയത്തിനും ഈ കനാല്‍ സാക്ഷിയാണ്. മലബാര്‍ പോരാട്ടത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ പോരാട്ടം ആരംഭിക്കുന്നതിന് മൂന്നാഴചമുമ്പ് 1921 ജൂലായ് 24 ാം തിയതി ഈ കനാലിന് മുകളിലെ പൊന്നാനിയിലെ ഒന്നാം നമ്പര്‍ പാലത്തിന് മുകളില്‍വെച്ച് മലബാര്‍ പോരാട്ട നായകന്‍ ആലിമുസ്ലിയാരും ബ്രിട്ടീഷ് സൈന്യവും തമ്മില്‍ ശക്തമായ രീതിയില്‍ ഉരസലുണ്ടായിരുന്നു. അത് പിന്നീട് 1921ല് ആഗസ്റ്റ് 20ന് ആരംഭിച്ച മലബാര്‍ പോരാട്ടത്തിന് ഊര്‍ജ്ജം പകരാന്‍ ഹേതുവായത് ചരിത്ര ലിഖിതമാണ്.
പൊന്നാനിയിലെ നിലവിലുള്ള ആദ്യത്തെ പള്ളിയായ തോട്ടുങ്ങല്‍ പള്ളി, പൊന്നാനി വലിയ ജുമുഅത്ത് പള്ളി, ഗുരുവായൂര്‍ ക്ഷേത്രം, പാലയൂര്‍ ചര്‍ച്ച്, തൃപ്രയാര്‍ ക്ഷേത്രം തുടങ്ങിയ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങളും മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റെ ജډസ്ഥലമായ തുഞ്ചന്‍മഠം, മലയാളം സര്വ്വകലാശാലയും കനാലിന്‍റെ തീരത്താണ്.
തുഞ്ചത്തെഴുത്തച്ഛന്‍, കെ ദാമോദരന്ശൈ, ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍, ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍, ഉമര്‍ഖാസി, ആഗോള പ്രശസ്തനായ ചിത്രകാരന് കെസിഎസ് പണിക്കര് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതീഹ്യമാലയുടെ പാണ്ടന് പറന്പത്ത് മന, കേളപ്പന്‍, വള്ളത്തോള്‍, വേലായുധന്‍ പണിക്കശ്ശേരി, ചേറ്റുവ പരീക്കുട്ടി,പി.എ. സൈതുമുഹമ്മദ്, കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍, രാമു കാര്യാട്ട്, ബാബു സേട്ട്, കുഞ്ഞുണ്ണിമാഷ്, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ സാംസ്കാരിക നായകډാര്‍ക്കും എംഎ യൂസഫലി, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയ വ്യവസായ പ്രമുഖര്‍ക്കും ഇതിന്‍റെ തീരം ജډം നല്‍കിയിട്ടുണ്ട്.
ജലഗതാഗതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് തെക്കേ മലബാറിന്‍റെ വ്യാവസായിക ആസ്ഥാനമായ പൊന്നാനിയില്‍ നിന്ന് തെക്ക് ചാവക്കാട് വരെയും വടക്ക് തിരൂര് വരെയും ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. വേലിയേറ്റത്തിന് സന്ധ്യക്കുശേഷം പൊന്നാനിയില്‍ നിന്ന് പുറപ്പെടുന്ന കെട്ടു വള്ളങ്ങളില്‍ വിരിച്ച പായകളില്‍ ഉറങ്ങി പുലര്‍ച്ചെ ചാവക്കാട് കൂട്ടുങ്ങല്‍ കടവിലും വടക്ക് തിരൂര്‍ ബോട്ട് ജെട്ടിയിലും എത്തുമായിരുന്നു. ഈ രീതിയിലായിരുന്നു അക്കാലത്തെ സാധാരണക്കാരുടെ സഞ്ചാരം. പൊന്നാനിയില്‍ നിന്ന് തിരൂരിലേക്കും ചാവക്കാട്ടേക്കും രണ്ടണ വീതമായിരുന്നു ചാര്‍ജ്ജ്. അക്കാലത്ത് തോടിന്‍റെ ഇരുകരകളിലും ഇടക്കിടെ പീടികകളും കച്ചവടകേന്ദ്രങ്ങളും ഉണ്ടായിരുന്നു. അക്കാലത്ത് ദൈനംദിനം നിരവധി കെട്ടുവള്ളങ്ങള് സഞ്ചരിച്ചിരുന്നു.
ടിപ്പുവിന്‍റെ ഭരണകാലത്ത് 1780കളില്‍ നിര്‍മ്മിച്ച ബേപ്പൂര്‍ മുതല്‍ ചേറ്റുവ വരെയുള്ള തീരദേശ റോഡ് ഇതിന് സമാന്തരമായിട്ടാണ് നിര്‍മ്മിച്ചത്. ടിപ്പുവിന്‍റെ പീരങ്കികളടക്കമുള്ള യുദ്ധ സാമഗ്രികള്‍ കൊണ്ടുപോകാനായിരുന്നു.
പൊന്നാനി താലൂക്കിന്‍റെയും തൃശൂര്‍ ജില്ലയുടെയും അതിര്‍ത്തി പ്രദേശങ്ങളായ വെട്ടിക്കടവ്-ഒതളൂര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ട് കൈവഴികളായി കോള്‍മേഖലയിലൂടെ ഒഴുകിയെത്തുന്ന പൂക്കൈതപ്പുഴ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബിയ്യം കായലുമായി സംഗമിച്ച് പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ലയിക്കുന്നു.
മലബാറില്‍ ജലപാതയുടെ നിര്‍മ്മാണമാരംഭിച്ചത് മൈസൂര്‍ സുല്‍ത്താډാരുടെ ഭരണകാലത്ത് അവരുടെ നിര്‍ദ്ദേശാനുസരണം 1766ല്‍ കൃത്രിമമായി നിര്‍മ്മിച്ച സുല്‍ത്താന്‍ തോടാണ്. ഇത് വടക്കെ മലബാറില്‍ അക്കാലത്ത് വളരെ പ്രാധാന്യമുള്ള ഒരു ജലപാതയായിരുന്നു. അതിനുമുമ്പ് മലബാറില്‍ ഇതേ രീതിയിലുള്ള വികസനം നടന്നിട്ടില്ല. മറ്റു തോടുകളെല്ലാം നിര്‍മ്മിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ്.
തുടക്കത്തില്‍ പയ്യോളിപ്പുഴ, അകലപ്പുഴ, എലത്തൂര്‍പ്പുഴ എന്നിവകളെ ബന്ധിപ്പിച്ച് മറ്റു ചെറു പുഴകളെയും തോടുകളെയും പരസ്പരം കോര്‍ത്തിണക്കി ഭാരതപ്പുഴയുമായി സംഗമിപ്പിച്ചു.
കരഗതാഗതം വികസിക്കാതെ ജലഗതാഗതത്തിന് പ്രമുഖ്യമുണ്ടായിരുന്ന കാലത്ത് പൊന്നാനി കനാല്‍, പി.സി. കനാല്‍, കനോലി കനാല്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ കനാലിലൂടെയാണ് പണ്ട് മലബാറിലെ ബ്രാഹ്മണരും ആഴ്വാഞ്ചേരി തമ്പ്രാക്കളും തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് മുറജപത്തിന് പോയിരുന്നതും നാട്ടുപ്രമാണിമാരും പൗരപ്രമുഖരും കച്ചവടക്കാരും സാധാരണക്കാരും അധികവും സഞ്ചരിച്ചിരുന്നതും. ജല ഗതാഗതത്തിലും, വ്യാപാരത്തിലും പ്രതാപത്തിന്‍റെ പ്രവാഹിനിയായിരുന്ന ഈ കനാല്‍ നഗരസഭയെ അഞ്ചുമീറ്ററോളം നെടുകെ രണ്ടായി വിഭജിക്കുന്നു. തുടക്കത്തില്‍ ഇതിന്‍റെ ആഴം പതിനഞ്ച് അടിയിലധികമുണ്ടായിരുന്നു.
ഉള്‍നാടന്‍ ജലഗതാഗതം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍റെ വിഷന്‍ 2010 പദ്ധതിയനുസരിച്ച് ഈ ജലപാത വികസനത്തിനായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ഈ പദ്ധതിയനുസരിച്ച് അങ്ങാടിപ്പാലം മുതല്‍ വടക്ക് പുതുപൊന്നാനിപ്പുഴ വരെയാണ് ഒന്നാംഘട്ട നിര്‍മ്മാണം. ഇതിന് ആറുകോടി രൂപ ആദ്യത്തില്‍ വകയിരുത്തിയിരുന്നത്. ദേശീയ ജലപാതക്ക് 32 മീറ്റര്‍ വീതിയും 2.2 മീറ്റര്‍ ആഴവും സംസ്ഥാന പാതക്ക് പതിനാല് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ആഴവും വേണമെന്നാണ് ബന്ധപ്പെട്ട വകുപ്പിന്‍റെ നിര്‍ദ്ദേശം. സാങ്കേതിക കാരണങ്ങളാല്‍ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. കനാലിന് സമീപത്ത് കൂടെ ഗുരുവായൂര്‍ താനൂര്‍ റെയില്‍വ്വേ സര്‍വെ നടത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നത് ജനകീയ പ്രക്ഷോഭത്താല്‍ നിര്‍ത്തിവെച്ചു. കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള ജലപാതയിലൂടെ ഗതാഗതം തുടങ്ങണമെങ്കില്‍ സമീപകാലത്ത് നിര്‍മ്മിച്ച പല പാലങ്ങളും പൊളിച്ച് നീക്കേണ്ടിവരും.
കനോലി കനാലുമായി ബന്ധിച്ചാണ് തെക്ക് കോവളം മുതല്‍ വടക്ക് കാസര്‍കോട് വരെ നഗരങ്ങളെയും ഗ്രാമങ്ങളെയും കോര്‍ത്തിണക്കി കടലിന് സമാന്തരമായി വെസ്റ്റുകോസ്റ്റ് കനാല്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കോവളം മുതല്‍ കാസര്‍ക്കോട് വരെ 590 കിലോമീറ്റര്‍ ജലപാത ഉണ്ടെങ്കിലും കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെ പല കാരണങ്ങളാല്‍ പൂര്‍ണ്ണമായ ഉപയോഗക്ഷമമല്ല. കൊല്ലം മുതല്‍ തൃശൂരിലെ കോട്ടപ്പുറം വരെ 205 കിലോമീറ്റര്‍ നീളമുള്ള ദേശീയ ജലപാത മൂന്നിന്‍റെ വികസനം 2007ല്‍ പൂര്‍ത്തിയായിരിക്കുന്നു. തുടര്‍ന്ന് ഇവിടം മുതല്‍ കോഴിക്കോട് വരെ ദേശീയ ജലപാതയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 165 കിലോമീറ്ററോളം ദൂരമുള്ള ഈ പാതയുടെ വികസനരൂപരേഖ തയ്യാറാക്കി വരുന്നു. കോവളം മുതല്‍ കൊല്ലം വരെ 74 കിലോമീറ്ററും കോഴിക്കോട് മുതല്‍ കാസര്‍ക്കോട് വരെ 183 കിലോമീറ്ററും ദൂരമുള്ള ജലപാത സംസ്ഥാന സര്‍ക്കാരാണ് വികസിപ്പിക്കേണ്ടത്. ഒരവസരത്തില്‍ ഈ കനാല്‍ അരികിലൂടെ ഗുരുവായൂരില്‍ നിന്ന് താനൂര്‍ വരെ റെയില്‍ വികസനം പരിഗണിച്ചിരുന്നുവെങ്കിലും കനാല്‍ വിപുലീകരണമടക്കം പല വികസന പദ്ധതികളും കടലാസില്‍ മാത്രം ഒതുങ്ങി.
ഭാരതപ്പുഴയ്ക്കും പൂക്കൈതപ്പുഴയ്ക്കും ഇടയില്‍ കനാലിന് മുകളില്‍ ബ്രിട്ടീഷുകാര്‍ അഞ്ച് പാലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. അവ തകരുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. കടവനാടിനെയും പുതുപൊന്നാനിയെയും ബന്ധിപ്പിക്കാന്‍ അടുത്തകാലത്ത് പുനര്‍നിര്‍മ്മാണം നടത്തിയ പാലം വീണ്ടും തകര്‍ന്നതിനെ തുടര്‍ന്ന് മെട്രോ ശ്രീധരന്‍റെ നേതൃത്വത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലമായ രീതിയില്‍ പാലത്തിന്‍റെ പണി ധൃതഗതിയില്‍ നടന്ന്വരുന്നു.
പൂക്കൈതപ്പുഴക്ക് മുകളില്‍ 2011 ഫെബ്രുവരി 19 ന് ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജും മെയ് 5 ന് പുളിക്കക്കടവ് തൂക്കുപാലവും കനോലികനാലിന് മുകളില്‍ 2015 ആഗസ്റ്റ് മൂന്നിന് മെട്രോ ശ്രീധരന്‍റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചാം നമ്പര്‍ പാലയും തുറന്നുകൊടുത്തു. അവിട്ടം നാളില്‍ ബിയ്യം കായലില്‍ നടക്കുന്ന വള്ളംകളി മലബാറിലെ പ്രധാന ജലോത്സവമാണ്. രണ്ട് അഴിമുഖങ്ങളാലും പുഴകളാലും ജലാശയങ്ങളാലും സമ്പന്നമായ ഈ നാടിന് വിനോദസഞ്ചാര ഭൂപടത്തില്‍ അനന്ത സാധ്യതകളുണ്ട്.
റഫറന്‍സ്
1. മലബാര്‍ മാനുവല്‍ - വില്യം ലോഗന്‍
2. 1996ലെ പൊന്നാനി നഗരസഭ വികസനരേഖ