60. പൊന്നാനിയുടെ കാര്‍ഷിക വിശേഷങ്ങള്‍
ടിവി അബ്ദുറഹിമാന്കുട്ടി
കേരളത്തില്‍ നെല്ല് കൂടുതല്‍ ഉത്പാദിപ്പിച്ചിരുന്ന പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി അഞ്ച് പതിറ്റാണ്ട് മുമ്പ് കാര്‍ഷിക സംസ്കാരത്താല്‍ സമ്പന്നമായ പ്രദേശമായിരുന്നു പുഴയോരങ്ങളില്‍ കേരവും നെല്ലും നാണ്യവിളകളും സമൃദ്ധമായി കൃഷി ചെയ്തു. ഈശ്വരമംഗലം, നെയ്തല്ലൂര്‍, പുഴമ്പ്രം, എരിക്കാംപാടം, കറുകത്തിരുത്തി, കടവനാട്, പള്ളപ്രം, തെയ്യങ്ങാട്, വെള്ളീരി തുടങ്ങിയ പ്രദേശങ്ങളില്‍ വലിയൊരു ഭാഗം നെല്‍വയലു കളായിരുന്നു. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ സീസണുകളില്‍ നെല്ല് നന്നായി വിളഞ്ഞു. കാണം, പാട്ടം വ്യവസ്ഥകളില്‍ കൃഷി ചെയ്തിരുന്ന വയലുകളുടെ ഉടമസ്ഥാവകാശം ഭൂപരിഷ്ക്കരണ നിയമം നടപ്പിലായതോടെ കര്‍ഷകര്‍ക്കായി. ജലസമൃദ്ധമായ ഭൂമി മരുത (ഇടനാട്) എന്നും കായലിന്‍റെ തീരം നയ്തല്‍ എന്നുമാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.
വലിയപളളിയില്‍ നിന്ന് കനോലി കനാലിന് കുറുകെ രണ്ടാം നമ്പര്‍ പാലം കടന്നാല്‍ മരക്കാന്‍ വളപ്പ് പള്ളപ്രം പ്രദേശം. പടിഞ്ഞാറ് അങ്ങാടി പരിസരത്ത് മുസ്ലിം സംസ്കാരവും പാരമ്പര്യവും വെന്നിക്കൊടി പാറിപ്പിച്ചിരുന്നുവെങ്കില്‍ കിഴക്ക് തൃക്കാവ് പരിസരം ഗ്രാമീണ സൗന്ദര്യവും സംസ്കാരവും സമുന്വയിച്ച ഇടമായിരുന്നു. രാമനാമ ജപവും, കര്‍ക്കിടകത്തില്‍ രാമായണ പാരായണവും പതിവായിരുന്നു. വലിയ പള്ളിയുടെ കിഴക്കെ പടിപ്പുരയില്‍ നിന്ന് ഏതാണ്ട് ഒമ്പത് മിനിറ്റ് നടന്നാല്‍ എത്തുന്ന തൃക്കാവ് ക്ഷേത്രം പള്ളിയുടെ നേരെ കിഴക്ക് സ്ഥിതിചെയ്യുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയപള്ളിയിലെ പടിപ്പുരയില്‍ നിന്നാല്‍ തൃക്കാവ് ക്ഷേത്രാങ്കണത്തിലെ വിളക്ക് കാണാമായിരുന്നു.
രണ്ടാം നമ്പര്‍ പാലത്തിന് അരികെ കുട്ടാപ്പുവിന്‍റെ ചായക്കടയിലെ ഓലകൊണ്ട് മറച്ച ഇടുങ്ങിയ കോലായയിലും ചരുവിലും ചെങ്കല്ലുകളുടെ മുകളില്‍ കിടത്തിയിട്ട ബെഞ്ചുകളിലും മുറ്റത്തും ഇരുന്ന് ചെറുവഞ്ചികളില്‍ പോയി മത്സ്യം പിടിക്കുന്ന വീശീക്കാരും കൂലിപ്പണിക്കാരും നാട്ടിലെയും മറുനാട്ടിലെയും ഒരുപാട് വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. ചെറുവഞ്ചികള്‍ അണയുന്ന ഇടത്താവളമായിരുന്നു ഇവിടം. പുട്ടും പപ്പടവും കടലക്കറിയും കിഴങ്ങ് പുഴുങ്ങിയതും മിതമായ കടുപ്പത്തിലുള്ള കട്ടന്‍ ചായയും സംസാരത്തിന് വീര്യം പകര്‍ന്നു.
തെക്കേ പുഴയില്‍ നിന്നും വടക്കേ പുഴയില്‍ നിന്നും കനാലില്‍ നിന്നും അക്കാലത്ത് സുലഭമായി ലഭിച്ചിരുന്ന പൂളാന്‍, മാലാന്‍, ചെമ്പല്ലി, കരിമീന്‍, ഇളമീന്‍, പട്ടത്തി മാന്തള്‍, വെട്ടന്‍, പ്രാച്ചി, കയ്യേരി, കോലാന്‍, മുസു, ഏട്ട, വെള്ള ചെമ്മീന്‍, വായപ്പൊത്തി, എറിയന്‍, നെടുക തുടങ്ങിയ മത്സ്യങ്ങളും എരിന്ത്, ഞണ്ട്, കക്ക വഴിയോരങ്ങളിലും മാര്‍ക്കറ്റിലും വിറ്റ് ഉപജീവനത്തിന് വഴികണ്ടെത്തി. കരയിലിട്ടാല്‍ വികസിക്കുന്ന ഒരു പ്രത്യേകതരം മത്സ്യവും അന്ന് സര്‍വ്വസാധാരണമായിരുന്നു.
ഇതിനരികിലൂടെ തെക്കോട്ടേക്കുള്ള വഴിത്താര കടവനാട് പൂക്കൈത പുഴവരെയെത്തും. കിഴക്കോട്ട് കൊല്ലന്‍പടി തെയ്യങ്ങാട് പത്തോടി വെള്ളീരി പ്രദേശങ്ങളിലേയ്ക്കുമെത്തും. ഇടത്തോടുകള്‍ ചാടികടന്ന് പാടവരമ്പിലൂടെ നെല്‍ക്കതിരുകള്‍ തലോടി മുറ്റത്ത് കറ്റ കുമിഞ്ഞ് നില്‍ക്കുന്ന കാര്‍ഷിക ഭവനങ്ങളെ സ്പര്‍ശിച്ച് കടന്നു പോകുന്ന ചെരിഞ്ഞും വളഞ്ഞുമുള്ള ഒറ്റയടിപ്പാതകളിലൂടെ മൂളിപ്പാട്ട് പാടിയുള്ള രസകരമായ യാത്ര ചെന്നവസാനിക്കുക പെരുവഴിയിലും നാല്‍ക്കൂട്ട കവലകളിലുമാണ്. ഇടത്തോടുകളും മുട്ടിപ്പാലങ്ങളും നെല്‍വയലുകളും തെങ്ങിന്‍ത്തോപ്പുകളും വാഴത്തോട്ടങ്ങളും ആമ്പല്‍പ്പൂ കുളങ്ങളും നീലനിറത്തിലുള്ള കുളവാഴപ്പൂക്കളും സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം.
കൊയ്ത്തുകഴിഞ്ഞാല്‍ സ്ത്രീകള്‍ കറ്റതല്ലല്‍ സ്ഥിരം കാഴ്ചയാണ്. നട്ടുച്ചയ്ക്ക് ദാഹശമനത്തിന് തണ്ണീര്‍ പന്തലുകളും ഭാരം ഇറക്കിവെയ്ക്കാന്‍ വഴിയോരത്ത് അത്താണികളും ആശ്വാസമേകി. തുളസിത്തറകളുള്ള പഴയ സവര്‍ണ്ണ തറവാടുകളുടെ പടിപ്പുരയാണ് പലപ്പോഴും കഠിന വെയിലില്‍നിന്നും ചൂടില്‍നിന്നും തെല്ലൊരു ആശ്വാസം പകര്‍ന്നത്. തണ്ണീര്‍ പന്തലുകളില്‍ ചേരുവകള്‍ ചേര്‍ത്ത രുചികരമായ മോരിന്‍വെള്ളം സുലഭം. കൊല്ലന്‍പടിയെ തെക്ക്വെട്ട് വഴി എന്നും ചമ്രവട്ടം ജംഗ്ഷനെ മൂന്നും കൂടിയ വെട്ടു വഴി എന്നാണ് വിളിച്ചിരുന്നത്.
വേനലില്‍ കയറ്റുകൊട്ട, തേക്കുകൊട്ട, തേവുകൊട്ട തുടങ്ങിയവ ഉപയോഗിച്ചും, മഴക്കാലത്ത് പാടത്ത് വരമ്പ് കെട്ടിയും നാടോടി സംരക്ഷണ രീതികളില്‍ നാട്ടറിവുകളുടെ പിന്‍ബലത്തില്‍ നന്നായി കൃഷിചെയ്ത് നല്ല വിളവ് കൊയ്തു. വേനല്‍മഴയും പടുമഴയും പുതുമഴയും തുലാവര്‍ഷവും കാലവര്‍ഷവും കനിഞ്ഞനുഗ്രഹിച്ചു.
അതിരാവിലെ ജോലിയ്ക്ക് പോകുന്ന കൂലിപ്പണിക്കാര്‍ അന്തിമയങ്ങും നേരത്ത് തോര്‍ത്തിന്‍റെ ഒരു ഭാഗത്ത് അരിയും പലവ്യഞ്ജന സാധനങ്ങളും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുവന്ന് ചെറ്റപ്പുരകളിലും ഓല വീടുകളിലും അന്തിമയങ്ങുംനേരത്ത് ഭക്ഷണം പാകം ചെയ്ത് കുഞ്ഞനുകുട്ടികളും കുടുംബത്തിനുമൊപ്പം ഉപജീവനം നടത്തിയതും, വര്‍ഷക്കാലത്ത് അതിശക്തമായ മഴയില്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തെ തടയണകെട്ടി സംരക്ഷിക്കാന്‍ ചൂട്ടും റാന്തലുമായി ഓലിയിട്ടോടുന്ന കര്‍ഷകരും, കോണകവും തോര്‍ത്തുമുണ്ടും മാത്രം ധരിച്ച് തൊപ്പിക്കുട ചൂടി രാവിലെ മുതല്‍ അസ്തമയം വരെ പണിയെടുക്കുന്ന തൊഴിലാളികളും പതിവ് കാഴ്ചകളായിരുന്നു.
കര്‍ക്കിടക മാസത്തിലെ ദുര്‍ഘട ദിനങ്ങളില്‍ പട്ടിണിയിലും പായേരത്തി (പാരവശ്യ)ത്തിലും ദിനരാത്രങ്ങള്‍ തള്ളിനീക്കിയത് ഏതാണ്ട് അരനൂറ്റാണ്ട് മുമ്പായിരുന്നു. വര്‍ഷക്കാലത്ത് തവളകള്‍ പെറ്റുപെരുകിയാല്‍ രാത്രികളില്‍ പെട്രോമാക്സും ചാക്കുമായി പാടവരമ്പത്തും ഊടുവഴികളിലും തവളപിടുത്തക്കാര്‍ ഒറ്റയും തറ്റയുമായി അലഞ്ഞ് നടക്കുക പതിവായിരുന്നു. തവളകളെ അധികവും കയറ്റുമതി ചെയ്യുകയാണത്രെ പതിവ്.
കൊടിയ വര്‍ഷം അവസാനിച്ചാല്‍ ആശ്വാസത്തിന്‍റെ നാളുകളായി. കൊയ്ത്തുകാലത്തോടെ ജډിമാരുടെ വീട്ടിലേക്ക് നെല്ലുകള്‍ വരവായി. അധിക നെല്ലും പാട്ടമായിട്ടാണ് എത്തുന്നത്. നെല്ല് വന്നുകഴിഞ്ഞാല്‍ തറവാട്ടിന്‍റെ മഹിമ കണക്കാക്കി ഓരോ വീട്ടുകാരും മത്സരിച്ച് പുത്തരിക്കല്ല്യാണം നടത്തും. പുതിയ അരി (പുന്നെല്ലരി) ആദ്യമായി പാകംചെയ്ത് ഭക്ഷിക്കുന്നതാണ് പുത്തരിയെന്ന് പറയുന്നത്. നെല്ല് കുത്തിയ പുതിയ അരികൊണ്ട് ചോറും, നല്ല മത്സ്യക്കറിയും, പലതരം ഇടക്കറികളും ഉണ്ടാകും. പുത്തന്‍ നെല്ലുകൊണ്ട് ഇടിച്ചുണ്ടാക്കിയ അവിലും പഴങ്ങളും പഞ്ചസാരയും നാളികേരപാല്‍ പിഴിഞ്ഞ് ചേര്‍ത്തുണ്ടാക്കിയ പായസം കഴിച്ചതിനുശേഷം മാത്രമെ ചോറ് വിളമ്പുകയുള്ളൂ.
സവര്‍ണ്ണ ഭവനങ്ങളില്‍ പുത്തരിക്ക് നാലുകറി സദ്യ ഉണ്ടാകും. കൂട്ടത്തില്‍ പുത്തരിചുണ്ട, ചേന, നേന്ത്രക്കായ, പയര്‍ എന്നിവ കൊണ്ടുണ്ടാക്കിയ മെഴുക്കുപുരട്ടി പുറമെയും. പുത്തരിപായസമാണ് പ്രധാനം. മുസ്ലിം വീടുകളില്‍ കൊയ്ത്തുകഴിഞ്ഞ് നെല്ലെത്തിയാല്‍ പുത്തരി മൗലൂദും ദുആ ഇരപ്പിക്കലും സര്‍വ്വസാധാരണമായിരുന്നു. ആദ്യം വിളഞ്ഞ നെല്ലുകൊണ്ടുണ്ടാക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തിന് പുറമെ പഴവും തേങ്ങയും മധുരവും ചേര്‍ത്ത അവിലും മുഖ്യ ഇനമാണ്.
ചിലപ്പോള്‍ കന്നിമാസത്തിലെയും മകരമാസത്തിലെയും കൊയ്ത്ത് കഴിഞ്ഞാല്‍ കൊല്ലത്തില്‍ രണ്ട് പ്രാവശ്യവും പുത്തരി കല്ല്യാണങ്ങള്‍ നടത്തുന്നവരും ഉണ്ട്. 'പുന്നല്ലരി ചോറും കുഞ്ഞന്‍മത്തിച്ചാറും' എന്നൊരു നാട്ടുചൊല്ല് കന്നിമാസത്തില്‍ പൊന്നാനിക്കാരുടെ ഇടയില്‍ സര്‍വ്വസാധാരണമായിരുന്നു. പച്ചപ്പുളി ചേര്‍ത്തിട്ടാണ് കുഞ്ഞന്‍മത്തി കറിവെക്കുന്നത്.
കൊയ്ത്ത് കഴിഞ്ഞ് നെല്ല് അറയില്‍ മുഹൂര്‍ത്തം നോക്കിയാണ് നിറക്കുക. നിറയ്ക്കാന്‍ കാര്‍ത്തികയും തൃക്കേട്ടയുമരുതെന്നാണ് ശാസ്ത്രം. നിറക്കുന്നത് വീട്ടില്‍വെച്ച് ആയാല്‍ ഇല്ലംനിറയായി. ക്ഷേത്രത്തിലെ പത്തായം നിറയ്ക്കുന്നത് മറ്റൊരു തരത്തില്‍ ഇല്ലംനിറ തന്നെയാണ്.
വിളഞ്ഞുനില്‍ക്കുന്ന കതിര്‍ക്കുലകള്‍ കൊണ്ടുവന്ന് ശ്രീഭഗവ തിക്ക് പൂജയ്ക്ക് വെച്ചശേഷം മാത്രമെ സവര്‍ണ്ണവീടുകളില്‍ അറയില്‍നിറക്കുകയുള്ളു. മുറികളിലും പത്തായത്തിലും അറയിലും കതിര്‍ക്കുലകളില്‍ ആലിലകള്‍ ചാണകത്തില്‍ ചേര്‍ത്ത് ഒട്ടിച്ച് പതിച്ചു വെക്കും. പടിക്കല്‍ നിന്ന് നെല്‍മണിയും വിളക്കും കിണ്ടിയില്‍ വെള്ളവുമായി എതിരേറ്റ് കതിര്‍ക്കുലകള്‍ സ്വീകരിച്ച് കൊണ്ടുവരണമെന്ന ആചാരം മുറക്ക് പാലിച്ചു. ഗൃഹനാഥന്‍ പൂജനടത്തുകയും ഗൃഹനാഥ വിളക്കെടുത്ത് സ്വീകരിക്കുകയും ചെയ്യും. നിവേദ്യമായി മധുരം ചേര്‍ക്കാത്ത അടയാണ് പതിവ്. ഒരു പറ നിറയെ നെല്ലും നടുവില്‍ പൂക്കുലയും വെക്കുന്നതാണ് നിറപറ വെപ്പിന്‍റെ കീഴ്വഴക്കം. മംഗളകര്‍മ്മങ്ങള്‍ക്കെല്ലാം നിറപറ വെക്കണമെന്ന ആചാരം യഥാവിധി പാലിച്ചുപോന്നു.
വീട്ടമ്മയുടെ ഐശ്വര്യത്തേയും കൂട്ടായ്മയേയും സൂചിപ്പിച്ച് കതിര്‍ക്കുലകള്‍ ഇല്ലത്തേക്ക് (വീട്ടിലേക്ക്) കൊണ്ടുവരുമ്പോള്‍ വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് 'ഇല്ലംനിറ വല്ലംനിറ ഇല്ലത്തമ്മേടെ വയറുനിറ' എന്നാവര്‍ത്തിച്ച് ഉറക്കെ പറയും. വീട്ടിനക ത്തെത്തിയാല്‍ പൂവും കതിരും ഒരു നാക്കിലയില്‍ വെച്ച് നിവേദിക്കും. പ്രാദേശികമായി ചടങ്ങുകള്‍ക്ക് വ്യത്യാസങ്ങള്‍ കാണുമെങ്കിലും അടിസ്ഥാന കീഴ്വഴക്കങ്ങള്‍ തെറ്റിക്കാറില്ല. നെല്‍ക്കതിരിന്‍റെ കൂടെ അത്തി, ഇത്തി, അരയാല്‍, പേരാല്‍, ഇല്ലി, നെല്ലി, പ്ലാവ്, മാവ് എന്നിവയുടെ ചെറുചില്ലകളും ഒരുക്കി വെക്കാറുണ്ട്.
കാര്‍ഷികോത്സവമായ ഓണം സമുചിതമായിതന്നെ കൊണ്ടാടി. അത്തം തൊട്ട് ഓണംവരെ പത്ത് ദിവസങ്ങള്‍ വീടുകള്‍ക്ക് മുമ്പില്‍ പൂക്കളവും ഓണത്തിനോടനുബന്ധിച്ച ദിവസങ്ങളില്‍ തൃക്കാക്കരയപ്പനും സ്ഥിരം കാഴ്ചയായിരുന്നു. ഊഞ്ഞാലാട്ടവും ഓണപ്പാട്ടുകളും പുലിക്കളിയും തുമ്പിതുള്ളലും കുമ്മിപ്പാട്ടും കോല്‍ക്കളിയും കൈകൊട്ടിക്കളിയും ഓണത്തല്ലും തായംകളിയും മറ്റു കലാപരിപാടികളും പലയിടങ്ങളില്‍ അരങ്ങേറിയിരുന്നു. ഓണത്തിന്‍റെ പ്രധാന ചടങ്ങായ കാരണവര്‍ ഓണക്കോടി നല്‍കലും പായസമടക്കമുള്ള സമൃദ്ധമായ സസ്യാഹാരവും പതിവായിരുന്നു.
പല വീട്ടുവളപ്പുകളിലും സൂര്യകാന്തി പൂക്കള്‍ സൗരഭ്യം വിതറി. ആണ്ടിലൊരിക്കല്‍ നടക്കുന്ന കുറ്റിക്കാട് വാവ്വാണിഭത്തിനും എടപ്പാള്‍ പൂരാടവാണിഭത്തിനും കീടനാശിനികളും കൃത്രിമ വളങ്ങളും ചേര്‍ക്കാത്ത പച്ചക്കറികളും കായ്ക്കനികളും യഥേഷ്ടം എത്തിയിരുന്നു.
ഓണം കഴിഞ്ഞാലും തുടര്‍ന്നു വന്നിരുന്ന പറമ്പുകളിലെ ഒഴിഞ്ഞ ഇടങ്ങളില്‍ തായം കളിയും ചീട്ടുകളിയും പല പുരുഷډാരെയും അലസരാക്കിയിട്ടുണ്ട്. തډൂലം ജോലിയെടുത്ത് പല കുടുംബങ്ങളിലും കുഞ്ഞനുകുട്ടികളെ പുലര്‍ത്തേണ്ട ബാധ്യത സ്ത്രീകള്‍ പേറേണ്ടിവന്നു.
സമൃദ്ധിയുടെ പ്രവാഹിനിയായിരുന്ന നിളയോരത്ത് സുലഭമായി കൃഷി ചെയ്തിരുന്ന നെല്ല്, കിഴങ്ങ്വര്‍ഗ്ഗങ്ങള്‍, നാളികേരം, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി തുടങ്ങിയവ സീസണുകളില്‍ കെട്ടുവള്ളങ്ങളിലും, വഞ്ചികളിലും, കാളവണ്ടികളിലും, മുള, കവുങ്ങ് തുടങ്ങിയവ ചങ്ങാടം കെട്ടിയും പൊന്നാനി അങ്ങാടി പാലത്തിന് സമീപവും, വണ്ടിപ്പേട്ടയിലും ഇറക്കുമതി ചെയ്ത് മുറക്ക് വ്യാപാരം നടത്തിയിരുന്നു. പുഴകളില്‍നിന്നും തോടുകളില്‍നിന്നും ഉപ്പുവെള്ളം കയറാതിരിക്കാന്‍ ഇടത്തോടുകള്‍ക്ക് തടയണ കെട്ടിയും ചീര്‍പ്പുകള്‍ പണിതും കൃഷിയെ സംരക്ഷിച്ചു.
ആദ്യകാലത്ത് തിരുമനശ്ശേരി നാടുവാഴിയുടെ കോട്ടത്തറയിലെ കോട്ടയില്‍ നിന്നാല്‍ കിഴക്ക് എടപ്പാള്‍ വരെയും, വടക്ക് ഭാരതപ്പുഴയുടെ അക്കരെ വരെയും കാണാമായിരുന്നു. ഈ പ്രദേശങ്ങളിലെല്ലാം മുഴുവന്‍ വയലുകളായിരുന്നു. നാമമാത്ര വീടുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നാടുവാഴി വിവിധ പ്രദേശങ്ങളില്‍ നിന്നും വിവിധ ജാതിക്കാരെ ക്ഷണിച്ചുകൊണ്ടുവന്ന് പാര്‍പ്പിച്ചു. അങ്ങനെയാണത്രെ ഈഴുവത്തിരുത്തി എന്ന പേരുവരാനും, രാജ്യം വികസിക്കാനും കാരണം.
കാവുകളും, കുടുംബ ക്ഷേത്രങ്ങളും അധികവും ഈശ്വരമംഗലം, കടവനാട് പ്രദേശങ്ങളിലായിരുന്നു. ചിങ്ങം പിറക്കുംമുമ്പ് കാവുകള്‍ പൂക്കും. മകരമാസത്തിലെ കൊയ്ത്തുകഴിഞ്ഞാല്‍ ഉത്സവങ്ങളുടെ ആരംഭമായി. പുഞ്ചക്കൊയ്ത്തു കഴിഞ്ഞാല്‍ പാടങ്ങള്‍ വിജനമായി. കുറ്റിയുംകോല്, കുഴിപന്ത്, കോട്ടി ഉരുട്ടല്‍, ഉരുളുരുട്ടല്‍, ചട്ടിക്കളി തുടങ്ങിയ കളികളില്‍ കുട്ടികള്‍ വ്യാപൃതരാകും. ഈ അവസരത്തിലാണ് അധികവും സൈക്കിള്‍ ചവിട്ട് പരിശീലിക്കല്‍. ഇന്നത്തെപോലെ ക്രിക്കറ്റ് കളി വ്യാപകമല്ല. സ്ത്രീകളുടെ ഐശ്വര്യത്തിനുവേണ്ടി സ്ത്രീകളുടെ മാത്രം ചടങ്ങായ ധനുമാസത്തിലെ തിരുവാതിര സാഘോഷം ആചരിച്ചു. ഇതിന്‍റെ പൂജയ്ക്കും വ്രതത്തിനും കുളിക്കും ചില പ്രത്യേകതകളുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കശുമാവും ഞാവല്‍ മരക്കാടുകളും കരിമ്പനകളും തിങ്ങിനിറഞ്ഞ പ്രദേശമായിരുന്നു പുതുപൊന്നാനിയും പരിസരവും. മരച്ചീനി, കൂര്‍ക്ക, രാഗി, മുരിങ്ങ, പയര്‍ തുടങ്ങിയവ ധാരാളമായി കൃഷിചെയ്തു. വിജനപ്രദേശങ്ങളില്‍ നെല്‍കൃഷിയും തുടര്‍ന്നിപ്പോള്‍ രാമച്ചവും വളര്‍ത്തുന്നു. രാമച്ചം വ്യാവസായിക അടിസ്ഥാനത്തിലാണ് കൃഷിചെയ്ത് വരുന്നത്.
നിളയെ കുറിച്ചും ഫലഭൂയിഷ്ടമായ ഓരങ്ങളെക്കുറിച്ചും ഏതാനും വരികള്‍ രചിക്കാത്ത കവികളും, സാഹിത്യകാരډാരും മലയാളത്തില്‍ അപൂര്‍വ്വം. ഇടശ്ശേരി, എം.ടി.വാസുദേവന്‍നായര്‍, ഉറൂബ്, എം.ഗോവിന്ദന്‍, അക്കിത്തം കടവനാട് കുട്ടികൃഷ്ണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.പി. രാമനുണ്ണി, പി.പി. രാമചന്ദ്രന്‍, സി.അഷ്റഫ് തുടങ്ങിയവരുടെ മിക്ക സാഹിത്യ കൃതികളിലും, 1954ല്‍ റിലീസ് ചെയ്ത ദേശീയ അംഗീകാരം നേടിയ നീലക്കുയില്‍ തൊട്ടുള്ള പല സിനിമകളിലും പൊന്നാനിയുടെ സാമൂഹിക വ്യവസ്ഥിതിയും കാര്‍ഷിക സമൃദ്ധിയുടെ സുവര്‍ണ്ണ ദിശയും ആവോളം അടയാളപ്പെടുത്തിയിട്ടുണ്ട്.
മകരക്കൊയ്ത്തു കഴിഞ്ഞിട്ടങ്ങനെ
കണ്ടമുണങ്ങി പൂട്ടുംകാലം
കളമ കതിര്‍മണി കളമതിലുക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം (ഇടശ്ശേരി)