മഊനത്തുല്‍ ഇസ്ലാം സഭയും വൈജ്ഞാനിക പുരോഗതിയും

 




132. മഊനത്തുല്‍ ഇസ്ലാം സഭയും വൈജ്ഞാനിക പുരോഗതിയും



 


                                                ടിവി അബ്ദുറഹിമാന്‍കുട്ടി
                                                മുബൈല്‍ : 9495095336

 



കേരളീയ മുസ്ലിം നവോത്ഥാനത്തിന് ആരംഭം കുറിച്ചത് മാലിക്കുബ്നു ദീനാറും വ്യാപനത്തിന് ഊര്‍ജ്ജം പകര്‍ന്നത് ആദ്യകാല മഖ്ദൂമുകളുമായിരുന്നു എന്ന് ചരിത്രരേഖകള്‍ സംസാരിക്കുന്നു. മാലിക്കുബ്നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത ആദ്യത്തെ മലയാളി വിദേശ ബിരുദധാരിയും യുഗപ്രഭാവനുമായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ (1465 1532) വിദേശ പഠനം പൂര്‍ത്തിയാക്കി പൊന്നാനിയില്‍ തിരിച്ചെത്തിയ ശേഷം പൊന്നാനിയുടെ സാംസ്കാരികവും വൈജ്ഞാനികവും ആയ രംഗങ്ങളില്‍ ചാര്‍ത്തിയ പാതമുദ്രകളാണ് ഇതിനെല്ലാം ആധാരം.

തന്മൂലം ഇസ്ലാമിന്‍റെ വെളിച്ചം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇസ്ലാമാശ്ലേഷിച്ച സഹൃദയര്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുക, അതിനായി പ്രത്യേക ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ പതിവ്  16-ാം നുറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ശൈഖ് സൈനുദ്ദീന്‍ മഖദൂം രണ്ടാമന്‍(1532 1619) രചിച്ച കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്രകൃതി തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നു.

 1800ല്‍ ബ്രിട്ടീഷ് ആധിപത്യം നിലവില്‍ വന്നതോടെ പൊന്നാനിയുടെ പുരോഗതിക്ക് അപജയം സംഭവിച്ചു. എന്നാല്‍ മഖ്ദൂമിയന്‍ സിലബസ്സനുസരിച്ച് കേരളത്തില്‍ ആദ്യമായി പരിഷ്കൃതരീതിയില്‍ നിലവില്‍ വന്ന ദര്‍സ്സിന്‍റെ ഖ്യാതി നിലനിന്നു. തډൂലം കിഴക്കനേഷ്യന്‍ രാജങ്ങളില്‍ നിന്നുള്‍പ്പടെ നാനൂറോളം മറുനാടന്‍ പഠിതാക്കള്‍ വിദ്യ അഭ്യസിച്ചിരുന്നതായി വില്യം ലോഗന്‍റെ 1887ല്‍ രചിച്ച മലബാര്‍ മാന്വല്‍ പറയുന്നു. തډൂലം ചെറിയ മക്ക കൈരളിയുടെ മക്ക എന്നീ അപരനാമങ്ങളാല്‍ ഈ നാട് പുകള്‍പ്പെറ്റു. തെന്നിന്ത്യന്‍ മുസ്ലിം സംസ്കാരത്തിന്‍റെ കേന്ദ്ര ബിന്ദുവായിമാറി.

ദീനി വിജ്ഞാന രംഗത്ത് പ്രകടമായ പ്രോത്സാഹനം ഹേതുവായി പൊന്നാനിയിലെ സമ്പന്നരും സാധാരണക്കാരുമായ ഓരോ വീട്ടുകാരും സാമ്പത്തിക തോതനനുസരിച്ച് പഠിതാക്കളുടെ ഭക്ഷണ ചിലവ് വഹിച്ചു. തദ്ദേശിയരുടെ ഈ ഔദാര്യ മനോഭാവം ഇസ്ലാമിക വൈജ്ഞാനിക വളര്‍ച്ചക്ക് കരുത്തേകി. അതോടൊപ്പം നാടിന്‍റെ നാനാഭാഗത്ത് നിന്നും ഇസ്ലാംമതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ പള്ളിയെയും മഖ്ദൂമുകളെയും ലക്ഷ്യമാക്കി വന്നുതുടങ്ങി.


പ്രഥമ കേന്ദ്രം

 

ജാതിപ്പിശാച് കൊടികുത്തി വാണിരുന്ന അവസരത്തിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നിരുന്നത് എന്ന് മലബാര്‍ മാനുവല്‍ പറയുന്നു. തډൂലം ഇസ്ലാംമതം ആശ്ലേഷിക്കുന്നവരുടെ അംഗസംഖ്യ  ക്രമാനുഗതമായി വര്‍ദ്ധിച്ചു. 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ നവമുസ്ലിം പരിപാലനത്തിനായി ഒരു കേന്ദ്രം അനിവാര്യമായി വന്നു.

ധനാഢ്യനും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറുമായിരുന്ന പൊന്നാനി പാലത്തും വീട്ടില്‍ കുഞ്ഞിമൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഹിദായത്തുല്‍ ഇസ്ലാം സഭാ എന്നൊരു സംഘടനയും രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി. തന്‍റെ സമ്പത്തില്‍ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം ഇതിനായി നല്‍കി. പ്രസിദ്ധ പണ്ഡിതന്‍ പുതിയകത്തു വലിയ ബാവ മുസ്ലിയാരുടെ (1809-1883) പൊന്നാനി വലിയ പള്ളിക്ക് സമീപം കൗഡിയമാക്കാനകം തറവാടിന്‍റെ ഒരു ഭാഗം ഇതിനായി  വിനിയോഗിച്ചു.

ബാവ മുസ്ലിയാരുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവും പണ്ഡിത ശ്രേഷ്ഠനുമായ അബ്ദുറഹിമാന്‍ എന്ന ബാവ മുസ്ലിയാര്‍ (കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമി 1851-1922)യുടെ നേതൃത്വത്തില്‍ മഊനത്തുല്‍ ഇസ്ലാം എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. നവമുസ്ലിംകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നിലവിലുള്ള വരുമാനം തികയാതെ വന്നു.

ആഗ്രഹ സഫലീകരണം


ഈ അവസരത്തിലാണ് ശആഇറുല്‍ ഇസ്ലാം മുഹമ്മദ് അബ്ദുല്ല അവന്തി സാഹിബിന്‍റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ഒരു നവ മുസ്ലിം പരിശീലന കേന്ദ്രം വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചിരുന്നത്. അതേ മാതൃകയില്‍ ഒരു സ്ഥാപനം മലബാറിലും ഉണ്ടാകണമെന്ന ആവശ്യകത സമുദായ സ്നേഹികളുടെ അകതാരില്‍ നാമ്പെടുത്തു. ഈ ആശയം സമുദായം വിവിധ തലങ്ങളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. അവസരമൊത്തുവന്നപ്പോള്‍ ആഗ്രഹ സഫലീകരണത്തിന്‍റെ അനിയോജ്യ സ്ഥലം പൊന്നാനിയാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ആസ്ഥാനകേന്ദ്രം ഇവിടെ തന്നെ സ്ഥാപിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.

അക്കാലത്ത് മുസ്ലിം സമുദായത്തിലെ പണ്ഡിതന്മാരിലും പൗരപ്രമുഖരിലും ബ്രിട്ടീഷുകാരോട് അനുകൂലിച്ചിരുന്ന രണ്ട് വിഭാഗമുണ്ടയിരുന്നു. ഒരു വിഭാഗം സമുദായത്തിന്‍റെയും നാടിന്‍റെയും പുരോഗതിക്കുവേണ്ടിയും മറുവിഭാഗം സ്വന്തം താല്‍പ്പര്യത്തിന് വേണ്ടിയും. സഭയുടെ സ്ഥാപകര്‍ ആദ്യവിഭാഗത്തില്‍പ്പെടുന്നു. ഈ വിഭാഗത്തിന്‍റെ നയചാതുര്യവും ദീര്‍ഘവീക്ഷണവും ഹേതുവായാണ് സഭപോലുള്ള പല മുസ്ലിം സ്ഥാപനങ്ങളും സംഘങ്ങളും വളരാനും സര്‍ക്കാര്‍ അംഗീകാരവും ആനുകൂല്യങ്ങളും നേടാനും കഴിഞ്ഞത്.

കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമിയുടെയും സമുദായ നേതാക്കളുടെയും അശ്രാന്ത പരിശ്രമത്താല്‍ നാട്ടിലും മറുനാട്ടിലുമുള്ള പ്രശസ്തരായ സാദത്ത്-ഉലമാ-ഉമറാക്കളുള്‍പ്പെടെ മുന്നൂറില്‍പരം പ്രമുഖര്‍ മലപ്പുറം പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്ബ്നു  അലി ഹൈദ്രോസ് പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ 1900 സെപ്തംബര്‍ 9 (ഹിജ്റ 1318 ജമാദുല്‍ അവ്വല്‍ 14)ന് ഞായറാഴ്ച പൊന്നാനി വലിയ ജാറ(സിയാറ)ത്തിങ്കല്‍ സമ്മേളിച്ചു മഊനത്തുല്‍ ഇസ്ലാം സഭ രൂപീകരിച്ചു. പൂക്കോയതങ്ങളുടെ മാതൃഭവനമാണ് വലിയജാറം.

പൂക്കോയ തങ്ങള്‍ പ്രസിഡന്‍റും കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ സെക്രട്ടറിയുമായി 12 അംഗ താല്‍ക്കാലിക കമ്മിറ്റി തെരഞ്ഞെടുത്തു. കൊണ്ടോട്ടി ഖാസി പൊന്നാനി പുത്തന്‍വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ ദീനുല്‍ ഇസ്ലാം പരിപോഷിപ്പിക്കുന്നതിനെക്കുറിച്ച് സുദീര്‍ഘമായി ഉദ്ബോധനം നടത്തി. മലബാര്‍ തെക്ക ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ തിരൂര്‍ മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍ സ്ഥാപനത്തിന്‍റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചു. 

സലാഹുല്‍ ഇഖ്വാന്‍ പത്രം മാനേജറും സമുദായ പരിഷ്കര്‍ത്താവുമായ  സി. സൈതാലി കുട്ടിമാസ്റ്റര്‍ സഭയുടെ രണ്ടാമത്തെ യോഗത്തില്‍ അവതരിപ്പിച്ച ഭരണഘടന ചില ഭേദഗതികളോടെ അംഗീകരിച്ചു. 1900 നവംബര്‍ 11 (1318 റജബ് 17)ന് ചേര്‍ന്ന യോഗത്തില്‍ വലിയ ജാറത്തിങ്കല്‍ സയ്യിദ് അബ്ദുറഹിമാന്‍ ഇബ്നു സയ്യിദ് മുഹമ്മദ് ഹൈദ്രോസ് കുഞ്ഞിസീതിക്കോയ വലിയ തങ്ങളെ വൈസ് പ്രസിഡന്‍റായി നാല്‍പ്പതംഗ മാനേജിങ്ങ് കമ്മിറ്റി(ഇമാറത്തുല്‍ മജിലിസ്) തെരഞ്ഞെടുത്തു.

സ്ഥാപന പുരോഗതിക്കായി ഇടക്കിടെ യോഗങ്ങള്‍ച്ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടായതിനാല്‍ സഭാ പ്രസിഡന്‍റും പ്രധാന ഭാരവാഹികളും മിക്കപ്പോഴും സമ്മേളിക്കേണ്ടിവന്നു. യാത്രാ സൗകര്യവും വാര്‍ത്താവിനിമയ സൗകര്യവും കുറവായ അക്കാലത്ത് മലപ്പുറത്തുനിന്ന് പ്രസിഡന്‍റ് പൂക്കോയ തങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമായിത്തീര്‍ന്നു. തന്മൂലം  1901 ഫെബ്രുവരി 19 (ഹിജ്റ 1318 ശവ്വാല്‍ 29)ന് ചൊവ്വാഴ്ച ചേര്‍ന്ന എട്ടാമത്തെ സഭാ യോഗത്തില്‍ പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം കമ്മിറ്റി പുനഃക്രമീകരിച്ചു.

വലിയജാറം കുഞ്ഞിസീതികോയ വലിയ തങ്ങള്‍ പ്രസിഡന്‍റും മലപ്പുറം പുതിയ മാളിയേക്കല്‍ പൂക്കോയ തങ്ങള്‍ വൈസ് പ്രസിഡന്‍റും കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമി സെക്രട്ടറിയും പഴയകത്ത് കോയ കുട്ടി തങ്ങള്‍ ജോയിന്‍റ് സെക്രട്ടറിയും മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍ മാനേജറും പാലത്തും വീട്ടില്‍ കുഞ്ഞുണ്ണി അസിസ്റ്റന്‍റ് മാനേജറുമായ 40 അംഗ കമ്മിറ്റിയാണ് തുടര്‍ന്ന് ഭരണം ഏറ്റെടുത്തത്.

തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ അംഗീകാരത്തിനായി ശ്രമങ്ങള്‍ നടന്നിരുന്നു. 1904ല്‍ മദ്രാസ്സിലെ പ്രഗല്‍ഭനായ ഹൈക്കോടതി വക്കീല്‍ കോഴിക്കോട് എം. കൃഷ്ണന്‍നായരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കരട് ഭരണഘടന തയ്യാറാക്കി. സജീവ ചര്‍ച്ചകള്‍ക്കുശേഷം അസിസ്റ്റന്‍റ് മാനേജര്‍ പാലത്തും വീട്ടില്‍ കുഞ്ഞുണ്ണി സാഹിബിന്‍റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ പൂര്‍വ്വോപരി ഊര്‍ജ്ജിതപ്പെടുത്തി.

ജോയിന്‍റ് കമ്പനി രജിസ്ട്രാറുമായി എഴ് വര്‍ഷത്തോളം നിരന്തരം എഴുത്തുകുത്തുകള്‍ നടത്തിയതിനെ തുടര്‍ന്ന് 1882ലെ ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് സെക്ഷന്‍ 26 അനുസരിച്ച്  1908 ജനുവരി 1ന്  സഭ രജിസ്റ്റര്‍ ചെയ്തു. അന്നുമുതല്‍ നിയമാനുസൃതം സര്‍ക്കാര്‍ അംഗീകാരമുള്ള ഓഡിറ്റര്‍ എക്കൗണ്ട് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത് ഓരോ കൊല്ലവും ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പാസ്സാക്കിയ ബാലന്‍സ് ഷീറ്റുകള്‍ കമ്പനി രജിസാട്രാറുടെ ഓഫീസില്‍ ഫയല്‍ ചെയ്തു വരുന്നു. സഭ സ്ഥാപിച്ചതു മുതല്‍ ഇന്നുവരെ കൃത്യമായി രേഖകള്‍ സൂക്ഷിക്കുന്ന അപൂര്‍വ്വം പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നാണ് സഭ. കൂടുതല്‍കാലം പ്രസിഡന്‍റു പദം അലങ്കരിച്ചത് വി ആറ്റക്കോയ തങ്ങളും പാണക്കാട് സയ്യിദ് മുഹമ്മദലി ശഹാബ് തങ്ങളുമാണ്.


ഭരണഘടനയും വിദ്യാഭ്യാസവും


സഭയുടെ ഭരണഘടനയില്‍ പ്രഥമമായി ചേര്‍ക്കപ്പെട്ട ലക്ഷ്യങ്ങളില്‍ പിന്നോക്ക വിദ്യാഭ്യാസ പുരോഗതിക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. കൂടാതെ തെറ്റിദ്ധാരണകളെ ഉډൂലനം ചെയ്ത് ഇസ്ലാമിക തത്വങ്ങളെ സമുദായ മദ്ധ്യത്തില്‍ പ്രചരിപ്പിക്കുക, മുസ്ലിം സമുദായത്തിന്‍റെ പരാതികള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്തുക, മുസ്ലിംകള്‍ക്കിടയിലുള്ള ഭിന്നതകള്‍ രമ്യമായി പരിഹരിക്കുക, നവമുസ്ലിംകള്‍ക്ക് ആവശ്യമായ ഇസ്ലാമിക പഠനം സൗജന്യമായി നല്‍കുക, ചിലവ് കഴിച്ച് മിച്ചം വരുന്ന തുക കൊണ്ട് വഖഫ് സ്വത്തുകള്‍ സമ്പാദിക്കുക തുടങ്ങിയവയാണ് ഭരണഘടനയില്‍ ചേര്‍ത്ത മറ്റു പ്രധാന ലക്ഷ്യങ്ങള്‍.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല മുസ്ലിം സംഘങ്ങള്‍ അക്കാലത്ത് രൂപീകൃതമായെങ്കിലും അവയൊന്നും തന്നെ മഊനത്തുല്‍ ഇസ്ലാം സഭയോളം വ്യവ്സഥാപിതമായി വളര്‍ന്ന് വികസിച്ചില്ല. തന്മൂലം കഴിഞ്ഞ നൂറ്റാണ്ടില്‍ നിലവില്‍ വന്ന ചെറുതും വലുതുമായ മുസ്ലിം സംഘടനകള്‍ക്ക് മാതൃകാപരമായി പ്രവൃത്തിക്കാന്‍ പ്രചോദനം നല്‍കിയത് സഭയുടെ ഘടനയും ഭരണഘടനയുമാണ്. ഇക്കാരണത്താല്‍ പിന്നീട് നിലവില്‍ വന്ന മുസ്ലിം സംഘടനകളുടെ മാതൃസ്ഥാനി എംഐ സഭയാണെന്ന് വിശഷിപ്പിക്കാം.     

സമുദായത്തിനും സമൂഹത്തിനും ആശയും ആവേശവുമായി സഭ ക്രമാനുഗതമായി വളര്‍ന്നു. പ്രാരംഭ ദശയില്‍ പൊന്നാനിയിലെ മാതൃസ്ഥാപനത്തിന് പുറമെ, ഏറിയാട്, അഴീക്കോട്, ചാവക്കാട്, കോക്കൂര്‍, ചാലിശ്ശേരി, എടപ്പാള്‍, കൂട്ടായി, മംഗലം, താനൂര്‍, പുതിയങ്ങാടി, തലക്കടത്തൂര്‍, പാലക്കാട് തുടങ്ങി കൊടുങ്ങല്ലൂരിനും തലശ്ശേരിക്കുമിടയില്‍ മലബാറില്‍ വിവിധ ഭാഗങ്ങളിലായി 28 ശാഖകളുണ്ടായിരുന്നു. കാലാന്തരത്തില്‍ ഇതെല്ലാം മാതൃസ്ഥാപനത്തില്‍ ലയിച്ചു.

കൈരളിയുടെ ഇസ്ലാമിക ചരിത്രത്തില്‍ അതുല്ല്യ സ്ഥാനമാണ് സഭക്കുള്ളത്. അറിഞ്ഞിടത്തോളം  ലോകത്ത് മറ്റെവിടെയും സഭയ്ക്ക് തുല്ല്യമായ സ്ഥാപനമില്ലെന്ന വസ്തുത ഇതര സ്ഥാപനങ്ങളേക്കാള്‍ സഭയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു. ഇന്നത്തെപ്പോലെ മതധര്‍മ്മ സ്ഥാപനങ്ങള്‍ വ്യാപകമല്ലാത്ത കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍  സഭയുടെ ചുവട് പിടിച്ച് പലയിടത്തും പള്ളികളും മദ്റസ്സകളും സ്ഥാപിതമായി. തന്മൂലം കേരളത്തില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മുസ്ലിം പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും മുസ്ലിം മാതൃത്വം സഭക്ക് അവകാശപ്പെട്ടതാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പോലും മഊനത്തുല്‍ ഇസ്ലാം എന്ന പേരില്‍ മുസ്ലിം സാംസ്കാരിക സംഘടനകള്‍ക്ക് രൂപം നല്‍കിയത് സഭയുടെ പ്രചോദനത്തിലായിരുന്നു.

സൈതാലിക്കുട്ടി മാസ്റ്ററുടെയും തലശ്ശേരി അദിയാ പുറത്ത് അമ്മുസാഹിബിന്‍റെയും നിയന്ത്രണത്തില്‍ പൊന്നാനി ജുമുഅത്ത് പള്ളിക്ക് വടക്കുവശം തരകം കോജിനിയകം കയ്യാലയുടെ കിഴക്ക് തെക്കേ മൂലയില്‍ ശ്ലാഘനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മഹക്കുല്‍ ഗ്വറാഇബ് പ്രസ്സില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അറബി-മലയാള മാസികയായ സലാഹുല്‍ ഇഖ്വാനില്‍ സഭാ വാര്‍ത്തകളും പരസ്യങ്ങളും മാസാന്ത യോഗ നടപടികളും സൗജന്യമായി പ്രസിദ്ധീകരിച്ചു. തല്‍ഫലമായി കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും സ്ഥാപനത്തിന് സംഭാവനകള്‍ ലഭിച്ചു തുടങ്ങി.


തെക്കെ മലബാറിലെ പ്രഥമ വിദ്യാഭ്യാസ സമ്മേളനം


1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. 1884ലെ സര്‍ക്കാര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ ദയനീയാവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണകൂടം ശുഷ്കാന്തി പ്രകടിപ്പിക്കുകയോ പ്രോല്‍സാഹനം നല്‍കുകയോ ചെയ്തില്ല. സമുദായ നേതാക്കളുടെ ശ്രമത്താല്‍ പലയിടത്തും സ്ക്കൂളുകളും അറബിക്ക് മദ്രസ്സകളും നിലവില്‍ വന്നു.

അക്കാലത്ത് ഉത്തരേന്ത്യയില്‍ വീശി തുടങ്ങിയിരുന്ന 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം അലിഗഢ് മൂവ്മെന്‍റിന്‍റെ ചലനം ഭാരതത്തിന്‍റെ പല ഭാഗത്തും മുസ്ലിം വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം നല്‍കി. കേരളത്തിലും ഗണനാര്‍ഹമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കി.

എന്നിട്ടും മലബാറിലെ മുസ്ലിംകളില്‍ ഒരു വിഭാഗം മലയാളം ആര്യ ഭാഷയായും ഇംഗ്ലീഷ് നരക ഭാഷയായും തെറ്റിദ്ധരിച്ച് ആധുനിക വിദ്യാഭ്യാസത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്ന അക്കാലത്ത് വൈജ്ഞാനിക ചലനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സംഘടനയാണ് മഊനത്തുല്‍ ഇസ്ലാം സഭ. ബഹുസ്വരത നിലനിര്‍ത്തുന്നതോടൊപ്പം ന്യൂനപക്ഷ മുസ്ലിം വിദ്യാഭ്യാസ പുരോഗതിയില്‍ സഭ ആരംഭംമുതല്‍ ശ്ലാഘനീയമായ പങ്കുവഹിച്ചു.

സഭയുടെ ആഭിമുഖ്യത്തില്‍ പൊന്നാനി വലിയ ജാറം അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് ചേര്‍ന്ന മുസ്ലിം വിദ്യാഭ്യാസ സമ്മേളനം തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട തെക്കെ മലബാറിലെ ആദ്യത്തെ അപൂര്‍വ്വ കുട്ടായ്മയാണ്. 

1910 ഫെബ്രുവരി 28 (ഹിജറ 1328 സഫര്‍ 17)ന് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് എട്ടാം സര്‍ക്കിള്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ പി.പി. ബ്രൈത്ത് വൈറ്റ് സായിപിന്‍റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. ആധുനിക വിദ്യാഭ്യാസവും മാപ്പിള മുസ്ലിംകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് പൊന്നാനിയുടെ വര്‍ത്തക പ്രമുഖനും ഇംഗ്ലീഷ് പരിജ്ഞാനം നേടിയ അപൂര്‍വ്വ മുസ്ലിം യുവാക്കളില്‍ ഒരാളുമായ എം. കുട്ടിഹസ്സന്‍ കുട്ടിയായിരുന്നു. ഡിസ്ട്രിക്ട് മുന്‍സിഫ് കെ. എ. കണ്ണന്‍, പി. ബി. വാഞ്ചി അയ്യര്‍ ബി. എ. എല്‍. ടി, മലബാര്‍ ഡിവിഷണല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ എന്‍. സി. കണ്ണന്‍ നമ്പ്യാര്‍, പാലക്കാട് റേഞ്ച് സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ്. ഫെര്‍ണാണ്ടസ്, സബ് മജിസ്ട്രേറ്റ് ദ്വരൈ സ്വാമി അയ്യര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി. കുട്ടിരാമന്‍ നായര്‍, സിവില്‍ അപ്പോത്തിക്കിരി പി. ജെ. വുനൈന്‍, ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി ഹെഡ് ക്ലര്‍ക്ക് ആര്‍. കെ. കോരന്‍, പോലീസ് സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ കിടാവ്, പി. ഡബ്ലു. ഡി. കോണ്‍ട്രാക്ടര്‍ പാടാലിയില്‍ മാക്കുണ്ണി, ഹിന്ദു സ്കൂള്‍ ഇന്‍സ്പെക്ടര്‍ പി. അച്യുതന്‍, പൊന്നാനി നഗരം അംശം അധികാരി പി.കുഞ്ഞികൃഷ്ണന്‍, മദ്ധ്യ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എം. ബാവമൂപ്പന്‍, സലാഹുല്‍ ഇഖ്വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍, പൊന്നാനി യൂണിയന്‍ (പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്‍റ് വി. ആറ്റക്കോയ തങ്ങള്‍, സഭാ മാനേജര്‍ കല്ലിങ്കലകത്ത് കോയക്കുട്ടി, ജോയന്‍റ് സെക്രട്ടറി പഴയകത്ത് കോയക്കുട്ടി തങ്ങള്‍, അസിസ്റ്റന്‍റ് മാനേജര്‍ പാലത്തുംവീട്ടില്‍ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുണ്ണി, ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി, അഴിക്കലകത്ത് മമ്മിക്കുട്ടി, കൊങ്ങണം വീട്ടില്‍ അബ്ദുല്ലക്കുട്ടി, തരകം കോജിനിയകത്ത് മുഹമ്മദ്, വെട്ടം വീട്ടില്‍ അറക്കല്‍ അബ്ദുറഹിമാന്‍ തുടങ്ങിയ സഭാ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ തുടങ്ങി ഔദ്യോഗിക-അനൗദ്യോഗിക പ്രമുഖരുള്‍പ്പെടെ ജാതി-മത ഭേദമന്യെ നൂറ് കണക്കിന് വിദ്യാവാസനികള്‍ ഈ യോഗത്തില്‍ സംബന്ധിച്ചു. മഊനത്തുല്‍ ഇസ്ലാം സഭ തയ്യാറാക്കുന്ന ഒന്നാം പാഠപുസ്തകവും ഖുര്‍ആനും എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുക, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് മുസ്ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ദുരീകരിക്കാന്‍ സഭാ ചെലവില്‍ ലഘുലേഖകള്‍ അടിച്ച് മഊനത്തിന്‍റെ ഉപശാഖകളിലും മഹല്ലുകളിലും വിതരണം ചെയ്യുക, മാപ്പിള ബോര്‍ഡ് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുക, മുസ്ലിംകളില്‍ നിന്ന് അദ്ധ്യാപകരെയും വിദ്യാഭാസ  ഇന്‍സ്പെക്ടര്‍മാരെയും വാര്‍ത്തെടുക്കുക, പ്രോത്സാഹനാര്‍ത്ഥം മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുക, എല്ലാ മുസ്ലിംകള്‍ക്കും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം നേടാനെങ്കിലും അവസരം ഒരുക്കുക തുടങ്ങിയ പല സുപ്രധാന തീരുമാനങ്ങളുമെടുത്തു.

മുസ്ലിം വൈജ്ഞാനിക പുരോഗതിക്ക് ഗൗരവത്തോടെ ഇത്രയും വിപുലമായൊരു സമ്മേളനം സംഘടിപ്പിച്ചതിന് സഭാ പ്രസിഡന്‍റ് കുഞ്ഞിസീതി കോയ തങ്ങളെ അഭിനന്ദിച്ച് തെക്കെ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സി.ഒ. മുഹമ്മദ് കേയി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിച്ച യോഗ അദ്ധ്യക്ഷന്‍ ബ്രൈത്ത് വൈറ്റ് സായിപ്പിനെ കുഞ്ഞിസീതി കോയ തങ്ങള്‍ ഹാരമണിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. 

സമ്മേളനം വിജയിച്ചതിന്‍റെ അഹ്ലാദസൂചകമായി സദസ്സില്‍ പനിനീര്‍ തെളിച്ച് ആഗതര്‍ക്കെല്ലാം അടക്കയും വെറ്റിലയും ചുരുട്ടും വിതരണം ചെയ്ത് യോഗം സമംഗളം പര്യവസാനിച്ചു. ഈ രീതിയിലുള്ള ഒരു സമ്മളനം അതിന് മുമ്പ് തെക്കേ മലബാറില്‍ ചേര്‍ന്നിട്ടില്ല. തുടര്‍ന്ന് തീരുമാനങ്ങള്‍ ക്രമാനുസൃതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സഭ തീവ്രശ്രമങ്ങള്‍ നടത്തി. തډൂലം ഈ സമ്മേളനം ആദ്യകാല മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്ലാഘനീയമായ ഇടംനേടി. അക്കാലത്ത് നടന്ന ഇതുപോലുള്ള നാമമാത്ര സമ്മേളനങ്ങളാണ് തുടര്‍ന്ന് വന്ന പല വിദ്യാഭ്യാസ ചലനങ്ങള്‍ക്കും മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നത്. കൂടാതെ സഭയുടെ ആദ്യകാല സമ്മേളനങ്ങളില്‍ അമുസ്ലിം പ്രമുഖര്‍ പങ്കെടുത്തത് പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. 


ഉസ്മാന്‍ മാസ്റ്റര്‍


മുസ്ലിം വിദ്യാഭ്യാസ സമ്മേളനത്തെ തുടര്‍ന്ന് നിലവില്‍ വന്ന പൊന്നാനി നഗരത്തിലെ ആദ്യത്തെ എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂള്‍. വിദ്യാതല്‍പ്പരനായ കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്ററുടെ (1884-1964) യുവത്വത്തിന്‍റെ ഊര്‍ജ്ജസ്വലതയോടെ വിദ്യാഭ്യാസ രംഗത്തുള്ള സജീവ ഇടപെടലുകള്‍ ഹേതുവായാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. ഇതേ കാലത്ത് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മദ്രസ്സാ സിലബസ് പരിഷ്കരിച്ച് ഏതാനും മദ്രസ്സാ-സ്ക്കൂളുകള്‍ക്ക് മലബാറിലും കൊച്ചി രാജ്യത്തും ആരംഭം കുറിച്ചത് മാസ്റ്ററുടെ സദുദ്ദ്യമത്തിന് കരുത്തേകി.

ഭൗതീക വിഷയങ്ങളോടൊപ്പം മതപഠനവും അറബി ഭാഷയും ഉള്‍പ്പെടുത്തി. വലിയപള്ളിക്ക് സമീപം തരയം കോജിനിയകത്ത് തറവാട് അങ്കണത്തിലെ കിഴക്കേ വരാന്തയില്‍ (പ്രസ്സ് പ്രവര്‍ത്തിച്ചിരുന്ന ഭാഗത്ത്) തഅ്ലീമുല്‍ ഇഖ്വാന്‍ മദ്രസ്സ സ്ഥാപിച്ച് ഉസ്മാന്‍ മാസ്റ്റര്‍ മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് ഈ സ്ഥാപനം ടൗണിലെ രായിച്ചിന്‍റകം വീടിനടുത്ത മാളിക മുകളിലേക്ക് മാറ്റി. സ്കൂളിന്‍റെ ആരംഭം മുതല്‍ പ്രധാന അദ്ധ്യാപകനായിരുന്ന ഉസ്മാന്‍ മാസ്റ്റര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ട്രൈനിങ് യോഗ്യത  ഇല്ലാത്തതിനാല്‍ പ്രസ്തുത പദവി ഒഴിയേണ്ടി വന്നു എന്നിട്ടും  സ്ഥാപനത്തിന്‍റെ സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തിയായും ജീവനക്കാരനായും തുടര്‍ന്നു. 

1914 ആകുമ്പോഴക്കും തഅ്ലീമുല്‍ ഇഖ്വാന്‍ നാലാം ക്ലാസ്സ് വരെയുള്ള എല്‍.പി. സ്ക്കൂളായി രൂപാന്തരപ്പെട്ടു. അധികം താമസിയാതെ മദ്രാസ്സ് സര്‍ക്കാറില്‍ നിന്ന് താല്‍ക്കാലിക അംഗീകാരവും ലഭിച്ചു. മാസ്റ്ററുടെ ഓരോ ചലനങ്ങള്‍ക്കും സഭാ പ്രസിഡന്‍റും പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന ആറ്റക്കോയ തങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. മാസ്റ്റര്‍ നഗരത്തിലെ മുസ്ലിം വീടുകളില്‍ ദൈനംദിനം കയറിയിറങ്ങി രക്ഷിതാക്കളെ നിരന്തരം പ്രോല്‍സാഹിപ്പിച്ചാണ് പല കുട്ടികളും സ്ക്കൂളില്‍ ചേര്‍ന്നത്.

പ്രഥമ വിദ്യാര്‍ത്ഥി വെട്ടംകുഞ്ഞിമാക്കാനകത്ത് മുഹമ്മദാണ്. എന്നിട്ടും ആദ്യത്തെ നാല്വര്‍ഷങ്ങള്‍ക്കിടയില്‍ 209 ആണ്‍കുട്ടികള്‍ മാത്രമേ ചേര്‍ന്നുള്ളൂ. 1918 ല്‍ അഡ്മിഷന്‍ നമ്പര്‍ 210 ആയി പ്രവേശിച്ച അബ്ദുല്ലകുട്ടി മകള്‍ കൊങ്ങണം വീട്ടില്‍ പാത്തുമാമ്മകുട്ടിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇവരാണ് പൊന്നാനി നഗരത്തിലെ മുസ്ലിം വനിതകളില്‍ പ്രഥമ സ്ക്കൂള്‍ പഠിതാവ്. ഈ അവസരത്തില്‍ മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ കാജാ ഹുസൈന്‍ സാഹിബിന്‍റെ സ്ക്കൂള്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് 1919ല്‍ സ്ഥാപനത്തിന് സ്ഥിരമായ അംഗീകാരം ലഭിച്ചു.

ടി.ഐ.യു.പി. സ്കൂളില്‍ നിന്ന് വിടപറഞ്ഞ ശേഷം ഉസ്മാന്‍ മാസ്റ്റര്‍ കൂട്ടായിലും പറവണ്ണയിലും മദ്രസ്സാ സ്കൂളുകള്‍ സ്ഥാപിച്ച ശേഷം 1930കളോടെ പൊന്നാനിയില്‍ തിരിച്ചെത്തി മഊനത്തുല്‍ ഇസ്ലാം സഭക്ക് സമീപം 1930ല്‍ മുസ്ലിം ശിശുപഠന ശാലയായ മദ്രസത്തുല്‍ മര്‍ളിയ ആരംഭിച്ചു. വൈജ്ഞാനിക രംഗത്ത് പൂര്‍വ്വോപരി സജീവമായി.


എം.ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍


ഉസ്മാന്‍ മാസ്റ്റര്‍ 1930ല്‍ സ്ഥാപിച്ച മദ്രസ്സത്തുല്‍ മര്‍ളിയ  നവീന പാഠ്യപദ്ധതിയനുസരിച്ച് സ്കൂളായി രൂപപ്പെട്ടു. സ്ഥലപരിമിധി കാരണം വെട്ടംപോക്കിരിയകം തറവാടിന് മുകളിലേക്ക് പ്രവര്‍ത്തനം മാറ്റി. 1932ല്‍ മദ്റസ്സത്തുല്‍ ഉസ്മാനിയ എലിമെന്‍ററി സ്ക്കൂള്‍ എന്ന പേരില്‍ മദ്രാസ് സര്‍ക്കാറില്‍ നിന്ന് അംഗീകാരം നേടി

സഭയ്ക്ക് അരികെ ജുമുഅത്ത് പള്ളി കുളത്തിന് തെക്ക്പടിഞ്ഞാറേ കരയില്‍ ഉസ്മാന്‍ മാസ്റ്ററുടെ പിതൃവ്യനായ കുന്നിക്കലകത്ത് അവുതലുക്കുട്ടിയുടെ വാഴത്തോട്ടത്തി (ചൊട്ടാപ്പ്) ല്‍ കെട്ടിയുണ്ടാക്കിയ നാല്കാലോല പുരയുള്ള താല്‍ക്കാലിക ഷെഡ്ഡിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.

അവറാന്‍കുട്ടി മുസ്ലിയാരകത്ത് അബുസാലിഹാണ് പ്രഥമ വിദ്യാര്‍ത്ഥി. തുടര്‍ന്ന് ഇവിടെ തന്നെ ഓട്മേഞ്ഞ ഷെഡ്ഡ് നിര്‍മ്മിച്ചു. സ്കൂള്‍ വിപുലീകരിച്ചു. തറീക്കാനകത്ത് കോയക്കുട്ടി, പടിഞ്ഞാറകത്ത് കുഞ്ഞീറ്റി, തുന്നംവീട്ടില്‍ മുഹമ്മദ് തുടങ്ങിയവരുടെ നിസീമമായ സഹകരണം അദ്ദേഹത്തിന് കരുത്തേകി. സ്കൂളിന്‍റെ ജീവാത്മാവും പരമാത്മാവും ഉസ്മാന്‍മാസ്റ്ററായതുകൊണ്ട് വര്‍ഷങ്ങളോളം ഈ വിദ്യാലയത്തെ ഉദുമാന്‍ സാറിന്‍റെ സ്കൂള്‍ എന്നാണ് തദ്ദേശീയര്‍ വിളിച്ചത്. ഈ സ്ഥാപനമാണ് പൊന്നാനി നഗരത്തിലേയും കടലോര മേഖലയിലേയും പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റത്തിന് തുടക്കം കുറിച്ച് പിന്നീട് എംഐയുപി സ്കൂ(മഊനത്തുല്‍ ഇസ്ലാം ഹയര്‍ എലിമെന്‍ററി സ്കൂള്‍) ളായി രൂപാന്തരപ്പെട്ടത്.

മുസ്ലിം സ്ത്രീ വിദ്യാഭ്യാസം പൊന്നാനി അങ്ങാടിയില്‍ നാമമാത്രമായിരുന്ന അക്കാലത്ത് മാസ്റ്ററുടെ പുത്രി അമ്പലത്ത് വീട്ടില്‍ ബിവിയെ ആദ്യ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്ത് ദേശത്തിന് മാതൃകയായി. അക്കാലത്ത് സ്ക്കൂള്‍ പഠനത്തിന് പോകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പലയിടത്തും അധിക്ഷേപവും പരിഹാസവും സഹിക്കേണ്ടി വന്നിരുന്നു. ഒരു ഗ്രാമീണ മുസ്ലിം പെണ്‍കുട്ടി താന്‍ അനുഭവിക്കേണ്ടി വന്ന യാതന വിവരിക്കുന്നത് നോക്കൂ:

എന്‍റെ ബാപ്പ ഖത്തീബും ഇമാമുമായിരുന്നു. വീടിനടുത്തുള്ള ഒരു ഹൈന്ദവ മാനേജ്മെന്‍റിന് കീഴിലുള്ള സ്ക്കൂളില്‍ അദ്ദേഹം എന്നെ ചേര്‍ത്തു. ഖത്തീബിന്‍റെ മകള്‍ സ്ക്കൂളില്‍ പഠിക്കുന്നതിന് ശക്തമായ എതിര്‍പ്പ് വന്നതിനാല്‍  ഞാന്‍ തല്‍ക്കാലം പഠനം നിറുത്തിയെങ്കിലും തുടര്‍പഠനത്തോടുള്ള ആഗ്രഹത്താല്‍ ഒളിഞ്ഞും മറിഞ്ഞും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. സ്ക്കൂള്‍ വീടിനടുത്തായിരുന്നുവെങ്കിലും വിമര്‍ശകര്‍  കാണാതിരിക്കാന്‍ വളഞ്ഞ വഴിയിലൂടെ ഒരു പുഴ കടന്ന് രണ്ടു മൂന്ന് ഫര്‍ലോങ്ങ് യാത്ര ചെയ്ത് സ്ക്കൂളിന്‍റെ പിന്നിലൂടെയാണ് ക്ലാസ്സില്‍ ഹാജരായത്. നമസ്ക്കാരത്തില്‍ വെളിവാകുന്ന ഭാഗങ്ങള്‍ മാത്രം വെളിവാക്കി വസ്ത്രം ധരിച്ച് സ്ക്കൂളില്‍ പോകുമ്പോള്‍ എന്നെ കോത്തായി (ഉരിഞ്ഞിട്ടവള്‍) എന്ന് വിളിച്ചു കുട്ടികള്‍ കളിയാക്കും. സ്ക്കൂളിന്‍റെ വാര്‍ഷികത്തിന് ഞാന്‍ ഒരു ഇംഗ്ലീഷ് പ്രസംഗം നടത്തിയതിനാല്‍ എതിര്‍പ്പ് അതിരൂക്ഷമായി. അവസാനം ഒരു പണ്ഡിതന്‍റെ മതവിധി വാങ്ങി എന്‍റെ ബാപ്പയെ പള്ളിയില്‍ നിന്ന് പുറത്താക്കി. 

ഇത്രയും രൂക്ഷമായ എതിര്‍പ്പ് പൊന്നാനിയില്‍ ഇല്ലായിരുന്നുവെങ്കിലും ചോക്ക് കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ ദീനി പാഠഭാഗങ്ങള്‍ പഠനത്തിനായി എഴുതുന്ന സമയത്ത് ചോക്ക് പൊടി നിലത്ത് വീഴല്‍ അനഭിലക്ഷണീയമാണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത് പഠനപരിഷ്ക്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു കാരണം പലരില്‍ നിന്നും  കടുത്ത എതിര്‍പ്പും ത്യാഗവും മാസ്റ്റര്‍ സഹിക്കേണ്ടി വന്നു. മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന്‍റെ കടുത്ത വിമര്‍ശകരില്‍ നിന്ന് ഒരവസരത്തില്‍ പൊന്നാനി വലിയപള്ളിയുടെ പടിപ്പുരയില്‍ വെച്ചു അദ്ദേഹത്തിന് കല്ലേറും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.  പ്രതിസന്ധികളില്‍ അദ്ദേഹത്തിന് ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചത് സഭ അസിസ്റ്റന്‍റ് മാനേജര്‍ കെ.എം. നൂറുദ്ധീന്‍കുട്ടി സാഹിബായിരുന്നു. ഏതാനും വര്‍ഷം മദ്രസ്സത്തുല്‍ ഉസ്മാനിയ സ്ക്കൂളിന്‍റെ മാനേജര്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചു.

1934 ഏപ്രില്‍ 28ന് ശനിയാഴ്ച ഉച്ചക്ക് 3.20ന് പൊന്നാനി കടപ്പുറത്തെ ഇന്നത്തെ ലൈറ്റ് ഹൗസിന് സമീപം ആറ്റക്കുളം പരിസരത്ത് ചേര്‍ന്ന മൗനത്തുല്‍ ഇസ്ലാം സഭയുടെ വിപുലമായ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ സ്വാതന്ത്ര്യ സമരനായകനും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ അനിഷേധ്യ നേതാവുമായ മൗലാനാ ഷൗക്കത്തലിയുടെ മുഖ്യ പ്രഭാഷണത്തില്‍ ആധുനിക വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന് അനിവാര്യമാണെന്ന ഉത്ബോധനം സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.

തുടര്‍ന്ന് ദീനി വിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാഭാരവാഹികളും സുമനുസക്കളായ സമുദായ നേതാക്കളും ആധുനിക വിദ്യാഭ്യാസം മുഖ്യ വിഷയമായെടുത്ത് പലവട്ടം യോഗങ്ങള്‍ ചേര്‍ന്നു. സഭാ ഫണ്ട് ഈ രംഗത്ത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ സജീവ ചര്‍ച്ചകള്‍ നടന്നു.

വി ആറ്റക്കോയ തങ്ങളടക്കം സഭാ ഭാരവാഹികളും കമ്മിറ്റിയും സമസ്ത ജംഇയത്തുല്‍ ഉലമ നേതാക്കളായ ഖുത്തുബി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ബാരി മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സമസ്ത സ്ഥാപക മെമ്പര്‍ പൊന്നാനി കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, കെ എം നൂറുദ്ധീന്‍കുട്ടി സാഹിബ് തുടങ്ങിയ പ്രമുഖര്‍ ഈ രംഗത്ത് പ്രകടിപ്പിച്ച അര്‍പ്പണമനോഭാവവും ദീര്‍ഘ വിക്ഷണവും അവിസ്മരണീയമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി 1941ല്‍ സ്ക്കുള്‍ സഭ ഏറ്റെടുത്തു. തുടര്‍ന്നാണ് സ്കൂളിന്‍റെ വടക്ക് ഭാഗത്തെ ബ്ലോക്ക് നിര്‍മ്മിച്ചത്. 

മലബാറിലെ മറ്റു പല മുസ്ലിം പ്രദേശങ്ങളെയും അപേക്ഷിച്ച് പൊന്നാനി നഗരത്തില്‍ വിദ്യാസഭന്നരുണ്ടായിരുന്നുവെങ്കിലും ഇംഗ്ലീഷുകാരുടെ പാഠ്യ പദ്ധതിയോടുള്ള വലിയൊരു വിഭാഗത്തിനുള്ള വിരോധം കൊണ്ടാവാം പ്രമുഖ മുസ്ലിം കേന്ദ്രമായ  ഇവിടെയും അക്കാലത്ത് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര ഉണ്ടാവാതിരുന്നത്. ഈ പോരായ്മ മുതലെടുത്ത് ഉയര്‍ന്ന വിദ്യാദാനവും വിദ്യാസ്വീകരണവും ഒരു വിഭാഗം കുത്തകയാക്കി. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്‍റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനോലി കനാലിന്‍റെ പടിഞ്ഞാറ് ഭാഗത്തെ സാധാരണക്കാര്‍ക്ക് പ്രയാസമായി. പ്രദേശത്തെ ഹൈസ്ക്കുളില്‍ അഡ്മിഷന്‍ സമയത്ത് അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നില്ല ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല. അഡ്വ എം അബ്ദുറഹിമാന്‍ ഉള്‍പ്പെടെ പല പ്രമുഖരും മലപ്പുറം ഗവ. ഹൈസ്കൂളിലാണ് പഠനം നടത്തിയത്.

ഈ ന്യുനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് പിന്നീട് മദ്രാസ്സ് ഹൈക്കോടതി ജസ്റ്റിസ് പദം അലങ്കരിച്ച സഭാ മാനേജിങ് കമ്മിറ്റി മെമ്പറായിരുന്ന ഹാജി പി കുഞ്ഞിഅഹമ്മദുകുട്ടി(മ.1967)യുടെ അദ്ധ്യക്ഷതയില്‍ കെ.എം. സീതി സാഹിബ് പങ്കെടുത്ത 1945ലെ സ്ക്കൂള്‍ വാര്‍ഷിക യോഗം നിലവിലുള്ള യുപി സ്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രദേശത്തിന്‍റെയും സമുദായത്തിന്‍റെയും സ്വപ്നം സാക്ഷാല്‍കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. തദനുസൃതമായി സഭാ ജോ.സെക്രട്ടറി എന്‍. മുഹമ്മദാജിയുടെ റിപ്പോര്‍ട്ട് പ്രകാരം 29-9-45ലെ മാനേജിങ് കമ്മിറ്റി ഇതിന് പച്ചക്കൊടി കാട്ടി.

ബാവമുസ്ലിയാരകം, ഹാജിയാരകം എന്നീ രണ്ട് വീടുകള്‍ വിലക്ക് വാങ്ങി തെക്ക് പടിഞ്ഞാറേ ബ്ലോക്കും, പടിഞ്ഞാറേ പഴയകം വീട് വിലക്കുവാങ്ങി 1960കളില്‍ വടക്ക് പടിഞ്ഞാറേ ബ്ലോക്കും തുടര്‍ന്ന് പടിഞ്ഞാറേ പഴയകവും, സഭയുടെ യത്തീംഖാന പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും ചേര്‍ത്ത് വടക്കേ ബ്ലോക്കും നിര്‍മ്മിച്ചു.

ലോവര്‍ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് അധ്യാപക പരിശീലനം നേടിയവരും ഇഎസ്എസ്എല്‍സി (Eight Standard School Leaving Certificateപാസ്സായതിനുശേഷം അധ്യാപക പരിശീലനം നേടിയവരുമായിരുന്നു ആദ്യകാല അധ്യാപകര്‍. വിദ്യാഭ്യാസപരമായി വികാസം പ്രാപിക്കാത്ത അക്കാലത്ത് അധ്യാപകര്‍ക്ക് ഈ യോഗ്യത മതിയാകുമായിരുന്നു. പി.കെ.എം. പൂക്കോയ തങ്ങള്‍, കെ. ഹംസ മാസ്റ്റര്‍, സുബൈദ ടീച്ചര്‍, ഇമ്പിച്ചി മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ആദ്യകാലത്ത് മുസ്ലിം കലണ്ടര്‍ അനുസരിച്ച് വെള്ളിയും ശനിയും തുടര്‍ന്ന് വെള്ളിയും ഞായറും വാരാന്ത്യ അവധിയും മദ്ധ്യവേനല്‍ അവധി വിഭജിച്ച് മെയ്മാസവും റംസാനിനും പെരുന്നാളിനും അവധി നല്‍കിയിരുന്നു. ഇതായിരുന്നു വിദ്യാഭ്യാസ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള അവധി.

പി.കെ.എം. ഇമ്പിച്ചി, മുഹമ്മദുണ്ണി (വെളിയംകോട്), കെ.വി. ബാവ, സരസ്വതി, കെ. ഖാലിദ് അലിയാസ് ബാപ്പു, ബാവ (അയിലക്കാട്), കെ.വി. ശറഫുദ്ദീന്‍, ആച്ചുമ്മ, മുഹമ്മദ്, ഹനീഫ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ ഹെഡ്മാസ്റ്റര്‍ പദവി വഹിച്ചിരുന്നു. എസ് എം റഹമത്ത് ബീഗമാണ് ഇപ്പോഴത്തെ ഹെഡ്ഡ് ടീച്ചര്‍. ബാപ്പു, ആലി (പുതുപ്പള്ളി), ഇളയത് തൃക്കാവ്, കുഞ്ഞിക്കമ്മു, ആച്ചുമ്മ (കുറ്റിക്കാട്), യു. അബൂബക്കര്‍, കെ. ഹംസ (ചാണ), മുഹമ്മദുണ്ണി (പുറങ്ങ്) തുടങ്ങിയവര്‍ പൂര്‍വ്വകാല അധ്യാപകരില്‍പ്പെടും.

പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങള്‍, ആഗോള പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി. മുഹമ്മദ് അശ്റഫ്, മുന്‍സിപ്പല്‍ ചെയര്‍മാനാരായിരുന്ന വി.പി. ഹുസൈന്‍കോയ തങ്ങള്‍. യു.എം. ഇബ്രാഹിംകുട്ടി , പി.പി. യാക്കൂബ് ഹസ്സന്‍, ഡോ. റസാക്ക് തുടങ്ങി വിവിധ മേഖലകളില്‍ പാദമുദ്രചാര്‍ത്തിയ പല പ്രമുഖരും പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 

തുടക്കത്തില്‍ സ്ക്കൂളിന് സ്വന്തം കെട്ടിടം നിലവില്‍ വരാത്ത കാലത്ത് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത് വെട്ടംപോക്കരിയകം തറവാടിന്‍റെ മാളിക മുകളിലായിരുന്നു. ഈ തറവാടിന്‍റെ അങ്കണത്തിലുള്ള പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, ആനബീഡി കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റസീവര്‍മാരോട് സ്ക്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ ആസൂത്രണങ്ങള്‍ നടന്നിരുന്നു.  

1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചത് എംഐയുപി സ്കൂളില്‍ വെച്ചായിരുന്നു. മദ്രാസ്സ് അസംബ്ലിയിലെ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആദ്യമായി സ്കൂളില്‍ ചേര്‍ന്ന പഠിതാക്കള്‍ പി.സി. ഹംസ ഹാജിയും അമ്പിളിയുമാണ്.  

യുപി സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കുട്ട്യാലിമാസ്റ്റര്‍ (ആനക്കര) ആയിരുന്നു. ഹൈസ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്തതിനുശേഷം സൂര്യനാരായണ അയ്യര്‍ (ഒറ്റപ്പാലം) ഹെഡ്മാഷായി ചുമതലയേറ്റു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചു. അന്ന് മദ്രാസ്സ് അസംബ്ലി പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. 1950കളിലാണ് ഹൈസ്ക്കൂള്‍ വിഭാഗം ഇപ്പോഴത്തെ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്.

സര്‍ക്കാര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന ചാവക്കാട് സ്വദേശി അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍  1948ല്‍ പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തതിനുശേഷമാണ് ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ജില്ലയില്‍ തന്നെ ഉന്നത നിലവാരം പുലര്‍ത്തി വരുന്ന ഒരു ഹൈസ്ക്കൂളായി ഈ വിദ്യാലയം വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് തുടങ്ങിയത്.

അബ്ദുല്‍കാദര്‍ മാസ്റ്ററുടെ പിതാവ് സി അഹമ്മദുണ്ണി സാഹിബ് സര്‍ക്കാര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായി വിരമിച്ചശേഷം സഭയില്‍ സൂപ്രണ്ടായി സേവനം അനുഷ്ഠിച്ചിരുന്നു. അബ്ദുല്‍കാദര്‍ മാസ്റ്റര്‍ സ്കൂളില്‍ ചാര്‍ജ്ജെടുത്ത ദിവസം അഹമ്മദുണ്ണി സാഹിബ് തന്‍റെ സ്ഥാനം രാജിവെച്ചു.

1950ലാണ് ഹൈസ്ക്കൂള്‍ ഇന്നത്തെ സ്ഥലത്തേക്കു മാറ്റിയത്. 1952ല്‍ ഒന്നാമത്തെ ബ്ലോക്ക് മദ്രാസ്സ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.എസ്. റെഡ്ഡിയും, 1958 ഫ്രെബ്രുവരി 25ന് രണ്ടാമത്തെ ബ്ലോക്ക് അഖില സിലോണ്‍ വൈ. എം. എം. എ. കോണ്‍ഫറന്‍സ് പ്രസിഡന്‍റായിരുന്ന ഹാജി മുഹമ്മദ് അബദുറസാക്കും നിര്‍വ്വഹിച്ചു. അല്‍ഹാജ് എ. ഫളീല്‍ ഗഫൂര്‍ സാഹിബായിരുന്നു അദ്ധ്യക്ഷന്‍.

1956 നവംബര്‍ ഒന്നിന് ഐക്യ കേരളം നിലവില്‍ വന്നതിന് ശേഷം പ്രഥമ ഗവര്‍ണ്ണറായിരുന്ന ബി. കൃഷ്ണറാവു ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന് ഏറ്റെങ്കിലും സ്വാതന്ത്ര്യ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദ് 1958 ഫെബ്രുവരി 22ാം തിയതി മരണപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണ്ണറുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി വെക്കുകയാണുണ്ടായത്. ചാവക്കാട് രാജാ അബ്ദുല്‍ ഖാദര്‍ ഹാജി പണിത് കൊടുത്ത സ്ക്കൂള്‍ അങ്കണത്തിലെ പള്ളിയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അതിരമ്പുഴ ടി.എം. ഹസന്‍ റാവൂത്തറാണ് നിര്‍വ്വഹിച്ചത്. ആണ്‍കുട്ടികളില്‍ ആദ്യമായി എസ്എസ്എല്‍സി പാസ്സായത് ടി.വി. മുഹമ്മദും എ.പി.എം. അബ്ദുറസ്സാക്കും പെണ്‍കുട്ടികളില്‍ പാസ്സായത് ടി.ഐ.യു.പി. സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന എംവി സഫിയയുമാണ്. 

അക്കാലത്ത് എലിമെന്‍ററി (എല്‍.പി.) അഞ്ച് വര്‍ഷവും, ഹയര്‍ എലിമെന്‍ററി, സെക്കണ്ടറി (യു.പി.+ഹൈസ്ക്കൂള്‍) ആറ് വര്‍ഷവും, ഇന്‍റര്‍ മിഡിയേറ്റ് 2 വര്‍ഷവും, ഡിഗ്രി രണ്ട് വര്‍ഷവും ഇതായിരുന്നു പഠന കാലാവധി. ഹൈസ്കൂളുകളില്ലാത്ത ചില യു.പി. സ്കൂളുകളില്‍ ഹയര്‍ എലിമെന്‍ററിയില്‍ മദ്രാസ് സര്‍ക്കാരിന്‍റെ സിലബസ്സനുസരിച്ച് 3 വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഇ.എസ്.എസ്.എല്‍.സി. പൊതുപരീക്ഷയും നടത്തിയിരുന്നു. പൊന്നാനിയില്‍ ടിഐയുപി സ്കൂളും കടവനാട് ജിയുപി സ്കൂളും ഈ വിഭാത്തില്‍പ്പെടും. ഐക്യകേരളം നിലവില്‍ വന്നതോടെ കേരള സര്‍ക്കാര്‍ സിലബസ്സില്‍ പരിഷ്ക്കരണം വരുത്തുകയും ഇഎസ്എസ്എല്‍സി നിര്‍ത്തല്‍ ചെയ്യുകയും ചെയ്തു.

എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്, ഡോ. കെ.എം. മൊയ്തീന്‍കുട്ടി, പ്രൊഫ. മുഹമ്മദ് സഗീര്‍ ഖാദിരി, എ.പി. മെഹറലി, വി.പി. ഹുസൈന്‍ക്കോയ തങ്ങള്‍, എം.പി. മുത്തുക്കോയ തങ്ങള്‍, പ്രൊഫ. ടി.കെ. അബ്ദുല്ലകുട്ടി, ഡോ.കെ.എം. അബ്ദുല്ല, പ്രൊഫ. സൈക്കൊ മുഹമ്മദ്, ഡോ. എം. ബാവക്കുട്ടി, ഡോ.അബ്ദുല്ല ബാവ, ഡോ. വി.വി. അബ്ദുറഹിമാന്‍കുട്ടി, ഡോ. സി.വി. ജമാലുദ്ദീന്‍, കെ.കെ. ഹനീഫ് തുടങ്ങിയ പല പ്രമുഖരും പ്രഗത്ഭരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.


പുതുപൊന്നാനിയുടെ പൂര്‍വ്വകാല വിദ്യാഭ്യാസ ചരിത്രം


എംഐ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പുതുപൊന്നാനി ആദ്യകാലത്ത് താലൂക്ക് ബോര്‍ഡിന്‍റെ കീഴിലായിരുന്നു. 1962ലാണ് പൊന്നാനി പഞ്ചായത്തില്‍ ലയിച്ചത്. ഹിജ്റ ആദ്യനൂറ്റാണ്ടില്‍തന്നെ ഇവിടെ ഒരു പള്ളി ഉണ്ടായിരുന്നുവെന്നും മാലിക്ബിനു ദിനാറിന്‍റെ അനുഗാമി അബ്ദുള്‍ മജീദ്ബ്നു മാലിക് ഇവിടെ ഖാസിയായിരുന്നുവെന്നും  ഇസ്ലാമിക പാരമ്പര്യ ചരിത്രം രഹിലത്തുല്‍ മുലൂക്ക് എന്ന കൃതിയിലും ഇവിടത്തെ കാര്‍ഷിക വിളകളെ കുറിച്ച് ക്രി.വ. 1800ന്‍റെ തുടക്കത്തില്‍ ഇവിടം സന്ദര്‍ശിച്ച ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍റെ സമഗ്ര സഞ്ചാര ഡയറിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് അര നൂറ്റാണ്ട് മുമ്പുവരെ ഈ പ്രദേശത്ത് വലിയൊരു ഭാഗം വിജനവും വിശാലവുമായിരുന്നു.

മലബാര്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരു അധ്യായമാണ് 1921 ആഗസ്റ്റില്‍ ആരംഭിച്ചമലബാര്‍ പോരാട്ടത്തിന് ഏതാണ്ട് മൂന്നാഴ്ച മുമ്പ് ജൂലായ് 24ന് ഇവിടത്തെ നാലാംകല്ല് പരിസരത്ത് ചേര്‍ന്ന ഖിലാഫത്ത് സമ്മേളനം. നാലാംകല്ല് മുതല്‍ കടപ്പുറം വരെ ഇന്ന് ജനനിബിഢമാണെങ്കിലും അന്ന് വിജനവും വിശാലവുമായിരുന്നു. സമ്മേളനത്തിന് മലബാറിന്‍റെയും തിരുകൊച്ചിയുടെയും നാനാഭാഗത്തുനിന്നും ധാരാളം സ്വാതന്ത്ര്യസമര പോരാളികള്‍ പങ്കെടുത്തു. വെല്ലൂര്‍ ലത്തീഫിയ അറബി കോളേജ് പ്രിന്‍സിപ്പല്‍ (സദര്‍ മുദരിസ്) മൗലവി അബ്ദുല്‍ അസീസ് സാഹിബായിരുന്നു അദ്ധ്യക്ഷന്‍. ഈ സമ്മേളനമാണ് മലബാര്‍ പോരാട്ടത്തില്‍ പൊന്നാനിയെ സമാധാനം പാലിക്കാന്‍ പ്രേരിപ്പിച്ചത്.

മുനമ്പം ജാറം റൂട്ടില്‍ സ്ഥിതിചെയ്യുന്ന ജി.എഫ്.എല്‍.പി സ്കൂള്‍ തന്നെയായിരുന്നു പുതുപൊന്നാനിയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. ടോള്‍ ബൂത്ത് സ്ഥിതിചെയ്തിരുന്ന ഭാഗത്ത് ചെങ്കല്ലും ഓലയും കൊണ്ട് നിര്‍മിച്ചതായിരുന്നു ആദ്യകാലത്ത് ഈ സ്കൂള്‍. സ്കൂളില്‍ വരാതെ മടിയډാരായ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വീട് തോറും കയറിയിറങ്ങിപിടിച്ച് സ്കൂളിലേക്ക് കൊണ്ടുവന്നിരുന്ന കഥ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു.

അഞ്ചാം ക്ലാസ് വരെയായിരുന്നു അക്കാലത്തെ പഠനം. അന്ന് അഞ്ചാംക്ലാസ് പൂര്‍ത്തിയാക്കിയാല്‍ വല്യ  വിവരസ്തനായി. കാരണം അതിനപ്പുറം പഠിക്കാന്‍ നാട്ടില്‍ സംവിധാനം ഇല്ലല്ലോ. യു പി ഹൈസ്കൂള്‍ പഠനത്തിന് പൊന്നാനിയിലേക്ക് പോകാന്‍ കൂടുതല്‍പേരും താല്‍പര്യം കാണിച്ചിരുന്നില്ല. കെഎം കുഞ്ഞുമുഹമ്മദ് ഹാജിക്ക്  1968 ല്‍ ആനപ്പടിയില്‍ എഎംഎല്‍പി സ്കൂള്‍ അനുവദിച്ചത് പുതുപൊന്നാനിയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കി.

പഞ്ചായത്ത് വൈസ്പ്രസിഡന്‍റായിരുന്ന അബ്ദുല്ല ഹാജിക്ക് 1975 ല്‍ അനുവദിച്ചു കിട്ടിയ യു പി ഹൈസ്കുള്‍ ആണ് പുതുപൊന്നാനിക്കാരുടെ തുടര്‍പഠനത്തിനു വഴി തെളിയിച്ചത്. തډൂലം പുതുപൊന്നാനിക്കാരുടെ സ്കൂള്‍ വിദ്യാഭ്യാസം രണ്ടുവര്‍ഷംകൂടെ അധികരിക്കുകയും ഹൈസ്കൂള്‍ പഠനത്തിനായി പൊന്നാനിയിലേക്ക് പോകാന്‍ എ യു പി എസ് വലിയ പ്രചോദനമായി മാറുകയും ചെയ്തു.

 

എംഐഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് 


മുസ്ലിം സ്ത്രീകളില്‍ വലിയൊരു വിഭാഗം അക്ഷരാഭ്യാസം ഇല്ലാത്തവരായതിനാല്‍ അക്കാലത്ത് വിദേശങ്ങളില്‍ നിന്ന് ചില കുടുംബാംഗങ്ങള്‍ക്ക് കത്തുകള്‍ വന്നാല്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന ഒരു ദയനീയാവസ്ഥ പൊന്നാനിയിലെ പിന്നോക്ക പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഈ അവസരത്തിലാണ് 1994ല്‍ എംഐ ഹൈസ്ക്കൂള്‍ ഗേള്‍സും ബോയ്സുമായി വിഭജനം നടക്കുന്നത്. തുടക്കത്തില്‍ ബോയ്സില്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മാറ്റിയിരുത്തി. ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് വിദ്യാലയത്തിന്‍റെ മുന്‍ഭാഗം മതില്‍കെട്ടി പഠനം തുടരുകയും ചെയ്തു. എന്‍വി വിജിതയാണ് പ്രഥമ വിദ്യാര്‍ത്ഥിനി.

ഭൗതിക സാഹചര്യങ്ങള്‍ അനുകൂലമായതോടെ 1996 97ല്‍ പുതുപൊന്നാനി നാഷണല്‍ ഹൈവേയുടെ ചാരത്ത് എംഐ അനാഥശാല അങ്കണത്തിലേക്ക് എംഐ ഗേള്‍സ് സ്കൂള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് 1998 ല്‍ ബോയ്സിലും, 2000ത്തില്‍ ഗേള്‍സിലും, പ്ലസ്ടു വിഭാഗങ്ങളും 2006ല്‍ ബി.എഡ്. കോളേജും ആരംഭിച്ചു. പ്ലസ്ടു ബോയ്സില്‍ പി.ടി. അബ്ദുറഹിമാനും അമതുള്ള തെസ്നീമും ഗേള്‍സ് പ്ലസ്ടുവില്‍ എച്ച്. അമ്പിളിയും ബിഎഡ്ഡില്‍ കെഎം സൈനുദ്ദീനും സി.വി. ഫസീലത്തുമാണ് പ്രഥമ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍. ഇതോടെ മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ സ്ത്രീവിദ്യാസരംഗത്ത് സമൂലപരിവര്‍ത്തനത്തിന് വഴിതെളിയിച്ചു.

സഭാ അങ്കണത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന അറബിക്കോളേജ് പുതുവിശ്വാസികളുടെ സൗകര്യാര്‍ത്ഥം  1989ല്‍ പുതുപൊന്നാനിയില്‍ എംസി ബാവ സാഹിബ് സഭക്ക് വേണ്ടി വഖഫ് ചെയ്ത സ്ഥലത്തേക്ക് മാറ്റി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റും എംഎം കുഞ്ഞാലന്‍ ഹാജി സെക്രട്ടറിയുമായ കമ്മിറ്റി  1990കളുടെ ആദ്യത്തില്‍ ഈ സ്ഥലത്തോടനുബന്ധിച്ച് കൂടുതല്‍ സ്ഥലം വിലക്കുവാങ്ങിച്ച് ചേര്‍ത്തു വിപുലീകരിച്ചിരുന്നു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റും എം.എം. കുഞ്ഞാലന്‍ ഹാജി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ഐ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍ സെക്രട്ടറി ഇന്‍ ചാര്‍ജും എവി ഹംസ ഖജാഞ്ചിയുമായ കമ്മിറ്റിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന കാലത്താണ് ഹൈസ്കൂള്‍ വിഭജനം, രണ്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍, കാഞ്ഞിരമുക്ക് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍, ബി.എഡ്. കോളേജ്, നഴ്സറി സ്ക്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നത്. 2015 മെയ് 13ന് ബി.എഡ്. കോളേജ് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റി.

എ. ഇബ്രാഹിം കുഞ്ഞ്, കെ.എം. നൂറുദ്ദീന്‍, അഡ്വ. എം. അബ്ദുറഹിമാന്‍, കെ.  അബൂബക്കര്‍, ഏ. വി. ഹംസ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങള്‍ മാനേജറായ കാലത്ത് അറബി കോളേജ് സെക്രട്ടറിയായ ഈ ലേഖകനും പി. സൈതുട്ടി മാസ്റ്ററും എ. എം. അബ്ദുസമദും കറസ്പോണ്ടന്‍റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. സഭ സെക്രട്ടറി ഹംസബിന്‍ ജമാല്‍, സി. മുഹമ്മദ് ശരീഫ്, സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍, സി.പി. ബാവഹാജി, സിഎഎംഎ കരീം തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹികക്കുന്നു.

സഭാ സെക്രട്ടറിയും സ്കൂള്‍ മേനേജറുമായ  ഉസ്താദ് ഹംസബിന്‍ ജമാല്‍ റംലി, ജോ. സെക്രട്ടറിയും സ്കൂള്‍ കണ്‍വീനറുമായ എ.എം. അബ്ദുസമദ് അടക്കമുള്ള കമ്മിറ്റിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. 06.03.2022 ഞായറാഴ്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍  പ്രസിഡന്‍റ് പദവി ഏറ്റെടുത്തു. തുടര്‍ന്ന് സഭയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തിയായി ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു.

പുതുപൊന്നാനിയിലെ എംഐ ദഅവ കോളേജ് വിപുലമായ സൗകര്യങ്ങളോടെ  കാഞ്ഞിരമുക്കിലെ സഭ വക സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതടക്കം ഉന്നത നിലവാരത്തിലുള്ള മറ്റു നവീന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി നടന്നുവരുന്നു.

സി.ഇബ്രാഹിംകുട്ടി, കെ.വി. അബ്ദുല്‍കാദര്‍ (കുഞ്ഞിബാവ), പി.സെയ്തുട്ടി, കെ. ഹംസ, പി.എ. അഹ്മദ്, പി.വി. ഉമ്മര്‍, യു.എം. ഇബ്രാഹിംകുട്ടി, പി.വി. സുബൈദ, ടി. പ്രസന്ന, സി.സി. മോഹനന്‍, എന്‍.വി. നമീറ ബീഗം, കെ.പി. യഹിയ, ടി.എം. മുഹമ്മദ് സൈനുദ്ദീന്‍, സി.വി. നൗഫല്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പ്രിന്‍സിപ്പാള്‍മാരായും പ്രധാനാദ്ധ്യാപകരായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ബോയ്സില്‍ പി.പി. ഷംസു, ഗേള്‍സില്‍ പി.എം ജര്‍ജ്ജീസുറഹ്മാന്‍ പ്രധാന അദ്ധ്യാപകരായും, ഹയര്‍സെക്കണ്ടറി വിഭാഗം ബോയ്സില്‍ നബീല്‍ തെക്കരകത്ത്, ഹയര്‍സെക്കണ്ടറി വിഭാഗം ഗേള്‍സില്‍ കെവി ആസിഫ്, ബി.എഡ്. കോളേജില്‍ അജിതകുമാരിയും പ്രിന്‍സിപ്പാള്‍മാരായും  സേവനമനുഷ്ഠിച്ചുവരുന്നു. സൂപ്രണ്ടായ എ മുഹമ്മദ് സലീമിന്‍റെയും ഡെപ്യൂട്ടി സൂപ്രണ്ടായ കെഎം ഇക്ബാലിന്‍റെയും നേതൃത്വത്തിലുള്ള സഭാ ഓഫീസ് നാനാ രംഗത്തും അവസരോചിതമായി പ്രവര്‍ത്തിച്ച് വരുന്നു. 


അനാഥശാലയില്‍ നിന്ന് എജുസിറ്റിയിലേക്ക്


ഗേള്‍സ് ഹൈസ്കൂള്‍ അങ്കണം ആദ്യകാലത്ത് പുതുപൊന്നാനി അനാഥശാല എന്നാണ് അറിയപ്പെട്ടിരുന്നത്. അനാഥന്‍ അഥവാ നാഥനില്ലാത്തവന്‍ എന്നാണ് യത്തീം എന്ന വാക്കിന്‍റെ അര്‍ത്ഥം. അതുപ്രകാരം സംരക്ഷണം നല്‍കാന്‍ ആരുമില്ലാത്തവര്‍ ഈ ഗണത്തില്‍പ്പെടും. എന്നാല്‍ പിതാവ് നഷ്ടപ്പെട്ടവരാണ് യഥാര്‍ത്ഥ യത്തീം. 1921-ലെ മലബാര്‍ പോരാട്ടത്തെ തുടര്‍ന്ന് മുസ്ലിം സമുദായത്തില്‍ സംഭവിച്ച കൊടിയ വിനാശങ്ങളെ തുടര്‍ന്ന് അനാഥരായവര്‍ നിരവധിയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഹതഭാഗ്യരെയാണ് അക്കാലത്ത് നരകതുല്യമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആന്തന്‍മാന്‍-നിക്കോബാര്‍ ദ്വീപുകളിലേക്കും ഓസ്ട്രേലിയയിലേക്കും നാടുകടത്തിയത്.

മുസ്ലിം സഹോദരിമാര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. തുടര്‍ച്ചയായുള്ള നരനായാട്ടും മര്‍ദ്ദനവും കാരണം പലരും വിധവകളുമായി. അനാഥരും അഗതികളുമായ മുസ്ലിം കുട്ടികളേയും സ്ത്രീകളേയും ഭരണകൂടത്തിന്‍റെ മൗനാനുവാദത്തോടെ ക്രിസ്തീയ മിഷണറിമാര്‍ ദത്തെടുത്ത് അവരുടെ അനാഥമന്ദിരങ്ങളിലും ചര്‍ച്ചുകളിലും കന്യാമഠങ്ങളിലും ക്രിസ്തീയാചാരമനുസരിച്ച് വളര്‍ത്തി. ഈ അവസ്ഥയ്ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ ദുരിത ബാധിതരായ മാപ്പിളമാരെ സഹായിക്കണമെന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മലബാര്‍ കലക്ടര്‍ തോമസിന് നിവേദനം നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. പ്രസ്തുത വിഷയം മദ്രാസ്സിലെ ഹിന്ദുപത്രം പ്രസിദ്ധീകരിച്ചു.

ഈ പൈശാചിക കൂട്ടക്കൊലകളുടേയും നിഷ്ഠൂര മര്‍ദ്ദനങ്ങളുടേയും തേങ്ങലുകള്‍ അവസാനിക്കുന്നതിനു മുമ്പ് അടിച്ചു വീശിയ അതിഭയങ്കര കൊടുംങ്കാറ്റും പ്രളയക്കെടുതിയും മലബാറിന്‍റെ നട്ടെല്ലൊടിച്ചു. ഈ ദുരന്തങ്ങളുടെ അലയൊലികള്‍ കേരളത്തില്‍ മാത്രം ഒതുങ്ങിയില്ല. ഇന്ത്യയിലാകമാനം പ്രതിധ്വനിച്ചു. മൗലാനാ സഫറലിഖാന്‍റെ സമീന്ദര്‍ പത്രം പ്രസിദ്ധീകരിച്ച തുടര്‍ പരമ്പരയുടെ അടിസ്ഥാനത്തില്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉദാരമതികളും സുമനസുക്കളുമായ മനുഷ്യ സ്നേഹികള്‍ അന്യപ്രേരണയില്ലാതെ  ദുരിതാശ്വാസ പ്രവര്‍ത്തന മേഖലകളില്‍ സമ്പത്തും മനുഷ്യ വിഭവ ശേഷിയും സ്വയം അര്‍പ്പിച്ച് മാതൃകയായി.

അക്കൂട്ടത്തില്‍ പഞ്ചാബ് സ്വദേശികളും പണ്ഡിതശ്രേഷ്ഠരും സമ്പന്നരുമായ രണ്ട് സഹോദരങ്ങളുമുണ്ടായിരുന്നു. മൗലാനാ മുഹയിദ്ദീന്‍ അഹമ്മദ് ഖസൂരിയും മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയും. ഇരുവരും തങ്ങളുടെ പിതാവായ മൗലാനാ മുഹമ്മദ് അഹ്മ്മദ് ഖസൂരിയുടെ നിര്‍ദ്ദേശാനുസരണം മലബാറിലെ ലഹള പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു താല്‍ക്കാലിക ദുരിതാശ്വാസ രൂപരേഖ തയ്യാറാക്കി പിതാവിന് സമര്‍പ്പിച്ചു. ദുരിതാശ്വാസ  പ്രവര്‍ത്തനകേന്ദ്രങ്ങള്‍ ആരംഭിച്ചു.

25000-ല്‍ പരം അഗതികള്‍ക്ക് സൗജന്യ അരിയും 1700-ല്‍ അധികം അബലകള്‍ക്ക് വസ്ത്ര വിതരണവും ചികിത്സാ സൗകര്യങ്ങളും ഒരുക്കി. തകര്‍ന്ന 285 വീടുകള്‍ പുനര്‍നിര്‍മ്മാണം ചെയ്തു. എഴുപത് കുട്ടികളെ ദത്തെടുത്തു. ഇതിന്‍റെ തുടര്‍ച്ചയായി സ്ഥിര സംവിധാനം ഒരുക്കുന്നതിന് ദഅ്വത്തെ തബ്ലീ ഉല്‍ ഇസ്ലാം എന്നൊരു സംഘടന രൂപീകരിച്ച് 1922-ല്‍ കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം ഓര്‍ഫനേജ് സ്ഥാപിച്ചു. ഓര്‍ഫനേജ് 1924-ല്‍ ആണ് സില്‍വര്‍ ഹില്ലിലുള്ള കെട്ടിട സമുച്ചയത്തിലെ ബില്‍ഡിങ്ങിലേക്ക് മാറ്റിയത്. 

 ഇതിനു മുമ്പ് കേരളത്തില്‍ വ്യവസ്ഥാപിതമായ രൂപത്തില്‍ അനാഥ സംരക്ഷണ മന്ദിരങ്ങള്‍ ഉണ്ടായിരുന്നില്ല. ഏതാനും ചില തറവാടുകളോടും പള്ളികളോടും ചേര്‍ന്ന് പ്രവര്‍ത്തനം നടന്നിരുന്നുവെങ്കിലും അതൊന്നും കൃത്യമായ രൂപരേഖ അനുസരിച്ചായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. പൊന്നാനി മഖദൂډാരുടെ കീഴില്‍ വലിയപള്ളിക്ക് സമീപം കൗഡിയാമാക്കാനകം തറവാടിന്‍റെ ഒരു ഭാഗത്ത് നടന്നിരുന്ന അഗതി സംരക്ഷണം ചരിത്ര ലിഖിതമാണ്.  

ജെ.ഡി.റ്റി.യുടെ സ്തുത്യര്‍ഹമായ സേവനം സമുദായം അനുഭവിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നുള്ള കെടുതികളും ഇതിനിടയില്‍ അതിശക്തമായ തോതില്‍ നടപ്പു ദീനവും (കോളറയും) ക്ഷാമവും പടര്‍ന്നുപിടിച്ചത്. പൊന്നാനിപ്പുഴയുടെ അക്കരെ മംഗലം ഗ്രാമത്തില്‍ മാത്രം കെടുതിയില്‍ അകപ്പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തോളം വരും. ഇന്ത്യയില്‍ മൊത്തം 43000ത്തോളം രോഗികള്‍ മരിച്ചെന്നാണ് പത്രഭാഷ്യം. ബംഗാളില്‍ ഒരുലക്ഷത്തില്‍പ്പരം ആളുകള്‍ യാതനകള്‍ക്കിരയായി. മഊനത്തുല്‍ ഇസ്ലാം സഭക്ക് സമീപം പുത്തംകുളം റോട്ടില്‍ ഒരു വീട്ടില്‍ നിന്ന് ഒറ്റ ദിവസം ആറുപേര്‍ മരിച്ചു.

മലബാറിനെയും ഈ ദുരന്തങ്ങളുടെ അലയടികള്‍ സാരമായി ബാധിച്ചു. ഇതിനെ തുടര്‍ന്ന് തിരൂരങ്ങാടിയിലും തിരൂരിലും യത്തീംഖാനകള്‍ നിലവില്‍ വന്നത്. ഈ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കി സഭയും ഈ വര്‍ഷംതന്നെ അനാഥശാല സ്ഥാപിച്ചു. സുല്‍ത്താന്‍ അബ്ദുറഹിമാന്‍ ആലി രാജ, ഹാജി അബ്ദു സത്താര്‍ ഈസ സേട്ട്, കെ.എം. സീതി സാഹിബ് തുടങ്ങിയവരുടെ അഭ്യര്‍ത്ഥന ഹേതുവായി അനാഥശാലക്ക് നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ആവശ്യമായ ഫണ്ട് ലഭിച്ചു. പുതുവിശ്വാസികളുടെ സന്താനങ്ങള്‍ക്കും ഇവിടെ പ്രവേശനം നല്‍കിയിരുന്നു.

പുതുവിശ്വാസികളുടെ സൗകര്യാര്‍ത്ഥം 1-6-1981ല്‍  പുതുപൊന്നാനിയിലെ വിശാലമായ എം.ഐ. കോമ്പൗണ്ടിലേക്ക് അനാഥശാല മാറ്റി സ്ഥാപിച്ചു. ഈ കോംബൗണ്ട് മികച്ച തീരിയില്‍ രൂപപ്പെടുത്തുന്നതില്‍ കെഎം കുഞ്ഞിമുഹമ്മദാജിയുടെ പങ്ക് ശ്ലാഘനീയമാണ്. സ്തുത്യര്‍ഹമായ രീതിയില്‍ നിടന്നിരുന്ന ഈ സ്ഥാപനത്തില്‍ നിന്ന് സംരക്ഷണം ലഭിച്ച് പഠിച്ചവര്‍ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ സേവനമനുഷ്ടിച്ചുവരുന്നു. ക്രമാനുഗതമായ അനാഥരുടെ അംഗസംഖ്യ കുറഞ്ഞതോടെ 2015 സെപ്റ്റംബര്‍ 13 ഓടെ അനാഥശാലയുടെ പ്രവര്‍ത്തനം നിലച്ചു. എന്നിട്ടും വര്‍ഷങ്ങളോളം ഇവിടം യത്തിംഖാന കോംബൗണ്ട് എന്നറിയപ്പെട്ടു. അടുത്ത സമയത്താണ് എംഐ എജുസിറ്റിയായി രൂപാന്തരപ്പെട്ടത്. ഇതിന്‍റെ കവാടം 2022 നവംബര്‍ 10ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


റഫറന്‍സ്


1. മലബാര്‍ മാനുവല്‍(മലബാറിന്‍റെ ചരിത്രം), വില്യം ലോഗന്‍, വിവ. ടി.വി. കൃഷ്ണന്‍, മാതൃഭൂമി ബുക്ക് 1985.

2. മുസ്ലിം വിദ്യാഭ്യാസം അലിഫ് മുതല്‍ ഐഎഎസ് വരെ, ടിവി അബ്ദുറഹിമാന്‍കുട്ടി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2013

3. പൊന്നാനി പൈതൃകവും നവോത്ഥാനവും, ടിവി അബ്ദുറഹിമാന്‍കുട്ടി, പൂങ്കാവനം ബുക്സ്, 2015

4. പൊന്നാനിയുടെ പുതിയ ദേശത്തിന്‍റെ കഥ, സാലിഹ് പുതുപൊന്നാനി, പാനൂസ, ചീഫ് എഡി. കെപി രാമനുണ്ണി, 2020

(അധികവായനക്ക് ടി.വി. അബ്ദുറഹിമാന്‍കുട്ടിയുടെ മഊനത്തുല്‍ ഇസ്ലാം സഭ ചരിത്രവും വസ്തുതകളും പുസ്തകം)