പുഴ മുതല്‍ പുഴ വരെ

പൊന്നാനി

9.പുഴ മുതല്‍ പുഴ വരെ


ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
9495095336



ഒരു കാലത്ത് പൊന്നാനിയുടെ സമ്പല്‍സമൃതിയില്‍ ആകൃഷ്ടരായ ഭരണാധികാരികളും വൈദേശികരും ഈ നാട് കയ്യടക്കാന്‍ യുദ്ധങ്ങള്‍ വരെ ചെയ്തു. മലപ്പുറം ജില്ല രൂപികൃതമായതിനുശേഷം പല ഉള്‍നാടന്‍ പ്രദേശങ്ങള്‍ പോലും പുരോഗതിയിലേക്ക് കുതിച്ചു മുന്നേറിയപ്പോള്‍ ആനുപാതികക്രമമനുസരിച്ച് ഈ ദേശത്തിന് അതുണ്ടായില്ലെന്ന് മാത്രമല്ല പലതും നഷ്ടപ്പെടുകയാണ് ചെയ്തത്. അടുത്തകാലത്ത് പല വികസന മുന്നേറ്റങ്ങള്‍ക്കും ആരംഭം കുറിച്ചതിനാല്‍ ഭാവിയില്‍ അതിവിപുലമായ പുരോഗതി ഈ നാട് കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.

 പ്രാചീനകാലം മുതല്‍ അറബികളും മലയാളക്കരയും തമ്മില്‍ വ്യാപര ബന്ധം സുദൃഢമായിരുന്നു. തന്മൂലം അറേബ്യന്‍ സംസ്കാരവും വിശ്വാസവും ഭാഷയും കേരളത്തെ സ്വാധീനിച്ചു. ഇസ്ലാം ഇവിടെ വരുന്നതിനു മുമ്പ് മാപ്പിള എന്നൊരു വിഭാഗം മലബാറില്‍ വസിച്ചിരുന്നുവെന്നും അവര്‍ അറബി ബന്ധമുളളവരായിരുന്നുവെന്നും ചരിത്രം പറയുന്നു.

ഇസ്ലാമിക ചരിത്രത്തില്‍ ക്രി.വ. 628 ല്‍ നടന്ന ഹുദൈബിയ സന്ധിയെ തുടര്‍ന്ന് പ്രവാചകന്‍റെ നിര്‍ദ്ദേശപ്രകാരം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രബോധന സംഘങ്ങള്‍ പുറപ്പെട്ടു. ഈ അവസരത്തില്‍ ശൈഖ് സഹീറുദ്ദീന്‍റെ നേതൃത്വത്തില്‍ ഒരു ചെറിയ സംഘം  മലബാറിലേക്കും പുറപ്പെട്ടു. സംഘം  കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ വിവരം  അറിഞ്ഞ അവസാനത്തെ പെരുമാള്‍ സംഘത്തെ തന്‍റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് അവരോടൊപ്പം മക്കയിലേക്ക് യാത്രയാവുകയും ചെയ്തു.  രാജാവ് മടക്കയാത്രയില്‍ ഷഹര്‍മുക്കല്ലയില്‍വെച്ച് ഇഹലോകവാസം വെടിയുന്നതിനുമുമ്പ് അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മാലിക് ബിനു ദീനാറിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കേരളത്തിലേക്ക് വന്ന് പള്ളികള്‍ സ്ഥാപിച്ച്  പ്രബോധനത്തിന് ആരംഭം കുറിച്ചു. തന്മൂലം  അറേബ്യയില്‍ ഇസ്ലാം മതം പ്രാബല്യത്തില്‍ വന്ന സമയത്ത് തന്നെ താമസിയാതെ കേരളത്തിലും വേരോടിയിരുന്നു.

മതപ്രചാരണം ഇവിടെ ആരംഭിച്ചത് പൂര്‍ണ്ണ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിലാണ്. അക്കാലത്തെ അമുസ്ലിം ഭരണകര്‍ത്താക്കളും തദ്ദേശീയരും നല്‍കിയ പ്രോത്സാഹനവും ആദരവും അംഗീകാരവും മാലിക്ക് ഇബ്നു ദിനാര്‍ തൊട്ട് കേരളത്തിലെത്തിയ എല്ലാ ഇസ്ലാം മത പ്രബോധകര്‍ക്കും ലഭിച്ചു. പ്രത്യേകിച്ച് സാമൂതിരി ഭരണകൂടത്തിന്‍റെ നിര്‍ലോഭ സഹകരണം ചരിത്രം പ്രത്യേകം രേഖപ്പെടുത്തുന്നു. തുടര്‍ന്ന് തദ്ദേശിയരില്‍ പലരും നവമുസ്ലിംകളായി. അറബി ബന്ധമുളള മുസ്ലിംകളും നവമുസ്ലിംങ്ങളും ഉല്‍പ്പെട്ട വിഭാഗം മാപ്പിളമാര്‍ എന്നും പിന്നീട് വിശ്വസിച്ചവരെ പുതു ഇസ്ലാമീങ്ങളെന്നും മലബാറില്‍ അറിയപ്പെട്ടു.

അക്കാലത്ത് കേരളത്തില്‍ ഇസ്ലാമിക പ്രചരണാരംഭം കുറിച്ച ആദ്യ പളളികളില്‍ ഒന്ന് പൊന്നാനിയിലായിരുന്നു മാലിക്ബ്നു ദീനാറിന്‍റെ സംഘത്തിലെ  ആദ്യഖാസികളില്‍പ്പെട്ട അബ്ദുല്‍മജീദ്ഇബ്നുമാലിക്ക് പൊന്നാനിയുടെയും  പുതുപൊന്നാനിയുടെയും ഖാസി. ആ പളളി കടല്‍ത്തീരത്തായിരുന്നുവെത്രെ. ഇപ്പോഴതില്ല.

അലിയാര്‍ പളളി പുതുപൊന്നാനി മഹ്ളറ പളളി തീപ്പെട്ടി കമ്പനി നിസ്കാരപള്ളി തുടങ്ങിയവ അഞ്ച് പതിറ്റാണ്ടിനിടയില്‍ കടലാക്രമണത്തില്‍ തകര്‍ന്നതുപോലെ ആദ്യ പളളിയും തകര്‍ന്നതാകം.

വടക്ക് ഭാരതപ്പുഴയും തെക്ക് പൂക്കൈതപ്പുഴയും കിഴക്ക് കനോലികനാലും പടിഞ്ഞാറ് അറബികടലും അതിരിട്ട ഏതാണ്ട് ആറിലധികം കിലോമീറ്റര്‍ നീളവും അര കിലോമീറ്ററിലധികം വീതിയുമുളള ഒരു കൊച്ചുദ്വീപാണ് പൊന്നാനി നഗരവും സൗത്തും ഉള്‍പ്പെട്ട പ്രദേശം. 18 ജുമാമസ്ജിദുകള്‍ അടക്കം വഖഫ് ചെയ്ത പളളികള്‍49.

പുഴ മുതല്‍ ആശുപത്രി വരെയും കനാല്‍ മുതല്‍ കടപ്പുറം വരെയും ഏകദേശം അരകിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുളള പൊന്നാനി നഗരം പൂര്‍ണ്ണമായും മുസ്ലിം പ്രദേശമാണ്. കേരളത്തിലെ മുസ്ലിം സംസ്കാരത്തിന്‍റെ തായ്വേര് ആണ്ട് കിടക്കുന്നത് ഇവിടെനയാണ് എഴുതിയാല്‍ തീരാത്ത തരംതിരിവുകള്‍ പ്രയാസമായ മുസ്ലിം സംസ്കൃതിയുടെ നിരവധി ഉപവേരുകള്‍ ഇവിടെനിന്ന് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പളളികളുടെ സംഗമഭൂമിയായ ഇവിടെ 8 ജുമുഅത്ത് പളളികള്‍ അടക്കം 27 പളളികളുണ്ട്. ഇത്രയും കുറഞ്ഞ സ്ഥലത്ത് ഇത്ര കൂടുതല്‍ മുസ്ലിം പളളികള്‍ മറ്റെവിടെയും ഇല്ലെന്നാണ് അറിവ്. നഗര സഭയിലിപ്പോള്‍ 42 ജുമാ മസ്ജിദുകള്‍ അടക്കം 87 പള്ളികളുണ്ട്.