പൊന്നാനി കളരി







21. പൊന്നാനി കളരി

ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
mob : 9495095336
1. വള്ളത്തോള്‍ നാരായണമേനോന്‍

അറബി ഭാഷയും അറബി-മലയാളവും അനുയോജ്യമായ സംസ്കാരവും പൊന്നാനി അങ്ങാടിയില്‍ തഴച്ചുവളര്‍ന്നപ്പോള്‍ വൈവിദ്ധ്യമാര്‍ന്ന ഈ സംസ്കാരത്തിനിടയില്‍ മലയാളത്തനിമയില്‍ തിളങ്ങിയ മഹാപ്രതിഭകളുടെ കൂട്ടായ്മ ഇവിടെ ജീവിച്ചു മരിച്ചുപ്പോയിട്ടുണ്ട്. ഇത് പൊന്നാനിക്കളരി എന്ന പേരില്‍ ഖ്യാതിനേടി. വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, എം.ആര്‍.ബി., ഇ. നാരായണന്‍, ഇ.പി. സുമിത്രന്‍, പ്രേംജി, എന്‍.പി. ദാമോധരന്‍ തുടങ്ങിയ പ്രമുഖര്‍ ഈ കളരിയിലെ നിറസാന്നിദ്ധ്യമായിരുന്നു. ഇവരെ പുനര്‍വായിച്ച് സ്വജീവിതത്തില്‍ സ്വാംശീകരിക്കുമ്പോള്‍ മാത്രമെ പാരമ്പര്യതിരസ്കരണത്തില്‍ മുഴുകിക്കൊണ്ടിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് സംശുദ്ധമായൊരു സാംസ്കാരിക പാന്ഥാവിലൂടെ സഞ്ചരിക്കാന്‍ കഴിയു. കാലചക്രത്തിലൂടെ ഒരു നൂറ്റാണ്ട് പിന്നോട്ട് കറങ്ങിമണ്‍മറഞ്ഞ ഏതാനും നായകരുടെ ജീവിതരേഖയിലൂടെ ഒരു മിന്നലോട്ടം നടത്താം.

കുമാരനാശാനും, ഉള്ളൂരിനും പുറമെ ആധുനിക കവിത്രയത്തില്‍പ്പെട്ട ഇദ്ദേഹം പൊന്നാനിപ്പുഴയ്ക്കക്കരെ മംഗലം ദേശത്ത് വള്ളത്തോള്‍ തറവാട്ടില്‍ 1878 ഒക്ടോബര്‍ 16-ന് ജനിച്ചു. കവി, കഥകളിയുടെ പുനരുദ്ധാരകന്‍, ദേശസ്നേഹി എന്നീ നിലകളില്‍ വള്ളത്തോള്‍ ശ്രദ്ധേയനാണ്. സംസ്കൃതവും വൈദ്യവും ബാല്യത്തില്‍തന്നെ പഠിച്ചു. 1894-ല്‍ ഭാഷാപോഷിണി സഭ സംഘടിപ്പിച്ച മത്സരത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതോടെ കവി എന്ന നിലയില്‍ പ്രസിദ്ധനായി. കേരളോദയം, ആത്മപോഷിണി തുടങ്ങിയവകളില്‍ പത്രാധിപരായി സേവനം അനുഷ്ടിച്ചു.

വാത്മീകി രാമായണം, ഋഗ്വേദം വിവര്‍ത്തനങ്ങള്‍, ബധിരവിലാപം, ഗണപതി, ശിഷ്യനും മകനും, അച്ഛനും മകളും, മഗ്ദലനമറിയം, കൊച്ചുസീത, ബന്ധനസ്ഥനായ അനിരുദ്ധന്‍, സാഹിത്യമഞ്ജരി, ചിത്രയോഗം (മഹാകാവ്യം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ആസ്ഥാനകവിയായ വള്ളത്തോളിനെ കൊച്ചി മഹാരാജാവ്, കവിതിലകപട്ടവും കവിസാര്‍വഭൗമ ബിരുദവും, തിരുവിതാംകൂര്‍ മഹാരാജാവ് വീരശൃംഖലയും, ഭാരതസര്‍ക്കാര്‍ 1955-ല്‍ പദ്മഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ചു. കേരളസാഹിത്യ പരിഷത്തിന്‍റെ  അദ്ധ്യക്ഷന്‍, കേരളസാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷന്‍, കേന്ദ്രസാഹിത്യഅക്കാദമി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. 1958 മാര്‍ച്ച് 13-ന് അന്തരിച്ചു.

2. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 

ശക്തിയുടെ കവിയെന്നാണ് ഇടശ്ശേരിയെ വിശേഷിപ്പിക്കാറ്. കവി, നാടകകൃത്ത്, സാമൂഹികപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ ഇദ്ദേഹം 1906 ഡിസംബര്‍ 23-ന് കുറ്റിപ്പുറത്ത് ജനിച്ചു. ആലപ്പുഴയിലും, കോഴിക്കോടും, പൊന്നാനിയിലും വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമിയിലും കേരള സംഗീതനാടക അക്കാദമിയിലും അംഗമായിരുന്നു. സാമൂഹിക-രാഷ്ട്രിയരംഗങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്ന ഇദ്ദേഹത്തിന്‍റെ കൃതികളില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തെളിഞ്ഞുകാണാം. 

അളകാവലി, കറുത്തചെട്ടിച്ചികള്‍, കാവിലെപാട്ട്, ഒരുപിടിനെല്ലിക്ക, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, പുത്തന്‍ കലവും അരിവാളും എന്നിവയാണ് കവിതാസമാഹരങ്ങള്‍. കുട്ടുകൃഷിയാണ് ഇടശ്ശേരിയുടെ ഏറ്റവും പ്രസിദ്ധമായ നാടകം. നൂലാമാല, എണ്ണിച്ചുട്ട അപ്പം, കളിയും ചിരിയും, തൊടിയില്‍ പടരാത്ത മുല്ല എന്നിവയാണ് മറ്റു നാടകങ്ങള്‍. കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1974 ഒക്ടോബര്‍ 14-ന് അന്തരിച്ചു. 

3. നാലപ്പാട്ട് നാരായണമേനോന്‍

മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇദ്ദേഹം പൊന്നാനിക്കു സമീപം വന്നേരിയില്‍ 1887 ഒക്ടോബര്‍ 7-ന് ജനിച്ചു.  നാലപ്പാട്, തൃശ്ശൂര്‍, കോഴിക്കോടുനിന്ന് വിദ്യാഭ്യാസം നേടി. മലയാളഭാഷയില്‍ കാല്‍പ്പനിക ഭാവഗീത പ്രസ്ഥാനത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖന്‍. സ്വന്തം പത്നിയുടെ മരണത്തില്‍  ദുഃഖിച്ച് ഇദ്ദേഹം എഴുതിയ څകണ്ണുനീര്‍ത്തുള്ളിچ എന്ന വിലാപകാവ്യം ഈ കാവ്യപ്രസ്ഥാനത്തിലെ മികച്ച കൃതിയാണ്. ഇംഗ്ലീഷിലും, വേദാന്തത്തിലും നേടിയ പരിജ്ഞാനം നാലപ്പാടിന്‍റെ കൃതികളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. രതിസാമ്രാജ്യമാണ് പ്രസിദ്ധ കൃതി. 1954 ഒക്ടോബര്‍ 24-ന് അന്തരിച്ചു. 

4. വി.ടി. ഭട്ടത്തിരിപ്പാട്

1896 മാര്‍ച്ച് 24 (1071 മീനം 13) ചൊവ്വാഴ്ച്ച മേഴത്തൂരിലെ അഗ്നിഹോത്രിയുടെ പരമ്പരയില്‍പ്പെട്ട വെള്ളിത്തിരുത്തിത്താഴത്ത് മനയ്ക്കല്‍ ജനിച്ചു. കുട്ടിക്കാലത്ത് വേദം പഠിച്ച് ശാന്തിക്കാരനായി. ദേശീയപ്രസ്ഥാനത്തില്‍ പങ്കെടുത്ത് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. നമ്പൂതിരി സമുദായത്തെ മറക്കുടയ്ക്കുള്ളില്‍നിന്ന് ജീവിതത്തിന്‍റെ അരങ്ങത്തെത്തിക്കാന്‍ സ്വജീവിതം കൊണ്ടുതന്നെ നാടകമാടി. അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് എന്ന പ്രസിദ്ധ നാടകം അതിന്‍റെ മികച്ച തെളിവാണ്. രജനീരംഗം, സത്യം എന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവട്ടം, കണ്ണീരും കിനാവും, കര്‍മ്മവിപാകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1982 ല്‍ മരണം.

5. ബാലാമണിയമ്മ

അവിഭക്ത പൊന്നാനി താലൂക്കില്‍ പുന്നയൂര്‍ക്കുളത്ത് 1909 ജൂലായ് 19-ന് നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. ടാഗോര്‍ കൃതികളില്‍നിന്ന് ലഭിച്ച പ്രചോദനത്താല്‍ കവിതകള്‍ എഴുതി രചനകള്‍ക്ക് ആരംഭം കുറിച്ചു. 1964ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1995ല്‍ സരസ്വതി സമ്മാനവും, 1996ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു. അമ്മ, കുടുംബിനി, ധര്‍മ്മ മാര്‍ഗ്ഗത്തില്‍, സ്ത്രീഹൃദയം, പ്രഭാങ്കുരം തുടങ്ങിയ പല കൃതികളുടെയും കവിയത്രിയാണ്. 2004 സെപ്തംബര്‍ 29ന് അന്തരിച്ചു.
 
6. എം.ടി. വാസുദേവന്‍നായര്‍

അവിഭക്ത പൊന്നാനി താലൂക്കില്‍ നിളാതീരത്തെ കൂടല്ലൂരില്‍ ജനനം. മലയാളത്തിന്‍റെ സുകൃതം എം.ടി. വാസുദേവന്‍നായര്‍ അറിയപ്പെടുന്നത് നിളയുടെ കഥാകാരനായിട്ടാണ്.
 
ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യത്തിലൂടെ തന്നെ അദ്ദേഹം സിനിമാലോകത്ത് ശ്രദ്ധേയനായി. അദ്ധ്യാപകന്‍, പത്രാധിപര്‍, മികച്ച എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. കൂടല്ലൂരിലിരുന്ന് നാലുക്കെട്ട്, അസുരവിത്ത്, ഇരുട്ടിന്‍റെ ആത്മാവ്, നഗരമേ നന്ദി തുടങ്ങിയ പല നോവലുകളിലൂടെ കഥകള്‍ പറഞ്ഞുയര്‍ന്ന് ജ്ഞാനപീഠം തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങളും നേടി പ്രശസ്തനായ അദ്ദേഹം നിളയുടെ ഇന്നത്തെ ദുരവസ്ഥയില്‍ അതീവ ദുഃഖിതനാണ്. കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സാഹിത്യരംഗത്തുള്ള അതുല്ല്യ പ്രതിഭകള്‍ക്ക് നല്‍കിവരുന്ന 2015-ലെ ലിംഗയുടെ  പീപ്പിള്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്കാരവും ലഭിച്ചു.

കുമരനെല്ലൂര്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥിയായ എം.ടി. തനിച്ച് അന്യനാട്ടിലേക്ക് ആദ്യ യാത്ര നടത്തുന്നത് തന്‍റെ താലൂക്കാസ്ഥാനമായിരുന്ന പൊന്നാനിയിലേക്കാണ്, അതും തന്നെ ഒരു അദ്ധ്യാപകന് യാത്രാമംഗളം നേര്‍ന്നുക്കൊണ്ട് താനെഴുതിയ മംഗളപത്രം ഫ്രെയിം ചെയ്യുന്നതിനുവേണ്ടി. ഇവിടത്തെ ഗവ.താലൂക്ക് ആശുപത്രിയില്‍നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനു വേണ്ടിയാണ് രണ്ടാമത്തെ യാത്ര. ആദ്യമായി ഇവിടെ എം.ടി. രാപാര്‍ത്തതു ഇടശ്ശേരിയുടെ വീട്ടിലുമാണ്. മുസ്ലിം-ഹൈന്ദവ മതമൈത്രി സമുന്വയിച്ച പൊന്നാനിയുടെ മതേതരത്വ സംസ്കാരമാണ് എന്‍റേതെന്ന് ഈയിടെ അദ്ദേഹം പറഞ്ഞിരുന്നു.
7. പി. സി. കുട്ടികൃഷ്ണന്‍ (ഉറൂബ്) 

ഉറൂബ് എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹം 1915  ജൂണ്‍ എട്ടിന് പൊന്നാനി പള്ളപ്രത്ത് കെ.വി. കരുണാകരമേനോന്‍റേയം പരുത്തുള്ളി ചാലപ്പുറത്ത് പാറുക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. നോവല്‍, ചെറുകഥ, കവിത, ബാലസാഹിത്യം എന്നീ മേഖലകളിലെല്ലാം ഉറൂബിന്‍റെ രചനകളുണ്ട്. 

പൊന്നാനിയുടെ ഇടവഴികളും ഊടുവഴികളും കാവും വയലും അങ്ങാടിയും ഭാരതപ്പുഴയുടെ ഓളവും തീരവും മാപ്പിള സ്ത്രീകളുടെ ജീവിതരീതിയും മനസ്സില്‍ രൂപപ്പെടുത്തി എഴുതിയ കൃതികള്‍ വിശ്വരചനകളായെങ്കിലും ഉറൂബിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. ചെറുപ്പത്തില്‍ ഒരാനക്കാരനായി ജനശ്രദ്ധപ്പിടിച്ചുപറ്റണമെന്ന് ആഗ്രഹിച്ച കുട്ടിയാണ് ഉറൂബെന്ന പേരില്‍ സാഹിത്യ ലോകത്ത് പില്‍ക്കാലത്ത് പ്രശസ്തനായത്. 

വി.ടി. ഭട്ടതിരിപ്പാടും, നാലപ്പാടനും, എം.ആര്‍. ബിയും, ഇടശ്ശേരിയും, ഉറൂബും, ഗോവിന്ദനും, കടവനാട് കുട്ടികൃഷ്ണനും, ഇ.നാരായണനും ഉള്‍പ്പെടെയുള്ള പ്രബലര്‍ തിങ്ങിനിറഞ്ഞ മാനവികതയുടെ ഉദാത്തമായ ദര്‍ശനം ഉയര്‍ത്തിപ്പിടിച്ച് തഴച്ചുവളര്‍ന്നതായിരുന്നു പൊന്നാനി സാഹിത്യക്കളരി. 

അക്കാലത്ത് പൊന്നാനിയിലും പരിസരത്തും വായനശാലകള്‍ സമ്പന്നമായിരുന്നു. കൃഷ്ണപ്പണിക്കര്‍ വായനശാലയും, നഗരത്തിലെ എസ്.ഡി. എയും ഒരുപറ്റം വായാനാതല്‍പ്പരരായ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായിരുന്നു. അന്നൊക്കെ സാഹിത്യപ്രതിഭകള്‍ക്ക് ഒത്തുകൂടാന്‍ കാറ്റഗറിയനുസരിച്ചുള്ള വേദികളും ആഴ്ചക്കൂട്ടായ്മകളും ഉണ്ടായിരുന്നു. 
അദ്ധ്യാപകനായും, പ്രസ്സ് ഉദ്യോഗസ്ഥനായും, കമ്പൗണ്ടറായും, ക്ലര്‍ക്കായും വിവിധ തുറകളിലായി ഏതാണ്ട് മുപ്പത്തിരണ്ടോളം മേഖലകളില്‍ ജോലികള്‍ ചെയ്തു. മംഗളോദയം പത്രാധിപസമിതിയിലും, ആകാശവാണിയിലും, കുങ്കുമം, മലയാള മനോരമ എന്നീ വാരികകളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. തന്‍റെ കൂട്ടുകാരനായ സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററെ കുറിച്ച് ഒരു ലേഖനം എഴുതുന്ന അവസരത്തിലാണ് ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്‍റായിരുന്നു. കേരള-കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടി. ഉമ്മാച്ചുവാണ് ഏറ്റവും പ്രസിദ്ധമായ രചന. സുന്ദരികളും സുന്ദരډാരും, ആമിന, മിണ്ടാപ്പെണ്ണ് തുടങ്ങി 25-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഉമ്മാച്ചു, അണിയറ, നായരുപിടിച്ച പുലിവാല് എന്നിവ ചലച്ചിത്രങ്ങളായി. 1979ല്‍ അന്തരിച്ചു.


8. കെ. എം. കുട്ടികൃഷ്ണമാരാര്‍ 

പ്രമുഖ നിരൂപകനും, വൈയാകരണനും, പണ്ഡിതനുമായ കുട്ടികൃഷ്ണമാരാര്‍ 1900 ല്‍ അവിഭക്ത പൊന്നാനി താലൂക്കില്‍ തിരൂര്‍ തൃപ്രങ്ങോട്ട് ജനിച്ചു. 1940കളില്‍ പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്നു. സംസ്കൃത സാഹിത്യസിദ്ധാന്തങ്ങളെ മുന്‍ നിര്‍ത്തിയാണ് മാരാര്‍ തന്‍റെ നിരൂപണരീതി കരുപ്പിടിപ്പിച്ചത്. നിഷ്പക്ഷനിരൂപണം എന്നൊന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന വാദം. വള്ളത്തോളിന്‍റെ സെക്രട്ടറി, കലാമണ്ഡലത്തിലെ സാഹിത്യ അദ്ധ്യാപകന്‍, മാതൃഭൂമി പ്രൂഫ്റീഡര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പതിനഞ്ച് വര്‍ഷത്തോളം വള്ളത്തോളിന്‍റെ സന്തതസഹചാരിയായിരുന്നു. കല ജീവിതം തന്നെچ എന്ന ഗ്രന്ഥത്തിന് കേന്ദ്രസാഹിത്യഅക്കാദമിയുടെയും കേരള  സാഹിത്യഅക്കാദമിയുടെയും അവാര്‍ഡ് ലഭിച്ചു. ഭാരത പര്യടനം, രാജാങ്കണം, സാഹിത്യ സല്ലാപം, സാഹിത്യ വിദ്യ, മലയാളശൈലി, വൃത്തശില്‍പം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 1973ല്‍ മരണം.  

9. എം. ആര്‍. ബി.
 
നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ രാമന്‍ ഭട്ടതിരിപ്പാട് പൊന്നാനിക്കടുത്ത് വന്നേരിയില്‍ 1908ല്‍ ജനിച്ചു. നമ്പൂതിരി സമുദായത്തില്‍ വിധവാവിവാഹം നടത്തുന്നതിന് മുന്നിട്ടിറങ്ങി. څമറക്കുടയ്ക്കുള്ളിലെ മഹാനരകംچ എന്നപേരില്‍ എം. ആര്‍. ബി എഴുതിയ നാടകം സ്വന്തം സമുദായത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകള്‍ തുറന്നു കാട്ടുന്നതായിരുന്നു. എന്‍റെ ഓമന, മഴവില്ല്, വാല്‍ക്കണ്ണാടി, മുഖച്ഛായ എന്നിവയാണ് മറ്റു കൃതികള്‍. കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രമായ കേളിയുടെ എഡിറ്ററായിരുന്നു. 2001ല്‍ മരണം. 




10. എം.ഗോവിന്ദന്‍

കവിയും കഥാകൃത്തും വിമര്‍ശകനുമായി അറിയപ്പെട്ട എം.ഗോവിന്ദന്‍ 1919 സെപ്റ്റംബറില്‍ പൊന്നാനി തൃക്കണാപുരത്തെ കൂരടയില്‍ ജനിച്ചു. പിതാവ് തൃക്കണാപുരം കോതയത്ത് മനയില്‍ ചിത്രന്‍ നമ്പൂതിരിപ്പാട്. മാതാവ് മഞ്ചേശ്വരത്ത് താഴത്തേയില്‍ ദേവകിയമ്മ. പൊന്നാനി എ.വി. ഹൈസ്ക്കൂളില്‍ നടന്ന് പോയിട്ടാണ് സ്ക്കൂള്‍ പഠനം നടത്തിയത്. എട്ടാം ക്ലാസ്സുവരെയാണ് വിദ്യാഭ്യാസം. തുടര്‍ന്ന് മദ്രാസ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലിചെയ്തു. പീന്നിട് ജോലി രാജിവെച്ച് കേരളത്തിലെത്തിയെങ്കിലും മദ്രാസിലേക്ക് തന്നെ തിരിച്ചു. മലയാളകവിതയെ ആധുനികവല്‍ക്കരിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രധാനമാണ്. ഗ്രാമീണ പാരമ്പര്യത്തിന്‍റെ ശക്തിയും സൗന്ദര്യവും ഗോവിന്ദന്‍റെ  കവിതകളില്‍ കാണാം. കവിത, നാട്ടുവെളിച്ചം, ഒരു പൊന്നാനിക്കാരന്‍റെ മനോരാജ്യം, നോക്കുകുത്തി തുടങ്ങിയവയാണ്  പ്രധാന കവിതാസമാഹാരങ്ങള്‍. റാണിയുടെ പട്ടി, മണിയോര്‍ഡറും മറ്റു കഥകളും എന്നിവ കഥാ സമാഹാരങ്ങളും സര്‍പ്പം ചെറുനോവലുമാണ്. സമീക്ഷ എന്നൊരു മാസിക നടത്തിയിരുന്നു. പൊന്നാനിയുടെ മുസ്ലിം സംസ്കാര പൈതൃകത്തിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് അദ്ദേഹം.1989ല്‍ മരണം.
11. കടവനാട് കുട്ടികൃഷ്ണന്‍

'മലര്‍മെയ്കളാടിയുലഞ്ഞിടട്ടെ, കണ്‍കള്‍
മസൃണപരാഗങ്ങള്‍ തൂകിടട്ടെ 
സ്മിതമകരന്ദം വഴിഞ്ഞിടട്ടെ, വര്‍ണ്ണ-
ദ്യുതിവിശേഷങ്ങള്‍ പൊഴിഞ്ഞിടട്ടെ!'

എന്നു പാടിയ കുട്ടികൃഷ്ണന്‍ പകലന്തിയോളം അദ്ധ്വാനിച്ച് അഷ്ടിക്കുപ്പോലും തികയാത്ത കയര്‍ത്തൊഴിലാളികളുടെ വിയര്‍പ്പിന്‍റെ നറുമണം വീശിയ ഇടത്തോടുകളാലും, ചകിരിക്കുഴികളാലും, മുട്ടിപ്പാലങ്ങളാലും സമൃദ്ധമായ പ്രകൃതിയെ കൂടുതല്‍ മനോഹരിയാക്കുന്ന പൂക്കൈതക്കടവത്തെ മണവാട്ടിയായ കടവനാട് ദേശത്ത് ജനിച്ചുവളര്‍ന്ന ശ്രദ്ധേയനായ കവിയാണ്. പലതവണ പൊന്നാനിക്കളരി ഇവിടെ സംഗമിച്ചിട്ടുണ്ട്.
1925ല്‍ എറാട്ടറക്കല്‍ തറവാട്ടില്‍ ജനനം. കുട്ടാവു ആശാന്‍റെ എഴുത്തുപ്പള്ളിക്കൂടം, പുതുപൊന്നാനി ജി.എല്‍.പി. സ്ക്കൂള്‍, ബി.ഇ.എം. യു.പി. സ്ക്കൂള്‍, എ.വി. ഹൈസ്ക്കൂള്‍ തുടങ്ങിയവയില്‍ നിന്ന് വിദ്യാഭ്യാസം നേടി. ഹിന്ദ്, പൗരശക്തി, ജനവാണി, മാതൃഭൂമി, മനോരമ, ബാലരമ, ഭാഷാപോഷിണി എന്നിവയില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും, 1985ല്‍ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കളിമുറ്റം, സുപ്രഭാതം, നാദനൈവേദ്യം, വയനാട്ടിന്‍റെ ഓമന, ശാസ്ത്രത്തെ മനസ്സിലാക്കുക തുടങ്ങി പല കൃതികളും രചിച്ചു. 1992 ആഗസ്റ്റ് 19ന് നിര്യാതനായി. 

12. അക്കിത്തം

അവിഭക്ത പൊന്നാനി താലൂക്കില്‍ കുമരനെല്ലൂരില്‍ 1926 മാര്‍ച്ച് 18ന് ജനിച്ചു. 15-ാം വയസ്സില്‍ തേര്‍ഡ് ഫോമി(എട്ടാം ക്ലാസ്സ്) ല്‍ ചേര്‍ന്നാണ് സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആരംഭംകുറിച്ചത്. സംസ്കൃതം, ജ്യോതിഷം, ഋഗ്വേദം ആരംഭത്തില്‍ അഭ്യസിച്ചു. ഉണ്ണിനമ്പൂതിരി മാസികയുടെ പബ്ലിഷറും, മംഗളോദയം, യോഗക്ഷേമം മാസികകളുടെ പത്രാധിപരുമായിരുന്നു. ബലിദര്‍ശനത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, മാനസപൂജ, മനോരഥം, ബലി ദര്‍ശനം, സമുന്വയത്തിന്‍റെ ആകാശം, തുടങ്ങി പല കൃതികളും രചിച്ച് ജനമനസ്സുകളെ സാഹോദര്യത്താല്‍  കൂട്ടിയിണക്കിയ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസ കര്‍ത്താവ് മഹാകവി അക്കിത്തം പൊന്നാനി കേന്ദ്ര കലാസമിതി, ഇടശ്ശേരി സ്മാരകസമിതി, വള്ളത്തോള്‍ വിദ്യാപീഠം തുടങ്ങിയവയുടെ അദ്ധ്യക്ഷനായും, കേരളസാഹിത്യ അക്കാദമി, സംസ്കാര്‍ ഭാരതി ആഗ്ര, ചങ്ങമ്പുഴ പുരസ്കാരസമിതി തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓടക്കുഴല്‍, വള്ളത്തോള്‍ തുടങ്ങി കേന്ദ്രത്തിന്‍റെയും, സംസ്ഥാനത്തിന്‍റെയും പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 

13. സി. രാധാകൃഷ്ണന്‍

പഴയ പൊന്നാനിതാലൂക്കില്‍ തിരൂര്‍ 1939 ഫെബ്രുവരി 15ന് ചമ്രവട്ടത്ത് ജനനം. ബാല്യത്തില്‍ വിദ്യ നുകരാന്‍ മറുകര പൊന്നാനിയിലെ ഏ. വി. ഹൈസ്ക്കൂളില്‍ പോയി പുഴ കടന്ന് മടങ്ങുമ്പോള്‍ അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ തട്ടി സുവര്‍ണ്ണ നദിയായി മാറിയ ഭാരതപ്പുഴയുടെ സമ്പന്നമായ ഇന്നലെകള്‍ കണ്‍കുളിര്‍ക്കെ ദര്‍ശിച്ചു സായൂജ്യമടഞ്ഞ സി. രാധാകൃഷ്ണനെന്ന സാഹിത്യ പ്രതിഭ നിളയൊഴുകും വഴിയെ പുഴമുതല്‍ പുഴവരെ സഞ്ചരിച്ചു മടങ്ങിയെത്തിയപ്പോഴാണ് പൂര്‍വ്വോപരി വറ്റിവരണ്ടു പുല്‍ക്കാടുകള്‍ വളര്‍ന്നു അധഃപതനത്തിന്‍റെ അഗാധഗര്‍ത്തത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പുഴയെ കാണാന്‍ ഇടവന്നത് കാരണം മനമുരുകി കഴിയുമ്പോഴാണ് ആറുപതിറ്റാണ്ടുമുമ്പേ വരേണ്ടിയിരുന്ന, ചില കാരണങ്ങളാല്‍ തട്ടി തെറിച്ചുപോയ ചമ്രവട്ടം പാലത്തിന്‍റെ ദ്രുതഗതിയിലുള്ള പുരോഗതിയും അന്തി മയങ്ങിയാല്‍ പുഴ നിറയെ പ്രകാശവും തന്‍റെ നാടിന്‍റെ വളര്‍ച്ചയും നേരില്‍ കാണാന്‍ സൗഭാഗ്യമുണ്ടായത്. താന്‍ കളിച്ചു വളര്‍ന്ന പാടം കാടുമൂടിക്കിടക്കുന്നത് കണ്ടപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുനനച്ച കൂട്ടുകൃഷി മുമ്പത്തെപ്പോലെ പച്ച പിടിക്കുമോ എന്ന വേവലാതി മനസ്സില്‍ ഇല്ലാതില്ല.  മികച്ച എഴുത്തുകാരനും ശാസ്ത്ര നീരീക്ഷകനുമായ അദ്ദേഹം വൈജ്ഞാനിക രംഗത്ത് നിറസാന്നിദ്ധ്യമാണ്.

14. മാധവിക്കുട്ടി 

ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളും, നാലപ്പാട്ട് നാരായണമേനോന്‍റെ അനന്തിരവളുമായി 1932ല്‍ മാധവിക്കുട്ടി എന്ന നാലപ്പാട്ട് കമല അവിഭക്ത പൊന്നാനി താലൂക്കില്‍ പുന്നയൂര്‍ക്കുളത്ത് ജനിച്ചു.  ജډദേശത്തും കല്‍ക്കത്തയിലുമാണ് വിദ്യാഭ്യാസം.  ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞതിനാല്‍ തുടര്‍ന്നു പഠിക്കാന്‍ സാധിച്ചില്ല. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും രചനകള്‍ നടത്തി ലോക സാഹിത്യ വേദികളില്‍ പ്രസിദ്ധയായി. മതിലുകള്‍, തരിശുനിലം, പത്തുകഥകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചുവന്ന പാവാട, എന്‍റെ കഥ, ബാല്യകാലസ്മരണകള്‍, നീര്‍മാതാളം പൂത്തകാലം തുടങ്ങിയവയാണ് മലയാളകൃതികള്‍. കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്‍റ്, കേരള ഫോറസ്ട്രി ബോര്‍ഡ് അദ്ധ്യക്ഷ, ഇലസ്ട്രേറ്റ് വീക്കിലി എഡിറ്റര്‍ തുടങ്ങിയ പല സ്ഥാനങ്ങളും വഹിച്ചു. നോവല്‍ പുരസ്കാര നോമിനി, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, എഴുത്തച്ഛന്‍ പുരസ്കാരം, എന്‍.വി. പുരസ്കാരം തുടങ്ങി പല ബഹുമതികള്‍ക്കും അര്‍ഹയായിട്ടുണ്ട്. 1984ല്‍ നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2000 ഒക്ടോബറില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ലോകസേവാപ്രസ്ഥാനം എന്ന പേരില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് തുടര്‍പ്രവര്‍ത്തനം നടന്നില്ല. എറണാകുളം കലൂരില്‍ പൊതുവേദിയില്‍ വെച്ച് 1999 ഡിസംബര്‍ 11ന് ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് ശഹാദത്ത് കലിമ ചൊല്ലി ഔദ്യോഗികമായി മുസ്ലിമായി കമലാസുരയ്യ എന്ന പേര് സ്വീകരിച്ചു. 2009ല്‍ മരണം. തിരുവനന്തപുരം പാളയം ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം.

15. സി.എസ്. പണിക്കര്‍

പൊന്നാനി താലൂക്കിലെ പനമ്പാട് ജനനം. സ്വാതന്ത്ര്യസമര സേനാനി പറയരിക്കല്‍ കൃഷ്പ്പണിക്കരുടെ സഹോദരി മകനാണ്. ഇരുപത്വര്‍ഷത്തില്‍ അധികമായി നവകം മാസിക ശ്ലാഘനീയമായ രീതിയില്‍ നടത്തുന്നു. ധാരാളം പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവര്‍ത്തകനാണ്. 

റഫറന്‍സ്

1. പൊന്നാനി പൈതൃകവും  നവോത്ഥാനവും  ടിവി അബ്ദുറഹിമാന്‍കുട്ടി, പൂങ്കാവനം പബ്ലിക്കേഷന്‍സ് കോഴിക്കോട്, ഫെബ്രുവരി 2016 
2. ചരിത്രമുറങ്ങുന്ന പൊന്നാനി  ടിവി അബ്ദുറഹിമാന്‍കുട്ടി, അഷ്റഫി ബുക്ക്സെന്‍റ്ര്‍ തിരൂരങ്ങാടി പ്രിന്‍റേഴ്സ്, 2017 ഏപ്രില്‍