22. പുഴയും കടലും പിന്നെ മഴയും
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രതോഷവും കവിതകള്‍ എഴുതിയ ഭാരതപ്പുഴയുടെ ഓരത്ത് ഇന്നും പൈതൃകം തുളുമ്പിനില്‍ക്കുന്ന പൊന്നാനിതെരുവത്ത്പള്ളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന പരിസരത്തെ പുരാതന തറവാടായ തെരുവത്ത് വീട്ടിലാണ് ഞാന്‍ പിറന്ന് വളര്‍ന്ന് വലുതായത്.
വീടിന്‍റെ അരികെ പുഴയും നോക്കെത്തും ദൂരത്ത് കടലും ആയതിനാല്‍ ദിവസേന പുഴയുടെയും ഇടക്കിടെ കടലിന്‍റെയും കരലാളനകളേറ്റാണ് ബാല്യകൗമാരയവ്വന ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയത്.
വീടിന് ഏതാനും മീറ്റര്‍ അകലെയാണ് പള്ളിക്കടവ്. കടവിന്നരികെ തെക്ക് പുഴയില്‍ വലിയൊരു ഭാഗം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജനവാസയോഗ്യമായിരുന്നു. നഗരത്തിലെ പല പ്രധാന കുടുംബങ്ങളുടേയും തറവാടുകള്‍ ഇവിടെയായിരുന്നു. ഇന്നിവിടം ഫിഷിങ് ഹാര്‍ബറാണ്.
മാമലകളും മരതകകുന്നുകളും പുഴയും കടലും സംഗമിക്കുന്ന അഴിമുഖവും കനാലും പുഴയും സംഗമിക്കുന്ന തോട്ടുമുഖവും ഇടക്കിടെ പാറിപ്പറക്കുന്ന ദേശാടന പക്ഷികളെയും തെളിഞ്ഞ പ്രഭാതത്തില്‍ ഉദയസൂര്യന്‍റെ രശ്മികളുടെ കാഴ്ച അത്യാകര്‍ഷകമായിരുന്നു. മനോഹര ദൃശ്യങ്ങള്‍ ഓരോന്നായി പോയ് മറയുന്നു.
അക്കരെ പുറത്തൂര്‍ കടവ്, പടിഞ്ഞാറെക്കര ജങ്കാര്‍ കടവ്, കുറ്റിക്കാട് കടവ്, ചമ്രവട്ടം കടവ് അങ്ങനെ ഇവിടെ കടവുകള്‍ പലതുണ്ടായിരുന്നുവെങ്കിലും കേമന്‍ പള്ളിക്കടവാണ്. വേനലില്‍ പുഴ പലയിടത്തും വറ്റുമെങ്കിലും നീര്‍ച്ചാലുകളിലും കടവുകളിലും ആവശ്യാനുസരണം നീരൊഴുക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തെ അനശ്വര ഗാനങ്ങളില്‍ ഒന്നായ
"മഞ്ഞണിപ്പൂനിലാവില്‍ പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചുവെച്ചു നീരാടുമ്പോള്‍"
എന്നാരംഭിക്കുന്ന ഗാനം, നഗരമേ നന്ദിക്ക് വേണ്ടി നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയത്, ഈ കടവുകളില്‍ ഒന്നിനെ ഭാവനയില്‍ ദര്‍ശിച്ചാവാം.
ഓര്‍മ്മവെച്ച നാള്‍മുതല്‍ സ്കൂള്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും കളിച്ചുവളര്‍ന്നതും പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളച്ചതും കുട്ടിക്കാലത്തെ കുസൃതിക്കൂട്ടങ്ങളുടെ ഒത്തുചേരലും കളിയരങ്ങുകളുടെയും ഇടം ഇവിടെയായതിനാല്‍ എഴുപത് കഴിഞ്ഞിട്ടും ഈ പുഴയോരത്ത് മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ സമയംപോക്കാനായി എത്തിച്ചേരാറുണ്ട്.
പുഴക്ക് അക്കരെ പഴയ വെട്ടത്തുനാട് പടിഞ്ഞാറ് അറബിക്കടലും തെക്ക് ഭാരതപ്പുഴയും വടക്ക് കടലുണ്ടിപ്പുഴയും അതിരിട്ട 32 നാഴിക (55കി.മി) വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഒരു കൊച്ചുരാജ്യമാണ് ഈ നാട്. മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള കഥകളി കലാരൂപത്തിന് പ്രത്യേക രൂപവും ഭാവവും നല്‍കിയ ഈ നാടിന്‍റെ ഭരണാധികാരി വെട്ടം ഉടയ മൂത്തകോവിലെന്നും താനൂര്‍ രാജാവെന്നും വെട്ടം രാജാവെന്നും അറിയപ്പെട്ടു. ആസ്ഥാനം ആദ്യം തൃപ്രങ്ങോടും പിന്നീട് താനൂരുമായിരുന്നു. ജലാശയങ്ങളാല്‍ സമ്പന്നമായ ഈ ദേശത്തിന്‍റെ പരദേവത തണ്ണീര്‍ദേവതയെന്നാണ് ഐതീഹ്യം.
ഒരുകാലത്ത് ഭാരതപ്പുഴ അറിയപ്പെട്ടിരുന്നത് പൊന്നാനിയുടെ പേരിലും പ്രശസ്തിയിലുമായിരുന്നു. മലബാര്‍ മാനുവല്‍ ഉള്‍പ്പെടെയുള്ള കൃതികളില്‍ പലയിടത്തും ഈ പുഴയെ പൊന്നാനിപ്പുഴ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചരിത്രവും ഐതീഹ്യവും വിശ്വാസവും അലിഞ്ഞുചേര്‍ന്നൊഴുകുന്ന ഈ പുഴക്ക് പേരാര്‍, നിള, ദക്ഷിണ ഗംഗ, കൗണാര്‍ എന്നീ അപരനാമങ്ങളുമുണ്ട്. ഇന്ത്യയില്‍ ഒരു നദിക്കും څഭാരതം എന്നു ചേര്‍ത്ത പേരില്ല ഈ പുഴയ്ക്ക്'മാത്രമല്ലാതെ. ഭാരതപ്പുഴ എന്ന് പേര് ലഭിക്കാനുള്ള കാരണം ഗവേഷണ വിധേയമാക്കണം.
ഈ സംസ്കൃതിയുടെ ജീവധാരയില്‍ കിഴക്കന്‍മലകളുടേയും ഓരങ്ങളുടേയും സൗന്ദര്യവും ജലനിരപ്പിന്‍റെ വശ്യതയും നിറഞ്ഞൊഴുകി. ജലനിരപ്പ് ഉയരുമ്പോഴും വേലിയേറ്റത്തിലും നിലാവുള്ള രാത്രികളിലും പുഴയുടെ സൗന്ദര്യവും ചന്തവും അത്യാകര്‍ഷകമായിരുന്നു. വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിതകളായും പാട്ടുകളുടെ പാലാഴിയായും ഒഴുകി.
'കന്നിനിലാവിന്‍ കളഭക്കിണ്ണം
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍
പൊന്നാനിപ്പുഴ'
എന്ന് തുടങ്ങുന്ന വരികളിലൂടെ പ്രശസ്ത ഗാനരചയിതാവ് പി. ഭാസ്കരനും മലയാളത്തിലെ മിക്ക കവികളും ഒരു കാലത്ത് ഈ പുഴയെ വര്‍ണ്ണിച്ചപ്പോള്‍ ഇപ്പോള്‍ ഇതിന്‍റെ ദുരവസ്ഥയില്‍ സാഹിത്യനായകര്‍ ദുഃഖിക്കുന്നു.
ഭാരതപ്പുഴയില്‍ അണക്കെട്ടുകള്‍ വരുന്നതിന് മുമ്പ് പുഴയും സമീപ പ്രദേശങ്ങളും ജല സമ്പന്നമായിരുന്നു. തൃത്താലയിലെ വെള്ളിയാംകല്ല് പദ്ധതി ഈ അടുത്ത കാലത്ത് നിലവില്‍ വന്നതിനാല്‍ ഭാരതപ്പുഴയുടെ പോഷക നദിയായ തൂതപ്പുഴയാണ് ഇപ്പോഴത്തെ മുഖ്യ ജലസ്രോതസ്സ്.
തിരൂര്‍-പൊന്നാനി താലൂക്കുകളുടെ ജലപാതകളില്‍ ഒന്നാണ് പള്ളിക്കടവ്. ഭാരതപുഴയില്‍ ഏറ്റവും വീതി കൂടിയ കടവാണിത്. പുഴയുടെയും കടലിന്‍റെയും ഇളം തെന്നലേറ്റ് നൂറ്റാണ്ടുകളുടെ സ്മരണകളുമായി ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയാണ് പൊന്നാനിയില്‍ ഇപ്പോള്‍ നിലവിലുള്ള പള്ളികളില്‍ ഏറ്റവും ആദ്യം നിര്‍മ്മിച്ച പള്ളി.
പള്ളിക്കടവില്‍നിന്ന് ഫിഷിംങ്ങ് ഹാര്‍ബറിന്‍റെ ചുമരിനരികിലൂടെ ഒരു കിലോമീറ്റര്‍ പടിഞ്ഞാറോട്ടേക്ക് നടന്നാല്‍ ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന അഴിമുഖത്തെത്താം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലൂടെ നടക്കുമ്പോള്‍ അഴിമുഖവും പരിസര കാഴ്ചയും ഫിഷിംങ് ബോട്ടുകളുടെ സഞ്ചാരവും ആരവവും മനംകുളിര്‍ക്കെ കണ്ട് ആസ്വദിക്കാമായിരുന്നു. പുഴ നിറഞ്ഞൊഴുകുന്ന വേനലില്‍ ഉച്ച സമയത്ത് അതൊരു വ്യത്യസ്ത കാഴ്ച തന്നെയായിരുന്നു. ഫിഷിംങ്ങ് ഹാര്‍ബറിന്‍റെ മതില്‍ കെട്ടുകള്‍ ഉയര്‍ന്നതോടെ വര്‍ണ്ണാഭമായ ആ ദൃശ്യങ്ങളെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി.
പുഴയുടെ ഓരത്ത്നിന്ന് അങ്ങാടിയിലെ കിണര്‍സ്റ്റോപ്പുമായി ബന്ധിക്കുന്ന ഇടറോഡിലാണ് ഈ വഴിചെന്ന് ചേരുന്നത്. അഴിമുഖത്തിന് വിളിപ്പാടകലെയുള്ള ഈ റോഡും പരിസരവും ഒരു കാലത്ത് സമ്പന്നമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ തേങ്ങകള്‍ സൂക്ഷിക്കുന്നതിനുള്ള പൂട്ടാലകളും, ഗുദാമുകളും ഉണ്ടായിരുന്നു.
അരനൂറ്റാണ്ട് മുമ്പ് വരെ റോഡിന്‍റെ വടക്കെ അറ്റത്ത് പുഴയിലേക്ക് ചെങ്കല്‍ പതിച്ച ചെരിഞ്ഞ പടവുകള്‍ ഇക്കരെയും നേരെ ചൊവ്വെ അക്കരെയും വ്യക്തമായി കണ്ടിരുന്നു. കോടതിപ്പടിയില്‍ നിന്ന് തെക്കോട്ടേക്കുള്ള ഇന്നത്തെ ടിപ്പു സുല്‍ത്താന്‍ റോഡ് ഗതാഗത യോഗ്യമാകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലഗതാഗതത്തിന് പ്രസക്തിയുണ്ടായിരുന്ന കാലത്ത് പുറത്തൂരില്‍ നിന്ന് ഇതിലൂടെ ജെ. എം. റോഡ്, സിയാറത്ത് പള്ളി റോഡ്, പുതുപൊന്നാനി എന്നീ ഇടങ്ങളിലൂടെ ആയിരുന്നു വെളിയംകോട്ടേക്കുള്ള പ്രധാന സഞ്ചാര മാര്‍ഗ്ഗം. അതിനാല്‍ കയറ്റിറക്ക് നടത്തിയിരുന്ന ആദ്യ കാലത്തെ കടവുകളില്‍ ഒന്ന് ഇവിടെയായിരിക്കാമെന്നും 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഇവിടെ നിന്ന് പുറത്തൂരിലേക്ക് പാലം നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിരുന്നുവെന്നും പഴമക്കാര്‍ പറയുന്നു. പുഴയോരത്തെ ഓലഷെഡ്ഡുകളില്‍ നീര്‍നായകള്‍ താവളമാക്കിയിരുന്നു.
2006 ഡിസംബര്‍ 26ന് ഏഷ്യന്‍ രാജ്യങ്ങളില്‍ കിരാത താണ്ഡവമാടിയ സുനാമി ദുരന്തത്തില്‍ കേരളത്തില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും പൊന്നാനിക്ക് അപായങ്ങള്‍ ഒന്നും സംഭവിച്ചില്ല. എന്നിട്ടും തീരദേശ നിവാസികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭയവിഹ്വലരായിരുന്നു. സുനാമി സംഭവിക്കുന്നതിന് മുമ്പ് അന്ന് വൈകുന്നേരം തെരുവത്ത് പള്ളിക്ക് സമീപം സാധാരണ രീതിയില്‍നിന്നും വ്യത്യസ്തമായി പുഴക്കരയില്‍ വെള്ളം വറ്റി ഉള്‍വലിഞ്ഞ് അപകട സൂചന നല്‍കിയതിന് ഈ ഗ്രന്ഥകാരന്‍ ദൃക്സാക്ഷിയായിരുന്നു.
ഈ റോഡ് പ്രമുഖ കച്ചവട തെരുവായതിനാലായിരുന്നു ഇതിന്‍റെ ഓരത്ത് സ്ഥിതിചെയ്യുന്ന പുരാതന പള്ളിയെ തെരുവത്ത് പള്ളിയെന്ന് വിളിക്കാന്‍ ഹേതുവായത്.
ഭാരതപ്പുഴ കടലിനോട് സംഗമിക്കുന്ന അഴിമുഖത്ത് വെച്ച്ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വാഴും ആതവനാട് നിന്ന് ഉത്ഭവിക്കുന്ന തിരൂര്‍ പൊന്നാനിപ്പുഴകൂടി സംഗമിക്കുന്ന ഇടമായതിനാല്‍ ത്രിവേണി സംഗമമെന്ന് വിശേഷിപ്പിക്കാറുണ്ട്.
കുന്ദംകുളത്തെ വെട്ടിക്കടവില്‍നിന്നും ഉത്ഭവിക്കുന്ന പൂക്കൈതപ്പുഴ പൊന്നാനിയുടെ തെക്കേ അതിരിലൂടെ പ്രവഹിച്ച് അറബിക്കടലില്‍ സംഗമിക്കുന്നതിനാല്‍ പൊന്നാനി മറ്റൊരു ത്രിവേണി സംഗമമെന്നും വിശേഷിപ്പിക്കാറുണ്ട്.
പൊന്നാനി അഴിമുഖം മുതല്‍ പുതുപൊന്നാനി അഴിമുഖം വരെ കടല്‍ത്തീരം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ഒരു കിലോമീറ്ററിലധികം വീതിയുള്ള വിശാലമായ മണല്‍പ്പരപ്പും മണല്‍ കൂനകളും ജലാശയങ്ങളും നിറഞ്ഞതായിരുന്നു.
ടിപ്പുസുല്‍ത്താന്‍ റോഡിന്‍റെ പടിഞ്ഞാറ് കടപ്പുറം വരെ വസിക്കുന്നവരില്‍ ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളാണ്. പൊന്നാനിയുടെ സമ്പദ്വ്യവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു ഇവര്‍.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇവിടെനിന്നും യാത്ര തിരിച്ചാല്‍ ഏഴോ എട്ടോ ദിവസംകൊണ്ടു വഞ്ചി ബോംബെയില്‍ എത്തിച്ചേരുമായിരുന്നു. പ്രതികൂലമായാല്‍ ഒരു മാസം വരേയും ആകാം. ഇന്‍റര്‍നെറ്റ് സംവിധാനത്തിനു പുറമേ യാത്രക്കാര്‍ക്ക് നടുക്കടലില്‍നിന്നും ലോകത്തിന്‍റെ നാനാ ഭാഗത്തേക്കും ബന്ധപ്പെടാവുന്ന ഉപഗ്രഹ സൗകര്യങ്ങള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് മലകള്‍, കെട്ടിടങ്ങള്‍, തുരുത്തുകള്‍, രാത്രികളില്‍ ദീപസ്തംഭം, കോട്ടകള്‍, കപ്പലുകളുടെ ലൈറ്റുകള്‍, സൂര്യചന്ദ്രനക്ഷത്രാദികള്‍, വടക്കുനോക്കിയന്ത്രം, കടല്‍പ്പക്ഷികള്‍, കാറ്റിന്‍റെയും ഒഴുക്കിന്‍റെയും ഗതി, ആകാശത്തിന്‍റെയും സമുദ്രത്തിന്‍റെയും നിറം, കമാന്‍ എന്ന് പേരുള്ള ചെറിയ മരപ്പെട്ടി, ഇതരജീവികള്‍ തുടങ്ങിയവയാണ് ദിശ നിര്‍ണ്ണയിച്ചിരുന്നത്. യാമം മാറി (ഷിഫ്റ്റ്)യാണു ജോലി നിര്‍വ്വഹണം. പുലര്‍കാല നക്ഷത്രം കൊറ്റി ഉദിക്കല്‍ സമയ നിര്‍ണ്ണയത്തിന് മുഖ്യ ഘടകമാണ്.
കടലില്‍നിന്ന് കുമിളകള്‍ പൊങ്ങിയാലും സൂര്യചന്ദ്രാതികള്‍ക്ക് ചുറ്റും നേര്‍ത്ത വട്ടം പ്രത്യക്ഷപ്പെട്ടാലും മണിക്കൂറുകള്‍ക്കകം ശക്തമായ കാറ്റോ കടല്‍ക്ഷോഭമോ പ്രതീക്ഷിക്കാം. ഉടനെ വഞ്ചി തൊട്ടടുത്ത തുറമുഖത്ത് അടുപ്പിക്കും അന്തരീക്ഷം ശാന്തമായാല്‍ യാത്ര തുടരും. അപകട സാദ്ധ്യത വര്‍ദ്ധിച്ച സന്ദര്‍ഭങ്ങളില്‍ ചരക്കുകള്‍ മുഴുവനും കടലില്‍ ഒഴുക്കി യാത്ര തുടര്‍ന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
മരണം സംഭവിച്ചാല്‍ മതാചാരമുള്ള ചടങ്ങുകള്‍ നിര്‍വ്വഹിച്ച് മൃതദേഹത്തിന്‍റെ കാലില്‍ വലിയ കല്ലുകെട്ടി കടലില്‍ താഴ്ത്തും. പിന്നീടത് കരയ്ക്കണയില്ല. കാലില്‍ കല്ലുകെട്ടുന്നത് മൃതദേഹം കുത്തനെ നില്‍ക്കാനാണ്. അല്ലാത്തപക്ഷം സ്രാവ് പോലുള്ള ഭീമന്‍ മത്സ്യങ്ങള്‍ മൃതദേഹം ഭക്ഷിക്കാന്‍ ഇടവരും. കപ്പലിലാണ് ഇത്തരം മരണം സംഭവിക്കുന്നതെങ്കില്‍ മിക്കപ്പോഴും ചിലര്‍ കടലില്‍ മൃതദേഹം എറിയാറാണ് പതിവ്.
കാറ്റിലും കോളിലും അകപ്പെട്ടും കപ്പലിടിച്ചും വെള്ളംകേറിയും പായകെട്ടാന്‍ കയറുന്ന അവസരത്തില്‍ കൊടിമരത്തില്‍നിന്ന് തെറിച്ചുവീണും ഇടിമിന്നലേറ്റും വഞ്ചി തകര്‍ന്നും ആളപായമുണ്ടായാല്‍ കുടുംബത്തില്‍ കണ്ണീരിന്‍റെ തോരാത്ത പെരുമഴതന്നെ. പത്തും അധിലധികവും ജീവനക്കാര്‍ ഉള്‍പ്പെട്ട വഞ്ചിയടക്കം തകര്‍ന്ന് ഇത്തരത്തില്‍ നിരവധിപേരുടെ ജീവന്‍ കടല്‍ കവര്‍ന്നിരുന്നു.
കടലും കാലാവസ്ഥ വ്യതിയാനവും
കരയും കടലും പലതിലും സമാനതകളുണ്ടെങ്കിലും ചില കാര്യങ്ങളില്‍ വിയോജിപ്പുകളും പ്രകടമാകും. കടലില്‍ ദിശകള്‍ പ്രത്യേക പേരിലാണ് അറിയപ്പെടുന്നത്. തമ്പ്രായി (തെക്ക് പടിഞ്ഞാറ്), വറായി (വടക്ക് പടിഞ്ഞാറ്), തെങ്ങര (തെക്ക് കിഴക്ക്), വറക്കര (വടക്ക് കിഴക്ക്) എന്നീ പേരുകളിലാണ് കടലിലെ ദിശകള്‍ അറിയപ്പെടുന്നത്. കാര്‍മേഘം അന്തരീക്ഷത്തില്‍ ഈറനണിഞ്ഞാല്‍ സൂര്യ രശ്മികളേറ്റ് മഴവില്ല് പ്രത്യക്ഷപ്പെടും കരയില്‍ ഒരു പ്രദേശത്ത് മഴ വര്‍ഷിക്കുമ്പോള്‍ എല്ലാ പ്രദേശങ്ങളിലും മഴവര്‍ഷിക്കുന്നുണ്ടാകുമെന്നാണ് നമുക്ക് തോന്നുക. മറിച്ച് കടലിന്‍റെ അന്തരീക്ഷം വിജനമായതിനാല്‍ കാര്‍മേഘം പ്രത്യക്ഷപ്പെട്ട ഇടത്തില്‍ മഴവര്‍ഷിക്കും. തുലാം മേടമാസങ്ങളില്‍ കിഴക്ക് ഭാഗത്തും ജൂണ്‍ ജൂലായ് മാസങ്ങളില്‍ പടിഞ്ഞാറ് ഭാഗത്തും കാര്‍മേഘം പ്രത്യക്ഷപ്പെട്ടാല്‍ മഴപെയ്യുംമെന്ന് ഉറപ്പ്. ചന്ദ്രന് ചുറ്റും വൃതത്താകൃതി പ്രകടമായാല്‍ മഴ വര്‍ഷിക്കാനും സൂര്യന് ചുറ്റും വൃത്താകൃതി പ്രകടമായാല്‍ വലിയരീതിയിലുള്ള കാറ്റടിക്കാനുമാണ് സാധ്യത. നട്ടുച്ചക്ക് കരയില്‍ ചൂട് അനുഭവപ്പെടുമ്പോള്‍ കടലില്‍ വെള്ളത്തിന്‍റെ സാന്നിധ്യമുള്ളതുകൊണ്ടാവാം ശക്തമായ രീതിയില്‍ പലപ്പോഴും ചൂടനുഭവപ്പെടാറില്ല. കടലിലെ മഴ ഒരനുഭവമാണ്. കഴക്ക് ഭാഗത്ത് അന്തരീക്ഷത്തില്‍ കാര്‍മേഘം പ്രത്യക്ഷപ്പെട്ടാല്‍ മത്സ്യങ്ങളൊക്കെ ഒരുഭാഗത്ത് സംഗമിക്കും. മുല്ലപ്പൂവ് വീഴുന്ന രീതിയിലാണ് മഴത്തുള്ളികള്‍ വര്‍ഷിക്കാറ്. കടലില്‍നിന്ന് വെള്ളത്തുള്ളികള്‍ ഏതാണ്ട് നാലിഞ്ച് ഉയരത്തിലൊക്കെ പൊങ്ങാറുണ്ട്. ഒരു പ്രത്യേക രീതിയുള്ള ശബ്ദവും കേള്‍ക്കാം. ചാഞ്ഞും ചെരിഞ്ഞുമുള്ള മഴത്തുള്ളികള്‍ വര്‍ഷിക്കുമ്പോള്‍ പിരിപിരി ശബ്ദത്തോടെ ഓലപ്പടക്കം പൊട്ടുന്ന രീതിയില്‍ ശബ്ദം കേള്‍ക്കാം. മഞ്ഞുകാലത്ത് പ്രത്യേകിച്ച് ഡിസംബര്‍ മാസത്തില്‍ പരസ്പരം കാണാന്‍ കഴിയില്ല. ഒച്ചമാത്രമേ കേള്‍ക്കൂ. ദിക്കറിയില്ല സമയമറിയില്ല. അങ്ങനെ ഒരുഭാഗത്ത് അന്തരീക്ഷത്തില്‍ കാര്‍മേഘം പ്രത്യക്ഷപ്പെട്ടാല്‍ കാറ്റ് കാര്‍മേഘത്തെ ചലിപ്പിക്കുന്നതുവരെ അതേഭാഗത്തുതന്നെ മഴവര്‍ഷിച്ചുകൊണ്ടിരിക്കും.
മത്സ്യമഴയും കലല്ലുമഴയും
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ മത്സ്യമഴ പെയ്തതായി ആആഇ വാര്‍ത്ത ചാനല്‍ ഒരവസരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആദ്യം ആകാശത്തുനിന്നും മത്സ്യങ്ങള്‍ താഴേക്ക് വീഴുന്നു. തുടര്‍ന്ന് ജനം റോഡില്‍ ചിതറിക്കുടക്കുന്ന ജീവനുള്ള മത്സ്യങ്ങളെ പെറുക്കി എടുക്കുന്നു. എങ്ങനെയാണ് മത്സ്യം ആകാശത്തുനിന്ന് മഴയായി പെയ്യുന്നത് ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു.BBC-യില്‍ എന്നല്ല വിശ്വസനീയമായ ഒരു മാധ്യമത്തിലും മുംബൈയില്‍ മഴ പെയ്തതായി റിപ്പോര്‍ട്ട് ഇല്ല. മാത്രമല്ല ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ ഒന്നിലധികം വീഡിയെകള്‍ എഡിറ്റ് ചെയ്തു നിര്‍മ്മിച്ചതാണ്. അതില്‍ മത്സ്യങ്ങള്‍ താഴേക്ക് വീഴുന്ന ഭാഗം പ്രകൃതിയിലെ ഇത്തരം അത്ഭുത പ്രതിഭാസങ്ങളെ കുറിച്ച് വിവരിക്കുന്ന BBC-യുടെ സൂപ്പര്‍ നാച്വറല്‍ എന്ന വീഡിയോയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. 1999ലാണ് BBC-ഈ സീരീസ് പുറത്തുവിട്ടത്. അതേ സമയം റോഡില്‍ നിന്ന് മത്സ്യങ്ങള്‍ പെറുക്കി എടുക്കുന്ന വീഡിയോ 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതാണ്. ഇതോടുകൂടി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ ഒറിജിനല്‍ അല്ലെന്ന് വ്യക്തമായി. അപ്പോള്‍ പിന്നെ ദൃശ്യത്തില്‍ കാണുന്നതുപോലെ റോഡില്‍ മത്സ്യങ്ങള്‍ എങ്ങനെ എത്തി? അതിന് ശാസ്ത്രീയമായി വല്ല വിശദീകരണമുണ്ടോ? ഇന്ത്യയിലും ലോകത്തെ മറ്റു പല രാജ്യങ്ങളിലും മത്സ്യമഴ പെയ്തിട്ടുള്ളതായി വിശ്വാസ്യയോഗ്യമായ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. 2018 ഡിസംബറില്‍ ആന്ധ്രയിലെ അമലാപുരത്ത് ഫെത്തായി ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യമഴ പെയ്തതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ കാണാം. 2014 മെയില്‍ ശ്രീലങ്കയില്‍ സമാനമായ സംഭവം ഉണ്ടായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്ക് മുകളിലും, റോഡുകളിലുമൊക്കെ ഏതാണ്ട് 5 സെ.മി. മുതല്‍ 8 സെ.മി. വരെ വലുപ്പമുള്ള മത്സ്യങ്ങള്‍ വീണതായാണ് നാട്ടുകാര്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ കഥകളിലും, ചരിത്രങ്ങളിലുമൊക്കെ ഇത്തരം മത്സ്യങ്ങളെക്കുറിച്ച് പരാമര്‍ശം വന്നിട്ടുണ്ട്. കൂടാതെ മത്സ്യം മാത്രമല്ല, തവളകളും, പാമ്പുകഴും, ആമകളുമൊക്കെ ഇങ്ങനെ ആകാശത്തുനിന്ന് വീണതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ പ്രതിഭാസത്തിന് ശാസ്ത്രം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ ഉപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മേഘങ്ങളില്‍ നിന്ന് താഴോട്ട് ഫണല്‍പോലെ രൂപപ്പെടുന്ന വായുചുഴികള്‍ ഒരു വാക്യുംക്ലീനര്‍പോലെ പ്രവര്‍ത്തിക്കുകയും അതിന്‍റെ വഴിയിലുള്ള വസ്തുകള്‍ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ചുഴികള്‍ ജലോപരിതലത്തിലുള്ള ചെറുമത്സ്യങ്ങളും മര്റും മേഘങ്ങലിലേക്ക് വലിച്ചെടുക്കുകയും, തുടര്‍ന്ന് കാറ്റിന്‍റെ ഗതിക്കനുസരിച്ച് വിദൂര സ്ഥലങ്ങളില്‍ ചെന്ന് വഴുകയും ചെയ്യാം. അതോടൊപ്പം മുഷു അല്ലെങ്കില്‍ മുഴു വര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് ചെളിക്കടിയില്‍ വെള്ളമില്ലാതെ തന്നെ കുറെക്കാലം കഴിയാം. ഘൗിഴ എശവെള്‍ക്ക് ഈ രീതിയില്‍ വെള്ളമില്ലാതെ കഴിയാം എന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍പ്പെട്ട ചില മത്സ്യങ്ങള്‍ വെള്ളമോ, ഭക്ഷണമോ തേടി ചെറിയദൂരം കരയിലൂടെ സഞ്ചരിക്കാറുമുണ്ട്. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയില്‍ കാണുന്നത് മുഷു അഥവാ മുഴു എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങളാണ്. സമാനമായ മത്സ്യത്തെ ഇക്കഴിഞ്ഞ പെരുമഴയെ തുടര്‍ന്ന് മുംബൈയിലെ ജുഹു വിമാനത്താവളത്തിന്‍റെ റണ്‍വെയില്‍ കണ്ടെത്തിയിരുന്നു. എയര്‍പോര്‍ട്ടിനു സമീപമുള്ള തടാകത്തില്‍ വെള്ളം നിറഞ്ഞ് റണ്‍വെയും മറ്റും മുങ്ങിയതിനെ തുടര്‍ന്നാണ് ഇവിടെ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ മത്സ്യങ്ങള്‍ 2016ല്‍ മുംബൈ പൂനെ എക്സ്പ്രസ്സില്‍ നിന്ന് ആളുകള്‍ പെറുക്കി എടുക്കുന്നതിന്‍റെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്,
ഇനി ഈ ആഴ്ചയിലെ വൈറല്‍ ഫേക്കിലേക്ക് റൊമാനിയയിലാണ് സംഭവം. ഖുര്‍ആനില്‍ പറഞ്ഞ കല്ലുമഴ തുടങ്ങികഴിഞ്ഞു എന്ന അടിക്കുറിപ്പോടുകൂടിയാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ കഴിഞ്ഞ മെയ് 28ന് റൈമാനിയയില്‍ ശക്തമായ ആലിപ്പഴ വര്‍ഷമുണ്ടായിരുന്നു. ഏതാണ്ട് മുട്ടയുടെ വലിപ്പമുള്ള ആലിപ്പഴമാണ് ആകാശത്തുനിന്ന് താഴേക്ക് വീണത്. ആലിപ്പഴ വര്‍ഷം 15 മിനിറ്റോളം നീണ്ടുനിന്നിരുന്നു. സംഭവത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും, കാറുകള്‍ക്കും നിരവധി കേടുപാടുകള്‍ ഉണ്ടായതായി വാര്‍ത്തകളും വീഡിയോടകളും വന്നിട്ടുണ്ട്. ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുകളില്‍ പാകിയിട്ടുള്ള ടൈലുകളോ മറ്റോ പൊട്ടി താഴേവീഴുന്നതാണ് പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയില്‍ കാണുന്നത്.