പൊന്നാനിയിലെ റംസാന്‍ നിലാവ് വിശേഷങ്ങള്‍



48. പൊന്നാനിയിലെ റംസാന്‍ നിലാവ് വിശേഷങ്ങള്‍




ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com 

(പൊന്നാനിയുടെ ചരിത്രകാരന്‍)

9495095336


    ആത്മനൊമ്പരത്തിന്‍റയും ത്യാഗത്തിന്‍റെയും വിശുദ്ധിയുടെയും റംസാന്‍ മാസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആറ് പതിറ്റാണ്ട് മുമ്പ് ഞാന്‍ പൊന്നാനി ടി.ഐ.യു.പി. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ബെഞ്ചിലിരിക്കുന്ന സഹപാഠികളുമൊത്ത്  ആഴ്ചകള്‍ക്ക് മുമ്പെ റംസാന്‍ മാസത്തിന്‍റെ ആരംഭം പ്രതീക്ഷിച്ച് കൈവിരലുകള്‍ മടക്കി ദിവസങ്ങള്‍  എണ്ണി  തിട്ടപ്പെടുത്തിയിരുന്ന ബാല്യകാല അനുഭവങ്ങളാണ് സ്മൃതിയില്‍ തെളിഞ്ഞു വരുന്ന പുണ്യത്തിന്‍റെ പൂക്കാലമായ നോമ്പിനെ കുറിച്ചുള്ള ആദ്യത്തെ ഭൂതകാല സ്മരണകള്‍. 

    ഇവിടുത്തെ സ്ക്കൂളുകള്‍ മദ്ധ്യ വേനലവധി രണ്ടായി ഭാഗിച്ച് മുസ്ലിം കലണ്ടറനുസരിച്ച് റംസാന്‍ നോമ്പിനും ചെറിയ പെരുന്നാളിനും കൂടി ഒരു മാസത്തിലധികം ഒഴിവ് നല്‍കിയിരുന്നു. അതായിരുന്നു വിദ്യാഭ്യാസ വര്‍ഷത്തിലെ ദൈര്‍ഘ്യമുള്ള അവധിയും. പലര്‍ക്കും പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും നാളുകളായിരുന്നുവെങ്കിലും റംസാന്‍ മാസം കുട്ടികളായ ഞങ്ങള്‍ക്ക് അതിരറ്റ ഭയഭക്തിയുടെയും സന്തോഷത്തിന്‍റെയും ദിനങ്ങളായിരുന്നു.

    ശഅബാന്‍ മാസം ആദ്യം മുതല്‍ തന്നെ പള്ളികളും വീടുകളും വെള്ള പൂശുകയും അടിച്ചു തെളിയും ശുദ്ധീകരണവും നടത്തും. വീട്ടിന്‍റെ മുക്കും മൂലയും കുഞ്ഞിക്കയില്‍ മുതല്‍ ചെമ്പുപാത്ര സാമാനങ്ങള്‍വരെ സകലമാനം സ്പര്‍ശിക്കുന്ന രീതിയിലായിരുന്നു കൊല്ലത്തില്‍ ഒരിക്കലുള്ള ഈ പതിവ് ശുദ്ധീകരണം.

    പള്ളികളും, ആവിക്കുളം, മീന്‍ത്തെരുവ്, പുത്തന്‍കുളം തുടങ്ങിയ പ്രധാന സ്ഥലങ്ങളും കേന്ദ്രീകരിച്ച് ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന വയള് (മത പ്രസംഗം) പരമ്പര പതിവായിരുന്നു. മുത്ത് നബിയുടെ തൃക്കല്ല്യാണവും വഫാത്തും ഫാത്തിമ്മാ ബീവിയുടെയും അലിയാര്‍ തങ്ങളുടെയും കല്ല്യാണവും വിവരിക്കുന്ന വയളിന്‍റെ അവസാന ദിനങ്ങളില്‍ ശ്രോതാക്കള്‍ തിങ്ങി നിറയും. തൃക്കല്ല്യാണ ദിവസം മക്കിപ്പള്ളി അബ്ദുല്ല മുസ്ലിയാര്‍, തോട്ടുങ്ങല്‍ പള്ളി ഇമാമായ ഹാജി സെയ്തുട്ടി മുസ്ലിയാര്‍ തുടങ്ങിയ വഅളډാരെ പുതു വസ്ത്രങ്ങള്‍ അണിയിച്ച് ബൈത്തുകള്‍ ചൊല്ലി സദസ്സ്യര്‍ ആദരവോടെ സന്തോഷപൂര്‍വ്വം സദസ്സിലൂടെ ആനയിക്കും. അവസാനദിവസം മനംനൊന്ത് കരയിപ്പിക്കുന്ന പ്രാര്‍ത്ഥനയോടെയാണ് വഅളിന്‍റെ സമാപനം. പ്രധാന ദിവസങ്ങളിലെല്ലാം തൗബ ചൊല്ലി പാപമോചനത്തിനുവേണ്ടി ദുആ ചെയ്യും.


ആചാരങ്ങളും മാമൂലുകളും


    കേരളത്തില്‍ മറ്റെവിടെയും കാണാത്ത പൊലിവും ആചാരാനുഷ്ഠാനങ്ങളും മാമൂലുകളും ചെറിയ മക്കയായ പൊന്നാനിയിലെ വേറിട്ട പതിവ് കാഴ്ചകളായിരുന്നു. മുതിര്‍ന്നവരും കുട്ടികളും പുണ്യമാസം ഉള്‍ക്കൊള്ളാന്‍ മനസാ വാചാ കര്‍മ്മണാ സജ്ജരായിരിക്കും. എല്ലാ വീട്ടുകാരും ഉല്‍സാഹത്തോടെ നോമ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. കുഞ്ഞന്‍ നോമ്പുതുറ, വലിയ നോമ്പുതുറ, മുത്താഴം, അത്താഴം എന്നിങ്ങനെ രാത്രി ഭക്ഷണസമയം ക്രമീകരിക്കും.

    നഗരത്തിലെ തറവാട്ടുകാക്ക് നോമ്പിന്‍റെ ചിട്ടവട്ടങ്ങള്‍ ഒന്ന്  വേറെ തന്നെയാണ്. പുതിയാപ്ലമാരുടെ വകയായുള്ള മാമൂലുകള്‍ റംസാന് മുമ്പെ ഭാര്യവീട്ടിലെത്തിക്കും. ഒരു ചാക്ക് അരി, വിറകിന് ആയിരം തേങ്ങ ചകിരി, ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള പലവ്യജ്ഞനങ്ങള്‍  എന്നിവ നിര്‍ബ്ബന്ധം. സാധനങ്ങള്‍ വാങ്ങുന്നതിന് പീടികയിലെത്തിയാല്‍ വെയ്പ്പാണോ അല്ലേ എന്നു കടക്കാരന്‍ ചോദിക്കും. ഭാര്യവീട്ടില്‍നിന്ന് അത്താഴം കഴിക്കുന്നുണ്ടോ ഇല്ലേ എന്നാണ് ഉദ്ദേശം. ഭാര്യവീട്ടില്‍നിന്ന് അത്താഴം കഴിക്കുന്നില്ലെങ്കില്‍ വാങ്ങുന്ന സാധനങ്ങളുടെ പകുതിയും കഴിക്കുന്നെ(വെയ്പ്പെ)ങ്കില്‍ ഇരട്ടിയുമാണ് കീഴ്വഴക്കം.

    അങ്ങാടിയിലെ മൊത്തക്കച്ചവടക്കാരായ ജാവാ കമ്പനി, ബിസ്മികമ്പനി, മായീനിക്ക,  വി.എം.കുഞ്ഞാക്ക, ഓള്‍സെയില്‍ പലചരക്കുകടകളും  കുഞ്ഞീനിക്കയുടെ റീടെയ്ല്‍ കടയും സജീവമാകും. അക്കാലത്ത് തെക്കെ മലബാറിലെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന ഇവിടെ റംസാനോടനുബന്ധിച്ച് മാര്‍ക്കറ്റ് സജീവമാകും. ഇവിടെ നിന്ന് ചാവക്കാട്, കൂട്ടായി തുടങ്ങിയ പല ഉള്‍നാടുകളിലേക്കും സാധനങ്ങള്‍ വാങ്ങി കനോലികനാലിലൂടെ കെട്ടുവള്ളങ്ങളില്‍ കൊണ്ടുപോകും.

   അത്താഴം പാകം ചെയ്യാന്‍ സ്പെഷ്യല്‍ വേലക്കാരികളെ നിയോഗിക്കും. ഭാര്യാവീട്ടില്‍നിന്ന് അത്താഴം കഴിക്കുകയാണെങ്കില്‍ മാമൂലുകള്‍ കൂടുതല്‍ കൊടുത്തയക്കണം. റംസാന്‍ ഇരുപത് കഴിഞ്ഞാല്‍ വധുവിന്‍റെ വീട്ടിലെ വേലക്കാരികള്‍ക്കടക്കം പുതുവസ്ത്രം എത്തിക്കണം. ഓരോരുത്തരുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് പെരുന്നാള്‍ ചിലവിലേക്കായി കൂടുതല്‍ തുക വേറെയും നല്‍കണം. പകരമെന്നോണം റംസാന്‍ ആരംഭം മുതല്‍  പുതിയാപ്ലമാര്‍ക്ക് കുഞ്ഞന്‍ നോമ്പുതുറ (കുടിവെള്ളം) അവരുടെ തറവാടുകളിലേക്ക് കൊടുത്തയക്കും. കച്ചവടക്കാരാണെങ്കില്‍ കടകളിലേക്ക് എത്തിക്കണം. ചില പ്രത്യേക ദിവസങ്ങളില്‍ മുത്താഴവും കൊടുത്തയക്കും.

    'നവൈതു സ്വൗമ ഒദിന്‍ അന്‍ അദാഇ ഫര്‍ളി റമളാനി ഹാദിഹിസ്സനത്തി ലില്ലാഹി തഅാലാഹ്' ഈ ആണ്ടത്തെ അദായെ ഫര്‍ളായെ റമളാന്‍ മാസത്തിലെ ഫര്‍ളാക്കപ്പെട്ട നോമ്പിനെ അള്ളാഹു തഅലാക്കുവേണ്ടി നാളെ നോറ്റി വീട്ടുവാന്‍ ഞാന്‍ കരുതി. എന്ന് അര്‍ദ്ധ രാത്രി അത്താഴം കഴിച്ചതിനുശേഷം ഉമ്മ മൂന്ന് പ്രാവശ്യം പറഞ്ഞുതരുന്ന നെയ്യത്ത് ഞാനും കുഞ്ഞിപെങ്ങന്മാരും ഒന്നിച്ച് അടുത്തടുത്ത് കാലുകള്‍ നീട്ടി ഇരുന്നതിനു ശേഷം കൈകള്‍ രണ്ടും കാല്‍മുട്ടിനുമേല്‍ ചേര്‍ത്തി വെച്ച് ഏറ്റുചൊല്ലും. 

പുതിയാപ്പിള സല്‍ക്കാരത്തിന്‍റെ അവസരമാണ് നോമ്പിന്‍റെ ആദ്യ പത്തുദിവസങ്ങള്‍. പുതിയാപ്പിളയെ പ്രത്യേകമായി ക്ഷണിക്കും. ഈ ദിനങ്ങളില്‍ തീന്‍ സുപ്രയും ഭര്‍ത്തൃഗൃഹങ്ങളിലേക്ക് കൊടുത്തയക്കുന്ന നോമ്പ് തുറയും, മുത്താഴവും വിഭവ സമൃദ്ധമായിരിക്കും. മുട്ടമാല, മുട്ട സുര്‍ക്ക, കോഴിയട, ചിരട്ടമാല, ഇറച്ചി പത്തിരി, പാലട, വാഴക്ക നിറച്ചത്, മടക്ക് പത്തിരി, കിട്ത, കാരക്കപ്പം, തരിക്കേക്ക്, ബിസ്ക്കറ്റപ്പം, അല്ലാഹുഅഅ്ലം തുടങ്ങിയ വിവിധ തരം സ്വാദിഷ്ട പലഹാരങ്ങളാല്‍ സുപ്രകളും പാത്രങ്ങളും നിറയും.

    തേങ്ങാപാല്‍ പുരട്ടിയ നേരിയ പത്തിരിയും ഇറച്ചിക്കറിയും ജീരകകഞ്ഞിയും പച്ചപ്പഴം വരട്ടിയതും ചെറുമീന്‍ മുളകിട്ട കറിയുമാണ് നോമ്പ് തുറക്കുന്നതിന് ഉമ്മ ഒരുക്കുന്ന മറ്റൊരു പ്രധാന വിഭവം. ഇറച്ചിക്കോഴികള്‍ സുലഭമായിരുന്നില്ല. ദഹനത്തിനും ക്ഷീണമകറ്റാനും ഉതകുന്ന ഔഷധ വീര്യമുള്ള ജീരകക്കഞ്ഞി നോമ്പുതുറയിലെ പ്രധാന ഇനമാണ്. പഴുത്ത പഴവും അല്‍പം നെയ്യും പഞ്ചസാരയും ചേര്‍ത്തായിരിക്കും മിക്കവാറും അത്താഴ ചോറിന്‍റെ അവസാന ഉരുളകള്‍. 

പാനൂസ

    രാത്രികാലങ്ങളില്‍ പ്രകാശത്തിന് വേണ്ടിയും റംസാന്‍ മാസങ്ങളില്‍ മലബാറിലെ മുസ്ലിം ഭവനങ്ങളില്‍ അലങ്കാരത്തിന് വേണ്ടിയും കത്തിക്കുന്ന പ്രത്യേക രീതിയിലുള്ള അലംകൃത വിളക്കുകളാണ് പാനൂസ. കാറ്റത്ത് കെടാതെ കത്തുന്ന രീതിയിലാണ് നിര്‍മ്മാണം. അറബി പേര്‍ഷ്യന്‍ ഭാഷകളില്‍ ഫാനൂസെന്നും ചില പ്രദേശങ്ങളില്‍ പാനീസെന്നും വിളിക്കുന്നു.  

റംസാന്‍ രാത്രികളില്‍ പൊന്നാനിയിലെ കുട്ടികള്‍ വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് വലിയ പാനൂസും ചെറിയ പാനൂസുമുണ്ടാക്കി വീട്ടിലും വലിയ മോഡല്‍ നിര്‍മ്മിച്ച് അയല്‍ വീടുകളിലും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കും. കപ്പല്‍, വിമാനം, ബസ്സ്, കാര്‍ തുടങ്ങിയവകളുടെ ആകൃതിയിലാണ് വലിയ പാനൂസകളുടെ നിര്‍മ്മാണം. സ്ട്രീറ്റ് ലൈറ്റുകള്‍ ഇല്ലാത്ത അക്കാലത്ത് പാനീസുകളുടെ അകത്ത് കത്തിച്ചുവെച്ച മെഴുകുതിരികളുടെ പ്രകാശത്താല്‍ വിവിധ നിറങ്ങളിലായി പുറത്തേക്ക് വീഴുന്ന നിഴലുകള്‍ വഴിനീളെ ചലിക്കുന്നതുകണ്ട് കൈക്കൊട്ടി ചിരിക്കാറുണ്ട്. നക്ഷത്രം, വൃത്തസ്തംഭം, അഷ്ടഭുജം, ചതുര്‍ഭുജം തുടങ്ങിയ ആകൃതികളിലാണ് ചെറിയ പാനൂസുകളുടെ നിര്‍മ്മാണം. പൂമുഖത്തും കോലായയിലും അകത്തളത്തിലും ഇവ സ്ഥാനം പിടിക്കും. വിവിധ ചിത്രങ്ങള്‍ പതിച്ച വൃത്താകൃതിയിലുള്ള കുട്ടി പാനീസുകളും ദുര്‍ല്ലഭമല്ല. 

    തറാവീഹ് നമസ്കാരം കഴിഞ്ഞാല്‍ അര്‍ദ്ധരാത്രി രണ്ടുമണിക്ക് അത്താഴം കഴിക്കുന്നതുവരെ ഉറങ്ങാറില്ല. സമയം തള്ളിനീക്കാനുള്ള നേരംപോക്ക് മുത്താഴക്കുറ്റികളാണ്. മൂപ്പെത്തിയ മുളയുടെ അടിഭാഗം മൂന്നരടി നീളത്തില്‍ മുറിച്ച് ചൂടിക്കയര്‍ കെട്ടിവരിഞ്ഞ്  നിര്‍മ്മിച്ച മുത്തായ കുറ്റികളുടെ കിടപ്പ് കണ്ടാല്‍ പീരങ്കിയുടെ ചെറിയ രൂപമാണെന്നേ തോന്നൂ. അടിഭാഗത്തെ ചെറിയ ദ്വാരത്തിലൂടെ മണ്ണെണ്ണ ഒഴിച്ച് ചൂടാക്കി ഊതി തീ കൊളുത്തിയാല്‍ പുറപ്പെടുന്ന ശ്ബദം പരിസരമാകെ മുകരിതമാക്കും.

    നോമ്പുതുറക്കും, അത്താഴത്തിനും, ശബരിമലനാളുകളില്‍ പുലര്‍ച്ചെയും സൈറന്‍ മുഴങ്ങും. ആ കൃത്യം നിര്‍വ്വഹിക്കാനുള്ള ചുമതല പഞ്ചായത്ത് നല്‍കിയത് പാതാറിലെ ഇബ്രാഹിംമൂപ്പനെയാണ്.


അള്ളാഹു അഅ്ലം


സമൂഹ നോമ്പുതുറ പള്ളികളില്‍ കുറവായിരുന്നു. ചില പള്ളികളില്‍ കാരക്കയും, വെള്ളവും മറ്റിടങ്ങളില്‍ മണ്‍കലത്തിലുള്ള ശുദ്ധജലവും മാത്രമെ ഉണ്ടാകൂ. വീടുകളില്‍ ചെറിയ നോമ്പുതുറക്ക് പഴവര്‍ഗ്ഗങ്ങള്‍ക്ക് പകരം പൊരിച്ച പലഹാരങ്ങളും തരിക്കഞ്ഞിയുമാണ് മുഖ്യയിനം. അന്നും ഇന്നും പൊന്നാനിയുടെ ദേശീയ പലഹാരമെന്ന അപരനാമമുള്ള മുട്ടചേര്‍ക്കാത്ത മുട്ടപ്പത്തിരിയും സ്ഥാനം പിടിക്കും. 

    മസാലവടയും, നേരിയ പത്തിരിയും ചേര്‍ന്നാല്‍ അതിന്‍റെ രുചി ഒന്നു വേറെ തന്നെയാണ്. പടാപ്പുറത്തും കൊട്ടിലിലും പായ വിരിച്ച് സുപ്രക്ക് ചുറ്റും വട്ടം വളഞ്ഞിരുന്ന് ചുരുങ്ങിയത് പത്ത് പേര്‍ക്കെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന വലിയ പാത്രത്തിന് ചുറ്റും ചെറിയ പാത്രത്തങ്ങളില്‍ പകര്‍ന്നായിരുന്നു വീടുകളിലെ നോമ്പുതുറ. ഇത്തരം സദസ്സുകള്‍ വിവിധതരം പലഹാരങ്ങളാല്‍ സമ്പന്നമായിരിക്കും.  

    പലഹാരങ്ങളില്‍ മികച്ചത് മുട്ടമാലയും മുട്ടസുര്‍ക്കയും അള്ളാഹുഅഅ്ലവും തന്നെ. ഈ പലഹാരത്തിന് അള്ളാഹുഅഅ്ലം എന്ന പേര് സിദ്ധിക്കാന്‍ കാരണമായതില്‍ രസകരമായൊരു കഥയുണ്ട്. 

    പൊന്നാനി നഗരത്തിലെ ചില ഭാഗങ്ങളില്‍ മുസ്ലിം വീടുകള്‍ തീവണ്ടിയുടെ കമ്പാര്‍ട്ട്മെന്‍റ് പോലെയാണ് ചേര്‍ന്ന് കിടക്കുന്നത്. ഒരു ദിവസം വൈകുന്നേരം അയക്കറവീട്ടിലെ ഐസീവി അയല്‍വീടായ മമ്മച്ചംവീട്ടിലെ കുഞ്ഞീവിയെ കാണാന്‍ ചെന്നു. ആ സമയത്ത് കുഞ്ഞീവി കോഴിമുട്ട, താറാവ് മുട്ട, നെയ്യ്, തേങ്ങ, ഈത്തപ്പഴം, മുന്തിരി, അണ്ടിപരിപ്പ് തുടങ്ങിയ വിവിധതരം ചേരുവകള്‍ ചേര്‍ത്ത് വിവിധ അടക്കുകളാക്കി വലിയ ദേശപോലുള്ള ഒരു പലഹാരമുണ്ടാക്കി. അതില്‍ അടുക്കുകള്‍വെച്ച്  ഒരു വലിയ പാത്രത്തില്‍ വെച്ച് ഒരു ഭാഗത്ത് മുട്ടമാലയും മുട്ടസുര്‍ക്കയും ചേര്‍ത്ത് കടലപ്പരിപ്പും ചേരുവകളും തൂമിച്ചുതും പഞ്ചസാര ലായനിയും ഒഴിച്ച് അത്യപൂര്‍വ്വമായ ഒരു പലഹാരം ഉണ്ടാക്കുന്നതായി ഐസീവിക്ക് കാണാന്‍ ഇടവന്നു. അതുവരെ കണ്ടിട്ടില്ലാത്ത ആ പലഹാരത്തിന്‍റെ പേരെന്തെന്ന് ഐസീവി ചോദിച്ചു. പെട്ടെന്ന് പേര് പറയാന്‍ പറ്റാത്തതിനാല്‍ കുഞ്ഞീവി അള്ളാഹുഅഅ്ലം എന്ന് പറഞ്ഞുവത്രെ. അത് മുതലാണ് ഈ പലഹാരത്തിന് ഈ പേര് സിദ്ധിക്കാന്‍ കാരണം. ഒരു നൂറ്റാണ്ട് മുമ്പ് വലിയ ജാറത്തിലെ ഖാന്‍ സാഹിബ് വി ആറ്റക്കോയ തങ്ങളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചാണത്രെ ഈ പലഹാരം ആദ്യമായി പാകം ചെയ്തത്. ചില മുസ്ലിം പ്രദേശങ്ങളില്‍ ഈ പലഹാരത്തെ അട്ടിപ്പത്തിരി എന്നും വിളിക്കാറുണ്ട്.

    ജാതിപ്പിശാച് മുക്കിലും മൂലയിലും അടക്കിവാണിരുന്ന അക്കാലത്ത് മുസ്ലിം സമുദായത്തെ അത് ബാധിച്ചിരുന്നില്ല. മുതലാളിയും തൊഴിലാളികളും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് ഒരേ പാത്രത്തില്‍ നിന്നുള്ള നോമ്പുതുറ സഹോദരസമുദായങ്ങള്‍ക്ക് മാതൃകയായിരുന്നു. ഇത് മുസ്ലിം സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും മായാമുദ്രകളാണ്. 

വാസന പുകയില ബീഡി

    തറാവീഹ് നമസ്കാരത്തിന് ശേഷം സൗഹൃദ കൂട്ടായ്മയായി സ്വാദിഷ്ട വിഭവങ്ങളാല്‍ മുത്താഴ സദസ്സുകള്‍ സജീവമാകും. ബീഡി തെരുപ്പ് വ്യാപകമായിരുന്ന അക്കാലത്ത് വാസന പുകയില ബീഡി റംസാന്‍ സ്പെഷലായി സുലഭമായി വിപണിയില്‍ ലഭിച്ചിരുന്നു. ജെ.എം. റോഡില്‍ കസാലിയാരത്തെ മാമുട്ടിയെ പോലുള്ള ഇതിന്‍റെ സ്പെഷ്യല്‍ വില്‍പ്പനക്കാര്‍ തന്നെ ഉണ്ടായിരുന്നു. തറാവീഹിനുശേഷം നാട്ടുകാരണവന്മാരുടെ സദസ്സുകളില്‍ വാസന പുകയിലയും മറ്റിനങ്ങളും ചേര്‍ത്ത ഹുക്കകളും സ്ഥാനം പിടിച്ചിരുന്നു.  

തറാവീഹിന് അധികവും അലം തറ കൈഫ മുതല്‍ സൂറത്തുന്നാസ് വരെ ചെറിയ സൂറത്തുകളാണ് ഓതാറ്. ചില ദിവസങ്ങളില്‍ സൂറത്തുറഹ്മാനും, വാകിഅത്തും ഓതും. ചില ഇമാമുമാരുടെ സൂറത്ത് റഹ്മാന്‍ പാരായണം കര്‍ണ്ണാനന്ദകരമായിരുന്നു. ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പാഠമാക്കിയ ഹാഫിളീങ്ങള്‍ കുറവായിരുന്ന അക്കാലത്ത് ഇന്നത്തെ പോലെ പള്ളികളില്‍ ഹാഫിളീങ്ങളെ നിയമിക്കുന്ന പതിവും ഇല്ല. ചില വീടുകളില്‍ തറാവീഹ് നമസ്ക്കാരത്തിന് സ്ത്രീകള്‍ക്കായുള്ള ജമാഅത്ത് സംഘടിപ്പിക്കാറുണ്ട്. അപൂര്‍വ്വം വീട്ടുകാര്‍ അഞ്ച് വകത്ത് നമസ്ക്കാരങ്ങള്‍ക്കും ഈ പതിവ് തുടരാറുണ്ട്.

അര്‍ദ്ധപട്ടിണിയും മുഴുപട്ടിണിയും

    സമ്പന്നര്‍ മൊത്തവ്യാപാരത്തിലും, സ്റ്റേഷനറി ഷോപ്പുകളിലും  ഏര്‍പ്പെട്ടപ്പോള്‍, സാധാരണക്കാര്‍ ഇടത്തരം കച്ചവടത്തിലും, പീടികത്തൊഴിലിലും, ചുമട്ടുതൊഴിലിലും, ബീഡിതെറുപ്പിലും മറ്റുജോലികളിലും വ്യാപൃതരായി. അപ്പം പൊരിച്ച് വില്‍ക്കലും, ആടുവളര്‍ത്തി പാല്‍ വിതരണവും, ബീഡിതെറപ്പും മുസ്ലിംസ്ത്രീകളുടെ കുടില്‍ വ്യവസായമായിരുന്നു. 

    കടലില്‍ മത്സ്യബന്ധനം നടത്തിയും വെണ്ണീര്‍ക്കോരിയും പുഴയിലിറങ്ങി കക്കവാരിയും പൊടിച്ചെമ്മീന്‍ അരിച്ചും ചെറുവഞ്ചികളില്‍ പോയി വല വീശിയും കയര്‍ പിരിച്ചും ഓലമൊടഞ്ഞും വഞ്ചികുത്തിയും  ഉപജീവനം കഴിച്ചിരുന്ന ഒരു തലമുറ ഇവിടത്തെ കടലോരത്തും പുഴയോരത്തും കനാലോരത്തും കായലോരത്തും ജീവിച്ചിരുന്നു. ഒരു നേരവും രണ്ടു നേരവും കഞ്ഞികുടിച്ചപ്പോഴും അര്‍ദ്ധപട്ടിണിയിലും മുഴുപട്ടിണിയിലും ഓല പുരകളിലും ചെറ്റ പുരകളിലും  ഓടിട്ടവീടുകളിലും അന്തിയുറങ്ങിയപ്പോഴും ദുരിതങ്ങളുടെ തിരയടിയിലും റംസാന്‍റെ പൊലിവും ആദരവും ഹുറുമത്തും സംസ്കൃതിയും സദാചാരവും അവര്‍ കൈ വെടിഞ്ഞില്ല. 

പൊന്നാനി നഗരം പരിസരത്തുള്ള സാധാരണക്കാരുടെ പല വീടുകളിലും ഏഴ് പതിറ്റാണ്ടുമുമ്പ് കഷ്ടപ്പാടിന്‍റെയും പട്ടിണിയുടെയും കാലമായിരുന്നു. അടുപ്പില്‍ തീപൂട്ടി എന്തെങ്കിലും ഭക്ഷണം പാകംചെയ്യല്‍ ചുരുങ്ങിയത് രണ്ട്മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രമാണ്.  അതോടൊപ്പം കോളറ, വസൂരി തുടങ്ങിയ മാറാവ്യാധികളും. പൂളക്കിഴങ്ങിന്‍റെ പുറംതൊലി കളഞ്ഞ് അകത്തൊലി വേവിച്ചും തേങ്ങാപിണ്ണാക്കും മുളക് അരച്ച്ചേര്‍ത്ത ചമ്മന്തിയുമായിരുന്നു പല വീടുകളിലെയും ഭക്ഷണം. റംസാന്‍ രാത്രികളില്‍ നോമ്പ് തുറക്കും മുത്താഴത്തിനും അത്താഴത്തിനും ഒന്നിച്ച് ഒരുനേരം മാത്രം കഞ്ഞിയിലും ചമ്മന്തിയിലും ഒതുക്കിയ വീടുകളും ഉണ്ടായിരുന്നു.

    ദിവസവും വീടുകള്‍ തോറും മൊല്ലാമാരുടെ ഖത്തം ഓത്ത് (ഖുര്‍ആന്‍ പാരായണം) വ്യാപകമായിരുന്നു. ഖുര്‍ആന്‍ ഹിസ്ബ് ക്ലാസ്സുകള്‍ പള്ളികളിലും സംഘടനകളുടെ നിയന്ത്രണത്തിലും സജീവമായിരുന്നു. മദ്രസ്സകള്‍ കുറവായിരുന്ന  അക്കാലത്ത് തജ്വീദ് അനുസരിച്ചുള്ള ഖുര്‍ആന്‍ പഠനം സജീവമായിരുന്നത് ഇത്തരം ക്ലാസ്സുകളിലുടെയായിരുന്നു. മുസ്ലിം സാംസ്ക്കാരിക സംഘടനകളുടെ കീഴില്‍ കഞ്ഞിപാര്‍ച്ചയും വസ്ത്രവിതരണവും നടന്നിരുന്നു. റിലീഫ് വ്യാപകമല്ലാത്ത അക്കാലത്ത് വലിയ കാര്യങ്ങളായിരുന്നു അതെല്ലാം. പതിനാറാം ഖുനൂത്ത് ഇരുപത്തിഒന്നാം രാവ്, ഇരുപത്തിയേഴാം രാവ് തുടങ്ങിയവയായിരുന്നു പ്രത്യേക ദിനങ്ങള്‍. 

    അവസാന പത്തായാല്‍ ദിനരാത്രങ്ങളുടെ വേഗത വര്‍ദ്ധിച്ചതായി തോന്നും. വലിയ പള്ളിയില്‍ വിവിധ നാടുകളില്‍ നിന്ന് ഇഅ്തികാഫ് (ഭജന) ഇരിക്കാന്‍ ഭക്തര്‍ ഇവിടെ എത്തിയിരുന്നു. നാട്ടിലും മറുനാട്ടിലുമുള്ള വിശ്വാസികള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറക്കമിളച്ച് പ്രാര്‍ത്ഥനയിലും ആരാധനയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകും. പാപമോചനത്തിന് വേണ്ടി മതിവരുവോളം കണ്ണീര്‍വാര്‍ത്ത് പശ്ചാത്തപിക്കും. ആയിരം മാസങ്ങളെക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദര്‍ രാവാണ് വിശ്വാസികളുടെ മുഖ്യലക്ഷ്യം.

    അങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍  അര്‍ദ്ധരാത്രിവരെ അടക്കാറില്ല. തറാവീഹ് കഴിഞ്ഞാലും കോരവളവില്‍ ഫ്രഷ് മത്സ്യങ്ങള്‍ ലഭ്യമായിരുന്നു. ജുമാമസ്ജിദ് റോഡില്‍ പുലര്‍ച്ചവരെ ആള്‍കൂട്ടങ്ങള്‍ കാണാം. ടി.കെ. യുടെ ചായപ്പീടികയും കറാച്ചി അബ്ദുറഹിമാന്‍കുട്ടിക്ക സ്ഥാപിച്ച വ്യാപാരി നേതാവ് അബ്ദുല്‍ കയ്യൂമിന്‍റെ ബേക്കറിയുമാണ് കൂടുതല്‍ സജീവം. വലിയ പള്ളിയില്‍ നിന്ന് സുബഹി ബാങ്ക് വിളിച്ചാലാണ് ചായപ്പീടികകള്‍ നിരപ്പലകകള്‍ ഇട്ട് അടക്കാറ്.

ധനാഢ്യര്‍ സക്കാത്തിന്‍റെ ഒരു വിഹിതം വലിയപള്ളിയില്‍ വെച്ചായിരുന്നു വിതരണം ചെയ്തിരുന്നത്. നാലണ, എട്ടണ, ഒരു രൂപ തുട്ടുകളായിരുന്നു അധികവും. പണ്ഡിത ശ്രേഷ്ഠന്മാര്‍ക്ക് രണ്ട് രൂപയും അപൂര്‍വ്വമായി അഞ്ചുരൂപയും നല്‍കാറുണ്ട്.  വിതരണം ചെയ്യേണ്ട വിഹിതവുമായി സമ്പന്നര്‍ പള്ളിയുടെ മുകളില്‍ ഇരിക്കും. സക്കാത്തിന് അര്‍ഹരായവര്‍ കോണിയിലൂടെ താഴേക്ക് ഇറങ്ങുന്ന അവസരത്തിലാണ് വിതരണം നടത്താറ്. ധനാഢ്യരായ സ്ത്രീകള്‍ പലരും സഭയിലെ അന്തേവാസികള്‍ക്ക് നല്‍കാറാണ് പതിവ്.

    വലിയ പള്ളിയില്‍ സുബഹി നമസ്ക്കാരത്തിന് മുമ്പ് മഖ്ദൂം കുഞ്ഞാട്ടി മുസ്ലിയാരുടെ അല്ലാഹുമ്മ യാ വാജിബല്‍ വുജൂദ്' എന്നാരംഭിക്കുന്ന ഭക്തിസാന്ദ്രമായ ദുആ മധ്യവയസ്കരുടെ സ്മരണയില്‍ ഇന്നും മായാത്ത ഓര്‍മ്മയാണ്. തുടര്‍ന്ന് നമസ്ക്കാരാനന്തരം നീലങ്ങാനകത്ത് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.പി. കുഞ്ഞിമോന്‍ മുസ്ലിയാര്‍, ഒ.എന്‍.വി. ഖാദര്‍ മുസ്ലിയാര്‍, പി.വി.അബൂബക്കര്‍ ഹാജി തുടങ്ങിയ പണ്ഡിതډാരും നാട്ട്കാരണവډാരും ചേര്‍ന്ന് അകത്തെ പള്ളിയില്‍ വിളക്കുകള്‍ അണച്ച് സൂര്യോദയം വരെ ചൊല്ലിയിരുന്ന ഔറാദ്  ദിക്ക്റുകള്‍ ഭക്തിമയവും കര്‍ണ്ണാനന്ദകരവുമായിരുന്നു.

    ഇന്നത്തെ പോലെ രാത്രിയുടെ അന്ത്യയാമങ്ങളില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്ത് മുക്കാടിയിലെ മസ്ജിദ് ഉമ്മുമറിയമില്‍ കൂട്ടമായി നമസ്ക്കരിക്കുന്ന ഖിയാമുലൈല്‍ അക്കാലത്ത് പതിവില്ലായിരുന്നു. പകരം പള്ളികളിലും വീടുകളിലും തസ്ബീഹ് നിസ്ക്കാരം നടന്നിരുന്നു. ഇരുപത്തിയേഴാം രാവ് കഴിഞ്ഞാല്‍ പള്ളികളില്‍ വിശാസികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരും.  


സാഹിബിന്‍റെ അച്ചാറും സര്‍ബത്തും


കാരക്ക, ഓമക്കായ, ചെറുനാരങ്ങ തുടങ്ങിയവ പാകം ചെയ്ത് പ്രത്യേക ചേരുവകള്‍ച്ചേര്‍ത്ത് തയ്യാറാക്കിയ പൊന്നാനി അച്ചാറുകളും നന്നാരി സര്‍ബത്തും ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് നാവില്‍ രുചിക്കൂട്ടുകളുടെ മാസ്മരികത തുളുമ്പുന്ന ഓര്‍മ്മകളാണ്. വലിയ പള്ളിയിലെ തറാവീഹീനും റിലീഫിനും പങ്കെടുക്കാന്‍ എത്തുന്ന വിശിഷ്ട അതിഥികളില്‍ പലരും, വി.പി.സി. തങ്ങളുടെ നോമ്പു തുറയും മുത്താഴവും നന്നാരി സര്‍ബത്തും അച്ചാര്‍ പൊതിയും സ്വീകരിക്കാത്തവര്‍ ചുരുക്കം. അത്രയും ഹൃദ്യവും ഊഷ്മളവുമായിരുന്നു ആ ഒത്തുചേരല്‍.

    'വെട്ടി വെട്ടി മീക്ക്, സൈതാലി മിസ്കീനെ നോക്ക്, അള്ളാ നിങ്ങള്‍ക്ക് സുഖം നല്‍കട്ടെ'

    എന്ന ഈരടികള്‍ ഇമ്പത്തില്‍ പാടി സുറുമകുപ്പിയും വെള്ളിക്കോലുമായി സഹൃദയരുടെ കണ്ണില്‍ സുറുമ എഴുതിയിരുന്ന ഒരു വന്ദ്യവയോധികന്‍ അക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു. 

    ഇദ്ദേഹത്തെ ആദരപൂര്‍വ്വം മാലോകര്‍ സൈതാലി മിസ്കീന്‍ എന്ന് വിളിച്ചു. എം.പി. കുഞ്ഞിബാവ സാഹിബ് ഇദ്ദേഹത്തിന്‍റെ മകനാണ്. റംസാന്‍ രാവുകളുടെ അന്ത്യയാമങ്ങളില്‍ നഗരത്തിലെ നിരത്തിലൂടെയും ഇടവഴികളിലൂടെയും കുട്ടികളും യുവാക്കളും ഒന്നിച്ച് റാന്തലുകളുമായി നടന്ന് തസ്ബീഹ് തഹ്ലീലുകള്‍ ചൊല്ലി എല്ലാവരെയും സുബഹി നമസ്ക്കാരത്തിന് പള്ളിയിലേക്ക് ക്ഷണിക്കല്‍ ഇദ്ദേഹത്തിന്‍റെ പതിവായിരുന്നു. ഇങ്ങനെതുടങ്ങി പല പ്രത്യേക ആചാരാനുഷ്ഠാനങ്ങളാലും പൊലിവുകളാലും സമ്പന്നമാണ് ഇവിടത്തെ റംസാന്‍ കാലം.