പൊന്നാനിയും പത്തേമാരിക്കാലവും



 51. പൊന്നാനിയും പത്തേമാരിക്കാലവും 




  ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336 

    നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മലബാറിലെയും ലക്ഷദ്വീപിലെയും മുസ്ലിംകള്‍ കടല്‍ സഞ്ചാരത്തിലും പായക്കപ്പല്‍, പത്തേമാരി നിര്‍മ്മാണത്തിലും മുന്‍പന്തിയിലായിരുന്നു. പൊന്നാനി, ബേപ്പൂര്, കോഴിക്കോട്, വളപ്പട്ടണം, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളിലെ പത്തേമാരി തൊഴിലാളികളില്‍ അധികവും മുസ്ലിംകളും അവരില്‍ തന്നെ വലിയൊരു വിഭാഗം പൊന്നാനിക്കാരുമായിരുന്നു. പൊന്നാനി തുറമുഖം കയറ്റിറക്ക് രംഗത്ത് സമ്പന്നമായിരുന്ന കാലത്ത് ചെറുതും വലുതുമായ നൂറിലധികം പത്തേമാരികളുടെ ഉടമകളായിരുന്നു പൊന്നാനിക്കാര്‍. നാട്ടുകാരും അയല്‍നാട്ടുകാരുമായി ദിവസേന അഞ്ഞൂറിലധികം തൊഴിലാളികള്‍ ഈ തുറമുഖത്ത് ജോലിചെയ്തിരുന്നു.

    18-ാം നൂറ്റാണ്ടിന്‍റെ മധ്യംവരെ തദ്ദേശീയരായ മുസ്ലിംകള്‍ സമുദ്ര വ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ചവരും പായക്കപ്പല്‍ നിര്‍മാണത്തില്‍ മികവ് തെളിയിച്ചവരും കപ്പലുകളുടെ അധിപന്മാരുമായിരുന്നു. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കുകള്‍ കയറ്റിയിറക്ക് നടത്തിയിരുന്ന പായക്കപ്പലുകള്‍, പത്തേമാരികള്‍ തുടങ്ങിയ വിവിധ തരം യാനപാത്രങ്ങളാല്‍ സജീവമായിരുന്നു അക്കാലത്ത് ഇവിടം. മലബാറിലെയും കര്‍ണാടകയിലെയും തീരപ്രദേശ മുസ്ലിം കച്ചവടക്കാര്‍ ഇവിടം കേന്ദ്രീകരിച്ച് കച്ചവടം നടത്തിയത് ദേശത്തിലെ മുസ്ലിം ക്രോഡീകരണത്തിനും കച്ചവട പുരോഗതിക്കും സുപ്രധാന പങ്കുവഹിച്ചു.

    രൂപവ്യത്യാസമനുസരിച്ച് വിവിധ രീതിയിലുള്ള പത്തേമാരികള്‍ അക്കാലത്ത് നിര്‍മ്മിച്ചിരുന്നു. പത്തേമാരികളെ പൊതുവെ ഉരു എന്നാണ് വിളിച്ചിരുന്നതെങ്കിലും ബോംബെ വഞ്ചി, പടവ്, ഓടം, മര്‍ച്ചന്‍റ് സെയില്‍സ് വെസല്‍സ്, മോട്ടോര്‍ ആന്‍റ് വെസല്‍സ് എന്നീ വ്യത്യസ്ത പേരുകളിലായിരുന്നു അവ അറിയപ്പെട്ടിരുന്നത്. തന്മൂലം പത്തേമാരികളുടെ നിര്‍മ്മാണത്തില്‍ വിവിധ പ്രദേശങ്ങളില്‍ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങളും പ്രകടമായിരുന്നു.

    കാറ്റിന്‍റെ ഗതിയനുസരിച്ച് വേഗത്തില്‍ സഞ്ചരിക്കുന്നവയും അല്ലാത്തവയും ആദ്യകാലത്ത് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അപകടസമയത്ത് സുരക്ഷക്കായി പത്തേമാരികളില്‍ കയറ്റി കൊണ്ടുനടന്നിരുന്ന ചെറിയ വഞ്ചികളെ ബര്‍ക്കാസ് (മച്ചുവ) എന്ന് വിളിച്ചു.

    പതിനാറാം നൂറ്റാണ്ടില്‍ ഭാരതീയ അധിനിവേശത്തിന് തുടക്കം കുറിച്ച പറങ്കികള്‍ക്കെതിരെ കുഞ്ഞാലി മരക്കാന്മാരുടെ നേതൃത്വത്തില്‍ 1508 മുതല്‍ 1600 വരെ നടന്ന ഒരു നൂറ്റാണ്ട് കടല്‍ യുദ്ധത്തില്‍ മുഖ്യപങ്ക് വഹിച്ച വാഹനം ചെറുതും വലുതുമായ പത്തേമാരികളായിരുന്നു.

    ലക്ഷദ്വീപ് നിവാസികള്‍ക്ക് ഒരുകാലത്ത് കേരളത്തിലേക്കുള്ള പ്രധാന സഞ്ചാര വാഹിനി ഓടങ്ങളായിരുന്നു. പത്മശ്രീ അലി മണിക്ഫാന്‍ ഈ രംഗത്ത് വ്യക്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ പ്രമുഖ വ്യക്തിത്വമാണ്. 1960കള്‍ക്ക് മുമ്പ് പൊന്നാനിയിലും ലക്ഷദ്വീപില്‍ നിന്ന് ഓടങ്ങള്‍ വന്നിരുന്നു.

    പത്തേമാരി പൊന്നാനിക്കാരുടേതാണെങ്കിലും ബ്രോക്കര്‍മാര്‍ മുഖേന കോഴിക്കോടുനിന്നും മംലാപുരത്തുനിന്നും ഇതര തുറമുഖങ്ങളില്‍നിന്നും ചരക്കുകള്‍ കയറ്റുമതിയും ഇറക്കുമതിയും ചെയ്തിരുന്നു. യാമം മാറിയാണു(ഷിഫ്റ്റ്) ജോലി നിര്‍വഹണം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അക്കാലത്ത് പൊന്നാനിയില്‍നിന്നും യാത്ര തിരിച്ച പത്തേമാരികള്‍ രണ്ടാഴ്ചക്കകം ബോംബെയില്‍ എത്തിച്ചേര്‍ന്നിരുന്നു. തിരിച്ചെത്താന്‍ അത്ര ദിവസങ്ങള്‍ വേണ്ടിവന്നില്ല. പ്രതികൂല കാലാവസ്ഥയില്‍ ഒന്നും രണ്ടും മാസവും ചിലപ്പോള്‍ അതിനപ്പുറവും വേണ്ടിവന്നിട്ടുണ്ട്.

    പത്തേമാരി ജോലി നാടന്‍ ഭാഷയില്‍ മഞ്ചീപ്പോക്ക്, മഞ്ചിവലി എന്നാണ് അറിയപ്പെട്ടിരുന്നത്. തډൂലം തൊഴിലാളികളെ മഞ്ചീക്കാര്‍ എന്ന് വിളിച്ചു. അധികപേരും ഭക്ഷണം പാകം ചെയ്യുന്ന പണ്ടാരിയായിട്ടാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. മിക്കവാറും ആ സമയത്ത് പ്രായം പത്ത് വയസ്സോ അതിന് മുകളിലോ ആയിരിക്കും. തൊഴില്‍ വൈദഗ്ധ്യമനുസരിച്ച് ഹെല്‍പ്പര്‍, മുക്കാല്‍ ഗലാസി, ഒരു ഗലാസി, ഒന്നര ഗലാസി, ഇടസ്രാങ്ക്, സ്രാങ്ക് എന്നീ ക്രമത്തില്‍ നിര്‍ണയിച്ചായിരുന്നു തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിരുന്നത്.

    പ്രതിഫലം കുറവ് പണ്ടാരിക്കും കൂടുതല്‍ സ്രാങ്കിനുമാണ്. പണ്ടാരിക്ക് അരഗലാസിയുടെയും സ്രാങ്കിന് രണ്ട് ഖലാസിയുടെയും പ്രതിഫലം ലഭിക്കും. ആദ്യകാലത്ത് ഉടമസ്ഥര്‍ ഇഷ്ടമുള്ള ഭക്ഷണവും കൂലിയുമാണ് തൊഴിലിന് നല്‍കിയിരുന്നത്. അടിമ, ഉടമ രീതിയിലായിരുന്നു അക്കാലത്ത് ഈ ജോലി. തുടര്‍ന്ന് കാലാനുസൃത മാറ്റങ്ങള്‍ വന്നെങ്കിലും വര്‍ഷം മുഴുവനും ജോലിചെയ്താല്‍ പല തൊഴിലാളികള്‍ക്കും ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രക്കും ചൂഷണ വിധേയമായിരുന്നു ഈ ജോലി. കൊട്ട് ചെണ്ടക്കും കൂലി മാരാര്‍ക്കും എന്ന വാമൊഴിപോലെ ചില ഉടമസ്ഥډാരും സ്രാങ്കുമാരുമാണ് ഈ മേഖലയില്‍ കൂടുതല്‍ നേട്ടം കൊയ്തത്.

    വര്‍ഷങ്ങളോളം പത്തേമാരി തൊഴിലുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പൊന്നാനി അഴീക്കല്‍ സ്വദേശികള്‍ക്ക് അവരുടെ പരമ്പരാഗത തൊഴിലായിരുന്നു ഇത്. പത്തേമാരി ജോലിക്കിടയില്‍ ധാരാളം ജീവനാശങ്ങളും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. 1967ല്‍ അത്തമാനകത്ത് കാദര്‍കുട്ടി സ്രാങ്കും ഗലാസികളായ പുത്തംപുരയില്‍ കുഞ്ഞിമൊയ്തീന്‍, ഹാജിയാരകത്ത് ബാവക്കുട്ടി, ഹംസ എന്നിവരുള്‍പ്പെടെ വിജയമാല പത്തേമാരിയിലെ 12 തൊഴിലാളികളും സ്രാങ്ക് തറീക്കാനകത്ത് കുഞ്ഞിമുഹമ്മദ്, ഗലാസികളായ മുഹമ്മദ്, ബാവക്കുട്ടി, കാദര്‍, ഹംസ, ആലിയമാക്കാനകത്ത് ഹുസൈന്‍, കോലാജിയാരകത്ത് അസൈനാര്‍, കുട്ടൂസാക്കാനകത്ത് അബ്ദുല്‍ കാദര്‍, കിരീറ്റിന്‍റെ മുഹമ്മദ്, ഈസ്ഫാക്കാനകത്ത് മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ ദുല്‍ദുല്‍ പത്തേമാരിയിലെ 11 പേരുമടക്കം മൊത്തം 23 തൊഴിലാളികളെയും 2 പത്തേമാരികളേയുമാണ് കടലെടുത്തത്. 1978ലും 79ലും ഇതുപോലെ തൊഴിലാളികള്‍ അടക്കമുള്ള പത്തേമാരികള്‍ കടലില്‍ മുങ്ങിത്താഴ്ന്നിട്ടുണ്ട്.

    തിരച്ചുവരുമെന്ന് ഉറപ്പില്ലാത്ത ഇത്തരം ഒറ്റപ്പെട്ടതും കൂട്ടായതുമായ അനുഭവങ്ങള്‍ക്കിടയില്‍ ഉപജീവനത്തിന് മറ്റൊരു വഴിയും കണ്ടെത്താനാവാത്തതിനാലാണ് കുടുംബിനികളും കുടുംബാംഗങ്ങളും കണ്ണീരോടെയായിരുന്നു തങ്ങളുടെ അന്നദാതാക്കളെ ത്യാഗപൂര്‍ണവും ദുഷ്കരവുമായ ഈ തൊഴിലിന് അയച്ചിരുന്നത്. തൊഴിലിനു യാത്ര തിരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ വീടുകളില്‍ ഖുര്‍ആന്‍ പാരായണവും വഴിപാടുകളും മുറക്ക് നടന്നിരുന്നു.

    പൊന്നാനിയില്‍ നിന്ന് പത്തേമാരി യാത്ര തിരിച്ചാല്‍, ഇന്നത്തെപ്പോലെ ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്ത അക്കാലത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയും മടങ്ങി വീട്ടില്‍ തിരിച്ചെത്തുന്നത് വരെയും പ്രിയപ്പെട്ടവരുടെ വ്യക്തമായ വിവരങ്ങള്‍ അതത് സമയങ്ങളില്‍ ലഭിക്കാത്തതിനാല്‍ കുടുംബങ്ങളുടെ മനസ്സ് അസ്വസ്ഥതയാല്‍ നീറിപ്പുകഞ്ഞുകൊണ്ടിരിക്കും.

    'പടച്ചവനേ, ഞങ്ങളുടെ ആണുങ്ങള്‍ കുടുംബം പോറ്റാനാണ് പോയിരിക്കുന്നത്. യാതൊരു പ്രയാസവും കൂടാതെ അവരെ ഞങ്ങളുടെ അടുത്ത് തിരിച്ചെത്തിക്കേണമേ' എന്ന പ്രാര്‍ഥനയോടെയാണ് 'ഔത്തേകാല്' പുറത്തിടാതെ (അകംമറക്കുള്ളില്‍) താമസിച്ചിരുന്ന ഇവിടുത്തെ കുടുംബിനികള്‍ തുടര്‍ന്നുള്ള ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നത്. കരകാണാ കടലില്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഇത്തരം പ്രാര്‍ഥനകളാണ് അവര്‍ക്ക് തുണയേകിയത്. മതപരമായ അനുഷ്ഠാനങ്ങളിലും ചിട്ടകളിലുമുള്ള ഈ പാരമ്പര്യം ഇന്നും നിലനിര്‍ത്തിവരുന്നു.

    പോര്‍ച്ചുഗീസുകാരുടെ കാലംമുതല്‍ സജീവമായിരുന്ന പത്തേമാരി വ്യവസായം 1975 വരെ മലബാറില്‍ നിലനിന്നു. കര്‍ണാടകയിലെ ഉന്നാപുരം പാലത്തിന്‍റെ ഉദ്ഘാടനവും റെയില്‍വെ വികസനവും തീരദേശ റോഡ് വിപുലീകരണവും പശ്ചിമതീരത്ത് പത്തേമാരി വ്യവസായത്തിന്‍റെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. തീരദേശ പട്ടണങ്ങളില്‍ നിന്ന് ലോറികള്‍ മുഖേന ബോംബെയിലേക്കും അതിനപ്പുറത്തേക്കും ഒരു സ്പോട്ടില്‍ നിന്ന് മറ്റൊരു സ്പോട്ടിലേക്ക് ചരക്കുകള്‍ അതിവേഗത്തില്‍ കൈമാറുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് പത്തേമാരി കയറ്റിറക്ക് വലിയ രീതിയില്‍ സാമ്പത്തിക ബാധ്യത ഉള്ളതായിത്തീര്‍ന്നതിനാല്‍ കസ്റ്റമേഴ്സ് അധികവും ലോറി ട്രാന്‍സ്പ്പോര്‍ട്ടിംഗ് മേഖലയിലേക്ക് നീക്കമാരംഭിച്ചു. ക്രമാനുഗതമായി പായകൊണ്ട് ഓടുന്ന പത്തേമാരിയില്‍ ചരക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടു. തന്മൂലം ഈ വ്യവസായത്തിന്‍റെ പ്രസക്തി അനുദിനം തകര്‍ച്ചയിലേക്ക് നീങ്ങി. കൂടുതല്‍ വേഗത്തില്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് മോട്ടോര്‍ ആന്‍റ് വെസല്‍സ് പത്തേമാരികളുടെ പ്രസക്തി വര്‍ധിച്ചുവന്നു. 

    പത്തേമാരികള്‍ നങ്കൂരമിട്ടിരുന്ന തുറമുഖവും അറ്റകുറ്റിപണിക്കായി കയറ്റിയിരുന്ന ചെറിയ കടപ്പുറവും കാലാന്തരത്തില്‍ പൂര്‍ണമായും നാമാവശേഷമായി. തുടര്‍ന്ന് വഞ്ചികള്‍ അടുത്തിരുന്ന പഴയ പാതാറ് മത്സ്യബന്ധന തുറമുഖമായി മാറി. 1990 വരെ മലബാറിലെയും മംഗലാപുരത്തെയും തുറമുഖങ്ങളില്‍ ജോലിചെയ്തിരുന്ന പൊന്നാനിക്കാരായ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. പത്തേമാരികളില്‍ പലതും ദ്വീപുകാര്‍ക്കും ഗുജറാത്തികള്‍ക്കും (ബത്തലക്കാര്‍ക്കും) കുറഞ്ഞ വിലക്ക് വില്‍ക്കുകയും അവശേഷിച്ചവ പൊളിച്ച് വിറക് വിലക്ക് വില്‍ക്കുകയും ചെയ്തു. കാലാന്തരേണ പത്തേമാരികള്‍ ചരിത്രത്തിന്‍റെ ഭാഗമായി. ഈ വാണിജ്യ യാനപാത്രത്തിന്‍റെ ചരിത്രസ്മരണ നിലനിര്‍ത്താന്‍ യാതൊന്നും പൊന്നാനിയിലില്ല. ഒരുകാലത്ത് ലോകത്തിന്‍റെ വിവിധ തുറമുഖങ്ങളിലേക്ക് പത്തേമാരി നിര്‍മ്മിച്ചിരുന്ന ബേപ്പൂര്‍ തുടങ്ങിയ ചില തുറമുഖങ്ങളില്‍ ഇപ്പോഴും നാമമാത്ര നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്.


റഫറന്‍സ്


1. പത്തേമാരിക്കാലം, കെഎ ഉമ്മര്‍കുട്ടി, 2020 ഒക്ടോബര്‍ 20 മുതല്‍ 2020 ഡിസംബര്‍ 14 വരെയുള്ള മാധ്യമം ആഴ്ചപതിപ്പുള്‍

2. ചരിത്രമുറങ്ങുന്ന പൊന്നാനി (പരിഷ്ക്കരിച്ച മൂന്നാം പതിപ്പ്), ടിവി അബ്ദുറഹിമാന്‍കുട്ടി, ഏപ്രില്‍ 2017, എജുമാര്‍ട്ട് തിരൂരങ്ങാടി

3. പൊന്‍വാനിയുടെ പ്രവാഹം, ടികെ പൊന്നാനി, 2010, മുസ്ലിം സര്‍വ്വീസ് സൊസൈറ്റി പൊന്നാനി

4. പൊന്നാനി പൈതൃകവും നവോത്ഥാനവും, ടിവി അബ്ദുറഹിമാന്‍കുട്ടി, പൂങ്കാവനം ബുക്സ്, കോഴിക്കോട്, 2016