പൊന്നാനി പൌരാണിക തുറമുഖവും സാംസ്കാരിക കേന്ദ്രവും, ലഘു ചരിത്രം



52. പൊന്നാനി

പൗരാണിക തുറമുഖവും സാംസ്കാരിക കേന്ദ്രവും

(ലഘു ചരിത്രം)




ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336

നൂറ്റാണ്ടുകളുടെ പ്രതാപൈശ്വര്യങ്ങള്‍ക്കും ചരിത്ര പാരമ്പര്യത്തിനും സമന്വയ പൈതൃകത്തിനും സാക്ഷിയായ കേരളത്തിലെ അപൂര്‍വം പുരാതന പട്ടണങ്ങളില്‍ ഒന്നാണ് പൊന്നാനി. കടലിന്‍റെ താരാട്ട് കേട്ടുറങ്ങുന്ന ഈ പട്ടണം വിനോദ സഞ്ചാരികളുടെയും പൈതൃക സ്നേഹികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടദേശമാണ്. 

    സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍റെ തട്ടകം, നേവി ഹെഡ്ക്വാര്‍ട്ടേഴ്സ്, ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ദേശം, നൂറ്റാണ്ടുകളായി മതസാഹോദര്യം കണ്ണിന്‍റെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന പ്രദേശം, 1921ലെ മലബാര്‍ പോരാട്ടകാലത്ത് പോലും ദേശത്തിന് പോറലേല്‍ക്കാതെ മതമൈത്രി സംരക്ഷിച്ച നാട്, മാനവമൈത്രി ജീവിത ലക്ഷ്യമാക്കിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ജډം നല്‍കിയ ഇടം, മലയാളക്കരയില്‍നിന്ന് ആദ്യമായി  വിദേശ ബിരുദം നേടിയ പണ്ഡിതശ്രേഷ്ഠനായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും കേരളത്തിന്‍റെ ലക്ഷണമൊത്ത പ്രഥമ ചരിത്രകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും പ്രവര്‍ത്തന മണ്ഡലം, മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെയും മലയാള സാഹിത്യ തറവാട്ടില്‍ ചിരപ്രതിഷ്ഠ നേടിയ പൊന്നാനി കളരിയുടെയും വന്നേരി കളരിയുടെയും സ്വാതന്ത്ര്യസമര അക്കാദമി ആനക്കര വടക്കത്തിന്‍റെയും മാമാങ്ക മഹോത്സവങ്ങളുടെയും കേരള വാത്മീകി വള്ളത്തോള്‍ നാരായണമേനോന്‍റെയും ജ്ഞാനപീഠ ജേതാക്കളായ എംടി വാസുദേവന്‍ നായരുടെയും അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെയും പഴയ താലൂക്ക് ആസ്ഥാനം, 1939ല്‍ തന്നെ ഇടത് പക്ഷ തൊഴിളാലി പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിച്ച ഇടം തുടങ്ങി പല വിശേഷണങ്ങള്‍ക്കും അര്‍ഹമായ നാടാണ് പൊന്നാനി.


പൗരാണിക തുറമുഖം


      അതിപ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനം തുറമുഖമായിരുന്നു. അക്കാലത്തെ പ്രധാന വ്യാപാര സാംസ്കാരിക വിനിമയ മാര്‍ഗ്ഗം കടലായിരുന്നു. മുസരീസ്, തിണ്ടീസ്, ബക്കരെ, നെല്‍കിണ്ട, നൗറ തുടങ്ങിയവയാണ് പ്രധാന തുറമുഖങ്ങള്‍. ഇതില്‍ മുസരീസ് തുറമുഖം ഇന്നത്തെ കൊടുങ്ങല്ലൂരിന് സമീപമാണ്.

    മുസരീസിന് വടക്ക് ഭാഗത്തുള്ള തിണ്ടീസിനാണ് രണ്ടാം സ്ഥാനം. നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും സമൃദ്ധമായ പ്രകൃതിരമണീയമായ ഈ പ്രദേശം പൊന്നാനിയാണെന്നും കടലുണ്ടിയാണെന്നും പന്തലായനി കൊല്ലമാണെന്നും ചരിത്രപണ്ഡിതര്‍ വിഭിന്ന പക്ഷക്കാരാണ്. തിണ്ടീസ് തുറമുഖം പൊന്നാനി തന്നെയാണ് എന്നതിന് ഇപ്പോള്‍ പ്രബലമായ പല ചരിത്ര രേഖകളും ലഭ്യമാണ്. 


പ്രാചീന സാംസ്കാരിക കേന്ദ്രം


    പ്രാചീന കാലത്ത് പാണ്ഡിത്യത്തിലും വേദശാസ്ത്രാദി വിഷയങ്ങളിലും കേമډാരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ ആസ്ഥാനം ഈ താലൂക്കിലാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷരപെരുമ. 

    ഭാരതപ്പുഴയുടെ വടക്കെക്കര തിരൂരില്‍  ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്കരണം നടത്തുകയും ഹൈന്ദവ വൈജ്ഞാനിക  ആത്മീയ മേഖലയെ സംപുഷ്ടമാക്കുകയും അവിഭക്ത പൊന്നാനി താലൂക്കിലെ ഗുരുവായൂര്‍ക്ഷേത്രവും ചങ്ങരംകുളത്തിനടുത്ത മൂക്കുതല ക്ഷേത്രവും തട്ടകമാക്കി പൂന്താനം നമ്പൂതിരിയും ഭാരതപ്പുഴക്ക് കിഴക്കെകര തിരുന്നാവായക്ക് സമീപം ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും ഭാരതപ്പുഴക്ക് തെക്കേകരയിലെ പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍  ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസ് മഖ്ദൂമും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്നു.

    എ ഡി 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 30 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്യമാക്കുന്നു. 

    ഇതിന്‍റെ പിന്തുടര്‍ച്ചയായി ഇരുപതാം നൂറ്റാണ്ടന്ത്യംവരെ ഈ സംസ്കാരം പ്രോജ്വലമായി തുടരുകയും ഇന്നും നിലനിന്നുവരുകയും ചെയ്യുന്നു. 

    വര്‍ത്തമാന കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനമായ തൃശൂര്‍ ഒരു നഗരമായി രൂപപ്പെട്ടതുതന്നെ 1790 മുതല്‍ 1805 വരെയുള്ള കൊച്ചിന്‍ രാജാവ് ശക്തന്‍ തമ്പുരാന്‍റെ ഭരണകാലത്താണ്. അതിനുമുമ്പുതന്നെ ജലഗതാഗതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് പൊന്നാനിയായിരുന്നു മലബാറിന്‍റെ സാംസ്കാരിക വ്യാവസായിക ആസ്ഥാനമെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.


നിളയുടെ സംഗമസ്ഥാനം


    കൈരളിയുടെ സാംസ്കാരിക പ്രവാഹിനിയായ ഭാരതപ്പുഴ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് പൊന്നാനിയുടെ പേരിലും പ്രശസ്തിയിലുമായിരുന്നു. മലബാര്‍ മാനുവല്‍ ഉള്‍പ്പെടെയുള്ള പല ചരിത്ര കൃതികളിലും ഈ പുഴയെ പൊന്നാനിപ്പുഴ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചരിത്രവും വിശ്വാസവും ഐതീഹ്യവും അലിഞ്ഞ് ചേര്‍ന്നൊഴുകുന്ന ഈ പുഴ സംഗമിക്കുന്നത് പൊന്നാനി അഴിമുഖത്താണ്. അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങളേറ്റ് ഈ പുഴ പൊന്‍പുഴയായി മാറുന്നതിനാലാണ് ഈ നാടിന് പൊന്നാനി എന്ന പേര് സിദ്ധിക്കാന്‍ കാരണമെന്നും അതല്ല അറബികള്‍ ആദ്യമായി പൊന്‍നാണയം പ്രചരിപ്പിച്ച പ്രദേശമായതിനാലാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നും സ്ഥലനാമ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 


അവിഭക്ത പൊന്നാനി താലൂക്കിന്‍റെ ആസ്ഥാനം


    ഇപ്പോഴത്തെ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്ന പഴയ വെട്ടത്തുനാട്, കൂറ്റനാട്, ചാവക്കാട് താലൂക്കുകളിലെ 66 അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1881ല്‍ പൊന്നാനി താലൂക്ക് പുനഃക്രമീകരിച്ചു. പഴയ ഏറനാട് താലൂക്കിന്‍റെ അതിര്‍ത്തിയായ പരപ്പനങ്ങാടി പൂരപ്പുഴ വടക്കും, കൊച്ചിന്‍ രാജ്യത്തിന്‍റെ അതിര്‍ത്തിയായ കൊടുങ്ങല്ലൂരിനടുത്ത ആല തെക്കും, അറബിക്കടല്‍ പടിഞ്ഞാറും, പട്ടാമ്പിപ്പുഴയും തിരുന്നാവായയും അനുബന്ധപ്രദേശങ്ങള്‍ കിഴക്കും അതിരിട്ട അവിഭക്ത പൊന്നാനി താലൂക്കിന്‍റെ ഭരണ കേന്ദ്രമായിരുന്നു പൊന്നാനി കോടതിപ്പടിയിലെ പഴയ താലൂക്ക് ഓഫീസ് പൈതൃക കെട്ടിടം. 67500 രൂപ ചെലവില്‍ 1888ല്‍ ഈ കെട്ടിടത്തിലാണ് പഴയ താലൂക്ക് ഓഫീസും കോടതിയും പ്രവര്‍ത്തിച്ചിരുന്നത്. ആംഗ്ലോ സാക്സണ്‍ മാതൃകയിലുള്ള ഒരേക്കര്‍ സ്ഥലത്ത്  സ്ഥിതി ചെയ്യുന്ന കോടതി കെട്ടിടത്തിലാണ് പഴയ താലൂക്ക് (പബ്ലിക്ക്) ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

    ഈ കെട്ടിടത്തിന് അരികിലൂടെ പോകുന്ന ചാലിയം  ചേറ്റുവ  ടിപ്പുസുല്‍ത്താന്‍ റോഡും പരിസരവും 1766 മുതല്‍ 1799 വരെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള മൈസൂര്‍ സുല്‍ത്താډാരായ ഹൈദരലിഖാന്‍റെയും ടിപ്പുസുല്‍ത്താന്‍റെയും പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രണഭൂമികയാണ്.  ഇവിടെനിന്ന് ആരംഭിക്കുന്ന പൊന്നാനി  പാലക്കാട് റോട് അവിഭക്ത പാലക്കാട് ജില്ലയിലെ പ്രമുഖ സഞ്ചാര നിരത്തായിരുന്നു. ഒരുകാലത്ത് കോടതി പരിസരം കച്ച് ആലായിസ് മേമന്‍ മുസ്ലിം വിഭാഗക്കാരുടെയും ഗുജറാത്തി സേട്ടുമാരുടെയും മറ്റു മറുനാടന്‍ കച്ചവടക്കാരുടെയും കേന്ദ്രമായിരുന്നു.

    ഈ കെട്ടിടത്തിന് തൊട്ട് വടക്ക് പാതാര്‍ (ഡക്ക) മുന്‍കാലത്ത് മലബാറിലെ പ്രമുഖ കയറ്റിറക്ക് തുറമുഖവും ഇപ്പോള്‍ മലപ്പുറം ജില്ലയിലെ പ്രമുഖ മത്സ്യബന്ധന തുറമുഖവുമാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിപുലമായ പാര്‍പ്പിട സമുച്ചയവും കര്‍മ്മാപാലത്തിന്‍റെ സംഗമ സ്ഥാനവും ഇവിടെയാണ്. 

    കേടതിപ്പടിക്ക് ഏതാണ്ട് 250 മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മിനി സിവില്‍സ്റ്റേഷന്‍റെ മുമ്പില്‍ നിന്നാല്‍ 5 മുസ്ലിം പള്ളികളും 5 പള്ളി ഖബറിടങ്ങളും ഒന്നിച്ച് കാണാം. ഈ രീതിയിലുള്ള അത്യപൂര്‍വ കാഴ്ച ലോകത്ത് മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും കാണല്‍ അസാധ്യമാണ്. പൊന്നാനി നഗരസഭയില്‍ ഇപ്പോള്‍ 50 ജുമുഅത്ത് പള്ളികളടക്കം 87 മുസ്ലിം പള്ളികളുണ്ട്. ആയതുകൊണ്ടാണ് പള്ളികളുടെ മഹാനഗരി എന്ന് പേര് സിദ്ധിക്കാന്‍ കാരണം.

    ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പണിത വലിയ ജുമുഅത്ത് പള്ളിയും ആ പള്ളിക്ക് നേരെ കിഴക്ക് 9 മിനുറ്റ് നടന്നാല്‍ എത്താവുന്ന അകലത്തില്‍ സ്ഥിതിചെയ്യുന്ന സാമൂതിരിയുടെ പഴയകാല പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കാവ് ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രവും ഈ ദേശത്തിന്‍റെ മതസൗഹാര്‍ദ്ദത്തിന്‍റെ മായാമുദ്രകളാണ്.