55. ചരിത്രത്തില്‍ ഇടംനേടിയ നാലുകെട്ട്
9495095336
1921 ആഗസ്റ്റ് 21ന് ആരംഭിച്ച മലബാര്‍ കലാപം ദിവസങ്ങള്‍ക്കകം പൊന്നാനി ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ മിക്ക പ്രദേശങ്ങളിലും പട്ടാള നിയമം നിലവില്‍ വന്നു. നിയമം നടപ്പാക്കാന്‍ പട്ടാള ഉദ്യോഗസ്ഥരാണ് സ്പെഷ്യല്‍ ഭരണാധികാരികളായി സര്‍ക്കാര്‍ നിയമിച്ചത്. പലയിടത്തും കരിനിയമങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേകിച്ചും മുസ്ലിംകള്‍ക്കെതിരെ ലിഖിതവും അലിഖിതവുമായ പകപോക്കല്‍ നയം തുടരുകയും അപ്രഖ്യാപിത ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പിന്നീട് നടന്ന കൊടും ക്രൂരതകളും നരനായാട്ടും പുറംലോകം അറിഞ്ഞില്ല. ചില മേഖലകളില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേക്കാള്‍ മികച്ച നിഷ്ഠൂര ചെയ്തികളും യജമാനക്കൂറും പ്രകടിപ്പിച്ചത് ലോക്കല്‍ പോലിസ് ഓഫീസര്‍മാരായിരുന്നു. അത്തരമൊരു സംഭവമിതാ:-
ചമ്രവട്ടം പള്ളിപ്പുറം സ്വദേശി അവതലുവിന്‍റെ നേതൃത്വത്തില്‍ പൊന്നാനി തകര്‍ക്കാന്‍ എത്തിയ മലബാര്‍ ലഹളക്കാരെ പ്രാദേശിക നേതാക്കളുടെ നയചാതുര്യം ഹേതുവായി ശാന്തരായി പൊന്നാനി വിട്ടതോടെ തൃക്കാവ് പരിസരവാസികള്‍ക്ക് ആനന്ദാശ്രുക്കള്‍ പൊഴിക്കുന്ന ദിനരാത്രങ്ങളും, ദേശത്തിന് കൈവന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ ഹേതുവായി ആശ്വാസത്തിലും ശാന്തിയിലും കൃതജ്ഞരായ പൊന്നാനിക്കാര്‍ക്ക് സമാധാനത്തിന്‍റെ വെളളപ്പുക അന്തരീക്ഷമാകെ വ്യാപിച്ച അവസരവുമായിരുന്നു അത്. ഈ സമയത്താണ് ദിവസങ്ങള്‍ക്ക് മുമ്പ് അങ്ങാടിപ്പാലത്തിന് മുകളില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ തനിക്ക് ലഭിച്ച ഉപകാരത്തിന് അല്‍പം പോലും നന്ദി പ്രകടിപ്പിക്കാതെ എസ്. ഐ. കുഞ്ഞിരാമന്‍ നായരുടെ കൈക്കരുത്തും കാട്ടാളത്തവും പൂര്‍വ്വാധികം ഭീകരരൂപം പൂണ്ടത്. അന്ന് അഭയം നല്‍കിയ കെ.വി. ബാലകൃഷ്ണമേനോനോടും കുടുംബത്തോടും ആ പോലീസാഫീസര്‍ക്ക് കനിവ് തോന്നിയില്ല.
പൊന്നാനി ചന്തപ്പടി-പുല്ലോണത്തത്താണി വണ്‍വേയില്‍ റോഡിന്‍റെ ഓരത്താണ് പുകള്‍പ്പെറ്റ കാരംകുന്നത്ത് തറവാട്. തുളസിത്തറയും നാലുകെട്ടും വിശാലമായ വരാന്തയും, പൂമുഖവും, ആകാശത്തേക്ക് തുറന്ന നടുമുറ്റവും, വശങ്ങളിലായി വടക്കിനിയും തെക്കിനിയും, മുറികളും, ധാന്യങ്ങളും മറ്റും സൂക്ഷിക്കുന്ന അറയും, ഭക്ഷണം കഴിക്കാനുള്ള അഞ്ചാം പുരയും അടുക്കളയും, ഒന്നും രണ്ടും മാളികമുകളും രൂപഭേദങ്ങളില്ലാതെ നിലനില്‍ക്കുന്ന ഈ ദേശത്തെ ഇന്നും അവശേഷിക്കുന്ന അപൂര്‍വ്വം തറവാടുകളില്‍ പ്രമുഖ തറവാടാണിത്. കുളവും, കുളപ്പുരയും, കളവും, കയ്യാലയും, വക്കീലാഫീസും, അയ്യപ്പനേയും ഭഗവതിയേയും കുടിയിരുത്തിയ തറവാട്കാവും ഇന്നില്ല. വിശാലമായ പറമ്പിന്‍റെ ഒരു ഭാഗം ഇപ്പോള്‍ അന്യാധീനപ്പെട്ടുപോയിരിക്കുന്നു.
കെ.വി. ബാലകൃഷ്ണമേനോന്‍, ദേശിയ പ്രസ്ഥാനം ആഞ്ഞടിച്ച നാളുകളിലെ മുന്നണി കര്‍മ്മഭടന്‍ അഡ്വ; കെ.വി.രാമമേനോന്‍. അഡ്വ. കെ.വി.ഗോപാലമേനോന്‍ തുടങ്ങിയ ഈ മൂവര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ജډം കൊണ്ടനുഗ്രഹീതമായ ചരിത്രം തുടിക്കുന്ന മലബാറിലെ അപൂര്‍വ്വം തറവാടുകളില്‍ ഒന്ന്. മുതിര്‍ന്നവരും കുട്ടികളും കുടുംബിനികളുമായി അമ്പതിലധികം അംഗങ്ങള്‍ താമസിച്ചിരുന്ന മാതൃകാ കൂട്ടുകുടുംബത്തിന്‍റെ ഗൃഹനാഥ അക്കാലത്ത് മാതൃഭൂമിയുടെ ആദ്യ സഹപത്രാധിപര്‍ കുഞ്ഞുണ്ണി മേനോന്‍റെ സഹോദരി തായിയമ്മയാണ്. ലഹളയെത്തുടര്‍ന്ന് തെക്കെ മലബാറില്‍ പലയിടത്തും പോലിസിന്‍റെ കിരാത തേര്‍വാഴ്ചയും നരനായാട്ടും വ്യാപകമായി നടക്കുന്ന ദിനരാത്രങ്ങള്‍.
അന്നൊരു നാള്‍ കാരംകുന്നത്ത് വീട്ടില്‍നിന്ന് പ്രാതല്‍ കഴിഞ്ഞ് പുരുഷډാരെല്ലാം വീടുവിട്ടിറങ്ങിയനേരം. സ്ത്രീകളും വേലക്കാരികളും ഗൃഹജോലികളില്‍ മുഴുകി അപ്പോഴാണ് അന്നേവരെ ആ പ്രദേശം കേള്‍ക്കാത്ത കാണാത്ത ആരവവും ബ്രിട്ടീഷ് പട്ടാളത്തിന്‍റെ ബൂട്ട്സുകളുടെ ചിലമ്പലുകളാള്‍ ഭീകരതപൂണ്ട അന്തരീക്ഷവും അസാധാരണ ബഹളവും. ബാംഗ്ലൂരില്‍നിന്നെത്തിയ സൈന്യവും നാല് ബറ്റാലിയന്‍ പോലീസ് സേനയുടെ എന്തിനും ഒരുങ്ങി സര്‍വ്വ സജ്ജീകരണങ്ങളോടെയുള്ള മാര്‍ച്ച്. ഇന്നത്തെ സ്റ്റേറ്റ് ഹൈവെ അന്ന് രൂപപ്പെട്ടിട്ടില്ല. പകരം ചന്തപ്പടി മുതല്‍ കടവനാട്വരെ നടവരമ്പ് മാത്രം.
സതീഷ് സേട്ടിന്‍റെ മാളികയോ മറ്റുയര്‍ന്ന വീടുകളോ അന്നില്ല. തൃക്കാവ് ക്ഷേത്ര നടയില്‍ നിന്നാല്‍ തലയെടുപ്പോടെ നോക്കെത്തും ദൂരത്തുള്ള അപൂര്‍വ്വം തറവാടുകളില്‍ ഒന്നാണ് കാരംകുന്നത്ത് തറവാട്. വീതികൂടിയ നാട്ടുപാതയിലൂടെ അവര്‍ കാരംകുന്നത്ത് വീട്ടുവളപ്പിനെ ലക്ഷ്യമാക്കി മാര്‍ച്ചുചെയ്തു. മെഷിന്‍ഗണ്‍ തുളസിത്തറയില്‍വെച്ച ശേഷം തോക്കുകളും ആയുധങ്ങളുമായി വീടുവളഞ്ഞു. നിരുപദ്രവകാരികളായ രാമമേനോനേയും, ബാലകൃഷ്ണമേനോനേയും കലാപത്തോടനുബന്ധിച്ച് കള്ള് ഷാപ്പ് കത്തിക്കാന്‍ നേതൃത്വം നല്‍കിയെന്ന ചെയ്യാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യലായിരുന്നു സൈന്യത്തിന്‍റെ ഉദ്ദേശം. ഇരുവരും വീട്ടില്‍ ഇല്ലെന്നും ആവശ്യപ്പെടുന്ന സ്ഥലത്ത് ഉടനെ ഹാജരാകുമെന്നും കുടുംബനാഥയായ തായിയമ്മ എസ്. ഐ യോട് ആവര്‍ത്തിച്ചുപറഞ്ഞു. ദ്വിഭാഷികൂടിയായ എസ്. ഐ. കുഞ്ഞിരാമന്‍ നായരും സില്‍ബന്തികളും വിവരം കൂടെയുള്ള ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ഇംഗ്ലീഷ് മാത്രമറിയാവുന്ന സൈനിക ഓഫീസറായ സായിപ്പിനെ മനപ്പൂര്‍വ്വം ധരിപ്പിച്ചില്ല.
അക്കാലത്ത് ഇവിടുത്തെ ഉയര്‍ന്ന ഹൈന്ദവ കുടുംബങ്ങളിലെയും നഗരത്തിലെ മുഴുവന്‍ മുസ്ലിം വീടുകളിലെയും സ്ത്രീകള്‍ അന്യപുരുഷډാരെ മുഖം കാണിക്കാറില്ല. എസ്. ഐ ക്കും പരിവാരത്തിനും വീട്ടിനകത്ത് കയറി സര്‍ച്ച് ചെയ്യണമെന്ന ഒരേ വാശിതന്നെ. തുടര്‍സംഭവത്തിലേക്ക് ഈ തറവാട്ടിലെ കണ്ണിയും പൊന്നാനിയിലെ മതസൗഹാര്‍ദ്ദത്തെ സ്വതസിദ്ധമായ ശൈലിയില്‍ വരച്ചുകാട്ടുന്ന ജീവസുറ്റ കൃതികളുടെ കര്‍ത്താവുമായ പ്രശസ്ത നോവലിസ്റ്റ് കെ. പി. രാമനുണ്ണിതന്നെ ബാക്കിപറയട്ടെ.
കാരംകുന്നത്ത് തറവാട്ടില്‍ തോക്കും ലാത്തിയുമായി സൈന്യം എത്തി. പെണ്ണുങ്ങള്‍മാത്രമേ ആ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളു. അതിലല്‍പ്പസ്വല്‍പ്പം ഇംഗ്ലീഷ് അറിയാവുന്നത് രാമമേനോന്‍റെ ഇളയമ്മയായ (ബാലകൃഷ്ണമേനോന്‍റെ ഇളയ സഹോദരി) അമ്മുക്കുട്ടിഅമ്മക്ക്മാത്രമാണ്.
No men are
here inside We are all women
Please go
please go
Please come
afterwards
വിയര്‍പ്പും, വിഭ്രാന്തിയും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ വിളിച്ചുപറഞ്ഞു. തോക്കിന്‍റെ സാന്നിദ്ധ്യങ്ങളെ അകറ്റാനുള്ള തത്രപ്പാടില്‍ അമ്മുക്കുട്ടിഅമ്മയുടെ കണ്ഠഞെരമ്പ് പുറത്തുചാടി. അന്ന് ആ സ്വരത്തിന് സംഭവിച്ച ചിലമ്പിച്ച പിന്നീട് മരിക്കുന്നതുവരെ അവരുടെ സംസാരത്തെ മൈക്കിന്‍റെ വോളിയത്തിന് സമാനം ഗതികെട്ടതായാക്കി.
എന്നാല്‍ കാരംകുന്നത്ത് തറവാട് വളഞ്ഞിരുന്ന പോലിസുകാര്‍ക്ക് വീട്ടിനകത്തെ പെണ്ണുങ്ങളുടെ സാന്നിദ്ധ്യം പോലെ അതിലൊന്നിന്‍റെ തൊളളതുറക്കലും അപ്രസക്തമായിരുന്നുچ.
യാഥാര്‍ത്ഥ്യം ഗ്രഹിച്ച സായിപ്പ് ഉടനെ സര്‍ച്ച് നടപടി നിര്‍ത്തിവെക്കാന്‍ ആജ്ഞാപിച്ചു. എ. വി. ഹൈസ്ക്കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കേവലം പതിനാറ് വയസ്സുകാരിയായ അമ്മുക്കുട്ടിഎന്ന ബാലികയുടെ അവസരോചിത ഇടപെടലും സേനയുടെകൂടെ മാന്യനായ സായിപും ഇല്ലായിരുന്നുവെങ്കില്‍ ആ തറവാട്ടിലെ സ്ഥിതി എന്താകുമായിരുന്നു.
ആവശ്യാര്‍ത്ഥം ഇളനീര്‍ സ്വയം ഇട്ട് ദാഹം തീര്‍ത്ത അവര്‍ വീട്ടുവളപ്പില്‍തന്നെ ക്യാമ്പ് ചെയ്തു. അല്‍പ്പസമയത്തിനകം വീടണഞ്ഞ ബാലകൃഷ്ണമേനോനേയും, രാമമേനോനേയും അറസ്റ്റ് ചെയ്തു. ഇരുവരെയും നടുവില്‍ നിര്‍ത്തി പട്ടാളം രണ്ട് വരിയായി മാര്‍ച്ച് ചെയ്തു പൊന്നാനിയിലെ ജയിലിലേക്ക് കൊണ്ടുപോയി. കാരംകുന്നത്ത് തറവാട്ടില്‍ തങ്ങളുടെ കൈക്കരുത്ത് പ്രയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ പട്ടാളക്കാരില്‍ ചിലര്‍ വഴിമദ്ധ്യേ അങ്ങാടിയിലെ ഏതാനും ചില കടകളും ചുമരുകളും കണ്ണില്‍കണ്ടതും കോടാലികൊണ്ട് തകര്‍ത്ത് അരിശം തീര്‍ക്കുകയും ചെയ്തിരുന്നു. ക്രൂരനായ കുഞ്ഞിരാമന്‍നായരെ മറ്റു ചില കാരണങ്ങളാല്‍ പിന്നീട് സര്‍വ്വീസില്‍ നിന്നുതന്നെ നീക്കി.
പിറ്റേന്ന് ഇരുവരെയും തിരൂര്‍ ജയിലിലേക്ക് അയച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍തന്നെ കേളപ്പജി, അദിനയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയതങ്ങള്‍, പഞ്ചിലകത്ത് മുഹമ്മദാജി തുടങ്ങിയ പല പ്രമുഖരേയും അറസ്റ്റ് ചെയ്തു. രാമമേനോന്‍, കേളപ്പജി, ബാലകൃഷ്ണമേനോന്‍ തുടങ്ങിയവരെ അടച്ചിട്ട ബോഗിയില്‍ കണ്ണൂര്‍ ജയിലിലേക്ക് നീക്കം ചെയ്തു. പൊന്നാനി, തിരൂര്‍ തടവറകളേക്കാള്‍ മെച്ചമായിരുന്നുവത്രെ അക്കാലത്ത് കണ്ണൂര്‍ ജയില്‍!
ബാലകൃഷ്ണമേനോന്‍ മാസങ്ങള്‍ക്കകം കണ്ണൂര്‍ ജയിലില്‍വെച്ച് അകാലമൃത്യുവരിക്കുകയും, കേളപ്പജിയെ ഏതാനും മാസങ്ങള്‍ക്ക് ശേഷം വെറുതെ വിടുകയും, മുഹമ്മദാജിയെ കൊലക്കുറ്റം ചുമത്തി തടവിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും, രാമമേനോനെ പൊന്നാനി ജയിലിലേക്ക് തന്നെ തിരിച്ചയച്ച് മോചിപ്പിക്കുകയും ചെയ്തു. കെ.വി. ബാലകൃഷ്ണമേനോനാണ് മലബാറിലെ പ്രഥമ സ്വാതന്ത്ര്യ സമര രക്തസാക്ഷിയെന്ന് കെ.പി. കേശവമേനോന്‍ തന്‍റെ കൃതികളില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
വിദ്യാസമ്പന്നവും മാന്യവുമായ ഹൈന്ദവതറവാടുകളോട് പോലും പോലീസിന്‍റെയും സൈന്യത്തിന്‍റെയും സമീപന രീതി ഇതായിരുന്നെങ്കില്‍ അക്കാലത്തെ ബ്രിട്ടീഷുകാരുടെ സ്ഥിരം പ്രതിയോഗികളെന്ന് മുദ്രകുത്തപ്പെട്ട മലബാറിലെ ദേശീയ മുസ്ലിംകളോടുള്ള സമീപനം ഊഹിക്കാവുന്നതേയുള്ളു. ഈ സംഭവങ്ങളുടെ ഹൃസ്വ രൂപം മാധവന്‍നായര്‍ മലബാര്‍ കലാപം (1921) എന്ന കൃതിയിലെ പേജ് 207-208ല്‍ വിവരിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പൊന്നാനിയുടെ സുകൃതം കാരംക്കുന്നത്ത് തറവാട്ടില്‍ രാമമേനോന്‍റെ സാന്നിധ്യത്തില്‍ മഹാത്മജിയുടെ സഹധര്‍മിണി കസ്തൂര്‍ബ ഗാന്ധി, ഗവര്‍ണ്ണര്‍ ജനറല്‍ രാജഗോപാലാചാരി, ആദ്യത്തെ ഇന്ത്യന്‍ പ്രസിഡണ്ട് രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ തങ്ങിയ മുറികളും അക്കാലത്തെ മാടമ്പിവിളക്ക്, കല്ല് വിളക്ക്, ചര്‍ക്കയുടെ ഭാഗങ്ങള്‍, പുരാവസ്തുക്കളും പൈതൃക തനിമയോടെ ഇപ്പോഴും സംരക്ഷിച്ചുവരുന്നു.
1931ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തോടനുബന്ധിച്ച് അവിഭക്ത പൊന്നാനി താലൂക്കില്‍ സവര്‍ണ്ണ വിഭാഗത്തില്‍ ഹിതപരിശോധനക്ക് നേതൃത്വം നല്‍കാന്‍ മഹാത്മാഗാന്ധി ജയിലിലായതിനാല്‍ പകരം നിയോഗിച്ച തന്‍റെ സഹധര്‍മ്മിണി കസ്തൂര്‍ബാഗാന്ധി ഇടത്താവളമാക്കിയ വീടാണ് ഇത്. വിടി ഭട്ടതിരിപ്പാടിന്‍റെ രസിക സദനത്തില്‍നിന്ന് കസ്തൂര്‍ബാ ഗാന്ധി, ഊര്‍മിളാദേവി തുടങ്ങിയ സ്വാതന്ത്ര്യ സമര നായകരെ അഡ്വ. രാമമേനോന്‍, ഇടശ്ശേരി, കൃഷ്ണപണിക്കര്‍ തുടങ്ങിയവര്‍ പൊന്നാനിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു ഏതാനും ദിവസം പൈതൃകഭവനമായ തൃക്കാവ് കാരംകുന്നത്ത് വീട്ടില്‍ താമസിച്ച് ഹിതപ്പരിശോധനക്ക് നേതൃത്വം നല്‍കി.
ഇതിന്‍റെ സ്മരണാര്‍ത്ഥം 2019 ഡിസംബര്‍ 16 തിങ്കളാഴ്ച ഗാന്ധിയുടെ 150 ാം ജډ വാര്‍ഷികാചരണത്തില്‍ പൊന്നാനി എംഇഎസ് കോളേജ് സംഘടിപ്പിച്ച ഗാന്ധി കസ്തൂര്‍ബാ സ്മൃതിയോടനുബന്ധിച്ച് പൊന്നാനിയിലെയും പരിസരത്തെയും സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബ സംഗമം വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. അവിഭക്ത ഇന്ത്യയിലെ കൊറ്റയില്‍ നടന്ന ഭൂകമ്പത്തോടനുബന്ധിച്ച് അന്ന് എഐസിസി പ്രസിഡന്‍റായിരുന്ന പിന്നീട് ഇന്ത്യയുടെ പ്രഥമ പ്രസിഡന്‍റായി തീര്‍ന്ന രാജേന്ദ്രപ്രസാദ് ഫണ്ട് ശേഖരിക്കാന്‍ പൊന്നാനിയില്‍ എത്തിയ സമയത്ത് ഇടത്താവളമാക്കിയതും ഇവിടെയാണ്.
റഫറന്‍സ്
1. മൗലവിയുടെ ആത്മകഥ - ഇ. മൊയ്തുമൗലവി
2. ഭാഷാപോഷിണിയില്‍ കെ.പി. രാമനുണ്ണി എഴുതിയ ലേഖനം