ടി.വി. അബ്ദുറഹിമാന്‍കുട്ടി
9495095336
നൂറ്റാണ്ടാണ്ടുകളോളം വിശ്വവിജ്ഞാന കേന്ദ്രമായി പരിലസിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ വിശാലവും ജലസമ്പന്നവുമായ കുളത്തിന് പടിഞ്ഞാറെക്കരയിലെ ഏതാനും തുണ്ട് ഭൂമിയില്‍ തെക്കേ മലബാറിലെ സര്‍സയ്യിദ് എന്ന് വിശേഷിപ്പിക്കാവുന്ന കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍ (ഉതുമാന്‍സാറ്1884-1964) നാല് മുളകള്‍നാട്ടി അതിന് മുകളില്‍ ഓലമേഞ്ഞ നാല്കാലോലപ്പുരയില്‍ തുടക്കം കുറിച്ച മദ്രസത്തുല്‍ ഉസ്മാനിയ (മദ്രസത്തുല്‍ മര്‍ളിയ) എട്ടര പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ഒരു യുപി സ്കൂള്‍, രണ്ട് ഹൈസ്ക്കൂള്‍, രണ്ട് ഹയര്‍സെക്കണ്ടറി സ്കൂള്‍, ഒരു ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍, ബിഎഡ് കോളേജ്, അറബിക് (ദഅവ) കോളേജ് ഉള്‍പ്പെടെ നിരവധി പ്രതിഭകള്‍ക്ക് ജډം നല്‍കി സമഗ്ര സമന്വയ വിദ്യാഭ്യാസ ശൃംഖലയായി രൂപപ്പെട്ട് അധഃസ്ഥിത പിന്നോക്ക വിഭാഗമായ മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ നാട്ടിലും മറുനാട്ടിലുമുള്ള സമൂഹത്തിന്‍റെ നാനാ തുറകളില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാവാസിനികള്‍ക്ക് അറിവ് നുകര്‍ന്ന് വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ചതിന്‍റെ പിന്നിലുള്ള പ്രഥമ പ്രചോദനം മാതൃസംഘടനയായ മഊനത്തുല്‍ ഇസ്ലാം സഭയുടെ നേതൃത്വത്തില്‍ 1910 ഫെബ്രുവരി 28 (ഹിജറ 1328 സഫര്‍ 17)ന് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് എട്ടാം സര്‍ക്കിള്‍ സ്കുള്‍ ഇന്‍സ്പെക്ടര്‍ പി. പി. ബ്രൈത്ത് വൈറ്റ് സായിപിന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭം കുറിച്ച വിദ്യാഭ്യാസ സമ്മേളനമാണ്.
ഈ സമ്മേളനത്തില്‍ ആധുനിക വിദ്യാഭ്യാസവും മാപ്പിള മുസ്ലിംകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് പൊന്നാനിയുടെ വര്‍ത്തക പ്രമുഖനും ഇംഗ്ലീഷ് പരിജ്ഞാനം നേടിയ അപൂര്‍വ്വ മുസ്ലിം യുവാക്കളില്‍ ഒരാളുമായ എം. കുട്ടിഹസ്സന്‍ കുട്ടിയായിരുന്നു. ഡിസ്ട്രിക്ട് മുന്‍സിഫ് കെ. എ. കണ്ണന്‍, പി. ബി. വാഞ്ചി അയ്യര്‍ ബി. എ. എല്‍. ടി. , മലബാര്‍ ഡിവിഷണല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ എന്‍. സി. കണ്ണന്‍ നമ്പ്യാര്‍, പാലക്കാട് റേഞ്ച് സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ്. ഫെര്‍ണാണ്ടസ്, സബ് മജിസ്ട്രേറ്റ് ദ്വരൈ സ്വാമി അയ്യര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി. കുട്ടിരാമന്‍ നായര്‍, സിവില്‍ അപ്പോത്തിക്കിരി പി. ജെ. വുനൈന്‍, ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി ഹെഡ് ക്ലര്‍ക്ക് ആര്‍. കെ. കോരന്‍, പോലീസ് സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ കിടാവ്, പി. ഡബ്ലു. ഡി. കോണ്‍ട്രാക്ടര്‍ പാടാലിയില്‍ മാക്കുണ്ണി, ഹിന്ദു സ്കൂള്‍ ഇന്‍സ്പെക്ടര്‍ പി. അച്യുതന്‍, പൊന്നാനി നഗരം അംശം അധികാരി പി.കുഞ്ഞികൃഷ്ണന്‍, മദ്ധ്യ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എം. ബാവമൂപ്പന്‍, സലാഹുല്‍ ഇഖ്വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍, പൊന്നാനി യൂണിയന്‍ (പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്‍റ് വി. ആറ്റക്കോയ തങ്ങള്‍, സഭാ മാനേജര്‍ കല്ലിങ്കലകത്ത് കോയക്കുട്ടി, ജോയന്‍റ് സെക്രട്ടറി പഴയകത്ത് കോയക്കുട്ടി തങ്ങള്‍, അസിസ്റ്റന്‍റ് മാനേജര്‍ പാലത്തുംവീട്ടില്‍ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുണ്ണി, ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി, അഴിക്കലകത്ത് മമ്മിക്കുട്ടി, കൊങ്ങണം വീട്ടില്‍ അബ്ദുല്ലക്കുട്ടി, തരകം കോജിനിയകത്ത് മുഹമ്മദ്, വെട്ടം വീട്ടില്‍ അറക്കല്‍ അബ്ദുറഹിമാന്‍ തുടങ്ങിയ സഭാ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ തുടങ്ങി ഔദ്യോഗിക-അനൗദ്യോഗിക പ്രമുഖരുള്‍പ്പെടെ ജാതി-മത ഭേദമന്യെ നൂറ് കണക്കിന് വിദ്യാവാസനികള്‍ ഈ യോഗത്തില്‍ സംബന്ധിച്ചു.
മഊനത്തുല്‍ ഇസ്ലാം സഭ തയ്യാറാക്കുന്ന ഒന്നാം പാഠപുസ്തകവും ഖുര്‍ആനും എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുക, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് മുസ്ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ദുരീകരിക്കാന്‍ സഭാ ചെലവില്‍ ലഘുലേഖകള്‍ അടിച്ച് മഊനത്തിന്‍റെ ഉപശാഖകളിലും മഹല്ലുകളിലും വിതരണം ചെയ്യുക, മാപ്പിള ബോര്‍ഡ് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുക, മുസ്ലിംകളില്‍ നിന്ന് അദ്ധ്യാപകരെയും വിദ്യാഭാസ ഇന്‍സ്പെക്ടര്‍ മാരെയും വാര്‍ത്തെടുക്കുക, പ്രോത്സാഹനാര്‍ത്ഥം മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുക, എല്ലാ മുസ്ലിംകള്‍ക്കും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം നേടാനെങ്കിലും അവസരം ഒരുക്കുക തുടങ്ങിയ പല സുപ്രധാന തീരുമാനങ്ങളുമെടുത്തു.
ഇത്രയും വിപുലമായൊരു സമ്മേളനം സംഘടിപ്പിച്ചതിന് സഭാ പ്രസിഡന്‍റ് കുഞ്ഞിസീതി കോയ തങ്ങളെ അഭിനന്ദിച്ച് തെക്കെ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സി. ഒ. മുഹമ്മദ് കേയി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിച്ച യോഗ അദ്ധ്യക്ഷന്‍ ബ്രൈത്ത് വൈറ്റ് സായിപ്പിനെ കുഞ്ഞിസീതി കോയ തങ്ങള്‍ ഹാരമണിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
സമ്മേളനം വിജയിച്ചതിന്‍റെ അഹ്ലാദസൂചകമായി സദസ്സില്‍ പനിനീര്‍ തെളിച്ച് ആഗതര്‍ക്കെല്ലാം അടക്കയും വെറ്റിലയും ചുരുട്ടും വിതരണം ചെയ്ത് യോഗം സമംഗളം പര്യവസാനിച്ചു. തുടര്‍ന്ന് തീരുമാനങ്ങള്‍ ക്രമാനുസൃതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സഭ തീവ്രശ്രമങ്ങള്‍ നടത്തി ആദ്യകാല മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്ലാഘനീയമായ ഇടംനേടി. അക്കാലത്ത് നടന്ന ഇതുപോലുള്ള അപൂര്‍വ്വം സമ്മേളനങ്ങളാണ് തുടര്‍ന്ന് വന്ന പല വിദ്യാഭ്യാസ ചലനങ്ങള്‍ക്കും മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നത്. തുടര്‍ന്ന് പൊന്നാനിയിലും പരിസരത്തും മുസ്ലിംകളില്‍ വിദ്യാഭ്യാസ രംഗത്ത് നവോേډഷം ഉളവായി.
വിവിധ പ്രദേശങ്ങളില്‍ വിദ്യഭ്യാസ കൂട്ടായ്മ സംഘടിപ്പിക്കുകയും വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ഉസ്മാന്‍മാസ്റ്റര്‍ 1930കളില്‍ വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയില്‍തന്നെ പൂര്‍വ്വോപരി സജീവമായി. തുടര്‍ന്ന് അദ്ദേഹം സ്ഥാപിച്ച മദ്രസ്സത്തുല്‍ ഉസ്മാനിയ, 1932ല്‍ എലിമെന്‍ററി സ്ക്കൂളായി സര്‍ക്കാറില്‍നിന്ന് അംഗീകാരംനേടി. അവറാന്‍കുട്ടി മുസ്ലിയാരകത്ത് അബുസാലിഹാണ് പ്രഥമ വിദ്യാര്‍ത്ഥി. ഉസ്മാന്‍ മാസ്റ്ററുടെ ബന്ധുവായ കുന്നിക്കലകത്ത് അവുതലുക്കുട്ടിയുടെ വാഴത്തോട്ടത്തി (ചൊട്ടാപ്പ്) ല്‍ ആയിരുന്നു ആദ്യത്തില്‍ സ്ക്കൂളിന്‍റെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പണിതത്. ഇപ്പോഴത്തെ മെയിന്‍ബ്ലോക്കിന്‍റെ തെക്ക്ഭാഗം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ക്ലാസ്മുറികള്‍ സൗകര്യമില്ലാത്ത ആദ്യകാലത്ത് പലപ്പോഴും പഠനം നടന്നിരുന്നത് വെട്ടംപോക്കിരിയകം തറവാട് അങ്കണത്തിലായിരുന്നു.
മുസ്ലിം സ്ത്രീ വിദ്യാഭ്യാസം പൊന്നാനി അങ്ങാടിയില്‍ നാമമാത്രമായിരുന്ന അക്കാലത്ത് മാസ്റ്ററുടെ പുത്രി അമ്പലത്ത് വീട്ടില്‍ ബിവിയെ ആദ്യ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്ത് ദേശത്തിന് മാതൃകയായി.
അക്കാലത്ത് സ്ക്കൂള്‍ പഠനത്തിന് പോകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പലയിടത്തും അധിക്ഷേപവും പരിഹാസവും സഹിക്കേണ്ടി വന്നിരുന്നു. ഒരു ഗ്രാമീണ മുസ്ലിം പെണ്‍കുട്ടി താന്‍ അനുഭവിക്കേണ്ടി വന്ന യാതന വിവരിക്കുന്നത് നോക്കൂ:
എന്‍റെ ബാപ്പ ഖത്തീബും ഇമാമുമായിരുന്നു. വീടിനടുത്തുള്ള ഒരു ഹൈന്ദവ മാനേജ്മെന്‍റിന് കീഴിലുള്ള സ്ക്കൂളില്‍ അദ്ദേഹം എന്നെ ചേര്‍ത്തു. ഖത്തീബിന്‍റെ മകള്‍ സ്ക്കൂളില്‍ പഠിക്കുന്നതിന് ശക്തമായ എതിര്‍പ്പ് വന്നതിനാല്‍ ഞാന്‍ തല്‍ക്കാലം പഠനം നിറുത്തിയെങ്കിലും തുടര്‍പഠനത്തോടുള്ള ആഗ്രഹത്താല്‍ ഒളിഞ്ഞും മറിഞ്ഞും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. സ്ക്കൂള്‍ വീടിനടുത്തായിരുന്നുവെങ്കിലും വിമര്‍ശകര്‍ കാണാതിരിക്കാന്‍ വളഞ്ഞ വഴിയിലൂടെ ഒരു പുഴ കടന്ന് രണ്ടു മൂന്ന് ഫര്‍ലോങ്ങ് യാത്ര ചെയ്ത് സ്ക്കൂളിന്‍റെ പിന്നിലൂടെയാണ് ക്ലാസ്സില്‍ ഹാജരായത്. നമസ്ക്കാരത്തില്‍ വെളിവാകുന്ന ഭാഗങ്ങള്‍ മാത്രം വെളിവാക്കി വസ്ത്രം ധരിച്ച് സ്ക്കൂളില്‍ പോകുമ്പോള്‍ എന്നെ കോത്തായി (ഉരിഞ്ഞിട്ടവള്‍) എന്ന് വിളിച്ചു കുട്ടികള്‍ കളിയാക്കും. സ്ക്കൂളിന്‍റെ വാര്‍ഷികത്തിന് ഞാന്‍ ഒരു ഇംഗ്ലീഷ് പ്രസംഗം നടത്തിയതിനാല്‍ എതിര്‍പ്പ് അതിരൂക്ഷമായി. അവസാനം ഒരു പണ്ഡിതന്‍റെ മതവിധി വാങ്ങി എന്‍റെ ബാപ്പയെ പള്ളിയില്‍ നിന്ന് പുറത്താക്കി.ڈ
ഇത്രയും രൂക്ഷമായ എതിര്‍പ്പ് പൊന്നാനിയില്‍ ഇല്ലായിരുന്നുവെങ്കിലും ചോക്ക് കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ ദീനി പാഠഭാഗങ്ങള്‍ പഠനത്തിനായി എഴുതുന്ന സമയത്ത് ചോക്ക് പൊടി നിലത്ത് വീഴല്‍ അനഭിലക്ഷണീയമാണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത് പഠനപരിഷ്ക്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു കാരണം പലരില്‍ നിന്നും കടുത്ത എതിര്‍പ്പും ത്യാഗവും മാസ്റ്റര്‍ സഹിക്കേണ്ടി വന്നു. മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന്‍റെ കടുത്ത വിമര്‍ശകരില്‍ നിന്ന് ഒരവസരത്തില്‍ പൊന്നാനി വലിയപള്ളിയുടെ പടിപ്പുരയില്‍ വെച്ചു കല്ലേറും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഇന്ത്യയിലെ മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ സര്‍സയ്യിദ്പോലെ ഏതാനും പരിഷ്കര്‍ത്താക്കള്‍ക്ക് ഇതുപോലുള്ള ചെറുപ്പേറും കല്ലേറും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ ഉസ്മാന്‍ മാസ്റ്റര്‍ക്ക് ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചത് സഭ അസിസ്റ്റന്‍റ് മാനേജര്‍ കെ.എം. നൂറുദ്ധീന്‍കുട്ടിയായിരുന്നു. ഏതാനും വര്‍ഷം മദ്രസ്സത്തുല്‍ ഉസ്മാനിയ സ്ക്കൂളിന്‍റെ മാനേജര്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചു.
1934ല്‍ സ്വാതന്ത്ര്യ സമരനായകന്‍ മൗലാനാ ഷൗക്കത്തലിയുടെ സഭാസന്ദര്‍ശന സമയത്ത് ആധുനിക വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന് അനിവാര്യമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. തുടര്‍ന്ന് ദീനി വിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാഭാരവാഹികളും സുമനുസക്കളായ സമുദായ നേതാക്കളും ആധുനിക വിദ്യാഭ്യാസം മുഖ്യ വിഷയമായെടുത്ത് പലവട്ടം യോഗങ്ങള്‍ ചേര്‍ന്നു. സഭാ ഫണ്ട് ഈ രംഗത്ത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ സജീവ ചര്‍ച്ചകള്‍ നടന്നു.
സഭാ ഭാരവാഹികളും കമ്മിറ്റിയും സമസ്ത നേതാക്കളായ ഖുത്തുബി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ബാരി മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സമസ്ത സ്ഥാപക മെമ്പര്‍ പൊന്നാനി കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, കെ എം നൂറുദ്ധീന്‍കുട്ടി തുടങ്ങിയ പ്രമുഖര്‍ ഈ രംഗത്ത് പ്രകടിപ്പിച്ച അര്‍പ്പണമനോഭാവവും ദീര്‍ഘ വിക്ഷണവും അവിസ്മരണീയമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി 1941ല്‍ മദറസത്തുല്‍ ഉസ്മാനിയ സ്ക്കുള്‍ സഭ ഏറ്റെടുത്തു.
സഭ സ്കൂള്‍ ഏറ്റെടുത്ത് അധികം കഴിയുന്നതിന് മുമ്പ് യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. തډൂലം എംഐയുപി സ്കൂള്‍ എന്ന് പേര് സിദ്ധിച്ചെങ്കിലും തുടര്‍ന്നും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ ഉതുമാന്‍ സാറിന്‍റെ സ്കൂള്‍ എന്നാണ് നാട്ടുകാര്‍ വിളിച്ചുപോന്നത്.
ഇംഗ്ലീഷുകാരുടെ പാഠ്യ പദ്ധതിയോട് വലിയൊരു വിഭാഗത്തിനുള്ള വിരോധം കൊണ്ടാവാം പ്രമുഖ മുസ്ലിം കേന്ദ്രമായ ഇവിടെയും അക്കാലത്ത് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര ഉണ്ടാവാതിരുന്നത്. ഈ പോരായ്മ മുതലെടുത്ത് ഉയര്‍ന്ന വിദ്യാദാനവും വിദ്യാസ്വീകരണവും ഒരു വിഭാഗം കുത്തകയാക്കി. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്‍റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനോലി കനാലിന്‍റെ പടിഞ്ഞാറ് ഭാഗത്തെ സാധാരണക്കാര്‍ക്ക് പ്രയാസമായി. പരിസരത്തെ നാമമാത്ര ഹൈസ്ക്കൂളുകളില്‍ അഡ്മിഷന്‍ സമയത്ത് അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നില്ല. തډൂലം പലരും മലപ്പുറം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളുകളില്‍ പോയാണ് പഠനം നടത്തിയിരുന്നത്. പ്രയാസങ്ങള്‍ സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല.
ഈ ന്യുനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് പിന്നീട് മദ്രാസ്സ് ഹൈക്കോടതി ജസ്റ്റിസ് പദം അലങ്കരിച്ച സഭാ മാനേജിങ് കമ്മിറ്റി മെമ്പറായിരുന്ന ഹാജി പി കുഞ്ഞിഅഹമ്മദുകുട്ടിയുടെ അദ്ധ്യക്ഷതയില്‍ കെ.എം. സീതി സാഹിബ് പങ്കെടുത്ത 1945ലെ സ്ക്കൂള്‍ വാര്‍ഷിക യോഗത്തില്‍ സ്ഥാപനം ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രദേശത്തിന്‍റെയും സമുദായത്തിന്‍റെയും സ്വപ്നം സാക്ഷാല്‍കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. സഭാ ജോ.സെക്രട്ടറി എന്‍. മുഹമ്മദാജിയുടെ റിപ്പോര്‍ട്ട് പ്രകാരം 29-9-45ലെ മാനേജിങ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കി.
തുടര്‍ന്ന് വെട്ടംപോക്കിരിയകം പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റസീവര്‍മാരോട് സ്ക്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചു. അന്ന് മദ്രാസ്സ് അസംബ്ലി പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സൂര്യനാരായണ അയ്യരായിരുന്നു.
1948ല്‍ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി പി. അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ (1920?1994) പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തതിനുശേഷമാണ് ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തി വരുന്ന ഒരു ഹൈസ്ക്കൂളായി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് തുടങ്ങിയത്.
വിദ്യാഭ്യാസ വകുപ്പില്‍ മലബാര്‍ സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായി നിയമനം ലഭിച്ച് സര്‍വ്വീസില്‍ പ്രവേശിച്ച അബ്ദുള്‍കാദര്‍ മാസ്റ്റര്‍ മലപ്പുറം ഗവ. ഹൈസ്ക്കൂളില്‍ സേവനം ചെയ്യുന്ന സമയത്താണ് എംഐ ഹൈസ്ക്കൂളില്‍ ചുമതലയേറ്റത്. ബ്രിട്ടീഷ് കൗണ്‍സില്‍ ചെന്നൈയില്‍ നടത്തിയിരുന്ന ഇഗ്ലീഷ് ലാംഗ്വേജ് സ്പെഷ്യല്‍ കോഴ്സ് 1950ലും ബ്രിട്ടീഷ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ കേരള യൂനിവേഴ്സിറ്റിയുടെഇംഗ്ലീഷ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1962 63കളില്‍ ആരംഭിച്ച പ്രഥമ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമയും പാസ്സായ അദ്ദേഹം മലബാറിലെ അപൂര്‍വ്വം മികച്ച ഇംഗ്ലീഷ് ലാംഗ്വേജ് എക്സ്പെര്‍ട്ടും ട്രൈനറും അക്കാഡമിഷനുമായിരുന്നു. തډൂലം വിദ്യാഭ്യാസ വകുപ്പില്‍ ആര്‍ഡിഡിയായി ഡയറക്ട് അപ്പോയ്മെന്‍റ് ലഭിച്ചെങ്കിലും എയ്ഡഡ് സര്‍വ്വീസിലായതെന്ന സാങ്കേതിക തടസ്സം കാരണം പ്രസ്തുത തസ്തികയില്‍ അബ്ദുല്‍കാദര്‍ മാസ്റ്റര്‍ക്ക് പ്രവേശനം സിദ്ധിച്ചില്ല. വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടറായി വിരമിച്ച ചിത്രന്‍ നമ്പൂതിപ്പാടിന്‍റെ സര്‍വ്വീസ് സമകാലികനായിരുന്നു.
റിട്ടയര്‍ ചെയ്തശേഷം ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്കൂളില്‍ പ്രിന്‍സിപ്പാളായ അദ്ദേഹം 1980ല്‍ പുത്തന്‍പള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പാളായും സേവനമനുഷ്ഠിച്ചു. ചാവക്കാട് എംഎസ്എസ് അദ്ധ്യക്ഷനായ മാസ്റ്റര്‍ ജീവിതാന്ത്യംവരെ ബ്ലാങ്ങാട് ജുമുഅത്ത് പള്ളി പ്രസിഡന്‍റായിരുന്നു.
അവിഭക്ത മലബാറില്‍ മുസ്ലിം വിദ്യാഭ്യാസപുരോഗതിക്ക് നാന്ദികുറിച്ച ഔദ്യോഗിക വ്യക്തിത്വങ്ങളില്‍ പ്രമുഖനും മലബാര്‍ ജില്ലാ വിദ്യാഭ്യാസ സ്പെഷ്യല്‍ ഓഫീസറുമായിരുന്ന പഴയ പൊന്നാനി താലൂക്കിലെ വടുതല കൂളിയാട്ടില്‍ ഖാന്‍ ബഹദൂര്‍ കെ. മുഹമ്മദ് സാഹിബിന്‍റെ കീഴില്‍ സീനിയര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന സി. അഹമ്മദുണ്ണി സാഹിബായിരുന്നു മാസ്റ്ററുടെ പിതാവ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം എംഐ സഭയില്‍ സൂപ്രണ്ടായ അഹമ്മദുണ്ണി സാഹിബ് അബ്ദുല്‍കാദര്‍ മാസ്റ്റര്‍ സ്കൂളില്‍ ചാര്‍ജെടുത്ത ദിവസം സര്‍വ്വീസില്‍നിന്ന് സ്വയം വിരമിച്ചു.
അക്കാലത്ത് എലിമെന്‍ററി (എല്‍.പി.) അഞ്ച് വര്‍ഷവും, ഹയര്‍ എലിമെന്‍ററി, സെക്കണ്ടറി (യു.പി.+ഹൈസ്ക്കൂള്‍) ആറ് വര്‍ഷവും, ഇന്‍റര്‍ മിഡിയേറ്റ് 2 വര്‍ഷവും, ഡിഗ്രി രണ്ട് വര്‍ഷവും ഇതായിരുന്നു പഠന കാലാവധി. ചില വിദ്യാലയങ്ങളില്‍ ഹയര്‍ എലിമെന്‍ററിയില്‍ 3 വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഇ.എസ്.എസ്.എല്‍.സി. പൊതുപരീക്ഷയും നടത്തിയിരുന്നു. ഞായര്‍ മുതല്‍ വ്യാഴം വരെയായിരുന്നു മുസ്ലിം സ്കൂളുകളിലെ പ്രവൃത്തി ദിവസങ്ങള്‍.
1950ലാണ് ഹൈസ്ക്കൂള്‍ ഇന്നത്തെ സ്ഥലത്തേക്കു മാറ്റിയത്. 1952ല്‍ ഒന്നാമത്തെ ബ്ലോക്ക് മദ്രാസ്സ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.എസ്. റെഡ്ഡിയും, 1958 ഫ്രെബ്രുവരി 25ന് രണ്ടാമത്തെ ബ്ലോക്ക് അഖില സിലോണ്‍ വൈ. എം. എം. എ. കോണ്‍ഫറന്‍സ് പ്രസിഡന്‍റായിരുന്ന ഹാജി മുഹമ്മദ് അബദുറസാക്കും നിര്‍വ്വഹിച്ചു. അല്‍ഹാജ് എ. ഫളീല്‍ ഗഫൂര്‍ സാഹിബായിരുന്നു അദ്ധ്യക്ഷന്‍. ചാവക്കാട് രാജാ അബ്ദുല്‍ ഖാദര്‍ ഹാജി പണിത് കൊടുത്ത സ്ക്കൂള്‍ അങ്കണത്തിലെ പള്ളിയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അതിരമ്പുഴ ടി.എം. ഹസന്‍ റാവൂത്തറാണ് നിര്‍വ്വഹിച്ചത്.
രണ്ടാമത്തെ ബ്ലോക്കിന്‍റെ ഉദ്ഘാടനത്തില്‍ കെ.എം. നൂറുദ്ദീന്‍കുട്ടിയുടെ സ്വാഗത പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം.
പ്രിയ മഹതികളെ മഹാډാരെ,
ചരിത്രപ്രസിദ്ധമായ പൊന്നാനിയില്‍ ആയിരത്തിത്തൊള്ളായിരത്തില്‍ സ്ഥാപിച്ചതും, ഇസ്ലാമികവും, സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ സേവനങ്ങളാല്‍ വിഖ്യാതവുമായ മഊനത്തുല്‍ ഇസ്ലാംസഭ അതിന്‍റെ പ്രഖ്യാപിതോദ്ദേശ്യങ്ങളില്‍ ഒന്നിന്നനുയോജ്യമായി നടത്തിപ്പോരുന്ന എം.ഐ. ഹൈസ്ക്കൂളിന് പുതുതായി പണിത കെട്ടിടത്തിന്‍റെയും, സ്കൂള്‍ വളപ്പിലെ പള്ളിയുടെയും ഉല്‍ഘാടനത്തോടും, സ്കൂള്‍ ദിനാഘോഷത്തോട് സംബന്ധിച്ചു ചേര്‍ന്ന ഈ മഹായോഗത്തില്‍ നിങ്ങളെല്ലാവരേയും സ്വീകരണ സംഘം ചേര്‍മാന്‍ എന്ന നിലയില്‍ അഭിവാദ്യം ചെയ്യുകയെന്ന കൃത്യം നിര്‍വ്വഹിക്കുന്നത് ഒരപൂര്‍വ്വ ബഹുമാനമായിട്ടാണ് ഞാന്‍ കരുതുന്നത്.
ഈ ഹൈസ്ക്കൂളിന്‍റെ ബീജമായ മദ്രസത്തുല്‍ ഉസ്മാനിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മഊനത്തുല്‍ ഇസ്ലാം സഭ ഏറ്റെടുത്ത് സഭയെ അതിന്‍റെ പ്രസിഡന്‍റെന്ന നിലയില്‍ ദീര്‍ഘകാലം സ്തുത്യര്‍ഹമായി സേവിച്ച് അതിനെ അഭിവൃദ്ധിയിലേക്കുയര്‍ത്തിയ ഖാന്‍സാഹിബ് വി ആറ്റക്കോയതങ്ങളുടെ നേതൃത്വത്തിലായിരുന്നു. പ്രസ്തുത ഹയര്‍ എലിമെന്‍ററി സ്കൂളിന്‍റെ മാനേജര്‍ എന്ന നിലയില്‍ സ്ഥാപനവുമായി എനിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തേയും അനുസ്മരിച്ചുകൊണ്ട് നിങ്ങളേവരേയും സ്വാഗതം ചെയ്യുന്നതില്‍ എനിക്കതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
ഈ ഹൈസ്ക്കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ കേരള ഗവര്‍ണര്‍ ഡോ. ബി. രാമകൃഷ്ണറാവു സദയം സമ്മതിച്ചിരുന്നുവെങ്കിലും, കേന്ദ്രവിദ്യാഭ്യാസമന്ത്രി മൗലാനാ അബുല്‍കലാം ആസാദിന്‍റെ നിര്യാണത്തെ തുടര്‍ന്ന്, ആ പരിപാടി അദ്ദേഹം റദ്ദാക്കി വിവരം അറിയിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഈ ഉദ്ഘാടന കൃത്യം നിര്‍വ്വഹിക്കാന്‍, അഖില സിലോണ്‍ വൈ എം.എം.എ. കോമ്ഫ്രന്‍സിന്‍റെ എക്സ്പ്രസിഡന്‍റായ ജ അല്‍ഹാജ് മുഹമ്മദ് അബ്ദുറസ്സാക്ക് സാഹിബിന്‍റെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് ലഭ്യമായതില്‍ അതിന്‍റെ ആഹ്ലാദമുണ്ട്.
ഈ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ ആഗതനായ ജനാബ് അല്‍ഹാജ് എം. ഫലീല്‍ എ ഗഫൂര്‍ സാഹിബ്, സിലോണില്‍നിന്ന് പല കൃത്യബാഹുല്യങ്ങള്‍ നിര്‍ത്തിവെച്ചും വളരെയേറെ ക്ലേശങ്ങള്‍ സഹിച്ചും ഇത്രദൂരം വരാന്‍ കാണിച്ച സډനസ്സ് വിദ്യാഭ്യാസവിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ അഗാധമായ തല്‍പര്യം വിളിച്ചോതുന്നുണ്ട്. സിലോണ്‍ നേഷണല്‍ ചേമ്പര്‍ ഓഫ് കോമേര്‍സിന്‍റെ പ്രസിഡന്‍റെന്ന നിലയില്‍ പുകഴ്പെറ്റ അദ്ദേഹം സിലോണിലെ ഇറാക്കിന്‍റെ റി കോണ്‍സല്‍ എന്ന നിലയില്‍ അന്തര്‍ദേശീയ മേഖലയില്‍ വിശ്വാസവും വിഖ്യാതിയും നേടിയ മഹത്വ്യക്തിത്വമാണ്. അദ്ദേഹത്തെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കിട്ടിയതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
സഭയുടെ ഒരുറ്റ ബന്ധുവായ അബ്ദുല്‍ഖാദര്‍ഹാജി സാഹിബിന്‍റെ അളവറ്റ ഔദാര്യത്തേയും അതിന്‍റെ ഇസ്ലാമികവാത്സല്യത്തേയും പ്രതിഫലിപ്പിക്കുന്ന പള്ളിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുവാന്‍ ഒരു സമുദായസ്നേഹിയും ഉദാരമതിയുമായ അതിരമ്പുഴ ടി.എം. ഹസ്സന്‍റാവുത്തറെ ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്.
മുസ്ലിം സമുദായം കാലത്തിന്‍റെ പിന്നിലായിപ്പോയെന്നത് പരിതാപകരമായ ഒരു പരമാര്‍ത്ഥമാണ്. ഇങ്ങനെ പിന്‍തള്ളപ്പെട്ടുപോകാനുള്ള ഒരു പ്രധാന കാരണം വിദ്യാഭ്യാസ വിഷയത്തില്‍ സമുദായം കാണിച്ച വിമുഖതയാണെന്ന് നാം ലജ്ജയോടുകൂടി സമ്മതിക്കേണ്ടിയിരിക്കുന്നു. ലൗകികവും മതപരവുമായ വിദ്യാഭ്യാസം നല്‍കാന്‍ സൗകര്യങ്ങളുള്ള സ്ഥാപനങ്ങളാണ് മുസ്ലിം വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കുവാന്‍ പോന്നവയെന്നും മതനിഷ്ഠയില്‍ നിഷ്കര്‍ഷയുള്ള പൗരډാരെ വാര്‍ത്തെടുക്കുവാന്‍ അത്തരം സ്ഥാപനങ്ങള്‍ക്കേ കഴിയൂ എന്നുമുള്ള ബോധമാണ് സഭയെ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുവാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ വിദ്യാഭ്യാസപരമായി ഈ നാട്ടിലെ മുസ്ലിംകളില്‍ ഇനിയും ഉത്സാഹം വിര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഈ സ്കൂളിലെ മുസ്ലിംവിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞത് കാണിക്കുന്നതെന്ന പരമാര്‍ത്ഥം ഞാന്‍ ഈ അവസരത്തില്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഒരു കാലത്ത് യൂറോപ്പില്‍ വിജ്ഞാനദീപം കൊളുത്തിയ മുസ്ലിം സമുദായം ഇന്നു അജ്ഞതാന്ധകാരത്തില്‍ തപ്പിത്തടയുകയാണെങ്കില്‍, ചരിത്രം സൃഷ്ടിക്കുകയും എഴുതുകയും ചെയ്ത സമുദായം ഇന്നതു പഠിക്കുവാന്‍പോലും മിനക്കെടുന്നില്ലെങ്കില്‍, ചൈനയില്‍ പോയിട്ടെങ്കിലും വിദ്യാഭ്യാസം ചെയ്യേണമെന്ന് അരുളിയ പ്രവാചകന്‍റെ അനുയായികള്‍ ഇന്നു മുറ്റത്തെ പാഠശാലയെപ്പോലും അവഗണിക്കുകയാണെങ്കില്‍ അതൊരു വൈപരീത്യമെന്നേ പറയാനൊക്കു നമ്മുടെ പ്രബുദ്ധരായ പൂര്‍വ്വികډാരുടെ മഹിമയുടേയും മേډയുടേയും ചരിത്രഭാണ്ഡത്തെ തലയണയായിവെച്ച് നാം കിടന്നുറങ്ങുകയാണ് ആ ചരിത്രഏടുകള്‍ നിങ്ങളുടെ മുമ്പില്‍ മറിച്ചു കാണിക്കുവാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. നമ്മുടെ പൗരാണിക ചരിത്രത്തിലെ അനശ്വര സ്വര്‍ണ്ണാക്ഷരങ്ങള്‍ കാമിച്ച് സമാധാനിപ്പിക്കുവാനല്ല, നമ്മുടെ ഇന്നത്തെ സ്ഥിതിയുമായി ഒന്നു താരതമ്യപ്പെടുത്തി കാണിക്കുവാന്‍. പക്ഷെ സമയം എന്നെ അനുവദിക്കുന്നില്ല നമ്മുടെ ശ്രേയസ്കരമായ ഭൂതകാല ചരിത്രത്തെക്കുറിച്ചുള്ള അലസമായ അനുസ്മരണയോ അതിലുള്ള നിര്ജജീവമായ അഭിമാനമോ നമ്മെ സഹായിക്കുകയില്ലതന്നെ. നമ്മുടെ അധഃപതനകാരണങ്ങളെ ശരിക്കും മനസ്സിലാക്കി നാം പ്രവര്‍ത്തിക്കുകതന്നെവേണം.
കാലത്തിന്‍റെ നിറമാറ്റം മഊനത്തുല്‍ ഇസ്ലാം സഭയും മനസ്സിലാക്കിക്കൊണ്ട് സമുദായത്തിന്‍റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ ഇസ്ലാമിക വിജ്ഞാനകേന്ദ്രമെന്ന നിസ്തുല്യമായ പദവിയുള്ള പൊന്നാനിയില്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഒരു അറബിക് കോളേജ് സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന വസ്തുത നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വിജയകരമായ പൂര്‍ത്തീകരണത്തിന് ചുരുങ്ങിയത് നാലുലക്ഷം ഉറപ്പിക്കുക ആവശ്യമുള്ള ഈ പ്രധാനമായ ഉദ്യമനത്തിന്നു സഭ മുതിര്‍ന്നിട്ടുള്ളത് അല്ലാഹുവിന്‍റെ അനുഗ്രഹത്തിലുള്ള തികഞ്ഞ വിശ്വാസത്തോടും പൊന്നാനിയിലും പുറത്തുമുള്ള സഹോദരډാരുടെ ഔദാര്യത്തില്‍നിന്നുള്ള പ്രതീക്ഷയോടും കൂടിയാണ്. നമ്മുടെ സന്താനങ്ങള്‍ സമുദായത്തിന്നും നാട്ടിന്നും പ്രയോജനപ്പെടുന്ന ഉത്തമ പൗരډാരായി തീരേണമെങ്കില്‍ അവര്‍ക്ക് മതവിജ്ഞാനം നന്നായി നല്‍കുകതന്നെ വേണം. മതപരമായ വിജ്ഞാനമേ മതബോധത്തേയും ദൈവഭക്തിയേയും ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുകയുള്ളു ഉദാരമതികളുമായ ധനാഢ്യര്‍ സ്വത്തായും പണമായും സഭക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കി വിജയിപ്പിക്കേണമെന്ന് അഭ്യര്‍ത്ഥിക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
ഹൈസ്ക്കൂള്‍ കെട്ടിടത്തിനും, പള്ളിയുടെ നിര്‍മ്മാണത്തിനും വിവിധ സഹായ സഹകരണങ്ങള്‍ ചെയ്തുതന്ന ധര്‍മ്മതല്‍പരരും അഭ്യുദയകാംക്ഷികളുമായ എല്ലാ മാന്യമാര്‍ക്കും, ഞങ്ങളുടെ ക്ഷണനമനുസരിച്ചു ഇവിടെ വന്നു ഈ മഹോദ്യമത്തില്‍ പങ്കെടുത്തിട്ടുള്ള എല്ലാവര്‍ക്കും ഞാന്‍ ഹാര്‍ദ്ദവമായി സ്വാഗതം പറഞ്ഞുകൊണ്ട് ജനാബ് അല്‍ഫാജ് എം. ഫലീല്‍ എ. ഗഫൂര്‍ സാഹിബവര്‍കളോട് അദ്ധ്യക്ഷസ്ഥാനം സ്വീകരിക്കാനായി അപേക്ഷിച്ചുകൊള്ളുന്നു. അവിഭക്ത പാലക്കാട് റവന്യു ഡിസ്ട്രിക്ടില്‍ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ കെട്ടിലും മട്ടിലും മികച്ച ഹൈസ്ക്കൂളെന്ന ഖ്യാതി 1975ല്‍ അബ്ദുല്‍കാദര്‍ മാസ്റ്റര്‍ വിരമിക്കുന്നതുവരെ നിലനിര്‍ത്തി.