പൊന്നാനി
24. ചമ്രവട്ടം പാലവും കുറ്റിപ്പുറം പാലവും
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
പൗരാണിക കാലം മുതല്‍ കടല്‍ കയറ്റിയിറക്കുമതിക്ക് പ്രാധാന്യമുള്ള പൊന്നാനിയെയും റെയില്‍ കയറ്റിയിറക്കുമതിക്ക് പിന്നീട് പ്രാമുഖ്യം വന്ന തിരൂരിനെയും ബന്ധിച്ച് ചമ്രവട്ടത്ത് പാലം നിര്‍മ്മിക്കണമെന്ന് 1937 മുതല്‍ നിരന്തര നിവേദനങ്ങളും ബന്ധപ്പെട്ട നിയമ നിര്‍മ്മാണ സഭയില്‍ ശബ്ദവുമുയര്‍ത്തിയെങ്കിലും എന്നാല്‍ ഇതേ കാലത്ത് കുറ്റിപ്പുറം പാലത്തിന്‍റെ കടലാസ് പണികള്‍ അണിയറയില്‍ ആരംഭം കുറിച്ചതിനാല്‍ ഈ ആശയത്തിന് മങ്ങലേറ്റു. പൊന്നാനി തിരൂര്‍ ബസ്റൂട്ടായി മാറിയതോടെ ആവശ്യം കൂടുതല്‍ ശക്തിപ്പെട്ടിരുന്നു.
രണ്ടാം ലോക മഹായുദ്ധം ഹേതുവായി നിര്‍ത്തിവെച്ച കുറ്റിപ്പുറം പാലത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ മദിരാശി നിയമസഭയില്‍ സാമാജികനായിരുന്ന കൂടല്ലൂര്‍ പി.കെ. മൊയ്തീന്‍കുട്ടി സാഹിബിന്‍റെ ശ്രമത്താലാണ് പുനരാരംഭിച്ചത്. 1947 മുതല്‍ 52 വരെ മദ്രാസ് സംസ്ഥാനം ഭരിച്ചിരുന്ന രാമസ്വാമി റെഡ്ഡി, പി.എസ്. കുമാരസ്വാമി മന്ത്രിസഭകളില്‍ അംഗമായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്‍റെ തീവ്ര യത്നം കുറ്റിപ്പുറം പാലത്തിന്‍റെ നിര്‍മ്മാണത്തിന് വേഗത വര്‍ദ്ധിപ്പിച്ചു.
കുറ്റിപ്പുറം പാലത്തിന്‍റെ ധൃതഗതിയിലുള്ള നിര്‍മ്മാണം ചമ്രവട്ടത്ത് ഒരു പാലം എന്ന ആവശ്യത്തിന് വീണ്ടും മങ്ങലേ ല്‍പ്പിച്ചു. മലബാറിന്‍റെ സ്വാതന്ത്ര്യ അക്കാദമി എന്ന് വിശേഷണമുള്ള ആനക്കര വടക്കത്തെ സ്വാതന്ത്ര്യ സമര നായിക കുട്ടിമാളു അമ്മയാണ് മാധവമേനോന്‍റെ സഹധര്‍മ്മിണി. ഇടയ്ക്കിടെ മാധവമേനോന്‍ ആനക്കര വടക്കത്ത് സന്ദര്‍ശനം നടത്തി യിരുന്നതിനാല്‍ അക്കാലത്ത് ചില രസികര്‍ കുറ്റിപ്പുറം പാലത്തെ സംബന്ധ പാലമെന്നും വിളിച്ചിരുന്നു.
ചമ്രവട്ടം പാലത്തിന് ഏതാണ്ട് പതിമൂന്ന് കിലോമീറ്റര്‍ അകലെയാണ് പുഴയുടെ ഇരു കരകളുടെയും സമഗ്ര പുരോഗതിക്ക് ഹേതുവായ കുറ്റിപ്പുറം പാലം. എട്ടേക്കാല്‍ ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ ആരംഭിച്ച ഈ പാലത്തിന്‍റെ പണി ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപയ്ക്കാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. 1183 അടി നീളവും 22 അടി വീതിയും ജലനിരപ്പില്‍നിന്നും 82 അടി ഉയരവുമുള്ള 1953 നവംബര്‍ 11ന് അന്നത്തെ മദ്രാസ് പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്ന ആര്‍ ഷണ്‍മുഖ രാജേശ്വരസേതുപതിയാണ് പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ പാലം വരുന്നതിനുമുമ്പ് പൊന്നാനിയില്‍നിന്ന് കോഴിക്കോട്ടേക്ക് മോട്ടോര്‍ വാഹനങ്ങള്‍ പോയിരുന്നത് ഷൊര്‍ണൂര്‍ വഴിയാണ്. ആദ്യകാലത്തെ മലബാറിലെ ഏറ്റവും നീളംകൂടിയ പാലങ്ങളിലൊന്നാണ് ഈ പാലം.
പാലം നിര്‍മ്മിക്കുന്നതിന് മുമ്പ് പൊന്നാനി കോടതിപ്പടി അഞ്ചുവിളക്കിന് സമീപത്തുനിന്ന് പുറപ്പെട്ടിരുന്ന ബസ്സ് പുഴയ്ക്ക് ഇക്കരെ തൃക്കണാപുരം മല്ലൂര്‍ കടവ് വരെയായിരുന്നു സഞ്ചരിച്ചിരുന്നത്. ഈ റൂട്ടില്‍ ആദ്യമായി ഓടിയ ബസ്സ് യു. ഇമ്പിച്ചി മുഹമ്മദ് സാഹിബിന്‍റെ നിയന്ത്രണത്തിലുള്ള ജി.എല്‍(ജനറല്‍ ലോണ്‍) സര്‍വ്വീസ് ആയിരുന്നു.
കുറ്റിപ്പുറം പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ഉടനെ ചമ്രവട്ടം പാലം എന്ന ആശയം വീണ്ടും നാമ്പെടുത്തു. 1952 ല്‍ നിലവില്‍വന്ന സ്വാതന്ത്ര്യ ഇന്ത്യയിലെ പ്രഥമ പാര്‍ലിമെന്‍റില്‍ മലപ്പുറത്തിന്‍റെയും പൊന്നാനിയുടെയും പ്രതിനിധികളായ ബി. പോക്കര്‍ സാഹിബും, കെ. കേളപ്പനും പാലത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയതായി രേഖകള്‍ പറയുന്നു. ഭരണമേലാളډാരുടെ ചരട്വലികളും അശ്രദ്ധയും അലംഭാവ മനോഭാവവും കാരണം പിന്നെയും പാലത്തിന്‍റെ ഗതി പിന്നോട്ടായി.
1982 ല്‍ നിലവില്‍ വന്ന യു.ഡി.എഫ് മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്ന പൊന്നാനിയുടെ പ്രതിനിധി എം. പി. ഗംഗാധരന്‍റെ കാലത്താണ് പദ്ധതിക്ക് കരട് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍റെ നേതൃത്വത്തില്‍ 1984 ല്‍ ഫെബ്രുവരി 14ന് വിപുലമായ രീതിയില്‍ ആദ്യ തറക്കല്ലിടല്‍ കര്‍മ്മവും നടന്നു. ചമ്രവട്ടം കടവിന് എതാനും മീറ്റര്‍ കിഴക്കാണ് ശിലാ ഫലകം സ്ഥാപിച്ചത്. അന്നത്തെ അടങ്കല്‍ തുക 15.81 കോടിരൂപയായിരുന്നു. ചടങ്ങ് തദ്ദേശീയര്‍ ഒരു ഉത്സവമായാണ് ആഘോഷിച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഗംഗാധരന്‍ 1984 ല്‍ രാജിവെച്ച് ഒഴിയുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. അന്ന് 16 ലക്ഷം രൂപയുടെ കമ്പിയും വാങ്ങിയിരുന്നു. കമ്പിയുടെ വലിയൊരു ഭാഗം പിന്നീട് തുരുമ്പിച്ച് നശിച്ചു.
2009 സെപ്റ്റംബര്‍ 13ന് അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാന്ദനാണ് ഇപ്പോഴത്തെ സ്ഥലത്ത് തറക്കല്ലിട്ടത്. പാലം പണി റിക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതില്‍ മന്ത്രിയ ായിരുന്ന പാലോളി മുഹമ്മദ് കുട്ടിയും, എല്‍.ഡി.എഫ്- യു. ഡി. എഫ് സര്‍ക്കാറുകളും വഹിച്ച പങ്ക് ശ്ലാഘനീയമാണ്.
ഏതാണ്ട് ഒരു കിലോമീറ്ററിനടുത്ത് 978 മീറ്റര്‍ നീളത്തില്‍ ജലസേചന വകുപ്പിന്‍റെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയാണിത്. 128 കോടി രൂപയാണ് ഇതുവരെ നിര്‍മ്മാണ ത്തിനായി ചിലവിട്ടത്. 95.3 കോടി രൂപ നബാഡ് വായ്പയാണ്. പാലത്തിന്‍റെ വീതി പത്തര മീറ്ററാണ്. 12 മീറ്റര്‍ നീളവും 4 മീറ്റര്‍ ഉയരവുമുള്ള 70 ഷട്ടറുകളുണ്ട്. 14.2 മീറ്റര്‍ ഉയര്‍ത്തില്‍ വെള്ളം തടഞ്ഞ് നിര്‍ത്താനാവും. പരിസര പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനും പതിനായിരം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താനും സാദ്ധ്യമാകുന്ന രീതിയിലായിരുന്നു നിര്‍മ്മാണം. പിന്നീടത് നടപ്പായില്ല.
ചമ്രവട്ടത്തെ കരിമ്പന ബസ് സ്റ്റോപ്പിന്നടുത്ത് ഭാരതപ്പുഴയുടെ തീരത്ത് ഐ.എ.എസ്. കോച്ചിങ് സെന്‍റര്‍ സ്ഥിതി ചെയ്യുന്ന എട്ടേക്കര്‍ സ്ഥലത്ത് 1984 ഫെബ്രുവരി 17ന് ഇതിനായി ഒരു എഞ്ചിനീയറിംഗ് ഡിവിഷന്‍ ആരംഭിച്ചു. ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, 3 അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, 9 അസി. എഞ്ചനീയര്‍മാര്‍ തുടങ്ങി നൂറില്‍പരം ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളിലായി 28 വര്‍ഷമായി ജോലിചെയ്തു. ആയിരക്കണക്കിന് മനുഷ്യ വിഭവശേഷി വേറെയും. മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ എസ്റ്റിമേറ്റുകള്‍ ഭേദഗതി വരുത്തി ടെണ്ടര്‍ വിളിക്കുകയും അതോറിറ്റി രൂപീകരിക്കുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനം അനന്തമായി ഇഴഞ്ഞുനീങ്ങിയപ്പോള്‍ സമീപ പ്രദേശ നിവാസികള്‍ ദാഹജലത്തിന് ബുദ്ധിമുട്ടിയപ്പോള്‍ ഈ പദ്ധതി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കി' ല്‍ ഉള്‍പ്പെടുത്താമെന്നാണ് പാലത്തിന്‍റെ പരിസരവാസിയായ കഥാകൃത്ത് സി. രാധാകൃഷ്ണന്‍ സഹികെട്ട് പറഞ്ഞത്. പാലത്തിന്‍റെ ഇരു കരകളും മതമൈത്രിയും മാനവമൈത്രിയും മുഖ്യ ലക്ഷ്യമാക്കി ജീവിച്ച് മരിച്ചു പോയ പല സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്.
പൊന്നാനി പള്ളിക്കടവില്‍നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന ഈ റഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2012 മെയ് 17ന് നാടിന് സമര്‍പ്പിച്ചു. കുടിവെള്ളം, കൃഷിജലസേചനം, ഗതാഗതം തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പൂക്കൈതപ്പുഴയുടെ ഓരത്തെ നാലായിരം ഏക്കറോളം വിസ്തീര്‍ണ്ണം വരുന്ന കോള്‍ കൃഷി മേഖലക്കും, മലപ്പുറം തൃശൂര്‍ ജില്ലകളിലെ 14 പഞ്ചായത്തുകളും തിരൂര്‍-പൊന്നാനി നഗരസഭയും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്കും ജലസേചനവും കുടിവെള്ളവും നല്‍കുക തുടങ്ങിയവ അടിയ ന്തിരമായി നടപ്പിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി ആദ്യമായി രൂപപ്പെട്ടത്. കേരളത്തിന്‍റെയും പ്രത്യേകിച്ച് പദ്ധതി പ്രദേശത്തിന്‍റെയും സര്‍വ്വതോന്മുകമായ വികസനത്തിന് ഉതകുന്ന പ്രൊജക്റ്റ് കൂടിയായിരുന്നു ഇത്. ഇടക്കാലത്താരംഭിച്ച പാലത്തിന്‍റെ ചോര്‍ച്ചയും മറ്റു അറ്റകുറ്റപണികള്‍ക്കും വികസനപ്രവര്‍ ത്തനങ്ങള്‍ക്കും സമഗ്ര പദ്ധതി തയ്യാറാക്കി മുന്നോട്ട് നീങ്ങുന്നു.
കെ.ടി. ജലീല്‍, സി. മമ്മൂട്ടി, പി.ശ്രീരാമകൃഷ്ണന്‍, ഇ.അഹ്മദ്, ഇ.ടി.മുഹമ്മദ് ബഷീര്‍, ഇ.കെ ഇമ്പിച്ചിബാവ, പി.ടി. കുഞ്ഞുട്ടിഹാജി, കെ. മൊയ്തീന്‍കുട്ടി എന്ന ബാവഹാജി, വി.പി.സി. തങ്ങള്‍, പി.ടി. മോഹനകൃഷ്ണന്‍, സി. ഹരിദാസ് തുടങ്ങിയ നിയമസഭാ സാമാജികരും ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും അവസരോചിതമായി വിവിധ ഘട്ടങ്ങളില്‍ ഇതിന്‍റെ നിര്‍മ്മാണത്തിന്വേണ്ടി ശബ്ദമുയര്‍ത്തി.
നിര്‍ദ്ദിഷ്ട പൊന്നാനി കാര്‍ഗോ പോര്‍ട്ട്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, സ്മാര്‍ട് സിറ്റി തുടങ്ങിയ പല വികസന കുതിപ്പുകളും നടപ്പിലായാല്‍ വര്‍ദ്ധിക്കാനിടയുള്ള ഗതാഗത ക്കുരുക്ക് ഒരു പരിധിവരെ ഈ പാലത്തിലുടെ വിഭാവനം ചെയ്ത തീരദേശ റോഡ് വന്നാല്‍ മാത്രമെ പരിഹാരമാകൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് പൊന്നാനി കോടതിപ്പടിയിലെ അഞ്ച്വിളക്കിനരികെ നിന്നും പുറപ്പെടുന്ന ബസ്സില്‍ തിരൂര്‍ വരെ ഒരു ടിക്കറ്റ് എടുത്താല്‍ ചമ്രവട്ടം കടവുകടന്ന് അതേ കമ്പനിയുടെ കണക്ഷന്‍ ബസ്സില്‍ തിരൂര്‍വരെ യാത്രചെയ്യാം. പതിറ്റാണ്ടുകളായി ആയിരക്കണക്കിന് സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ചമ്രവട്ടം കടവ് പാലം നിലവില്‍വന്നതോടെ നിലച്ചു.
മദ്ധ്യകാല കേരളത്തിലെ പ്രബല ശക്തിയായിരുന്ന സാമൂതിരി രാജാവ് തന്‍റെ രാജ്യം വിശാലമാക്കാന്‍ വള്ളുവകോനാതിരിയുമായി പടപൊരുതിയ കാലത്ത് പാലത്തിന്‍റെ ഇരു കരകളിലെ തിരുമനശ്ശേരി നാട് (പൊന്നാനി താലൂക്ക്), വെട്ടത്തുനാട് (തിരൂര്‍ താലൂക്ക്) നാടുവാഴികള്‍ പരസ്പരം കലഹിക്കാതെയാണ് പ്രജകളുടെ ക്ഷേമാഐശ്വര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി നാട് ഭരിച്ചത്. പാലത്തിന്‍റെ പടിഞ്ഞാറെ കരയോട്ചേര്‍ന്ന പുഴയിലാണ് ചമ്രവട്ടം ശാസ്താവിന്‍റെ ക്ഷേത്രം.
കാനായിതോമ ക്രിസ്ത്യാനിയാക്കിയ പള്ളിബാണ പെരുമാ ളിന്‍റെ ഭാര്യയെ ബാധിച്ചിരുന്ന ഗന്ധര്‍വ്വനെ ഒഴിപ്പിച്ച പ്രസിദ്ധ മന്ത്രവാദിയായ ഒന്നാം സൂര്യഭട്ടേരിയുടെ ഇല്ലം പാലത്തിന്‍റെ കിഴക്കെതല അവസാനിക്കുന്ന പഞ്ചായത്തായ കാലടിയാ യിരുന്നുവെന്നാണ് കേസരി ബാലകൃഷ്ണ പിള്ളയുടെ കണ്ടെത്തല്‍. അന്ന് ഭാരതപുഴ കൗണാര്‍ എന്നും കേള്‍വിക്കേട്ടു.
1949 മെയ് 8ന് അന്നത്തെ മദ്രാസ് പൊതുമരാമത്ത് വകുപ്പുമന്ത്രി എം. ഭക്തവല്‍സലമാണ് കുറ്റിപ്പുറം പാലത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്. പൊന്നാനി സ്വദേശിയും സൂപ്രണ്ടിംഗ് എഞ്ചിനീയറുമായിരുന്ന കെ.വി.അബ്ദുല്‍ അസീസാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഞ്ചിനീയര്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി. അന്ന് അദ്ദേഹം ജൂനിയര്‍ എഞ്ചിനിയറായിരുന്നു. നൂറുരൂപ ശമ്പളത്തിലായിരുന്നു സര്‍വ്വീസില്‍ പ്രവേശനം. അസീസ് എഞ്ചിനീയറുടെ സഹോദരപുത്രന്‍ എഞ്ചിനിയര്‍ കെ.പി. സൈഫുള്ള ചമ്രവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചുമതലയുള്ള എഞ്ചിനീയര്‍മാരില്‍ ഒരാളായിരുന്നു എന്നത് യാദൃശ്ചികം. ഐക്യകേരളം രൂപീകൃതമാവുന്നതുവരെ മലബാര്‍, തിരു കൊച്ചി എന്ന സംസ്കാരങ്ങളെ കോര്‍ത്തി ണക്കുന്നതില്‍ ഈ പാലം മുഖ്യ പങ്ക് വഹിച്ചു.