ലഹളക്കാര്‍ക്ക് നെയ്ച്ചോര്‍ വിളമ്പിയ നിക്കാഹ്

 



പൊന്നാനി

30. ലഹളക്കാര്‍ക്ക് 

നെയ്ച്ചോര്‍ വിളമ്പിയ നിക്കാഹ്



ടിവി അബ്ദുറഹിമാന്‍കുട്ടി

alfaponnani@gmail.com

9495095336


കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ പൊന്നാനിയിലും പരിസരത്തും മതസാമൂഹിക സാംസ്ക്കാരിക രംഗത്തും സ്വാതന്ത്ര്യസമരപോരാട്ടത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ മഹത്വ്യക്തിത്വമാണ് അദനയില്‍ പടിഞ്ഞാറകത്ത് സയ്യിദ് അബ്ദുള്ളാഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങള്‍. ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്‍റ്, സര്‍വ്വാദരണീയന്‍ തുടങ്ങിയ വിശേഷണങ്ങളാല്‍ അദ്ദേഹം ഖ്യാതിനേടിയിരുന്നു. ഇദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നത് മിനി സിവില്‍സ്റ്റേഷന് സമീപമുള്ള ഹൈദ്രോസി മസ്ജിദ് അങ്കണത്തിലാണ്.

തങ്ങളുടെ വധുഗൃഹമായ വെട്ടംപോക്കിരിയകം തറവാട് ജുമാമസ്ജിദ് റോഡില്‍ പ്രൗഢിയുടെ മുഖമുദ്രയണിഞ്ഞ് വിശാലമായ കോലായയും കല്‍തൂണുകളും മാളികമുകളും മുറ്റത്ത് പള്ളിയും നിലനില്‍ക്കുന്ന ആത്മീയ ഭൗതികരംഗങ്ങളില്‍ പാദമുദ്രചാര്‍ത്തിയ അപൂര്‍വ്വം തറവാടുകളില്‍ ഒന്നാണ്. തറവാട്ടിലെ ആദ്യ വലിയ തങ്ങള്‍ സയ്യിദ് മശ്ഹൂര്‍ പൂക്കോയ തങ്ങള്‍ 1884 മെയ് 30 (ഹിജ്റ 1301 ശഅബാന്‍ 5) ആണ് ഈ ഭവനം നിര്‍മ്മിച്ചത്.

 1921ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച് പൊന്നാനിയുടെ സമാധാനം നിലനിര്‍ത്താന്‍ ഈ തറവാട് സുപ്രധാന പങ്ക് വഹിച്ച ഒരു സംഭവം ഇങ്ങനെ സംഗ്രഹിക്കാം.

പൊന്നാനിയിലെ പുകള്‍പ്പെറ്റ സയ്യിദ് തറവാടായ വെട്ടംപോക്കിരിയകത്തെ കുഞ്ഞാറ്റബീവി ശരീഫയുടെ നിക്കാഹ്. 1921 ആഗസ്റ്റ് 21ന് ആയിരുന്നു.  ബീവിയുടെ പിതാവ് അദനയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയതങ്ങളുടെ പ്രൗഢിക്കും പ്രതാപത്തിനും അനുയോജ്യമായ രീതിയില്‍ നാട്ടിലും മറുനാട്ടിലും ഒന്നാകെ ക്ഷണിച്ചായിരുന്നു മംഗല്ല്യം. ഇല്ലായ്മയുടെ നാളുകളായിരുന്ന ആ അവസരത്തില്‍ കടലോരം കൊടും വറുതിയിലും ഒരു നേരത്തെ അന്നം ഏഴകള്‍ക്ക് പരമപ്രധാനമായിരുന്നു. ഏഴകളുടെ തോഴനായ തങ്ങള്‍ അവരെ പ്രത്യേകം ക്ഷണിക്കാന്‍ മറന്നില്ല.

മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിച്ച നിക്കാഹായതിനാല്‍ മികച്ച ആസൂത്രണ മികവോടെയായിരുന്നു മുന്നൊരുക്കങ്ങള്‍ എല്ലാം. വരന്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് വാഴക്കാട് ആക്കോട്ടെ പ്രമുഖ സയ്യിദ് കുടുംബത്തില്‍നിന്നുള്ള സല്‍ഗുണസമ്പന്നനും മതഭക്തനുമായ യുവകോമളന്‍. ഇതിനിടയിലാണ് ഇടിത്തീവിണ് പെട്ടെന്ന് കത്തിപ്പടര്‍ന്നതുപോലെ കലാപം തെക്കേ മലബാറില്‍ വ്യാപിച്ചത്. 

വിവരസാങ്കേതികവിദ്യ വികസിക്കാത്ത അക്കാലത്ത് സന്ദേശങ്ങള്‍ കൈമാറാന്‍  ദൂതനെ അയക്കുകയോ ടെലഗ്രാം അടിക്കുകയോ തന്നെ വേണം. അതിനാല്‍ തല്‍സമയം അടിയന്തിരത്തിന്‍റെ ദിവസം മാറ്റിവെക്കാനും പ്രയാസം. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു നിക്കാഹ് ദിവസം പുലര്‍ച്ച മുതലുള്ള ഇമ്പിച്ചിക്കോയ തങ്ങളുടെ ഓരോ കരുനീക്കവും.

അല്ലറചില്ലറ അനിഷ്ടസംഭവങ്ങള്‍ ഒഴിച്ചാല്‍ മഖ്ദൂമാരുടെ ആഗമനംതൊട്ട് മൂന്നുനൂറ്റാണ്ടിലധികമായി മതേതരമൂല്ല്യങ്ങള്‍ക്ക് പോറലേല്‍ക്കാതെ സംരക്ഷിക്കുന്നതിന് മലബാറിന് തന്നെ മാതൃകയായിരുന്ന പൊന്നാനിയില്‍ തുടര്‍ന്നും യാതൊന്നും സംഭവിക്കരുതെ എന്നായിരുന്നു ജാതി-മത ഭേദമന്യെ സര്‍വ്വരുടെയും മനമുരുകിയ പ്രാര്‍ത്ഥന.

സര്‍വ്വവിധ സൗകര്യങ്ങളും ഒരുക്കി അലങ്കാരപ്പൊലിമയോടു കൂടിയുള്ള വിശാലമായ പന്തല്‍ വെട്ടംപോക്കിരിയകം തറവാട് മുറ്റത്ത് ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ സജ്ജീകരിച്ചിരുന്നു. അക്കാലത്ത് പൊന്നാനിയിലെ പ്രധാന കല്ല്യാണങ്ങളെല്ലാം ചുരുങ്ങിയത് മൂന്ന് ദിവസം നീണ്ട് നില്‍ക്കും. റോഡ് ഗതാഗതം ഇന്നത്തെപോലെ വികസിക്കാത്ത അക്കാലത്ത് ജലഗതാഗതത്തിനായിരുന്നു പ്രാമുഖ്യം. വേലിയേറ്റ ഗതിയനുസരിച്ച് രാത്രികളിലാണ് അധികവും വഞ്ചികളുടെ സഞ്ചാരം.

വീടിന്‍റെ പിന്‍വശത്തൂകൂടി ഒഴുകുന്ന കനോലികനാലിലൂടെ കൊച്ചി തൈക്ക്യാവ്, ആലുവ, തോട്ടുമുഖം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വെളിയംകോട്, തിരൂര്‍, ചാലിയം പ്രദേശങ്ങളില്‍ നിന്ന് കെട്ടുവള്ളങ്ങളിലും, വഞ്ചികളിലും, കരയിലൂടെ മഞ്ചലുകളിലും, കാളവണ്ടിയിലും, കുതിരവണ്ടിയിലും ബന്ധുമിത്രാദികള്‍ പുലര്‍ച്ചെ മുതല്‍ എത്തിചേര്‍ന്നു. 

നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നും എത്തിയ സ്ത്രീജനങ്ങള്‍ വീടിന്‍റെ അകത്തളത്തിലും പുരുഷډാര്‍ പന്തലിലും സംഗമിച്ചു. ഇവിടെ അക്കാലത്തെ കല്ല്യാണങ്ങള്‍ രാത്രികളിലാണ് നടന്നിരുന്നത്. വരന്‍റെ വീട്ടുകാര്‍ അകലെനിന്നും എത്തേണ്ടവരായിരുന്നതിനാല്‍ രാത്രിയില്‍തന്നെയാണ്  നിക്കാഹും നിശ്ചയിച്ചത്.

സന്ധ്യമയങ്ങിയതോടെ പെട്രോമാക്സ് ലൈറ്റുകളും, കാന്തവിളക്കുകളും വീടും പരിസരവും പ്രകാശം വിതറി. കോലായയിലും, പടാപ്പുറത്തും, കൊട്ടിലിലും, അകത്തളങ്ങളിലും, ചായ്പിലും അതിഥികളുടെ കോലാഹലവും കൂട്ടച്ചിരികളും. മുറ്റത്തെ പന്തലില്‍ പണ്ഡിതډാരുടെയും, നാട്ടുകാരണവډാരുടെയും, പൗരപ്രമുഖരുടെയും നിറഞ്ഞ സദസ്സ്. നശീദ, മദഹ് ബൈത്തുകളുടെ ഈരടികള്‍ ഈണത്തില്‍ ചൊല്ലിക്കൊണ്ടുള്ള മൊല്ലാക്കډാരുടെയും സില്‍ബന്ദികളുടെയും  അറവനമുട്ടും കോല്‍ക്കളിയും. കലാപത്തിന്‍റെ അലയടികള്‍ ഏശാത്തതുപോലെ  എല്ലാം ആഹ്ലാദമയം.

ഈ അവസരത്തിലാണ് ഏതാനും ചിലര്‍ ഓടിവന്ന് ഇമ്പിച്ചിക്കോയതങ്ങളോട്:

വലിയ തങ്ങളെ പറ്റിച്ചു. ചമ്രവട്ടം പള്ളിപ്പുറത്തുകാരന്‍ അവുതലുവിന്‍റെ നേതൃത്വത്തില്‍ മുന്നൂറോളം ലഹളക്കാര്‍ വാരിക്കുന്തങ്ങളും, കുറുവടികളും, വടിവാളുകളുമായി അങ്ങാടി പാലത്തിനടുത്ത് ഇതാ എത്തിയിരിക്കുന്നു. താലൂക്കാഫീസും ഖജനാവും പോലീസ് സ്റ്റേഷനും അങ്ങാടിയിലെ ധനാഢ്യ തറവാടുകളായ  രായിച്ചന്‍റകവും കൊങ്ങണംവീടും തകര്‍ക്കുമെന്നാണ് കേള്‍ക്കുന്നത്. 

കേളപ്പന്‍റെ നേതൃത്വത്തില്‍ തല്‍ക്കാലം നമ്മുടെ ആളുകള്‍ സുരക്ഷാവലയം തീര്‍ത്തിരിക്കുന്നു. പാലം കടന്നാല്‍ പിന്നത്തെ സ്ഥിതി പറയണോ തങ്ങളെ. ഇത് കേട്ടമാത്രയില്‍ മംഗല്യ സദസ്സിലാകെ മ്ലാനത പരന്നു. സദസ്സാകമാനം നിശബ്ദമായി. തങ്ങളേ, കേളപ്പനും രാമന്‍മേനോന്‍ വക്കീലും പഞ്ചിലകത്ത് മുഹമ്മദാജിയും മക്കി ഇമ്പിച്ചാക്കയും ബാലകൃഷ്ണമേനോനും പറഞ്ഞിട്ടൊന്നും അവര്‍ അടങ്ങുന്നില്ല. രാമമേനോന്‍റെ ചുമലില്‍ കയറിയിരുന്ന് കേളപ്പന്‍ ആവര്‍ത്തിച്ചു ഇങ്ങനെ പറയുകകൂടി ചെയ്തു.

'അല്ലയോ സുഹൃത്തുക്കളേ, ദയവായി അല്‍പ്പമൊന്നു ശ്രദ്ധിക്കു. ഞങ്ങള്‍ നിങ്ങളുടെ ഗുണകാംക്ഷികളാണ്. നിങ്ങള്‍ സ്വീകരിച്ച രീതികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്.  നമ്മുടെ മാര്‍ഗ്ഗം ശാന്തിയും സമാധാനവുമാണ്. അതിലൂടെ ലക്ഷ്യം നേടാനാണ് നമ്മുടെ ദേശീയ നേതാക്കളുടെ ആഹ്വാനം. ഈ സാഹസകൃത്യങ്ങളുടെ തുടര്‍ വൈഷമ്യങ്ങള്‍ നിങ്ങള്‍ ഗ്രഹിക്കണം. അതുകൊണ്ട് ശാന്തരാകൂ. നമുക്ക് കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം'.

ആത്മാര്‍ത്ഥതയും നേതൃഗാംഭീര്യവും തുളുമ്പുന്ന ആ വാക്കുകള്‍ ആദ്യം ലഹളക്കാര്‍ ചെവിക്കൊണ്ടില്ല. എങ്കിലും പ്രതികാരവാഞ്ച അല്‍പ്പമൊന്ന് ശാന്തമായപ്പോള്‍ പാലം കടന്ന് അങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റി ഓഫീസിലും പരിസരത്തും അവര്‍ സംഗമിച്ചു. കേളപ്പന്‍റേയും സംഘത്തിന്‍റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാന്‍ അപ്പോഴും അവര്‍ മടിച്ചു. കേളപ്പന്‍റെ ആഹ്വാനത്തെ തുടര്‍ന്ന് സമരഭടډാരുടെ മനസ്സില്‍ ആളിപ്പടര്‍ന്നിരുന്ന പ്രതികാര കനലുകള്‍ പൂര്‍ണ്ണമായി അണഞ്ഞിരുന്നില്ല. സംഗതികളുടെ ഗൗരവം സശ്രദ്ധം വീക്ഷിച്ച ഇമ്പിച്ചിക്കോയ തങ്ങള്‍ ഏതാനും സഹപ്രവര്‍ത്തകരുമൊത്ത് ലഹളക്കാരെ ലക്ഷ്യമാക്കി ധൃതിയില്‍ നടന്നു. 

ഇശാ നമസ്കാരാനന്തരം ലഹളക്കാര്‍ അഭിമുഖീകരിച്ചത് നീളകുപ്പായവും നമസ്ക്കാരത്തഴമ്പും തലയില്‍ തൊപ്പിക്കു മുകളില്‍ പ്രൗഢമായ വട്ടക്കെട്ടും അണിഞ്ഞ് ശാന്തനായി വന്ന ഇമ്പിച്ചിക്കോയതങ്ങളുടെ നയചാതുര്യത്തോടെയുള്ള അഭ്യര്‍ത്ഥനയാണ്.

'പ്രിയ മക്കളെ, മുസ്ലിം സഹോദരങ്ങളെ, ഇത് ചെറിയ മക്കയാണ്. മലബാറിന്‍റെ പകുതിയോളം വിസ്തീര്‍ണ്ണമുള്ള താലൂക്കിന്‍റെ ആസ്ഥാനവും സാമൂതിരി രാജാവ് കണ്ണിന്‍റെ കൃഷ്ണമണിപോലെ സംരക്ഷിച്ചിരുന്ന അദ്ദേഹത്തിന്‍റെ രണ്ടാം തലസ്ഥാനവുമാണ്. ഇവിടെ അങ്ങാടി പ്രദേശത്ത് മുസ്ലിംകള്‍ അല്ലാതെ മറ്റാരും വസിക്കുന്നില്ല. ഹൈന്ദവ സുഹൃത്തുക്കളും മുസ്ലിംകളും നൂറ്റാണ്ടുകളായി തികഞ്ഞ മതമൈത്രിയോടെയാണ് ഇവിടെ ജീവിക്കുന്നത്. മാത്രമല്ല ഇന്ന് എന്‍റെ പൊന്നുമകള്‍ കുഞ്ഞാറ്റയുടെ നിക്കാഹാണ്. ഞാന്‍ നടത്തുന്ന തറവാട്ടിലെ ആദ്യ അടിയന്തിരമായതിനാല്‍ ദിവസങ്ങള്‍ നീണ്ട അദ്ധ്വാനത്താല്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിങ്ങള്‍ ശാന്തരായി എല്ലാവരും എന്‍റെ കൂടെ വന്ന് എന്‍റെ മകളുടെ നിക്കാഹ് ഭംഗിയാക്കി തരണം'. അദ്ദേഹം സമരനേതാവ് അവുതലുവിനെ ചേര്‍ത്തുപിടിച്ചു. ഇമ്പിച്ചിക്കോയതങ്ങളുടെയും കൂടി അഭ്യര്‍ത്ഥനയായപ്പോള്‍ അവര്‍ തികച്ചും ശാന്തരായി.

അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ തോമസും പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കും സര്‍ക്കാര്‍ പക്ഷവും പട്ടാളവും കോഴിക്കോട്ടേക്ക് രക്ഷപ്പെടാതിരിക്കാന്‍ തലേദിവസം രാത്രിതന്നെ സമരഭടډാര്‍ പരപ്പനങ്ങാടിയിലെ റെയില്‍വേ സ്റ്റേഷനും റെയില്‍പ്പാളങ്ങളും തകര്‍ത്തിരുന്നു. തډൂലം വരനും പാര്‍ട്ടിക്കും നിക്കാഹിന് വരാന്‍ പറ്റാതെ തിരിച്ചുപോയെന്ന അശുഭവാര്‍ത്തയാണ് തങ്ങളുടെ ചെവിയിലെത്തിയത്. എല്ലാം വിധിപോലെ വരട്ടെ എന്ന ആശ്വാസത്തോടെ അദ്ദേഹം സ്വദേശത്തിന്‍റെ രക്ഷയ്ക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലനായി.

ഇമ്പിച്ചിക്കോയതങ്ങളൊടൊപ്പം തക്ബീര്‍ വിളികളോടെ ലഹളക്കാരുടെ മംഗല്ല്യപന്തലിലേക്കുള്ള ആഗമനം ദര്‍ശിച്ച സദസ്സ് പെട്ടെന്ന് ഇളകി. അങ്കലാപ്പിലായി പലരും പല ഭാഗത്തേക്ക് ചിന്നിച്ചിതറി. ഉടനെ ഇമ്പിച്ചിക്കോയതങ്ങളുടെ ആഹ്വാനം. ആരും ഭയപ്പെടരുത്. ഓടരുത്. ഇത് നമ്മുടെ സുഹൃത്തുക്കളും മാന്യ അതിഥികളുമാണ്. അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.

പ്രതികാരവാഞ്ചയുടെ കനലുകള്‍ അണഞ്ഞ് പോരാട്ട വീര്യം അല്‍പ്പമൊന്ന് കുറഞ്ഞപ്പോള്‍ സമരഭടډാരെ കഴിഞ്ഞ ദിവസത്തെ വിശപ്പും ദാഹവും കാര്യമായി അലട്ടിത്തുടങ്ങി. ഇരിപ്പിടങ്ങളില്‍ ശാന്തരായി ഉപവിഷ്ടരാകും മുമ്പ് തന്നെ ചെമ്പുകളില്‍ കലക്കിവെച്ചിരുന്ന പഞ്ചസാരവെള്ളം മതിവരോളം കുടിച്ചു ദാഹം തീര്‍ത്തു. ഒരു ചാക്ക് പഞ്ചസാര കലക്കി എന്നാണ് പഴമക്കാരുടെ വാമൊഴി.

തുടര്‍ന്ന് സുഭിക്ഷമായി ഭക്ഷണവും കഴിച്ച് രാത്രിയിലെ മഴയുടെയും കാറ്റിന്‍റെയും കുളിരില്‍ സര്‍വ്വരും സുഖനിദ്രയിലാണ്ടു. ഖിലാഫത്ത് ഫണ്ടിലേക്ക് സദസ്സില്‍ നിന്ന് സ്വരൂപിച്ചെടുത്ത 2500രൂപയുടെ കിഴിയുമായി പിറ്റേന്ന് പുലര്‍ച്ചെ ചമ്രവട്ടം കടവിലൂടെ തിരൂരിലേക്ക്തന്നെ ലഹളക്കാര്‍ യാത്ര തിരിച്ചു.

കേളപ്പന്‍റെ ചരിത്രമെഴുതിയ പ്രൊഫ. എം.പി. മډഥന്‍ രചിച്ച കേളപ്പന്‍ എന്ന പുസ്തകത്തിലെ ഒരു ചെറുത്തുനില്‍പ്പിന്‍റെ കഥ എന്ന അദ്ധ്യായത്തില്‍ സംഭവം വിവരിക്കുന്നത് ഇങ്ങനെ:

'ലഹളക്കാരെ തടഞ്ഞ കേളപ്പന്‍റെയും കൂട്ടരുടെയും അഹിംസാത്മക പ്രതിരോധം അങ്ങനെ അധികം നീണ്ടുനില്‍ക്കാനിടയില്ല. അവരുടെ സമയോചിതമായ പ്രവര്‍ത്തിയില്‍ സന്തുഷ്ടനായ ഒരാള്‍ (തങ്ങള്‍) ലഹളക്കു വന്ന കൂട്ടരെ സമീപിച്ചു പറഞ്ഞു:  കുട്ടികളേ, നിങ്ങള്‍ക്കു ഭക്ഷണത്തിനു വേണ്ടതെല്ലാം ഞാനൊരുക്കി വെച്ചിട്ടുണ്ട്. ഒന്നു കൂടെവന്ന് ഭക്ഷണം കഴിക്കൂ. എന്നിട്ട് നമുക്ക് ഒന്നിച്ചിരുന്ന് മേല്‍ വേണ്ടതെല്ലാം ആലോചിക്കാം.

തങ്ങളുടെ ക്ഷണം ലഹളക്കാര്‍ സ്വീകരിച്ച് അദ്ദേഹത്തിന്‍റെ വീട്ടിലേക്കു പോയി. തങ്ങളുടെ വീട്ടില്‍ അന്നൊരു വിവാഹാഘോഷമായിരുന്നു. ലഹള നടത്തി പലയിടത്തും ചുറ്റിത്തിരിഞ്ഞ് വിശന്നു വലഞ്ഞ ലഹളക്കാര്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു. ഈ സമയത്ത് നല്ല മഴപെയ്തു. ലഹളക്കാര്‍ ഒന്നും ചെയ്യാന്‍ വയ്യാതെ കുറേ നേരം അവിടെയിരുന്നു. ഈ തക്കംനോക്കി കേളപ്പന്‍ അവരെ വീണ്ടും സമീപിച്ചു. ലഹളയ്ക്കൊരുങ്ങാതെ മടങ്ങിപ്പോകണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അതു ഫലിച്ചു.'

തല്‍ക്കാലം ബീവിയുടെ നിക്കാഹ് മുടങ്ങിയെങ്കിലും വിപുലമായ സജ്ജീകരണങ്ങളോടെ പിന്നീട് വലിയ ജാറത്തിങ്ങല്‍ സയ്യിദ് അബൂബക്കര്‍ സഖാഫ് ഇമ്പിച്ചിക്കോയതങ്ങള്‍ സയ്യിദത്ത് കുഞ്ഞാറ്റ ബീവിയെ വിവാഹം ചെയ്തു. വര്‍ഷങ്ങളോളം കഷ്ടപ്പെടുന്ന ജനങ്ങളുടെ ആശാകേന്ദ്രമായി അവര്‍ പരിലസിച്ചു. രാഷ്ട്രീയക്കാര്‍ പോലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു മുമ്പ് സയ്യിദത്ത് കുഞ്ഞാറ്റബീവിയുടെ അനുഗ്രഹം തേടിയെത്തിരുന്നു. അശരണരുടെയും മത്സ്യത്തൊഴിലാളികളുടെയും അത്താണിയായി അവര്‍ വാഴുകയും 2000  ഫിബ്രവരി 6ന്  (1420 ദുല്‍ഖഅ്ദ് 1ന്) ഇഹലോകവാസം വെടിയുകയും ചെയ്തു. വീട്ടിന്‍റെ അങ്കണത്തിലുള്ള പള്ളിക്കരികെയുള്ള മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ച്ചയുടെ വക്കിലെത്തിയ വീട് ഈ തറവാട്ടിലെ ഗൃഹനായിക സയ്യിദത്ത് മുല്ലബീവി ശരീഫയുടെ മകള്‍ സയ്യിദത്ത് അസ്മ മുത്തുബീവിയെ വിവാഹം ചെയ്ത വടകരയിലെ സയ്യിദ് മുഹമ്മദ് മശ്ഹൂര്‍ കുഞ്ഞിക്കോയ തങ്ങള്‍ 2012 ആഗസ്റ്റ് 25ന് (ഹി.1432 ശവ്വാല്‍ 1) ശനിയാഴ്ച്ച പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി. പൈതൃക സംരക്ഷണത്തിന് അനുകരണീയ മാതൃകയായി പൂര്‍വ്വോപരി പ്രൗഢിയോടെ തലയുയര്‍ത്തി നിലനില്‍ക്കുന്നു. കുഞ്ഞിക്കോയ തങ്ങള്‍ 2017 ജൂണ്‍ 10 (ഹി.1438 റംസാന്‍ 15) ശനിയാഴ്ച ഇഹലോകവാസം വെടിഞ്ഞു.

ഇമ്പിച്ചിക്കോയ തങ്ങള്‍ തുടങ്ങിവെച്ച നയചാരുതയും രാഷ്ട്രീയ നയതന്ത്രജ്ഞതയും സമുദായ സേവനവും മകന്‍ മുന്‍ എം.എല്‍.എ. വി.പി.സി തങ്ങളിലൂടെയും അദ്ദേഹത്തിന്‍റെ വിയോഗത്തിനുശേഷം വി.പി. ഹുസൈന്‍കോയ തങ്ങളിലൂടെയും തൂടര്‍ന്ന് വരുന്നു. 

സയ്യിദത്ത് കുഞ്ഞാറ്റ ബീവിയുടെ ജീവിച്ചിരിക്കുന്ന ഏക സന്തതി എണ്‍പത് കഴിഞ്ഞ സയ്യിദത്ത് മുല്ലബീവി ശരീഫ ഉമ്മയില്‍നിന്ന് മതിവരുവോളം കേട്ട 132 വര്‍ഷം പഴക്കമുള്ള തറവാട്ടില്‍ തൊണ്ണൂറ്റഞ്ച് വര്‍ഷം മുമ്പ് നടന്ന വീരകഥ വിവരിക്കുമ്പോള്‍ മുല്ലബീവിയുടെ മുഖത്ത് അഭിമാന പൂര്‍ണ്ണിമയുടെ ഒളിവെട്ടം തിളങ്ങി.