27. പൊന്നാനി വലിയജാറം
ടി.വി.അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
9495095336
കേരളത്തിലെ ഇസ്ലാമിക പ്രചാരണത്തിലും നവോത്ഥാനത്തിലും നിത്യസ്മരണീയ മായാമുദ്ര ചാര്‍ത്തിയ തറവാടാണ് പൊന്നാനി വലിയ ജാറം. കേരളത്തില്‍ ഹൈദ്രോസ്സി വംശപരമ്പരക്ക് ആരംഭംകുറിച്ച ഖുതുബുസ്സമാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദ്രോസ്സ് മുതലാണ് മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ തറവാടിന്‍റെ തുടക്കം.
കേരളത്തിലെ ഭൂരിപക്ഷം പ്രവാചക കുടുംബത്തിന്‍റെയും തായ്വേര് യമനിലെ ഹളറമൗത്തിലാണ്. ബുഖാരി വംശം മാത്രമാണ് വിഭിന്നം. ഇവരുടെ മാതൃഭൂമി ഉസ്ബൈസ്കിസ്ഥാനിലെ ബുഖാറയാണ്. കിഴക്ക് ഒമാനും പടിഞ്ഞാറ് യമനും വടക്ക് ദഹന മരുഭൂമിയും അതിരിട്ട പ്രദേശമാണ് ഹളറമൗത്ത്. ഇറാക്കിലെ ബസ്വറയില്‍ നിന്ന് ഹി:317(ക്രി. വ. 929) ല്‍ ഹളറമൗത്തിലെത്തിയ പണ്ഢിത ശ്രേഷ്ഠനായ അഹമ്മദ്ബിന്‍ ഈസ അല്‍മുഹാജിറാണ് യമനീവംശ പരമ്പരക്ക് ആരംഭം കുറിച്ചത്. ഹി:345(ക്രി.വ.956)ല്‍ അന്തരിച്ച ഇദ്ദേഹത്തിന്‍റെ മഖ്ബറ ഹളറമൗത്തിലെ അല്‍ഹസീസായിലാണ.്
ഖുലഫാഉറാശിദുകളുടെ കാലശേഷം പ്രവാചക കുടുംബങ്ങള്‍ക്ക് പല മുസ്ലിം ഭരണാധികാരികളില്‍നിന്നുപോലും തിക്താനുഭവങ്ങള്‍ സഹിക്കേണ്ടിവന്നു. മാന്യമായ അംഗീകാരവും ആദരവും ലഭിച്ചില്ല. അമവി- അബ്ബാസി ഭരണകൂടത്തിനു കീഴിലും മറ്റുചില മുസ്ലിം ഭരണാധികാരികളില്‍നിന്നും അനുഭവിച്ച പീഡനങ്ങള്‍ നിരവധിയാണ്. തന്മൂലമാണ് ജന്മനാട്ടില്‍നിന്ന് പാലായനം ചെയ്ത് ഹളറമൗത്തിലെത്തിയത്.
ഹളറമൗത്തിലെ ഐനാത്ത് പട്ടണത്തിന് സമീപം തരീം ദേശത്തു നിന്നാണ് കേരളത്തിലേക്ക് സയ്യിദന്മാര്‍ ആദ്യമായി വന്നത.് ഹൈദ്രോസ്, ശിഹാബുദ്ധീന്‍, ജിഫ്രി, ബാഫഖിഹ്, ബാഅലവി, ജമലുല്ലൈല്‍, ആലുബാറാമി, ഐദീദ്, മുഖൈബില്‍, മുസാവ, മശ്ഹൂര്‍, ആലുശില്ലി, ആലുശ്വാതിരി, ആലുഹബ്ശി, ഹദ്ദാദ്, സഖാഫ്, ആലുല്‍ ഹാദി, മൗലദ്ദവീല, രിഫാഇ തുടങ്ങിയ പ്രവാചക വംശപരമ്പര ഇവിടെ ജീവിച്ചിരുന്നു. ചിലതെല്ലാം ഇതിനകം വേരറ്റുപോയി. സാമൂതിരിമാരും മുസ്ലിംകളും തമ്മില്‍ സുദൃഢബന്ധം പുലര്‍ത്തിയിരുന്ന കാലത്താണ് പ്രവാചക കുടുംബങ്ങള്‍ അധികവും മലബാറില്‍ വന്ന് സ്ഥിരതാമസമാക്കിയത്. ഭരണകൂടം അവരെ സഹര്‍ഷം സ്വാഗതം ചെയ്ത് സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു. ഇത് മലബാറില്‍ ഇസ്ലാമിക വളര്‍ച്ചയ്ക്കും മതമൈത്രിക്കും നവോന്മേഷവും ഊര്‍ജ്ജവും പകര്‍ന്നു.
കേരളത്തില്‍ കൂടുതലുള്ളത് ബാഅലവി സാദാത്തുക്കളാണ്. സയ്യിദ് അഹമ്മദ് ബിന്‍ ഈസയുടെ മകന്‍ സയ്യിദ് ഉബൈദുല്ലയുടെ പ്രഥമ പുത്രനായ സയ്യിദ് അലവിയോട് വംശപരമ്പര ചേര്‍ത്തതിനാലാണ് ബാഅലവി സാദാത്തുക്കള്‍ എന്നറിയപ്പെടുന്നത്. ബാഅലവി സാദാത്തുക്കളില്‍ വ്യത്യസ്ഥമായ പല പ്രവാചക കുടുംബങ്ങളുമുണ്ട്. അവയില്‍ പ്രഥമ ഗണനീയമാണ് അബ്ദുല്ലാഹില്‍ ഹൈദ്രോസ്സ്. ഇദ്ദേഹത്തോട് ചേര്‍ത്താണ് ഹൈദ്രോസ്സി വംശപരമ്പര അറിയപ്പെടുന്നത്. ഇത് സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ഹൈദ്രോസ്സിന്‍റെ ആറാമത്തെ പിതാമഹനാണ്. നൂറ്റിഅറുപതോളം പ്രവാചക കുടുംബങ്ങള്‍ ഹളറമൗത്തില്‍ ജീവിച്ചിരുന്നു. ഇവരെല്ലാം ഹളറമീസാദാത്തുക്കള്‍ എന്നറിയപ്പെടുന്നു.
പൊന്നാനിയില്‍ കൂടുതലുള്ള സാദാത്തുക്കള്‍ ഹൈദ്രോസികളാണ്. കേരളത്തില്‍ ഇസ്ലാംമതത്തിന്‍റെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും ശരിഅത്ത് നിയമങ്ങള്‍ക്ക് അനിയോജ്യമായി മുസ്ലിം സമുദായത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിലും ശ്ല3ഘനീയമായ നേതൃത്വം നല്‍കിയവരാണ് ഈ സയ്യിദ് വംശം.
അബദുറഹിമാന്‍ സഖാഫിന്‍റെ മകന്‍ അബൂബക്കര്‍ സകറാന്‍റെ മകന്‍ സയ്യിദ് അബ്ദുല്ലാ ഹൈദ്രോസ്സിന്‍റെ സന്താന പരമ്പരയാണ് ഹൈദ്രോസികള്‍. ഹി:1099(ക്രി.വ. 1687)ല്‍ ഹളറമൗത്തില്‍ ജനിച്ച് അവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം സയ്യിദ് അബദുറഹിമാന്‍ അല്‍ ഹൈദ്രോസ് ബാല്യത്തില്‍തന്നെ ഹി:1115(ക്രി.വ. 1703)ല്‍ കോഴിക്കോട്ടേക്ക് കപ്പല്‍ കയറി. കോഴിക്കോടെത്തിയ ശേഷം സയ്യിദന്മാരുടെ അക്കാലത്ത് തന്നെ കേന്ദ്രമായിരുന്ന കൊയിലാണ്ടിയില്‍ പോയി ആത്മീയ ഗുരുവര്യനായ സയ്യിദ് ഖുതുബ് ജമാലുദ്ദീന്‍ മുഹമ്മദുല്‍ വഹ്ഫ്വി വലിയ സീതികോയതങ്ങളുടെ കൂടെ താമസിച്ചു. തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം പൊന്നാനിയില്‍ വന്ന് ഇവിടെ താമസമുറപ്പിച്ചു.
ഹിജ്റ ആറാം നൂറ്റാണ്ടില്‍ ഇറാക്കിലാണ് ഖാദിരീയ്യ ത്വരീഖത്ത് രൂപപ്പെട്ടത്. ശൈഖ് മുഹ്യദ്ദീന്‍ അബദുല്‍ ഖാദിര്‍ ജീലാനി(ക്രി.വ. 1077-1165) യോട് ചേര്‍ത്താണ് ഈ ത്വരീഖത്ത് അറിയപ്പെടുന്നത്. ഖാദിരീയ്യ ത്വരീഖത്തിന്‍റെ ആരംഭത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സന്ദേശം വ്യാപിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ശൈഖ് ഫരീദുദ്ദൂന്‍ബിന്‍ അബ്ദുല്‍ ഖാദിര്‍ ഖുറാസാനിയുടെ നേതൃത്വത്തില്‍ ഈ ത്വരീഖത്ത് പൊന്നാനിയിലുമെത്തിയിരുന്നു. അദ്ദേഹം സ്ഥാപിച്ച തോട്ടുങ്ങല്‍ പള്ളി ആസ്ഥാനമായാണ് ഇതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്.
ത്വരീഖത്തില്‍ ഔദ്യോഗിക പദവി ലഭിച്ച ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും മകന്‍ അല്ലാമാ അബ്ദുല്‍ അസീസിന്‍റെയും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും ശ്രമത്താല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് വ്യാപിച്ചു. ഇവരുടെ ആസ്ഥാനകേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദര്‍സ്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതശ്രേഷ്ഠന്മാരാണ് മുഖ്യ പ്രചാരകര്‍. സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ്സിന്‍റെ ആഗമനത്തോടെ പൊന്നാനിയിലും പരിസരത്തും സാധാരണക്കാരുടെ ഇടയില്‍പോലും ഖാദിരീയ്യ ത്വരീഖത്തിന് വ്യാപകപ്രചാരം നേടാന്‍ ഇടയായി. കേരളത്തില്‍ വിജ്ഞാനത്തിന്‍റെയും പാണ്ഡിത്യത്തിന്‍റെയും നേതൃത്വം മഖദൂമുകള്‍ക്കും ആത്മീയ നേതൃത്വം സയ്യിദന്‍മാരുടെ വരുതിയിലുമായിരുന്നു.
മഖദൂമുമാരുടെ വൈജ്ഞാനിക വെട്ടത്തിന് ഈ പ്രവാചക പൗത്രന്മാരുടെ ജ്വാല കൂടിയായപ്പോള്‍ പൊന്നാനിയുടെ ആത്മീയ ചൈതന്യം പൂര്‍വ്വോപരി പ്രശോഭിതമായി മാറി. തല്‍ഫലമായി മലബാറിലെ വിവിധഭാഗങ്ങളില്‍ ഇസ്ലാമിന്‍റെ പൊന്‍വെളിച്ചം നുകരാന്‍ അവസരം ലഭിച്ചു.
ചാവക്കാട് ഉത്വാങ്ങാനകം തറവാട്ടില്‍ നിന്നും കൊച്ചി രാജകുടുംബത്തില്‍നിന്നും വിവാഹം ചെയ്ത സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ് തങ്ങള്‍ക്ക് ചാവക്കാട് അസ്സയ്യിദ് മുഹമ്മദ്, അസ്സയ്യിദ് അലിയ്യ്, അസ്സയ്യിദ് അലവി, അസ്സയ്യിദ് അബൂബക്കര്‍ എന്നിവരും കൊച്ചിയില്‍നിന്ന് വിവാഹം ചെയ്തതില്‍ അസ്സയ്യിദ് മുസ്തഫ, അസ്സയ്യിദ് ഹുസൈന്‍ എന്നിവരുമാണ് പുത്രന്മാരായിട്ടുള്ളത്.
ചാവക്കാട് വെച്ച് ഹി. 1164 (ക്രി. വ. 1751) ല്‍ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹത്തിന്‍റെ ജനാസ പൊന്നാനിയിലേക്ക് കൊണ്ടുവന്ന് വലിയജാറം അങ്കണത്തിലെ പ്രധാന മഖ്ബറയില്‍ അടക്കം ചെയ്തു. മഖാം 1877ലാണു പണിതത്. ഇതിന്‍റെ ഖുബ്ബ എടുപ്പിന് 8 അടി വ്യാസവും ഭൂമിയില്‍ നിന്നും 56അടി ഉയരവും ഉണ്ട്.
ചാവക്കാട് മണത്തലപ്പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹൈദ്രോസുകുട്ടി മൂപ്പന്‍ സയ്യിദ് ഹൈദ്രോസിന്‍റെ ആത്മമിത്രമായിരുന്നു. ടിപ്പു ഭരണത്തില്‍ ആദ്യകാലത്ത് ഉന്നത ഉദ്യോഗം വഹിച്ചിരുന്നു മൂപ്പന്‍.
ഓരോ വര്‍ഷവും ഗുരുവായൂര്‍ ഉത്സവ ചെലവിലേക്ക് ടിപ്പുവിന്‍റെ വകയായി നല്‍കിയിരുന്ന സംഖ്യ 3000 പഗോഡ ക്ഷേത്രത്തില്‍ ഏല്‍പ്പിച്ചിരുന്നത് മൂപ്പന്‍ മുഖേനയാണ്. പിന്നീട് അദ്ദേഹം സാമൂതിരിയുടെ സാമന്തനായിമാറി.
സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസ് ജാതിമതഭേദമന്യെ സര്‍വ്വര്‍ക്കും ആദരണീയനും ആശ്രിതവത്സനനുമായിരുന്നു. ഇദ്ദേഹത്തിന്‍റെ ആത്മീയശോഭയാല്‍ മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗം അക്കാലത്ത് മുസ്ലിംകളായി തുടര്‍ന്ന് ഇവര്‍ പുതു ഇസ്ലാമീങ്ങളെന്ന പേരില്‍ അറിയപ്പെട്ടു.
സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസിന്‍റെ പുത്ര പരമ്പരയില്‍പ്പെട്ട സയ്യിദന്മാര്‍ മഖ്ദൂം തറവാടുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഹൈദ്രോസികളില്‍ ചിലര്‍ മഖദൂം പദവിയും അലങ്കരിച്ചിട്ടുണ്ട്.
സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ഹൈദ്രോസിയുമായി സുദൃഢബന്ധമുള്ള മറ്റൊരു പണ്ഡിതനാണു സയ്യിദ് ഹസ്സന്‍ ജിഫ്രി. ഹി:1168(ക്രി. വ. 1754)ല്‍ കോഴിക്കോട് കപ്പലിറങ്ങിയ അദ്ദേഹം ഉപരിപഠനാര്‍ത്ഥം പൊന്നാനിയിലെത്തി. പഠനാനന്തരം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തെ തിരൂരങ്ങാടി ഖാസിയായിരുന്ന ജമാലുദ്ദീന്‍ മഖ്ദൂമി അവിടേക്ക് കൊണ്ടുപോയി. മലബാര്‍ കേന്ദ്രീകരിച്ച് മതപ്രബോധനത്തിലും പ്രഭാഷണത്തിലും മികവ് തെളിയിച്ച അദ്ദേഹത്തിന് കുറഞ്ഞ കാലംകൊണ്ട് സര്‍വ്വരുടെയും സ്നേഹാദരവുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. ഹസ്സന്‍ ജിഫ്രി ജമാലുദ്ദീന്‍ മഖ്ദൂമിയോട് പറഞ്ഞ വസിയത്തിനെ തുടര്‍ന്നാണ് ശൈഖ് ജിഫ്രിയുടെ ഏക മകള്‍ ഫാത്തിമ്മയെ മമ്പുറം തങ്ങള്‍ വിവാഹം കഴിച്ചത്.
മൂന്നാക്കല്‍ വലിയ ജുമാ മസ്ജിദ്, മേലെ ചെറിയ ജുമാ മസ്ജിദ്, കാരക്കാട് ജുമാ മസ്ജിദ്, കാട്ടിപ്പരുത്തി ജുമാ മസ്ജിദ്, കാരക്കാട് വടക്കേ ജുമാ മസ്ജിദ്, പാങ്ങ് ജുമാ മസ്ജിദ്, തോഴന്നൂര്‍ ജുമാ മസ്ജിദ്, വേങ്ങാട്ട് ജുമാ മസ്ജിദ്, മൂര്‍ക്കനാട് ജുമാ മസ്ജിദ്, കൊളത്തുര്‍ ജുമാ മസ്ജിദ്, പുറമണ്ണൂര്‍ ജുമാ മസജിദ്, തിരുവേഗപ്പുറ ജുമാ മസ്ജിദ്, ഇരുമ്പിളിയം ജുമാ മസ്ജിദ്, കൊടുമുടി ജുമാ മസ്ജിദ്, എടയൂര്‍ ജുമാ മസ്ജിദ്, കോട്ടപ്പുറം ജുമാ മസ്ജിദ്, കൊപ്പം ജുമാ മസ്ജിദ് തുടങ്ങി മലബാറിലും തിരുകൊച്ചിയിലും വിവിധ ഭാഗങ്ങളില്‍ ഖാസി സ്ഥാനത്തിന്‍റെയും ധാരാളം ഭൂസ്വത്തിന്‍റെയും അധിപന്മാരായിരുന്നു ഹൈദ്രോസി തങ്ങന്മാര്‍. പുതുപൊന്നാനിയിലുണ്ടായിരുന്ന സ്ഥലത്താണ് ഹൈദ്രോസ് ജുമാമസ്ജിദ് നിലകൊള്ളുന്നത്.
വിവര സാങ്കേതിക വിദ്യ ഇന്നത്തെ പോലെ വികസിക്കാത്ത കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ മാസം ഉറപ്പിക്കുന്നതിന് എകീകരണരൂപമില്ലായിരുന്നു. അക്കാലത്ത് മലബാറിലെയും കൊച്ചി രാജ്യത്തെയും തങ്ങന്മാരുടെ പുകള്‍പ്പെറ്റ തറവാടും പല മഹല്ലുകളുടെ ഖാസിസ്ഥാനികളുടെ ആസ്ഥാനവുമായിരുന്നു വലിയ ജാറം. റംസാന്‍ മാസ പിറ കണ്ടാല്‍ ഇവിടത്തെ ഖാന്‍ സാഹിബ് ആറ്റക്കോയ തങ്ങളുടെ സന്നിധാനത്തിലെത്തി സാക്ഷി സഹിതം വിവരം ബോധിപ്പിക്കും. അംഗശുദ്ധി(വുളുഅ്) വരുത്തി പിറ കണ്ട വിവരം സത്യം ചെയ്ത് പറഞ്ഞാല്‍ മാത്രമേ മാസം ഉറപ്പിക്കുകയുള്ളു. കണ്ടയാള്‍ക്ക് വെള്ളി ഉറുപ്പികയും പുതിയ (കോടി)മുണ്ടും ഇനാമായി നല്‍കും. തുടര്‍ന്ന് ഏഴ് കതിന വെടികള്‍ മുഴങ്ങും ഇതായിരുന്നു മാസമുറപ്പിച്ചതിന്‍റെ അടയാളം.
നാടാകെ പ്രകമ്പനം കൊള്ളിക്കുന്ന വെടിയൊച്ച കേട്ടാല്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ഭക്തി സാന്ദ്രമായ ദൈവീക കാരുണ്യത്തിന്‍റെ കവാടങ്ങള്‍ തുറക്കുന്ന വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്‍റെ ദിനരാത്രങ്ങളുടെ തുടക്കമായി. നാടാകെ റംസാന്‍ മാസത്തെ സസന്തോഷം വരവേല്‍ക്കുന്ന പ്രതീതിയും ആത്മീയ ചൈതന്യവും തിരയടിക്കും. കൊച്ചി രാജ്യത്തിലെയും തിരുമലശ്ശേരി നാട്ടിലെയും വെട്ടത്ത് നാട്ടിലെയും വള്ളുവനാട്ടിലെയും പല മഹല്ലുകളുടെയും ഖാസി സ്ഥാനം വലിയ ജാറത്തിനായിരുന്നു. വിവിധ മഹല്ലുകളിലെ ഉലമാ-ഉമറാക്കളും മുതവല്ലിന്മാരും നാട്ട് കാരണവന്മാരും നേരത്തെ തന്നെ വന്ന് വലിയ ജാറത്തിങ്കല്‍ ക്യാമ്പ് ചെയ്യും.
ജാറം അങ്കണത്തിലും തറവാട്ടിലും പള്ളിയിലും പൂമുഖ മാളിക മുകളിലും അതിഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കാര്യസ്ഥന്മാര്‍ ഒരുക്കി കൊടുക്കും. മാസം ഉറപ്പിച്ച ഉടനെ സന്ദേശവുമായി ആഗതര്‍ സ്വദേശത്തേക്ക് തിരിക്കും. പ്രതിനിധികള്‍ എത്താത്ത മഹല്ലുകളിലേക്ക് തങ്ങള്‍ പ്രത്യേക ദൂതരെ വിട്ട് വിവരങ്ങള്‍ അറിയിക്കും. നോമ്പുതുറക്കും അത്താഴത്തിനും പ്രത്യേകമായും മറ്റ് സമയ നിര്‍ണ്ണയത്തിനും ജാറത്തിലെ നാഴികമണി മുഴങ്ങിയിരുന്നത് ഫര്‍ലോങ്ങുകള്‍ക്ക് അകലെ ഉച്ചത്തില്‍ കേള്‍ക്കും. ആറ്റക്കോയ തങ്ങളുടെ വിയോഗത്തിനു ശേഷവും ഈ ചടങ്ങ് തുടര്‍ന്നു. 1963-ല്‍ ഒരു പെരുന്നാളിന് മാസം ഉറപ്പിച്ചത് രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു. ഉറപ്പിച്ച വിവരം അറിയിക്കാന്‍ വേണ്ടി കതിന പൊട്ടിക്കാന്‍ ഒരുങ്ങുന്ന സമയത്ത് ഒരു വ്യക്തി വന്ന് അത് തട്ടിമറിച്ചിട്ടു. പിന്നീടുണ്ടായ പുകില്‍ പറയേണ്ടതില്ലല്ലോ. കുഞ്ഞിക്കോയ തങ്ങളായിരുന്നു വലിയ ജാറത്തിലെ അന്നത്തെ വലിയ തങ്ങള്‍.
അതിന് ശേഷം വലിയജാറത്തില്‍ വെച്ച് മാസം ഉറപ്പിക്കുന്ന പതിവ് ഉണ്ടായിട്ടില്ല. തുടര്‍ന്ന് മാസം ഉറപ്പിക്കലും കതിന പൊട്ടിക്കലും ക്രമാനുഗതമായി മഊനത്തുല്‍ ഇസ്ലാം സഭയും പിന്നീട് പൊന്നാനിയുടെയും പരിസരത്തെയും മുഖ്യ ഖാസിയായ മഖ്ദൂമിന്‍റെയും വലിയ പള്ളിയുടെയും നിയന്ത്രണത്തിലായി. ആദ്യകാലത്ത് കതിനപൊട്ടിക്കുന്നതിന്‍റെ ചുമതലക്കാരന്‍ ജാറത്തിലെ സില്‍ബന്തിയായ ഉമ്പാര്‍ക്കയായിരുന്നു. തുടര്‍ന്ന് അറക്കല്‍ വളപ്പിലെ പാണ്ടന്‍ ഹംസയും അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ മുഹമ്മദും ഈ ചടങ്ങ് തുടര്‍ന്നിരുന്നു. ഏതാനും വര്‍ഷം മുടങ്ങിയ ഈ ചടങ്ങ് 2014ലെ ചെറിയ പെരുന്നാളോടുകൂടി വലിയ പള്ളിയില്‍ മൂച്ചിക്കല്‍ അമ്മാട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ പുനരാരംഭിച്ചിരുന്നു.
ജന്മി കുടിയായ്മ ബന്ധം പലയിടത്തും വികലമായിരുന്ന അക്കാലത്ത് വലിയ ജാറവും കുടിയാന്മാരും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. പൊന്നാനി കാതനങ്ങാടി, മീന്‍തെരുവ്, പാണ്ടിത്തറ തുടങ്ങിയ പ്രദേശത്തെ ജാറം ഭൂമിയിലെ താമസക്കാര്‍ കൈവശപണമായി ഓരോകൊല്ലവും ഒരുരൂപ വീതം കാരായ്മപ്പണം നല്‍കിയിരുന്നു. അനന്തരവന്മാരുടെയും ആശ്രിതരുടെയും കുടുംബങ്ങളിലേക്ക് വേണ്ടുവോളം ഭക്ഷ്യധാന്യ വിതരണം ഇവിടെ നിന്നായിരുന്നു.
കേരളത്തിലെ പ്രമുഖ സയ്യിദ് കുടുംബങ്ങള്‍ക്കെല്ലാം ഈ തറവാടുമായി സുദൃഢബന്ധമുണ്ട്. ഖാന്‍ ബഹാദൂര്‍ പിഎം ജ്ഫ്രി ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ അലി ജ്ഫ്രി തങ്ങള്‍, സയ്യിദ് അബദുറഹിമാന്‍ ബാഫക്കി തങ്ങള്‍, ഉന്നത പോലീസ് ഓഫീസര്‍ സയ്യിദ് അബദുല്ലക്കോയ തുടങ്ങിയ പല പ്രഗല്‍ഭരും ഇവിടെ നിന്നു വിവാഹം ചെയ്തു. മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അവര്‍ക്കായി സുസജ്ജമാക്കിയ മണ്ടകങ്ങള്‍(ശയന അറകള്‍) ഇവിടെയുണ്ട്. പരമ്പര പുരുഷതാവഴിയിലൂടെയും കാര്‍ന്നോസ്ഥാനം സ്ത്രീതാവഴിയിലൂടെയുമാണ് നിര്‍ണ്ണയിക്കുന്നത്.
പുരുഷ പരമ്പരയുടെ തറവാടിലെ ഇപ്പോഴത്തെ നേതൃസ്ഥാനി എട്ടാം തലമുറയില്‍ എത്തിനില്‍ക്കുന്ന സൈത് മുഹമ്മദ് തങ്ങളാണ്. സ്ത്രീ പരമ്പരയിലെ കാര്‍ന്നോര്‍സ്ഥാനം വഹിക്കുന്ന വ്യക്തിത്വത്തെ വലിയ തങ്ങളെന്നു വിളിക്കുന്നു. ഇദ്ദേഹം തന്നെയാണ് ഖാസി സ്ഥാന അവകാശിയും. ബാഫക്കി തങ്ങളുടെ ഇവിടത്തെ മകന്‍ ഹാഫിസ് സയ്യിദ് ഹുസൈന്‍ ബാഫക്കി തങ്ങളാണ് ഇപ്പോഴത്തെ വലിയ തങ്ങള്‍.
മത മൈത്രിയുടെ നേര്‍ക്കാഴ്ചയും ആയിരങ്ങള്‍ക്ക് സൗജന്യ അന്നവിതരണത്താല്‍ പുകള്‍പ്പെറ്റ മൂന്നാക്കല്‍ പള്ളിമഹല്ലിന്‍റെ ഖാസി സ്ഥാനം പരമ്പരാഗതമായി വലിയ ജാറത്തിനാണ്. വി സൈത് മുഹമ്മദ് തങ്ങള്‍ മുതവല്ലിയായും വി സയ്യിദ് അമീന്‍ തങ്ങള്‍ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
മഊനത്തുല്‍ ഇസ്ലാം സഭ രൂപികരണത്തിലും വളര്‍ത്തി വലുതാക്കുന്നതിലും സുപ്രധാന പങ്ക് ഈ തറവാടിനുണ്ട്. സാത്വീകരും യോഗ്യന്മാരുമായ തങ്ങന്മാരുടെ കാലത്ത് ജാറത്തിലെ വരാന്തയിലും മുറ്റത്തും(പൂന്തോപ്പിലും) ഒരുക്കിയ പ്രത്യേക സദസ്സില്‍ ഉദ്യോഗ അനൗദ്യോഗിക മണ്ഡലങ്ങളിലെ പ്രമുഖരും നാട്ടുകാരണവന്മാരും ദിവസേന സഭകൂടി പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുമായിരുന്നു. ഈ സഭയിലെ പ്രമുഖാംഗമായ എം.കുട്ടി ഹസ്സന്‍ സാഹിബിന് ഹോണററി മജിസ്ട്രേറ്റ് പദവി സര്‍ക്കാര്‍ നല്‍കിയിരുന്നു. അക്കാലത്ത് വലിയ ജാറം സന്ദര്‍ശനം സമൂഹമദ്ധ്യത്തില്‍ വലിയ മതിപ്പായിരുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹരിജന്‍ സംവരണം നിയമമാക്കുന്നതിന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് അക്കാലത്തെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ അപൂര്‍വ്വ സംഭവമെന്നു വിശേഷിപ്പിക്കാവുന്ന കോതയെന്ന ഒരു ഹരിജനെ ഇവിടെ വെച്ചാണ് പൊന്നാനിയുടെ പഞ്ചായത്ത് പ്രസിഡണ്ടായി നാമനിര്‍ദ്ദേശം ചെയ്തത്. ബ്രിട്ടീഷ് ഭരണത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്ന ആറ്റക്കോയ തങ്ങള്‍ ഇഹലോകവാസം വെടിയുന്നതുവരെ ഈ തറവാടിന്‍റെ പ്രൗഢി ജ്വലിച്ച് നിന്നു. പ്രതാപൈശ്വര്യങ്ങളാല്‍ സമ്പന്നമായ വലിയജാറത്തിന്‍റെ ഗതകാലം പഴമക്കാര്‍ക്ക് മധുരിക്കുന്ന സ്മരണകളാണ്.
നൂറ്റാണ്ട് പിന്നിട്ടിട്ടും ടിപ്പു സുല്‍ത്താന്‍ റോഡിനുചാരെ ഇന്നും പടര്‍ന്നു പന്തലിച്ചു പകലന്തിയോളം ശീതള ഛായയും ഇളംങ്കാറ്റു അനുസ്യൂതം പകരുന്ന പതിറ്റാണ്ടുകളുടെ ഓര്‍മ്മ ചിഹ്നമായി പരിലസിക്കുന്ന രണ്ടു ഭീമന്‍ ചീനി മരങ്ങള്‍ക്ക് പറയാനുള്ളത് ഏതാണ്ടു ഒരേക്കര്‍ സ്ഥലത്തു പരന്നു കിടക്കുന്ന പ്രശസ്തിയുടെ പാരമ്യകാലത്ത് നിര്‍മ്മിച്ച വലിയ ജാറം മാളിക വീടുകളുടെയും പള്ളിയുടെയും കുളത്തിന്‍റെയും ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന പടിപ്പുര തട്ടിന്‍മുകളിന്‍റെയും സയ്യിദന്മാരുടെ കബറിടങ്ങളുടെയും രോമാഞ്ചദായകമായ ചരിത്രമാണ്. മാസാന്ത സ്വലാത്തും സ്വലാത്ത് വാര്‍ഷികവും വി. സെയ്ത് മുഹമ്മദ് തങ്ങള്‍ ചെയര്‍മാനും ഹജ്ജ് കമ്മിറ്റി മെമ്പര്‍ ഹാജി കെ.എം. മുഹമ്മദ് ഖാസിം കോയ ജനറല്‍ കണ്‍വീനറും സയ്യിദ് വി.അമീന്‍ തങ്ങള്‍ ട്രഷററുമായി ആണ്ട്നേര്‍ച്ചയും സമുചിതമായി ഈ അങ്കണത്തില്‍ നടന്നുവരുന്നു.
സയ്യിദ് ഹൈദ്രോസിന്‍റെ സന്താനങ്ങളില്‍ പ്രശസ്തിയില്‍ കൂടുതല്‍ മികച്ചു നിന്നത് പൊന്നാനിയില്‍ നിന്ന് പോയി കൊച്ചി തൈക്യാവില്‍ വാസമുറപ്പിച്ച സയ്യിദ് അബൂബക്കര്‍ വമ്പ് ആയിരുന്നു. ബാല്യം മുതല്‍ തന്നെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇദ്ദേഹം സ്വപിതാവിനാലും സര്‍വ്വരാലും വമ്പന്‍ എന്ന് പ്രശംസിക്കപ്പെട്ടു. തന്മൂലം സയ്യിദ് അബൂബക്കര്‍ വമ്പ് എന്ന അപരനാമത്താല്‍ ഖ്യാതിനേടി. കൊച്ചി, തിരുവിതാംകൂര്‍ രാജകുടുംബങ്ങളുമായി സുദൃഢബന്ധം നിലനിര്‍ത്തിപ്പോന്നിരുന്ന സയ്യിദ് അബൂബക്കര്‍ അവരുടെ സ്നേഹാദരവുകളും പ്രശംസയുംനേടി. തല്‍ഫലമായി തിരുവിതാംകൂര്‍ മഹാരാജാവ് അദ്ദേഹത്തിന് ഒരു അമൂല്ല്യ ശംഖ്തന്നെ സമ്മാനിച്ചു. പണ്ഡിതശ്രേഷ്ഠനും സൂഫിവര്യനുമായ അദ്ദേഹം ക്രി.വ. 1814(ഹിജ്റ.1229)ല്‍ ഇഹലോകവാസം വെടിഞ്ഞു.
ഗാനഗന്ധര്‍വ്വന്‍ യേശുദാസും ഈ കുടുംബവും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. അദ്ദേഹം തന്‍റെ ബാല്യകാല സ്മരണകള്‍ വിവരിക്കുന്നതു നോക്കൂ.
കഷ്ടപ്പാടിന്‍റെ കാലമായിരുന്നു അത്.. കാല്‍പ്പപാടുകള്‍ സിനിമയില്‍ പാടാന്‍ അവസരം വരുമ്പോള്‍ അപ്പച്ചന്‍ വീട്ടില്‍ സുഖമില്ലാതെ കിടപ്പാണ്.ഒരു പൈസ വരുമാനമില്ല. എന്‍റൊപ്പം പഠിച്ചിരുന്ന (ഇമ്പിച്ചികോയ) തങ്ങള്‍ എന്ന സുഹൃത്താണ് എല്ലാത്തിനും തുണ. എന്‍റെ അപ്പച്ചനും തങ്ങളുടെ ബാപ്പ തയ്ക്കാവ് തങ്ങളും വലിയ സുഹൃത്തുക്കളായിരുന്നു. നബിതിരുമേനിയുടെ വംശപരമ്പരയില്‍പ്പെട്ടവരാണ് അവരുടെ കുടുംബമെന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്.
തിരുവിതാംകൂര്‍ രാജാവ് ശംഖുമുഖത്തുവെച്ച് സമ്മാനിച്ച ഒരു ശംഖ് അവരുടെ വീട്ടില്‍ ഉണ്ടായിരുന്നു. സിലോണില്‍നിന്നെല്ലാം അതുകാണാന്‍ ആളുകള്‍ വരുമായിരുന്നു തങ്ങളുടെ സുഹൃത്തായിരുന്നു പള്ളുരുത്തിയില്‍ ടാക്സി ഓടിക്കുന്ന മത്തായിച്ചേട്ടന്‍. 1961 ജൂണിലോ ജൂലായിലോ ആണ് സിനിമയില്‍ പാടാനായി ഞാന്‍ മദ്രാസിലേക്ക് പോകുന്നത്. എന്നെ സ്റ്റേഷനിലേക്കു കൊണ്ടുപോകാന്‍ മത്തായിച്ചേട്ടന്‍റെ ടാക്സിയുംകൂട്ടി ഫോര്‍ട്ടുകൊച്ചിയിലെ വീട്ടില്‍ എത്തിയത് തങ്ങളാണ്. അപ്പച്ചന്‍ കിടപ്പിലായതിനാല്‍ കൂടെവരാന്‍ ആരുമില്ലായിരുന്നു. കയ്യില്‍ ഒറ്റപൈസ ഉണ്ടായിരുന്നില്ല. വീട്ടില്‍ ചോദിക്കാമെന്നുവച്ചാല്‍ അവിടെയുമില്ല. എന്നിട്ടും എന്തു ധൈര്യത്തിലാണ് ഞാന്‍ യാത്രക്കിറങ്ങിയതെന്നറിയില്ല.. കാറിനു പിറകിലിരുന്ന് തങ്ങളുമായി ധര്‍മ്മ സങ്കടം പറയുന്നത് മത്തായിച്ചേട്ടന്‍ കേട്ടു. എന്താ കുശുകുശുപ്പ് എന്ന് ചോദിച്ചപ്പോള്‍ എന്‍റെ കയ്യില്‍ യാത്രക്ക് പണമില്ലെന്ന കാര്യം ഞങ്ങള്‍ പറഞ്ഞു.
ഓ അതും ഇനി ഞാന്‍ തരണോ എന്നായി മത്തായിച്ചേട്ടന്‍. അദ്ദേഹം അങ്ങനെയാണ്. ഒടുവില്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ എത്തി. കാറില്‍നിന്നിറങ്ങുമ്പോള്‍ പതിനാറ് രൂപ അദ്ദേഹം പോക്കറ്റില്‍ നിന്ന് എടുത്തുതന്നു. എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ കടപ്പാടിന്‍റെ കടം മദ്രാസ്സിലേക്ക് ട്രെയിന്‍ ടിക്കറ്റിന് പതിനാറ് രൂപയാണ് എന്നാണ് എന്‍റെ ഓര്‍മ്മ. എന്നെ യാത്രയാക്കി അവര്‍ മടങ്ങി. പിറ്റേന്ന് പുലര്‍ച്ച രാവിലെ മദ്രാസ്സിലെത്തി. (2011 ഒക്ടോബര്‍13 മലയാള മനോരമ ഞായറാഴ്ച)
വലിയ ജാറവുമായി അടുത്ത ബന്ധമുള്ള മറ്റൊരു പ്രശസ്ത വംശപരമ്പരയാണ് മലപ്പുറത്തെ ഹൈദ്രോസി കുടുംബം. ഇവിടത്തെ സയ്യിദ് അബ്ദുറഹിമാന്‍ മുശയ്യിക്കിന്‍റെ മകളെ വലിയ ജാറത്തിലേക്ക് വിവാഹം ചെയ്തുകൊടുത്തതു മുതലാണ് മലപ്പുറം ഹൈദ്രോസി വംശ പരമ്പരയുടെ ആരംഭം. ഇവിടത്തെ ഖാസി ഭവനം ക്രി.വ. 1835(ഹിജ്റ 1251)ല്‍ സയ്യിദ് അബ്ദുറഹിമാന്‍ മുശയ്യിക്ക് നിര്‍മ്മിച്ചു. ഇദ്ദേഹം മമ്പുറം തങ്ങളാണ് സയ്യിദ് മുശയ്യിക്കിന്‍റെ മകള്‍ക്ക് പൊന്നാനി വലിയ ജാറത്തില്‍ നിന്ന് വരനെ കണ്ടെത്തിയത്. ഇവരുടെ സന്താന പരമ്പരയില്‍പ്പെട്ടവരാണ് മലപ്പുറം വലിയ പള്ളിയുടെയും അനുബന്ധ മഹല്ലുകളുടെയും ഖാസി സ്ഥാനം വഹിക്കുന്ന ഹൈദ്രോസികളായ ഓപീയം കുടുംബം. മഹാകവി ഓപീയം മോയിന്‍കുട്ടി വൈദ്യര്‍ മലപ്പുറം ഖിസ്സപ്പാട്ട് പ്രഥമമായി സമര്‍പ്പണം നടത്തിയത് ഇവിടത്തെ ഖാസിയായിരുന്ന സയ്യിദ് അലി പൂക്കോയ തങ്ങള്‍ക്കായിരുന്നു. ഇദ്ദേഹത്തിന്‍റെ മകന്‍ സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളാണ് മഊനത്തുല്‍ ഇസ്ലാം സഭയുടെ സ്ഥാപക പ്രസിഡന്‍റ്. ഈ കുടുംബത്തിലെ പുകള്‍പ്പെറ്റ മറ്റൊരു വ്യക്തിത്വമാണ് ഖാന്‍ ബഹദൂര്‍ ഓപീയം സയ്യിദ് അഹമ്മദ് മുത്തുകോയ തങ്ങള്‍. ഇദ്ദേഹം വലിയ ജാറത്തിലെ സയ്യിദത്ത് ആമിന ആറ്റബീവിയെ വിവാഹം ചെയ്തു. മലബാര്‍ കലാപത്തെ തുടര്‍ന്ന് ജയിലില്‍ അടക്കപ്പെട്ട നിരവധി മുസ്ലിംകളെ ബ്രിട്ടീഷ് സര്‍ക്കാരില്‍ തനിക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് അദ്ദേഹം മോചിപ്പിച്ചു. പല പ്രശസ്ത പണ്ഡിതന്മാരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം നാല്‍പ്പത് മഹല്ലുകളുടെ ഖാസി സ്ഥാനവും അലങ്കരിച്ചിരുന്നു. 1858ല്‍ മദീനയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു.
ഫാത്തിമ്മാബീവിയിലൂടെ പ്രവാചകന്‍ മുഹമ്മദ് റസൂലുല്ലാഹിലേക്ക് ചേരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ഹൈദ്രോസി വംശപരമ്പര ഇങ്ങനെ സംഗ്രഹിക്കാം: 1. സയ്യിദ് അബ്ദുറഹിമാനുല്‍ മഖ്ബുല്‍ അല്‍ ഹൈദ്രോസ് 2. സയ്യിദ് അലി 3. സയ്യിദ് ഹുസൈന്‍ 4. സയ്യിദ് അലി 5. സയ്യിദ് മുഹമ്മദ് 6. സയ്യിദ് അഹമ്മദ് 7. സയ്യിദ് ഹുസൈന്‍ 8. സയ്യിദ് അബ്ദുല്ലാഹില്‍ ഹൈദ്രോസ്സ് 9. സയ്യിദ് അബൂബക്കര്‍ സക്റാന്‍ 10. സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ് 11. സയ്യിദ് മുഹമ്മദ് മൗലദ്ദവീല 12. സയ്യിദ് അലി 13. സയ്യിദ് അലവി 14. സയ്യിദ് മുഹമ്മദ് അല്‍ ഫഖീഹുല്‍ മുക്കദ്ദം 15. സയ്യിദ് അലി 16. സയ്യിദ് മുഹമ്മദ് സാഹിബുല്‍ മിര്‍ബാത്വു 17. സയ്യിദ് അലി ഖാലിഹുല്‍ ഖസം 18. സയ്യിദ് അലവി 19. സയ്യിദ് മുഹമ്മദ് 20. സയ്യിദ് അലവി 21. സയ്യിദ് ഉബൈദുല്ല 22. സയ്യിദ് അഹമ്മദുല്‍ മുഹാജിര്‍ 23. സയ്യിദ് അലിയുല്‍ നഖീബ് 24. സയ്യിദ് മുഹമ്മദ് 25. സയ്യിദ് അലിയുല്‍ ഉറൈദി 26. സയ്യിദ് ജഅ്ഫര്‍ സ്സ്വാദിഖ് 27. സയ്യിദ് മുഹമ്മദ് ബാഖിര്‍ 28. സയ്യിദ് അലി സൈനുല്‍ ആബിദീന്‍ 29. സയ്യിദ് ഇമാം ഹുസൈന്‍ 30. സയ്യദത്ത് ഫാത്തിമ്മാ സൗജു അലിയുബ്നു അബു ത്വാലിഹ് 31. മുഹമ്മദ് നബി.
പഴമക്കാര്‍ പാടിയിരുന്ന കെസ്സ്പാട്ടിലെ വരികള്‍.
'ഹളറമൗത്തീന്ന് പതിയകം വന്ന
സയ്യിദ് അബദുറഹിമാന്‍ ഹൈദ്രോസ് പൂവേ
സ്വന്തം ആശയാല്‍ പൊന്നാനിക്കണഞ്ഞു പാര്‍ത്തെ
സുപ്പതി സുതനാം നബിയുടെ മുപ്പതാം മകനാം'
പൊന്നാനി, വെളിയംങ്കോട്, കൊച്ചി തൈക്യാവ്, കൊയിലാണ്ടി, വളാഞ്ചേരി, കൊളമംഗലം, പന്നിത്തടം, മരത്തംകോട്, മലപ്പുറം, പെരുന്തല്‍മണ്ണ, കിടങ്ങയം, കൊണ്ടോട്ടി, ഐക്കരപ്പടി, നിലമ്പൂര്‍, പൂക്കോട്ടുംപാടം, തിരൂര്‍ കോട്ട്, വെന്നിയൂര്‍, കൂക്കുപ്പറമ്പ്, പട്ടാമ്പി, ഞാങ്ങാട്ടിരി, പാതിയിക്കര, അണ്ടത്തോട്, വാടാനപ്പള്ളി, താനൂര്‍, കോട്ടക്കല്‍, ആട്ടീരി, പൂക്കോട്ടൂര്‍, കാസര്‍ക്കോട്, നന്തി, ഒറവുംപുറം, തോട്ടുമുഖം, മാഹി, കോലൂപാലം തുടങ്ങി കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഹൈദ്രോസി പരമ്പരയുടെ ശാഖകള്‍ പടര്‍ന്ന് കിടക്കുന്നു.
2015 ഒക്ടോബര്‍ 21ന് അര്‍ദ്ധരാത്രി ഇഹലോകവാസം വെടിഞ്ഞ സയ്യിദ് അസ്ഹരിതങ്ങള്‍. മര്‍ഹൂം സയ്യിദ് അബൂബക്കര്‍ ഹൈദ്രോസ് ചെറുകോയതങ്ങള്‍ കോട്ട് തിരൂര്‍, മര്‍ഹൂം പി.വി.എസ് മുസ്തഫാ പൂക്കോയതങ്ങള്‍ പെരിന്തല്‍മണ്ണ, മര്‍ഹൂം വി.പി.സി. തങ്ങള്‍ പൊന്നാനി, മര്‍ഹൂം സയ്യിദ് ഉമറുല്‍ മുഹ്ളാര്‍ തങ്ങള്‍ പൊന്നാനി, മര്‍ഹൂം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പൊന്നാനി, സയ്യിദ് ഒപീയം മുത്തുകോയതങ്ങള്‍ മലപ്പുറം, വി. സൈതുമുഹമ്മദ് തങ്ങള്‍, സയ്യിദ് സൈനുല്ലാബിദീന്‍ തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ അലി, സയ്യിദ് അമീന്‍ പൊന്നാനി, വി.പി. ഹുസൈന്‍കോയ തങ്ങള്‍ പൊന്നാനി, സയ്യിദ് എം.പി. മുത്തുകോയ തങ്ങള്‍, സയ്യിദ് അബ്ദുസ്സലാം, സയ്യിദ് അബ്ദുല്ല കൊച്ചുകോയതങ്ങള്‍ കൊച്ചി, സയ്യിദ് ഹാശിം ഹൈദ്രോസ് തങ്ങള്‍ കൊച്ചി തൈക്യാവ്, സയ്യിദ് ഹുസൈന്‍, സയ്യിദ് ഹബീബ് വളാഞ്ചേരി, സയ്യിദ് അലവി ഹൈദ്രോസ്സ് തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അണ്ടൂര്‍കോണം തിരുവനന്തപുരം, യു.സി.കെ. തങ്ങള്‍ കാക്കഞ്ചേരി, കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ വെന്നിയൂര്‍, സയ്യിദ് കൊച്ചുകോയ തങ്ങള്‍ മണ്ണഞ്ചേരി ആലപ്പുഴ തുടങ്ങി പല പ്രമുഖരും ഹൈദ്രോസികളാണ്.
സയ്യിദ് ഉമറുല്‍ മുഹ്ളാര്‍ തങ്ങള്‍ കൊല്ലം, ആലുവ മേഖലകളിലും തമിഴ്നാട്ടിലെ രാമനാട്, കായല്‍പട്ടണം ഏരിയയിലും ഖാസി പദവി അലങ്കരിച്ചിരുന്നു.
വലിയ ജാറം, കില്‍ക്കട്ട ജാറം, ഉസ്സമ്പിയകം ജാറം, കോടമ്പിയകം ജാറം, പുത്തംകുളം ചെറിയ ജാറം, തെക്കെപള്ളി ജാറം, ആനപ്പടി മാനാത്ത് പറമ്പ് തുടങ്ങിയ മഖ്ബറകളില്‍ പ്രമുഖ സയ്യിദന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മഖ്ദും പഴയകം, മഖ്ദൂം പുതിയകം, കൗഡിയമാക്കാനകം, തരകന്‍കോജിനിയകം, പടിഞ്ഞാറകം, പാടാരിയകം, ഗസ്സാലി മുസ്ലിയാരകം, മാനാത്ത് പറമ്പ്, ഉസ്സമ്പിയകം, കറുപ്പംവീട്, കോടമ്പിയകം, മായന്ത്രിയകം, കല്ലറക്കല്‍ രായിച്ചന്‍റകം, തുന്നംവീട്, പുത്തംവീട്, മാനാത്ത് തറയില്‍ തുടങ്ങിയ പല മലബാറി കുടുംബങ്ങളിലും തങ്ങന്മാര്‍ വൈവാഹിക ബന്ധങ്ങള്‍ നടത്തിയിട്ടുണ്ട്.
സയ്യിദ് അബ്ദുറഹ്മാന്‍ ഹൈദ്രോസ്സിന്‍റെ വംശപരമ്പര(ശജറ) പ്രവാചകന്‍ മുഹമ്മദ് നബിയിലേക്ക് ചേരുന്നത് ഇങ്ങനെ സംഗ്രഹിക്കാം.
1. സയ്യിദ് അബ്ദുറഹിമാനുല്‍ മഖ്ബുല്‍ അല്‍ ഹൈദ്രോസ് 2. സയ്യിദ് അലി 3. സയ്യിദ് ഹുസൈന്‍ 4. സയ്യിദ് അലവി 5. സയ്യിദ് മുഹമ്മദ് 6. സയ്യിദ് അഹമ്മദ് 7. സയ്യിദ് ഹുസൈന്‍ 8. സയ്യിദ് അബ്ദുള്ളാഹില്‍ ഹൈദ്രോസ്സ് 9. സയ്യിദ് അബൂബക്കര്‍ സക്റാന്‍ 10. സയ്യിദ് അബ്ദുറഹിമാന്‍ സഖാഫ് 11. സയ്യിദ് മുഹമ്മദ് മൗലദ്ദവീല 12. സയ്യിദ് അലി 13. സയ്യിദ് അലവി 14. സയ്യിദ് മുഹമ്മദ് അല്‍ ഫഖീഹുല്‍ മുക്കദ്ദം 15. സയ്യിദ് അലി 16. സയ്യിദ് മുഹമ്മദ് സാഹിബുല്‍ മിര്‍ബാത്വ് 17. സയ്യിദ് അലി ഹാലിയില്‍ ഖിസം 18. സയ്യിദ് അലവി 19. സയ്യിദ് മുഹമ്മദ് 20. സയ്യിദ് അലവി 21. സയ്യിദ് ഉബൈദുള്ള 22. സയ്യിദ് അഹമ്മദുല്‍ മുഹാജിര്‍ 23. സയ്യിദ് ഈസല്‍നുക്കൈബ് 24. സയ്യിദ് മുഹമ്മദ് 25. സയ്യിദ് അലിയുല്‍ അരീള് 26. സയ്യിദ് ജഅ്ഫര്‍ സ്സ്വാദിഖ് 27. സയ്യിദ് മുഹമ്മദ് ബാഖിര്‍ 28. സയ്യിദ് അലി സൈനുല്‍ ആബിദീന്‍ 29. സയ്യിദ് ഇമാം ഹുസൈന്‍ 30. സയ്യിദത്ത് ഫാത്തിമ സൗജത്ത് അലിയുബ്നു അബിത്വാലിബ് 31. സയ്യിദുനാ മുഹമ്മദ് മുസ്തഫ (സ:അ).
ത്വരീഖത്ത് സില്‍സില
1. ശൈഖ് സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ഹൈദ്രോസ്സ് 2. ശൈഖ് സയ്യിദ് അലിഇബ്നു ഹുസൈന്‍ അല്‍ ഹൈദ്രോസ് ഹളറമി 3. ശൈഖ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ഹൈദ്രോസ് ഹളറമി 4. ശൈഖ് സയ്യിദ് അലിഇബ്നു അബ്ദുല്ലാഹില്‍ ഹൈദ്രോസ് 5. ശൈഖ് സയ്യിദ് അഹമ്മദ് ശിഹാബുദ്ദീന്‍ 6. ശൈഖ് സയ്യിദ് അബ്ദുല്ല അഫീഫുദ്ദീന്‍ 7. ശൈഖ് സയ്യിദ് ഹുസൈന്‍ ഹിശാമുദ്ദീന്‍ 8. ശൈഖ് സയ്യിദ് അബ്ദുല്ല അഫീഫുദ്ദീന്‍ 9. ശൈഖ് സയ്യിദ് ശരീഫ് നൂറുദ്ദീന്‍ 10. ശൈഖ് സയ്യിദ് അബൂബക്കര്‍ ഇബ്നു അബ്ദുല്ലാഹില്‍ ഹൈദ്രോസ് അദനിയ്യ് 11. ശൈഖ് സയ്യിദ് ജമാലുദ്ദീന്‍ മുഹമ്മദ്ബ്നു ഉമറുല്‍ഹളറമി 12. ശൈഖ് സയ്യിദ് മുഹമ്മദ് ഇബ്നു മസ്ഊദുല്‍ അന്‍സാരി 13. ശൈഖ് സയ്യിദ് ഖാസി മുഹമ്മദ് ഇബ്നുസഈദത്വിബിരി 14. ശൈഖ് സയ്യിദ് മുഹമ്മദ് ഇബ്നു അബൂബക്കര്‍ 15. ശൈഖ് സയ്യിദ് ഇസ്മായീല്‍ ജബ്റാനി 16. ശൈഖ് സയ്യിദ് സിറാജുദ്ദീന്‍ അബൂബക്കര്‍ 17. ശൈഖ് സയ്യിദ് മുഹ്യ്ദ്ദീന്‍ ഇബ്നുഅഹമ്മദ് 18. ശൈഖ് സയ്യിദ് അബൂബക്കര്‍ ഇബ്നുമുഹമ്മദ് നഈം 19. ശൈഖ് സയ്യിദ് മുഹമ്മദ് ഇബ്നുഅഹമ്മദുല്‍ അസദിയ്യി 20. ശൈഖ് സയ്യിദ് ഖുതുബുല്‍ അക്ത്വാബ് ശൈഖ് മുഹിയദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി 21. ശൈഖ് സയ്യിദ് അബു സഈദ് ഇബ്നു അലിയ്യില്‍ മുബാറക്കില്‍ മഖ്സൂമി 22. ശൈഖ് സയ്യിദ് അബുല്‍ ഹസനി അലിയില്‍ കുറശിയ്യില്‍ മുക്കാരി 23. ശൈഖ് സയ്യിദ്അബു ഫറഹി മുഹമ്മദു ത്തര്‍തൂസി 24. ശൈഖ് സയ്യിദ് അബ്ദുല്‍ വാഹിദ് തമീമി 25. ശൈഖ് സയ്യിദ് അബ്ദുല്‍ അസീസ് യമനി 26. ശൈഖ് സയ്യിദ് അബൂബക്കരിനി ശിബിലി 27. ശൈഖ് സയ്യിദ് ജുനൈദുല്‍ ബാഗ്ദാദി 28. ശൈഖ് സയ്യിദ് സിരിയ്യിനല്‍ സിഖ്തി 29. ശൈഖ് സയ്യിദ് മഅറൂഫില്‍ കര്‍ഖി 30. ശൈഖ് സയ്യിദ് അലിയ്യുബ്നു മൂസ്സ രിളാ 31. ശൈഖ് സയ്യിദ് മൂസ്സല്‍ ഖാളിം 32. ശൈഖ് സയ്യിദ് ജഅഫര്‍ സ്വാദിഖ് 33. ശൈഖ് സയ്യിദ് മുഹമ്മദ് ബാഖിര്‍ 34. ശൈഖ് സയ്യിദ് സൈനുല്‍ ആബിദീന്‍ 35. ശൈഖ് സയ്യിദ് ഹുസൈന്‍ 36. ശൈഖ് സയ്യിദ് അലിയ്യുബ്നു അബിത്വാലിബ് 37. സയ്യിദുനാ മുഹമ്മദ് മുസ്തഫ.
തെക്കെ മലബാറിലെ പ്രഥമ വിദ്യാഭ്യാസ സമ്മേളനം
1910 ഫെബ്രുവരി 28 (ഹിജറ 1328 സഫര്‍ 17)ന് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് എട്ടാം സര്‍ക്കിള്‍ സ്കുള്‍ ഇന്‍സ്പെക്ടര്‍ പി. പി. ബ്രൈത്ത് വൈറ്റ് സായിപിന്‍റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. ആധുനിക വിദ്യാഭ്യാസവും മാപ്പിള മുസ്ലിംകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് പൊന്നാനിയുടെ വര്‍ത്തക പ്രമുഖനും ഇംഗ്ലീഷ് പരിജ്ഞാനം നേടിയ അപൂര്‍വ്വ മുസ്ലിം യുവാക്കളില്‍ ഒരാളുമായ എം. കുട്ടിഹസ്സന്‍ കുട്ടിയായിരുന്നു. ഡിസ്ട്രിക്ട് മുന്‍സിഫ് കെ. എ. കണ്ണന്‍, പി. ബി. വാഞ്ചി അയ്യര്‍ ബി. എ. എല്‍. ടി. , മലബാര്‍ ഡിവിഷണല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ എന്‍. സി. കണ്ണന്‍ നമ്പ്യാര്‍, പാലക്കാട് റേഞ്ച് സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ്. ഫെര്‍ണാണ്ടസ്, സബ് മജിസ്ട്രേറ്റ് ദ്വരൈ സ്വാമി അയ്യര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി. കുട്ടിരാമന്‍ നായര്‍, സിവില്‍ അപ്പോത്തിക്കിരി പി. ജെ. വുനൈന്‍, ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി ഹെഡ് ക്ലര്‍ക്ക് ആര്‍. കെ. കോരന്‍, പോലീസ് സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ കിടാവ്, പി. ഡബ്ലു. ഡി. കോണ്‍ട്രാക്ടര്‍ പാടാലിയില്‍ മാക്കുണ്ണി, ഹിന്ദു സ്കൂള്‍ ഇന്‍സ്പെക്ടര്‍ പി. അച്യുതന്‍, പൊന്നാനി നഗരം അംശം അധികാരി പി.കുഞ്ഞികൃഷ്ണന്‍, മദ്ധ്യ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എം. ബാവമൂപ്പന്‍, സലാഹുല്‍ ഇഖ്വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍, പൊന്നാനി യൂണിയന്‍ (പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്‍റ് വി. ആറ്റക്കോയ തങ്ങള്‍, സഭാ മാനേജര്‍ കല്ലിങ്കലകത്ത് കോയക്കുട്ടി, ജോയന്‍റ് സെക്രട്ടറി പഴയകത്ത് കോയക്കുട്ടി തങ്ങള്‍, അസിസ്റ്റന്‍റ് മാനേജര്‍ പാലത്തുംവീട്ടില്‍ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുണ്ണി, ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി, അഴിക്കലകത്ത് മമ്മിക്കുട്ടി, കൊങ്ങണം വീട്ടില്‍ അബ്ദുല്ലക്കുട്ടി, തരകം കോജിനിയകത്ത് മുഹമ്മദ്, വെട്ടം വീട്ടില്‍ അറക്കല്‍ അബ്ദുറഹിമാന്‍ തുടങ്ങിയ സഭാ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ തുടങ്ങി ഔദ്യോഗിക-അനൗദ്യോഗിക പ്രമുഖരുള്‍പ്പെടെ ജാതി-മത ഭേദമന്യെ നൂറ് കണക്കിന് വിദ്യാവാസനികള്‍ ഈ യോഗത്തില്‍ സംബന്ധിച്ചു. മഊനത്തുല്‍ ഇസ്ലാം സഭ തയ്യാറാക്കുന്ന ഒന്നാം പാഠപുസ്തകവും ഖുര്‍ആനും എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുക, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് മുസ്ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ദുരീകരിക്കാന്‍ സഭാ ചെലവില്‍ ലഘുലേഖകള്‍ അടിച്ച് മഊനത്തിന്‍റെ ഉപശാഖകളിലും മഹല്ലുകളിലും വിതരണം ചെയ്യുക, മാപ്പിള ബോര്‍ഡ് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുക, മുസ്ലിംകളില്‍ നിന്ന് അദ്ധ്യാപകരെയും വിദ്യാഭാസ ഇന്‍സ്പെക്ടര്‍ മാരെയും വാര്‍ത്തെടുക്കുക, പ്രോത്സാഹനാര്‍ത്ഥം മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുക, എല്ലാ മുസ്ലിംകള്‍ക്കും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം നേടാനെങ്കിലും അവസരം ഒരുക്കുക തുടങ്ങിയ പല സുപ്രധാന തീരുമാനങ്ങളുമെടുത്തു.
ഇത്രയും വിപുലമായൊരു സമ്മേളനം സംഘടിപ്പിച്ചതിന് സഭാ പ്രസിഡന്‍റ് കുഞ്ഞിസീതി കോയ തങ്ങളെ അഭിനന്ദിച്ച് തെക്കെ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സി. ഒ. മുഹമ്മദ് കേയി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിച്ച യോഗ അദ്ധ്യക്ഷന്‍ ബ്രൈത്ത് വൈറ്റ് സായിപ്പിനെ കുഞ്ഞിസീതി കോയ തങ്ങള്‍ ഹാരമണിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
സമ്മേളനം വിജയിച്ചതിന്‍റെ അഹ്ലാദസൂചകമായി സദസ്സില്‍ പനിനീര്‍ തെളിച്ച് ആഗതര്‍ക്കെല്ലാം അടക്കയും വെറ്റിലയും ചുരുട്ടും വിതരണം ചെയ്ത് യോഗം സമംഗളം പര്യവസാനിച്ചു. തുടര്‍ന്ന് തീരുമാനങ്ങള്‍ ക്രമാനുസൃതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സഭ തീവ്രശ്രമങ്ങള്‍ നടത്തി ആദ്യകാല മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്ലാഘനീയമായ ഇടംനേടി.
അക്കാലത്ത് നടന്ന ഇതുപോലുള്ള നാമമാത്ര സമ്മേളനങ്ങളാണ് തുടര്‍ന്ന് വന്ന പല വിദ്യാഭ്യാസ ചലനങ്ങള്‍ക്കും മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നത്. പൊന്നാനിക്കാര്‍ ഉദുമാന്‍ സാറെന്ന് ആദരപൂര്‍വ്വം വിളിച്ചിരുന്ന കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍ വലിയപള്ളിക്ക് സമീപം തരകന്‍ കോജിനിയകം തറവാടങ്കണത്തിലെ കെട്ടിടത്തിനു മുകളില്‍ തഅ്ലീമുല്‍ ഇഖ്വാന്‍ മദ്രസ്സ സ്കൂള്‍ സ്ഥാപിച്ചും മലബാര്‍ ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നഴ്സിംഗ് ഹോമിന് അടുത്ത് ടൗണ്‍ ജിഎല്‍പി സ്കൂള്‍ പുനരുദ്ധരിച്ചും പൊന്നാനി നഗരത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് ഊര്‍ജ്ജം നല്‍കി പൊന്നാനിയിലും പരിസരത്തും മുസ്ലിംകളില്‍ വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം പകര്‍ന്നു.