പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ

 
പൊന്നാനി

29. മഊനത്തുല്‍ ഇസ്ലാം സഭ



ടിവി അബ്ദുറഹിമാന്‍കുട്ടി

alfaponnani@gmail.com

9495095336


1871നും 1881നും ഇടയില്‍ മലബാറിലെ മുഹമ്മദന്‍ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധന സംബന്ധിച്ച് പ്രസിഡന്‍സി കാനേഷുമാരി (1881) റിപ്പോര്‍ട്ടില്‍ ഖണ്ഡിക 151ല്‍ ഇങ്ങിനെ കാണുന്നു. 'അധമസ്ഥിതിണ്‍ണ്‍യും അപമാനകരമായ അവശതയും ഏറ്റവും പ്രകടമായി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ചെറുമര്‍. 1871ലെ കാനേഷുമാരിയില്‍ മലബാറില്‍ അവരുടെ ജനസംഖ്യ 99,000 ആയിരുന്നത് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 1881 ലെ കണക്കില്‍ 64,725  ആയി ചുരുങ്ങി.. ജില്ലയില്‍ പൊതുവെ ഈ കാലയളവില്‍ ഉണ്ടായ ജനസംഖ്യാ വര്‍ദ്ധന  5.71ശതാമനമായിരുന്നു. ചെറുമരെ സംബന്ധിച്ചിടത്തോളം  ഇതേ കാലയളവില്‍ ജനസംഖ്യ 34.63 ശതമാനംകണ്ട് ചുരുങ്ങുകയാണു ണ്ടായത്. മറ്റു വിഭാഗക്കാരുടെ അനുപാതമനുസരിച്ച് 1881 ല്‍ 40,000 ചെറുമര്‍ കൂടുതല്‍ ഉണ്ടാവേണ്ടതായിരുന്നു. അത്രയും പേര്‍ ഇല്ലാതായെന്നു സാരം. ഒരു ചെറുമന്‍റെ അല്ലെങ്കില്‍ കീഴ്ജാതിക്കാരില്‍ ഒരാളിന്‍റെമേല്‍ ചാര്‍ത്തുന്ന ഇസ്ലാമിന്‍റെ മഹത്വം ആ വ്യക്തിയെ ഒരൊറ്റച്ചാട്ടത്തിന് സമൂഹത്തിന്‍റെ ഉന്നത പടവുകളിലേയ്ക്ക് എത്തിക്കുന്നു. കീഴ്ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് അന്നോളം അനുഭവിച്ച സാമൂഹ്യമായ അവശതയും അവമതികളും മതം മാറുന്നതോടെ അയാള്‍ക്കു പിന്‍തള്ളാന്‍ സാധിക്കുന്നു. സമൂഹമാന്യത നേടുന്നതിന് ചെറുമരും മറ്റ് അധഃകൃതഹിന്ദുക്കളുമായ 50,000 പേര്‍ ജില്ലയില്‍ മുസ്ലിം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികകണക്ക്' (മലബാര്‍ മാന്വല്‍,മാതൃഭൂമി, പേജ് 211.)

ഇസ്ലാം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇസ്ലാമാശ്ലേ ഷിച്ചവര്‍ക്കും ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് മുസ്ലിം ബഹുജനങ്ങളുടെ ബാധ്യതയാണ.് ഈ ആവശ്യാര്‍ത്ഥം ഫണ്ട് ശേഖരിച്ചിരുന്ന പതിവ് 16-ാം നുറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നു.

19-ാം നൂറ്റാണ്ടില്‍  നവമുസ്ലിം പരിപാലനത്തിനായി പൊന്നാനി പാലത്തുംവീട്ടില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി സ്വത്ത് വഖഫ് ചെയ്യു കയും പ്രസിദ്ധ പണ്ഡിതന്‍ പുതിയകത്തു വലിയ ബാവ മുസ്ലിയാരുടെ നേതൃത്വത്തില്‍ അതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. കൗടിയമാക്കാനകം വീടിന്‍റെ ഒരു ഭാഗം ഇതിനായി  വിനിയോഗിച്ചു. അദ്ദേഹത്തിന്‍റെ കാലശേഷം മരുമകനും പ്രഗല്‍ഭ പണ്ഡിതനുമായ പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമി ഈ പ്രവര്‍ത്തനം തുടര്‍ന്നു. ഇതിനായി  വ്യവസ്ഥാപിതവും വിപുലവുമായ ഒരു സ്ഥാപണ്‍ നം ഉണ്ടാവണമെന്ന ആവശ്യകതയെപ്പറ്റി മുസ്ലിം സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ സജീവ ചര്‍ച്ചകള്‍ നടന്നതിനെ തുടര്‍ന്ന് കുഞ്ഞ ന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമിയുടെ അശ്രാന്തപരിശ്രമത്താല്‍ നാട്ടി ലും മറുനാട്ടിലുമുള്ള പ്രശസ്തരായ പണ്ഡിതരും സമുദായ നേതാക്കളും ഉള്‍പ്പെടെ 800 ഓളം പ്രമുഖര്‍ 1900 സെപ്തംബര്‍ 9 നു വലിയ ജാറത്തിങ്കല്‍ സമ്മേളിച്ചു മഊനത്തുല്‍ ഇസ്ലാം സഭയ്ക്ക് രൂപം നല്‍കി. വലിയ ജാറത്തിലെ ബീവിയുടെ മകനായ മലപ്പുറം പുതിയ മാളിയേക്കല്‍ പൂക്കോയതങ്ങള്‍ പ്രസിഡന്‍റും കുഞ്ഞന്‍ബാവ മുസ്ലി യാര്‍ മഖ്ദൂമി സെക്രട്ടറിയുമായി 12അംഗ താല്‍കാലികസമിതിയാണ് ആരംഭത്തില്‍ ഭരണ നിര്‍വഹണം നടത്തിയിരുന്നത്. കൊണ്ടോട്ടി ഖാസി പുത്തന്‍വീട്ടില്‍ അബ്ദുല്ല മുസ്ലിയാര്‍ (പൊന്നാനി), മുസ്ലിം സ്കൂള്‍സ്സബ് ഇന്‍സ്പെക്ടര്‍ മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍, സി സൈതാലികുട്ടിമാസ്റ്റര്‍ (തിരൂര്‍), സയ്യിദ്അലി ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങള്‍(മ. 1317/1900) തുടങ്ങിയവര്‍ സ്ഥാപക പ്രമുഖരില്‍പ്പെടും. 1882ലെ ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് സെക്ഷന്‍ 26 അനുസരിച്ച്  1908 ജനുവരി 1ന് പ്രസ്തുത കമ്മറ്റിയുടെ നേതൃത്വത്തില്‍ സഭ രജിസ്റ്റര്‍ ചെയ്തു. ലണ്ടനില്‍ വെച്ചാണ് രജിസ്ട്രേഷന്‍ നടന്നത്. സൈതാലികുട്ടി മാസ്റ്ററുടെ സലാഹുല്‍ ഇഖ്വാന്‍ മാസിക ആരംഭകാലത്ത് സൗജന്യമായി പ്രചാരണരംഗത്ത് സഭയ്ക്ക് കരുത്തേകി. സ്ഥാപനാരംഭത്തിലും തുടര്‍ന്നും വലിയജാറം, മഖ്ദൂം കുടുംബങ്ങളുടെ ഈ രംഗത്തെ ആത്മസമര്‍പ്പണം സ്തുത്യര്‍ഹമാണ്. 

മാപ്പിളക്കവിയും അറബി മലയാള സാഹിത്യകാരനുമായ പൊന്നാനി മാഞ്ചാന്‍ പിറയകത്ത് അബ്ദുല്‍ അസീസ് സാഹിബ് സഭയെക്കുറിച്ച് ഇങ്ങനെ പാടി.

വേദ നീതി നടത്തുന്ന മഊനത്തെണ്ടെ-

സഭ വേദം ഓതും പൊന്നാനിയില്‍ വിളങ്കി കണ്ടേ 

ഹേതുബാവല്‍ കബീറ് യെന്നേ

ഹാദി ആലിം വലിമുന്നേ

വേദമില്‍ കൂടാന്‍ വരുന്നേ

ജാതിയില്‍ നടത്തി വന്നേ -വന്നേ

പ്രൊഫ. എസ്കെ വസന്തന്‍  എഴുതിയത് ഇങ്ങനെ. 

മഊനത്തുല്‍ ഇസ്ലാംസഭ 1900 സെപ്റ്റംബറില്‍ സാമൂഹിക പ്രവര്‍ത്തനത്തിനായി പൊന്നാനിയില്‍ സ്ഥാപിതമായി. സാമൂഹിക പ്രവര്‍ത്തിന സഭകളില്‍ അദ്യേത്തേത്. പുതിയമാളിയേക്കല്‍ പൂക്കോയ തങ്ങളാണ് ഇതിന്‍റെ സ്ഥാപനത്തിന് മുന്‍കൈയെടുത്തത്. 1908ല്‍ ഇത് കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മതവിദ്യാഭ്യാസ കാര്യങ്ങളില്‍ അയല്‍ നാടുകളുമായി ബന്ധം സ്ഥാപിച്ചു.(കേരള ചരിത്ര നിഘണ്ടു, പേജ്. 270)

സ്വമനസ്സാലെ ഇസ്ലാംമതം വിശ്വസിക്കുന്ന പുതുമുസ്ലിം കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും ശുശ്രൂഷയും സംരക്ഷണവും നല്‍കുക, വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക, സമുദായ പുരോഗതിയ്ക്ക് ന്യായമായ മാര്‍ഗങ്ങളിലൂടെ പരിശ്രമിക്കുക, യഥാര്‍ത്ഥ ഇസ്ലാമിക തത്വങ്ങളെ പ്രചരിപ്പിക്കുക, സമുദായത്തിന് പൊതുവായി നേരിടുന്ന പരാതികള്‍ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക, സമുദായത്തിലുണ്ടാകുന്ന ഭിന്നിപ്പുകളില്‍ മാധ്യസ്ഥം വഹിക്കുക തുടങ്ങിയവയാണ് സഭയുടെ അംഗീകൃത നിയമാവലിയിലെ പ്രഖ്യാപിതോദ്ദേശ്യങ്ങള്‍. 

സമര കാലത്താണ് ഇസ്ലാമിലേക്ക് ജനങ്ങള്‍ ഏറെ പ്രവേശിച്ചിട്ടുളളത്. താണ ജാതിക്കാരായ മനുഷ്യമക്കളെ പരമാവധി ചൂഷണം ചെയ്തു പരമസമ്പന്നډാരായി വാണിരുന്ന ജډിമാര്‍ക്കെതിരെ സ്വാ ഭാവികമായും മുസ്ലിംകള്‍ രംഗത്തു വന്നു. ഇവരോട് ഐക്യദാര്‍ ഡ്യം പ്രകടിപ്പിച്ച കീഴ്ജാതിക്കാര്‍ തൊപ്പിയിടുകയും മുസ്ലിം കളോടൊത്തു അടരാടുകയും ചെയ്യുകയായിരുന്നു. 

പൊന്നാനിയില്‍ പോയി തൊപ്പിയിടുക എന്നത്  മലയാള ത്തിലെ ഒരു പ്രയോഗമാക്കിയത് മഊനത്തിന്‍റെ സ്വാധീന ഫലമാണ്. പൊന്നാനിയില്‍ പോയി ഇസ്ലാം മതം സ്വീകരിക്കുന്നതിനാണ് ഇങ്ങനെ പറഞ്ഞിരുന്നത്. പുതുതായി ഇസ്ലാം മതം സ്വീകരിക്കുന്ന വരെ തല മൊട്ടയടിച്ച് തൊപ്പി ധരിപ്പിക്കുന്ന പതിവ് അടുത്ത കാലം വരെ നിലനിന്നിരുന്നു. തൊപ്പിയിട്ടാല്‍ പിന്നെ സമൂഹത്തില്‍ നിന്ന്  എത്രയോ വഴി ദൂരമകലെ മാറി നില്‍ക്കേണ്ട ഏത് ഏഴച്ചെറുമന്നും തമ്പ്രാക്കളെ ഒട്ടും ഭയക്കാതെ തന്നെ ചാരത്തിരുന്നിടാനും മനുഷ്യനാകാനും അവസരം ലഭിക്കുന്നു.

കുമാരനാശാന്‍റെ വരികള്‍:

എത്രയോ ദൂരം വഴി തെറ്റി നില്ക്കേണ്ടൊ

രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍ 

ചിത്രമവനെത്തിച്ചാരത്തിരുത്തിടാം

ഒട്ടും പേടിക്കേണ്ട നമ്പൂരാരേ

തൊഴിലാളിയും മുതലാളിയും ഇതിന്‍റെ വളര്‍ച്ചയില്‍  വഹിച്ചു. ആടും ആനയും നുള്ളരിയും അരിച്ചാക്കും പാടവും പറമ്പും മറ്റും സംഭാവനകള്‍ അര്‍പ്പിച്ചു. മഊനത്തിന് ധര്‍മ്മം നല്‍കുകയെന്നത് ജാതി മത ഭേദമന്യേ എല്ലാവരും പുണ്യമായി കരുതുന്നു.

നവമുസ്ലിംകള്‍ രണ്ട് മാസം ഇവിടെ താമസിച്ച് പഠനം നടത്തുന്നു. താമസം, ഭക്ഷണം, വസ്ത്രം, നിയമ സഹായം, ചികില്‍സ, യാത്രാചിലവ് എന്നിവ സൗജന്യമായി നല്‍കുന്നു. നിര്‍ധനരായ മുസ്ലിം കുട്ടികളുടെ ചേലാകര്‍മ്മം, അനാഥ മുസ്ലിം മയ്യിത്ത് സംസ്കാരണം, ഇസ്ലാം മത ഭൗതിക വിദ്യാഭ്യാസം തുടങ്ങിയവ സഭയുടെ മുഖ്യപ്രവര്‍ത്തനങ്ങളില്‍പെടുന്നു.

1943 മുതല്‍ അനാഥസംരക്ഷണ രംഗത്തേയ്ക്ക് പ്രവേശിച്ചു. പുതുപൊന്നാനിയിലെ വിശാലമായ എം ഐ കോമ്പൗണ്ടിലേക്ക് 1-6-1981ല്‍  അനാഥശാല മാറ്റി സ്ഥാപിച്ചു. പള്ളികള്‍, മദ്രസകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയവ സ്തുത്യര്‍ഹമായ രീതിയില്‍ സഭ നടത്തുന്നു.

ഖാന്‍ സാഹിബ് വി ആറ്റകോയ തങ്ങളും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമാണ് ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്‍റ് പദം അലങ്കരിച്ചത്. വലിയജാറത്തിങ്കല്‍ വലിയ സീതിക്കോയ തങ്ങള്‍, കോട്ട് വി ചെറുകോയ തങ്ങള്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍, കെ. എം. സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹിമാന്‍  സാഹിബ്, അബ്ദുല്ലകുട്ടി മുന്‍സീഫ്, ജസ്റ്റിസ് കുഞ്ഞിഅഹമ്മദ്കുട്ടി ഹാജി, പാണക്കാട് പൂക്കോയ തങ്ങ ള്‍, സി.എച്ച് മുഹമ്മദ് കോയ, വി പി സി തങ്ങള്‍, എം.എം. അബ്ദുല്‍ ഹയ്യ്ഹാജി, കെ.എം കുഞ്ഞിമുഹമ്മദ് ഹാജി, രാജ അബ്ദുല്‍ ഖാദര്‍ ഹാജി, എവി ഹംസ തുടങ്ങിയ പല പ്രഗത്ഭരും ഗതകാലത്ത് സഭയുടെ അഭിവൃദ്ധിക്ക് കരുത്തേകി. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ്  തങ്ങള്‍ പ്രസിഡന്‍റും പെരുമ്പടപ്പ് ഉസ്താദ് ഹംസബിന്‍ ജമാല്‍ റംലി ജനറല്‍ സെക്രട്ടറിയും പുത്തന്‍പള്ളി സി മുഹമ്മദ് ശരീഫ്  മാനേജരും മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങള്‍ ഖജാന്‍ജിയുമായി 40 അംഗ മാനേജിങ്ങ് കമ്മറ്റിയും 120 അംഗ ജനറല്‍ ബോഡിയുമാണ് ഇപ്പോള്‍ സഭയുടെ ഭരണം നടത്തുന്നത്.

1959 ജനുവരി 18ന് സഭയുടെ കീഴില്‍ ദീനി പഠനത്തിന് ഒരു ഉന്നത കലാലയം നിലവില്‍ വന്നു. വെല്ലൂര്‍ ബാക്കിയാതു സാലിഹാത് പ്രിന്‍സിപ്പല്‍ ശൈഖ് ആദംഹസ്റത്ത് ഉദ്ഘാടനം ചെയ്ത ഈ സ്ഥാപനം ചെമ്മാട് ദാറുല്‍ ഹുദ യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് ദഅവാ കോളേജായി പുതുപൊന്നാനിയില്‍ ശ്ലാഘനീയമായ രീതിയില്‍ നടന്നുവരുന്നു. സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ടിവി അബ്ദുറഹിമാന്‍ കുട്ടിയാണ് കണ്‍വീനര്‍.