28. കണ്ടകുറുമ്പകാവ് ഭഗവതിയും ഭദ്രാംകുളങ്ങരദേവിയും
പിന്നെ തോന്നികുറുമ്പക്കാവിലമ്മയും
ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
9495095336
പൊന്നാനി കണ്ടകുറുമ്പക്കാവ് ഭഗവതിയും ഭദ്രാംകുളങ്ങര ദേവിയും കാഞ്ഞിരമുക്കിലെ തോന്നികുറുമ്പക്കാവിലമ്മയും ഐതീഹ്യവും വിശ്വാസവും ഇഴചേര്‍ന്ന ശക്തിസ്വരൂപിണികളായ മൂന്ന് ദേവികളാണ്.
പൊന്നാനി തിരൂര്‍ റോഡില്‍ ചമ്രവട്ടം ജംഗ്ഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ വടക്കാണ് പ്രശസ്ഥമായ കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ നാട്ടുതാലപ്പൊലി പ്രസിദ്ധമാണ്. ഈ കാവിലമ്മയും ഭദ്രാം കുളങ്ങര ദേവിയും കാഞ്ഞിരമുക്ക് തോന്നികുറുമ്പ കാവിലമ്മയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിമാരെന്നാണ് ഐതീഹ്യം. ഈ മൂന്ന് സഹോദരിമാരും കൂടി മീനമാസത്തിലെ ഭരണിനാളില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയെ ദര്‍ശിക്കാന്‍ പോകും. ഈ ദിവസം ഈ ക്ഷേത്രങ്ങളില്‍ പൂജ നടക്കാറില്ല.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുമനശ്ശേരി കോട്ട വക ഭൂമിയില്‍ കാണപ്പെട്ട ദേവീ ചൈതന്യമാണ് കണ്ടകുറുമ്പക്കാവ് ക്ഷേത്രം. ഈ പ്രദേശത്ത് താമസിച്ചിരുന്ന കുറുമ്പ എന്ന ഹരിജന്‍ സ്ത്രീ പുല്ലരിയുമ്പോള്‍ അരിവാള്‍ തട്ടിയ കല്ലില്‍ രക്തം പൊടിഞ്ഞതായി കണ്ടു. കുറുമ്പ ഉടനെ അന്നത്തെ തിരുമനശ്ശേരി തമ്പുരാനെ വിവരം അറിയിച്ചു. പിന്നീട് കുറുമ്പ കണ്ട കല്ലിന് ദേവീ ചൈതന്യം ഉണ്ടെന്ന് പിന്നീട് പ്രശ്നവശാല്‍ തെളിഞ്ഞു. ദേവീ സാന്നിദ്ധ്യം അനുഭവപ്പെട്ട സ്ഥലത്ത് തിരുമനശ്ശേരി നാടുവാഴി ക്ഷേത്രം പണിയുകയും വിധി പ്രകാരം ക്ഷേത്രത്തില്‍ ദേവീ പ്രതിഷ്ഠ നടത്തുകയും ചെയ്തു. കുറുമ്പ കണ്ട ദേവിയായതിനാല്‍ ക്ഷേത്രം കാലക്രമേണ കണ്ടകുറുമ്പക്കാവ് എന്നറിയപ്പെട്ടു.
ദേവീ സ്പര്‍ശനം നേരിട്ടറിഞ്ഞ നാട്ടുരാജാവായ തമ്പുരാന്‍ ഈഴുവത്തിരുത്തിയെ തട്ടകമാക്കി പത്ത് ദേശങ്ങളായി തിരിച്ച് കൂത്ത് ഉത്സവം നടത്താന്‍ അധികാരം നല്‍കി. തുടര്‍ന്നാണ് ഈശ്വരമംഗലം, ഈഴുവത്തിരുത്തി, നരിപ്പറമ്പ്, നെയ്തല്ലൂര്‍, പുഴമ്പ്രം, കോട്ടത്തറ, തെക്കുംപ്പുറം, പോത്തന്നൂര്‍, എരിക്കമണ്ണ, ചെറുവായ്ക്കര എന്നീ പത്തു ദേശങ്ങള്‍ മത്സരിച്ച് ഇപ്പോഴും കൂത്തും വെടിക്കെട്ടും നടത്തിവരുന്നത്. അന്യമായിക്കൊണ്ടിരിക്കുന്ന പ്രാചീന കലാരൂപമായ പാവക്കൂത്ത് നടന്നുവരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടടക്കി നടപ്പുദീനം (കോളറ) പടര്‍ന്നുപിടിച്ചപ്പോള്‍ ജനം പരിഭ്രാന്തരായി. തുടര്‍ന്ന് ജനങ്ങള്‍ ഭഗവതിക്ക് ഏറ്റവും വലിയ വഴിപാടായ നാട്ടുഗുരുതി നടത്തിക്കൊള്ളാമെന്നേറ്റ് കൊടിമരത്തില്‍ കൂറ കയറ്റി. ഇതോടുകൂടി നടപ്പുദീനത്തിന്‍റെ ശക്തി കുറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം കിട്ടിയത്രേ. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗുരുതി ദര്‍പ്പണം പ്രസിദ്ധമാണ്. ക്ഷേത്രത്തിന്‍റെ വടക്കേനടയില്‍ വെച്ചുള്ള സത്യം ചെയ്യലിന് കോടതി വിധികളെപ്പോലും മറികടക്കാനുള്ള ശേഷി ഉണ്ടെന്നാണ് വിശ്വാസം.
ദിവസേന നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെ വന്ന് മുട്ടറുക്കല്‍ വഴിപാട് നടത്തി പോകാറുണ്ട്. കൂടാതെ ഇവിടത്തെ പ്രധാന വഴിപ്പാടായ ചുറ്റുവിളക്ക് കത്തിക്കല്‍ മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ ഭക്തര്‍ക്ക് ചടങ്ങ് നടത്താന്‍ കഴിയാറുള്ളു. ഭഗവതിയുടെ പിറന്നാള്‍ ദിവസം മിഥുനമാസത്തിലെ പൂയം നക്ഷത്രത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രസാദ ഊട്ടും വിശേഷാല്‍പൂജകളും നടത്താറുണ്ട്. തുലാസംക്രമനാളില്‍ നടത്തുന്ന പറവയ്പ്പ പ്രസിദ്ധമാണ്. അന്നേ ദിവസം ഭഗവതിയുടെ സഹോദരി ഭദ്രാംകുളങ്ങര അമ്മയെ ദര്‍ശിക്കാന്‍ പോകുന്നതും പ്രധാനമാണ്. തൂലാസംക്രമനാളുകളില്‍ നൂറുകണക്കിന് ഭക്തര്‍ പറവയ്പ്പിനായി അരി, നെല്ല്, അവില്‍, മലര്‍, പുഷ്പം തുടങ്ങിയവ വഴിപാടായി സമര്‍പ്പിക്കുന്നു.
മകരത്തിലെ കൊയ്ത്തു കഴിഞ്ഞ് കിട്ടുന്ന പുന്നെല്ല് കുത്തിയ അരികൊണ്ട് മകരച്ചൊവ്വക്ക് ദേവിക്ക് പായസവും അപ്പവും അടയും പാകം ചെയ്യുന്ന പതിവുണ്ട്. ദീപാരാധനയ്ക്ക് മുമ്പായി വൈക്കോല്‍കൊണ്ട് കാളയുടെ കോലം കെട്ടി മുളന്തണ്ടിലേറ്റി ആടിത്തിമിര്‍പ്പിക്കുന്നു. തിരുമനശ്ശേരി കോട്ട വകയായി ഒരു കൂട്ടം കാളയെ വര്‍ഷവും ആടിത്തിമിര്‍പ്പിക്കാറുണ്ട്.
കന്നുകാലികള്‍ക്ക് ദീനവും കര്‍ഷകര്‍ക്ക് വിളനാശവും വരാതിരിക്കാനാണ് കാളവേല നടത്തുന്നത്. പറവയ്പ്പും കാളവേലയും കാര്‍ഷിക ആഘോഷങ്ങളില്‍പ്പെടുന്നു. തിരുമനശ്ശേരി ടി.കെ. പരമേശ്വര രാജയാണ് ഊരാളന്‍.
ശ്രീ ഭദ്രാംകുളങ്ങര ദേവി
കണ്ടകുറുമ്പക്കാവില്‍നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ വടക്ക് കരിമ്പന സ്റ്റോപ്പിന് സമീപമാണ് ഭദ്രാംകുളങ്ങര ക്ഷേത്രം. കണ്ടുകുറുമ്പക്കാവ് ക്ഷേത്രത്തില്‍ കൊല്ലത്തിലെ ആദ്യത്തെ ആഘോഷം പറവയ്പാണ്. തുലാമാസത്തിലെ സംക്രമസന്ധ്യ ദീപാരാധനയ്ക്ക് നടയടക്കും മുമ്പേ ഈ കാവിലമ്മ ഭദ്രാംകുളങ്ങര ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കുനിന്ന് നടന്നുവന്ന ദേവിമാരില്‍ മൂത്തയാള്‍ ദാഹവിവശയായപ്പോള്‍ ഈശ്വരമംഗലം ദേശത്ത് ഭാരതപ്പുഴയോട് ചേര്‍ന്നുനില്‍ക്കുന്ന മണല്‍ത്തിട്ടയില്‍ ഇരുന്നുവത്രെ. ഭാരതപ്പുഴയില്‍നിന്ന് ഒരു കൈക്കുമ്പിള്‍ ജലം കോരിയെടുത്ത് കുടിച്ചതിനുശേഷം ഭഗവതി അവിടെ കുടിയിരിപ്പായി. ഇപ്രകാരം വന്നിരുന്ന് ഇരുപ്പ് ഭദ്രമാക്കിയ ഭഗവതിയാണ് ഭദ്രാംകുളങ്ങര ദേവി. അനുജത്തി വീണ്ടും വടക്കോട്ട് നടന്നുതുടങ്ങിയപ്പോള്‍ കണ്ട് ഇഷ്ടപ്പെട്ട് ഇരുന്നതാണ് കണ്ടകുറുമ്പക്കാവിലമ്മയെന്നും ഐതീഹ്യം പറയുന്നു.
അനുജത്തി വര്‍ഷത്തിലൊരിക്കല്‍ ജേഷ്ഠത്തിയെ കാണാന്‍ എഴുന്നെള്ളുന്നതിനെ ആഘോഷമായി കൊണ്ടാടുന്നു. പറവയ്പ്പിന് വൈകിട്ട് കണ്ടുകുറുമ്പ കാവില്‍ ഭഗവതിയുടെ തിടമ്പുവെച്ച കോലം ഗജരാജന്‍റെ പുറത്തേറ്റി ദേവനാദത്തോടെ ഭദ്രാംകുളങ്ങരയ്ക്ക് എഴുന്നെള്ളിക്കുന്നു. തുടര്‍ന്ന് ദേവിയെ ജേഷ്ഠത്തിയുടെ ശ്രീകോവിലില്‍ ഇരുത്തി നൈവേദ്യം നല്‍കി ഭഗവതിമാര്‍ക്ക് വിശേഷപൂജ നടത്തുന്നു.
അതിനിടയില്‍ ഒരു വര്‍ഷത്തെ വിശേഷങ്ങള്‍ ഭഗവതിമാര്‍ തമ്മില്‍ പരസ്പരം പങ്കിടുകയും ചെയ്യുന്നു. ഇപ്രകാരം പ്രസന്നവതികളാകുന്ന ദേവിമാരുടെ സന്തോഷാശ്രുക്കള്‍ കോമരത്തിന്‍റെ കണ്ണുകളിലൂടെ ഒഴുകുന്നതോടെ കാവിലമ്മ കണ്ടകുറുമ്പ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളുകയായി. ഈ എഴുന്നെള്ളിപ്പിനെ വരവേല്‍ക്കാനായി കാവിലെ കളപ്പന്തലില്‍ ഭക്തരുടെ വക നിറപറയും നിറദീപവും നിരത്തിവയ്ക്കുന്നു. ഊരാളന്‍റെ വക പറയും വിളക്കും മുഖമണ്ഡപത്തിലും കാഴ്ചയായി വയ്ക്കും.
ശ്രീ തോന്നികുറുമ്പക്കാവിലമ്മ
കണ്ടുകുറുമ്പക്കാവ് ഭഗവതിയുടെ മറ്റൊരു സഹോദരിയാണ് തോന്നിക്കുറുമ്പക്കാവിലമ്മ. പൊന്നാനി മാറഞ്ചേരി റൂട്ടില്‍ കാഞ്ഞിരമുക്കിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രകൃതി സുന്ദരമായ ഈ നാട്ടിന്‍പുറത്ത് പൂക്കൈതപ്പുഴയിലൂടെ തോണിയില്‍ വന്ന് കുടിയിരുന്ന ശ്രീ കുറുമ്പയെന്ന ദേവിയാണ് തോന്നിക്കുറുമ്പക്കാവിലമ്മ എന്നാണ് ഐതീഹ്യം.
മൂകാംബിക ക്ഷേത്രഭിത്തിയില്‍നിന്ന് ദേവീചൈതന്യം ഉള്‍ക്കൊണ്ട് അടര്‍ന്ന് പുറത്തേക്ക് വന്ന മൂന്നു ശിലകള്‍ തെക്കോട്ട് പ്രയാണം ചെയ്തുവെന്നും അത് മൂന്ന് ഭഗവതിമാരായി പൊന്നാനി നാട്ടിലെത്തി മൂന്നിടത്ത് കുടിയിരുന്നുവെന്നുമാണ് മറ്റൊരു ഐതീഹ്യം. ഇവരില്‍ രണ്ടാമത്തെ ശക്തിസ്വരൂപിണിയാണ് തോന്നിക്കുറുമ്പക്കാവിലമ്മ എന്നാണ് പഴമക്കാരുടെ വിശ്വാസം. ഈ മൂന്ന് ക്ഷേത്രസന്നിധിയലും ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ ഒരുപോലെയായതിന്‍റെ കാരണവും ഇതത്രെ.
കളമെഴുത്തും പാവക്കൂത്തും അവയുടെ പര്യവസാനമായ നാട്ടുതാലപ്പൊലിയും ഏതാണ്ട് ഒരേ രീതിയിലാണ് ആചരിച്ചുവരുന്നത്. നിഷ്ടൂരനായ ദാരികനെ വധിച്ചുകഴിഞ്ഞിട്ടും കോപവും ദാഹവും അടങ്ങാത്ത ഭദ്രകാളി തന്‍റെ പിതാവായ മഹാദേവന്‍റെ സന്നിധിയിലെത്തുന്നു. മഹാദേവന്‍ ദേവിയെ ആശ്വസിപ്പിക്കുന്നു. തുടര്‍ന്ന് സന്തുഷ്ടയായിത്തീര്‍ന്ന ദേവിയോട് ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു.
ലോകനډയ്ക്കായി നീ ഭൂമിയിലേക്ക് എഴുന്നള്ളണം. മാനുഷ്യര്‍ നിനക്കുവേണ്ടി കളമെഴുത്തുപാട്ടും കൂത്തും നടത്തും. ഭക്തിയുള്ളവര്‍ക്കെല്ലാം നീ അഷ്ടൈശ്വര്യങ്ങളും കനിഞ്ഞരുളുക'.
കാഞ്ഞിരമുക്ക്, കാരേക്കാട്, പനമ്പാട്, മാറഞ്ചേരി, പുറങ്ങ് എന്നീ ദേശങ്ങളാണ് ക്ഷേത്ര തട്ടകമായി അറിയപ്പെടുന്നത്. കണ്ടുക്കുറുമ്പക്കാവ് ഉല്‍സവത്തിന്‍റെ പിറ്റേദിവസം കൂത്ത് കൂറയിടും. തുടര്‍ന്ന് ഉത്സവത്തിന്‍റെയും കൂത്തിന്‍റെയും ഒരുക്കങ്ങള്‍ ആരംഭിക്കും. നാട്ടുതാലപ്പൊലി ഏപ്രില്‍ 18ന് ആണ്.