പൊന്‍വാനി ഒഴുകും നാട് പൊന്നാനി

 



61.  പൊന്‍വാനി ഒഴുകും നാട് പൊന്നാനി


ടി.വി. അബ്ദുറഹിമാന്‍കുട്ടി


alfaponnani@gmail.com

9495095336


നൂറ്റാണ്ടുകളുടെ പ്രതാപൈശ്വര്യങ്ങള്‍ക്ക് സാക്ഷിയായ പ്രദേശമാണ് പൊന്നാനി. ഇന്ന് ചരിത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്‍റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സമ്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ചരിത്ര പിന്‍ബലം ഈ ദേശത്തിനുണ്ട്.

    അതിപ്രാചീന തുറമുഖ പട്ടണമായതിനാല്‍ പൗരാണിക കാലം മുതല്‍ അറബികളും പേര്‍ഷ്യക്കാരും മറ്റു വിദേശികളും വ്യാപാരത്തിനായി   ഇവിടെ വന്നിരുന്നു. അവര്‍ അക്കാലത്തെ നാണയമായ പൊന്‍നാണയം ആദ്യമായി പ്രചരിപ്പിച്ചു. പൊന്‍നാണയത്തിന്‍റെ പരിവര്‍ത്തിത രൂപം-പൊന്നാനി. 

    അറബികള്‍ ഫൂനാനിയെന്നും വില്യംലോഗന്‍ മലബാര്‍ മാനുവലില്‍ പൂനാനിയെന്നും പ്രയോഗിച്ചു. ഇവിടുത്തെ ക്ഷേത്രങ്ങളില്‍ പൊന്നാനയെ നടയിരുത്തിയിരുന്നു. പൊന്നാന ദര്‍ശനം നടന്നിരുന്ന ദേശം-പൊന്നാനി. പൊന്നന്‍ എന്ന നാടുവാഴി ഭരിച്ച ദേശം-പൊന്നാനി. 

    വാനിയെന്ന തമിഴ് പദത്തിനുള്ള അര്‍ത്ഥങ്ങളില്‍ ഒന്നാണ് പുഴ. കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ സുപ്രധാന സ്ഥാനമുള്ള മലയാളിയുടെ നദിയായ നിളയില്‍  അഴിമുഖത്തുവെച്ച് ആതവനാടില്‍നിന്ന് ഒഴുകിയെത്തുന്ന തിരൂര്‍, പൊന്നാനി പുഴ പതിക്കുന്നു. ഈ ദ്വിവാനി (ദ്വിവേണി) സംഗമം അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ഏറ്റ് പൊന്‍പുഴയായി മാറുന്നു. പൊന്‍വര്‍ണ്ണമാകുന്ന പൊന്‍+വാനി - പൊന്‍വാനി= പൊന്നാനി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പല രേഖകളിലും പൊന്നാനി വായ്ക്കല്‍ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് മുറജപം കഴിഞ്ഞുവരുന്ന നമ്പൂതിരിക്ക് സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ആനക്കുട്ടിയെ ദക്ഷിണയായി കിട്ടി. വഴിയരികില്‍  വിശ്രമത്തിനിടെ നമ്പൂതിരി ആനക്കുട്ടിയെ ഒരിടത്ത് വെച്ചു. അതുവഴി വന്ന പാക്കനാര്‍ കുസൃതിയായി നമ്പൂതിരിയോട് പറഞ്ഞു. ചത്ത ജന്തുക്കളുടെ  അവകാശം ഞങ്ങള്‍ക്കാണ്. അതിങ്ങു തരണം. നമ്പൂതിരിക്ക് വലിയ സങ്കടമായി, കരച്ചിലായി. സംഘത്തിന്‍റെ നേതൃ സ്ഥാനിയായ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ ആനയെ വാങ്ങി. കൂടി നിന്നിരുന്ന മാലോകര്‍ കാണെ നിലത്തുവെച്ച് ആജ്ഞാപിച്ചു. നടക്കാനേ ഉടന്‍ ആന നടന്നു; പൊന്നിന്‍റെ ആന നടന്നയിടം പൊന്‍+ആന=പൊന്നാന, പിന്നീടത് പൊന്നാനിയായി എന്നാണ് മറ്റൊരു കഥ. തുടങ്ങി പല ഐതീഹ്യവും ചരിത്രവും ഈ നാടിന്‍റെ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട് വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുണ്ട്.

    സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍റെ വാസസ്ഥലം, നേവി ഹെഡ് ക്വാര്‍ട്ടേഴ്സ്, ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ ദേശം, മതമൈത്രിയും മാനവമൈത്രിയും ജീവിതലക്ഷ്യമാക്കിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ജന്മം നല്‍കിയ ഇടം,  മുസ്ലിം നവോത്ഥാന നായകരായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും കേരളത്തിലെ ലക്ഷണമൊത്ത പ്രഥമ ചരിത്രഗ്രന്ഥം തുഹ്ഫതുല്‍ മുജാഹിദീന്‍റെ രചയിതാവ് ശൈഖ് അഹ്മദ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും പ്രവര്‍ത്തന മണ്ഡലം, ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെയും കേരള വാത്മീകി വള്ളത്തോള്‍ നാരായണമേനോന്‍റെയും വര്‍ത്തമാനകാല സാഹിത്യനായകന്‍ എം. ടി. വാസുദേവന്‍ നായരുടെയും വന്നേരി കളരിയുടെയും സ്വാതന്ത്ര്യസമര അക്കാദമി  ആനക്കര വടക്കത്തിന്‍റെയും  മാമാങ്ക മഹോത്സവങ്ങളുടെയും പഴയ താലൂക്ക് ആസ്ഥാനം തുടങ്ങി പല വിശേഷണങ്ങള്‍ക്കും അര്‍ഹമായ ഈ നാടിനെ കൈരളിയുടെ സാംസ്കാരിക ആസ്ഥാനമെന്നും മലബാറിന്‍റെ മക്കയെന്നുമാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.

പള്ളിയുടെ മഹാനഗരി

    വടക്ക് ഭാരതപ്പുഴയും തെക്ക് പൂക്കൈതപ്പുഴയും കിഴക്ക് കനോലി കനാലും പടിഞ്ഞാറ് അറബിക്കടലും അതിരിട്ട പൊന്നാനി നഗരവും സൗത്തും ഉള്‍പ്പെട്ട പ്രദേശം ആറിലധികം കിലോമീറ്റല്‍ നീളവും അരകിലോമീറ്റര്‍ വീതിയും ഉള്ള ഒരു കൊച്ചു ദ്വീപാണ്. ഇരുപത് ജുമാ മസ്ജിദുകളടക്കം 50 പള്ളികളുണ്ട്.  പൊതു ദര്‍ശന ക്ഷേത്രമായ ആനപ്പടി മാഞ്ഞാഭഗവതി അമ്പലവും അഞ്ച് കുടുംബക്ഷേത്രങ്ങളുമുണ്ട്.

    ഭാരതപ്പുഴ മുതല്‍ താലൂക്ക് ആശുപത്രിവരെയും കനാല്‍ മുതല്‍ കടപ്പുറം വരെയും ഏകദേശം അരകിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള പൊന്നാനി നഗരം പൂര്‍ണ്ണമായും മുസ്ലിം പ്രദേശമാണ്. കേരളത്തിലെ മുസ്ലിം സംസ്കാരത്തിന്‍റെ തായ്വേരാണ്ടുകിടക്കുന്ന ഇവിടെനിന്ന് എഴുതിയാല്‍ തീരാത്ത തരംതിരിവുകള്‍, പ്രയാസമായ നിരവധി ഉപവേരുകള്‍ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പള്ളികളുടെ സംഘഭൂമിയായ ഇവിടെ 9 ജുമുഅത്ത് പള്ളികള്‍ അടക്കം 27 പള്ളികളുണ്ട്. ഇത്രയും കുറഞ്ഞ സ്ഥലത്ത് ഇത്ര കൂടുതല്‍ മുസ്ലിം പള്ളികള്‍ മറ്റെവിടെയും ഇല്ലെന്നാണ് അറിവ്. മിനി സിവില്‍സ്റ്റേഷന്‍റെ പരിസരത്ത് നിന്ന് ചുറ്റും കണ്ണോടിച്ചാല്‍ ഖബറിടങ്ങളുള്ള അഞ്ച് പള്ളികള്‍ തല്‍സമയം കാണാം. തډൂലം പള്ളിപ്പെരുമയാല്‍ പുരാതനകാലം മുതല്‍ ചെറിയ മക്ക, കൈരളിയുടെ മക്ക, പള്ളികളുടെ മഹാനഗരി എന്നീ പേരുകളില്‍ പ്രസിദ്ധമാണിവിടം. പൊന്നാനി നഗരസഭയിലിപ്പോള്‍ 42 ജുമുഅത്ത് പള്ളികളടക്കം 87 വഖഫ് (ദാനം) ചെയ്ത പള്ളികളും വേറെ നമസ്കാര ഇടങ്ങ (സ്വലാത്ത് മകാന്‍) ളുമുണ്ട്. പൊതുദര്‍ശന ക്ഷേത്രങ്ങളും കുടുംബ ക്ഷേത്രങ്ങളും ഉള്‍പ്പെടെ ക്ഷേത്രങ്ങള്‍ നൂറോളം വരും.

    കേരളത്തിലെ പ്രഥമ ഇസ്ലാംമത പ്രചാരകര്‍ മാലിക് ഇബ്നു ദിനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ സുപ്രസിദ്ധ പണ്ഡിതനും ആത്മീയ ആചാര്യനും ഉന്നത ഗ്രന്ഥകാരനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ (1467 ?1522) ആണ് ചെറിയ മക്കയുടെ ശില്‍പി. അദ്ദേഹത്തെ അനിഷേധ്യ നേതാവാക്കി ഉയര്‍ത്താന്‍ ഹേതുവായത് തന്‍റെ അസുലഭമായ സിദ്ധിവിശേഷവും ആത്മീയപ്രഭയും സ്വദേശത്തിന്‍റെയും കൈരളിയുടെയും സമുദായത്തിന്‍റെയും സര്‍വ്വോതമുഖമായ പുരോഗതിക്കും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനും മതമൈത്രിക്കും വേണ്ടി നിസ്വാര്‍ത്ഥമായി വിനിയോഗിച്ചുവെന്നതാണ് ശൈഖ് എ.ഡി. 1519 (ഹി. 925) ല്‍ പണിത കേരളാ മുസ്ലിം നവോത്ഥാനത്തിന്‍റെ ആസ്ഥാനമായ വലിയപള്ളിയും മുസ്ലിം സംസ്കാരത്തിന്‍റെ ദീപശിഖയായ 1900ല്‍ സ്ഥാപിതമായ മഊനത്തുല്‍ ഇസ്ലാം സഭയും ഇവിടെയാണ്.

കേരളീയനായായ പ്രഥമ വിദേശ ബിരുദധാരി

    ലോകത്തിലെ ആദ്യകാല നാമമാത്ര സര്‍വ്വകലാശാലകളില്‍ ഒന്നായ ഈജിപ്തിലെ അല്‍അസ്ഹറിന്‍റെ സുവര്‍ണ കാലത്ത് 1490കളിലാണ് മഖ്ദൂം പഠനത്തിനായി അവിടെയെത്തിയത്. കാല്‍നടയായും കാഫിലകെട്ടിയും ദുര്‍ക്കടസന്ധികള്‍ തരണം ചെയ്താണ് മഖ്ദൂം അല്‍അസ്ഹറില്‍ എത്തി പഠനം നടത്തിയത്. ഇന്ത്യയിലെ അതിപ്രാചീനവും വിശ്വപ്രശസ്തവുമായ നാളന്ദ, തക്ഷശില എന്നീ സര്‍വകലാശാലകളുടെ ഗതി  ബ്രാഹ്മണാധിപത്യത്തോടെ പിന്നോട്ടായതിനുശേഷം ശൈഖ് സൈനുദ്ദീന്‍റെ പഠനകാലത്ത് പുകള്‍പ്പെറ്റ സര്‍വകലാശാലകള്‍ ഒന്നുംതന്നെ ഭാരതത്തില്‍ നിലവിലില്ലായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള പ്രവിശ്യകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ലോദി രാജവംശത്തിലെ സിക്കന്ദര്‍ ലോദിയും ദക്ഷിണേന്ത്യയിലെ പ്രധാന ഭാഗങ്ങള്‍ വിജയനഗര്‍ രാജവംശവും മറ്റുഭാഗങ്ങള്‍ ബീജാപ്പൂര്‍, ബംഗാള്‍ രാജവംശവും മറ്റുമാണ് ഭരിച്ചിരുന്നത്. ഇവിടങ്ങളിലൊന്നും തന്നെ മികവുറ്റ ഉന്നത കലാശാലകള്‍ ഉണ്ടായിരുന്നില്ല. മാമലകളും മരതകകുന്നുകളും കാട്ടാറുകളും താണ്ടി കരഗതാഗതം വികസിക്കാത്ത അക്കാലത്ത് കേരളത്തില്‍ നിന്ന് അവിടങ്ങളില്‍ എത്തണമെങ്കില്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. എന്നാല്‍ കടലിനക്കര വിദേശ രാഷ്ട്രങ്ങളില്‍ പലതിലും കേരളീയര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം എത്താം. ഈ രീതിയിലുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടുപോലും അക്കാലത്തെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിദേശത്തുപോയി പഠിച്ച് ബിരുദം സമ്പാദിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല. കാരണം, ഹിന്ദുക്കളില്‍ അവര്‍ണ്ണ വിഭാഗത്തിന് ഉന്നത വിദ്യാസമ്പാദനത്തിന് പല രീതിയിലുമുള്ള പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. വിദ്യാസമ്പന്നരായ സവര്‍ണ്ണര്‍ക്കാണെങ്കില്‍ കടല്‍യാത്ര നിഷിദ്ധവുമായിരുന്നു.ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭട്ടന്‍ കടലില്‍പോയി ഗ്രഹണം കണ്ടതിന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടതിനാല്‍ ബ്രാഹ്മണ വിശ്വാസം ഉപേക്ഷിച്ച് ജൈനമതം സ്വീകരിച്ചത് ചരിത്രലിഖിതമാണ്.

    കൃസ്ത്യാനികള്‍ വിദേശത്തുനിന്ന് സെന്‍റ് തോമസിന്‍റെ കാലത്ത് ഇവിടെ വന്ന് ക്രമാനുഗതമായി വലിയൊരു സമുദായമായി വളര്‍ന്നവരാണെങ്കിലും അക്കാലത്തെ ക്രിസ്ത്യാനികളില്‍ അധികവും സുറിയാനി വിഭാഗക്കാരായിരുന്നു. ഇവര്‍ അക്കാലത്തെ ഇവിടത്തെ ഹൈന്ദവാചാരങ്ങളോടും വിശ്വാസങ്ങളോടും കൂറുപുലര്‍ത്തിയിരുന്നു. അയിത്തം, തീണ്ടല്‍ പോലുള്ള ഹൈന്ദവസമ്പ്രദായങ്ങളും ബാലവിവാഹം, ബഹുഭര്‍തൃത്വം, ബഹുഭാര്യത്വം, വെപ്പാട്ടി സമ്പ്രദായം തുടങ്ങിയവ ക്രിസ്ത്യന്‍ സമൂഹത്തില്‍ വേരൂന്നിയിരുന്നു. പോര്‍ച്ചുഗീസ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണം മെത്രോപോലീത്ത, വൈസ്റോയി എന്നീ ഇരട്ട പദവികളോടെ  സമസ്ത അധികാരാവകാശങ്ങളും നല്‍കിക്കൊണ്ട് നിയോഗിക്കപ്പെട്ട ആര്‍ച്ച് ബിഷപ്പ് മെനസസിന്‍റെ തീവ്രശ്രമത്താല്‍ 1599 ജൂണ്‍ 20മുതല്‍ 26വരെ എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ (ട്രാം പേരൂര്‍) സുന്നഹദോസിന് ശേഷമാണ് ക്രിസ്ത്യാനികളെ ലാറ്റിനീകരിച്ച് പൂര്‍വ്വികമായ പല ആചാരങ്ങളും അവസാനിപ്പിച്ച് പരിഷ്കൃത വിഭാഗമായി രൂപപ്പെടുന്നത്.

    ഗോവയിലെ ആര്‍ച്ച് ബിഷപ്പായ ഡോം മെനസസ് മതപരിവര്‍ത്തനത്തേക്കാള്‍ ശ്രദ്ധവെച്ചത് മലബാറിലെ പ്രാചീന ക്രിസ്ത്യാനികളുടെ ഇടയില്‍ കടന്നുകൂടിയ ഹൈന്ദവാചാരങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാനും അവരെ ശരിയായ കത്തോലിക്കരാക്കാനും വേണ്ടിയാണ്. അദ്ദേഹം നടത്തിയ ഉദയംപേരൂര്‍ സുന്നഹദോസ് (1959) ഇന്ത്യാചരിത്രത്തില്‍ നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രാധാന്യമേറിയ സംഭവമാണ് (സര്‍ദാര്‍ കെ.എം. പണിക്കര്‍ എ സര്‍വ്വെ ഓഫ് ഇന്ത്യാ ഹിസ്റ്ററി).

    കൂടാതെ വ്യവസായാര്‍ത്ഥം ഇവിടെ എത്തിയ കച്ചവടക്കാരോടൊപ്പവും ചേരമാന്‍ പെരുമാളിനോടൊപ്പവും കടല്‍കടന്ന് പലരും വിദേശ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ അംഗീകൃത ബിരുദം സമ്പാദിച്ചതായി രേഖകളില്ല. തډൂലം മലയാളക്കരയില്‍ ജനിച്ചു വളര്‍ന്ന് ആദ്യമായി വിദേശത്ത്പോയി ബിരുദം സമ്പാദിച്ച പ്രഥമ കേരളീയനായ പണ്ഡിതശ്രേഷ്ഠന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണെന്ന് ന്യായമായും ഉറപ്പിക്കാം. മക്കയിലും അല്‍ഹസറിലും പഠനം നടത്തിയ പ്രഥമ മലയാളി പണ്ഡിതവര്യനായ മഖ്ദൂം കേരളീയരായ വിദ്യാവാസനികള്‍ക്ക് എക്കാലത്തെയും മാതൃകാപുരുഷനാണ്.

മഖ്ദൂമിയന്‍ സിലബസും വിളക്കത്തിരിക്കലും

        മഖ്ദൂം ഒന്നാമന്‍ ആരംഭിച്ച ദര്‍സ്സില്‍ കേരളത്തിന്‍റെ പല പ്രദേശങ്ങളില്‍ നിന്നും ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷദ്വീപ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യോനേഷ്യ, ജാവ, സുമാത്ര തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും വിദ്യാതല്‍പ്പരര്‍ പഠനത്തിന് എത്തി. പഠനം പൂര്‍ത്തിയാക്കിയ പണ്ഡിത ശ്രേഷ്ഠര്‍ സ്വദേശത്തും മറു നാട്ടിലും പള്ളികളില്‍ മഖ്ദൂമിയന്‍ രീതിയനുസരിച്ചുള്ള മതപഠന ക്ലാസ്സുകള്‍ ആരംഭിച്ചു. ക്രമേണ നാട്ടിലും മറുനാട്ടിലുമുള്ള പള്ളികളിലും വിദ്യാശാലകളിലും ഈ പാഠ്യ പദ്ധതിയും തതനുസൃതമായ രചനകളും പ്രചരിച്ചു. ഇസ്ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന് നാന്ദി കുറിക്കുകയും അന്താരാഷ്ട്ര രംഗത്ത് അംഗീകാരം നേടുകയും ചെയ്തു. പൊന്നാനി ദര്‍സില്‍ പഠനം നടത്തിയാലേ പാണ്ഡിത്യഖരിമ ലഭിക്കുകയുള്ളൂ എന്നതായിരുന്നു അക്കാലത്തെ കീഴ്വഴക്കം. തന്മൂലം നാടിന്‍റെ നാനാഭാഗത്തുമുള്ള പള്ളിദര്‍സ്സുകളില്‍ പഠനം നടത്തിയ പണ്ഡിതര്‍ ഉപരിപഠനത്തിന് ഇവിടെയെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നാന്നൂറോളം മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നന്നു.

    പ്രശസ്ത ഇസ്ലാമിക കര്‍മ്മശാസ്ത്രഗ്രന്ഥം ഫത്ഹുല്‍ മുഈനിന്‍റെ കര്‍ത്താവ് ശൈഖ് അഹ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ ചില കൃതികളില്‍ അദ്ദേഹത്തിന്‍റെ പിതാവും ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ മൂന്നാമത്തെ മകനും പ്രഥമ ശിഷ്യരില്‍ പ്രമുഖനുമായ അല്ലാമാ അഹ്മദുല്‍ഗസാലിയെ, ശൈഖ് അഹ്മദ്സൈനുദ്ദീന്ബ്നുഗസാലി മുസ്ലിയാര്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതിനുമുമ്പ് മറ്റൊരിടത്തും മുസ്ലിം പണ്ഡിതډാര്‍ക്ക് മുസ്ലിയാര്‍ പദവി ചേര്‍ത്തതായി അറിവില്ല. തډൂലം ഒന്നാം മഖ്ദൂമിന് കീഴില്‍ വിളക്കത്തിരുന്ന് പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ വിളക്കത്തിരിക്കല്‍ മുസ്ല്യാര്‍ പദവിയും (പ്രതീകാത്മീക ബിരുദാനന്തര ബിരുദം) സനദും തലപ്പാവും സമ്പാദിച്ച് സമൂഹത്തിലെ സമുന്നത പണ്ഡിതരായി വാഴ്ത്തപ്പെട്ടു. ഇവരാണ് കേരളത്തിനകത്തും പുറത്തും ഇസ്ലാമിക വ്യാപനത്തിന് ശ്ലാഘനീയമായ നേതൃത്വം നല്‍കിയത്. മുസ്ലിഹ് എന്ന അറബി പദം ലോപിച്ചാണത്രെ മുസ്ലിയാര്‍ ആയത്. ശൈഖ് അഹ്മദ് സൈനുദ്ദീന്‍ പൊന്നാനി ജുമാ മസ്ജിദ് റോഡില്‍ നിര്‍മ്മിച്ച വീട്,  പിതാവിന്‍റെ സ്മരണാര്‍ത്ഥം  ഗസാലി മുസ്ല്യാരകം എന്ന പേരില്‍ ഇന്നും നിലവിലുണ്ട്. വലിയ പള്ളിയുടെ അകത്തെ പള്ളിയിലെ തൂക്കുവിളക്കും പുറത്തെ പള്ളിയിലെ നിലവിളക്കും മഗ്രിബ് നമസ്കാരത്തിന് മുമ്പ് കത്തിക്കുകയും സുബഹി നമസ്കാരത്തിന് ശേഷം പൊലിക്കുകയും ചെയ്യുന്ന പതിവ് ഇപ്പോഴും തുടരുന്നു.

സാമൂതിരിയുടെ രണ്ടാം ആസ്ഥാനം

    സാമൂതിരി പ്രതാപത്തിന്‍റെ ഭരണകാലത്ത് കോഴിക്കോട് ഖാസിമാരെപോലെ രാജ്യഭരണത്തില്‍ ആദ്യകാല മഖ്ദൂമുകള്‍ക്കും നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്നു. 1300 ന് ശേഷം ഭൗതിക രംഗത്തുണ്ടായ പുരോഗതിയും 1500ന് ശേഷം ആത്മീയ മേഖലയിലെ കുതിപ്പും വടക്ക് മംഗലാപുരം മുല്‍കി മുതല്‍ തെക്ക് തമിഴ്നാട്ടിലെ തേങ്ങാപട്ടണം വരെയുള്ള നാടുകളിലെ ഇസ്ലാം മത വിജ്ഞാനത്തിന്‍റെ കേന്ദ്രമായി പൊന്നാനി പ്രശോഭിച്ചു. ഒരുകാലത്ത് സാമൂതിരിയുടെ ആസ്ഥാനമായ കോഴിക്കോടിനോളം ഭരണരംഗത്ത് പൊന്നാനിക്കും സുപ്രധാന സ്ഥാനമുണ്ടായിരുന്നു. അക്കാലത്ത് സാമൂതിരി ഭരണത്തിന്‍റെ സുപ്രധാന നയരൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ ദേശം പലപ്പോഴും ആസ്ഥാനമായിട്ടുണ്ട്. 

        സാമൂതിരി ചരിത്രകാരന്മാരായ കെ.വി. കൃഷ്ണയ്യരുടെ ­The Zamoris of Calicut 1938 ഡോ.എന്‍.എം. നമ്പൂതിരിയുടെ സാമൂതിരി ചരിത്രത്തിലെ കാണാപുറങ്ങള്‍, ഡോ.വി.വി. ഹരിദാസിന്‍റെ സാമൂതിരിപെരുമ (2012) തുടങ്ങിയ പല ചരിത്രകൃതികളിലും ഏതാണ്ട്  1200 മുതല്‍ 1766 വരെ കോഴിക്കോട് തലസ്ഥാനമാക്കി ഭരിച്ചിരുന്ന സാമൂതിരി രാജാക്കډാര്‍ ആ നാടിനെക്കാള്‍ പതിനഞ്ച് പതിനാറ് നൂറ്റാണ്‍ുകളില്‍ വസിക്കാനിഷ്ടപ്പെട്ടിരുന്നത് പൊന്നാനിയിലായിരുന്നുവെന്നും അക്കാലത്ത് ഈ നാടിന് ഭരണരംഗത്ത് മികച്ച അംഗീകാരമുണ്‍ായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സമന്വയ അക്ഷരപെരുമ

പ്രാചീന കാലത്ത് 64 ബ്രാഹ്മണ വിഭാഗങ്ങളില്‍ പാണ്ഡിത്യത്തിലും വേദശാസ്ത്രാദി വിഷയങ്ങളിലും കേമډാരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ ആസ്ഥാനം ഇവിടേക്കടുത്ത കൂടല്ലൂരും ശുകപുരവുമായിരുന്നു. ഭാരതീയ ഗണിതശാസ്ത്ര ആചാര്യനായ ആര്യഭട്ടന്‍റെ തട്ടകം പൊന്നാനി ചമ്രവട്ടത്തായിരുന്നുവെന്ന് കണ്ടെത്തിയ ഗവേഷകരുണ്ട്.

    പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷരപെരുമ. പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നമുക്ക് നല്‍കിയിട്ടുണ്ട്. 

    വടക്കെക്കര തിരൂരില്‍  ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്കരണം നടത്തി. ഹൈന്ദവ വൈജ്ഞാനിക  ആത്മീയ മേഖലയെ സംപുഷ്ടമാക്കി. ഗുരുവായൂര്‍ക്ഷേത്രം തട്ടകമാക്കിയ രണ്ട് മഹാപ്രതിഭകള്‍ (ഒന്ന്) ഭാരതപ്പുഴക്ക് കിഴക്കെകരയില്‍ തിരുന്നാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഗോശ്രീ നഗര വര്‍ണ്ണനവും നാരായണീയവും ഗുരുവായൂര്‍ മാഹാത്മ്യവും (രണ്ട്)അല്‍പം അകലെ പെരിന്തല്‍മണ്ണക്കടുത്ത് പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയും  രചിച്ച് ചരിത്രവും ദൈവീക സ്മരണയും സമന്വയപ്പിച്ച് സ്ഥിര പ്രതിഷ്ഠ നേടുകയും തെക്കെകരയിലെ പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍  ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് ഇതേ കാലഘട്ടത്തിലാണ.് ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന രംഗത്തും ആത്മീയ മേഖലയിലും ഋഷി തുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തില്‍ ജډം നല്‍കി എന്ന അനുപമ പൈതൃകം അവകാശപ്പെടാന്‍  ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത. 

    എ ഡി 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 30 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്യമാക്കുന്നു.

    നിളയുടെ ഓരങ്ങള്‍ പോറ്റിവളര്‍ത്തിയ ഋഷിതുല്യര്‍, മഖ്ദൂമുകള്‍, കുഞ്ഞാലിമാര്‍, താന്ത്രികാചാര്യډാര്‍, ജ്യോതിഷമഹാജ്ഞാനികള്‍, കവികള്‍ ധാരാളമുണ്ട്. മേഴത്തോള്‍ അഗ്നിഹോത്രി, വൈദ്യമഠം, പൗരാണിക ആധുനിക കവിയത്രയങ്ങളില്‍പ്പെട്ട എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, വള്ളത്തോള്‍ എന്നിവരും കാക്കശ്ശേരി ഭട്ടതിരി, അച്യുത പിഷാരടി, പുന്നശ്ശേരി നമ്പി, ഇ.എം.എസ്, വി.ടി. ഭട്ടതിരിപ്പാട്, പി. കുഞ്ഞിരാമന്‍നായര്‍, കുട്ടികൃഷ്ണന്‍ മാരാര്‍, ഇടശ്ശേരി, എം.ടി. വാസുദേവന്‍നായര്‍, ഉറൂബ്, കടവനാട് കുട്ടികൃഷ്ണന്‍, എം.ഗോവിന്ദന്‍, മാപ്പിള സാഹിത്യ പ്രതിഭകളായ കോടമ്പിയകത്ത് കുഞ്ഞുസീതികോയ തങ്ങള്‍, നാലകത്ത് കുഞ്ഞുമൊയ്തീന്‍കുട്ടി, കെ.സി. മുഹമ്മദ്കുട്ടി മൊല്ല തുടങ്ങിയ പല പ്രശസ്തരും അക്ഷരമേഖലയില്‍ സജീവ പങ്കാളിത്വം വഹിച്ചു.

പൗരാണിക തുറമുഖം

    മദ്ധ്യകാലഘട്ടത്തില്‍ ലോകത്തിലെ എല്ലാ തുറമുഖങ്ങളിലും അറബി വ്യാപാരികള്‍ സജീവമായിരുന്നു. ചൈന മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരമായ മുസാമ്പവരെ പതിനായിരം കിലോമീറ്റാര്‍ വ്യാപിച്ചുകിടക്കുന്നതായിരുന്നു. അവരുടെ വ്യാപാരമേഖല. കൊടുങ്ങല്ലൂര്‍, കൊല്ലം, പൊന്നാനി, കോഴിക്കോട്, പന്തലായിനി തുടങ്ങിയവയായിരുന്നു ഈ പാതയിലെ പ്രധാനതുറമുഖങ്ങള്‍. തമിഴ്നാട്ടില്‍നിന്ന്  പാലക്കാട് ചുരം കടന്ന് ഭാരതപ്പുഴയിലൂടെ വന്നിരുന്ന ചരക്കുകള്‍ പൊന്നാനി തുറമുഖത്ത്നിന്ന് പായക്കപ്പലുകളില്‍ അറേബ്യന്‍ നാടുകളിലേക്ക് കയറ്റിയയക്കുകയും അവിടെനിന്ന് ചരക്കുകളോടൊപ്പം ഇറക്കുമതി ചെയ്തിരുന്ന നല്ലയിനം കുതിരകളെ തൃത്താല മറുകരയിലെ കുളമുക്ക് ചന്തയിലെത്തിക്കുകയും കുതിരച്ചെട്ടികള്‍ മുഖേന വിജയനഗരത്തിലേക്ക് കൊണ്ട്പോവുകയും പതിവായിരുന്നു.

    തെക്കും വടക്കും പുഴയും പടിഞ്ഞാറ് കടലും കിഴക്ക് കായലും അതിരിട്ട പ്രകൃതിദത്ത കേരളത്തിലെ നാമമാത്ര പ്രദേശങ്ങളില്‍ ഒന്നാണ് പൊന്നാനി. പ്രാചീന കാലംമുതല്‍ തന്നെ പൊന്നാനിപ്പുഴയ്ക്ക് നല്ല ആഴമുണ്ടായിരുന്നതിനാല്‍ പായകപ്പലുകള്‍ക്ക് വളരെ ദൂരം ഉള്ളിലേക്ക് കടന്നുചെന്ന് നങ്കൂരമിടാന്‍ പറ്റുമായിരുന്നു. പുഴയില്‍ മണല്‍ തിട്ടകള്‍ രൂപപ്പെട്ടത് കാലക്രമേണയാണ്. മലമ്പുഴ അടക്കമുള്ള ഡാമുകളുടെ നിര്‍മ്മാണത്തോടുകൂടി പുഴയിലൂടെ വലിയ വഞ്ചികള്‍ക്കുപോലും സഞ്ചാരം പ്രയാസമായി. പുഴയ്ക്ക് ആഴം കുറയുകയും അഴിമുഖം ചുരുങ്ങുകയും ചെയ്തതോടെ പായക്കപ്പലുകള്‍ കടലില്‍തന്നെ നങ്കൂരമിട്ടു. തുടര്‍ന്ന് കപ്പലുകളില്‍ ചരക്കുകള്‍ കയറ്റിറക്കുമതി കാര്‍ഗൊ വഞ്ചികളിലായിരുന്നു. 

    ചരക്കുകള്‍ യഥേഷ്ടം ലഭിച്ചിരുന്നതുകൊണ്ടും ഇറക്കുന്ന  ചരക്കുകള്‍ വിവിധ പ്രദേശങ്ങളിലേയ്ക്ക് ധാരാളം കൊണ്ടുപോകാന്‍ പറ്റിയ ഇടമായതിനാലും വിദേശ വ്യാപാരികള്‍ ഈ തുറമുഖത്തേയ്ക്ക് വരാന്‍ ഇഷ്ടപ്പെട്ടിരുന്നു. ധാരാളം മറുനാടന്‍ വ്യാപാരികളും ഗുജറാത്ത്കച്ച് ദേശക്കാരായ ആലായീസ് മേമന്‍ വിഭാഗത്തില്‍പ്പെട്ട  മുസ്ലിം വ്യാപാരികളും (കച്ചീകാര്‍) ഗുജറാത്ത് ബ്രാഹ്മണരും (സേട്ടുജിമാര്‍) എത്തി. ഇന്ത്യക്ക് അകത്തും പുറത്തും ഇവിടെനിന്ന് യഥേഷ്ടം കടല്‍ വ്യാപാരം നടന്നു. 18-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ ഇവിടത്തുകാര്‍ സമുദ്രവ്യാപാര രംഗത്ത് ആധിപത്യം സ്ഥാപിച്ചവരായിരുന്നു. പായക്കപ്പലുകളുടെ നിര്‍മ്മാണത്തില്‍ മികവ് തെളിയിച്ചവരും കപ്പലുകളുടെ അധിപന്മാരായിരുന്നു.

    പോര്‍ച്ചുഗുകാരടെ കാലത്തുപോലും സജീവമായിരുന്ന പത്തേമാരി വ്യവസായം 1970 കള്‍  വരെ നിലനിന്നു. പാതാറിന് പടിഞ്ഞാറ് ചെറിയകടപ്പുറത്ത് വെച്ചായിരുന്നു ഉരുക്കളുടെ നിര്‍മ്മാണം. മഹാഗണിയും തേക്കുമാണ് നിര്‍മ്മാണത്തിനുപയോഗിച്ചിരുന്ന മരങ്ങള്‍. കാലാന്തരത്തില്‍ പത്തേമാരികള്‍ പുരാവസ്തുക്കളായി ക്രമേണ നാമാവശേഷമായി. ഈ വാണിജ്യ യാനപാത്രത്തിന്‍റെ ചരിത്രസ്മരണ നിലനിര്‍ത്താന്‍ യാതൊന്നും ഇന്നിവിടെയില്ല.

    2017 മെയ് 1ന് ഉദ്ഘാടനം ചെയ്ത പള്ളപ്രം നാഷണല്‍ ഹൈവെ മേല്‍പ്പാലം, പ്രവര്‍ത്തനം ആറംഭിച്ച വാണിജ്യ തുറമുഖം, 238 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പൊന്നാനി അഴിമുഖംപടിഞ്ഞാറെക്കര സസ്പെന്‍ഷന്‍ ബ്രിഡ്ജ്, ഇതിനോടനുബന്ധമായി അലൈന്‍മെന്‍റ് നടക്കാന്‍ സാധ്യതയുള്ള തീരദേശവും, പൂക്കൈതക്കടവ് വെളിയംകോട് പാലം, അങ്ങാടി റോഡ് വികസനം, പൈതൃക നഗരവികസന പ്രൊജക്ട്, കര്‍മ്മാറോഡ്, ചമ്രവട്ടം മേല്‍പ്പാലം, കനോലിക്കനാല്‍ കടവനാട് കോളക്കോടന്‍ കടവ് സ്ഥിരം ബ്രിഡ്ജ്, കുറ്റിപ്പുറം ഗുരിവായൂര്‍ റെയില്‍വെ ലൈന്‍, ചമ്രവട്ടം ഹെറിട്ടേജ് പ്രൊജക്ട് തുടങ്ങിയ പദ്ധതികള്‍ നടപ്പിലായാല്‍ വികസനരംഗത്ത് പൊന്നാനി സമൂല പരിവര്‍ത്തനത്തിന് വിധേയമായി പൂര്‍വ്വകാല വ്യാവസായിക പ്രതാപം വീണ്ടെടുക്കാന്‍ സാധ്യമാവുമെന്നാണ് പ്രതീക്ഷ.


റഫറന്‍സ്

1. മാപ്പിള ചരിത്ര ശകലങ്ങള്‍  പ്രൊഫ. കെ.വി. അബ്ദുറഹിമാന്‍

2. കേരള മുസ്ലിം സ്ഥിതിവിവരകണക്ക് വാള്യം ഒന്ന്   ഡോ. സി.കെ. കരീം

3. മഖ്ദൂംമും പൊന്നാനിയും    ഡോ. ഹുസൈന്‍ രണ്ടത്താണി

4. മലബാര്‍ മാനുവല്‍   വില്യം ലോഗന്‍

5. ആര്യഭട്ടന്‍ മലപ്പുറത്തുകാരന്‍ ജൈനമത വിശ്വാസി   കെ. ചന്ദ്രഹരി (മാതൃഭൂമി ആഴ്ചപതിപ്പ് 2007 സെപ്തംബര്‍ 23)

6. പൊന്നാനിയുടെ ചരിത്ര ഭാഷാതലം   ഡോ.എം.ജി.എസ്. നാരായണന്‍ (വൈഖരി പൊന്നാനി ഗവ. എച്ച്.എസ്.എസ്.തൃക്കാവ്)

7. സാമൂതിരി ചരിത്രത്തിലെ കാണാപുറങ്ങള്‍  ഡോ. എന്‍.എം. നമ്പൂതിരി

8. സാമൂതിരി പെരുമ   ഡോ.വി.വി. ഹരിദാസ്