72. പോരാട്ടങ്ങളും സ്വാതന്ത്ര്യസമരവും
ടിവി അബ്ദുറഹിമാന്കുട്ടി
9495095336
പോര്‍ച്ചുഗീസ് ആഗമനം തൊട്ട് ഭാരതം സ്വതന്ത്രമാകുന്നത് വരെ അധിനിവേശവിരുദ്ധ രംഗത്തും അല്ലാതെയും നിരവധി സമര പേരാട്ടങ്ങള്‍ക്ക് കേരളം വേദിയായിട്ടുണ്ട്. ഇതില്‍നിന്നെല്ലാം രൂപത്തിലും ഭാവത്തിലും വിഭിന്നമായതാണ് മലബാറിലെ ഹിന്ദുക്കളും മുസ്ലിംകളും സുദൃഢമായ മതമൈത്രിയോടെ 1921-22 ല്‍ ഒരു വര്‍ഷം നീണ്ടുനിന്ന സമധാന സമര പോരാട്ടങ്ങള്‍. വ്യത്യസ്ത വീക്ഷണങ്ങളിലും വിശ്വാസങ്ങളിലും നിലയുറപ്പിച്ച പണ്ഡിതډാരും ദേശീയ നേതാക്കളും നേതൃത്വം നല്‍കിയ ഇതേ കാലത്ത് നടന്ന പുതുപൊന്നാനി സമ്മേളനം മലബാറില്‍ അന്നുവരെ ദര്‍ശിക്കാത്ത താരപൊലിമയാലും കൂട്ടായ്മയാലും ചരിത്രത്തില്‍ ഇടം നേടിയതാണ്.
1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധത്തില്‍ അക്കാലത്തെ ആഗോള മുസ്ലിംകളുടെ നേതൃസ്ഥാനിയായ തുര്‍ക്കി ഖലീഫ അബ്ദുല്‍ ഹമീദ് ഖാന്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ സഖ്യം പരാജയപ്പെട്ടു.
വിജയിച്ച ബ്രിട്ടീഷ് ഭരണകൂടം യുദ്ധത്തിനു മുമ്പ് മുസ്ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു. തുര്‍ക്കിയിലെ ഖിലാഫത്ത് ഭരണം തകര്‍ച്ചയുടെ വക്കിലെത്തി. തുര്‍ക്കി സുല്‍ത്താന്‍റെ ഖലീഫാ പദവിക്ക് ക്ഷയം സംഭവിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഖലീഫ സ്ഥാനം നാമമാത്രമായി. ഇതില്‍ പ്രതിഷേധിച്ച് ഖലീഫയോട് ആഭിമുഖ്യം പ്രകടിപ്പിച്ച് തുര്‍ക്കിയില്‍ ഖിലാഫത്ത് പ്രസ്ഥാനം നിലവില്‍ വന്നു. അനുഭാവ സൂചകമായി ഇന്ത്യയിലെ മുസ്ലിം നേതാക്കള്‍ 1919 ജനുനരി 26 ന് ലഖ്നോവില്‍ സമ്മേളിച്ച് ഇന്ത്യന്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്‍കി. ഇതിന്‍റെ ഫണ്ട് സ്വരൂപിക്കുന്നതിന് 1920 ല്‍ ആഗസ്റ്റ് 20 ന് ഗാന്ധിജിയും മൗലാന ശൗക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു. ഇത് ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനമായിരുന്നു. ഇന്നത്തെക്കാള്‍ ആനുപാതികമായി ജനസംഖ്യ കുറവായിരുന്ന അക്കാലത്തുപോലും 25,000 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യാത്രമധ്യേ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊന്നാനിക്കാരായ സ്വതാന്ത്ര്യ സമര ഭടډാരും അനുഭാവികളുമടക്കം നൂറുകണക്കിനാളുകള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഗാന്ധിജി വണ്ടിക്ക് അകത്ത് ഇരുന്നും ശൗക്കത്തലി പ്ലാറ്റ്ഫോമിലിറങ്ങിയും അഭിവാദനങ്ങള്‍ സ്വീകരിച്ചു.
മുസ്ലിംകള്‍ക്ക് പ്രതിസന്ധി നേരിട്ടാല്‍ ഹിന്ദുക്കള്‍ സഹായിക്കണമെന്ന് ഗാന്ധിജിയും ഹൈന്ദവര്‍ പ്രശ്നങ്ങളില്‍ അകപ്പെട്ടാല്‍ മുസ്ലിംകള്‍ സഹായിക്കണമെന്ന് ശൗക്കത്തലിയും ഉദ്ബോധിപ്പിച്ചു. ഇരു നേതാക്കളുടെയും ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യസമര രംഗത്ത് ഹിന്ദു മുസ്ലിം ഐക്യം കുടൂതല്‍ സുദൃഢമായി. വിവിധ പ്രദേശങ്ങളില്‍ ഒരേ സമയത്ത് ഒരേ സ്ഥലത്തുവെച്ച് ചേര്‍ന്നിരുന്ന സംയുക്ത യോഗങ്ങളില്‍ ജാതിമത ഭേദമന്യെ നൂറുകണക്കിനാളുകള്‍ സംഗമിച്ചു. കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിച്ച സംയുക്ത പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. അക്കാലത്ത് ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമെ പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടായിരുന്നുള്ളു. ഇരു പാര്‍ട്ടികളും പല വേദികളിലും സഹകരിച്ച് പ്രവര്‍ത്തിച്ചു. രണ്ട് പാര്‍ട്ടികളിലും ഒരേ സമയം ദ്വയാംഗത്വമുള്ളവരുമുണ്ടായിരുന്നു.
1919 മുതല്‍ കോണ്‍ഗ്രസില്‍ ഗാന്ധിയന്‍ യുഗം ആരംഭിച്ചതോടെ പാര്‍ട്ടിയുടെ നയങ്ങളില്‍ കാതലായ ചലനങ്ങളും മാറ്റങ്ങളുമുണ്ടായി. തുടര്‍ന്ന് ജനകീയ രംഗത്ത് നവോേډഷവും ഉണര്‍വ്വും സംജാതമായി. 1921 ഏപ്രില്‍ 23, 24 ന് ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരത്ത് ആന്ധ്ര കേസരി ടി. പ്രകാശിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മലബാറിലെ കോണ്‍ഗ്രസിന്‍റെ പ്രഥമ രാഷ്ട്രീയ സമ്മേളനത്തോടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പൂര്‍വ്വോപരി ആസൂത്രണ മികവ് കൈവന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് 5000 പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം മുസ്ലിം പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ രാഷ്ട്രീയ അരങ്ങേറ്റം ഈ സമ്മേളനത്തിലൂടെയായിരുന്നു. കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവായിരുന്ന കെ. മാധവന്‍ നായര്‍ ആറ് മാസക്കാലം തടവിലായതിനാല്‍ കെ. പി. കേശവമേനോനായിരുന്നു പാര്‍ട്ടിയുടെ ചുമതല.
അദ്ദേഹത്തെ കെ. പി. സി. സി. സെക്രട്ടറിയായും ദേശീയ മുസ്ലിം പണ്ഡിത സ'യായ മജ്ലിസുല്‍ ഉലമയുടെ സെക്രട്ടറിയായി ഇ. മൊയ്തു മൗലവിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് മിക്ക സ്ഥലങ്ങളിലും കോണ്‍ഗ്രസ്-ഖിലാഫത്ത് കമ്മിറ്റികള്‍ സംയുക്തമായി പോരാട്ടങ്ങള്‍ ഊര്‍ജ്ജിതമാക്കി.
തികഞ്ഞ മതമൈത്രിയോടെ ശാന്തമായി മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ മുന്നേറിയ സ്വാതന്ത്ര്യ സമരങ്ങളെ തകര്‍ക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം കുല്‍സിത ശ്രമങ്ങളാരംഭിച്ചു. ഇത്തരം സമ്മേളനങ്ങളും പ്രകടനങ്ങളും തടയാന്‍ കരിനിയമങ്ങള്‍ ഓരോന്നായി പ്രയോഗിച്ചു. ഇവ ലംഘിച്ചതിനെ തുടര്‍ന്ന് പൊന്നാനി കേന്ദ്രമാക്കി പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന സ്വാതന്ത്ര്യസമര യുവനായകരായ കെ. കേളപ്പനും കെ. വി. ബാലകൃഷ്ണമേനോനെയും ഒരു മാസത്തോളം ജയിലില്‍ അടച്ചു. മോചിതരായി പുറത്തുവന്ന ഇവര്‍ക്ക് 1921 ജൂലായ് 24ന് പൊന്നാനി നഗരത്തില്‍ ഗംഭീര സ്വീകരണം നല്‍കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്ന ഉടന്‍ ഇത്തരം സമ്മേളനങ്ങളും പ്രകടനങ്ങളും രണ്ട് മാസത്തേക്ക് സര്‍ക്കാര്‍ നിരോധിക്കുകയും, പകരം ഒരു വിഭാഗം മതപണ്ഡിതډാരുടെ സഹകരണത്തോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതേ ദിവസം മറ്റൊരു സമ്മേളനം പൊന്നാനി പാതാറില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. കെ. പി. കേശവമേനോന്‍, ഇ. മൊയ്തു മൗലവി, പ്രാദേശിക നേതാക്കളായ അദിനയയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍, പഞ്ചിലകത്ത് മുഹമ്മദാജി, എ. പി. അബ്ദുല്‍ അസീസ് ഹാജി, അഡ്വ. കെ. വി രാമമേനോന്‍, മായന്ത്രിയകത്ത് മക്കി ഇമ്പിച്ചി തുടങ്ങിയവര്‍ അടിയന്തിരമായി സംഗമിച്ചു. സ്വാതന്ത്ര്യ സമര നായകന്‍ കട്ടിളശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മാതൃദേശമായ, നിരോധനാജ്ഞ ബാധകമല്ലാത്ത പുതുപൊന്നാനിയില്‍ നിശ്ചിത ദിവസംതന്നെ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. ബ്രിട്ടീഷ് സര്‍ക്കാറിനെ ഏതിര്‍ക്കുന്ന വിഭാഗം ജനപക്ഷമെന്നും അനുകൂലിക്കുന്നവര്‍ രാജപക്ഷമെന്നുമാണ് അറിയപ്പെട്ടിരുന്നത്. ആമ്മു സൂപ്രണ്ട്, ഡെപ്യൂട്ടി കലക്ടര്‍ അമ്മു സാഹിബ്, അംശം അധികാരികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സുശക്തമായ സര്‍ക്കാര്‍ മിഷണറിയാണ് രാജപക്ഷത്തിന്‍റെ നേതൃവാഹകര്‍.
സമ്മേളന വിജയത്തിനായി മലബാറിലെയും കൊച്ചി രാജ്യത്തിലെയും വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഊര്‍ജ്ജിതമായി നടന്നു. സമ്മേളന തലേന്ന് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും മൊയ്തു മൗലവിയും പൊന്നാനിയിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിശകലനം നടത്തി തുടര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളന ദിവസം രാവിലെ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, കൊച്ചി രാജ്യത്തെ മട്ടാഞ്ചേരി, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍നിന്നും സ്വാതന്ത്ര്യ സമര ദാഹികള്‍ പൊന്നാനിയിലേക്ക് നീങ്ങിത്തുടങ്ങി. പൊന്നാനിയുടെ പ്രവേശന കവാടങ്ങളായ ബിയ്യം സെന്‍ററിലും വിവിധ കടവുകളിലും വളണ്ടിയര്‍മാര്‍ അണിനിരന്നു. സമ്മേളനം പരാജയപ്പെടുത്തുവാനുള്ള സര്‍വ്വ അടവുകളും ഭരണപക്ഷവും ആസൂത്രണം ചെയ്തു. ജാഥകളോ പ്രകടനങ്ങളോ സംഘം ചേരലൊ പാടില്ലെന്ന നിരോധനാജ്ഞ അബ്ദുറഹിമാന്‍ സാഹിബ് ഉള്‍പ്പെടെ സംഘാടകരായ ഏഴുപേര്‍ക്ക് പതിച്ച് നല്‍കി. ജാഥയായി വരുന്നവരെ തടയാനും വേണ്ടി വന്നാല്‍ അറസ്റ്റ് ചെയ്യാനും എല്ലാവിധ സന്നാഹങ്ങളോടുംകൂടി നഗരമദ്ധ്യത്തിലെ അങ്ങാടി പാലത്തിനരികെ സുശക്തമായ പോലീസ് സേന ക്യാമ്പ് ചെയ്തു. ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കേണ്ടെന്നും പ്രകോപനങ്ങള്‍ സൃഷ്ടിക്കേണ്ടെന്നും സംഘാടകരും തീരുമാനിച്ചു.
സമ്മേളന ദിവസം രാവിലെ സുബ്ഹി നമസ്കാരാനന്തരം അടക്കവും ചിട്ടയോടെയും ഖിലാഫത്ത് പോരാട്ടങ്ങളുടെ വീരനായകനായ നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയില്‍ നിന്ന് ശാന്തമായി പുറപ്പെട്ട കെ. വി. പുക്കുഞ്ഞിക്കോയ തങ്ങള്‍, കെ. കോയകുട്ടി മൗലവി, കെ. വി. കുഞ്ഞിപോക്കര്‍ ഹാജി, ചീനിമാട്ടില്‍ ലവക്കുട്ടി, ചിറ്റമ്പലം കുഞ്ഞലവി, കൂളിപിലാക്കല്‍ ഹസ്സന്‍ക്കുട്ടി, കോഴിശ്ശേരി മമ്മദ് എന്നിവരുള്‍പ്പടെ മുപ്പതിലധികം അംഗങ്ങളുള്ള ജാഥ 11 മണിയോടെ പൊന്നാനിയിലെത്തി. ജാഥയെ അങ്ങാടിപ്പാലത്തിന് മുകളില്‍വെച്ച് പോലീസ് തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇരുസംഘവും തമ്മിലുണ്ടായ ഉരസലില്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തെയ്യന്‍ നായരുടെ തൊപ്പി കനോലി കനാലിലേക്ക് തെറിച്ച് വീണു. പ്രദേശമാകെ സംഘര്‍ഷമുഖരിതമായി. കച്ചവടക്കാര്‍ കടകള്‍ നിരപ്പലകകളിട്ടു അടച്ചുപൂട്ടി. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെയും മറ്റു നേതാക്കളുടെ അവസരോചിത ഇടപെടല്‍ ഹേതുവായി സമാധാനാന്തരീക്ഷം പുനഃ സ്ഥാപിച്ചു. പോലീസ് സേനയെ അധികാരികള്‍ പിന്‍വലിച്ചു. അബ്ദുറഹിമാന്‍ സാഹിബ് ആലി മുസ്ലിയാരെ കൈപിടിച്ച് ഖിലാഫത്ത്
കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി സാന്ത്വനിപ്പിച്ചു. തുടര്‍ന്ന് മുസ്ലിയാരും സംഘവും ശാന്തമായി സമ്മേളന സ്ഥലത്തേക്ക് നീങ്ങി. ആലി മുസ്ലിയാര്‍ കട്ടിളശ്ശേരി മുഹമ്മദ് മുസ്ലിയാരുടെ മാതൃഭവനത്തില്‍ വിശ്രമിച്ചു. ഉടന്‍ വ്യാപിക്കാന്‍ സാധ്യത ഉണ്ടായിരുന്ന വലിയൊരു കലാപവും രക്തച്ചൊരിച്ചിലും തല്‍സമയം ഇല്ലാതായെങ്കിലും പിന്നീട് ഉണ്ടായ മലബാര്‍ കലാപത്തില്‍ പോലീസിന്‍റെ പ്രതികാരം രൂക്ഷമാവാന്‍ ഈ സംഭവവും ഒരു കാരണമായി.
എന്‍. എച്ച്. 17 ല്‍ പുതുപൊന്നാനി നാലാം കല്ല് ബസ്സ്റ്റോപ്പ് മുതല്‍ കടപ്പുറംവരെ വിശാലമായ മൈതാനമായിരുന്നു സമ്മേളന വേദി. ഇന്നിവിടം ജന നിബിഡമാണെങ്കിലും അന്ന് വിജനവും വിശാലവുമായിരുന്നു. വെല്ലൂര്‍ ലത്വീഫീയ അറബി കോളേജ് പ്രിന്‍സിപ്പാള്‍ (സദര്‍ മുദരിസ്) മൗലവി അബ്ദുല്‍ അസീസ് സാഹിബായിരുന്നു അധ്യക്ഷന്‍. മൊയ്തു മൗലവിയുടെ സ്വാഗത പ്രഭാഷണത്തിനു ശേഷം പ്രഗത്ഭ നേതാക്കള്‍ ഒരോന്നായി സദസ്സിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് മുഖ്യ പ്രാസംഗികനായിരുന്ന മുഹമ്മദ് അബുദ്റഹിമാന്‍ സാഹിബിന്‍റെ ഊഴമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുനടന്ന കറാച്ചി കോണ്‍ഫ്രന്‍സ് തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഖിലാഫത്ത്, സ്വരാജ്, നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ പൂര്‍വ്വോപരി ശക്തിപ്പെടുത്താന്‍ ആഹ്വാനം നല്‍കി അവതരിപ്പിച്ച പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു. നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍, പിന്നീട് സമസ്തയുടെ പ്രസിഡന്‍റായ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാര്‍, അവറാന്‍ കുട്ടി മൗലവി, കളത്തില്‍ മുഹമ്മദ് കുട്ടി മൗലവി, കുഞ്ഞ് അഹമ്മദ് കുട്ടി മൗലവി, എ. എം. ബാവക്കുട്ടി മൗലവി, കെ. എം. മൗലവി, അണ്ടത്തോട് ഉപ്പുങ്ങല്‍ കുഞ്ഞിഅഹമ്മദ് മുസ്ലിയാര്‍, കൂട്ടായി പാലക്കാവളപ്പില്‍ ബാവ മുസ്ലിയാര്‍, താനൂര്‍ ആമിനുമ്മാന്‍റകത്ത് പരീക്കുട്ടി മുസ്ലിയാര്‍, പൊന്നാനി പുത്തന്‍ വീട്ടില്‍ കുഞ്ഞിഅഹമ്മദ് മുസ്ലിയാര്‍, കോടഞ്ചേരി അല്ലിപറമ്പില്‍ കോയ ഹസ്സന്‍ മുസ്ലിയാര്‍, എം. സി. സി. അബ്ദുറഹിമാന്‍ മൗലവി, വെളിയംകോട് ഖാസി കാക്കത്തറയില്‍ ബാവ മുസ്ലിയാര്‍, പാടൂര്‍ അയിറ്റാണ്ടില്‍ പൂക്കോയ തങ്ങള്‍, പാടൂര്‍ സയ്യിദ് മുഹമ്മദ് മൊയ്തുട്ടി മുസ്ലിയാര്‍, കോക്കൂര്‍ ആയിക്കുന്നത്ത് മൊയ്തുണ്ണി മുസ്ലിയാര്‍ തുടങ്ങി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പ്രഗത്ഭരായ പണ്ഡിതډാരുടെയും ദേശീയ നേതാക്കളായ എ. ഗോപാലമേനോന്‍, കെ. വി. കുഞ്ഞുണ്ണി മേനോന്‍, എ. എം. ഗോവിന്ദ കുറുപ്പ് തുടങ്ങിയവരുടെയും സജീവ സാന്നിദ്ധ്യം സമ്മേളനത്തിന്‍റെ ഗാംഭീര്യവും വര്‍ണ്ണപ്പൊലിമയും വര്‍ദ്ധിപ്പിച്ചു. ബ്രിട്ടീഷുകാരുടെ കരാള ഹസ്തങ്ങള്‍ക്ക് നടുവില്‍ നാടെങ്ങും ഭരണഭീകരത നടമാടിയിരുന്ന സമയത്ത് പ്രതിസന്ധികള്‍ അതിജീവിച്ച് നൂറില്‍ പരം പ്രഗത്ഭ മുസ്ലിം പണ്ഡിതډാരും ദേശീയ നേതാക്കളും നേതൃത്വം നല്‍കിയ; നിരവധി സ്വാതന്ത്ര ഭടډാര്‍ സജീവ സാന്നിദ്ധ്യമറിയിച്ച മതേതരത്വത്തില്‍ അധിഷ്ടിതമായ ജനപങ്കാളിത്തത്താല്‍ സമ്പന്നമായ കൊളോനിയന്‍ വാഴ്ചക്കെതിരെയുള്ള ഒരു പണ്ഡിത മഹാസംഗമം ഇതിന് മുമ്പോ പിമ്പോ കേരളക്കരയില്‍ മറ്റെവിടെയും നടന്നിട്ടില്ല.
അപൂര്‍വ്വ സംഗമത്തിന് വേദിയൊരുക്കിയ ഈ സമ്മേളനം മലബാറിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണ്ണായകമായിരുന്നു. അന്നേ ദിവസം പാതാറില്‍ സംഘടിപ്പിച്ച രാജപക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നവരില്‍ പലരും രഹസ്യമായി പുതുപൊന്നാനി സമ്മേളനത്തിനെത്തി ആവേശം പകര്‍ന്നു. ഗാന്ധിജിയുടെ സന്ദര്‍ശനത്തോടെ കൃത്യം ഒരു വര്‍ഷം നിലനിന്ന മലബാറിലെ ഹിന്ദു-മുസ്ലിം സുദൃഢ മതമൈത്രിക്ക് മങ്ങലേറ്റത് ഈ സമ്മേളനത്തിന് മൂന്നാഴ്ച കഴിഞ്ഞ് ആഗസ്റ്റ് 20ന് പൊട്ടിപുറപ്പെട്ട മലബാര്‍ കലാപത്തോടെയാണ്. കലാപത്തില്‍ തെക്കെ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ വിനാശങ്ങള്‍ വിതറിയപ്പോള്‍ ഇവിടെയെത്തിയ മുന്നൂറിലധികം ലഹളക്കാരെ സാന്ത്വന വാക്കുകള്‍ പറഞ്ഞ് നല്ല ഭക്ഷണവും നല്‍കി ജുമാമസ്ജിദ് റോഡിലെ വെട്ടം പോക്കിരിയകം തറവാട്ടില്‍ അന്തിയുറക്കി. ഖിലാഫത്ത് ഫണ്ടിലേക്ക് വലിയ തുക സംഭാവന നല്‍കി ദേശത്തിന് യാതൊരു പോറലും ഏല്‍ക്കാതെ മടക്കി അയച്ച അന്നത്തെ ജനനേതാക്കളായ കെ കേളപ്പന്‍, അദിനയില്‍ പടിഞ്ഞാറകത്ത് ഇമ്പിച്ചിക്കോയ തങ്ങള്‍, അഡ്വ: കെ. വി രാമമേനോന്‍ തുടങ്ങിയവരുടെ നയചാതുര്യം പ്രശംസനീയമാണ്.
ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് 1815-16 കളില്‍ ബ്രിട്ടീഷ് ദര്‍ബാറില്‍ നികുതി നിഷേധ ഗര്‍ജ്ജ്നം നടത്തിയ നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രഥമ ഗുരു വെളിയംകോട് ഉമര്‍ഖാസി, മലബാറിലെ ആദ്യത്തെ സ്വാതന്ത്ര്യസമര രക്തസാക്ഷി കെ.വി ബാലകൃഷ്ണമേനോന്‍, സ്വാതന്ത്ര്യ സമരപോരാട്ടത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റ് മാറാരോഗം ബാധിച്ച് അകാല ചരമമടഞ്ഞ പറയരിക്കല്‍ കൃഷ്ണപ്പണിക്കര്‍, സി. ചോയുണ്ണി, അഡ്വ: കെ. വി. ഗോപാലമേനോന്‍, ഇ. കെ. ഇമ്പിച്ചിബാവ, ശങ്കുണ്ണിനായര്‍, ഉക്കണ്ടത്ത് ഗോവിന്ദന്‍, സി ഗോവിന്ദന്‍, സി. എന്‍. മൊയ്തുണ്ണി, പുത്തന്‍വീട്ടില്‍ കുഞ്ഞിമുഹമ്മദാജി, പി. പി. മുഹമ്മദാലി, ഹരിഹരമംഗലം കുട്ടികൃഷ്ണവാരിയര്‍, കുഞ്ഞികുട്ടവാരിയര്‍, എ. പി. എം. കുഞ്ഞിബാവ, ടി. കെ. ത്രേസ്യടീച്ചര്‍, കെ. ഗോപാലകുറുപ്പ്, കാളിയാരകത്ത് കാദര്‍, വി രാഘവന്‍ നമ്പ്യാര്‍(പൊന്നാനി), എ. വി. ഗോപാലമേനോന്‍, ബാലകൃഷ്ണമേനോന്‍, സുശീലാമ്മ(ആനക്കര), സി. പി. കൃഷ്ണന്‍നായര്‍, ഇ. യു. ജി. മേനോന്‍, മാധവന്‍ എഴുത്തച്ഛന്‍(എടപ്പാള്‍), എന്‍. പി. ദാമോദരന്‍(തവനൂര്‍), സാധു ടി അബ്ദുല്ലകുട്ടി, എം. റഷീദ്, കെ. എന്‍. ഇളയത്ത്(വെളിയംക്കോട്), രവിവര്‍മ്മരാജ(അയിരൂര്‍-പാലപ്പെട്ടി), എ. കുഞ്ഞാലികുട്ടി(പുന്നയൂര്‍), എ. മുഹമ്മദ്(അണ്ടത്തോട്), വി. കെ. മുഹമ്മദ്(വടക്കേക്കാട്), അച്ചുതകുറുപ്പ്(പനമ്പാട്) തുടങ്ങിയവരും മഖ്ദൂം ഭവനമായ പഴയകം, തൃക്കാവിലെ കാരംകുന്നത്ത് നാലുകെട്ട്, അഴീക്കല്‍ പ്രദേശത്തെ ഏഴുകുടിക്കല്‍ തറവാടുകളും വൈദേശിക വിരുദ്ധ പോരാട്ട ചരിത്രത്തിന്‍റെ ഭാഗമാണ്.
തൊഴിലാളി സമരങ്ങള്‍
പുന്നപ്ര, വയലാര്‍ പോരാട്ടത്തിന് ഏഴു വര്‍ഷം മുമ്പ് 1939 ല്‍ നടന്ന മലബാറിലെ ആദ്യത്തെ സംഘടിത ബീഡി തൊഴിലാളി സമരം ഈ ദേശചരിത്രത്തിലെ ശ്രദ്ധേയമായ ഒരദ്ധ്യായമാണ്. ആയിരം ബീഡി തെറുക്കുന്നതിന് കൂലിയായി അഞ്ചരഅണ(33 പൈസ)നല്‍കിയിരുന്നത് ഒരു കമ്പനി ഉടമ കുറച്ചതിനെത്തുടര്‍ന്ന് തിരൂര്‍ പൊറൂര്‍ സ്വദേശി കമ്മ്യൂണിസ്റ്റ് നേതാവ് കെ ദാമോദരന്‍റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സമരത്തില്‍ പ്രേംജി, ഇ. കെ. ഇമ്പിച്ചി ബാവ, കെ.വി.നൂറുദ്ദീന്‍ തുടങ്ങിയവര്‍ നിറസാന്നിദ്ധ്യമായിരുന്നു. രാത്രിയില്‍ പോലും ബുര്‍ഖയിട്ട് കുടപിടിച്ച് നടന്നിരുന്ന ഇവിടത്തെ മുസ്ലിം സ്ത്രീകളില്‍ ചിലര്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് ജാഥ നയിച്ചതും അല്ലാഹു അക്ബറും ഇങ്ക്വിലാബ് സിന്ദാബാദും കേരളത്തില്‍ ആദ്യമായി ഒന്നിച്ച് മുഴങ്ങിക്കേട്ടതും ഈ സമരത്തിലാണ്.
സമരം പ്രത്യക്ഷത്തില്‍ പരാജയപ്പെട്ടെങ്കിലും മലബാറില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാന്‍ അവസരം ഒരുക്കി. അക്കാലത്ത് മലബാറിലെ പ്രധാന ബീഡി വ്യവസായ കേന്ദ്രമായിരുന്ന ഇവിടെ സ്ത്രീപുരുഷ ഭേദമന്യേ നൂറുകണക്കിനാളുകള്‍ കടകളിലും വീടുകളിലും ഈ തൊഴില്‍ ചെയ്തു ജീവിച്ചു. പുകയില എത്തിയിരുന്നത് ഗുജാറത്ത്-ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നായിരുന്നു.
കനോലി കനാലിലൂടെ കെട്ടുവള്ളങ്ങളില്‍ ചേറ്റുവായിലേക്ക് കൊണ്ട് പോയി അവിടെനിന്നും ശ്രീലങ്കയിലേക്കായിരുന്നു ബീഡികള്‍ അധികവും കയറ്റി അയച്ചിരുന്നത്. ശ്രീലങ്കയില്‍ ബീഡിക്ക് നല്ല മാര്‍ക്കറ്റായിരുന്നു. സി. കണ്ണന്‍, കെ. കെ. അബു, എ.പി.എം കുഞ്ഞിബാവ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ബീഡി തൊഴിലാളി സമരങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനിന്നെങ്കിലും നിരാശയായിരുന്നു അന്തിമഫലം. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഇ.കെ. അബൂബക്കര്‍ തുടങ്ങിയ തൊഴിലാളി നേതാക്കളുടെ സംഘവും നയിച്ച തുറമുഖ വഞ്ചിത്തൊഴിലാളി സമരവും ചരിത്രത്തില്‍ ഇടം നേടി.