പ്രഥമ ഖുര്‍ആന്‍ പരിഭാഷകന്‍



67. പ്രഥമ ഖുര്‍ആന്‍ പരിഭാഷകന്‍



ടി.വി. അബ്ദുറഹിമാന്‍കുട്ടി

9495095336


രാജാധികാരമുണ്ടായിരുന്നില്ലെങ്കിലും കേരളത്തിലൊരുകാലത്ത് സാമ്പത്തികവും വ്യവസായികവും സാംസ്കാരികവുമായി മികച്ചുനിന്ന മുസ്ലിം സമ്പന്നരായിരുന്നു തലശ്ശേരിയിലെ കേയി കുടുംബം. കണ്ണൂരിനടുത്ത് ചൊവ്വയിലായിരുന്നു ഈ വംശത്തിന്‍റെ തുടക്കം. കേയി എന്നാല്‍ കപ്പല്‍ മുതലാളി എന്നര്‍ത്ഥം. ആലിപ്പികേയി, മൂസക്കേയി, മായിന്‍കുട്ടിക്കേയി(എളയ) തുടങ്ങിയവരാണ് പ്രമുഖര്‍. വ്യാപാര ശ്യംഖലയുടെ തുടക്കക്കാരന്‍ ആലിപ്പിക്കേയിയായിരുന്നു. 1750 കളില്‍ ആരംഭിച്ച വ്യാപാരം അദ്ദേഹം ചൊവ്വയില്‍നിന്ന് കടല്‍ മാര്‍ഗം ജലഗതാഗതത്തിന് സൗകര്യമുള്ള തലശ്ശേരിയിലേക്ക് പറിച്ചുനട്ടു. ആലിപ്പിക്കേയിയുടെ വിയോഗത്തിനുശേഷം സഹോദരിയുടെ മകന്‍ മൂസക്കേയി ആണ് വ്യാപാരം വളര്‍ത്തി വലുതാക്കിയത്. കച്ചവടതാല്‍പര്യത്തോടെ ക്രമാനുഗതമായി വ്യാപാരം വികസിപ്പിച്ചിരുന്നുവെങ്കില്‍ ഈ കുടുംബത്തിന്‍റെ വ്യവസായിക ആസ്തി ഇന്ന് ഒരു പക്ഷെ ഇന്ത്യയിലെ മുന്‍നിര സമ്പന്നരോടൊപ്പം എത്തുമായിരിക്കാം.

ഈ കുടുംബത്തിലെ ത്രിതീയ കാരണവും പണ്ഡിത ശ്രേഷ്ഠനുമായ മായിന്‍കുട്ടിക്കേയി, അബ്ദുള്‍കാദര്‍ കേയിയുടെ മകനായി ജനിച്ചു. തലശ്ശേരിയിലെ ഖാസി മുഹമ്മദ്, അഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരില്‍നിന്ന് മതവിജ്ഞാനം നേടി. വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടിയ പണ്ഡിതരെ വീട്ടിലേക്ക് ക്ഷണിച്ച് അവിടെവെച്ചാണ് മായിന്‍കുട്ടി വിദ്യനേടിയത്. അക്കൂട്ടത്തില്‍ ഉര്‍ദു, പേര്‍ഷ്യന്‍  മുന്‍ഷിമാരും ഉള്‍പ്പെടും. വെട്ടത്ത് നാട് രാജാക്കന്മാരുടെ അംഗരക്ഷകരും പ്രമുഖ ആയുര്‍വേദ ചികിത്സാവിദഗ്ധരുമായ തിരുന്നാവായ ചങ്ങമ്പുഴ അലവിക്കുട്ടി കുരിക്കളുടെ ശിഷ്യരായിരുന്ന മായിന്‍ അലി, മീര്‍അലി, ശേര്‍അലി തുടങ്ങിയ അഭ്യാസികളില്‍നിന്ന് കളരിപ്പയറ്റും ഗുസ്തിയും ഇതര ആയോധന കലകളും അഭ്യസിച്ചു. തലശേരി സ്വദേശി കവി വീരാന്‍കുട്ടി പുലവരാണ് മാപ്പിളപ്പാട്ടിന്‍റെ രചന അഭ്യസിപ്പിച്ചത്. വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം ചെറുപ്പത്തില്‍തന്നെ മാപ്പിളപ്പാട്ടുകള്‍ രചിച്ച് തുടങ്ങി. മുഹ്യ്ദീനുബ്നു അബ്ദില്‍ഖാദിര്‍ എന്ന തൂലികയോടുകൂടിയാണ് രചനകള്‍ നടത്തിയത്.

    കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശവും തുടക്കം മുല്‍ മുസ്ലിം വൈജ്ഞാനിക-സാംസ്കാരിക മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പ്രത്യേകം ഔല്‍സുഖ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന കണ്ണൂരിലെ അറക്കല്‍ സ്വരൂപത്തില്‍നിന്നാണ് വിവാഹം ചെയ്തത്. തുടര്‍ന്ന് മായിന്‍കുട്ടി എളയാ എന്ന പേരില്‍ അറിയപ്പെട്ടു. അക്കാലത്ത് അറക്കല്‍ രാജവംശം മലബാറിലെ ഇതര കുടുംബത്തില്‍നിന്ന് വിവാഹം ചെയ്തിരുന്ന ഒരേയൊരു തറവാടായിരുന്നു കേയി കുടുംബം. 

        തനിക്ക് പാരമ്പര്യമായി ലഭിച്ച കനത്ത സമ്പത്തിന്‍റെ വലിയൊരു ഭാഗവും പുരുഷായുസ്സും വിജ്ഞാന പ്രസരണത്തിനും അഗതി സംരക്ഷണത്തിനും വിനിയോഗിച്ച മായിന്‍കുട്ടി എളയാ പലയിടത്തും മസ്ജിദുകള്‍, വഴിയമ്പലങ്ങള്‍, വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും കിണറുകള്‍ കുഴിക്കുകയും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.

    കേരളത്തില്‍ മലയാളത്തിലും അറബി മലയാളത്തിലും ഭാഗികമായും പൂര്‍ണ്ണമായും ധാരാളം പരിഭാഷകള്‍ മലയാള ഭാഷയില്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നര നൂറ്റാണ്ട് മുമ്പ് ഇങ്ങനെയൊരു ആശയം കഠിനമായ എതിര്‍പ്പുകളെ മറികടന്ന് പ്രാവര്‍ത്തികമാക്കിയ പരിഷ്കര്‍ത്താവാണ് മായിന്‍കുട്ടി എളയ.

        തന്‍റെ പ്രസിദ്ധമായ ഖുര്‍ആന്‍ വിവര്‍ത്തനം തര്‍ജമതുതഫ്സീറുല്‍ ഖുര്‍ആന്‍ മൊഴിമാറ്റം ആരംഭിച്ചത് ക്രി.വ. 1856(ഹി. 1272)ലാണ്. അച്ചടികോപ്പി തയ്യാറാക്കാന്‍ ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങള്‍ വേണ്ടിവന്നു. തുടര്‍ന്ന് അറക്കല്‍ കൊട്ടാരത്തില്‍ എഴുത്തുകാരെ ശമ്പളം കൊടുത്ത് താമസിപ്പിച്ച് നൂറുകണക്കിന് കോപ്പികള്‍ എഴുതിപ്പിച്ച് കേരളത്തിലെ പ്രമുഖ മുസ്ലിം തറവാടുകളിലേക്ക് എത്തിച്ചുകൊടുത്തു. ഗ്രന്ഥത്തിനെതിരെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മുസ്ലിംകളില്‍ ഒരു വിഭാഗം ഇതിന്‍റെ കോപ്പികള്‍ അറബിക്കടലില്‍ കെട്ടിത്താഴ്ത്തിയത്രെ.

    തലശ്ശേരി, കണ്ണൂര്‍ വളപ്പട്ടണം, കാസര്‍ക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ഒരുപറ്റം യുവാക്കള്‍ ഈ ഗ്രന്ഥം അച്ചടിക്കാന്‍ അദ്ദേഹത്തെ ശക്തമായി പ്രേരിപ്പിച്ചിരുന്നു. ഈ ആവശ്യാര്‍ത്ഥം ക്രി.വ. 1869 (ഹി. 1286)ല്‍ അദ്ദേഹം കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിനടുത്ത് ഒരു ലിത്തോപ്രസ്സ് സ്ഥാപിച്ച് ക്രി.വ. 1872 (ഹിജ്റ. 1289)ല്‍ ഒന്നാംഭാഗം അച്ചടിച്ചു. ക്രി.വ. 1877 (ഹി. 1294)ല്‍ അവസാനത്തെ ആറാം വാള്യം വരെ പുറത്ത് വന്നു. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിക്കടുത്ത നെട്ടൂര്‍ ഇല്ലിക്കുന്നില്‍ സ്ഥാപിച്ച ബാസര്‍ മിഷന്‍ പ്രസ്സില്‍നിന്ന് അച്ചടി വിദ്യ അഭ്യസിച്ച പ്രഥമ മുസ്ലിം തിപ്പുത്തില്‍ കുഞ്ഞിമുഹമ്മദിന്‍റെ തലശേരിയിലെ പ്രസ്സില്‍നിന്നാണ് ക്രി.വ. 1874 (ഹി.1291)ല്‍ ഖുര്‍ആന്‍ ഭാഷ്യത്തിന്‍റെ ആദ്യഭാഗങ്ങളുടെ രണ്ടാം പതിപ്പ് മുദ്രണം ചെയ്തത്.   

    പ്രഥമകൃതിയായ ആഖിബത്മാലയില്‍ അന്ത്യനാളിന്‍റെ അടയാളങ്ങളും പുനര്‍ജډത്തെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. കൃതി ക്രി.വ. 1839 (ഹി. 1255)ലാണ് പൂര്‍ത്തീകരിച്ച കൃതി ക്രി.വ. 1884 (ഹി.1301)ല്‍ തലശ്ശേരി അരയാലിപ്പുറത്ത് കുഞ്ഞഹമ്മദ് പ്രസിദ്ധീകരിച്ചു.

        ശാഫി മദ്ഹബനുസരിച്ച്, ഭക്ഷിക്കുന്നത് അനുവദനീയവും നിഷിദ്ധവുമായ ജീവികളെ കുറിച്ചുള്ള വിവരണമാണ് ദബീഹ്മാല. ക്രി.വ. 1873(ഹ.1290)ലാണ് ഈ കൃതി തലശ്ശേരി നീരാറ്റിപീടിക കുഞ്ഞഹമ്മദ് മുദ്രണം ചെയ്തത്.

    നിരന്തരവും തീവ്രവുമായ ശ്രമങ്ങള്‍ക്ക് ശേഷമാണ് ഖിസ്സത്ത് സുലൈമാനുബ്നുദാവൂദ് എന്ന ചരിത്രമഹാകാവ്യം രചിച്ചത്. രചനക്ക് അന്തിമ രൂപം നല്‍കിയത് ക്രി.വ. 1852 (ഹി.1268)ലാണ്.

    പാരത്രിക ജീവിതത്തിലെ സൗഭാഗ്യ ദൗര്‍ഭാഗ്യങ്ങളെ കുറിച്ചുള്ള വിവരമാണ് ലിഖാമാല. ഖുര്‍ആനിലെ ചരിത്ര സംഭവങ്ങളും അര്‍ത്ഥവും വിശദീകരണവും ഗ്രഹിക്കാനുള്ള ഉല്‍ബോധനം കാവ്യരൂപത്തില്‍ രചിച്ചതാണ് തശറുഖുല്‍ ഖുര്‍ആന്‍ എന്ന ഖണ്ഡകാവ്യം. ഖുര്‍ആനൊരു പരിഭാഷ അനിവാര്യമാണെന്ന് കൃതി മുഖേന ജനഹൃദയങ്ങളില്‍ ആശയം ദൃഢീകരിപ്പിച്ചു.

    ഇതര സമുദായം അദ്ദേഹത്തിന് മികച്ച അഗീകാരവും ആദരവും നല്‍കിയിരുന്നു. അവര്‍ക്കിടയില്‍ അദ്ദേഹം ഇസ്ലാമിക പ്രബോധനം നടത്തിയിരുന്നു. കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളിയില്‍വെച്ച് റംസാനില്‍ അദ്ദേഹം നടത്തിയിരുന്ന പ്രഭാഷണങ്ങളില്‍ നൂറുകണക്കിന് ഭക്തര്‍ സംബന്ധിച്ചു.

    ലോക മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും ആദ്യകാലംമുതല്‍ മക്കത്തായ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ കാസര്‍ക്കോട് താലൂക്ക്, വടക്കെ മലബാറിലെ കണ്ണൂര്‍, തലശ്ശേരി, വടകര, നാദാപുരം, കുറ്റ്യാടി, കുറുമ്പ്രനാട് താലൂക്ക്(കോഴിക്കോട് ജില്ല), പരപ്പനങ്ങാടി, പറവണ്ണ, കൂട്ടായി, തിരുവിതാംകൂറിലെ ചിറയംകീഴ് താലൂക്ക്, പറവൂര്‍, ഇടവ, ഒടേറ്റില്‍ തുടങ്ങിയ പ്രദേശങ്ങളിലും പരിസരങ്ങളിലും ഭാഗീകമായും പൂര്‍ണ്ണമായും മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു മരുമക്കത്തായം(മാതൃദായക്രമം). തെക്കന്‍ കര്‍ണ്ണാടകത്തിലെ അളിയ സന്താന രീതികളോട് പൂര്‍ണ്ണമായും സാദൃശ്യമുണ്ടായിരുന്ന  ഈ സമ്പ്രദായം കേരളത്തിലെ മുസ്ലിംകളില്‍ തീരദേശ നിവാസികളായിരുന്നു കൂടുതല്‍ ആചരിച്ചു വന്നിരുന്നത്. ആദിമ സമൂഹങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും പിന്തുടര്‍ച്ചയായാണ്  പുരാതന കാലംമുതല്‍ കേരളത്തില്‍ ഈ സമ്പ്രദായം നിലവില്‍വരാന്‍ ഹേതുവായത്.

        കോഴിക്കോടും പൊന്നാനിയിലും മറ്റു ചില പ്രദേശങ്ങളിലും മുസ്ലിംകളില്‍ ഈ സമ്പ്രദായം ഭാഗികമായേ നിലനിന്നിരുന്നുള്ളൂ. ഭാര്യവീട്ടില്‍ അന്തിയുറങ്ങല്‍, സന്താനങ്ങള്‍ക്ക് പിതാവിന്‍റെ തറവാട് പേരിന് പകരം മാതാവിന്‍റെ തറവാട് പേര് ചേര്‍ക്കല്‍, വിവാഹ വേളകള്‍, റംസാന്‍ നോമ്പ് മാമൂലുകള്‍, വിശേഷാല്‍ ദിന ആചാരങ്ങള്‍ തുടങ്ങിയവകളില്‍  മരുമക്കത്തായ രീതിയാണ് തുടര്‍ന്നുവന്നത്. സ്വത്തിന്‍റെ ദായക്രമം ഇസ്ലാമിക ശരിഅത്ത് അനുസരിച്ച് തന്നെയായിരുന്നു.

    അറക്കല്‍ സ്വരൂപത്തിലെ ഇരുപത്തിമൂന്നാം ഭരണാധികാരി മറിയംബീവിആദിരാജയുടെ ജാമാതാവായിരുന്ന മായിന്‍കുട്ടി എളയാ ഈ സമ്പ്രദായത്തെ അതിരൂക്ഷമായി വിമര്‍ശിച്ചു. തന്മൂലം അദ്ദേഹത്തിന് സ്വകുടുംബത്തില്‍ നിന്മ്പോലും ശക്തമായ എതിര്‍പ്പ് തരണം ചെയ്യേണ്ടിവന്നു.ഈ സ്വരൂപത്തിലെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാരും പുരുഷന്മാര്‍ കല്യാണം കഴിക്കുന്ന സ്ത്രീകളും കൊട്ടാരത്തില്‍ തന്നെ താമസിക്കണം. പുതിയമാപ്പിളമാരും അംഗങ്ങളും പ്രതിഫലം പറഅറുന്ന യാതൊരു ജോലിയും ചെയ്യാന്‍ പാടില്ല. അാസത്തിലെ ആദ്യ ദിവസം കൊട്ടാരത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുള്ള ജീവിതച്ചെലവ് ഭണ്ഡാരത്തില്‍നിന്ന് കാര്യസ്ഥډാര്‍ മുഖേന ലഭിക്കും. ഇതായിരുന്നു കീഴ്വഴക്കം

    ക്രി.വ. 1875 (ഹി.1292)ല്‍ സഹധര്‍മ്മിണി സഹിതം ഹജ്ജ് യാത്ര നടത്തി. അക്കാലത്ത് മക്കത്ത് മലയാളി ഹാജിമാര്‍ക്ക് വേണ്ടത്ര താമസ ലഭ്യമായിരുന്നില്ല. അദ്ദേഹം കഅ്ബാലയത്തിന് സമീപം ഹാജിമാര്‍ക്കായി കേയി റുബാത്ത് എന്നൊരു ഹോസ്റ്റല്‍ പണിതു. കഅ്ബാ വിപുലീകരണ വേളയില്‍ പൊളിച്ച് നീക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ പ്രസ്തുത കെട്ടിടം സര്‍ക്കാര്‍ എറ്റെടുത്തു. സര്‍ക്കാരില്‍നിന്ന് പ്രതിഫലമായി ലഭിച്ച പതിനാല് ലക്ഷം സഊദി റിയാല്‍ സഊദി ഗവര്‍ണ്‍മെന്‍റ് ഖജനാവില്‍ സൂക്ഷിച്ചു. അതിന്‍റെ മൂല്യം 2013ല്‍  അയ്യായിരം കോടി ഇന്ത്യന്‍ രൂപ വരുമെന്നാണ് ഔദ്യോഗിക കണക്ക്.  

    അദ്ദേഹത്തിന്‍റെ തര്‍ജുമതുതഫ്സീറുല്‍ ഖുര്‍ആന്‍ എന്ന കൃതിക്ക് പുറമെ ആഖിബത്ത് മാല, ദബീഹ് മാല, ഖിസ്സത്ത്സുലൈമാനുബ്നുദാവൂദ് (മഹാകാവ്യം), തശറുഖുല്‍ ഖുര്‍ആന്‍ തുടങ്ങിയവയും മുദ്രണം ചെയ്തിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പാര്‍സീ ഭാഷയിലുള്ള ശുഅ്ബുല്‍ ഈമാന്‍ എന്ന കൃതി അറബി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ടെങ്കിലും പ്രസിദ്ധീകരിച്ചതായി രേഖകളില്ല.

        മികച്ച വായനക്കാരനായിരുന്ന അദ്ദേഹം നിരന്തരം കൃതികള്‍ വായിച്ച ശേഷം പരിശോധിച്ച് കുറിപ്പുകളും തിരുത്തലുകളും എഴുതുക പതിവായിരുന്നു. അറക്കല്‍ ഗ്രന്ഥപുരയില്‍ ആദ്യകാലത്ത് ഇവയെല്ലാം സൂക്ഷിച്ചിരുന്നു. മലബാര്‍ മുസ്ലിംകള്‍ക്ക് ദീനി കൃതികള്‍ മൊഴിമാറ്റം നടത്തി ദിശാബോധം നല്‍കിയ ഈ മഹാജ്ഞാനി ക്രി.വ. 1886 (ഹി.1303)ല്‍ അന്തരിച്ചു.