ഹമദാനി ശൈഖും വൈജ്ഞാനിക നവോത്ഥാനവും





65. ഹമദാനി ശൈഖും
വൈജ്ഞാനിക നവോത്ഥാനവും



ടി.വി. അഹ്ദുറഹിമാന്‍കുട്ടി

9495095336


സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങളെ തുടര്‍ന്ന് മുസ്ലിം നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച വക്കം അബ്ദുല്‍ കാദര്‍ മൗലവിയോടൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ച പരിഷ്കര്‍ത്താവാണ് ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍. ആലപ്പുഴ ജില്ലയിലെ അരൂകുറ്റിക്ക് സമീപം വടുതലയില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. അക്കാലത്ത് വടുതല മുസ്ലിം പണ്ഡിതډാരുടെ ആവാസകേന്ദ്രമായിരുന്നു. പ്രാഥമിക പഠനം സ്വദേശത്ത് നിന്ന് നേടിയശേഷം കൊടുങ്ങല്ലൂര്‍ പള്ളി ദര്‍സ്സില്‍ പഠിച്ചു. തുടര്‍ന്ന് വെല്ലൂര്‍ ലത്വീഫീയ കോളേജില്‍ ഉപരിപഠനം നടത്തിയിരുന്ന അവസരത്തില്‍ മലയാളം, തമിഴ്, അറബി, ഉറുദു, പാഴ്സി ബഹുഭാഷകളില്‍ പാണ്ഡിത്യം നേടുകയും. ഈ ഭാഷകള്‍ അനായസേന കൈകാര്യം ചെയ്യാനുള്ള വ്യുല്‍പത്തി നേടുകയും ചെയ്തു. 

പഠനാനന്തരം വെല്ലൂരില്‍ നിന്നും മടങ്ങിയെത്തിയ അദ്ദേഹം ഇറാനിലെ ശൈഖ് സയ്യിദ് അലി ഹമദാനി തങ്ങള്‍ (ക്രി.വ. 1314  84) തുടക്കം കുറിച്ച ഹമദാനി  തരീഖത്ത് പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തി. കൊച്ചി, മട്ടാഞ്ചേരി പുതിയ റോഡില്‍ അദ്ദേഹം സ്ഥാപിച്ച മഹ്ളറ പള്ളി കേന്ദ്രമാക്കിയാണ് തരീഖത്ത് പ്രചരണവും നവോത്ഥാന പ്രവര്‍ത്തനങ്ങളും സമുദായ പരിഷ്ക്കരണവും നടത്തിയിരുന്നത്. ആത്മീയ ഭൗതിക മേഖലകളില്‍ യഥാക്രമം സയ്യിദ് അലി ഹമദാനിയുടെയും സര്‍ സയ്യിദ് അഹ്മദ് ഖാന്‍റൈയും മാതൃകയാണ് അദ്ദേഹം തുടര്‍ന്നത്.

തരീഖത്ത് പിന്‍പ്പറ്റി ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുവാന്‍ അദ്ദേഹം ഉത്ബോധിപ്പിച്ചു. നടത്തിയത്. ചിറയന്‍കീഴ്, ഹരിപ്പാട്, ആലപ്പുഴ, കൊച്ചി, ആലുവ, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ തരീഖത്തിന് വേരോട്ടം ലഭിച്ചു. ശിഷ്യډാര്‍ മനസാ   വാചാ  കര്‍മ്മണാ മാഹിന്‍ ഹമദാനി തങ്ങളെ അനുസരിച്ചു.

1909ല്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി സീതി മുഹമ്മദ് സാഹിബിന്‍റെയും മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയുടെയും കൊച്ചു മൊയ്തീന്‍ ഹാജിയുടെയും നേതൃത്വത്തില്‍ നവോത്ഥാന രംഗത്ത് ക്രിയാത്മക മുന്നേറ്റങ്ങള്‍ക്ക് ആരംഭം കുറിച്ചു. സീതി മുഹമ്മദ് സാഹിബിന്‍റെ ക്ഷണമനുസരിച്ച് മാഹിന്‍ ഹമദാനി തങ്ങള്‍ കൊടുങ്ങല്ലൂരില്‍ ഏതാനും വര്‍ഷം താമസമാക്കി. ഈ അവസരത്തിലാണ് അഴീക്കോട്ടെ ലജ്നത്ത് ഹമദാനി സഭയും, എറിയാട് ലജ്നത്തുല്‍ ഇസ്ലാം സംഘവും പ്രവര്‍ത്തനരംഗത്ത് നിറസാന്നിദ്ധ്യമായത്. വക്കം മൗലവിയുടെ സ്വദേശാഭിമാനി, മുസ്ലിം, അല്‍ഇസ്ലാം തുടങ്ങിയ പ്രസിദ്ധകരണങ്ങളില്‍ സമുദായ ഉദ്ധാരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സാരഗര്‍ഭമായ നിരവധി ലേഖനങ്ങള്‍ എഴുതി.

തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കുകയും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്ത ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്‍റെ(1885-1924) ഭരണകാലത്ത് 1904 ല്‍ നിലവില്‍ വന്ന ശ്രീമൂലം പോപ്പുലര്‍ അസംബ്ലി(പ്രജാസഭാ) അംഗമായി(1911-15) ഹമദാനി തങ്ങളെ നാമനിര്‍ദ്ദേശം ചെയ്തു. മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്കായി പ്രജാസഭയില്‍ വീറോടെ വാദിക്കുകയും ഔദ്യോഗിക തലത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. മുസ്ലിം കുട്ടികള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ സാമൂഹിക നീതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം അറബിയും പഠിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഔദ്യോഗിക ഭരണസമിതിയായ പോപ്പുലര്‍ അസംബ്ലിയില്‍ അറബി ഭാഷയ്ക്ക് വേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയത് അദ്ദേഹമാണ്. തډൂലം മുസ്ലിം വിദ്യാഭ്യാസ പുരോഗതിക്ക് പുതിയ പദ്ധതികള്‍ ഭരണകൂടം നടപ്പിലാക്കി. തുടര്‍ന്ന് 1912സെപ്റ്റംബര്‍ 10ന് (പാര്‍ട്ട് 1) തിരുവിതാംകൂര്‍ ഗവര്‍മെന്‍റ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച ശ്രീമൂലം ഭരണകൂടത്തിന്‍റെ വിളംബര നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. 

(1) മുഹമ്മദډാര്‍ (മുസ്ലിംകള്‍) കൂടുതലുള്ള പ്രദേശങ്ങളിലെല്ലാം എലമെന്‍ററി പാഠശാലകള്‍ ഏര്‍പ്പെടുത്തി മുഹമ്മദډാരുടെ ഇടയില്‍ വിദ്യാഭ്യാസത്തെ പരീക്ഷണാര്‍ത്ഥം നിര്‍ബന്ധമാക്കണം, (2) ഖുര്‍ആന്‍ മനസ്സിലാക്കുന്നതിന് അവര്‍ക്ക് കഴിവുണ്ടാക്കാനായി അറബി ഭാഷയും പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കണം, (3) ഈ പള്ളിക്കൂടങ്ങളുടെ നോക്കിനടത്തിപ്പിനായി മുഹമ്മദന്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കുകയും വിദ്യാഭ്യാസം, കച്ചവടം, കൃഷി, കൈത്തൊഴില്‍ മുതലായ വിഷയങ്ങളില്‍ മുഹമ്മദډാരില്‍ ആഗ്രഹം ജനിപ്പിക്കുന്നതിനായി അവയുടെ പ്രയോജനങ്ങളെ സംബന്ധിച്ച് ഇന്‍സ്പെക്ടര്‍മാരോട് അവരുടെ പ്രസംഗങ്ങളില്‍ സംസാരിക്കാന്‍ ആജ്ഞാപിക്കണം, (4) ഫീസ് കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയും പ്രത്യേക വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കിയും പാവപ്പെട്ട മുഹമ്മദന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം, (5) ആറാം ക്ലാസ് വരെ മുഹമ്മദന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കരുത്, (6) അഞ്ച് അല്ലെങ്കില്‍ ആറാം ക്ലാസ് പാസ്സായ  മുഹമ്മദന്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ഒരാളെയെങ്കിലും ആണ്ടുതോറും തെരഞ്ഞെടുത്ത് മെക്കാനിക്കല്‍ എഞ്ചിനീറിംഗ് മുതലായ വിദ്യാഭ്യാസം പരിശീലിപ്പിക്കുന്നതിന് ഇംഗ്ലണ്ടിലേക്കോ ബോംബെയിലേക്കോ അയക്കണം, (7) കൊല്ലത്ത് മുഹമ്മദډാര്‍ക്കുള്ള ലോവര്‍ ഗ്രേഡ് എലിമെന്‍ററി പള്ളിക്കൂടത്തിന് കൂടുതല്‍ ഗ്രാന്‍റ് നല്‍കുകയും അറബിഭാഷ പഠിപ്പിക്കുന്നതിലേക്ക് ആ പള്ളിക്കൂടത്തില്‍ ഒരു ക്ലാസ് കൂടി ഏര്‍പ്പെടുത്തുകയും ചെയ്യണം. തുടര്‍ന്ന് ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ പ്രൈമറി സ്കൂളില്‍ അറബി അധ്യാപകന്‍ നിയമിതനായി. 

ക്രമാനുഗതമായി പലയിടത്തും പൊതുവിദ്യാലയങ്ങളില്‍ അറബിക്ക് പോസ്റ്റുകള്‍ അനുവദിച്ചു. കൊച്ചി സംസ്ഥാനത്തെ മഹാരാജാവായിരുന്ന രവിവര്‍മ്മ പതിനാറാമന്‍റെ ഭരണ(1914-1932)കാലത്ത് ശീതി മുഹമ്മദ് സാഹിബിന്‍റെയും മറ്റും പ്രയത്നത്താല്‍ 1918 ല്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ അറബി ഭാഷ പഠനം വ്യാപിപ്പിക്കാന്‍ രാജകീയ വിളംബരം വന്നു. കൊച്ചി സംസ്ഥാനത്തിലെ ആദ്യത്തെ അംഗീകൃത അറബി അധ്യാപകന്‍ ഇ.കെ. മൗലവിയാണ്. സര്‍ക്കാര്‍ അംഗീകൃത പ്രാഥമിക വിദ്യാലയത്തില്‍ പോലും പഠിക്കാതെ പ്രൈമറി സ്കൂള്‍ അധ്യാപകനായും ഹൈസ്കൂള്‍ അധ്യാപകനായും എറാണാകുളം മഹാരാജാസ് കേളേജ് അറബി ലക്ചററായും സേവനം ചെയ്ത് ഇദ്ദേഹം 1947 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.

മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് മുസ്ലിം കോണ്‍ഫറന്‍സ് അദ്ദേഹം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പെരിയാറിന്‍റെ തീരത്ത് ആലുവായില്‍ ഇപ്പോള്‍ റസ്റ്റൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ അലീഗര്‍ സര്‍വ്വകലാശാലയുടെ മാതൃകയില്‍ ഒരു കോളേജ് സ്ഥാപിക്കാന്‍ എട്ട് ഏക്കര്‍ സ്ഥലം തിരുവിതാംകൂര്‍ മഹാരാജാവ് ദാനമായി നല്‍കിയിരുന്നു. കോളേജിന്‍റെ ശിലാസ്ഥാപനം ശ്രീമൂലം ഭരണകൂടത്തില്‍ ദിവാനായിരുന്ന സര്‍ പെരുങ്ങാവൂര്‍ രാജഗോപലാചാരി 1914 ല്‍ ആര്‍ഭാട പൂര്‍വ്വം നിര്‍വഹിച്ചു. കൊച്ചിയിലെ അബ്ദു സത്താര്‍ ഹാജി മൂസ സേട്ട് അയ്യായിരം രൂപയും കോളേജിന്നടുത്ത് ഒരു പള്ളി സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്തു. നവാബ് സയ്യിദ് മുഹമ്മദ്, ഖാന്‍ ബഹദൂര്‍ അബ്ദുല്‍ അസീസ് പാഷ, ഹാജി അബ്ദുല്‍ ഹഖീം സാഹിബ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട കോളേജ് സെന്‍ട്രല്‍ കമ്മിറ്റി മദ്രാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ അസ്ഹറില്‍ നിന്ന് കോളേജിലേക്ക് ആവശ്യമായ അധ്യാപകരെ കണ്ടെത്തുന്നതിന് നിവേദക സംഘത്തെ പോലും നിയോഗിച്ചു. പക്ഷെ, ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളാലും അര്‍ഹിക്കുന്ന സഹകരണം ലഭിക്കാത്തതിനാലും കോളേജിന്‍റെ പ്രവര്‍ത്തനം മുടങ്ങി.  സ്ഥലം സര്‍ക്കാറിന് തിരിച്ച് നല്‍കി. 

കൊടുങ്ങല്ലൂരിലെ മുസ്ലിംകള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന കുടിപ്പക അവസാനിപ്പിക്കാനായി ഹമദാനി തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് മണപ്പാടന്‍ കുഞ്ഞിമുഹമ്മദ് ഹാജി തന്‍റെ പിതാവിന്‍റെ ബദ്ധശത്രുവായ പുത്തംകാട്ടില്‍ കുട്ടിക്കമ്മത് സാഹിബിന്‍റെ വീട്ടില്‍ചെന്ന് അദ്ദേഹത്തോട് സന്ധിസംസാരിക്കുകയും പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ സീതി മുഹമ്മദ് സാഹിബ്, കുഞ്ഞഹമ്മദാജി ചേര്‍ന്ന് 1921ല്‍ ആരംഭിച്ച നിസ്പക്ഷ സംഘം രൂപീകരിച്ചു. ഈ സംഘമാണ് സീതി മുഹമ്മദ് സാഹിബ് പ്രസിഡന്‍റും കുഞ്ഞിമുഹമ്മദ് ഹാജി സെക്രട്ടറിയുമായി നിലവില്‍വന്ന ഐക്യസംഘമായി പരിണമിച്ചത്. സംഘത്തിന്‍റെ പ്രഥമ പൊതുയോഗം 1922 ഏപ്രില്‍ 24ന് കൊടുങ്ങല്ലൂര്‍ ഏറിയാട് ചന്തയില്‍ ചേര്‍ന്നു. തډൂലം കൊടുങ്ങല്ലൂരില്‍ മാത്രമല്ല കൊച്ചി രാജ്യത്തെ തന്നെ പല കക്ഷി വഴക്കുകളും അവസാനിപ്പിക്കാന്‍ സാധിച്ചു. ഈ സംഘമാണ് ക്രമാനുഗതമായി മുസ്ലിം പരിഷ്ക്കരണം പ്രസ്ഥാനമായി മാറിയത്. അനാരോഗ്യത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ നിന്നും ഹമദാനി തങ്ങള്‍ വടുതലയിലേക്ക് താമസം മാറ്റിയിരുന്നു.

മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവശനായിരുന്നിട്ടുപോലും ഐക്യസംഘത്തിന്‍റെ അഴീക്കോട് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്ത് മുസ്ലിം സമുദായ പുരോഗതിക്ക് പ്രേരകമാകുംവിധം നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സുദീര്‍ഘമായൊരു പ്രസംഗം എഴുതി തയ്യാറാക്കി വായിച്ചു. പ്രസംഗം പിന്നീട് അല്‍ഖുത്ബതുല്‍ ഹമദാനിയ്യ (ഹമദാനി പ്രഭാഷണം) എന്ന ശീര്‍ഷകത്തില്‍ കെ.എം. മൗലവി സാഹിബ് അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 

അദ്ദേഹവും ശിഷ്യനായ സയ്യിദ് മുഹമ്മദ് തങ്ങളും അല്‍കശ്ശാഫ് എന്ന ശീര്‍ഷകത്തില്‍ അറബി-സംസ്കൃത-മലയാള ത്രിഭാഷാ നിഘണ്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അന്യഭാഷകളില്‍ നിന്ന് മലയാളം ഭാഷകളിലേക്ക് നല്ല ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയും അദ്ദേഹം ആവിഷ്ക്കരിച്ചിരുന്നു. തന്‍റെ പ്രതിഭയും പ്രവര്‍ത്തനേര്‍ജ്ജസ്വലതയും മുസ്ലിം സമുദായത്തിന്‍റെയും സമൂഹത്തിന്‍റെയും നാനാവിധ പുരോഗതിക്ക് ആയുഷ്ക്കാലം മുഴുവന്‍ സമര്‍പ്പിച്ച അപരിഷ്കര്‍ത്താവ് വിശ്രമരഹിതമായ ജീവിതം ഹേതുവായി രോഗിയായിത്തീര്‍ന്നു. 1922ല്‍ ഇഹലോകവാസം വെടിഞ്ഞു.