അല്ലാമ അബ്ദുല്‍ അസീസ് മഖ്ദൂം അടര്‍ക്കളത്തില്‍ അടരാടിയ പണ്ഡിത ശ്രേഷ്ഠന്‍






63. അല്ലാമ അബ്ദുല്‍ അസീസ് മഖ്ദൂം
അടര്‍ക്കളത്തില്‍ അടരാടിയ പണ്ഡിത ശ്രേഷ്ഠന്‍



ടി.വി. അബ്ദുറഹിമാന്‍കുട്ടി

9495095336


സാമുതിരിയുടെ ഉപദേശകന്‍, ആത്മീയ നേതാവ്, അധിനിവേശ വിരുദ്ധ പോരാട്ട നായകന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ വിവിധ വിശേഷണങ്ങളാല്‍ പുകള്‍പ്പെറ്റ പണ്ഡിതശ്രേഷ്ഠനാണ് അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂം. പിതാവായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ പാത പിന്‍പറ്റി വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. 1508ല്‍ പൊന്നാനി പഴയകത്ത് തറവാട്ടില്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യനേടി. തുടര്‍ന്ന് പ്രശസ്ത അധിനിവേശ വിരുദ്ധ പോരാട്ടകാവ്യമായ ഫത്ഹുല്‍ മുബീനിന്‍റെ രചയിതാവ് ഖാസി മുഹമ്മദിന്‍റെ പിതാമഹന്‍ ഖാസി അഹമദ് കാലിക്കൂത്തിയുടെ കീഴില്‍ കോഴിക്കോട് ഉപരിപഠനം നടത്തി. അക്കാലത്ത് മലബാറിലെ മികച്ച ഇസ്ലാമിക പഠനകേന്ദ്രമായിരുന്നു കോഴിക്കോടും പരിസരവും.

മുഹമ്മദ് ബ്നു അബ്ദുല്ല ഹളറമിയുടെ നേതൃത്വത്തില്‍ താനൂര്‍ വലിയകുളങ്ങര പള്ളിയിലും അതിനുശേഷം ഖാസി സൈനുദ്ദീന്‍ റമദാന്‍ ശാലിയാത്തിയുടെയും അദ്ദേഹത്തിന്‍റെ മകന്‍ അല്ലാമാ അബൂബക്കര്‍ ഫഖറുദ്ദീന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലും ചാലിയത്തും പ്രസിദ്ധമായ ദര്‍സുകള്‍ ആദ്യമെ നടന്നിരുന്നു.

വിജ്ഞാന സംമ്പാദനത്തിനായി താമസിച്ച് പഠിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളെ കണ്ടിരുന്നുവെന്നും പള്ളിയുടെ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് അവര്‍ക്ക് ഭക്ഷണവും വട്ടചിലവിനുള്ള പൈസയും നല്‍കിയിരുന്നുവെന്നും ഈ വിഭാഗത്തെ അമുസ്ലിംകള്‍പോലും ആദരിച്ചിരുന്നുവെന്നും പലവട്ടം മലബാര്‍ സഞ്ചരിച്ച ലോകസഞ്ചാരി അബു അബ്ദുല്ല മുഹമ്മദ് ബതൂത്ത (ഇബ്നു ബത്തൂത്ത 1304 1368)രേഖപ്പെടുത്തിയിട്ടുണ്ട്.

പിതാവിന്‍റെ മരണശേഷം പൊന്നാനിയില്‍ തിരിച്ചെത്തിയ അദ്ദേഹം  വലിയ പള്ളിയിലെ പ്രധാന മുദരിസും മേല്‍ഖാസിയും മഖ്ദൂമുമായി ചുമതലയേറ്റ് മരണംവരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. മഖ്ദൂം പരമ്പരയില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പദവിയലങ്കരിച്ച് ആറ് പതിറ്റാണ്ടോളം ഏറ്റവും കൂടുതല്‍ കാലം മഖ്ദൂം സ്ഥാനം വഹിച്ച മഖ്ദൂമെന്ന ഖ്യാതി അദ്ദേഹത്തിന് സ്വന്തം. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ പൊന്നാനി മഖ്ദൂമിയ അകത്തെ പള്ളിയില്‍ തുടക്കം കുറിച്ച ദര്‍സ് (മതപഠനക്ലാസ്) ക്രി.വ.1519 (ഹി.925) ല്‍ വലിയപള്ളി സ്ഥാപിച്ച് അവിടേക്ക് മാറ്റി വിപുലീകരിച്ച ശേഷം മൂന്ന് വര്‍ഷത്തിനകം ക്രി.വി. 1522 ജൂലായ് 10ന് വെള്ളിയാഴ്ച ഇഹലോകവാസം വെടിഞ്ഞതിനെ തുടര്‍ന്ന് ദര്‍സിന്‍റെ വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ചത് അബ്ദുല്‍ അസീസ് മഖ്ദൂമാണ്.

വലിയപള്ളി ദര്‍സ്സില്‍ കേരളത്തിനകത്തും പുറത്തും  വിവിധ പ്രദേശങ്ങളില്‍ നിന്നും ലക്ഷദ്വീപ്, ശ്രീലങ്ക, മലേഷ്യ, ഇന്ത്യോനേഷ്യ, ജാവ, സുമാത്ര തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നും വിദ്യാതല്‍പ്പരര്‍ പഠനത്തിന് എത്തി. പഠനം പൂര്‍ത്തിയാക്കിയ പണ്ഡിത ശ്രേഷ്ഠര്‍ സ്വദേശത്തും മറു നാട്ടിലും പള്ളികളില്‍ മഖ്ദൂമിയന്‍ രീതിയനുസരിച്ചുള്ള മതപഠന ക്ലാസ്സുകള്‍ ആരംഭിച്ചു. ക്രമേണ നാട്ടിലും മറുനാട്ടിലുമുള്ള പള്ളികളിലും വിദ്യാശാലകളിലും ഈ പാഠ്യ പദ്ധതിയും തതനുസൃതമായ രചനകളും പ്രചരിച്ചു. ഇസ്ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന് നാന്ദി കുറിക്കുകയും അന്താരാഷ്ട്ര രംഗത്ത് അംഗീകാരം നേടുകയും ചെയ്തു. ഏത് പള്ളിയില്‍ പഠിച്ചവരായാലുംശരി പൊന്നാനി ദര്‍സില്‍ പഠനം നടത്തിയാലേ പാണ്ഡിത്യഗരിമ ലഭിക്കുകയുള്ളൂ എന്നതായിരുന്നു അക്കാലത്തെ കീഴ്വഴക്കം. തډൂലം നാടിന്‍റെ നാനാഭാഗത്തുമുള്ള പള്ളിദര്‍സ്സുകളില്‍ പഠനം നടത്തിയ പണ്ഡിതര്‍ ഉപരിപഠനത്തിന് ഇവിടെയെത്തി. വിളക്കത്തിരുന്ന് പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കള്‍ വിളക്കത്തിരിക്കല്‍ മുസ്ല്യാര്‍ പദവിയും (പ്രതീകാത്മീക ബിരുദാനന്തര ബിരുദം) സനദും തലപ്പാവും സമ്പാദിച്ച് സമൂഹത്തിലെ സമുന്നത പണ്ഡിതരായി വാഴ്ത്തപ്പെട്ടു. ഇവരാണ് കേരളത്തിനകത്തും പുറത്തും ഇസ്ലാമിക വിജ്ഞാന വ്യാപനത്തിന് നേതൃത്വം നല്‍കിയത്.

മുസ്ലിംകളെ ക്രൂരമായി വധിക്കല്‍, മുസ്ലിം സ്ത്രീകളെ അപമാനിക്കല്‍, സാമ്പത്തികമായി നട്ടെല്ലൊടിക്കാന്‍ സ്വത്തുക്കള്‍ നശിപ്പിക്കല്‍, പൊന്നാനി വലിയപള്ളിയുള്‍പ്പെടെയുള്ള മുസ്ലിം ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കല്‍ തുടങ്ങി പറങ്കികളുടെ കിരാത മര്‍ദ്ദനങ്ങളും മതധ്വംസനങ്ങളും ദുസ്സഹമായ കാലത്തായിരുന്നു അദ്ദേഹം മുസ്ലിംകളുടെ നേതൃത്വം വഹിച്ചിരുന്നത്. തډൂലം പറങ്കികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സാമൂതിരിയോടും കുഞ്ഞാലിമരയ്ക്കാരോടും സഹകരിച്ച് പോരാട്ട വീഥിയില്‍ നിറസാന്നിദ്ധ്യമായി.

മലയാളക്കരയില്‍ പറങ്കികളുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ച ചാലിയംകോട്ട പിടിച്ചെടുക്കുന്നതിന് മുന്‍ ഒരുക്കങ്ങള്‍ നടത്തിയ പ്രദേശങ്ങളില്‍ അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ നേതൃത്വത്തിലുള്ള പൊന്നാനി മുസ്ലിംകളും നിര്‍ണ്ണായക പങ്ക് വഹിച്ചു. 1571 ജൂലായ് 18നാണ് യുദ്ധം ആരംഭിച്ചത്. പറവണ്ണ, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ യോദ്ധാക്കളും ഉള്‍പ്പെട്ട പ്രൗഢോജ്ജ്വല കൂട്ടായ്മ മലബാറിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ രോമാഞ്ചാദായകമായ ഒരദ്ധ്യായം രചിച്ചു.

യുദ്ധത്തിന് നേതൃത്വം നല്‍കിയത് സാമൂതിരി മന്ത്രിമാരായിരുന്നു. ഈ സമയത്ത് ഗോവയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനാല്‍ പറങ്കികള്‍ക്കിവിടെ തക്കസമയത്ത് സഹായം പ്രയാസമായി. തډൂലം അനുകൂല അവസരം യഥാസമയം വിനിയോഗിക്കാന്‍ മുസ്ലിം നേതാക്കളാണ് സാമൂതിരിയെ ഉപദേശിച്ചത്. യുദ്ധത്തില്‍ തങ്ങളുടെ പക്ഷത്ത് ഭീമമായ ആള്‍നാശം കണ്ടുഭയന്ന പറങ്കികള്‍ കടല്‍തീരത്തെ സുരക്ഷിത കോട്ടയിലേക്ക് അഭയം തേടി. കോട്ടക്ക് കുഞ്ഞാലി മരക്കാരുടെ നേതൃത്വത്തില്‍ നാവിക സേന കടലില്‍ നിന്നും, സാമൂതിരിയുടെ നായര്‍പട കരയില്‍ നിന്നും ഒരേ സമയം കോട്ട വളഞ്ഞു. കോട്ടക്ക് പുറത്ത് പണിത വീടുകളും ചര്‍ച്ചുകളും അഗ്നിക്കിരയാക്കി. കോട്ടമതില്‍ തകര്‍ത്തു. ഉപരോധം നാലു മാസത്തോളം നീണ്ടുനിന്നു. ഒടുവില്‍ ജീവന്‍ നിലനിര്‍ത്താന്‍ പോലും പെടാപാട്പ്പെട്ട പറങ്കികള്‍ സര്‍വ്വസ്വവും സാമൂതിരിക്ക് അടിയറവുവെച്ചു. മുസ്ലിംകളില്‍നിന്ന് മൂന്നുപേരും പറങ്കികളില്‍നിന്ന് നിരവധി സൈന്യവും കൊല്ലപ്പെട്ടു.

ഈ ചരിത്ര മുഹൂര്‍ത്തത്തിന്  നിറ സാന്നിദ്ധ്യമേകാന്‍ സാമൂതിരിയും  പരിവാരവും പുറപ്പെട്ടത്  പൊന്നാനി തൃക്കാവ് കോവിലകത്ത് നിന്നായിരുന്നു. തകര്‍ത്ത കോട്ടയുടെ കല്ലുകളും മരങ്ങളും പറങ്കികള്‍ നശിപ്പിച്ച ചാലിയത്തെ പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തിന് നല്‍കി. അവശേഷിച്ചത് കോഴിക്കോട്ടെക്ക് നീക്കം ചെയ്തു.

കോട്ട പിടിച്ചടക്കാന്‍ യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ തന്‍റെ സഹായികള്‍ ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മറുപക്ഷവുമായി സഹകരിക്കുന്നതും പടയാളികള്‍ യുദ്ധത്തില്‍ മരിച്ചുവീഴുന്നതും സാമൂതിരിയെ അങ്കലാപ്പിലാക്കി. യുദ്ധം പരാജയത്തിലേക്ക് നീങ്ങുമെന്ന് ധരിച്ച സാമൂതിരി ഒരവസരത്തില്‍ പറങ്കികളുമായി സന്ധിചെയ്യാന്‍പോലും തയ്യാറായി. ഈ സമയത്ത് സാമൂതിരിയുടെ മാതാവിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് യുദ്ധ തന്ത്രങ്ങള്‍ പുനരവലോകനം നടത്താന്‍ കോഴിക്കോട് കുറ്റിച്ചിറ മിസ്കാല്‍പള്ളിയില്‍ അല്ലാമാഅബ്ദുല്‍ അസീസ് മഖ്ദൂം, ശൈഖ് അബുല്‍വഫ ശംസുദ്ദീന്‍ മാമുക്കോയ വര്‍ത്തകപ്രമുഖനും തുറമുഖാധിപനുമായ ഉമര്‍അതാബി (ഷാബന്ദര്‍കോയ) ഖാസി മുഹമ്മദിന്‍റെ പിതാവും യുദ്ധനിപുണനും രാഷ്ട്രതന്ത്രജ്ഞനുമായ  ഖാസി അബ്ദുല്‍ അസീസ്, കമ്മാക്കാന്‍റകത്ത് സീതി മുഹമ്മദ്   കുഞ്ഞാലി മരയ്ക്കാരും ഉപനായകരും സാമൂതിരിയുടെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഗമിച്ച അവലോകനയോഗത്തില്‍ സന്ധിചെയ്യുന്നതിലുള്ള അപകടം മുസ്ലിം നേതാക്കള്‍ രാജാവിനെ ബോധ്യപ്പെടുത്തിയും വിധം പൂര്‍വ്വോപരി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. യുദ്ധത്തിന്‍റെ ഗതിമാറ്റിമറിച്ച  യോഗമായിരുന്നു ഇത്.

തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കോഴിക്കോട് സാമൂതിരി കോവിലകത്ത് സംഗമിച്ച യോഗത്തിലും ഭരണകര്‍ത്താക്കളോടൊപ്പം മുസ്ലിം പണ്ഡിതډാരും നേതാക്കളും സജീവ സാന്നിദ്ധ്യമേകി.  തുടര്‍ന്ന് ഹിന്ദുക്കളും മുസ്ലിംകളും സംയുക്തമായി പൂര്‍വ്വോപരി സുദൃഡമായ ഐക്യനിര രൂപീകരിച്ച് സാമൂതിരിയുടെ നേതൃത്വത്തില്‍  നായര്‍ പടയാളികളും കുഞ്ഞാലി മരക്കാരുടെ നായകത്വത്തില്‍ മുസ്ലിം സൈന്യവും ഖാസി അബ്ദുല്‍ അസീസും അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂമും സഹകരിച്ച് ദേശത്തോട് കൂറും കര്‍ത്തവ്യ ബോധവും  ധീരതയും ജ്വലിച്ച  കൂട്ടായ്മയാണ് യുദ്ധം വിജയിക്കാന്‍ ഹേതുവായത്. 

പറങ്കികള്‍ക്കെതിരെ പൊന്നാനിയില്‍ നടന്ന യുദ്ധത്തില്‍ അബ്ദുല്‍ അസീസ് മഖ്ദൂം യുദ്ധനിപുണനായ ശൈഖ് മുഹമ്മദ് കാലികൂതിയെ ഇവിടേക്ക് ക്ഷണിക്കുകയും യുദ്ധം കഴിഞ്ഞ് സ്വദേശത്ത് നിരിച്ചെത്തിയ അദ്ദേഹം ആ വര്‍ഷം തന്നെ ഇഹലോക വാസം വെടിയുകയും ചെയ്തു.      

നല്ലൊരു ഗ്രന്ഥകാരന്‍ കൂടിയായ അബ്ദുല്‍ അസീസ് മഖ്ദൂം പിതാവ് രചിച്ച അദ്കിയാ എന്ന കാവ്യ കൃതിക്ക് മസ്ലകുല്‍ അദ്കിയ എന്ന പേരില്‍ ബൃഹത്തായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്.  1585ലാണ് രചന പൂര്‍ത്തിയായത്. ഈ ഗ്രന്ഥം മലബാറില്‍നിന്നും അറേബ്യയില്‍നിന്നും പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതിയുടെ  ആമുഖത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ ഹൃസ്വ ചരിത്രമുള്ളതുകൊണ്ട് ശൈഖിന്‍റെ ചരിത്രം രേഖപ്പെടുത്തിയ ലഭ്യമായ പ്രഥമ ചരിത്രകൃതി എന്ന വിശേഷണംകൂടി ഇതിനുണ്ട്. അദ്കിയാക്ക് ഹൃസ്വരൂപത്തില്‍ ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന പേരില്‍ മറ്റൊരു വ്യാഖ്യാനവും കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിന്‍റെ കയ്യെഴുത്തുപ്രതി ഫാറൂഖ് കോളേജ് ലൈബ്രറി ഉള്‍പ്പെടെ അപൂര്‍വ്വം ചില പ്രശസ്ത ഗ്രന്ഥാലയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. 

അറബി വ്യാകരണ രംഗത്ത് പള്ളി ദര്‍സ്സുകളിലെ മുഖ്യ പാഠ്യകൃതിയായ ഇബ്നു മാലിക് (മ:1274) രചിച്ച 'അല്‍ഫിയ്യാ' എന്ന കാവ്യ സമാഹാരത്തിന്‍റെ ആയിരം ഈരടികളില്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ വിവരണം നല്‍കിയ 411 ഈരടികള്‍ക്ക് ശേഷം അവശേഷിക്കുന്ന 589 ഈരടികളുടെ വിവരണവും മഖ്ദൂം ഒന്നാമന്‍റെ മരണശേഷം പൂര്‍ത്തിയാക്കിയത് അബ്ദുല്‍ അസീസ് മഖ്ദൂമാണ്. ഇദ്ദേഹം തന്നെയാണ് ദിക്റുല്‍ മൗത്ത് എന്ന കൃതി പൂര്‍ത്തീകരിച്ചതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ ഖുര്‍ആന്‍ പഠനം കഴിഞ്ഞാല്‍ പള്ളി ദര്‍സുകളിലും പാരമ്പര്യ മുസ്ലിം ഭവനങ്ങളിലും പ്രാഥമിക മതപഠന രംഗത്ത് സ്റ്റാറ്റസ് സിംബലായി സ്ത്രീ പുരുഷ ഭേതമന്യേ പഠിച്ചിരുന്ന പ്രചുര പ്രചാരം നേടിയ  കൃതിയാണ് പത്ത് കിതാബ്. ബാബൂ മഗ്രിഫത്തു സുഗ്റ, മുതഫരിദ്, ബാബു മഗ്രിഫത്തു ഖുബ്റ, മുരികാതുല്‍ ഖുലൂബ്, അര്‍കാനുസ്വലാത്, അര്‍കാനുല്‍ ഈമാന്‍, നുബ്ദ:, അര്‍ബഈന ഹദീസ്, നൂറുല്‍ അബ്സ്വാറ്, സ്വൗമ്, എന്നീ പത്ത് കിതാബുകളും മതനുല്‍ ബാജൂരി, ഫതഹുല്‍ ഖയ്യൂം എന്നീ രണ്ട് കൃതികളും ചേര്‍ന്നതാണ് ഈ ഗ്രന്ഥം.


ഇതില്‍ ബാബൂ മഗ്രിഫത്തു സുഗ്റ, മുതഫരിദ്, ബാബു മഗ്രിഫത്തു ഖുബ്റ, മുരികാതുല്‍ ഖുലൂബ്, അര്‍കാനുല്‍ ഈമാന്‍ എന്നീ കൃതികളുടെ രചയിതാവ് അബ്ദുല്‍ അസീസ് മഖ്ദൂമാണ്. 

ഖസീദത്തുല്‍ അഖ്സാം,  ശറഹ് അലാ ബാബുല്‍ മഅ്രിഫതുല്‍ കുബ്റാ തുടങ്ങിയ കൃതികളും  ധാരാളം ഫത്വകളും ഗ്രന്ഥങ്ങളും മഖ്ദൂമിന്‍റെതായി ഉണ്ടെങ്കിലും പലതും ഇപ്പോള്‍ ലഭ്യമല്ല. 1586ല്‍ അദ്ദേഹം മരണപ്പെട്ടു. വലിയ പള്ളിയിലെ മഖ്ദൂം മഖ്ബറയിലാണ് അന്ത്യവിശ്രമം ഇദ്ദേഹത്തിന് ആണ്‍മക്കളില്ലാത്തതിനാലും സഹോദരനായ അല്ലാമാ മുഹമ്മദ് ഗസ്സാലി ആദ്യമേ മരിച്ചതിനാലും ഗസ്സാലിയുടെ മകന്‍ വിശ്വപ്രശസ്ത പണ്ഡിത ശ്രേഷ്ഠന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ് മൂന്നാം  മഖ്ദൂമായി പദവി ഏറ്റെടുത്തത്.