ഇങ്ങനെ ഒരാള്‍ മാത്രം



 66. ഇങ്ങനെ ഒരാള്‍ മാത്രം




ടി.വി. അബ്ദുഹിമാന്‍കുട്ടി

9495095336


വിവിധ മേഖലകളില്‍ മുസലിം പരിഷ്കരണത്തിന് നേതൃത്വം നല്‍കിയ പല നവോത്ഥാന നായകരും നേതാക്കളും കേരളക്കരയില്‍ മണ്‍മറഞ്ഞുപോയിട്ടുണ്ട്. മത സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്ത് അവര്‍ നല്‍കിയ സംഭാവനകള്‍ശ്ലാഘനീയമാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ച പലര്‍ക്കും പൂമാലകള്‍ ലഭിച്ചപ്പോള്‍ അപൂര്‍വ്വം ചിലര്‍ക്ക്  മുസലിംകളില്‍ നിന്ന് ഒരു വിഭാഗത്തിന്‍റെ കല്ലേറും ആദ്യകാലത്ത് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതില്‍ നിന്നും ഉപരിയായി സ്വസമുദായത്തിലെ തന്നെ വലിയൊരു വിഭാഗത്തിന്‍റെ രൂക്ഷമായ എതിര്‍പ്പുമൂലം സഹോദരസമുദായത്തിന്‍റെ സഹകരണത്തോടുകടി നവോത്ഥാനത്തിന്‍റെ മുന്നില്‍ സഞ്ചരിച്ച പരിഷ്കര്‍ത്താവാണ് സയ്യിദ് സനാഉല്ലാ മഖ്ദി തങ്ങള്‍. 

കറകളഞ്ഞ മതേതരവാദി, വാഗ്മി, ഗ്രന്ഥകര്‍ത്താവ്, മികച്ച പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ദാര്‍ശനികന്‍, വിമര്‍ശകന്‍, വിപ്ലവകാരി, ഭാഷാപണ്ഡിതന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം പൈതൃകങ്ങളെ പാടെ അവഗണിക്കാതെ കാലാതീതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഉള്‍ക്കാഴ്ചയോടെ കാലാനുസൃതമായി സ്വസമുദായത്തെ പരിഷ്കരണ പാതയിലേക്ക് നയിക്കുന്നതിന് തന്‍റെ മൂര്‍ച്ചയേറിയ തൂലികയും പ്രസംഗ വൈഭവവും അവസരോചിതമായി വിനിയോഗിച്ചു. താന്‍ നേടിയ വിജ്ഞാനത്തെ യുക്തിയും അവസരവും സമന്വയിപ്പിച്ച് പ്രായോഗിക തലത്തില്‍ ഫലപ്രദമായ രീതിയില്‍ പരിവര്‍ത്തനം നടത്തി പരിഷ്കരണത്തിന് ആരംഭം കുറിച്ചു എന്നതാണ്  ഇതര മുസ്ലിം വൈജ്ഞാനിക നായകരില്‍നിന്നും ആ മഹാനുഭാവനെ വ്യത്യസ്ഥനാക്കിയത്. വെളിയംകോട് 1847ല്‍ ജനനം. പിതാവ് സയ്യിദ് അഹ്മദ് തങ്ങള്‍ മാതാവ് ഷെരീഫാ ബീവി.

നാട്ടുസമ്പ്രദായമനുസരിച്ച് സ്വപിതാവില്‍ നിന്നുതന്നെ പ്രാഥമിക മതപഠനവും അറബിഭാഷയും പഠിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ തെക്കെ മലബാറില്‍ ഒഴുക്കിനെതിരെ നീന്തി സ്കൂള്‍ പഠനം നടത്തിയ അപൂര്‍വ്വം മുസ്ലിംകളില്‍ ഒരാളാണ് അദ്ദേഹം. സ്കൂള്‍ പഠനത്തിനുശേഷം, വെളിയംകോട്ടെയും മാറഞ്ചേരിയിലെയും പള്ളികളിലെ പഠനത്തിന് ശേഷം ഉപരിപഠനം പൊന്നാനി വലിയപള്ളി ദര്‍സില്‍ നിന്നാണ്.

സാമൂഹിക സാമുദായിക പ്രസ്ഥാനങ്ങള്‍ വലിയൊരു പരിവര്‍ത്തനത്തിന് നാന്ദികുറിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് മഖ്ദി തങ്ങള്‍ ജീവിതം ആരംഭിക്കുന്നത്. പിതാവ് ബ്രിട്ടീഷ് സര്‍ക്കാരിനു കീഴില്‍ കര്‍ണ്ണാടകയിലെ ഹുസൂറില്‍ പേര്‍ഷ്യന്‍ ഭാഷ വിവര്‍ത്തനം ചെയ്തിരുന്ന മുന്‍ഷിയായിരുന്നു. വിവിധ ഭാഷകളിലെ പ്രാവീണ്യം കൈമുതലായ മക്തി തങ്ങള്‍ പിതാവിന്‍റെ പാത പിന്‍പറ്റി സര്‍ക്കാര്‍ സര്‍വ്വീസില്‍ യുവാവായിരിക്കുമ്പോള്‍ തന്നെ എക്സൈസ് ഇന്‍സ്പെക്ടറായി ജോലിയില്‍ കയറി. ചെറുപ്പംമുതല്‍ നല്ലൊരു വായനക്കാരനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു.

1800ല്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ തിരുവിതാംകൂറില്‍ ലണ്ടന്‍ മിഷനും മദ്ധ്യ കേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും മലബാറില്‍  സിറ്റ്സ്വര്‍ലാന്‍റ് നഗരം ആസ്ഥാനമായുള്ള ബാസല്‍ ഇവാഞ്ചിലിക്കല്‍ മിഷനും പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ വിഭാഗവും മല്‍സരിച്ചുപ്രവര്‍ത്തിച്ചതിനാല്‍ ചില മിഷ്യനണറികളുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും അപക്വമാം വിധം പാര്‍ഷ്വവല്‍ക്കരിക്കട്ടെു. ഇസ്ലാമിനെയും മുഹമ്മദുനബിയെയും അപഹസിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയിലാണ് ചില കോണുകളില്‍നിന്ന് മതപ്രചരണം നടത്തിയത്. ഭരണകൂടത്തിന്‍റെ പരോക്ഷമായ പിന്തുണയോടെ ഗ്രാമ ഗ്രാമാന്തരങ്ങളിലും  നഗര നഗരാന്തരങ്ങളിലും മിക്കപ്പോഴും ഇസ്ലാം മതത്തിന്നെതിരില്‍ അസംബന്ധമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടും പ്രവാചകനെ നിശിതമായി വിമര്‍ശിച്ചും ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും നടത്തിയും ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചായിരുന്നു ഒരു വിഭാഗം മിഷണറീസിന്‍റെ പ്രവര്‍ത്തനം.

പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പുറമെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളത്തിലും ഇതര ഭാഷകളിലും ധാരാളം ലഖുലേഖകളും പുസ്തകങ്ങളും, മുസ്ലിംകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അറബി മലയാള ഭാഷയില്‍ പോലും ക്രിസ്തീയ സാഹിത്യങ്ങളും ബൈബിളും പ്രസിദ്ധീകരിക്കപ്പെട്ടു. ക്രൈസ്തവ മാധ്യമങ്ങളും ഈ പാതതന്നെ പിന്തുടര്‍ന്നു. ഇസ്ലാം മതത്തിനും മുസ്ലിം സമുദായത്തിനും എതിരെ നടന്നുവന്നിരിക്കുന്ന ഈ ഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഘടിതമായ      യാതൊരു നീക്കവും മുസ്ലിം പക്ഷത്തുനിന്നുണ്ടായിരുന്നില്ല. മലയാളഭാഷയില്‍ കാലാനുസൃതമായ സംവാദത്തിനും ഖണ്ഡനത്തിനും ആവശ്യമായ ഭാഷാനൈപുണ്യവും  തന്ത്രവും യുക്തിയും മുസ്ലിം പണ്ഡിതന്‍മാര്‍ക്ക് അധികവും ഇല്ലാതിരുന്നതിനാല്‍ ഇതര സമുദായങ്ങളുമായി ആശയവിനിമയം നടത്താന്‍ തയ്യാറായില്ല. തډൂലം ഹൈന്ദവ-മുസ്ലിം മതവിഭാഗങ്ങളിലെ സാധുജനങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ച് ക്രിസ്തീയ മതംമാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു. ഈ ദുരാവസ്ഥയില്‍ മനംനൊന്ത് സമുദായത്തിന്‍റെ ഉദ്ദാരണത്തിനായി നാഥന്‍റെ മാര്‍ഗ്ഗത്തില്‍ സ്വയം സമര്‍പ്പണം നടത്താന്‍ അദ്ദേഹം തയ്യാറായി, സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി അധികം കഴിയുന്നതിനു മുമ്പുതന്നെ, കേവലം 35വയസ്സായ മക്തി തങ്ങള്‍ ജോലി ഉപേക്ഷിച്ച് 1882ല്‍ ഒറ്റയാള്‍ പോരാട്ടത്തിന് ഗോദയിലിറങ്ങി. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചശേഷം കൊച്ചിയിലായിരുന്നു അധിവാസം. ദൗത്യനിര്‍വ്വഹണത്തിന്നായി കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെ കേരളത്തിനകത്തും പുറത്തും അവിശ്രമം ദേശാടനം നടത്തി. 

ഹൈന്ദവ-മുസലിം-ക്രൈസ്തവ വേദങ്ങളില്‍ അഗാധ പാണ്ഡിത്യം നേടിയിരുന്ന മക്തി തങ്ങള്‍ വിവാദമായി തീര്‍ന്നിരുന്ന ക്രിസ്ത്രീയ മതവിഷയങ്ങളില്‍ പാതിരിമാരുമായി മദ്ധ്യസ്ഥډാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നയിക്കാനും പ്രസംഗങ്ങള്‍ സംഘടിപ്പിക്കാനും വാഗ്വാദങ്ങള്‍ നടത്താനും സദാ സന്നദ്ധനായിരുന്നു. വിവിധ മതവിഷയങ്ങളിലുള്ള അഗാധജ്ഞാനം മറുപക്ഷത്തിന്‍റെ വായടപ്പിക്കാന്‍ പര്യാപ്തമായിരുന്നു. പ്രസംഗ വൈഭവം എതിരാളികളെ അങ്കലാപ്പിലാക്കി. ക്രൈസ്തവ സാഹിത്യങ്ങളെ തന്‍റെ സാഹിത്യരചനയിലൂടെയും പാതിരി പ്രഭാഷണങ്ങളെ ഖണ്ഡനപ്രസംഗങ്ങളിലൂടെയും തടയിട്ടു. യുക്തിസഹമായ പ്രബോധനങ്ങളിലൂടെയും മറുപടി പ്രഭാഷണങ്ങളിലൂടെയും ബൗതിക രചനകളിലൂടെയും ഇസ്ലാംമതത്തിനെതിരായ ദുരാരോപണങ്ങളുടെ തനിനിറം  പൊതുവേദികളില്‍ അദ്ദേഹം തുറന്നുകാട്ടി. ഇത് മുസ്ലിംകള്‍ക്ക് നവോന്‍മേഷവും ഊര്‍ജ്ജവും പകര്‍ന്നു. യുവാക്കളില്‍ നവചൈതന്യവും ആദര്‍ശബോധവും അങ്കുരിപ്പിച്ചു. അല്ലാമാ റഹ്മതുല്ലാഹില്‍ ഹിന്ദിയുടെ ഇള്ഹാറുല്‍ ഹക്ക് എന്ന ഉര്‍ദു കൃതി അദ്ദേഹത്തിന് താങ്ങും തണലുമായി. ഇസ്ലാമിനെതിരെ കുപ്രചരണങ്ങള്‍ രൂക്ഷമാക്കിയ സമയത്താണ് ത്രിയേകത്വം, കുരിശുമരണം തുടങ്ങിയ വിശ്വാസപ്രമാണങ്ങളിലേക്ക് കടന്നാക്രമണം നടത്തിയത്. ആശയ പാപ്പരത്തം നേരിട്ട മറുപക്ഷം അദ്ദേഹത്തെ ശാരീരികവും മാനസികവുമായി തകര്‍ക്കാന്‍ അടവുകള്‍ ആസൂത്രണം ചെയ്തു. ഒരു വിഭാഗം മുസ്ലിംകളും അതിനു കൂട്ടുനിന്നു. 

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്ന് വിദ്യാഭ്യാസം നേടുന്നതിനും അശാസ്ത്രീയ മുസ്ലിം വിദ്യാഭ്യാസമേഖലയുടെ ഘടനയും ഉള്ളടക്കവും കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കി സമൂലം പരിഷ്ക്കരിക്കുകയും നവീകരിക്കുകയും പോലുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം ശ്രമങ്ങള്‍ ആരംഭിച്ചു. പ്രോത്സാഹനത്തിനായി മുസ്ലിം ജനവും വിദ്യാഭ്യാസവും എന്ന പുസ്തകം രചിച്ചു. ഇത് യാഥാസ്ഥിതിക വൃത്തങ്ങലില്‍നിന്നുള്ള കഠിനമായ എതിര്‍പ്പുകള്‍ക്ക് ഹേതുവായി.

ڇമറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷതാന്‍ ڈ


എന്ന് മഹാകവി വള്ളത്തോള്‍ പാടിയതിന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് മുസ്ലിം സമുദായത്തില്‍നിന്നു മാതൃഭാഷക്കുവേണ്ടി ശക്തമായി ഉയര്‍ന്നുവന്ന പ്രഥമ ശബ്ദവും തൂലികയും മക്തി തങ്ങളുടേതായിരുന്നു.

ആദ്യകാലത്ത് മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന് മക്തി തങ്ങള്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കിയില്ലെങ്കിലും പിന്നീട് ഇതിന്‍റെ അനിവാര്യതയെ കുറിച്ച് സമുദായത്തെ ബോധവല്‍ക്കരിച്ചു. നാരി നരാഭിചാരി എന്ന തന്‍റെ കൃതിയിലൂടെ ആവോളം പ്രോത്സാഹിപ്പിച്ചു.

മലയാള പത്രപ്രവര്‍ത്തനത്തിന്‍റെ പിതാവായ വിശ്രുതനായ ബാഷല്‍ മിഷ്യനിലെ മിഷ്യണറി റവ. ഡോ:ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തലശ്ശേരിക്കടുത്ത നെട്ടൂര്‍ ഇല്ലിക്കുന്നിലെ ബാഷല്‍ മിഷ്യന്‍ പ്രസ്സില്‍നിന്നും 1847 ജൂണില്‍ പ്രസിദ്ധീകരിച്ച രാജ്യസമാചാരമായിരുന്നു മലയാളത്തിലെ ആദ്യത്തെ പത്രം. സൗജന്യമായി വിതരണം നടത്തിയ പത്രത്തിന്‍റെ മുഖ്യ ലക്ഷ്യം ക്രിസ്തീയ മത പ്രചാരണമായിരുന്നു. രാജ്യ സമാചാരത്തിലെ രാജ്യം സ്വര്‍ഗരാജ്യത്തെയാണത്രെ ലക്ഷ്യമാക്കിയത്. സാധാരണക്കാരന്‍റെ ഭാഷയില്‍ കല്ലച്ചി അച്ചിക്കൂടത്തിലാണ് അച്ചടിച്ചത്. ഇതിന്‍റെ ചുവടുപിടിച്ച് പശ്ചിമോദയവും ജډമെടുത്തു. ഈ പ്രസിദ്ധീകരണങ്ങളില്‍ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്ന ലേഖനങ്ങള്‍ എഴുതിയിരുന്നു. മിഷ്യണറീസിന്‍റെ ഇതേ രീതിയിലുള്ള പ്രചാരണത്തെ പ്രതിരോധിക്കാന്‍ മുസ്ലിം പണ്ഡിതډാര്‍ തയ്യാറായില്ല. ഈ അപാകത പരിഹരിക്കാന്‍ ആശയ പ്രചാരണ മാധ്യമങ്ങള്‍ക്കുള്ള നിര്‍ണ്ണായക സ്ഥാനം ഗ്രഹിച്ച മക്തി തങ്ങള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുവാന്‍ അണിയറയില്‍ കരുക്കള്‍ നീക്കി. ഈ സംരംഭത്തിന് തുണയായി വന്നത് കൊച്ചി കല്‍വത്തിയിലെ പണ്ഡിതശ്രേഷ്ഠന്‍ ഖാദര്‍ഷാ ഹാജി ബാപ്പു-കാക്കാ സാഹിബായിരുന്നു. ഇദ്ദേഹം പത്രാധിപരും, തങ്ങള്‍ സഹപത്രാധിപരുമായി 1888ല്‍ സത്യപ്രകാശം വാരിക ജന്‍മമെടുത്തു. ഇതാണ് ഒരു മുസ്ലിമിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പ്രഥമ മലയാള മാധ്യമം.

പല പ്രദേശങ്ങളിലും മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തെ നിഷിധമായി അദ്ദേഹം വിമര്‍ശിച്ചത് കാരണം മര്‍ദ്ദനങ്ങള്‍ സഹിക്കേണ്ടിവന്നു. എന്നിട്ടുപോലും ആ സമ്പ്രദായം നിലനിന്നിരുന്ന അറക്കല്‍ സ്വരൂപത്തില്‍നിന്ന് തന്‍റെ ദൗത്യനിര്‍വഹണത്തിന് പാരിതോഷികങ്ങളും സഹായങ്ങളും ലഭിച്ചിരുന്നു. അക്കാലത്ത് കേരളാ മുസ്ലിം പണ്ഡിതډാര്‍ക്ക് ലഭിച്ചിരുന്ന മികച്ച അംഗീകാരമായിരുന്നു ഇത്. 1902ല്‍ അറക്കല്‍ സുല്‍ത്താന്‍ മുഹമ്മദലി ആദിരാജക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ഭണ്ഡാരത്തില്‍നിന്ന് 1902 മെയ് ഒന്നുമുതല്‍ മാസം തോറും 25 രൂപ നല്‍കിയിരുന്നു. സുല്‍ത്താന്‍ മുഹമ്മദലിയെ തുടര്‍ന്ന് ഭരണമേറ്റ സുല്‍ത്താന ഇമ്പിച്ചി ബീവി ആദിരാജയും തുടര്‍ന്ന് സുല്‍ത്താന്‍ അഹമ്മദ് അലി ആദിരാജയും മക്തി തങ്ങളുടെ അന്ത്യംവരെ ഈ സഹായം നല്‍കി.

മുസ്ലിംകളില്‍ ഒരു വിഭാഗം പലയിടത്തും അദ്ദേഹത്തെ കള്ളക്കേസുകളില്‍ കുടുക്കിയിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്തുവെച്ച് ചില പ്രത്യേക വകുപ്പുകള്‍ ചേര്‍ത്ത് അദ്ദേഹത്തെ ക്രമിനല്‍ കേസുകളില്‍ കുടുക്കി. മുസ്ലിംകള്‍പോലും അദ്ദേഹത്തെ ബഹിഷ്കരിച്ചു. പട്ടന്‍മാരുടെ ഭോജനശാലയില്‍നിന്ന് ഭക്ഷണം കഴിച്ചാണ് ഉപജീവനം നടത്തിയത്. കേസ് വാദിക്കാന്‍ വക്കീല്‍പോലും ഇല്ലായിരുന്നു. ആറുമാസം നീണ്ടുനിന്ന വ്യവഹാരം അദ്ദേഹം തന്നെ സ്വയം വാദിച്ച് വിജയം നേടുകയാണുണ്ടായത്.

നിരന്തരമായ പ്രഭാഷണങ്ങളും സംവാദങ്ങളും സ്വസമുദായത്തില്‍നിന്നുള്ള എതിര്‍പ്പും വിശ്രമമില്ലാത്ത സഞ്ചാരവും യാതനയും വേദനയും ഹേതുവായി ആരോഗ്യം അനുദിനം ക്ഷയിച്ചു. 1911ല്‍ കൊച്ചിയില്‍തന്നെ സ്ഥിരതാമസമാക്കി. കഠിനമായ മാനസിക പരിമുറുക്കം മാറാരോഗിയാക്കി. പ്രിയശിഷ്യന്‍ സി.വി. ഹൈദ്രോസ് ഉള്‍പ്പെടെ സഹചാരികള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിലും പരിചരിക്കുന്നതിലും സസൂക്ഷ്മം ശ്രദ്ധപുലര്‍ത്തി. 1912ല്‍ രോഗം കഠിനമായി. ആസ്ത്മയും പനിയും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ അനുദിനം കാര്‍ന്നുതിന്നു. മരണം ആസന്നമാകുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് തന്‍റെ അമൂല്യമായ പേന സി.വി. ഹൈദ്രോസിന് നല്‍കി ഇങ്ങനെ മൊഴിഞ്ഞു, 

ڇഞാന്‍ ഇതാ എന്‍റെ പടച്ചവനിലേക്ക് യാത്രയാകുന്നു.  ഇതാണ് എന്‍റെ കയ്യില്‍ അവശേഷിക്കുന്നത്. നിനക്ക് സമ്മാനിക്കാന്‍ മറ്റൊന്നും എന്‍റെ പക്കലില്ല. ഈ പേന നിന്‍റെ ജീവിതത്തിന് സഹായകമാവട്ടെ. ഇതുകൊണ്ട് സമുദായ ഉന്നമനത്തിന്  മരണംവരെ പോരാട്ടം നടത്തണം. എന്‍റെ മക്കളെ ശ്രദ്ധിക്കണം.ڈ 

1912 സപ്തംബര്‍ 18ന് ബുധനാഴ്ച അന്ത്യനിമിഷത്തില്‍ വിശുദ്ധ വചനങ്ങളും കലിമത്തു തൗഹീദും ചൊല്ലി ആ ബഹുമുഖ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു. ഫോര്‍ട്ട്കൊച്ചിയിലെ കല്‍വത്തി ജുമാമസ്ജിദിലാണ് അന്ത്യവിശ്രമം. മറ്റു പല പരിഷ്കര്‍ത്താക്കളെപ്പോലെ തന്നെ പുതിയ തലമുറക്ക് വീര്യവും ആവേശവും പകര്‍ന്ന ആ മഹാന്‍റെ പ്രസക്തി മരണശേഷമാണ് കൂടുതല്‍ പ്രകടമായത്. ലഭ്യമായ കണക്കനുസരിച്ച് മലയാളത്തില്‍ നാല്‍പ്പതും അറബിമലയാളത്തില്‍ മൂന്നും പുസ്തകങ്ങളും അനേകം ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.  കേരളാ മുസ്ലിം നവീന പരിഷ്കര്‍ത്താക്കളില്‍ മക്തി തങ്ങള്‍ക്ക് തുല്യം അദ്ദേഹം മാത്രം.