മൗലാന ചാലിലകത്തും വൈജ്ഞാനിക പരിഷ്കരണവും




62. മൗലാന ചാലിലകത്തും വൈജ്ഞാനിക പരിഷ്കരണവും



ടി.വി. അബ്ദുറഹിമാന്‍കുട്ടി

9495095336


മക്തിതങ്ങളെ തുടര്‍ന്ന് ഇസ്ലാമിക ചട്ടക്കൂടില്‍നിന്ന് തന്നെ ആധുനിക വിദ്യാഭ്യാസത്തേയും പരിഷ്ക്കരണത്തേയും സമരസപ്പെടുത്താന്‍ ശ്രമിച്ച പരിഷ്കര്‍ത്താക്കളില്‍ മുസ്ലിം കേരളം എക്കാലത്തും അഭിമാനപുരസരം സ്മരിക്കുന്ന പണ്ഡിതശ്രേഷ്ഠനാണ് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജി. 1866ല്‍ തീരൂരങ്ങാടിയിലായിരുന്നു ജനനം. ആദൃശ്ശേരി മൊയ്തീന്‍കുട്ടി ഹാജിയാണ് പിതാവ്. څചാലിലകത്ത്چ മാതാവിന്‍റെ തറവാട് പേരാണ്. കോഴിക്കോട്ടെ പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോടും പൊന്നാനിയിലും പ്രശസ്തമായ രീതിയില്‍ അക്കാലത്ത് നടന്നുവന്നിരുന്ന ദര്‍സ്സുകളില്‍ മതവിജ്ഞാനം നേടി. ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാക്വിയാത് സ്വാലിഹാതില്‍  ചേര്‍ന്നുപഠിച്ചു. അവിടെനിന്ന് പഠനം പൂര്‍ത്തിയാക്കിയ പ്രഥമ മലയാളിയാണ് അദ്ദേഹം.

പഠനാനന്തരം കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം മലപ്പുറം ജില്ലയിലെ വാഴക്കാട് തര്‍മിയതുല്‍ഉലൂം ദര്‍സില്‍ 1908ല്‍ സദര്‍ മുദരിസ്സായി ചാര്‍ജ്ജെടുത്തു. ശിരസ്താര്‍ എന്ന വിശേഷണത്താല്‍ അറിയപ്പെട്ട കൊയപ്പത്തൊടി മമ്മദുകുട്ടി സാഹിബാണ് 1871 ഒക്ടോബര്‍ 3ന് ദര്‍സിന് തുടക്കമിട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ മൊയ്തീന്‍കുട്ടി സാഹിബ് 1876ല്‍ മുതവല്ലിയായി ചാര്‍ജെടുത്തു. കൊയപ്പത്തുടി കുടുംബം ധാരാളം സ്വത്തുക്കള്‍ സ്ഥാപനത്തിന് വഖഫ് ചെയ്തു. മുസ്ലിയാരകത്ത് സൈനുദ്ദീന്‍ മുസ്ലിയാര്‍, ചാലിയത്തെ കുഞ്ഞാലിക്കുട്ടി മുസ്ലിയാര്‍, പൊന്നാനി ബാപ്പു മുസ്ലിയാര്‍, കീഴുപറമ്പ് ഇബ്രാഹിം മുസ്ലിയാര്‍ തുടങ്ങിയവര്‍ ദര്‍സില്‍ അധ്യാപകരായിരുന്നു. 

ചാലിലകത്ത് പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്ത ശേഷം ദര്‍സ് വിപുലീകരിച്ച് ദാറുല്‍ ഉലൂം അറബിക്ക് കോളേജ് എന്ന് പുനഃനാമകരണം ചെയ്തു. ഭൗതീക വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പത്ത് വര്‍ഷത്തെ സിലബസ്സും കരിക്കുലവും തയ്യാറാക്കി. നാനാവിധ മേഖലയിലും പരിഷ്ക്കരണത്തിന് നാന്ദികുറിച്ചു. മതവിഷയങ്ങള്‍ക്ക് പുറമെ ഗണിതശാസ്ത്രം, തത്വശാസ്ത്രം, ജീവശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഗ്ലോബുകള്‍, അറ്റ്ലസുകള്‍ ആഗോള ഭാഷാ കൃതികള്‍, നിഘണ്ടുകള്‍, ജീവജാലങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയവയും പഠനവിഷയങ്ങളായിരുന്നു. മലയാളത്തിലെ പ്രഥമ നോവലായ ഒ. ചന്തുമേനോന്‍റെ ഇന്ദുലേഖ അദ്ദേഹം വായിക്കുകയും ശിഷ്യډാരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്നു.

തډൂലം ദാറുല്‍ഉലൂം ക്രമാനുഗതമായി പ്രശസ്തിയിലേക്കുയര്‍ന്നു. മതപണ്ഡിതډാര്‍പോലും ഇവിടെ പഠിതാക്കളായിരുന്നു. മൊയ്തീന്‍കുട്ടി സാഹിബിന്‍റെ വിയോഗത്തിന് ശേഷം സഹോദരന്‍ അഹ്മദ് സാഹിബിന്‍റെ മകന്‍ ഖാന്‍ സാഹിബ് മമ്മദ്കുട്ടി അധികാരി 1911ല്‍ ദാറുല്‍ ഉലൂമിന്‍റെ ചുമതലയേറ്റു. പാഠ്യ പാഠ്യേതര രംഗത്തും പാശ്ചാത്തല സൗകര്യങ്ങളൊരുക്കാനും സമൂലമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചു. അറബി ഗ്രന്ഥങ്ങളോടൊപ്പം ദേശീയ പത്രങ്ങള്‍ മലയാള സാഹിത്യങ്ങള്‍ വിവധ ഭാഷാകൃ?തികള്‍ ഉള്‍പ്പെട്ട  നല്ലൊരു ലൈബററിയും ചിട്ടപ്പെടുത്തി. കെ.എം. മൗലവി, ഇ.കെ. മൗലവി, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, ഇ. മൊയ്തു മൗലവി തുടങ്ങി പാണ്ഡിത്യത്തിന്‍റെ മറുതല കണ്ട പല പണ്ഡിതരും ഇവിടെ വിദ്യാര്‍ത്ഥികളായിരുന്നു.

പ്രാഥമിക മതപഠനരംഗത്തെ ഓത്തുപള്ളി പഠനത്തിന് ശാസ്ത്രീയവും മികവുറ്റതുമായ രീതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം തീവ്ര ശ്രമങ്ങള്‍ നടത്തി. മദ്രസാ ക്ലാസ്റൂം സിസ്റ്റവും മാതൃഭാഷാബോധമാക്കിയതും പെണ്‍കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് പഠിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചതും മുസ്ലിം വൈജ്ഞാനിക രംഗത്ത് സമൂല മാറ്റത്തിന് നാന്ദികുറിച്ചു. 

അക്കാലത്ത് ഏകാധ്യാപക പാഠശാലകളായ ഓത്തുപള്ളികളിലായിരുന്നു മുസ്ലിം കുട്ടികള്‍ പ്രാഥമിക പഠനം നടത്തിയിരുന്നത്. ഏതാനും മുള കാലുകള്‍ നാട്ടി മുകളില്‍ ഓല വെച്ച് കെട്ടിയ നാലുകാലോലപുരകളായിരുന്നു ഓത്തു പള്ളികളിലധികവും ഇരിപ്പിടങ്ങള്‍ വെട്ടുകല്ലുകളുടെ മുകളില്‍ നിരത്തിയ മരപ്പലകകളായിരുന്നു.

പലയിടത്തും അഡ്മിഷന് നിശ്ചിത സമയം നിര്‍ണ്ണയിച്ചിരുന്നില്ല. രക്ഷിതാവിന്‍റെ ഹിതമനുസരിച്ച് ഏതവസരത്തിലും ചേര്‍ക്കാം. കനംകുറഞ്ഞ മരപ്പലക (ലൗഹ്)യില്‍ ചെകിടി മണ്ണ് കുറുക്കിപുരട്ടി ഉണക്കി, കലമ് (എഴുത്തുകോല്‍) അറബിമഷിയില്‍ മുക്കി എഴുതികൊടുത്താണ് പാഠഭാഗങ്ങള്‍ ആരംഭത്തില്‍ പഠിപ്പിച്ചിരുന്നത്. പരിശോധിച്ചും തെറ്റുകള്‍ തിരുത്തിയും മൊല്ലാക്കډാര്‍ അദ്ധ്യാപനത്തില്‍ വ്യാപൃതരായിരുന്നു. ചിലയിടങ്ങളില്‍ ആക്ടിങ്ങായി ഈ ചുമതല മൊല്ലാക്കډാരുടെ സഹധര്‍മ്മിണികളും എറ്റെടുത്തു.

ഓരോ കുട്ടിക്കും പാഠഭാഗങ്ങള്‍ എഴുതി കൊടുത്തും പഠിപ്പിച്ചും ഇരിപ്പിടങ്ങള്‍ പരിഷ്ക്കരിച്ച് ബഞ്ചും ഡസ്ക്കും മേശയും കസേരയും ബോര്‍ഡും ചോക്കും മദ്രസകളില്‍ നടപ്പാക്കിയപ്പോള്‍ അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. മുസ്ലിം വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്‍സ്പെകട്ര്‍ ബാവ മൂപ്പന്‍  കോഴിക്കോട് കുറ്റിച്ചിറയില്‍ സംഘടിപ്പിച്ച പണ്ഡിത യോഗം മൗലാന തയ്യാറിക്കിയ പരിഷ്കൃത മത പാഠ്യ പദ്ധതി എകകണ്ഠമായി അംഗീകരിച്ചു. 

പഠനസമയം രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ന്നിരുന്ന പ്രദേശങ്ങളുമുണ്ടായിരുന്നു. സര്‍ക്കാര്‍ എലിമെന്‍ററി സ്ക്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്തരം വിദ്യാലയങ്ങളില്‍ മുസ്ലിംകളധികവും കുട്ടികളെ ചേര്‍ത്തില്ല. ആ സമയം കൂടി ഓത്തുപള്ളികളില്‍ തന്നെ വിനിയോഗിച്ചു. പള്ളി വിടാന്‍ അല്‍പ്പസമയം മുമ്പായിരിക്കും ഓരോ ദിവസത്തേയും പഠനത്തിന്‍റെ മൊത്തം ആവര്‍ത്തനമായ പഠിച്ചോത്ത്.

ഖുര്‍ആനിലെ പഠിച്ച ഭാഗങ്ങള്‍ ഓരോ കുട്ടിയും ഓതികൊടുക്കുന്ന സമയത്ത് മറ്റു പഠിതാക്കള്‍ ഏറ്റ് ചൊല്ലുന്ന രീതിയാണ് പഠിച്ചോത്ത്. ഈ അവസരത്തിലെ കൂട്ടശബ്ദം ഫര്‍ലോങ്ങുകളുടെ ചുറ്റളവില്‍ കേള്‍ക്കാറുണ്ട്. മൊല്ലാക്ക ഒരു ക്ലാസ്സിലായിരിക്കുമ്പോള്‍ ഇതര ക്ലാസ്സുകളില്‍ ക്രമസമാധാന പ്രശ്നവും ഉണ്ടാകാറുണ്ട്. പ്രൈമറി വിദ്യാഭ്യാസം സര്‍ക്കാര്‍ സാര്‍വത്രികമായി നിര്‍ബ്ബന്ധമാക്കിയ പ്രദേശങ്ങളില്‍ പഠന സമയം രാവിലെ പത്ത് മണി വരെ നിജപ്പെടുത്തി.

ആറ് മുതല്‍ പതിനാറു വയസ്സ് വരെയാണ് അധികവും പ്രായപരിധി. കുട്ടികള്‍ എത്രയായാലും അദ്ധ്യാപകന്‍ ഒന്ന് മാത്രം. എല്ലാവര്‍ക്കും ദിവസവും പാഠം മാറ്റിക്കൊടുക്കണം. മുമ്പത്തെ പാഠം പഠിച്ചോയെന്ന് പരിശോധിച്ചതിനുശേഷം ചെറിയവര്‍ക്ക് പലകയില്‍ എഴുതിയും മുതിര്‍ന്നവര്‍ക്ക് ഖുര്‍ആന്‍ മാറ്റി ഓതിയും കൊടുക്കും. മിക്കയിടത്തും ഖുര്‍ആന്‍ മാത്രമേ പഠിപ്പിക്കുകയുള്ളു.

സൂറത്തുന്നാസു മുതല്‍ 'അമ്മ' ജുസ്അ് പലകയില്‍ എഴുതിക്കൊടുത്താണ് അധികവും പഠിപ്പിക്കുക. അതിന് ശേഷമേ മുസ്ഹഫ് എടുക്കുകയുള്ളു. ഫാതിഹ, അല്‍ഖാരിഅ, സബ്ബിഹിസ്മ, അമ്മ ഇവയുടെയെല്ലാം തുടക്കം ഓരോ സ്റ്റേജുകളായി കണക്കാക്കപ്പെടും.

ശിക്ഷാരീതികള്‍ പ്രാകൃതമായിരുന്നു. ചൂരല്‍ കൊണ്ടടിച്ചും ഏത്തമിടീച്ചും പാഠഭാഗങ്ങള്‍ ഒരേ ഇരിപ്പിന് മനപ്പാഠമാക്കിച്ചും പഠിതാക്കളെ മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കി. അക്കാലത്തെ രക്ഷാകര്‍ത്തൃസമൂഹം ഇതിനെ ആക്ഷേപരഹിതമായി ഉള്‍ക്കൊണ്ടു. മൊല്ലാക്കയുടെ ചൂരല്‍ പതിഞ്ഞ ഭാഗം നരകാഗ്നിക്ക് നിഷിദ്ധമെന്നാണ് വാമൊഴി. ചിലയിടങ്ങളില്‍ ചില മൊല്ലാക്കډാര്‍ ഓത്തുപള്ളിയിലും സ്ക്കൂളിലും പോകാന്‍ മടികാണിക്കുന്ന കുട്ടികളെ ചിരട്ടമാലയിട്ട് സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. ഈ ശിക്ഷ അനുഭവിച്ച മിക്ക കുട്ടികളും പിന്നീടൊരിക്കലും ക്ലാസ്സ് കട്ട്ചെയ്യുന്ന പതിവ് ഉണ്ടായിട്ടില്ല.    

ആദ്യം വന്ന കുട്ടിക്ക് ഒരടി. രണ്ടാമത് വന്നവന് രണ്ട്, ഒടുവില്‍ വന്നവന് മുപ്പതും നാല്‍പ്പതും. ഇങ്ങനെ കൈയടി നല്‍കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഓത്ത് കഴിഞ്ഞ് പോകുമ്പോഴാണ് ഈ സമ്മാനം കിട്ടുക.

അറബിമലയാളം മാത്രം പഠനമാധ്യമമാക്കി നടത്തിയിരുന്ന മദ്രസകളില്‍ മലയാള ഭാഷയെ ജനകീയമാക്കുന്നതിനും അകംമറക്കുള്ളില്‍ പഠിച്ചിരുന്ന മുസ്ലിം പെണ്‍കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിച്ചു. തന്‍റെ പാഠശാലയില്‍ ചേര്‍ന്ന് പഠിക്കുന്നതില്‍ സ്ത്രീപുരുഷ ഭേതമന്യെ പഠിതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കി. 1913 ല്‍ ഈ സിലബസ്സനുസരിച്ച് ദാറുല്‍ ഉലൂമില്‍ തന്നെ ആദ്യമായി മദ്രസ്സ ആരംഭിച്ചു. കെ.എം. മൗലവിയും, ഇ.കെ. മൗലവിയും ഇവിടെ ആദ്യകാല അധ്യാപകരായിരുന്നു.

തുടര്‍ന്ന് ഇതേ രീതിയിലുള്ള മദ്രസ്സകള്‍ കണ്ണൂര്‍, തലശ്ശേരി, വളപട്ടണം, കോഴിക്കോട്, വടകര, കൊടിയത്തൂര്‍, പുളിക്കല്‍, പറവണ്ണ, ചാലിയം, തിരൂരങ്ങാടി, നല്ലളം, കൊടുങ്ങലൂരിലെ എറിയാട്-അഴീക്കോട്, പൊന്നാനി എന്നിവിടങ്ങളില്‍ നിലവില്‍ വന്നു. തലശ്ശേരി തഅലീമുല്‍ അവാം, മദ്രസത്തുല്‍ മുബാറക്, മയ്യഴിയിലെ മയ്യലവീയ, കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം, ചാലിയം മദ്രസ്സതുല്‍ മനാര്‍, കോഴിക്കോട് മദ്രസ്സത്തുല്‍ മുഹമ്മദീയ, പുണര്‍പ മക്ത്ബതുല്‍ ഉലും, പൊന്നാനി തഅ്ലീമുല്‍ ഇക്വാന്‍, ഏറിയാട് അല്‍ മദ്രസ്സത്തുല്‍ ഇതിഹാദിയ്യ തുടങ്ങിയവ  ആദ്യ കാല മദ്രസ്സകളാണ് ഇവയില്‍ മിക്കതും കാലാന്തരത്തില്‍ സ്കൂളുകളായി രൂപാന്തരപ്പെട്ട് മത-ഭൗതീക സമ്വനയ വിദ്യാഭ്യാസ വളര്‍ച്ചക്ക് ആരംഭം കുറിച്ചു.

ദാറുല്‍ ഉലൂം പുരോഗതിയിലേക്ക് മുന്നേറുന്ന അവസരത്തിലാണ് മുസ്ലിംകളില്‍ ഒറു വിഭാഗം അതിനെതിരെ ഫത്വ സമ്പാദിച്ചത്. വഖഫ് സ്വത്തുക്കള്‍ ദീനി വിഷയങ്ങള്‍ക്ക് പുറമെ പൊതു വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പഠനം നടത്തുന്ന മദ്രസക്ക് വേണ്ടി വിനിയോഗിക്കലും ദൈവനാമം എഴുതുന്ന ചോക്ക് പൊടി നിലത്തുവീഴലും നിഷിധമാണെന്നുള്ള പണ്ഡിത ഫത്വയുടെ അടിസ്ഥാനത്തില്‍ പ്രശ്നം കേരളമാകെ മുസ്ലിംകള്‍ക്കിടയില്‍ കോലാഹലം സൃഷ്ടിച്ചു. ആ സമയത്ത് മാനേജര്‍ കൊയപ്പത്തൊടി മോയിന്‍കുട്ടി സാഹിബായിരുന്നു. പണ്ഡിത ശ്രേഷ്ഠരായ പൊന്നാനി മഖ്ദൂം ചെറിയബാവ മുസ്ലിയാര്‍, കട്ടലശ്ശേരി ആലി മുസ്ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പാഠ്യപദ്ധതി പരിശോധിക്കുകയും പഠിതാക്കളില്‍ പരീക്ഷ നടതത്തുകയും ചെയ്തു. തുടര്‍ന്നും അഭിപ്രായഭിന്നത രൂക്ഷമായി. ഈ അവസരത്തില്‍ അന്നും ഇന്നും വിഭാഗീയത ഇല്ലാതെ നടത്തപ്പെടുന്ന കേരളത്തിലെ അപൂര്‍വ്വ മുസ്ലിം പള്ളികളില്‍ ഒന്നായ കല്ലടി കുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള മണ്ണാര്‍ക്കാട് ജുമാമസ്ജിദില്‍ ഉദാരമനസ്കനും മതഭക്തനുമായ കല്ലടി മൊയ്തുട്ടി സാഹിബ്, ചാലലകത്തിന്‍റെ അഭിലാഷമനുസരിച്ച് അധ്യാപനം നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തു. 

ചാലിലകത്ത് സജീവ സാന്നിധ്യം ഉണ്ടായിരുന്ന മറ്റൊരു പ്രമാഥമായ വിഷയമാണ് 20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ പണ്ഡിതډാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഐനുല്‍ ഖിബ്ല, ജിഹതുല്‍ ഖിബ്ല തര്‍ക്കം. നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ കഅ്ബാലയത്തിന് (ഐനുല്‍ ഖിബ്ലക്ക്) നേരെത്തന്നെ തിരിഞ്ഞ് നമസ്ക്കരിക്കണമെന്ന് ചാലിലകത്ത്, ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്ലിയാര്‍, ദെഞ്ചിപ്പാടി സുലൈമാന്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതശ്രേഷ്ഠډാര്‍ വാദിച്ചപ്പോള്‍ ഖിബ്ലക്കുനേരെ കൃത്യമായി തിരിയേണ്ടതില്ലെന്നും ഖിബ്ലയുടെ ഭാഗമായ പടിഞ്ഞാറോട്ട് (ജിഹത്തുല്‍ ഖിബ്ലക്ക്) തിരിഞ്ഞ് നമസ്ക്കരിച്ചാല്‍ മതിയെന്നുമായിരുന്നു മറുപക്ഷത്തെ കൊല്ലൊളി അഹമ്മദ് കുട്ടി മുസ്ലിയാര്‍, വെളിയംകോട് തട്ടാങ്കര കുട്ടിയാമു മുസ്ലിയാര്‍, അറക്കല്‍ പരി മുസ്ലിയാര്‍, കാസര്‍ക്കോട് നാദാപുരം ഖാസിയായിരുന്ന അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയ പ്രശസ്ത പണ്ഡിതډാര്‍ വാദിച്ചത്. 

കുഞ്ഞിമുഹമ്മദ് ഹാജി അക്കാലത്ത് പുളിക്കല്‍ മുദരിസ്സായിരുന്നു. തന്‍റെ ശിഷ്യപ്രമുഖനായ ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്ലിയാര്‍ പൊതുവേദിയില്‍വെച്ച് നടന്ന സംവാദത്തില്‍ ഗുരുനാഥന്‍റെ കാഴ്ചപ്പാടിനെ പിന്തുണച്ച് ചെയ്ത സാരഗര്‍ഭമായ പ്രസംഗം മറുപക്ഷത്തെ തറപറ്റിക്കാന്‍ ഹേതുവായി. തുടര്‍ന്ന് ഈ വിഷയത്തില്‍ ധാരാളം വാദപ്രതിവാദങ്ങളും ഖണ്ഡന സദസ്സുകളും നടന്നു. പ്രശ്നസങ്കീര്‍ണ്ണമായ ഈ വിഷയം കൈകാര്യംചെയ്യുന്നതില്‍ വേണ്ടത്ര ഫലം ലഭിക്കാതെ അഭിപ്രായഭിന്നത രൂക്ഷമാകുമെന്ന് ഗ്രഹിച്ച മുസ്ലിം യുവ നേതാവ് കോട്ടാല്‍ ഉപ്പി സാഹിബ് (1891-1972) തലശ്ശേരിക്ക് 11 കീലോമീറ്റര്‍ കിഴക്ക്  തന്‍റെ ജډദേശമായ കോട്ടയത്തെ ജുമാമസ്ജിദില്‍വെച്ച് 1911 മെയ് 30ന് പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ നേതൃത്വത്തില്‍ ഇരുപക്ഷത്തെ പണ്ഡിതډാരുടെയും പൗരപ്രമുഖരുടെയും സംയുക്തയോഗം വിളിച്ചുചേര്‍ത്തു. സാദത്ത് ഉലമാ-ഉമറാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പ്രമുഖര്‍  യോഗത്തില്‍ പങ്കെടുത്തു. ഇരു വിഭാഗത്തിന്‍റെയും വാദഗതികള്‍ വിശദമായി ചര്‍ച്ചചെയ്തു. ഹജ്ജ് യാത്രയ്ക്ക് പുറപ്പെട്ട ചേലേമ്പ്ര ചേക്കുട്ടി മുസ്ലിയാര്‍വശം ഇരുവിഭാഗത്തിന്‍റെയും വാദഗതികളും ഫത്വകളും ബന്ധപ്പെട്ട മറ്റുരേഖകളും സഭാ സെക്രട്ടറി കുഞ്ഞന്‍ ബാവ മുസ്ലിയാര്‍ മഖ്ദൂമിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. വിശുദ്ധ ഹറമിലെ ഇമാമുമായും മുഫ്ത്തികളുമായും ചര്‍ച്ചകള്‍ നടത്തി നിജസ്ഥിതി ബോധ്യമായതിനെ തുടര്‍ന്ന് പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാന്‍ സഭ തീവ്രയത്നം നടത്തി. തുടര്‍ന്ന് പടിഞ്ഞാറുഭാഗത്തേക്ക് സ്ഥിതിചെയ്തിരുന്ന പള്ളികളെ പ്രസ്തുത ദിശയില്‍നിന്ന് ഇരുപത്തിരണ്ട് ഡിഗ്രി വലത്തോട്ടേക്ക് മാറ്റി പുനഃക്രമീകരിച്ചു.

ആദ്യകാലത്ത് അറബി മലയാളത്തിന് ക്രമാനുസൃതമായ പ്രയോഗങ്ങളൊ ശൈലികളൊ ഇല്ലായിരുന്നു. തുടര്‍ന്ന് മൗലാനാ തസ്വീറുല്‍ ഹുറൂഫ് എന്ന ലിപി പരിഷ്ക്കരണ അക്ഷരശാസ്ത്ര ഗ്രന്ഥം രചിച്ചു. പാഠപുസ്തകങ്ങള്‍ സ്വന്തമായി രചിച്ച് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അവ അച്ചടിച്ച് വിതരണം ചെയ്യാന്‍ കോഴിക്കോട് നല്ലളത്ത് സ്വന്തമായൊരു പ്രസ്സ് സ്ഥാപിച്ചു.

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് സ്വന്തം പെണ്‍കുട്ടികളെയും കുടുംബക്കാരെയും സ്കൂളില്‍ ചേര്‍ക്കുകയും, പള്ളി ദര്‍സുകളില്‍ മാത്രം ഒതുങ്ങിയ മതവിജ്ഞാനത്തെ മുഖ്യധാരയിലേക്ക് ആനയിക്കുകയും അറബി മലയാളത്തിന് പകരം മദ്രസകളില്‍  പഠന മാധ്യമം മലയാള ഭാഷയായി പരിഷ്കരിക്കുകയും മദ്രസകളില്‍ ബെഞ്ച്, ഡസ്ക്, ബ്ലാക്ബോര്‍ഡ് സമ്പ്രദായം ആവിഷ്കരിക്കുകയും തുടങ്ങി ഇസ്ലാമിക പാഠ്യപാഠ്യേതര രംഗത്ത് സമൂല പരിവര്‍ത്തനത്തിന് നാന്ദികുറിച്ച തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധത പുലര്‍ത്തിയ കേരളാ സര്‍സയ്യിദ് എന്ന വിശേഷണത്താല്‍ പുകള്‍പ്പെറ്റ ആ മഹാത്മാവ് 1918ല്‍ മണ്ണാര്‍ക്കാട് വെച്ചായിരുന്നു  മരണം. പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടില്‍ ഇസ്ലാമിക അറബിഭാഷക്കും ഇസ്ലാമിക പഠന രംഗത്തും ഉണ്ടായ നവോത്ഥാനം ഈ സൂര്യതേജസ്സിന്‍റെ മത വിദ്യാഭ്യാസ പരിഷ്കരണങ്ങളോട് കടപ്പെട്ടിരിക്കുന്നു.