68. പരീക്കുട്ടി മുസ്ലിയാരും മുഹിമ്മാതുല്‍ മിഅ്മിനൂനും
ടി.വി. അബ്ദുറഹിമാന്‍കുട്ടി
9495095336
1498ല്‍ വാസ്കോ ഡി ഗാമയുടെ ആഗമനത്തോടെ ആരംഭിച്ച പാശ്ചാത്യ അധിനിവേശം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് മുസ്ലിംകളെയാണ്. തന്മൂലം മുസ്ലിംകള്‍ വിവിധ രീതികളില്‍ ശക്തമായിതന്നെ നാനാരംഗങ്ങളിലും പ്രതിരോധിക്കാന്‍ ബാധ്യസ്ഥരായി. ഏറ്റവും ആദ്യം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് പ്രേരകമായി പിറവിയെടുത്തത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ തഹ്രീള് അഹ്ലില്‍ഈമാനി അലാ ജിഹാദി അബദ്ത്തിസ്വുല്‍ബാന്‍ എന്ന കാവ്യസമാഹാരമാണ്. തുടര്‍ന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ തുഹ്ഫതുല്‍ മുജാഹിദീന്‍ ഫീ ഹഅ്ളി അഖ്ബാരില്‍ബുര്‍തുകാലിയ്യീന്‍, കോഴിക്കോട് ഖാസി മുഹമ്മദിന്‍റെ ഫത്ഹുല്‍ മുബീന്‍, അല്‍ഖുതുബതുല്‍ജിഹാദിയ്യ, അല്‍ഖസീദതുല്‍ ജിഹാദിയ്യ, മമ്പുറം സയ്യിദ് അലവി തങ്ങളുടെ അസൈഫുല്‍ ബത്താര്‍, അദ്ദേഹത്തിന്‍റെ മകന്‍ സയ്യിദ് ഫസല്‍ പൂക്കോയതങ്ങളുടെ ഉദ്ദത്തുല്‍ഉമാറ:, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ പടപ്പാട്ടുകള്‍, മഹാകവി ചേറ്റുവ പരീക്കുട്ടി സാഹിബിന്‍റെ ഫുതുഹുശാം, പുലിക്കോട്ടില്‍ ഹൈദ്രിന്‍റെ പടപ്പാട്ടുകള്‍, ചേറൂര്‍ മമ്മദുകുട്ടി, മുഹ്യിദ്ദീന്‍ എന്നിവരുടെ ചേറൂര്‍ പടപ്പാട്ടുകള്‍, എന്നീ കൃതികള്‍ പൂര്‍ണ്ണമായും സനാഉല്ലാ മക്തിതങ്ങളുടെ തുര്‍ക്കി സമാചാരം സി. സൈതാലിക്കുട്ടി മാസ്റ്ററുടെ സലാഹുല്‍ ഇഖ്വാന്‍, അബു മുഹമ്മദ് സാഹിബിന്‍റെ മലബാര്‍ ഇസ്ലാം, എ. മുഹമ്മദ് കുഞ്ഞിയുടെ ഖിലാഫത്ത് പത്രിക, വക്കം അബ്ദുള്‍കാദര്‍ മൗലവിയുടെ ദീപിക, വളാഞ്ചേരി ഇരുമ്പ്ളിയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഹിദായത്ത്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ അല്‍ അമീന്‍, ആലപ്പുഴയില്‍ നിന്ന് പുറത്തിറങ്ങിയ ഇസ്ലാം ദൂതന്‍, കൊല്ലത്തു പ്രചാരത്തിലുണ്ടായിരുന്ന കേരള പത്രിക തുടങ്ങിയ കൃതികള്‍ ഭാഗികമായും അധിനിവേശ വിരുദ്ധ പോരാട്ടത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചു. ഇതിനുപുറമെ മലബാര്‍ കലാപങ്ങളുടെ കാലത്ത് രചിച്ച കാവ്യങ്ങള്‍, കാവ്യസമാഹാരങ്ങള്‍ തുടങ്ങി ബ്രിട്ടീഷ് ഭരണകൂടം കണ്‍ണ്ടുകെട്ടി നശിപ്പിച്ചതും അല്ലാത്തവയുമായ പ്രകാശിതവും അപ്രകാശിതവുമായ അസംഖ്യം രചനകള്‍ ഈ രംഗത്ത് മലയാളക്കരയില്‍ പിറവിയെടുത്തിട്ടുണ്ട്.
പ്രാദേശിക ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയും മലബാര്‍ കലാപ ധീര രക്തസാക്ഷി താനൂര്‍ ഉമ്മൈത്താനകത്ത് കുഞ്ഞിക്കാദറിന്‍റെ സന്തതസഹചാരിയുമായ താനൂര്‍ ആമിനുമ്മാന്‍റകത്ത് പരീക്കുട്ടി മുസ്ല്യാര്‍ അറബി മലയാളത്തില്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ (സത്യവിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട അനിവാര്യ വസ്തുതകള്‍) എന്ന നാല്‍പത് പേജുള്ള ചെറു പുസ്തകം ഖിലാഫത്ത് പോരാട്ട രംഗത്ത് അക്കാലത്ത് ചെലുത്തിയ സ്വാധീനം സുവ്യക്തമാണ്. മൗലാനാ ആസാദിന്‍റെ രചനയാണ് ഇതിന് പ്രേരകം.
ഇസ്ലാമിന്‍റെ ശത്രുക്കളുമായുള്ള ബ്രിട്ടീഷുകാരോട് നിസ്സഹകരണം, ഖിലാഫത്തിനെ സംരക്ഷണം, ജസീറത്തുല്‍ അറബിന്‍റെ വിശുദ്ധി സംരക്ഷിക്കല്‍ എന്നീ വിഷയങ്ങളാണ് ഉള്ളടക്കത്തില്‍ മുഖ്യ പ്രതിപാദ്യം. ഖുര്‍ആന്‍ വാക്യങ്ങളുടെയും തിരുനബി വചനങ്ങളുടെയും പൂര്‍വ്വ സൂരികളായ പണ്ഡിതശ്രേഷ്ഠരുടെ കൃതികളില്‍ നിന്നുള്ള ഉദ്ധരണികളുടെയും വെളിച്ചത്തിലാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. കൃതിയുടെ അവസാനത്തില്‍ ഗ്രന്ഥകാരന്‍റെ കയ്യൊപ്പും അക്കാലത്തെ പണ്ഡിത ശ്രേഷ്ഠരായ ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്ലിയാര്‍, പാനായിക്കുളം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കൂട്ടായി മുദരിസ് ബാവ മുസ്ലിയാര്‍ തുടങ്ങിയവര്‍ ഉള്ളടക്കത്തെ അംഗീകരിച്ചുകൊണ്ടെഴുതിയ പ്രസ്താവനകളും കയ്യൊപ്പുകളും ചേര്‍ത്തിട്ടുണ്ട്. പൊന്നാനി ജുമുഅത്ത് പള്ളിക്ക് തൊട്ട് തെക്ക് തരകംകോജിനിയകം തറവാട് പാണ്ടികശാലയില്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന തലശ്ശേരി അണിയാപുറത്ത് അമ്മുസാഹിബിന്‍റെ ഉടമസ്ഥതയിലുള്ള ലിത്തോ പ്രസ്സില്‍നിന്നാണ് ഈ പുസ്തകം മുദ്രണം ചെയ്തത്.
ബ്രിട്ടീഷ് വിരുദ്ധമനോഭാവം വളര്‍ത്താനും ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തെ ഊര്‍ജ്ജിതപ്പെടുത്താനും ശക്തമായി പ്രേരണ നല്‍കുന്ന കൃതി ഇതര രചനകളേക്കാള്‍ ആനുപാതികമായി മലബാര്‍ മുഴുക്കെ വ്യാപകപ്രചാരം സിദ്ധിച്ചു. സ്വാതന്ത്ര്യ സമര നേതാക്കളായ കെ.പി. കേശവമേനോന്‍, എം.പി. നാരായണമേനോന്‍, കെ. മാധവന്‍ നായര്‍ തുടങ്ങിയവര്‍ സര്‍വ്വരും കൃതി വായിച്ച് ഗ്രഹിച്ച് പ്രാവര്‍ത്തികമാക്കണമെന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു.
അവറാന്‍കുട്ടി മൊല്ലയുടെ മകനായി ക്രി.വി. 1876 (ഹി.1293)ല്‍ പരീക്കുട്ടി മുസ്ലിയാര്‍ താനൂരില്‍ ജനിച്ചു. പിതാവില്‍നിന്ന് പ്രാഥമിക പഠനത്തിന് ശേഷം അയ്യായ ജുമാഅത്ത് പള്ളിയില്‍ പണ്ഡിതവര്യനായ അയ്യായ പൊട്ടേങ്ങള്‍ മുഹ്യിദീന്‍ മുസ്ലിയാരുടെ ദര്‍സില്‍ പഠനം നടത്തി. തുടര്‍ന്ന് താനൂര്‍ വലിയ കുളങ്ങര പള്ളിദര്‍സില്‍ ചേര്‍ന്നു. പൊന്നാനി വലിയ ജുമുഅത്ത് പള്ളി ദര്‍സിലെത്തി. അക്കാലത്തെ പ്രശസ്ത പണ്ഡിതന്മാരായ പുതിയകത്ത് കുഞ്ഞന്‍ബാവ മുസ്ലിയാര്‍ മഖ്ദൂമി, തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ കീഴില്‍ ഉപരിപഠനം നടത്തി. അയ്യായ ജുമുഅത്ത് പള്ളി, വൈലത്തൂര്‍ ജുമുഅത്ത് പള്ളി, വലിയകുളങ്ങര ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസ്, ഖത്തീബ് ശ്രേണികളില്‍ ശ്ലാഘനീയ സേവനം ചെയ്തു. രചനാരംഗത്തും പഠനരംഗത്തും നിറസാന്നിദ്ധ്യമായ അദ്ദേഹം സിലബസില്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തി. പഠനാനന്തരം താനൂര്‍ അബ്ദുറഹിമാന്‍ ശൈഖിന്‍റെ ശിഷ്യത്വം സ്വീകരിച്ച് ആത്മീയ രംഗത്ത് ചിരപ്രതിഷ്ഠ നേടി.
1914ല്‍ ആരംഭിച്ച ഒന്നാം ലോക മഹായുദ്ധവും അനുബന്ധമായി വന്ന ഖിലാഫത്തുമാണ് കൃതിയിലെ മുഖ്യ പ്രതിപാധ്യം. ഉസ്മാനിയ ഖലീഫയെ അംഗീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെതിരില്‍ പടപൊരുതുവാനും ഇംഗ്ലീഷ് ഭരണത്തെ അനുകൂലിക്കുന്ന മുസ്ലിംകളുണ്ടെങ്കില്‍ അവരെയും എതിര്‍ക്കാനുമാണ് കൃതി ആഹ്വാനം നല്‍കുന്നത്.
അക്കാലത്തെ ആഗോള മുസ്ലിംകളുടെ നേതൃസ്ഥാനിയെന്ന് വിശേഷിപ്പിക്കപ്പെട്ട തുര്‍ക്കി ഖലീഫ അബ്ദുല്‍ ഹമീദ് ഖാന്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ സഖ്യം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടു.
വിജയിച്ച ബ്രിട്ടീഷ് ഭരണക്കൂടം യുദ്ധത്തിനു മുമ്പ് മുസ്ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു. തുര്‍ക്കിയിലെ ഖിലാഫത്ത് ഭരണം തകര്‍ച്ചയുടെ വക്കിലെത്തി. തുര്‍ക്കി സുല്‍ത്താന്‍റെ ഖലീഫാ പദവിക്ക് ക്ഷതം സംഭവിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഖലീഫ സ്ഥാനം നാമമാത്രമായി. ഇതില്‍ പ്രതിഷേധിച്ച് ഖലീഫയോട് ആഭിമുഖ്യം പ്രകടിപ്പിച്ച് തുര്‍ക്കിയില്‍ ഖിലാഫത്ത് പ്രസ്ഥാനം നിലവില്‍ വന്നു.
സ്വന്തം രാജാവായ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ഭാഗത്തും ലോക മുസ്ലിം നേതൃസ്ഥാനിയായ ഖലീഫ മറുഭാഗത്തും നിലകൊണ്ടത് ഇന്ത്യന്‍ മുസ്ലിംകളില്‍ ആശയ കുഴപ്പത്തിന് വഴിയൊരുക്കി. ഭാരതത്തില്‍ പൊതുവെ അവ്യക്തത നിലനിന്നെങ്കിലും മലബാര്‍ മുസ്ലിംകള്‍ തുര്‍ക്കി ഖലീഫക്ക് പിന്തുണയേകി.
അനുഭാവ സൂചകമായി ഇന്ത്യയിലെ മുസ്ലിം നേതാക്കള്‍ 1919 ജനുവരി 26 ന് ലഖ്നോവില്‍ സമ്മേളിച്ച് ഇന്ത്യന്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്‍കി. ഇതേ വര്‍ഷം ജൂലായില്‍ കേരളത്തില്‍ ആദ്യ ഖിലാഫത്ത് കമ്മിറ്റി കോഴിക്കോട് നിലവില്‍ വന്നു. 1920 ല്‍ ആഗസ്റ്റ് 20 ന് ഫണ്ട് സ്വരൂപിക്കുന്നതിന് ഗാന്ധിജിയും മൗലാന ശൗക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു. ഇത് ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനമായിരുന്നു. ഇന്നത്തെക്കാള്‍ ആനുപാതികമായി ജനസംഖ്യ കുറവായിരുന്ന അക്കാലത്തുപോലും 25,000ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇരുപതിനായിരത്തിലധികം രൂപ ഖിലാഫത്ത് കമ്മിറ്റിയിലേക്ക് സംഭാവനയായി ലഭിച്ചു.
മുസ്ലിംകള്‍ക്ക് പ്രതിസന്ധി നേരിട്ടാല്‍ ഹിന്ദുക്കള്‍ സഹായിക്കണമെന്ന് ഗാന്ധിജിയും, ഹൈന്ദവര്‍ പ്രശ്നങ്ങളില്‍ അകപ്പെട്ടാല്‍ മുസ്ലിംകള്‍ സഹായിക്കണമെന്ന് ശൗക്കത്തലിയും ഉദ്ബോധിപ്പിച്ചു. ഇരു നേതാക്കളുടെയും ആഹ്വാനമനുസരിച്ച് സ്വാതന്ത്ര്യസമര രംഗത്ത് ഹിന്ദു മുസ്ലിം ഐക്യം കുടൂതല്‍ സുദൃഢമായി. വിവിധ പ്രദേശങ്ങളില്‍ ഒരേ സമയത്ത് ഒരേ സ്ഥലത്തുവെച്ച് ചേര്‍ന്നിരുന്ന സംയുക്ത യോഗങ്ങളില്‍ ജാതിമത ഭേദമന്യെ നൂറുകണക്കിനനുഭാവികള്‍ സംഗമിച്ചു. കോണ്‍ഗ്ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിച്ച് സംയുക്ത പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു.
അക്കാലത്ത് ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് എന്നീ രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമെ പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടായിരുന്നുള്ളു. ഇരു പാര്‍ട്ടികളും പല വേദികളിലും സഹകരിച്ച് പ്രവര്‍ത്തിച്ചു. രണ്ട് പാര്‍ട്ടികളിലും ഒരേ സമയം ദ്വയാംഗത്വമുള്ളവരുമുണ്ടായിരുന്നു.
1919 മുതല്‍ കോണ്‍ഗ്രസ്സില്‍ ഗാന്ധിയന്‍ യുഗം ആരംഭിച്ചതോടെ പാര്‍ട്ടിയുടെ നയങ്ങളില്‍ കാതലായ ചലനങ്ങളും മാറ്റങ്ങളുമുണ്ടായി. തുടര്‍ന്ന് ജനകീയ രംഗത്ത് നവോേډഷവും ഉണര്‍വ്വും സംജാതമായി. 1920 ഏപ്രല്‍ 27ന് മഞ്ചേരിയില്‍വെച്ച് ചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മൗലാനാ ആസാദിന്‍റെ തര്‍ക്കുല്‍ മുവാലാത്തും കേന്ദ്രഖിലാഫത്ത് കമ്മിറ്റിയുടെ ഫത്വകളും പരിഭാഷചെയ്ത് പള്ളികളിലും ഖിലാഫത്ത് കമ്മിറ്റികളിലും വിതരണം ചെയ്തു. ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നത് നിഷിദ്ധം, സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുന്നതിന് വിലക്ക്, നികുതി അടക്കുന്നത് തെറ്റ്, സര്‍ക്കാര്‍ സഹായത്താല്‍ നടത്തുന്ന സ്ഥാപനങ്ങളോട് നിസ്സഹകരണം, സര്‍ക്കാര്‍ നല്‍കിയ സ്ഥാനമാനങ്ങളും പദവികളും തിരിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയായിരുന്നു ഫത്വകളുടെ ഉള്ളടക്കം. ഇതിനുപുറമെ ഉറുദുവിലുള്ള ഖിലാഫത്തിനനുകൂലമായ പല ചെറു കൃതികളും ലേഖനങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് വിതരണം ചെയ്തു.
1921 ഏപ്രില്‍ 23, 24 ന് ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരത്ത് ആന്ധ്ര കേസരി ടി. പ്രകാശിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലബാറിലെ കോണ്‍ഗ്രസ്സിന്‍റെ പ്രഥമ രാഷ്ട്രീയ സമ്മേളനത്തോടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പൂര്‍വ്വോപരി ആസൂത്രണ മികവ് കൈവന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് 5000 പ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം മുസ്ലിം പ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ രാഷ്ട്രീയ അരങ്ങേറ്റം ഈ സമ്മേളനത്തിലൂടെയായിരുന്നു.
കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന കെ. മാധവന്‍ നായര്‍ ആറ് മാസക്കാലം തടവിലായതിനാല്‍ കെ. പി. കേശവമേനോനായിരുന്നു പാര്‍ട്ടിയുടെ ചുമതല. അദ്ദേഹത്തെ കെ. പി. സി. സി. സെക്രട്ടറിയായും, ദേശീയ മുസ്ലിം പണ്ഡിത സഭയായ മജ്ലിസുല്‍ ഉലമയുടെ ഭാരവാഹികളായി മദ്രാസ് ജമാലീയ്യ അറബിക്കോളേജ് സദര്‍ മുദരിസ് സയ്യിദ് അലവി തങ്ങള്‍ പ്രസിഡന്‍റായും വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, ശൈഖ് ഹമദാനി തങ്ങള്‍ വൈസ് പ്രസിഡന്‍റായും ഇ. മൊയ്തു മൗലവി ജനറല്‍ സെക്രട്ടറിയായും കട്ടള്ളശ്ശേരി മുഹമ്മദ് മൗലവി, കെ. എം. മൗലവി ജോയന്‍റ് സെക്രട്ടറിയായും സ്വാതന്ത്ര്യസമരത്തെ ഊര്‍ജ്ജിതപ്പെടുത്താന്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. തുടര്‍ന്ന് മിക്ക സ്ഥലങ്ങളിലും കോണ്‍ഗ്രസ്സ്-ഖിലാഫത്ത് കമ്മിറ്റികള്‍ സംയുക്തമായി പോരാട്ടങ്ങള്‍ ഊര്‍ജ്ജിതമാക്കി.
1921 ജൂണ്‍ അവസാനത്തോടെ കേരളത്തില്‍ നൂറിലധികം ഖിലാഫത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പെരുന്നാള്‍, നബിദിനം എന്നിവയോടനുബന്ധിച്ച പ്രത്യേക ഫണ്ട് ശേഖരണവും സകാതില്‍നിന്ന് ഒരു വിഹിതവും സ്വരൂപിച്ച് ഖിലാഫത്ത് കമ്മിറ്റിക്ക് നല്‍കി.
തികഞ്ഞ മതമൈത്രിയോടെ ശാന്തമായി മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ മുന്നേറിയ സ്വാതന്ത്ര്യ സമരങ്ങളെയും അനുകൂസ സമ്മേളനങ്ങളെയും തകര്‍ക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം കുല്‍സിത ശ്രമങ്ങള്‍ ആരംഭിച്ചു. 1921 ജൂണ്‍ 24ന് പുതുപൊന്നാനിയില്‍ മജ്ലിസുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഒരു മഹാ സമ്മേളനം ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തിന് പിന്തുണയേകി. ഇതേ ദിവസം തന്നെ പൊന്നാനി നഗരത്തിലെ പാതാറില്‍ മുസ്ലിം പണ്ഡിതന്മാരുടെയും ബ്രിട്ടീഷ് അനുകൂലികളുടെയും നേതൃത്വത്തില്‍ മറ്റൊരു പണ്ഡിത സഭ ചേര്‍ന്ന് മഹഖുല്‍ ഖലാഫ അലസ്മില്‍ ഖിലാഫ (ഖിലാഫത്തിന് പ്രക്ഷോഭത്തിന്‍റെ യാഥാര്‍ത്ഥ്യം) എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച പ്രമേയത്തില്‍ അതാത്കാലത്ത് ഭരിക്കുന്ന സര്‍ക്കാരിനെ അനുസരിക്കല്‍ മുസ്ലിംകളുടെ കടമയാണെന്ന് ആഹ്വാനം നല്‍കുന്ന ഫത്വ ഇരുപത്തിയയ്യായിരം കോപ്പി അച്ചടിച്ച് മലബാറിന്‍റെ നാനാ ഭാഗങ്ങളും വിതരണം ചെയ്തു. ഈ ഫത്വയെ കാര്യമായി പ്രതിരോധിച്ചത് മുഹിമ്മാത്തുല്‍ മുഅ്മിനീനാണ്.
ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ കൃതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പോലീസ് അധികാരി ആമു സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൃതി കലക്ടര്‍ തോമസ് കണ്ടുകെട്ടി. പുസ്തകത്തിന്‍റെ പ്രതികള്‍ മുഴുവന്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും കൈവശംവെക്കുന്നവരെ അഞ്ച് വര്‍ഷം വരെ കഠിന തടവിന് ശിക്ഷിക്കുന്നതാണെന്ന് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു. 1921ലെ മദ്രാസ് ഗസറ്റില്‍ ഈ കൃതി കൈവശം വെക്കുന്നവരെ വിചാരണ കൂടാതെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷാര്‍ഹമാണെന്ന് പ്രസിദ്ധീകിച്ചിരുന്നു.
മലബാര്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുതന്നെ കരുതല്‍ തടങ്കലില്‍ വെക്കേണ്ട ഇരുപത്തിനാല് പോരാട്ട നായകന്മാരുടെ കൂട്ടത്തില്‍ പരീക്കുട്ടി മുസ്ലിയാരുമുണ്ടായിരുന്നു. ലഹള വ്യാപിച്ചപ്പോള്‍ പോരാട്ടത്തിന് വേഷപ്രച്ഛന്നനായി അണിയറയില്‍ ഉത്തേജനം നല്‍കി. അന്തരീക്ഷം പന്തിയല്ലെന്ന് ഗ്രഹിച്ച അദ്ദേഹം ഒളിവില്‍ കഴിയുകയും കൊടുങ്ങല്ലൂരിലെത്തി കെ.എം. സീതി സാഹിബിന്‍റെ പിതാവ് നമ്പൂതിരിമഠത്തില്‍ ഹാജി ശീതി മുഹമ്മദ് സാഹിബിന്‍റെ ഭവനത്തില്‍ താമസിക്കുകയും അവിടെ നിന്ന് കൊല്ലത്തെത്തി വക്കം അബ്ദുള്‍കാദര്‍ മൗലവിയുമായി ബന്ധപ്പെട്ട് ഒരു ചരക്ക് കപ്പലില്‍ ബോംബെയിലേക്ക് കടത്തുകയും ഒരു മുസ്ലിം ധനാഢ്യന്‍റെ സഹായത്തോടെ 1930കളില്‍ മക്കയിലേക്ക് കപ്പല്‍ കയറുകയും ചെയ്തു. അവിടത്തെ പൗരത്വം ലഭിച്ച അദ്ദേഹം അധ്യാപനവും അധ്യായനവുമായി മക്കയില്‍ കഴിച്ചുകൂട്ടി. അക്കാലത്തെ പ്രസിദ്ധ സൗദി പത്രമായ ഉമ്മുല്‍ ഖുറ; നിരന്തരമായി ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങള്‍ എഴുതി. ക്രി.വ. 1934 (ഹി.1353)ല്‍ മക്കയില്‍ ഇഹലോകവാസം വെടിഞ്ഞു.