മുസ്ലിം വിദ്യാഭ്യാസം



മുസ്ലിം വിദ്യാഭ്യാസം




ടിവി അബ്ദുറഹിമാന്കുട്ടി

9495095336


1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. 1884ലെ സര്‍ക്കാര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ ദയനീയാവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണകൂടം ശുഷ്കാന്തി പ്രകടിപ്പിക്കുകയോ പ്രോല്‍സാഹനം നല്‍കുകയോ ചെയ്തില്ല. സമുദായ നേതാക്കളുടെ ശ്രമത്താല്‍ പലയിടത്തും സ്ക്കൂളുകളും അറബിക്ക് മദ്രസ്സകളും നിലവില്‍ വന്നു. ഉത്തരേന്ത്യയില്‍ വീശി തുടങ്ങിയിരുന്ന 19-ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം അലിഗഢ് മൂവ്മെന്‍റിന്‍റെ ചലനം ഭാരതത്തിന്‍റെ പല ഭാഗത്തും മുസ്ലിം വിദ്യാഭ്യാസ രംഗത്ത് നവോേډഷം നല്‍കി. കേരളത്തിലും ഗണനാര്‍ഹമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കി. 


തെക്കെ മലബാറിലെ പ്രഥമ വിദ്യാഭ്യാസ സമ്മേളനം


എന്നിട്ടും മലബാറിലെ മുസ്ലിംകളില്‍ ഒരു വിഭാഗം മലയാളം ആര്യ ഭാഷയായും ഇംഗ്ലീഷ് നരക ഭാഷയായും തെറ്റിദ്ധരിച്ച് ആധുനിക വിദ്യാഭ്യാസത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്ന 20-ാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ പൊന്നാനി വലിയ ജാറം അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് ചേര്‍ന്ന മുസ്ലിം വിദ്യാഭ്യാസ സമ്മേളനം ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട തെക്കെ മലബാറിലെ ആദ്യത്തെ അപൂര്‍വ്വ കുട്ടായ്മയാണ്. 

1910 ഫെബ്രുവരി 28 (ഹിജറ 1328 സഫര്‍ 17)ന് തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് എട്ടാം സര്‍ക്കിള്‍ സ്കുള്‍ ഇന്‍സ്പെക്ടര്‍ പി.പി. ബ്രൈത്ത് വൈറ്റ് സായിപിന്‍റെ അദ്ധ്യക്ഷതയിലാണ് സമ്മേളനം ആരംഭിച്ചത്. ആധുനിക വിദ്യാഭ്യാസവും മാപ്പിള മുസ്ലിംകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചത് പൊന്നാനിയുടെ വര്‍ത്തക പ്രമുഖനും ഇംഗ്ലീഷ് പരിജ്ഞാനം നേടിയ അപൂര്‍വ്വ മുസ്ലിം യുവാക്കളില്‍ ഒരാളുമായ എം. കുട്ടിഹസ്സന്‍ കുട്ടിയായിരുന്നു. ഡിസ്ട്രിക്ട് മുന്‍സിഫ് കെ. എ. കണ്ണന്‍, പി. ബി. വാഞ്ചി അയ്യര്‍ ബി. എ. എല്‍. ടി. , മലബാര്‍ ഡിവിഷണല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ എന്‍. സി. കണ്ണന്‍ നമ്പ്യാര്‍, പാലക്കാട് റേഞ്ച് സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എസ്. ഫെര്‍ണാണ്ടസ്, സബ് മജിസ്ട്രേറ്റ് ദ്വരൈ സ്വാമി അയ്യര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി. കുട്ടിരാമന്‍ നായര്‍, സിവില്‍ അപ്പോത്തിക്കിരി പി. ജെ. വുനൈന്‍, ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി ഹെഡ് ക്ലര്‍ക്ക് ആര്‍. കെ. കോരന്‍, പോലീസ് സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ ഗോവിന്ദ കിടാവ്, പി. ഡബ്ലു. ഡി. കോണ്‍ട്രാക്ടര്‍ പാടാലിയില്‍ മാക്കുണ്ണി, ഹിന്ദു സ്കൂള്‍ ഇന്‍സ്പെക്ടര്‍ പി. അച്യുതന്‍, പൊന്നാനി നഗരം അംശം അധികാരി പി.കുഞ്ഞികൃഷ്ണന്‍, മദ്ധ്യ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ എം. ബാവമൂപ്പന്‍, സലാഹുല്‍ ഇഖ്വാന്‍ മാനേജര്‍ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍, പൊന്നാനി യൂണിയന്‍ (പഞ്ചായത്ത്) ബോര്‍ഡ് പ്രസിഡന്‍റ് വി. ആറ്റക്കോയ തങ്ങള്‍, സഭാ മാനേജര്‍ കല്ലിങ്കലകത്ത് കോയക്കുട്ടി, ജോയന്‍റ് സെക്രട്ടറി പഴയകത്ത് കോയക്കുട്ടി തങ്ങള്‍, അസിസ്റ്റന്‍റ് മാനേജര്‍ പാലത്തുംവീട്ടില്‍ മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുണ്ണി, ചോഴിമാടത്തിങ്കല്‍ തറീക്കുട്ടി, അഴിക്കലകത്ത് മമ്മിക്കുട്ടി, കൊങ്ങണം വീട്ടില്‍ അബ്ദുല്ലക്കുട്ടി, തരകം കോജിനിയകത്ത് മുഹമ്മദ്, വെട്ടം വീട്ടില്‍ അറക്കല്‍ അബ്ദുറഹിമാന്‍ തുടങ്ങിയ സഭാ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍മാര്‍, ജനറല്‍ ബോഡി അംഗങ്ങള്‍ തുടങ്ങി ഔദ്യോഗിക-അനൗദ്യോഗിക പ്രമുഖരുള്‍പ്പെടെ ജാതി-മത ഭേദമന്യെ നൂറ് കണക്കിന് വിദ്യാവാസനികള്‍ ഈ യോഗത്തില്‍ സംബന്ധിച്ചു. മഊനത്തുല്‍ ഇസ്ലാം സഭ തയ്യാറാക്കുന്ന ഒന്നാം പാഠപുസ്തകവും ഖുര്‍ആനും എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുക, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ച് മുസ്ലിംകള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ ദുരീകരിക്കാന്‍ സഭാ ചെലവില്‍ ലഘുലേഖകള്‍ അടിച്ച് മഊനത്തിന്‍റെ ഉപശാഖകളിലും മഹല്ലുകളിലും വിതരണം ചെയ്യുക, മാപ്പിള ബോര്‍ഡ് സ്കൂളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുക, മുസ്ലിംകളില്‍ നിന്ന് അദ്ധ്യാപകരെയും വിദ്യാഭാസ  ഇന്‍സ്പെക്ടര്‍മാരെയും വാര്‍ത്തെടുക്കുക, പ്രോത്സാഹനാര്‍ത്ഥം മുസ്ലിം ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുക, എല്ലാ മുസ്ലിംകള്‍ക്കും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസം നേടാനെങ്കിലും അവസരം ഒരുക്കുക തുടങ്ങിയ പല സുപ്രധാന തീരുമാനങ്ങളുമെടുത്തു. 

ഇത്രയും വിപുലമായൊരു സമ്മേളനം സംഘടിപ്പിച്ചതിന് സഭാ പ്രസിഡന്‍റ് കുഞ്ഞിസീതി കോയ തങ്ങളെ അഭിനന്ദിച്ച് തെക്കെ ഖണ്ഡം മാപ്പിള സ്കൂള്‍ സബ് അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സി.ഒ. മുഹമ്മദ് കേയി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേകം താത്പര്യം പ്രകടിപ്പിച്ച യോഗ അദ്ധ്യക്ഷന്‍ ബ്രൈത്ത് വൈറ്റ് സായിപ്പിനെ കുഞ്ഞിസീതി കോയ തങ്ങള്‍ ഹാരമണിയിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. 

സമ്മേളനം വിജയിച്ചതിന്‍റെ അഹ്ലാദസൂചകമായി സദസ്സില്‍ പനിനീര്‍ തെളിച്ച് ആഗതര്‍ക്കെല്ലാം അടക്കയും വെറ്റിലയും ചുരുട്ടും വിതരണം ചെയ്ത് യോഗം സമംഗളം പര്യവസാനിച്ചു. തുടര്‍ന്ന് തീരുമാനങ്ങള്‍ ക്രമാനുസൃതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ സഭ തീവ്രശ്രമങ്ങള്‍ നടത്തി ആദ്യകാല മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്ലാഘനീയമായ ഇടംനേടി. 

അക്കാലത്ത് നടന്ന ഇതുപോലുള്ള നാമമാത്ര സമ്മേളനങ്ങളാണ് തുടര്‍ന്ന് വന്ന പല വിദ്യാഭ്യാസ ചലനങ്ങള്‍ക്കും മുസ്ലിംകള്‍ക്ക് ആവേശം പകര്‍ന്നത്. പൊന്നാനിക്കാര്‍ ഉദുമാന്‍ സാറെന്ന് ആദരപൂര്‍വ്വം വിളിച്ചിരുന്ന കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍ വലിയപള്ളിക്ക് സമീപം തരകന്‍ കോജിനിയകം തറവാടങ്കണത്തിലെ കെട്ടിടത്തിനു മുകളില്‍ തഅ്ലീമുല്‍ ഇഖ്വാന്‍ മദ്രസ്സ സ്കൂള്‍ സ്ഥാപിച്ചും മലബാര്‍ ജില്ലാ വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ നഴ്സിംഗ് ഹോമിന് അടുത്ത് ടൗണ്‍ ജിഎല്‍പി സ്കൂള്‍ പുനരുദ്ധരിച്ചും പൊന്നാനി നഗരത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് ഊര്‍ജ്ജം നല്‍കി പൊന്നാനിയിലും പരിസരത്തും മുസ്ലിംകളില്‍ വിദ്യാഭ്യാസ രംഗത്ത് നവോേډഷം പകര്‍ന്നു.


ടി. ഐ. യു. പി. സ്ക്കൂള്‍


വിദ്യാഭ്യാസ സമ്മേളനത്തെ തുടര്‍ന്ന് നിലവില്‍ വന്ന പൊന്നാനി നഗരത്തിലെ ആദ്യത്തെ വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂള്‍. വിദ്യാതല്‍പ്പരനായ കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റ (1884-1964)റുടെ യുവത്വത്തിന്‍റെ ഊര്‍ജ്ജസ്വലതയോടെ വിദ്യാഭ്യാസ രംഗത്തുള്ള സജീവ ഇടപെടലുകള്‍ ഹേതുവായാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. ഇതേ കാലത്ത് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മദ്രസ്സാ സിലബസ് പരിഷ്കരിച്ച് ഏതാനും മദ്രസ്സാ-സ്ക്കൂളുകള്‍ക്ക് മലബാറിലും കൊച്ചി രാജ്യത്തും ആരംഭം കുറിച്ചത് മാസ്റ്ററുടെ സദുദ്ദ്യമത്തിന് കരുത്തേകി.

ഭൗതീക വിഷയങ്ങളോടൊപ്പം മതപഠനവും അറബി ഭാഷയും ഉള്‍പ്പെടുത്തി. വലിയപള്ളിക്ക് സമീപം തരകന്‍ കോജിനിയകത്ത് തറവാട് അങ്കണത്തിലെ കെട്ടിടത്തില്‍ തഅ്ലീമുല്‍ ഇഖ്വാന്‍ മദ്രസ്സ സ്ഥാപിച്ച് ഉസ്മാന്‍ മാസ്റ്റര്‍ മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് ഈ സ്ഥാപനം ടൗണിലെ രായിച്ചിനകം വീടിനടുത്ത മാളിക മുകളിലേക്ക് മാറ്റി. സ്കൂളിന്‍റെ ആരംഭം മുതല്‍ പ്രധാന അദ്ധ്യാപകനായിരുന്ന ഉസ്മാന്‍ മാസ്റ്റര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത ട്രൈനിങ് യോഗ്യത  ഇല്ലാത്തതിനാല്‍ പ്രസ്തുത പദവി ഒഴിയേണ്ടി വന്നു എന്നിട്ടും  സ്ഥാപനത്തിന്‍റെ സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തിയായും ജീവനക്കാരനായും തുടര്‍ന്നു. 

1914 ആകുമ്പോഴക്കും തഅ്ലീമുല്‍ ഇഖ്വാന്‍ നാലാം ക്ലാസ്സ് വരെയുള്ള എല്‍.പി. സ്ക്കൂളായി രൂപാന്തരപ്പെട്ടു. അധികം താമസിയാതെ മദ്രാസ്സ് സര്‍ക്കാറില്‍ നിന്ന് താല്‍ക്കാലിക അംഗീകാരവും ലഭിച്ചു. മാസ്റ്ററുടെ ഓരോ ചലനങ്ങള്‍ക്കും ആറ്റക്കോയ തങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. മാസ്റ്റര്‍ നഗരത്തിലെ മുസ്ലിം വീടുകളില്‍ ദൈനംദിനം കയറിയിറങ്ങി രക്ഷിതാക്കളെ നിരന്തരം പ്രോല്‍സാഹിപ്പിച്ചാണ് പല കുട്ടികളും സ്ക്കൂളില്‍ ചേര്‍ന്നത്.

പ്രഥമ വിദ്യാര്‍ത്ഥി വെട്ടംകുഞ്ഞിമാക്കാനകത്ത് മുഹമ്മദാണ്. എന്നിട്ടും ആദ്യത്തെ നാല്വര്‍ഷങ്ങള്‍ക്കിടയില്‍ 209 ആണ്‍കുട്ടികള്‍ മാത്രമേ ചേര്‍ന്നുള്ളൂ.1918 ല്‍ അഡ്മിഷന്‍ നമ്പര്‍ 210 ആയി പ്രവേശിച്ച അബ്ദുല്ലകുട്ടി മകള്‍ കൊങ്ങണം വീട്ടില്‍ പാത്തുമാമ്മകുട്ടിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ഇവരാണ് പൊന്നാനി നഗരത്തിലെ മുസ്ലിം വനിതകളില്‍ പ്രഥമ സ്ക്കൂള്‍ പഠിതാവ്. ഈ അവസരത്തില്‍ മുസ്ലിം വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ കാജാ ഹുസൈന്‍ സാഹിബിന്‍റെ സ്ക്കൂള്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് 1919ല്‍ സ്ഥാപനത്തിന് സ്ഥിരമായ അംഗീകാരം ലഭിച്ചു.

അറക്കല്‍ രാജകുടുംബത്തിന്‍റെ സഹായത്താല്‍ കണ്ണൂരിലെ   എ.എന്‍. കോയകുഞ്ഞി സാഹിബിന്‍റെ നേതൃത്വത്തില്‍ 1911ല്‍ സ്ഥാപിതമായ മഅദനുല്‍ ഉലും മദ്രസ്സാ സ്ക്കൂള്‍  മാസ്റ്റര്‍ സന്ദര്‍ശിച്ച് അവിടത്തെ പാഠ്യപരിഷ്ക്കരണം തന്‍റെ വിദ്യാലയത്തിലും നടപ്പില്‍ വരുത്തി. ഈ അവസരത്തിലാണ് ഇ.കെ ഇമ്പിച്ചിബാവയും, വി.പി.സി തങ്ങളും പഠിതാക്കളായി ചേര്‍ന്നത്. ചീഫ് എഞ്ചിനീയര്‍ എ. എം. ഉസ്മാന്‍ സാഹിബ്, എന്‍ജിനിയര്‍ കെ. വി. അബ്ദുല്‍ അസീസ് സാഹിബ്, അഡ്വക്കറ്റ് എം. അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയ പല പ്രഗല്‍ഭരും ഏതാണ്ട് ഇതേ കാലത്ത് ഇവിടെ പഠിതാക്കളായി ചേര്‍ന്ന് ഉന്നത സ്ഥാനീയരായി തീര്‍ന്നവരാണ്. 

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്ഥാപനം മുന്നോട്ട് പോകുന്നതിന്  സാമ്പത്തിക ബാദ്ധ്യത വര്‍ദ്ധിച്ചപ്പോള്‍ അമ്പലത്ത് വീട്ടില്‍ മുഹമ്മദ് പ്രസിഡണ്ടും, പിന്നീട് മഊനത്തുല്‍ ഇസ്ലാം സഭ സെക്രട്ടറി പദം അലങ്കരിച്ച പി.കെ.അബ്ദുറഹിമാന്‍ കുട്ടി എന്ന ഇമ്പിച്ചി സെക്രട്ടറിയുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് സ്ക്കൂള്‍ ഭരണം ഏല്‍പ്പിച്ചു. 

കേരളത്തിലെ പല പ്രധാന മുസ്ലിം കേന്ദ്രങ്ങളിലേത് പോലെ തഅ്ലീമുല്‍ ഇഖ്വാന്‍ സ്ക്കൂളിലും മാസ്റ്ററുടെ നേതൃത്വത്തില്‍ കയ്യെഴുത്ത് എല്ലാ വര്‍ഷവും സാഘോഷം കൊണ്ടാടിയിരുന്നു. ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് സ്ഥാപനം പൂര്‍വ്വോപരി പുരോഗതി പ്രാപിക്കുന്ന അവസരത്തിലാണ് ഈ ആഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ക്കൂള്‍ കമ്മിറ്റിയുമായി ഉണ്ടായ അസ്വാരസ്യം കാരണം 1927 ല്‍ തഅലീമുല്‍ ഇഖ്വാനോട് വിട പറയേണ്ടി വന്ന മാസ്റ്റര്‍ തിരൂരിന്നടുത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന തീരപ്രദേശമായ കൂട്ടായിയില്‍ സ്ക്കൂള്‍ സ്ഥാപിച്ചത്. മദ്രസ്സത്തുല്‍ ഇഖ്വാന്‍ സ്ക്കൂള്‍ എന്ന പേരിലുള്ള  ഈ സ്ക്കൂളാണ് അടുത്ത കാലത്ത് സുലൈമാന്‍ ഹാജി മെമ്മോറിയല്‍ സ്ക്കൂള്‍ എന്നാക്കി പൂനര്‍ നാമകരണം ചെയ്തത്.  തുടര്‍ന്ന് മാസ്റ്റര്‍ പറവണ്ണയിലും വെളിയംകോടും സ്ക്കൂളുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

1931 ല്‍ ഇന്നത്തെ മെയിന്‍ കെട്ടിടത്തിലേക്ക് മാറ്റിയ തഅലീമുല്‍ ഇഖ്വാന്‍ വിദ്യാലയം തഅലീമുല്‍ ഇഖ്വാന്‍ മദ്രസ്സ 1935ല്‍ യു.പി. സ്ക്കൂളായി അംഗീകാരം ലഭിച്ചു. ഹയര്‍ എലിമെന്‍റററി സ്ക്കൂള്‍ (ടി.ഐ. മദ്രസ്സ എച്ച്.ഇ. സ്ക്കൂള്‍) എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഈ അവസരത്തിലാണ് കെ.വി ഇബ്രാഹിംകുട്ടി മാസ്റ്റര്‍ പ്രധാന അദ്ധ്യാപകനായി തിളങ്ങി പാഠ്യ- പാഠ്യേതര രംഗത്ത് സ്ഥാപന വളര്‍ച്ചയ്ക്ക് അശ്രാന്ത പരിശ്രമം നടത്തിയത്. ആദ്യകാലത്ത് മുസ്ലിം സ്കൂളുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയായിരുന്നു. വെള്ളിയും ശനിയും അവധിയും. 

ഇബ്രാഹിംകുട്ടി മാസ്റ്റര്‍ക്കുശേഷം സ്ഥാപനത്തിന്‍റെ സര്‍വ്വതലസ്പര്‍ശിയായ ചാലക ശക്തിയായി തിളങ്ങിയത് എ. അബൂബക്കര്‍ മാസ്റ്ററായിരുന്നു.  കെ.കെ. അബ്ദുറു മാസ്റ്റര്‍, കെ.കെ. അസൈനാര്‍ മാസ്റ്റര്‍, ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, വലിയ മൊയ്തുണ്ണി മാസ്റ്റര്‍, ശങ്കരന്‍ നായര്‍, ചെറിയ മൊയ്തുണ്ണി മാസ്റ്റര്‍, ആര്‍.ഒ. മൊയ്തുണ്ണ മാസ്റ്റര്‍, കൃഷ്ണന്‍നായര്‍, കുഞ്ഞുട്ടി മൗലവി, ഗോപാലന്‍ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടിമാസ്റ്റര്‍ സീനിയര്‍, എം.വി. സഫിയ്യ ടീച്ചര്‍, ടി. സുഭദ്ര ടീച്ചര്‍, കെ. ഇബ്രാഹിംകുട്ടി മാസ്റ്റര്‍,  സി.സി. കുഞ്ഞിബാവ മാസ്റ്റര്‍, സി.സി. കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍,  പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, യു.കെ. ബാവ മാസ്റ്റര്‍, വി. ബാവക്കുട്ടി മാസ്റ്റര്‍, ടി.ടി. മുഹമ്മദുണ്ണി മാസ്റ്റര്‍, എം. ഗോപാലന്‍ മാസ്റ്റര്‍, ടി.വി. അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍, കെ.വി. സുലൈഖ ടീച്ചര്‍, കെ. രാധ ടീച്ചര്‍,  കെ. പത്മിനി ടീച്ചര്‍, പി.എം. മുഹമ്മദ്കുട്ടി മാസ്റ്റര്‍, പി.എം. കുട്ടിഹസ്സന്‍ മാസ്റ്റര്‍, പി.വി. അബ്ദുള്‍കാദര്‍ മാസ്റ്റര്‍ ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചരിത്രകാരനുമായ ടിവി അബ്ദുറഹിമാന്‍കുട്ടിയടക്കം പ്രമുഖരായ ഒരു പറ്റം അദ്ധ്യാപിക-അദ്ധ്യാപകരുടെ നിരതന്നെ പാഠ്യ- പാഠ്യേതര രംഗത്ത് സ്തുത്യര്‍ഹമായ പാദമുദ്ര ചാര്‍ത്തിയവരാണ്.

മാറഞ്ചേരി, കാഞ്ഞിരമുക്ക്, പുറങ്ങ്, കറുകത്തിരുത്തി, വെളിയംങ്കോട്, ഈഴുവത്തിരുത്തി, പുറത്തൂര്‍ തുടങ്ങിയ സമീപ പ്രദേശങ്ങളില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. വിശിഷ്യ പൊന്നാനി നഗരത്തിലെയും തീരപ്രദേശത്തെയും വിദ്യാഭ്യാസ ഉന്നതിക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു.

പ്രമുഖ വിദ്യാഭ്യാസ വിവിക്ഷണനായ പ്രിന്‍സിപ്പാള്‍ ഏ. വി. മൊയ്തീന്‍കുട്ടി സാഹിബ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ഏ. വി. ഹംസ സാഹിബ്, മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ. മുഹമ്മദ് മാസ്റ്റര്‍, റെയില്‍വെ മജിസ്ട്രേറ്റ് എവി കുഞ്ഞിബാവ ഹാജി  തുടങ്ങിയ പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. പൊന്നാനിയിലും പരിസരത്തും ഇപ്പോഴും സൂറത്തുല്‍ ഫത്തഹ് ഓതി പഠനം ആരംഭിക്കുന്ന ഏക എയ്ഡഡ് സ്ക്കൂള്‍ ആണ് ഇത്. റിട്ട. സെയില്‍സ്ടാക്സ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. മുഹമ്മദ് സാഹിബ് മാനേജറും, കെ. എസ് മുഹമ്മദ് സലീം, ഹെഡ്മാസ്റ്ററുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തില്‍ 2020ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും പൂര്‍ത്തിയായിട്ടില്ല. 


എം.ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍


ടി.ഐ.യു.പി. സ്കൂളില്‍ നിന്ന് വിടപറഞ്ഞ ശേഷം ഉസ്മാന്‍ മാസ്റ്റര്‍ കൂട്ടായിലും പറവണ്ണയിലും മദ്രസ്സാ സ്കൂളുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് 1930കളോടെ പൊന്നാനിയില്‍ തിരിച്ചെത്തിയ മുസ്ലിം ശിശുപഠന ശാലയായ മദ്രസത്തുല്‍ മര്‍ളിയ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് പൂര്‍വ്വോപരി സജീവമായി.

മലയാളം ആര്യനെഴുത്തായും ഇംഗ്ലീഷ് നരകഭാഷയായും മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം കരുതിപ്പോന്നിരുന്ന അക്കാലത്ത് മുസ്ലിംകള്‍ക്ക് പൊതുവിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മുസ്ലിം വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്ന പോരായ്മകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്കും ഭൗതീക വിഷയങ്ങളോടൊപ്പം മതപഠനവും അറബി ഭാഷയും സമന്വയിപ്പിച്ച് നവീന പാഠ്യപദ്ധതിയനുസരിച്ച് വെട്ടംപോക്കിരിയകം തറവാടിന് മുകളില്‍ ആരംഭിച്ച സ്കൂളാണ് പിന്നീട് പൊന്നാനി നഗരത്തിലേയും കടലോര മേഖലയിലേയും പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റത്തിന് തുടക്കം കുറിച്ച് പിന്നീട് എംഐയുപി സ്കൂ(മഊനത്തുല്‍ ഇസ്ലാം ഹയര്‍ എലിമെന്‍ററി സ്കൂള്‍) ളായി രൂപാന്തരപ്പെട്ടത്.

സഭയ്ക്ക് അരികെ ജുമുഅത്ത് പള്ളി കുളത്തിന് തെക്ക്പടിഞ്ഞാറേ കരയില്‍ ഉസ്മാന്‍ മാസ്റ്ററുടെ പിതൃവ്യനായ കുന്നിക്കലകത്ത് അവുതലുക്കുട്ടിയുടെ വാഴത്തോട്ടത്തി (ചൊട്ടാപ്പ്) ല്‍ കെട്ടിയുണ്ടാക്കിയ നാല്കാലോല പുരയുള്ള താല്‍ക്കാലിക ഷെഡ്ഡിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.

അദ്ദേഹം സ്ഥാപിച്ച മദ്രസ്സ മര്‍ളിയ 1932ല്‍ മദ്റസ്സത്തുല്‍ ഉസ്മാനിയ എലിമെന്‍ററി സ്ക്കൂള്‍ എന്ന പേരില്‍ മദ്രാസ് സര്‍ക്കാറില്‍ നിന്ന് അംഗീകാരം നേടി. അവറാന്‍കുട്ടി മുസ്ലിയാരകത്ത് അബുസാലിഹാണ് പ്രഥമ വിദ്യാര്‍ത്ഥി. തുടര്‍ന്ന് ഇവിടെ തന്നെ ഓട്മേഞ്ഞ ഷെഡ്ഡ് നിര്‍മ്മിച്ചു. സ്കൂള്‍ വിപുലീകരിച്ചു. തറീക്കാനകത്ത് കോയക്കുട്ടി, പടിഞ്ഞാറകത്ത് കുഞ്ഞീറ്റി, തുന്നംവീട്ടില്‍ മുഹമ്മദ് തുടങ്ങിയവരുടെ നിസീമമായ സഹകരണം അദ്ദേഹത്തിന് കരുത്തേകി. സ്കൂളിന്‍റെ ജീവാത്മാവും പരമാത്മാവും ഉസ്മാന്‍മാസ്റ്ററായതുകൊണ്ട് വര്‍ഷങ്ങളോളം ഈ വിദ്യാലയത്തെ ഉദുമാന്‍ സാറിന്‍റെ സ്കൂള്‍ എന്നാണ് തദ്ദേശീയര്‍ വിളിച്ചത്.

മുസ്ലിം സ്ത്രീ വിദ്യാഭ്യാസം പൊന്നാനി അങ്ങാടിയില്‍ നാമമാത്രമായിരുന്ന അക്കാലത്ത് മാസ്റ്ററുടെ പുത്രി അമ്പലത്ത് വീട്ടില്‍ ബിവിയെ ആദ്യ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്ത് ദേശത്തിന് മാതൃകയായി. 

അക്കാലത്ത് സ്ക്കൂള്‍ പഠനത്തിന് പോകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പലയിടത്തും അധിക്ഷേപവും പരിഹാസവും സഹിക്കേണ്ടി വന്നിരുന്നു. ഒരു ഗ്രാമീണ മുസ്ലിം പെണ്‍കുട്ടി താന്‍ അനുഭവിക്കേണ്ടി വന്ന യാതന വിവരിക്കുന്നത് നോക്കൂ:

എന്‍റെ ബാപ്പ ഖത്തീബും ഇമാമുമായിരുന്നു. വീടിനടുത്തുള്ള ഒരു ഹൈന്ദവ മാനേജ്മെന്‍റിന് കീഴിലുള്ള സ്ക്കൂളില്‍ അദ്ദേഹം എന്നെ ചേര്‍ത്തു. ഖത്തീബിന്‍റെ മകള്‍ സ്ക്കൂളില്‍ പഠിക്കുന്നതിന് ശക്തമായ എതിര്‍പ്പ് വന്നതിനാല്‍  ഞാന്‍ തല്‍ക്കാലം പഠനം നിറുത്തിയെങ്കിലും തുടര്‍പഠനത്തോടുള്ള ആഗ്രഹത്താല്‍ ഒളിഞ്ഞും മറിഞ്ഞും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. സ്ക്കൂള്‍ വീടിനടുത്തായിരുന്നുവെങ്കിലും വിമര്‍ശകര്‍  കാണാതിരിക്കാന്‍ വളഞ്ഞ വഴിയിലൂടെ ഒരു പുഴ കടന്ന് രണ്ടു മൂന്ന് ഫര്‍ലോങ്ങ് യാത്ര ചെയ്ത് സ്ക്കൂളിന്‍റെ പിന്നിലൂടെയാണ് ക്ലാസ്സില്‍ ഹാജരായത്. നമസ്ക്കാരത്തില്‍ വെളിവാകുന്ന ഭാഗങ്ങള്‍ മാത്രം വെളിവാക്കി വസ്ത്രം ധരിച്ച് സ്ക്കൂളില്‍ പോകുമ്പോള്‍ എന്നെ കോത്തായി (ഉരിഞ്ഞിട്ടവള്‍) എന്ന് വിളിച്ചു കുട്ടികള്‍ കളിയാക്കും. സ്ക്കൂളിന്‍റെ വാര്‍ഷികത്തിന് ഞാന്‍ ഒരു ഇംഗ്ലീഷ് പ്രസംഗം നടത്തിയതിനാല്‍ എതിര്‍പ്പ് അതിരൂക്ഷമായി. അവസാനം ഒരു പണ്ഡിതന്‍റെ മതവിധി വാങ്ങി എന്‍റെ ബാപ്പയെ പള്ളിയില്‍ നിന്ന് പുറത്താക്കി. 

ഇത്രയും രൂക്ഷമായ എതിര്‍പ്പ് പൊന്നാനിയില്‍ ഇല്ലായിരുന്നുവെങ്കിലും ചോക്ക് കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ ദീനി പാഠഭാഗങ്ങള്‍ പഠനത്തിനായി എഴുതുന്ന സമയത്ത് ചോക്ക് പൊടി നിലത്ത് വീഴല്‍ അനഭിലക്ഷണീയമാണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത് പഠനപരിഷ്ക്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു കാരണം പലരില്‍ നിന്നും  കടുത്ത എതിര്‍പ്പും ത്യാഗവും മാസ്റ്റര്‍ സഹിക്കേണ്ടി വന്നു. മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന്‍റെ കടുത്ത വിമര്‍ശകരില്‍ നിന്ന് ഒരവസരത്തില്‍ പൊന്നാനി വലിയപള്ളിയുടെ പടിപ്പുരയില്‍ വെച്ചു അദ്ദേഹത്തിന് കല്ലേറും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.  പ്രതിസന്ധികളില്‍ അദ്ദേഹത്തിന് ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചത് സഭ അസിസ്റ്റന്‍റ് മാനേജര്‍ കെ.എം. നൂറുദ്ധീന്‍കുട്ടിയായിരുന്നു. ഏതാനും വര്‍ഷം മദ്രസ്സത്തുല്‍ ഉസ്മാനിയ സ്ക്കൂളിന്‍റെ മാനേജര്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചു.


1934 ഏപ്രില്‍ 28ന് ശനിയാഴ്ച ഉച്ചക്ക് 3.20ന് പൊന്നാനി കടപ്പുറത്തെ ഇന്നത്തെ ലൈറ്റ് ഹൗസിന് സമീപം ആറ്റക്കുളം പരിസരത്ത് ചേര്‍ന്ന മൗനത്തുല്‍ ഇസ്ലാം സഭയുടെ വിപുലമായ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ നേതാവ് മൗലാനാ ഷൗക്കത്തലിയുടെ മുഖ്യ പ്രഭാഷണത്തില്‍ ആധുനിക വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന് അനിവാര്യമാണെന്ന് ഉത്ബോധിപ്പിച്ചു. തുടര്‍ന്ന് ദീനി വിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാഭാരവാഹികളും സുമനുസക്കളായ സമുദായ നേതാക്കളും ആധുനിക വിദ്യാഭ്യാസം മുഖ്യ വിഷയമായെടുത്ത് പലവട്ടം യോഗങ്ങള്‍ ചേര്‍ന്നു. സഭാ ഫണ്ട് ഈ രംഗത്ത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു.

സഭാ ഭാരവാഹികളും കമ്മിറ്റിയും സമസ്ത ജംഇയത്തുല്‍ ഉലമ നേതാക്കളായ ഖുത്തുബി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ബാരി മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സമസ്ത സ്ഥാപക മെമ്പര്‍ പൊന്നാനി കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, കെ എം നൂറുദ്ധീന്‍കുട്ടി തുടങ്ങിയ പ്രമുഖര്‍ ഈ രംഗത്ത് പ്രകടിപ്പിച്ച അര്‍പ്പണമനോഭാവവും ദീര്‍ഘ വിക്ഷണവും അവിസ്മരണീയമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി 1941ല്‍ സ്ക്കുള്‍ സഭ ഏറ്റെടുത്തു. തുടര്‍ന്നാണ് വടക്ക് ഭാഗത്തെ ബ്ലോക്ക് നിര്‍മ്മിച്ചത്. 

ഇംഗ്ലീഷുകാരുടെ പാഠ്യ പദ്ധതിയോടുള്ള വലിയൊരു വിഭാഗത്തിനുള്ള വിരോധം കൊണ്ടാവാം പ്രമുഖ മുസ്ലിം കേന്ദ്രമായ  ഇവിടെയും അക്കാലത്ത് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര ഉണ്ടാവാതിരുന്നത്. ഈ പോരായ്മ മുതലെടുത്ത് ഉയര്‍ന്ന വിദ്യാദാനവും വിദ്യാസ്വീകരണവും സവര്‍ണ്ണരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന വിഭാഗം കുത്തകയാക്കി. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്‍റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനോലി കനാലിന്‍റെ പടിഞ്ഞാറ് ഭാഗത്തെ സാധാരണക്കാര്‍ക്ക് പ്രയാസമായി. പ്രദേശത്തെ ഹൈസ്ക്കുളില്‍ അഡ്മിഷന്‍ സമയത്ത് അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നില്ല ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല. 


ഈ ന്യുനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് പിന്നീട് മദ്രാസ്സ് ഹൈക്കോടതി ജസ്റ്റിസ് പദം അലങ്കരിച്ച സഭാ മാനേജിങ് കമ്മിറ്റി മെമ്പറായിരുന്ന ഹാജി പി കുഞ്ഞിഅഹമ്മദുകുട്ടിയുടെ അദ്ധ്യക്ഷതയില്‍ കെ.എം. സീതി സാഹിബ് പങ്കെടുത്ത 1945ലെ സ്ക്കൂള്‍ വാര്‍ഷിക യോഗം നിലവിലുള്ള യുപി സ്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രദേശത്തിന്‍റെയും സമുദായത്തിന്‍റെയും സ്വപ്നം സാക്ഷാല്‍കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. തദനുസൃതമായി സഭാ ജോ.സെക്രട്ടറി എന്‍. മുഹമ്മദാജിയുടെ റിപ്പോര്‍ട്ട് പ്രകാരം 29-9-45ലെ മാനേജിങ് കമ്മിറ്റി ഇതിന് പച്ചക്കൊടി കാട്ടി.

വെട്ടംപോക്കരിയകം തറവാടിന്‍റെ പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, ആനബീഡി കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റസീവര്‍മാരോട് സ്ക്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചത് ഇവിടെവെച്ചായിരുന്നു. മദ്രാസ്സ് അസംബ്ലിയിലെ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. കുട്യാലിമാസ്റ്റര്‍ (ആനക്കര) ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്തതിനുശേഷം സൂര്യനാരായണ അയ്യര്‍ (ഒറ്റപ്പാലം) തുടര്‍ന്ന് ഈ പദവി വഹിച്ചു. 1950കളിലാണ് ഹൈസ്ക്കൂള്‍ വിഭാഗം ഇവിടെനിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്.

ബാവമുസ്ലിയാരകം, ഹാജിയാരകം എന്നീ രണ്ട് വീടുകള്‍ വിലക്ക് വാങ്ങി തെക്ക് പടിഞ്ഞാറേ ബ്ലോക്കും, പടിഞ്ഞാറേ പഴയകം വീട് വിലക്കുവാങ്ങി 1960കളില്‍ വടക്ക് പടിഞ്ഞാറേ ബ്ലോക്കും തുടര്‍ന്ന് പടിഞ്ഞാറേ പഴയകവും, സഭയുടെ യത്തീംഖാന പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും ചേര്‍ത്ത് വടക്കേ ബ്ലോക്കും നിര്‍മ്മിച്ചു.

ലോവര്‍ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് അധ്യാപക പരിശീലനം നേടിയവരും ഇഎസ്എസ്എല്‍സി (ഋശഴവേ ടമേിറമൃറ ടരവീീഹ ഘലമ്ശിഴ ഇലൃശേളശരമലേ) പാസ്സായതിനുശേഷം അധ്യാപക പരിശീലനം നേടിയവരുമായിരുന്നു ആദ്യകാല അധ്യാപകര്‍. വിദ്യാഭ്യാസപരമായി വികാസം പ്രാപിക്കാത്ത അക്കാലത്ത് അധ്യാപകര്‍ക്ക് ഈ യോഗ്യത മതിയാകുമായിരുന്നു. പി.കെ.എം. പൂക്കോയ തങ്ങള്‍, കെ. ഹംസ മാസ്റ്റര്‍, സുബൈദ ടീച്ചര്‍, ഇമ്പിച്ചി മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വാരാന്ത്യ അവധി  ആദ്യകാലത്ത് മുസ്ലിം കലണ്ടര്‍ അനുസരിച്ച് വെള്ളിയും ശനിയും തുടര്‍ന്ന് വെള്ളിയും ഞായറും മദ്ധ്യവേനല്‍ അവധി വിഭജിച്ച് റംസാന് ഒരുമാസവും അവധി നല്‍കിയിരുന്നു. 

പി.കെ.എം. ഇമ്പിച്ചി മാസ്റ്റര്‍, മുഹമ്മദുണ്ണി മാസ്റ്റര്‍ (വെളിയംകോട്), കെ.വി. ബാവ മാസ്റ്റര്‍, സരസ്വതി ടീച്ചര്‍, കെ. ഖാലിദ് അലിയാസ് ബാപ്പുമാസ്റ്റര്‍, ബാവമാസ്റ്റര്‍ (അയിലക്കാട്), കെ.വി. ശറഫുദ്ദീന്‍ മാസ്റ്റര്‍, ആച്ചുമ്മടീച്ചര്‍, മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ ഹെഡ്മാസ്റ്റര്‍ പദവി വഹിച്ചിരുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ഹനീഫമാസ്റ്ററാണ്. ബാപ്പുമാസ്റ്റര്‍, ആലിമാസ്റ്റര്‍ (പുതുപ്പള്ളി), ഇളയത് മാസ്റ്റര്‍ തൃക്കാവ്, കുഞ്ഞിക്കമ്മു മാസ്റ്റര്‍, ആച്ചുമ്മടീച്ചര്‍ (കുറ്റിക്കാട്), യു. അബൂബക്കര്‍ മാസ്റ്റര്‍, കെ. ഹംസമാസ്റ്റര്‍, മുഹമ്മദുണ്ണി മാസ്റ്റര്‍ (പുറങ്ങ്) തുടങ്ങിയവര് പൂര്‍വ്വകാല അധ്യാപകരില്‍പ്പെടും.

കെ.എം. നൂറുദ്ധീന്‍, എ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. എം. അബ്ദുറഹിമാന്‍, കെ. അബൂബക്കര്‍, എ.വി. ഹംസ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രഗത്ഭര്‍ വിവിധ ഘട്ടങ്ങളില്‍ മാനേജര്‍ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഭാ സെക്രട്ടറിയും സ്കൂള്‍ മേനേജറുമായ  ഉസ്താദ് ഹംസബിന്‍ ജമാല്‍ റംലിയും കണ്‍വീനര്‍ എ.എം. അബ്ദുസമദുമാണ്. 

പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങള്‍, ആഗോള പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി. മുഹമ്മദ് അശ്റഫ്, മുന്‍സിപ്പല്‍ ചെയര്‍മാനാരായിരുന്ന വി.പി. ഹുസൈന്‍കോയ തങ്ങള്‍. യു.എം. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, പി.പി. യാക്കൂബ് ഹസ്സന്‍, ഡോ. റസാക്ക് തുടങ്ങി വിവിധ മേഖലകളില്‍ പാദമുദ്രചാര്‍ത്തിയ പല പ്രമുഖരും പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 

സ്ക്കൂളിന് സ്വന്തം കെട്ടിടം നിലവില്‍ വരാത്ത കാലത്ത് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന വെട്ടംപോക്കരിയകം തറവാടിന്‍റെ പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റസീവര്‍മാരോട് സ്ക്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചു. അന്ന് മദ്രാസ്സ് അസംബ്ലി പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സൂര്യനാരായണ അയ്യരായിരുന്നു.

1948ല്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തതിനുശേഷമാണ് ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തി വരുന്ന ഒരു ഹൈസ്ക്കൂളായി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് തുടങ്ങിയത്. 1950ലാണ് ഹൈസ്ക്കൂള്‍ ഇന്നത്തെ സ്ഥലത്തേക്കു മാറ്റിയത്. 1952ല്‍ ഒന്നാമത്തെ ബ്ലോക്ക് മദ്രാസ്സ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.എസ്. റെഡ്ഡിയും, 1958 ഫ്രെബ്രുവരി 25ന് രണ്ടാമത്തെ ബ്ലോക്ക് അഖില സിലോണ്‍ വൈ. എം. എം. എ. കോണ്‍ഫറന്‍സ് പ്രസിഡന്‍റായിരുന്ന ഹാജി മുഹമ്മദ് അബദുറസാക്കും നിര്‍വ്വഹിച്ചു. അല്‍ഹാജ് എ. ഫളീല്‍ ഗഫൂര്‍ സാഹിബായിരുന്നു അദ്ധ്യക്ഷന്‍.  ഐക്യ കേരളത്തിന്‍റെ പ്രഥമ ഗവര്‍ണ്ണര്‍ ബി. കൃഷ്ണറാവു ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന് ഏറ്റെങ്കിലും സ്വാതന്ത്ര്യ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്‍റെ നിര്യാണംമൂലം ഗവര്‍ണ്ണറുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി വെക്കുകയാണുണ്ടായത്.

ചാവക്കാട് രാജാ അബ്ദുല്‍ ഖാദര്‍ ഹാജി പണിത് കൊടുത്ത സ്ക്കൂള്‍ അങ്കണത്തിലെ പള്ളിയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അതിരമ്പുഴ ടി.എം. ഹസന്‍ റാവൂത്തറാണ് നിര്‍വ്വഹിച്ചത്. അക്കാലത്ത് എലിമെന്‍ററി (എല്‍.പി.) അഞ്ച് വര്‍ഷവും, ഹയര്‍ എലിമെന്‍ററി, സെക്കണ്ടറി (യു.പി.+ഹൈസ്ക്കൂള്‍) ആറ് വര്‍ഷവും, ഇന്‍റര്‍ മിഡിയേറ്റ് 2 വര്‍ഷവും, ഡിഗ്രി രണ്ട് വര്‍ഷവും ഇതായിരുന്നു പഠന കാലാവധി. ചില വിദ്യാലയങ്ങളില്‍ ഹയര്‍ എലിമെന്‍ററിയില്‍ 3 വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഇ.എസ്.എസ്.എല്‍.സി. പൊതുപരീക്ഷയും നടത്തിയിരുന്നു. 

ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായിരുന്ന ആദ്യത്തില്‍ എം.എം. കുഞ്ഞാലന്‍ ഹാജി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ഐ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായി നിലവില്‍ വന്ന കമ്മിറ്റിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ഹേതുവായി രണ്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍, കാഞ്ഞിരമുക്ക് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍, ബി.എഡ്. കോളേജ്, നഴ്സറി സ്ക്കൂള്‍ തുടങ്ങി വിദ്യാഭ്യാസരംഗത്തും പശ്ചാത്തല സൗകര്യങ്ങളിലും പുരോഗതി പ്രാപിച്ചു. സഭാ ഖജാന്‍ജി എ.വി. ഹംസ മാനേജറായ സമയത്ത് സ്ഥാപന വളര്‍ച്ചയില്‍ അവിശ്രമം വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

95-96ല്‍ ഹൈസ്ക്കൂള്‍ ഗേള്‍സും ബോയ്സുമായി വിഭജിക്കുകയും 98 ല്‍ ബോയ്സിലും, 2000ത്തില്‍ ഗേള്‍സിലും, പ്ലസ്ടു വിഭാഗങ്ങള്‍, 2006ല്‍ ബി.എഡ്. കോളേജും ആരംഭിക്കുകയും ചെയ്തു. എ. ഇബ്രാഹിം കുഞ്ഞ്, കെ. എം. നൂറുദ്ദീന്‍, അഡ്വ. എം. അബ്ദുറഹിമാന്‍, കെ.  അബൂബക്കര്‍, ഏ. വി. ഹംസ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറായിട്ടുണ്ട്. ശിഹാബ് തങ്ങള്‍ മാനേജറായ കാലത്ത് അറബി കോളേജ് സെക്രട്ടറിയായ ഈ ലേഖകനും പി. സൈതുട്ടി മാസ്റ്ററും എ. എം. അബ്ദുസമദും കറസ്പോണ്ടന്‍റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ മാനേജര്‍.  സഭ സെക്രട്ടറി ഹംസബിന്‍ ജമാല്‍, സി. മുഹമ്മദ് ശരീഫ്, സി. പി. ബാവഹാജി, എ.എം. അബ്ദുസമദ്  തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. 2015 മെയ് 13ന് ബി.എഡ്. കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

സി.ഇബ്രാഹിംകുട്ടി, കെ.വി. അബ്ദുല്‍കാദര്‍ (കുഞ്ഞിബാവ), പി.സെയ്തുട്ടി, കെ. ഹംസ, പി.എ. അഹ്മദ്, പി.വി. ഉമ്മര്‍, യു.എം. ഇബ്രാഹിംകുട്ടി, പി.വി. സുബൈദ, ടി. പ്രസന്ന, സി.സി. മോഹനന്‍, എന്‍.വി. നമീറ ബീഗം, ടി.എം. മുഹമ്മദ് സൈനുദ്ദീന്‍, സി.വി. നൗഫല്‍ തുടങ്ങിയവര്‍ വിവിധഘട്ടങ്ങളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ടിച്ചു. എം.ഐ.ഹൈസ്ക്കൂളില്‍ വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍, പ്രിന്‍സിപ്പാള്‍, പി.ടി.എ. പ്രസിഡന്‍റ്, അലുമിനി പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തിത്വം യു.എം. ഇബ്രാഹിംകുട്ടി മാസ്റ്ററാണ്.

ഡോ. കെ.എം. മൊയ്തീന്‍കുട്ടി, പ്രൊഫ. കടവനാട് മുഹമ്മദ്, പ്രൊഫ. മുഹമ്മദ് സഗീര്‍ ഖാദിരി, എ.പി. മെഹറലി, വി.പി. ഹുസൈന്‍ക്കോയ  തങ്ങള്‍, എം.പി. മുത്തുക്കോയ തങ്ങള്‍, പ്രൊഫ. ടി.കെ. അബ്ദുല്ലകുട്ടി, ഡോ.കെ.എം. അബ്ദുല്ല, പ്രൊഫ. സൈക്കൊ മുഹമ്മദ്, എം. ബാവക്കുട്ടി, ഡോ.അബ്ദുല്ല ബാവ, ഡോ. വി.വി. അബ്ദുറഹിമാന്‍കുട്ടി, ഡോ.സി.വി. ജമാലുദ്ദീന്‍, കെ.കെ. ഹനീഫ് തുടങ്ങിയ പല പ്രമുഖരും പ്രഗത്ഭരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

ബോയ്സില്‍ പി.പി. ഷംസുവും ഗേള്‍സില്‍ പി.എം ജര്‍ജ്ജീസുറഹ്മാന്‍ പ്രധാന അദ്ധ്യാപകരായും, ഹയര്‍സെക്കണ്ടറി വിഭാഗം ബോയ്സില്‍ നബീല്‍ തെക്കരകത്ത്, ഗേള്‍സില്‍ കെ.പി. യഹിയയും, ബി.എഡ്. കോളേജില്‍ അജിതകുമാരിയും പ്രിന്‍സിപ്പാള്‍മാരായും  സേവനമനുഷ്ഠിച്ചുവരുന്നു.


എം. ഇ. എസ്. പൊന്നാനി കോളേജ്


സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും വിദ്യാഭ്യാസ രംഗത്ത് മുസ്ലിം പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇപ്പോഴും ദേശീയ ശരാശരിയുടെ താഴെയാണ്. 1960കളില്‍ ഇന്നത്തേക്കാള്‍ വളരെ ദയനീയമായിരുന്നു സ്ഥിതി. മുസ്ലിംകളുടേതായി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഫറോക്ക് കോളേജും, കൊല്ലത്തെ തങ്ങള്‍ കുഞ്ഞി മുസ്ലിയാര്‍ എഞ്ചിനീയറിങ്ങ് കോളേജും മാത്രമാണുണ്ടായിരുന്നത്. ഈ പോരായ്മ പരിഹരിക്കുന്നതിനും മുസ്ലിം സമുദായത്തെ വിദ്യാഭ്യാസ മേഖലയിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനും നിര്‍ണ്ണായക പങ്ക് വഹിച്ച പ്രസ്ഥാനമാണ് കേരളാ മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്.). 

1964 സെപ്റ്റംബര്‍ 10ന് ഡോ. എം. എ. അബ്ദുല്ലയുടെ കോഴിക്കോട് പുതിയറയിലുള്ള വീട്ടില്‍ ഡോ. പി. കെ. അബ്ദുല്‍ ഗഫൂര്‍, പ്രൊഫ. ബഹാവുദ്ദീന്‍, ഡോ. കെ. മുഹമ്മദ്കുട്ടി, സി. പി, കുഞ്ഞിമുഹമ്മദ്, പ്രൊഫ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. ഏ. വി. മുഹമ്മദ് തുടങ്ങി കോഴിക്കോട്ടെ മുസ്ലിം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും വിദ്യാതല്‍പ്പരരും സാംസ്കാരിക നായകരും സംഗമിച്ചാണ് സംഘടനക്ക് രൂപം നല്‍കിയത്. 1964 ഒക്ടോബര്‍ 11ന് സി. പി. കുഞ്ഞിമുഹമ്മദ് സാഹിബിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന നിലവില്‍ വന്നു. പ്രഥമ പ്രസിഡന്‍റ് ഡോ. പി. കെ. അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി ഡോ. കെ. മുഹമ്മദ്കുട്ടിയുമാണ്. ഡോ.  ഗഫൂറിന്‍റെ (1929-84) മരണംവരെ അദ്ദേഹമായിരുന്നു സംഘടനയുടെ ചാലകശക്തിയും സര്‍വ്വതല സ്പര്‍ശിയും. ഡോക്ടറുടെ സാഹസിക ബുദ്ധിയും ആത്മവിശ്വാസവും  അര്‍പ്പണ മനോഭാവവും 1964 മുതല്‍ 84 വരെ രണ്ട് പതിറ്റാണ്ട് കാലത്തെ വിശ്രമമില്ലാത്ത അദ്ധ്വാനവും സംഘടനയുടെ വളര്‍ച്ചക്ക് കരുത്തേകി. 

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ കൊടുങ്ങല്ലൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളെപ്പോലെ പൊന്നാനിയിലും ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിംകളുണ്ടായിരുന്നു. പിന്നീട് ഇവിടെ ആശാവഹമായ തുടര്‍ച്ചയുണ്ടായില്ല. തډൂലം പൊന്നാനിയുടെ വിദ്യാഭ്യാസം പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണാന്‍വേണ്ടി രൂപീകരിച്ച പൊന്നാനി മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി ശാഖയുടെ ഉദ്ഘാടനം 1966 നവംബര്‍ 9ന് ഡോക്ടര്‍ പി.കെ.അബ്ദുല്‍ഗഫൂര്‍ നിര്‍വ്വഹിച്ചു. അന്ന് എം.ഇ.എസ്. നേതാക്കള്‍ക്കു നല്‍കിയ സ്വീകരണത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് ആവശ്യമായ സ്ഥലവും ഒരു ലക്ഷം രൂപയും നല്‍കുകയാണെങ്കില്‍ അടുത്തകൊല്ലം പൊന്നാനിയില്‍ എം.ഇ.എസിന്‍റെ നേതൃത്വത്തില്‍ കോളേജ് ആരംഭിക്കുമെന്ന് ഡോക്ടര്‍ ഗഫൂര്‍ പ്രഖ്യാപിച്ചു. 

പൊന്നാനിയിലെ വിദ്യാ തല്‍പ്പരര്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചു. മൂന്നുമാസത്തിനുള്ളില്‍ ഒന്നേകാല്‍ ലക്ഷം രൂപ സ്വരൂപിച്ച് എം.ഇ.എസ്സിനെ ഏല്‍പ്പിച്ചു. 1967 ലെ സപ്തകക്ഷി ഭരണത്തില്‍ മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുടെ പരിശ്രമത്താല്‍   ആദ്യത്തില്‍ ഏതാണ്ടു 35 ഏക്കറുണ്ടായിരുന്ന കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം പാട്ടത്തിനു ഗവണ്‍മെന്‍റില്‍ നിന്നും സമ്പാദിച്ചു. കോളേജുകള്‍ ഇല്ലാത്ത മുസ്ലിം പിന്നോക്ക പ്രദേശങ്ങളില്‍ കോളേജുകള്‍ സ്ഥാപിക്കുക എന്നത് അന്നത്തെ സര്‍ക്കാരിന്‍റെ നയമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയാണ് 1967  സെപ്തംബറില്‍ ഫണ്ടുപിരിവിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. 1968 മാര്‍ച്ച് 14ന് മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ കോളേജിന് തറക്കല്ലിട്ടു. വര്‍ണ്ണശബളമായിരുന്നു ചടങ്ങ്. കെട്ടിടങ്ങള്‍ക്കും സാമഗ്രികള്‍ക്കുമായി ഏതാണ്ടു നാലുലക്ഷത്തോളം രൂപയാണ് അന്നത്തെ ചിലവ്. ഈ കോളേജ് പോലെ  കടലുമായി ഏറ്റവും അടുത്ത് ചേര്‍ന്ന് കിടക്കുന്ന മറ്റൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം അക്കാലത്ത് മലബാറില്‍ ഉണ്ടായിരുന്നില്ല.

കോളേജിന്‍റെ വരുമാന മാര്‍ക്ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുരോഗതിക്കും വേണ്ടി കെ. ഇബ്രാഹിംകുട്ടിഹാജി പ്രസിഡന്‍റ്, ആനബീഡി കെ.എം. കുഞ്ഞിമുഹമ്മദ് ഹാജി, എ. അബ്ദുറഹിമാന്‍ (ചാവക്കാട്) വൈസ് പ്രസിഡന്‍റ്, സി. ഹംസാസാഹിബ് സെക്രട്ടറി, ബിസ്മി അബ്ദുല്ല ജോയിന്‍റ് സെക്രട്ടറി, കെ.സി. ഹസ്സന്‍ കുട്ടി (ഫറൂക്) ഖജാന്‍ജിയുമായ ഇരുപത്തിയഞ്ചംഗ പ്രഥമ മാനേജിംഗ് കമ്മിറ്റിയാണ് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. അന്നത്തെ സ്ഥലം എം.എല്‍.എ. യായിരുന്നു.  വി. പി. സി. തങ്ങളായിരുന്നു നിര്‍മ്മാണ കമ്മിറ്റിയുടെ ആദ്യ ചെയര്‍മാന്‍. പ്രഥമ ക്ലാസ്സ് 1968 ജൂലൈ 22നു കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെയും, അടുത്ത വര്‍ഷത്തെ ക്ലാസ്സ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങളുടേയും പ്രാര്‍ത്ഥനകളോടെയാണ് ആരംഭിച്ചത്.

ആദ്യകാലത്ത് എയ്ഡഡ് കോളേജിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്രാന്‍റില്‍ നിന്നും മാനേജ്മെന്‍റിനു സ്വരൂപിച്ച ഫണ്ടില്‍നിന്നുമാണ് ജീവനക്കാരുടെ ശമ്പളവും വികസന പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിച്ചിരുന്നത്. കോളേജ് ഫസ്റ്റ് ഗ്രേഡ് ആക്കുന്നതിന് പോരാട്ടങ്ങള്‍ തന്നെ വേണ്ടിവന്നു. തുടര്‍ന്ന് നടന്ന ഹര്‍ത്താലിനും സമരങ്ങള്‍ക്കും ജാതിമതഭേദമന്യെ സാംസ്കാരിക രാഷ്ട്രീയ നായകډാര്‍ നേതൃത്വം നല്‍കി. 1975ല്‍ കോളേജ് അപ്ഗ്രേഡ് ചെയ്തു. എക്കണോമിക്സ്, കോമേഴ്സ്, സുവോളജി, ഫിസിക്സ് എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം നടക്കുന്നു. 1979ല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്സ് ആരംഭിച്ചു.

കോളേജിലെ പ്രഥമ ബാച്ചില്‍ 215 വിദ്യാര്‍ത്ഥികള്‍  ഉണ്ടായിരുന്നതില്‍ 70 മുസ്ലിംകളില്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം കേവലം പത്ത് മാത്രമായിരുന്നു. ഭൗതിക വിദ്യാഭ്യാസം നിഷിദ്ധമാണെന്ന് കരുതിയിരുന്ന മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്‍റെ മനോഭാവം മാറ്റി മുഴുവന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ ഇപ്പോള്‍ സാദ്ധ്യമാവാത്ത രീതിയില്‍ ആശയപരമായ പരിവര്‍ത്തനം വരുത്താന്‍ എംഇഎസിന് സാധിച്ചു.  

2008 ആഗസ്റ്റ് അവസാന വാരത്തില്‍ കോളേജും കേരളാ ഹിസ്റ്ററി റിസര്‍ച്ച് സെന്‍ററും സംയുക്തമായി കോളേജ് ഫണ്ട് ഉപയോഗിച്ച് നടത്തിയ മൂന്നുദിവസം നീണ്ടുനിന്ന പൊന്നാനിയുടെ ചരിത്രം വിശദമായി വിശകലനം ചെയ്ത ചരിത്രത്തിലെ പൊന്നാനി എന്ന ദേശീയ സെമിനാറും, 2011 ഡിസംബര്‍ അവസാനത്തില്‍ നടന്ന ദൃശ്യ മെഗാ എക്സിബിഷനും കോളേജിന്‍റെ മികച്ച പരിപാടികളില്‍ ഉള്‍പ്പെടും. 

നാക്ക് അക്രിഡിറ്റേഷന്‍ എ ഗ്രേഡ് ലഭിച്ച കോളേജുകളില്‍ ഒന്നാണിത്. കെ. മമ്മിഹാജി,  കെ. അബൂബക്കര്‍, പി.എം. മുഹമ്മദ്. കെ.കെ. അസൈനാര്‍, എം.ടി. മൊയ്തുട്ടി ഹാജി, കെ.വി. അമീറുദ്ദീന്‍, ഷാലിമാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ വിവിധ കാലഘട്ടങ്ങളില്‍ ഭാരവാഹിത്വം വഹിച്ചു. 

എം.ഇ.എസ്. സംസ്ഥാന ഖജാഞ്ചിയും ഈ കോളേജിലെ മുന്‍ ചരിത്ര അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായ പ്രൊഫ. കടവനാട് മുഹമ്മദാണ് പൊന്നാനി എം.ഇ.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍വ്വതല സ്പര്‍ശിയായ ചാലക ശക്തി. ഇദ്ദേഹം നേതൃത്വം നല്‍കിവരുന്ന കമ്മിറ്റി കോളേജിന്‍റേയും സ്ക്കൂളിന്‍റേയും പാഠ്യ പാഠ്യേതര രംഗം മികവുറ്റതാക്കുംന്നതിനു  മുഖഛായ മാറ്റുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ശ്ലാഘനീയമായി നേതൃത്വം നല്‍കിവരുന്നു. തടാകം കുഞ്ഞിമുഹമ്മദ് ഹാജി പ്രസിഡന്‍റും എംകെ മുഹമ്മദ് റശീദ് സെക്രട്ടറിയും കെ. സുലൈമാന്‍ ഐശ്വര്യ ഖജാഞ്ചിയുമായ കോളേജ് കമ്മിറ്റിയും പി.എന്‍. മുഹമ്മദ് കുഞ്ഞിമോന്‍ പ്രസിഡന്‍റും ടിവി അബ്ദുറഹിമാന്‍കുട്ടി സെക്രട്ടറിയും കെവി റഫീഖ് ഖജാഞ്ചിയുമായ സ്ക്കൂള്‍ കമ്മിറ്റിയും പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമാണ്.

കെ.വി. ഹബീബുല്ല, പ്രൊഫ. മുഹമ്മദുണ്ണി അലിയാസ് ബേബി, സി.എം. കോയ ടി.ടി. ഇസ്മാഈല്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നു. എംഇഎസിന്‍റെ മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഒ.സി. സലാഹുദ്ദീനും സെക്രട്ടറി കെ ഷാഫി ഹാജിയും താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ് ടിഎന്‍ മുഹമ്മദ് കുഞ്ഞിമോനും സെക്രട്ടറി ടി.ടി. ഇസ്മാഈലും ഖജാഞ്ചി കെവി റഫീഖും പൊന്നാനി യൂനിറ്റ് പ്രസിഡന്‍റ് ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്ററും സെക്രട്ടറി ഒ സലാമും കജാഞ്ചി കെകെ ഇക്ബാലുമാണ്. 

സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എം.ഇ.എസ്സി.ന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സെമിനാറുകള്‍ നടത്തിയത് ഈ കോളേജിലാണ്. സെമിനാറുകളെല്ലാം മികവുറ്റതായിരുന്നു.

പ്രഥമ പ്രന്‍സിപ്പാള്‍ പ്രൊഫ. സി.എ.അബ്ദുസ്സലാം തുടര്‍ന്ന് പ്രൊഫ. കെ.ഐ.മുഹമ്മദ് കുട്ടി, പ്രൊഫ. അബ്ദുറസാക്ക്, പ്രൊഫ. എ.വി. മൊയ്തീന്‍കുട്ടി, പ്രൊഫ. പി. മായു, ഡോ. ജമാലുദ്ദീന്‍കുഞ്ഞ്, പ്രൊഫ. കെ.എ. അബ്ദുറഹിമാന്‍, പ്രൊഫ. മുഹമ്മദ് സഗീര്‍ ഖാദിരി, പ്രൊഫ. മുഹമ്മദുണ്ണി അലിയാസ് ബേബി, ഡോ. പ്രൊഫ. എ. എം. റഷീദ് (ഈരാറ്റുപ്പേട്ട), ഡോ. ഫാത്തിമ, ഡോ. എം.എന്‍. മുഹമ്മദ് കോയ, പ്രൊഫ. സുബൈര്‍ തുടങ്ങിയവര്‍ പ്രിന്‍സിപ്പാള്‍മാരായി സേവനമനുഷ്ഠിച്ചു. എം. ഇ. എസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന പ്രൊഫ. ഏ. വി. മൊയ്തീന്‍കുട്ടിയാണ് 1975 മുതല്‍ 1993 വരെ കൂടുതല്‍ കാലം പ്രിന്‍സിപ്പാള്‍ പദവി വഹിച്ചത്. അജിംസ് പി. മുഹമ്മദാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍.

കോളേജും അനുബന്ധസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പാട്ടത്തിനു ലഭിച്ച ഭൂമി 2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭീമമായ കുടിശ്ശിക ഒഴിവാക്കി പരമാവധി ഇളവ് ചെയ്ത് സെന്‍റിന് നൂറ് രൂപ പ്രതിഫലം നിശ്ചയിച്ച്                   എം.ഇ.എസ്സിന് നല്‍കാന്‍ തീരുമാനിച്ചു. 2006ല്‍ അധികാരത്തില്‍വന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഈ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തെങ്കിലും സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി പാലോളി മുഹമ്മദ്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യു മന്തിയായിരുന്ന കെ.പി. രാജേന്ദ്രന്‍ 2-8-2009ല്‍ 25.93 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലം എം.ഇ.എസ്സിനു പതിച്ചുനല്‍കി. പള്ളിയും എം.ഇ.എസ്സ്. ഹയര്‍ സെക്കണ്ടറി സ്ക്കൂളും ഹോസ്റ്റലുകളും വിശാലമായ ഗ്രൗണ്ടും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ആലങ്കോട് ലീലാ കൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി ഡോ. അന്‍വര്‍, സിനിമാ സംവിധായകന്‍ സലാംബാപ്പു, പാസ്പോര്‍ട്ട് ഓഫീസര്‍മാരായിരുന്ന മുരളി, റഷീദ്, ഡോ.അബ്ദുല്ലാബാവ, കെ.വി. അമീറുദ്ദീന്‍, ജിയോളജിസ്റ്റ് ഡോ. വി.വി. അബ്ദുറഹിമാന്‍കുട്ടി, ഡോ.സി.വി. ജമാലുദ്ദീന്‍, ഡോ.ടി.കെ. സലാഹുദ്ദീന്‍, സി.എം. യൂസഫ്, ജയരാജ്(മാതൃഭൂമി), ഡോ.മനോജ് തേറയില്‍, പ്രൊഫ.കെ.എം. ഇമ്പിച്ചികോയ, ആര്‍ട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാര്‍, എ.സി. ദിനേശന്‍, അജിത് കൊളാടി, സുരേഷ് വാര്യര്‍ തുടങ്ങി പ്രഗത്ഭരും പ്രശസ്തരുമായ പലരും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു. 

2000-ത്തിലാണ്  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ നിലവില്‍ വന്നത്. എം.ടി. മുഹമ്മദ് ഷരീഫ്, കെ. യൂസഫ്, യു. കമാലുദ്ദീന്‍, പി.കെ. റഫീഖ് തുടങ്ങിയവര്‍ പ്രന്‍സിപ്പാള്‍മാരായും പ്രധാന അധഅയാപകരായും സേവനമനുഷ്ടിച്ചിരുന്നു. കെ.വി. സുധീഷ് പ്രിന്‍സിപ്പാളായും എവ.വി. ഷീബ ഹെഡ്മാസ്റ്ററായും സേവനമനുഷ്ടിച്ചുവരുന്നു.


ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി


മത-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് ചിരപ്രതിഷ്ഠനേടിയ സംഘടനയായ ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി  (ഐ.എസ്.എസ്.) 1969ല്‍ ജമാഅത്തെ ഇസ്ലാമി നേതാവ് കെ.എന്‍. അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ഖാസി മൈതാനത്തെ  കെ.വി. സൈനുദ്ദീന്‍കുട്ടി ഹാജിയുടെ തറവാട്ട് അങ്കണത്തില്‍ വെച്ച് രൂപീകരിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ മതപഠന ക്ലാസ്സുകള്‍ ആരംഭിച്ചാണ് പ്രവര്‍ത്തനത്തിന്‍റെ തുടക്കം. സി.വി. ഉമ്മര്‍ സാഹിബ്, ടി.വി. മുഹമ്മദ്ഹാജി, പി.വി. അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ.എ. കുഞ്ഞിക്കാദര്‍, പി.വി. ബാവക്കുട്ടി, പി.അബൂബക്കര്‍, പ്രൊഫ. എ.വി. മൊയ്തീന്‍കുട്ടി, കെ.എന്‍. ബാവഹാജി,  എം.ഇമ്പിച്ചി സാഹിബ്, എം.പി. കുഞ്ഞിബാവ തുടങ്ങിയവര്‍ സ്ഥാപക പ്രമുഖരില്‍പ്പെടും. 1969ല്‍ സ്ഥാപിക്കപ്പെട്ട പ്രാഥമിക മദ്രസ്സയായിരുന്നു സംഘത്തിന്‍റെ പ്രഥമ സംരംഭം.

1972ല്‍ സൊസൈറ്റി ആക്ട് പ്രകാരം 73/72-ാം നമ്പറായി റജിസ്റ്റര്‍ ചെയ്ത സംഘത്തിനുകീഴില്‍ ഇപ്പോള്‍ എല്‍.പി., യു.പി., ഹൈസ്ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വനിതാ അറബിക് കോളേജ്, പലിശരഹിതനിധി, രണ്ട് പള്ളികള്‍, കമ്പ്യൂട്ടര്‍ സെന്‍റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കേരളസര്‍ക്കാര്‍ സിലബസ്സും വനിതാ അറബിക് കോളേജ് കാലിക്കറ്റ് സര്‍വ്വകലാശാല അഫ്ദലുല്‍ ഉലമാ സിലബസ്സുമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.  മതപഠനത്തിന് മജ്ലിസുത്തഅലീമില്‍ ഇസ്ലാമിയുടെയും, യു.പി. ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി സ്ക്കൂളുകള്‍ക്ക് കേരളസര്‍ക്കാരിന്‍റെയും അംഗീകാരമുണ്ട്. അറബിക്ക് കോളേജുകള്‍ 26 ബാച്ചും, എസ്.എസ്.എല്‍.സി. 24 ബാച്ചും പഠനം പൂര്‍ത്തിയാക്കി.

വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ സക്കാത്ത്, ഫിത്വര്‍ സക്കാത്ത് എന്നിവയുടെ സംഭരണവും വിതരണവും ഉളുഹിയത്ത്, ഈദ്ഗാഹ് തുടങ്ങിയവയും നടന്നു വരുന്നു. 1998ല്‍ സ്ഥാപനത്തിന്‍റെ സില്‍വര്‍ ജൂബിലി വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും ഗുണകാംക്ഷികളുമാണ് സൊസൈറ്റിയുടെ ഇരുപത്തിയഞ്ച് അംഗ ഭരണസമിതിയില്‍ അധികവും. ടി.വി. മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് പി.വി.അബ്ദുല്ലത്വീഫ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എം. മുഹമ്മദ് മാസ്റ്ററാണ് സെക്രട്ടറി.

പി.സി. ഹംസ ഹാജി, ടി.വി. ഇബ്രാഹിംകുട്ടി, എ.പി.എം. ഇസ്മാഈല്‍, കെ.വി.മുഹമ്മദ്, കെ.അബ്ദു തുടങ്ങിയവര്‍ ഭാരവാഹികളായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കെ.എന്‍. അബ്ദുല്ലമൗലവിയായിരുന്നു പ്രഥമ പ്രിന്‍സിപ്പാള്‍. വി.മൂസാ മൗലവി, ആലിക്കുട്ടി മൗലവി, സെയ്ത് മുഹമ്മദ് സാഹിബ് (ആലുവ),      പി.പി. കുഞ്ഞിമൊയ്തീന്‍കുട്ടി മൗലവി, കെ.എം.അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ പ്രിന്‍സിപ്പാള്‍മാരായിരുന്നു. ഇപ്പോള്‍ പി.കെ. അബ്ദുല്‍ അസീസ് മൗലവി (ചെറുകുളമ്പ്) ആണ് പ്രിന്‍സിപ്പാള്‍. എന്‍ മുഹമ്മദ് ശിഹാബുദ്ദീന്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാളായും, , പി ഗീത ഹെഡ്മാസ്റ്ററായും സേവനം ചെയ്ത് വരുന്നു.


എം. എസ്. എസ്.


മുസ്ലിം സര്‍വ്വീസ് സൊസൈറ്റിയുടെ സംസ്ഥാനത്തെ പ്രമുഖ ഘടകമാണ് പൊന്നാനി എം.എസ്.എസ്. ആതുരശുശ്രൂഷരംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നു. സംഘടനയുടെ കീഴില്‍ ഖുര്‍ആന്‍ വൈജ്ഞാനിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനവും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍തന്നെ പഠനം നല്‍കാന്‍ കൈലാസംകളത്തില്‍ 1977ല്‍ ഹോപ് എം.എസ്.എസ്. സ്പെഷ്യല്‍ സ്ക്കൂളും, 2014 മുതല്‍ ബാര്‍ളിക്കുളത്തിനടുത്ത് സാംസ്കാരിക കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു. 

ജിംറോഡിലെ 23 സെന്‍റ് സ്ഥലത്ത് നാനൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇരുപതുലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഹോപ്പ് എം.എസ്.എസ്. സ്പെഷ്യല്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 2005ല്‍ സ്ക്കൂളിന് അംഗീകാരം കിട്ടി. ഹജ്ജിന് പോകുന്നവര്‍ക്ക് ഫോറങ്ങള്‍ സൗജന്യമായി പൂരിപ്പിച്ച് കൊടുക്കുന്നു. 

കെ.വി. ഹബീബുള്ള, പ്രൊഫ: ടി കെ കോയക്കുട്ടി, കെ.എം. ഇക്ബാല്‍, സി.വി. അബു സാലിഹ്, കെ. സലീം, ഡോ. പി.വി. ഹബീബുറഹ്മാന്‍, മുഹമ്മദ് യാക്കൂബ് ഹസ്സന്‍, കെ.എസ്. അബ്ദുറഷീദ്, പി.വി. ഹസ്സന്‍, കെ.പി. സൈഫുല്ല, പി.വി. ഹംസ, ഡോ. പി. ഇബ്രാഹിംകുട്ടി, ഡോ. ടി.കെ. സലാഹുദ്ദീന്‍, പി.വി. അലിക്കുട്ടി, എം. അബൂബക്കര്‍ ഹാജി, കെ.അബ്ദു, എം. സമീര്‍, എം.പി. നിസാര്‍, ടി.കെ. മൊയ്തീന്‍കുട്ടി, കെ.എസ്. അബ്ദുസ്സമദ്, പി. സൈതുട്ടി മാസ്റ്റര്‍, യു.കെ. മുഹമ്മദ് സഈദ്, കെ.എം. അബ്ദുല്ലകുട്ടി, ടി.വി. അബ്ദുറഹിമാന്‍, ടി.കെ. സലീം, വി. ബഷീര്‍, പി.വി. അസീസ് അബ്ദുല്‍കാദര്‍,  ഹസ്സന്‍ പൂക്കോയതങ്ങള്‍, ടി.കെ. ഹാരിസ്, അന്തരിച്ച കെ.എം. മുഹമ്മദ്  തുടങ്ങിയവര്‍ അര്‍പ്പണ മനോഭാവത്തോടെ സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചുവരുന്നു.


ദഅവ കോളേജ്


വേണ്ടത്ര മത വിജ്ഞാനമില്ലാതെ അന്ധകാരത്തില്‍ അകപ്പെട്ട് ജീവിക്കുന്ന മുസ്ലിം സമുഹത്തെ ഉദ്ധരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി യുവ പണ്ഡിതډാരെ വാര്‍ത്തെടുക്കുന്നതിന് ദര്‍സ്സ് സിലബസ്സ് പരിഷ്ക്കരിച്ച് ഒരു ഉന്നത കലാലയം സ്ഥാപിക്കണമെന്ന ചിന്താഗതി അക്കാലത്ത് സജീവമായി. 1958ല്‍ ചേര്‍ന്ന മാനേജിംഗ് കമ്മിറ്റി അറബികോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. 1959 ജനുവരി 18ന് കോളേജിന്‍റെ ഉദ്ഘാടനം വെല്ലൂര്‍ ബാക്കിയാത്തു സാലിഹാത്ത് പ്രിന്‍സിപ്പാള്‍ ശൈഖ് ആദം ഹസറത്ത് ഇന്നാഅര്‍ള്നല്‍ അമാനത്ത എന്നാരംഭിക്കുന്ന സൂറത്തുല്‍ അഹ്സാബിലെ 72-ാമത്തെ സൂക്തം ഓതി വിവരിച്ച് കൊടുത്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പുതുപൊന്നാനി ഖാസി മൊയ്തുമുസ്ലിയാരും അദ്ദേഹത്തിന്‍റെ മകനും സഭാ മെമ്പറുമായ മുഹമ്മദ് കുട്ടി മുസ്ലിയാരും പ്രഥമ ശിഷ്യ സ്ഥാനീയരായി. 


ഖുര്‍ആന്‍, തഫ്സീര്‍, ഹദീസ്, ഹിഖ്ഹ്, വ്യാകരണം, ശബ്ദോല്‍പ്പത്തി ശാസ്ത്രം, പ്രഭാഷണ ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, ഗോള ശാസ്ത്രം, ചരിത്രം തുടങ്ങിയവ പാഠ്യവിഷയങ്ങളായിരുന്നു. കൂടാതെ മജ്ലിസുല്‍ ഇര്‍ഫാന്‍ തസ്വവ്വുഫ് ക്ലാസ്സും ആദ്യകാലത്ത് നടന്നിരുന്നു. ഒരു പ്രത്യേക സിലബസ്സനുസരിച്ച് മത പണ്ഡിതډാരെ വാര്‍ത്തെടുക്കുന്നതിന് കേരളത്തില്‍ ആദ്യമായി നിലവില്‍ വന്ന മുഖ്തസിര്‍ കലാലയം ഒരു പക്ഷേ ഈ കോളേജായിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്‍റും പണ്ഡിത ശ്രേഷ്ഠനുമായ കെ കെ അബ്ദുല്ല മുസ്ലിയാര്‍ (കരുവാരകുണ്ട്) ആണ് പ്രഥമ പ്രിന്‍സിപ്പാള്‍. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, നാട്ടിക വി മൂസ മുസ്ലിയാര്‍, പുറങ്ങ് അബ്ദുല്ല മുസ്ലിയാര്‍, കെ. വി. എം. പന്താവൂര്‍, ഈ ഗ്രന്ഥകാരന്‍, സമസ്ത മുശാവറ മെമ്പര്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ ആദ്യകാലത്തെ പ്രമുഖ പഠിതാക്കളില്‍പ്പെടും. 


സ്വന്തമായ കെട്ടിടം ഇല്ലാത്തതിനാല്‍ സഭയുടെ മിറ്റിംങ്ങ് ഹാളില്‍ വെച്ചാണ് ആരംഭത്തില്‍ ക്ലാസ്സുകള്‍ നടന്നിരുന്നത്. തുടര്‍ന്ന് നാല് ലക്ഷം രൂപ മതിപ്പ് ബജറ്റോടെ 1966ല്‍ നിര്‍മ്മിച്ച ഇപ്പോഴത്തെ ഓഫീസ് കെട്ടിടത്തിന്‍റെ മുകളിലേക്ക് കോളേജ് മാറ്റി. പുതുവിശ്വാസികളുടെ താമസ സൗകര്യം പരിഗണിച്ചും കോളേജിന്‍റെ പൂരോഗതി ലക്ഷ്യമാക്കിയും 1980ന്‍റെ രണ്ടാം പകുതിയില്‍ വിവിധ സൗകര്യങ്ങളോട് കൂടിയ പുതുപൊന്നാനി അനാഥശാല അങ്കണത്തിലെ പുതിയ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റി. പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബി കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന മര്‍ഹൂം ശൈഖുനാ കോട്ടുമല അബുബക്കര്‍ മുസ്ലിയാരുടെ സേവനം ഈ രംഗത്ത് ശ്ലാഘനീയമാണ്. 


നിലവിലുള്ള സിലബസ്സ് പരിഷ്ക്കരിച്ച് 1999 ല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്ത് ദഅ്വാ കോളേജായി പരിവര്‍ത്തനം ചെയ്തു. ടി. ചെറുകോയ തങ്ങള്‍, കൂറ്റനാട് കെ. വി. മുഹമ്മദ് മുസ്ലിയാര്‍, കെ. ആലിക്കുട്ടി മുസ്ലിയാര്‍, കെ. വി. സി. മുഹമ്മദ് സാഹിബ് തുടങ്ങിയ പല പ്രഗത്ഭരും സ്ഥാപനത്തിന്‍റെ സാരഥ്യം വഹിച്ചിട്ടുണ്ട്. അണ്ടത്തോട് കെ. കെ. മുഹമ്മദ് മുസ്ലിയാര്‍, അലനെല്ലൂര്‍ എം. എം. അബ്ദുല്ല മുസ്ലിയാര്‍, വെള്ളില ഏ. പി. മൊയ്തീന്‍ കുട്ടി മൂസ്ലിയാര്‍, അന്‍വര്‍ അബ്ദുല്ല ഫസ്ഫരി, ടി. കെ. എം. റാഫി ഉദവി, ഇസഹാഖ് ഉദവി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പാള്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അറബിക് കോളേജിന് പ്രത്യേകമായി വഖഫ് ചെയ്ത സ്വത്തുക്കളുണ്ട്. കോളേജ് കമ്മിറ്റിയുടെ കണ്‍വീനര്‍ ടിവി അബ്ദുറഹിമാന്‍കുട്ടി മാസ്റ്ററും പ്രിന്‍സിപ്പാള്‍ ടി.കെ. മുഹമ്മദ് ശമീര്‍ ഉദവിയുമാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഖാദിമിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.


മഖ്ദൂമിയ ഇംഗ്ലീഷ് സ്ക്കൂള്‍ 


1995ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം  249/95-ാം നമ്പറായി നിലവില്‍വന്ന സ്ഥാപനമാണ് ദാഇറത്തുല്‍ മസാലിഹില്‍ ഇസ്ലാമിയ. ഇതിന്‍റെ കീഴില്‍ പള്ളികളും മദ്രസ്സകളും ജെ.എം. റോഡില്‍ മത ഭൗതിക വിജ്ഞാനങ്ങളെ സമന്വയിപ്പിച്ച മഖദൂമിയ വിദ്യാഭ്യാസ സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. സയ്യിദ് ഫസല്‍ ബാഫഖി തങ്ങള്‍ പ്രസിഡന്‍റ്, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ സെക്രട്ടറി ഉള്‍പ്പെട്ട കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. എന്‍.കെ. രതി ടീച്ചറാണ് ഹെഡ് മിസ്ട്രസ്സ്. തുടക്കത്തില്‍ സ്ഥാപനത്തെ വളര്‍ത്തി വലുതാക്കുന്നതില്‍ സി. സിദ്ദീഖ് മൗലവി (സി.എസ്. പൊന്നാനി) ഉള്‍പ്പെടെ പല പ്രമുഖരും ശ്ലാഘനീയ പങ്കുവഹിച്ചു.



തീരദേശ വിദ്യാഭ്യാസം 


വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ തീരപ്രദേശ മുസ്ലിംകള്‍ പിന്നണിയിലായിരുന്ന 1960കളില്‍ തന്നെ പി. ആലിമുഹമ്മദ്, പി. ഇബ്രാഹീംകുട്ടി മാസ്റ്റര്‍, കെ.കെ അസൈനാര്‍ മാസ്റ്റര്‍, എ. ഉമ്മര്‍, കെ മുഹമ്മദ് കുട്ടി (ദര്‍ക്കാസ്) എന്നിവര്‍ 1960 ന് മുമ്പ് ഇവിടെ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി കേരളത്തിലെ മറ്റു മുസ്ലിം തീരപ്രദേശങ്ങള്‍ക്ക് മാതൃകയായി. മുഹമ്മദ് കുട്ടി ഒഴിച്ച് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയും ലഭിച്ചു. ആലിമുഹമ്മദ് അലീഗര്‍ മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് എംഎ പാസ്സായതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ലേബര്‍ കമ്മീഷണറുടെയും അസൈനാര്‍ മാസ്റ്റര്‍ സെയില്‍സ് ടാക്സ് ഓഫീസറുടെയും പദവികള്‍ വഹിച്ചു. അക്കാലത്ത് വിശപ്പിന്‍റെ വിളികേട്ട് പഠനം മതിയാക്കി ഈ മേഖലയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പ്രവേശിക്കേണ്ടിവന്ന നാമമാത്ര  തൊഴിലാളികള്‍ ജീവിച്ചിരിപ്പുണ്ട്. സമന്വയ വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയിലെ മറ്റു ചില പ്രദേശങ്ങളെ അപേക്ഷിച്ച് പൂര്‍വ്വോപരി ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്നുണ്ട് ഈ പ്രദേശം. 


ആധുനിക വിദ്യാഭ്യാസം


മലയാളക്കരയില്‍ അറബി, അറബി-മലയാള വിജ്ഞാന സാഹിത്യ ശാഖകളുടെ വ്യാപനവും ആധികാരികതയും പ്രശസ്തിയും പൊന്നാനിക്കുണ്ട്. ഇതര വിജ്ഞാന മേഖലകളില്‍ ഗുരുകുല സമ്പ്രദായവും പരമ്പരാഗത പഠന രീതികളും തുടര്‍ന്നു. ആധുനിക വിദ്യാഭ്യാസരംഗത്ത് വ്യവസ്ഥാപിത രൂപമുണ്ടായത് 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. തുടര്‍ന്ന് 1880 ന് ശേഷം ബി.ഇ.എം.യു.പി സ്കൂളും ടൗണ്‍ ജി.എല്‍.പി സ്കൂളുകളും 1892 ല്‍ ഈശ്വരമംഗലം കെ.ഇ.എല്‍.പി. സ്കൂളും 1893 ല്‍ തൃക്കാവ് സ്കൂളും 1895 ല്‍ എ.വി.ഹൈസ്കൂളും സ്ഥാപിതമായി.

20-ാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രാക്കറ്റില്‍ അവ സ്ഥാപിച്ച വര്‍ഷവും: ജി.എല്‍.പി. സ്കൂള്‍ തെയ്യങ്ങാട് (1916), എ.എല്‍.പി. സ്കൂള്‍ ഈഴുവത്തിരുത്തി (1919)  ജി.യു.പി. സ്കൂള്‍ ചെറുവായ്ക്കര (1921), ജി.എല്‍.പി. സ്കൂള്‍ കടവനാട് (1924), എ.എം.എല്‍.പി. സ്കൂള്‍ ബിയ്യം (1925) ജി.എഫ്.യു.പി സ്കൂള്‍ കടവനാട് (1927), എ.എം.എല്‍.പി. സ്കൂള്‍ പള്ളപ്രം (1930), ജി.എഫ്.എല്‍.പി .സ്കൂള്‍ പുതുപൊന്നാനി (1930), എ.എം.എല്‍.പി. സ്കൂള്‍ കറുകത്തിരുത്തി (1937), ജി.എഫ്.എല്‍.പി. സ്കൂള്‍ പൊന്നാനി (1942), ന്യൂ.എല്‍.പി. സ്കൂള്‍ (1947) ജി.എല്‍.പി സ്കുള്‍ വെള്ളീരി (1947), ന്യൂ യു.പി. സ്കൂള്‍ ഈശ്വരമംഗലം(1951), പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂള്‍(1964) എ.എം.എല്‍.പി സ്കൂള്‍ ആനപ്പടി(1968), എ.യു.പി സ്കൂള്‍ പുതുപൊന്നാനി (1975) തുടങ്ങി. നഗരസഭാ പ്രദേശത്ത് സര്‍ക്കാര്‍ എയിഡഡ് മേഖലകളില്‍ 5 ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, 1 ഹൈസ്കൂള്‍, 7 യു.പി.സ്കൂള്‍, 13 എല്‍. പി. സ്കൂളുകള്‍ നിലവിലുണ്ട്. 

തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ കാര്‍ഷിക കോളേജ്, തൃക്കണാപുരം എം. ഇ. എസ്. എഞ്ചിനീയറിങ് കോളേജ്, എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠം, വട്ടകുളം ഐ.എച്ച്.ആര്‍.ഡി. കോളേജ്, മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജ് വളയംകുളം അസ്സ്വബാഹ് ആര്‍ട്സ് കോളേജ്, പാവിട്ടപുറം അസ്സ്വബാഹ് അറബി കോളേജ്, ഈശ്വരമംഗലം ഐ.എ.എസ്. കോച്ചിങ്ങ് സെന്‍റര്‍, തൃക്കാവ് മൈനോരിറ്റി കോച്ചിങ്ങ് സെന്‍റര്‍ തുടങ്ങിയവയാണ് താലൂക്കിലെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അറബി(ദഅവ)കോളേജ്(1959) ബി.എഡ്. ട്രെയിനിങ് കോളേജ്(2006) തുടങ്ങിയവ എം.ഐ സഭയുടെ നിയന്ത്രണത്തില്‍ പുതുപൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്നു.  സ്കോളാര്‍, ചൈതന്യ, റീജിയണല്‍, റസിഡന്‍സി, പി.ജി. അക്കാദമി, ബാപ്പുജി ഹിന്ദി കോളേജ്, പ്രസിഡന്‍സി കോളേജ്, നോബിള്‍ അക്കാദമി, ഇന്‍സ്പെയര്‍ എജുകേഷന്‍, ഹില്‍ടോപ് പബ്ലിക് സ്കൂള്‍, ഐഡിയല്‍ സ്കൂള്‍, പോത്തന്നൂര്‍ മലബാര്‍ കോളേജ്, മലബാര്‍ പ്ലെ സ്കൂള്‍ തുടങ്ങിയ മികച്ച നിലവാരം പുലര്‍ത്തുന്ന പാരലല്‍ കോളേജുകളുമുണ്ട്. 

സി.എസ്.ഐ, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., ദാഇറ, അസ്മിക്ക്, ഐഡിയല്‍, പൊന്തകോസ്ത് തുടങ്ങിയ സംഘടനകള്‍ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പെയിന്‍ ആന്‍റ് പാലിയേറ്റീവ്, കര്‍മ്മ, പിസിഡബ്ല്യുഎഫ്, പിഡ്ബ്ല്യുസി, സേവന, എബിഎസ്എസ്, ലയണ്‍സ്, ജേസീസ്, പുതുപൊന്നാനി വാട്സ്ആപ് കൂട്ടായ്മ, സെലക്സ് ബ്രദേഴ്സ്, ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ്, നാട്ടുകൂട്ടം തുടങ്ങിയ ഇതര സന്നദ്ധ സംഘടനകളും, ക്ലബുകളും ലൈബ്രറികളും ആതുര പൊതുപ്രവര്‍ത്തന വൈജ്ഞാനിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്.

തലശ്ശേരി അദിയാലിപ്പുറത്ത് അമ്മു സാഹിബിന്‍റെ മഹക്കുല്‍ ഗ്വറാഇബ് പ്രസ്സ്, യുഎം അബ്ദുല്ലഹാജി കമ്പനി, എഎം മൗലവി കമ്പനി, എംപിഒ മുഹമ്മദ് സാഹിബിന്‍റെ പൊന്നാനി പ്രസ്സ്, കെഎം മുഹമ്മദ് സാഹിബിന്‍റെ നൂറുല്‍ ഹിദായ പ്രസ്സ്, പിടി അലിക്കുട്ടി സാഹിബിന്‍റെ മോഡേണ്‍ ലിത്തോ പ്രസ്സ്, എംപി കുഞ്ഞിമോന്‍ ഷോപ്പ്, തുടങ്ങിയവ പൊന്നാനിയുടെ അക്ഷരപ്പെരുമക്ക് മാറ്റുകൂട്ടിയ പ്രസിദ്ധീകരണ വിഭാഗങ്ങളാണ്.