88. എംഐ ഹൈസ്കൂള്‍ പൊന്നാനി



 88.  എംഐ ഹൈസ്കൂള്‍ പൊന്നാനി




ടിവി അബ്ദുറഹിമാന്‍കുട്ടി 

alfaponnani@gmail.com

9495095336


കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍ ടി.ഐ.യു.പി. സ്കൂള്‍ സ്ഥാപിച്ചതിന് ശേഷം 1928കളില്‍ കൂട്ടായിലും പറവണ്ണയിലും മദ്രസ്സാ സ്കൂളുകള്‍ സ്ഥാപിച്ചു. തുടര്‍ന്ന് 1930കളോടെ പൊന്നാനിയില്‍ തിരിച്ചെത്തിയ മുസ്ലിം ശിശുപഠന ശാലയായ മദ്രസത്തുല്‍ മര്‍ളിയ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് പൂര്‍വ്വോപരി സജീവമായി.

മലയാളം ആര്യനെഴുത്തായും ഇംഗ്ലീഷ് നരകഭാഷയായും മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗം കരുതിപ്പോന്നിരുന്ന അക്കാലത്ത് മുസ്ലിംകള്‍ക്ക് പൊതുവിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മുസ്ലിം വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്ന പോരായ്മകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്കും ഭൗതീക വിഷയങ്ങളോടൊപ്പം മതപഠനവും അറബി ഭാഷയും സമന്വയിപ്പിച്ച് നവീന പാഠ്യപദ്ധതിയനുസരിച്ച് വെട്ടംപോക്കിരിയകം തറവാടിന് മുകളില്‍ ആരംഭിച്ച സ്കൂളാണ് പിന്നീട് പൊന്നാനി നഗരത്തിലേയും കടലോര മേഖലയിലേയും പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റത്തിന് തുടക്കം കുറിച്ച് പിന്നീട് എംഐയുപി സ്കൂ(മഊനത്തുല്‍ ഇസ്ലാം ഹയര്‍ എലിമെന്‍ററി സ്കൂള്‍) ളായി രൂപാന്തരപ്പെട്ടത്.

സഭയ്ക്ക് അരികെ ജുമുഅത്ത് പള്ളി കുളത്തിന് തെക്ക്പടിഞ്ഞാറേ കരയില്‍ ഉസ്മാന്‍ മാസ്റ്ററുടെ പിതൃവ്യനായ കുന്നിക്കലകത്ത് അവുതലുക്കുട്ടിയുടെ വാഴത്തോട്ടത്തി (ചൊട്ടാപ്പ്) ല്‍ കെട്ടിയുണ്ടാക്കിയ നാല്കാലോല പുരയുള്ള താല്‍ക്കാലിക ഷെഡ്ഡിലാണ് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.

അദ്ദേഹം സ്ഥാപിച്ച മദ്രസ്സ മര്‍ളിയ 1932ല്‍ മദ്റസ്സത്തുല്‍ ഉസ്മാനിയ എലിമെന്‍ററി സ്ക്കൂള്‍ എന്ന പേരില്‍ മദ്രാസ് സര്‍ക്കാറില്‍ നിന്ന് അംഗീകാരം നേടി. അവറാന്‍കുട്ടി മുസ്ലിയാരകത്ത് അബുസാലിഹാണ് പ്രഥമ വിദ്യാര്‍ത്ഥി. തുടര്‍ന്ന് ഇവിടെ തന്നെ ഓട്മേഞ്ഞ ഷെഡ്ഡ് നിര്‍മ്മിച്ചു. സ്കൂള്‍ വിപുലീകരിച്ചു. തറീക്കാനകത്ത് കോയക്കുട്ടി, പടിഞ്ഞാറകത്ത് കുഞ്ഞീറ്റി, തുന്നംവീട്ടില്‍ മുഹമ്മദ് തുടങ്ങിയവരുടെ നിസീമമായ സഹകരണം അദ്ദേഹത്തിന് കരുത്തേകി. സ്കൂളിന്‍റെ ജീവാത്മാവും പരമാത്മാവും ഉസ്മാന്‍മാസ്റ്ററായതുകൊണ്ട് വര്‍ഷങ്ങളോളം ഈ വിദ്യാലയത്തെ ഉദുമാന്‍ സാറിന്‍റെ സ്കൂള്‍ എന്നാണ് തദ്ദേശീയര്‍ വിളിച്ചത്.

മുസ്ലിം സ്ത്രീ വിദ്യാഭ്യാസം പൊന്നാനി അങ്ങാടിയില്‍ നാമമാത്രമായിരുന്ന അക്കാലത്ത് മാസ്റ്ററുടെ പുത്രി അമ്പലത്ത് വീട്ടില്‍ ബിവിയെ ആദ്യ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്ത് ദേശത്തിന് മാതൃകയായി. 

അക്കാലത്ത് സ്ക്കൂള്‍ പഠനത്തിന് പോകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പലയിടത്തും അധിക്ഷേപവും പരിഹാസവും സഹിക്കേണ്ടി വന്നിരുന്നു. ഒരു ഗ്രാമീണ മുസ്ലിം പെണ്‍കുട്ടി താന്‍ അനുഭവിക്കേണ്ടി വന്ന യാതന വിവരിക്കുന്നത് നോക്കൂ:

എന്‍റെ ബാപ്പ ഖത്തീബും ഇമാമുമായിരുന്നു. വീടിനടുത്തുള്ള ഒരു ഹൈന്ദവ മാനേജ്മെന്‍റിന് കീഴിലുള്ള സ്ക്കൂളില്‍ അദ്ദേഹം എന്നെ ചേര്‍ത്തു. ഖത്തീബിന്‍റെ മകള്‍ സ്ക്കൂളില്‍ പഠിക്കുന്നതിന് ശക്തമായ എതിര്‍പ്പ് വന്നതിനാല്‍  ഞാന്‍ തല്‍ക്കാലം പഠനം നിറുത്തിയെങ്കിലും തുടര്‍പഠനത്തോടുള്ള ആഗ്രഹത്താല്‍ ഒളിഞ്ഞും മറിഞ്ഞും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. സ്ക്കൂള്‍ വീടിനടുത്തായിരുന്നുവെങ്കിലും വിമര്‍ശകര്‍  കാണാതിരിക്കാന്‍ വളഞ്ഞ വഴിയിലൂടെ ഒരു പുഴ കടന്ന് രണ്ടു മൂന്ന് ഫര്‍ലോങ്ങ് യാത്ര ചെയ്ത് സ്ക്കൂളിന്‍റെ പിന്നിലൂടെയാണ് ക്ലാസ്സില്‍ ഹാജരായത്. നമസ്ക്കാരത്തില്‍ വെളിവാകുന്ന ഭാഗങ്ങള്‍ മാത്രം വെളിവാക്കി വസ്ത്രം ധരിച്ച് സ്ക്കൂളില്‍ പോകുമ്പോള്‍ എന്നെ കോത്തായി (ഉരിഞ്ഞിട്ടവള്‍) എന്ന് വിളിച്ചു കുട്ടികള്‍ കളിയാക്കും. സ്ക്കൂളിന്‍റെ വാര്‍ഷികത്തിന് ഞാന്‍ ഒരു ഇംഗ്ലീഷ് പ്രസംഗം നടത്തിയതിനാല്‍ എതിര്‍പ്പ് അതിരൂക്ഷമായി. അവസാനം ഒരു പണ്ഡിതന്‍റെ മതവിധി വാങ്ങി എന്‍റെ ബാപ്പയെ പള്ളിയില്‍ നിന്ന് പുറത്താക്കി. 

ഇത്രയും രൂക്ഷമായ എതിര്‍പ്പ് പൊന്നാനിയില്‍ ഇല്ലായിരുന്നുവെങ്കിലും ചോക്ക് കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ ദീനി പാഠഭാഗങ്ങള്‍ പഠനത്തിനായി എഴുതുന്ന സമയത്ത് ചോക്ക് പൊടി നിലത്ത് വീഴല്‍ അനഭിലക്ഷണീയമാണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത് പഠനപരിഷ്ക്കാരങ്ങള്‍ പ്രാവര്‍ത്തികമാക്കിയതു കാരണം പലരില്‍ നിന്നും  കടുത്ത എതിര്‍പ്പും ത്യാഗവും മാസ്റ്റര്‍ സഹിക്കേണ്ടി വന്നു. മദ്രസ്സ സ്ക്കൂള്‍ പ്രസ്ഥാനത്തിന്‍റെ കടുത്ത വിമര്‍ശകരില്‍ നിന്ന് ഒരവസരത്തില്‍ പൊന്നാനി വലിയപള്ളിയുടെ പടിപ്പുരയില്‍ വെച്ചു അദ്ദേഹത്തിന് കല്ലേറും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.  പ്രതിസന്ധികളില്‍ അദ്ദേഹത്തിന് ഒരു കൈത്താങ്ങായി പ്രവര്‍ത്തിച്ചത് സഭ അസിസ്റ്റന്‍റ് മാനേജര്‍ കെ.എം. നൂറുദ്ധീന്‍കുട്ടിയായിരുന്നു. ഏതാനും വര്‍ഷം മദ്രസ്സത്തുല്‍ ഉസ്മാനിയ സ്ക്കൂളിന്‍റെ മാനേജര്‍ സ്ഥാനവും ഇദ്ദേഹം വഹിച്ചു.


1934 ഏപ്രില്‍ 28ന് ശനിയാഴ്ച ഉച്ചക്ക് 3.20ന് പൊന്നാനി കടപ്പുറത്തെ ഇന്നത്തെ ലൈറ്റ് ഹൗസിന് സമീപം ആറ്റക്കുളം പരിസരത്ത് ചേര്‍ന്ന മൗനത്തുല്‍ ഇസ്ലാം സഭയുടെ വിപുലമായ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ നേതാവ് മൗലാനാ ഷൗക്കത്തലിയുടെ മുഖ്യ പ്രഭാഷണത്തില്‍ ആധുനിക വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന് അനിവാര്യമാണെന്ന് ഉത്ബോധിപ്പിച്ചു. തുടര്‍ന്ന് ദീനി വിജ്ഞാനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം കൂടി ഉണ്ടായാല്‍ മാത്രമേ സമുദായം പ്രബുദ്ധമാകൂ എന്ന് ഗ്രഹിച്ച പ്രസിദ്ധരും പ്രാമാണികരുമായ സഭാഭാരവാഹികളും സുമനുസക്കളായ സമുദായ നേതാക്കളും ആധുനിക വിദ്യാഭ്യാസം മുഖ്യ വിഷയമായെടുത്ത് പലവട്ടം യോഗങ്ങള്‍ ചേര്‍ന്നു. സഭാ ഫണ്ട് ഈ രംഗത്ത് ഉപയോഗിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു.

സഭാ ഭാരവാഹികളും കമ്മിറ്റിയും സമസ്ത ജംഇയത്തുല്‍ ഉലമ നേതാക്കളായ ഖുത്തുബി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ബാരി മുസ്ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, സമസ്ത സ്ഥാപക മെമ്പര്‍ പൊന്നാനി കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, കെ എം നൂറുദ്ധീന്‍കുട്ടി തുടങ്ങിയ പ്രമുഖര്‍ ഈ രംഗത്ത് പ്രകടിപ്പിച്ച അര്‍പ്പണമനോഭാവവും ദീര്‍ഘ വിക്ഷണവും അവിസ്മരണീയമാണ്. ഇവരുടെയെല്ലാം ശ്രമഫലമായി 1941ല്‍ സ്ക്കുള്‍ സഭ ഏറ്റെടുത്തു. തുടര്‍ന്നാണ് വടക്ക് ഭാഗത്തെ ബ്ലോക്ക് നിര്‍മ്മിച്ചത്. 

ഇംഗ്ലീഷുകാരുടെ പാഠ്യ പദ്ധതിയോടുള്ള വലിയൊരു വിഭാഗത്തിനുള്ള വിരോധം കൊണ്ടാവാം പ്രമുഖ മുസ്ലിം കേന്ദ്രമായ  ഇവിടെയും അക്കാലത്ത് ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണ്ടത്ര ഉണ്ടാവാതിരുന്നത്. ഈ പോരായ്മ മുതലെടുത്ത് ഉയര്‍ന്ന വിദ്യാദാനവും വിദ്യാസ്വീകരണവും സവര്‍ണ്ണരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന വിഭാഗം കുത്തകയാക്കി. ഇക്കാരണത്താല്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ വ്യക്തിത്വ വികസനത്തിന്‍റെ നിര്‍ണ്ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസം പൊന്നാനി കനോലി കനാലിന്‍റെ പടിഞ്ഞാറ് ഭാഗത്തെ സാധാരണക്കാര്‍ക്ക് പ്രയാസമായി. പ്രദേശത്തെ ഹൈസ്ക്കുളില്‍ അഡ്മിഷന്‍ സമയത്ത് അര്‍ഹമായ പരിഗണനയും ലഭിച്ചിരുന്നില്ല ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല. 


ഈ ന്യുനതകള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലക്ക് പിന്നീട് മദ്രാസ്സ് ഹൈക്കോടതി ജസ്റ്റിസ് പദം അലങ്കരിച്ച സഭാ മാനേജിങ് കമ്മിറ്റി മെമ്പറായിരുന്ന ഹാജി പി കുഞ്ഞിഅഹമ്മദുകുട്ടിയുടെ അദ്ധ്യക്ഷതയില്‍ കെ.എം. സീതി സാഹിബ് പങ്കെടുത്ത 1945ലെ സ്ക്കൂള്‍ വാര്‍ഷിക യോഗം നിലവിലുള്ള യുപി സ്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രദേശത്തിന്‍റെയും സമുദായത്തിന്‍റെയും സ്വപ്നം സാക്ഷാല്‍കരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. തദനുസൃതമായി സഭാ ജോ.സെക്രട്ടറി എന്‍. മുഹമ്മദാജിയുടെ റിപ്പോര്‍ട്ട് പ്രകാരം 29-9-45ലെ മാനേജിങ് കമ്മിറ്റി ഇതിന് പച്ചക്കൊടി കാട്ടി.

വെട്ടംപോക്കരിയകം തറവാടിന്‍റെ പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, ആനബീഡി കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റസീവര്‍മാരോട് സ്ക്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചത് ഇവിടെവെച്ചായിരുന്നു. മദ്രാസ്സ് അസംബ്ലിയിലെ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. കുട്യാലിമാസ്റ്റര്‍ (ആനക്കര) ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളായി അപ്പ്ഗ്രേഡ് ചെയ്തതിനുശേഷം സൂര്യനാരായണ അയ്യര്‍ (ഒറ്റപ്പാലം) തുടര്‍ന്ന് ഈ പദവി വഹിച്ചു. 1950കളിലാണ് ഹൈസ്ക്കൂള്‍ വിഭാഗം ഇവിടെനിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്.

ബാവമുസ്ലിയാരകം, ഹാജിയാരകം എന്നീ രണ്ട് വീടുകള്‍ വിലക്ക് വാങ്ങി തെക്ക് പടിഞ്ഞാറേ ബ്ലോക്കും, പടിഞ്ഞാറേ പഴയകം വീട് വിലക്കുവാങ്ങി 1960കളില്‍ വടക്ക് പടിഞ്ഞാറേ ബ്ലോക്കും തുടര്‍ന്ന് പടിഞ്ഞാറേ പഴയകവും, സഭയുടെ യത്തീംഖാന പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും ചേര്‍ത്ത് വടക്കേ ബ്ലോക്കും നിര്‍മ്മിച്ചു.

ലോവര്‍ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് അധ്യാപക പരിശീലനം നേടിയവരും ഇഎസ്എസ്എല്‍സി (ഋശഴവേ ടമേിറമൃറ ടരവീീഹ ഘലമ്ശിഴ ഇലൃശേളശരമലേ) പാസ്സായതിനുശേഷം അധ്യാപക പരിശീലനം നേടിയവരുമായിരുന്നു ആദ്യകാല അധ്യാപകര്‍. വിദ്യാഭ്യാസപരമായി വികാസം പ്രാപിക്കാത്ത അക്കാലത്ത് അധ്യാപകര്‍ക്ക് ഈ യോഗ്യത മതിയാകുമായിരുന്നു. പി.കെ.എം. പൂക്കോയ തങ്ങള്‍, കെ. ഹംസ മാസ്റ്റര്‍, സുബൈദ ടീച്ചര്‍, ഇമ്പിച്ചി മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. വാരാന്ത്യ അവധി  ആദ്യകാലത്ത് മുസ്ലിം കലണ്ടര്‍ അനുസരിച്ച് വെള്ളിയും ശനിയും തുടര്‍ന്ന് വെള്ളിയും ഞായറും മദ്ധ്യവേനല്‍ അവധി വിഭജിച്ച് റംസാന് ഒരുമാസവും അവധി നല്‍കിയിരുന്നു. 

പി.കെ.എം. ഇമ്പിച്ചി മാസ്റ്റര്‍, മുഹമ്മദുണ്ണി മാസ്റ്റര്‍ (വെളിയംകോട്), കെ.വി. ബാവ മാസ്റ്റര്‍, സരസ്വതി ടീച്ചര്‍, കെ. ഖാലിദ് അലിയാസ് ബാപ്പുമാസ്റ്റര്‍, ബാവമാസ്റ്റര്‍ (അയിലക്കാട്), കെ.വി. ശറഫുദ്ദീന്‍ മാസ്റ്റര്‍, ആച്ചുമ്മടീച്ചര്‍, മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ ഹെഡ്മാസ്റ്റര്‍ പദവി വഹിച്ചിരുന്നു. ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ഹനീഫമാസ്റ്ററാണ്. ബാപ്പുമാസ്റ്റര്‍, ആലിമാസ്റ്റര്‍ (പുതുപ്പള്ളി), ഇളയത് മാസ്റ്റര്‍ തൃക്കാവ്, കുഞ്ഞിക്കമ്മു മാസ്റ്റര്‍, ആച്ചുമ്മടീച്ചര്‍ (കുറ്റിക്കാട്), യു. അബൂബക്കര്‍ മാസ്റ്റര്‍, കെ. ഹംസമാസ്റ്റര്‍, മുഹമ്മദുണ്ണി മാസ്റ്റര്‍ (പുറങ്ങ്) തുടങ്ങിയവര് പൂര്‍വ്വകാല അധ്യാപകരില്‍പ്പെടും.

കെ.എം. നൂറുദ്ധീന്‍, എ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. എം. അബ്ദുറഹിമാന്‍, കെ. അബൂബക്കര്‍, എ.വി. ഹംസ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രഗത്ഭര്‍ വിവിധ ഘട്ടങ്ങളില്‍ മാനേജര്‍ പദവി വഹിച്ചു. ഇപ്പോഴത്തെ മാനേജര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഭാ സെക്രട്ടറിയും സ്കൂള്‍ മേനേജറുമായ  ഉസ്താദ് ഹംസബിന്‍ ജമാല്‍ റംലിയും കണ്‍വീനര്‍ എ.എം. അബ്ദുസമദുമാണ്. 

പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങള്‍, ആഗോള പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി. മുഹമ്മദ് അശ്റഫ്, മുന്‍സിപ്പല്‍ ചെയര്‍മാനാരായിരുന്ന വി.പി. ഹുസൈന്‍കോയ തങ്ങള്‍. യു.എം. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, പി.പി. യാക്കൂബ് ഹസ്സന്‍, ഡോ. റസാക്ക് തുടങ്ങി വിവിധ മേഖലകളില്‍ പാദമുദ്രചാര്‍ത്തിയ പല പ്രമുഖരും പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 

സ്ക്കൂളിന് സ്വന്തം കെട്ടിടം നിലവില്‍ വരാത്ത കാലത്ത് ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന വെട്ടംപോക്കരിയകം തറവാടിന്‍റെ പള്ളി ചരുവില്‍ കെ. എം. സീതി സാഹിബ്, വി. പി. സി. തങ്ങള്‍, കെ. എം. കുഞ്ഞി മുഹമ്മദാജി, സി. ഹംസ സാഹിബ് തുടങ്ങിയവരുടെ അനൗദ്യോഗിക ചര്‍ച്ചയെ തുടര്‍ന്ന് സഭാ റസീവര്‍മാരോട് സ്ക്കൂളിന് പ്രത്യേക ഫണ്ട് സ്വരൂപിക്കാന്‍ നിര്‍ദ്ദേശിച്ചു. 1947ല്‍ തേഡ് ഫോറം ആരംഭിച്ചു മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി സെക്കണ്ടറി വിദ്യാഭ്യാസത്തിനു ആരംഭം കുറിച്ചു. അന്ന് മദ്രാസ്സ് അസംബ്ലി പ്രതിപക്ഷനേതാവായിരുന്ന മുഹമ്മദ് ഇസ്മാഇല്‍ സാഹിബാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സൂര്യനാരായണ അയ്യരായിരുന്നു.

1948ല്‍ ചാവക്കാട് സ്വദേശി അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ പ്രധാന അദ്ധ്യാപകനായി ചാര്‍ജ്ജെടുത്തതിനുശേഷമാണ് ശൈശവദശയിലെ ബാലാരിഷ്ടതകള്‍ പരിഹരിച്ച് വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തി വരുന്ന ഒരു ഹൈസ്ക്കൂളായി വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് തുടങ്ങിയത്. 1950ലാണ് ഹൈസ്ക്കൂള്‍ ഇന്നത്തെ സ്ഥലത്തേക്കു മാറ്റിയത്. 1952ല്‍ ഒന്നാമത്തെ ബ്ലോക്ക് മദ്രാസ്സ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡി.എസ്. റെഡ്ഡിയും, 1958 ഫ്രെബ്രുവരി 25ന് രണ്ടാമത്തെ ബ്ലോക്ക് അഖില സിലോണ്‍ വൈ. എം. എം. എ. കോണ്‍ഫറന്‍സ് പ്രസിഡന്‍റായിരുന്ന ഹാജി മുഹമ്മദ് അബദുറസാക്കും നിര്‍വ്വഹിച്ചു. അല്‍ഹാജ് എ. ഫളീല്‍ ഗഫൂര്‍ സാഹിബായിരുന്നു അദ്ധ്യക്ഷന്‍.  ഐക്യ കേരളത്തിന്‍റെ പ്രഥമ ഗവര്‍ണ്ണര്‍ ബി. കൃഷ്ണറാവു ഉദ്ഘാടനം നിര്‍വ്വഹിക്കാമെന്ന് ഏറ്റെങ്കിലും സ്വാതന്ത്ര്യ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്‍റെ നിര്യാണംമൂലം ഗവര്‍ണ്ണറുടെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റി വെക്കുകയാണുണ്ടായത്.

ചാവക്കാട് രാജാ അബ്ദുല്‍ ഖാദര്‍ ഹാജി പണിത് കൊടുത്ത സ്ക്കൂള്‍ അങ്കണത്തിലെ പള്ളിയുടെ ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അതിരമ്പുഴ ടി.എം. ഹസന്‍ റാവൂത്തറാണ് നിര്‍വ്വഹിച്ചത്. അക്കാലത്ത് എലിമെന്‍ററി (എല്‍.പി.) അഞ്ച് വര്‍ഷവും, ഹയര്‍ എലിമെന്‍ററി, സെക്കണ്ടറി (യു.പി.+ഹൈസ്ക്കൂള്‍) ആറ് വര്‍ഷവും, ഇന്‍റര്‍ മിഡിയേറ്റ് 2 വര്‍ഷവും, ഡിഗ്രി രണ്ട് വര്‍ഷവും ഇതായിരുന്നു പഠന കാലാവധി. ചില വിദ്യാലയങ്ങളില്‍ ഹയര്‍ എലിമെന്‍ററിയില്‍ 3 വര്‍ഷത്തെ പഠനത്തിനൊടുവില്‍ ഇ.എസ്.എസ്.എല്‍.സി. പൊതുപരീക്ഷയും നടത്തിയിരുന്നു. 

ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായിരുന്ന ആദ്യത്തില്‍ എം.എം. കുഞ്ഞാലന്‍ ഹാജി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ഐ.പി. അഹമ്മദ് കുട്ടി മാസ്റ്റര്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായി നിലവില്‍ വന്ന കമ്മിറ്റിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ഹേതുവായി രണ്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍, കാഞ്ഞിരമുക്ക് ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍, ബി.എഡ്. കോളേജ്, നഴ്സറി സ്ക്കൂള്‍ തുടങ്ങി വിദ്യാഭ്യാസരംഗത്തും പശ്ചാത്തല സൗകര്യങ്ങളിലും പുരോഗതി പ്രാപിച്ചു. സഭാ ഖജാന്‍ജി എ.വി. ഹംസ മാനേജറായ സമയത്ത് സ്ഥാപന വളര്‍ച്ചയില്‍ അവിശ്രമം വഹിച്ച പങ്ക് ശ്ലാഘനീയമാണ്.

95-96ല്‍ ഹൈസ്ക്കൂള്‍ ഗേള്‍സും ബോയ്സുമായി വിഭജിക്കുകയും 98 ല്‍ ബോയ്സിലും, 2000ത്തില്‍ ഗേള്‍സിലും, പ്ലസ്ടു വിഭാഗങ്ങള്‍, 2006ല്‍ ബി.എഡ്. കോളേജും ആരംഭിക്കുകയും ചെയ്തു. എ. ഇബ്രാഹിം കുഞ്ഞ്, കെ. എം. നൂറുദ്ദീന്‍, അഡ്വ. എം. അബ്ദുറഹിമാന്‍, കെ.  അബൂബക്കര്‍, ഏ. വി. ഹംസ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജറായിട്ടുണ്ട്. ശിഹാബ് തങ്ങള്‍ മാനേജറായ കാലത്ത് അറബി കോളേജ് സെക്രട്ടറിയായ ഈ ലേഖകനും പി. സൈതുട്ടി മാസ്റ്ററും എ. എം. അബ്ദുസമദും കറസ്പോണ്ടന്‍റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ മാനേജര്‍.  സഭ സെക്രട്ടറി ഹംസബിന്‍ ജമാല്‍, സി. മുഹമ്മദ് ശരീഫ്, സി. പി. ബാവഹാജി, എ.എം. അബ്ദുസമദ്  തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. 2015 മെയ് 13ന് ബി.എഡ്. കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി.

സി.ഇബ്രാഹിംകുട്ടി, കെ.വി. അബ്ദുല്‍കാദര്‍ (കുഞ്ഞിബാവ), പി.സെയ്തുട്ടി, കെ. ഹംസ, പി.എ. അഹ്മദ്, പി.വി. ഉമ്മര്‍, യു.എം. ഇബ്രാഹിംകുട്ടി, പി.വി. സുബൈദ, ടി. പ്രസന്ന, സി.സി. മോഹനന്‍, എന്‍.വി. നമീറ ബീഗം, ടി.എം. മുഹമ്മദ് സൈനുദ്ദീന്‍, സി.വി. നൗഫല്‍ തുടങ്ങിയവര്‍ വിവിധഘട്ടങ്ങളില്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ടിച്ചു. എം.ഐ.ഹൈസ്ക്കൂളില്‍ വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍, പ്രധാന അദ്ധ്യാപകന്‍, പ്രിന്‍സിപ്പാള്‍, പി.ടി.എ. പ്രസിഡന്‍റ്, അലുമിനി പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തിത്വം യു.എം. ഇബ്രാഹിംകുട്ടി മാസ്റ്ററാണ്.

ഡോ. കെ.എം. മൊയ്തീന്‍കുട്ടി, പ്രൊഫ. കടവനാട് മുഹമ്മദ്, പ്രൊഫ. മുഹമ്മദ് സഗീര്‍ ഖാദിരി, എ.പി. മെഹറലി, വി.പി. ഹുസൈന്‍ക്കോയ  തങ്ങള്‍, എം.പി. മുത്തുക്കോയ തങ്ങള്‍, പ്രൊഫ. ടി.കെ. അബ്ദുല്ലകുട്ടി, ഡോ.കെ.എം. അബ്ദുല്ല, പ്രൊഫ. സൈക്കൊ മുഹമ്മദ്, എം. ബാവക്കുട്ടി, ഡോ.അബ്ദുല്ല ബാവ, ഡോ. വി.വി. അബ്ദുറഹിമാന്‍കുട്ടി, ഡോ.സി.വി. ജമാലുദ്ദീന്‍, കെ.കെ. ഹനീഫ് തുടങ്ങിയ പല പ്രമുഖരും പ്രഗത്ഭരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

ബോയ്സില്‍ പി.പി. ഷംസുവും ഗേള്‍സില്‍ പി.എം ജര്‍ജ്ജീസുറഹ്മാന്‍ പ്രധാന അദ്ധ്യാപകരായും, ഹയര്‍സെക്കണ്ടറി വിഭാഗം ബോയ്സില്‍ നബീല്‍ തെക്കരകത്ത്, ഗേള്‍സില്‍ കെ.പി. യഹിയയും, ബി.എഡ്. കോളേജില്‍ അജിതകുമാരിയും പ്രിന്‍സിപ്പാള്‍മാരായും  സേവനമനുഷ്ഠിച്ചുവരുന്നു.