93. മഖ്ദൂമിയ സ്ക്കൂള്‍ പൊന്നാനി


93. മഖ്ദൂമിയ സ്ക്കൂള്‍

പൊന്നാനി




ടിവി അബ്ദുറഹിമാന്‍കുട്ടി 

alfaponnani@gmail.com

9495095336




    1995ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം  249/95-ാം നമ്പറായി നിലവില്‍വന്ന സ്ഥാപനമാണ് ദാഇറത്തുല്‍ മസാലിഹില്‍ ഇസ്ലാമിയ. ഇതിന്‍റെ കീഴില്‍ പള്ളികളും മദ്രസ്സകളും ജെ.എം. റോഡില്‍ മത ഭൗതിക വിജ്ഞാനങ്ങളെ സമന്വയിപ്പിച്ച മഖദൂമിയ വിദ്യാഭ്യാസ സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. സയ്യിദ് ഫസല്‍ ബാഫഖി തങ്ങള്‍ പ്രസിഡന്‍റ്, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ സെക്രട്ടറി ഉള്‍പ്പെട്ട കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. എന്‍.കെ. രതി ടീച്ചറാണ് ഹെഡ് മിസ്ട്രസ്സ്. തുടക്കത്തില്‍ സ്ഥാപനത്തെ വളര്‍ത്തി വലുതാക്കുന്നതില്‍ സി. സിദ്ദീഖ് മൗലവി (സി.എസ്. പൊന്നാനി) ഉള്‍പ്പെടെ പല പ്രമുഖരും ശ്ലാഘനീയ പങ്കുവഹിച്ചു.


തീരദേശ വിദ്യാഭ്യാസം 


    വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ തീരപ്രദേശ മുസ്ലിംകള്‍ പിന്നണിയിലായിരുന്ന 1960കളില്‍ തന്നെ പി. ആലിമുഹമ്മദ്, പി. ഇബ്രാഹീംകുട്ടി മാസ്റ്റര്‍, കെ.കെ അസൈനാര്‍ മാസ്റ്റര്‍, എ. ഉമ്മര്‍, കെ മുഹമ്മദ് കുട്ടി (ദര്‍ക്കാസ്) എന്നിവര്‍ 1960 ന് മുമ്പ് ഇവിടെ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി കേരളത്തിലെ മറ്റു മുസ്ലിം തീരപ്രദേശങ്ങള്‍ക്ക് മാതൃകയായി. മുഹമ്മദ് കുട്ടി ഒഴിച്ച് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിയും ലഭിച്ചു. ആലിമുഹമ്മദ് അലീഗര്‍ മുസ്ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് എംഎ പാസ്സായതിനെ തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് ലേബര്‍ കമ്മീഷണറുടെയും അസൈനാര്‍ മാസ്റ്റര്‍ സെയില്‍സ് ടാക്സ് ഓഫീസറുടെയും പദവികള്‍ വഹിച്ചു. അക്കാലത്ത് വിശപ്പിന്‍റെ വിളികേട്ട് പഠനം മതിയാക്കി ഈ മേഖലയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പ്രവേശിക്കേണ്ടിവന്ന നാമമാത്ര  തൊഴിലാളികള്‍ ജീവിച്ചിരിപ്പുണ്ട്. സമന്വയ വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയിലെ മറ്റു ചില പ്രദേശങ്ങളെ അപേക്ഷിച്ച് പൂര്‍വ്വോപരി ഊര്‍ജ്ജസ്വലതയോടെ മുന്നേറുന്നുണ്ട് ഈ പ്രദേശം.


ആധുനിക വിദ്യാഭ്യാസം


    മലയാളക്കരയില്‍ അറബി, അറബി-മലയാള വിജ്ഞാന സാഹിത്യ ശാഖകളുടെ വ്യാപനവും ആധികാരികതയും പ്രശസ്തിയും പൊന്നാനിക്കുണ്ട്. ഇതര വിജ്ഞാന മേഖലകളില്‍ ഗുരുകുല സമ്പ്രദായവും പരമ്പരാഗത പഠന രീതികളും തുടര്‍ന്നു. ആധുനിക വിദ്യാഭ്യാസരംഗത്ത് വ്യവസ്ഥാപിത രൂപമുണ്ടായത് 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. തുടര്‍ന്ന് 1880 ന് ശേഷം ബി.ഇ.എം.യു.പി സ്കൂളും ടൗണ്‍ ജി.എല്‍.പി സ്കൂളുകളും 1892 ല്‍ ഈശ്വരമംഗലം കെ.ഇ.എല്‍.പി. സ്കൂളും 1893 ല്‍ തൃക്കാവ് സ്കൂളും 1895 ല്‍ എ.വി.ഹൈസ്കൂളും സ്ഥാപിതമായി.

    20-ാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രാക്കറ്റില്‍ അവ സ്ഥാപിച്ച വര്‍ഷവും: ജി.എല്‍.പി. സ്കൂള്‍ തെയ്യങ്ങാട് (1916), എ.എല്‍.പി. സ്കൂള്‍ ഈഴുവത്തിരുത്തി (1919)  ജി.യു.പി. സ്കൂള്‍ ചെറുവായ്ക്കര (1921), ജി.എല്‍.പി. സ്കൂള്‍ കടവനാട് (1924), എ.എം.എല്‍.പി. സ്കൂള്‍ ബിയ്യം (1925) ജി.എഫ്.യു.പി സ്കൂള്‍ കടവനാട് (1927), എ.എം.എല്‍.പി. സ്കൂള്‍ പള്ളപ്രം (1930), ജി.എഫ്.എല്‍.പി .സ്കൂള്‍ പുതുപൊന്നാനി (1930), എ.എം.എല്‍.പി. സ്കൂള്‍ കറുകത്തിരുത്തി (1937), ജി.എഫ്.എല്‍.പി. സ്കൂള്‍ പൊന്നാനി (1942), ന്യൂ.എല്‍.പി. സ്കൂള്‍ (1947) ജി.എല്‍.പി സ്കുള്‍ വെള്ളീരി (1947), ന്യൂ യു.പി. സ്കൂള്‍ ഈശ്വരമംഗലം(1951), പൊന്നാനി ഗേള്‍സ് ഹൈസ്ക്കൂള്‍(1964) എ.എം.എല്‍.പി സ്കൂള്‍ ആനപ്പടി(1968), എ.യു.പി സ്കൂള്‍ പുതുപൊന്നാനി (1975) തുടങ്ങി. നഗരസഭാ പ്രദേശത്ത് സര്‍ക്കാര്‍ എയിഡഡ് മേഖലകളില്‍ 5 ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, 1 ഹൈസ്കൂള്‍, 7 യു.പി.സ്കൂള്‍, 13 എല്‍. പി. സ്കൂളുകള്‍ നിലവിലുണ്ട്. 

    തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ കാര്‍ഷിക കോളേജ്, തൃക്കണാപുരം എം. ഇ. എസ്. എഞ്ചിനീയറിങ് കോളേജ്, എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠം, വട്ടകുളം ഐ.എച്ച്.ആര്‍.ഡി. കോളേജ്, മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജ് വളയംകുളം അസ്സ്വബാഹ് ആര്‍ട്സ് കോളേജ്, പാവിട്ടപുറം അസ്സ്വബാഹ് അറബി കോളേജ്, ഈശ്വരമംഗലം ഐ.എ.എസ്. കോച്ചിങ്ങ് സെന്‍റര്‍, തൃക്കാവ് മൈനോരിറ്റി കോച്ചിങ്ങ് സെന്‍റര്‍ തുടങ്ങിയവയാണ് താലൂക്കിലെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അറബി(ദഅവ)കോളേജ്(1959) ബി.എഡ്. ട്രെയിനിങ് കോളേജ്(2006) തുടങ്ങിയവ എം.ഐ സഭയുടെ നിയന്ത്രണത്തില്‍ പുതുപൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്നു.  സ്കോളാര്‍, ചൈതന്യ, റീജിയണല്‍, റസിഡന്‍സി, പി.ജി. അക്കാദമി, ബാപ്പുജി ഹിന്ദി കോളേജ്, പ്രസിഡന്‍സി കോളേജ്, നോബിള്‍ അക്കാദമി, ഇന്‍സ്പെയര്‍ എജുകേഷന്‍, ഹില്‍ടോപ് പബ്ലിക് സ്കൂള്‍, ഐഡിയല്‍ സ്കൂള്‍, പോത്തന്നൂര്‍ മലബാര്‍ കോളേജ്, മലബാര്‍ പ്ലെ സ്കൂള്‍ തുടങ്ങിയ മികച്ച നിലവാരം പുലര്‍ത്തുന്ന പാരലല്‍ കോളേജുകളുമുണ്ട്. 

    സി.എസ്.ഐ, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., ദാഇറ, അസ്മിക്ക്, ഐഡിയല്‍, പൊന്തകോസ്ത് തുടങ്ങിയ സംഘടനകള്‍ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പെയിന്‍ ആന്‍റ് പാലിയേറ്റീവ്, കര്‍മ്മ, പിസിഡബ്ല്യുഎഫ്, പിഡ്ബ്ല്യുസി, സേവന, എബിഎസ്എസ്, ലയണ്‍സ്, ജേസീസ്, പുതുപൊന്നാനി വാട്സ്ആപ് കൂട്ടായ്മ, സെലക്സ് ബ്രദേഴ്സ്, ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ്, നാട്ടുകൂട്ടം തുടങ്ങിയ ഇതര സന്നദ്ധ സംഘടനകളും, ക്ലബുകളും ലൈബ്രറികളും ആതുര പൊതുപ്രവര്‍ത്തന വൈജ്ഞാനിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്.

    തലശ്ശേരി അദിയാലിപ്പുറത്ത് അമ്മു സാഹിബിന്‍റെ മഹക്കുല്‍ ഗ്വറാഇബ് പ്രസ്സ്, യുഎം അബ്ദുല്ലഹാജി കമ്പനി, എഎം മൗലവി കമ്പനി, എംപിഒ മുഹമ്മദ് സാഹിബിന്‍റെ പൊന്നാനി പ്രസ്സ്, കെഎം മുഹമ്മദ് സാഹിബിന്‍റെ നൂറുല്‍ ഹിദായ പ്രസ്സ്, പിടി അലിക്കുട്ടി സാഹിബിന്‍റെ മോഡേണ്‍ ലിത്തോ പ്രസ്സ്, എംപി കുഞ്ഞിമോന്‍ ഷോപ്പ്, തുടങ്ങിയവ പൊന്നാനിയുടെ അക്ഷരപ്പെരുമക്ക് മാറ്റുകൂട്ടിയ പ്രസിദ്ധീകരണ വിഭാഗങ്ങളാണ്.