അനുപമം ഭക്തിസാന്ദ്രം വലിയ ജുമുഅത്ത് പള്ളി




അനുപമം ഭക്തിസാന്ദ്രം
വലിയ ജുമുഅത്ത് പള്ളി




ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

  


 
വലിയ  പള്ളിയുടെ കിഴക്കെ പടിപ്പുര കടന്നാല്‍ ആത്മീയ സാക്ഷാത്കാരത്തിന്‍റെ പ്രതീതി സദാ സമയവും മനസ്സില്‍ അലയടിക്കും. രണ്ടാം സൈനുദ്ദീന്‍ മഖ്ദൂമിന്‍റെയും മുപ്പത്തിയെട്ടാം മഖ്ദൂം കോയക്കുട്ടി തങ്ങളുടേയും ഒഴികെ, മഖ്ദും സ്ഥാനം അലങ്കരിച്ച 37 മഖ്ദൂമുകള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ദൂം മഖാം പൂമുഖ മുറ്റത്ത് കാണാം. കൂടാതെ പണ്ഡിതശ്രേഷ്ഠനായ മമ്മിക്കുട്ടി ഖാസിയുടേയും ഒന്നാം മഖ്ദൂമിന്‍റെ മകന്‍ യഹ്യ എന്ന കുട്ടിയുടേയും ഖബറുകള്‍ ഈ മഖ്ബറയിലുണ്ട്.

    ചെമ്പ് തകിടുകള്‍ പൊതിഞ്ഞിരുന്ന മഖാമിന്‍റെ മേല്‍ഭാഗം 1995ല്‍ പുനഃനിര്‍മ്മിച്ചു. കിഴക്കും വടക്കും മഖദൂം കുടുംബത്തിന്‍റെ ഖബറിടങ്ങള്‍. അല്‍പം വടക്ക് മാറി മുകളിലക്ക് കണ്ണോടിച്ചാല്‍ ഒരിക്കലും മായാത്ത മറക്കാത്ത കരകൗശല ചാരുതയുടെ ദൃശ്യവിസ്മയ രൂപം മനസ്സില്‍ പതിയും. അവിസ്മരണീയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ രൂപഭംഗി ആവാഹിച്ചെടുത്ത ആകൃതിയും ആകാര സൗന്ദര്യവും നിറഞ്ഞ് നില്‍ക്കുന്ന കൂലീനതയുടെ പ്രതീകമായ പുമുഖ മാളികയുടെ പൂര്‍ണ്ണചിത്രം.

    അകത്തേക്ക് പ്രവേശിക്കുന്ന ഇടത്ത് അതിശയമുണര്‍ത്തുന്ന തിണ്ണയും വിശുദ്ധ വചനങ്ങള്‍ ആലേഖനം ചെയ്ത കവാടവും. പുറത്തെ പള്ളിയുടെ ചുമരിന്‍റെ മദ്ധ്യത്തില്‍ മുകള്‍ ഭാഗത്തായി മരത്തില്‍ കൊത്തിവെച്ച  ദിവ്യ സൂക്തങ്ങളും തിരുവചനങ്ങളും ആപ്തവാക്യങ്ങളും. വലത് ഭാഗത്ത് ഓപ്പണ്‍ ഹൗളിന്‍ കരയും മുകള്‍തട്ടും. ആധുനിക നിര്‍മ്മാണ സാങ്കേതിക വിദ്യ  വികസിക്കാത്ത കാലത്ത് ദീര്‍ഘ വീക്ഷണത്തോടെ നിര്‍മ്മിച്ച പൂര്‍ണ്ണമായും കരിങ്കലില്‍ പണിത മഴവെള്ള ജല സംഭരണി (ഹൗള്). ആദ്യകാലത്ത് ഹൗള് ചെറുതായിരുന്നു. അധികവും പള്ളിക്കുളത്തില്‍നിന്ന് വുളു എടുത്ത് വരവാണ് പതിവ്. 


ഇബ്നുഹജറുല്‍ ഹൈതമിയുടെ ശില

    മുന്നോട്ട് നടന്നാല്‍ 5400 സ്ക്വയര്‍ ഫീറ്റ് ഉള്‍ഭാഗം വിസ്തീര്‍ണ്ണമുള്ള അകത്തെ പള്ളി. അസാധാരണ കനത്തില്‍ കുമ്മായം പൊതിഞ്ഞ പിടിയിലൊതുങ്ങാത്ത കല്‍ത്തൂണുകളും ആനപ്പള്ളയുടെ ആകൃതിയിലുള്ള ചുമരും. ആവശ്യാനുസരണം വെന്‍റിലേറ്റര്‍, ഭക്തിയും ചൈതന്യവും സമുന്വയിച്ച അകത്തളം. മിക്കസമയത്തും നമസ്കാരത്തിലും ഖുര്‍ആന്‍ പാരായണത്തിലും അദ്കാറുകളിലും മുഴുകിയ ആത്മീയ പ്രഭ പ്രസരിക്കുന്ന അന്തരീക്ഷം. ജുമുഅക്കും രണ്ട് പെരുന്നാള്‍ നമസ്ക്കാരത്തിനും ഇരുപത്തിയേഴാം രാവിനും മാത്രമേ ഇമാം മിഹ്റാബില്‍ കയറി നമസ്ക്കാരത്തിന് നേതൃത്വം നല്‍കാറുള്ളു. പുകള്‍പ്പെറ്റ കൈരളി അറേബ്യന്‍ കരകൗശല ചാരുതയില്‍ പണിത മിംബര്‍, ജുമുഅ ദിനങ്ങളിലും റംസാന്‍ രാവുകളിലും ആത്മീയ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്നതും ദീപ്തമായ മനശാന്തി പ്രദാനം ചെയ്യുന്നതും ആത്മാവിനെ സാന്ത്വനിപ്പിക്കുന്നതുമായ ഇടമാണ് ഇവിടമെന്ന് ത്യാഗിവര്യډാരായ പൂര്‍വ്വകാല സൂരികള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 

    മൈക്ക് പ്രചാരത്തിലില്ലാത്ത കാലത്ത് ദര്‍സ്സില്‍ ധാരാളം പഠിതാക്കള്‍ ഉണ്ടായിരുന്ന സമയത്ത് ബാങ്ക് വിളിച്ചാല്‍ പെട്ടെന്ന് കേള്‍ക്കാന്‍ പ്രയാസമായിരുന്നു. തډൂലം ബാങ്ക് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെടാന്‍ പള്ളിയുടെ നടുവാതില്‍ തല്‍സമയം ശബ്ദത്തോടെ തുറക്കുകയും നമസ്കാരം കഴിഞ്ഞാല്‍ അടക്കുകയും പതിവായിരുന്നു. ആ കീഴ്വഴക്കം ഇപ്പോഴും തുടര്‍ന്നുവരുന്നു. മറ്റു വാതിലുകള്‍ സദാസമയവും തുറന്നിട്ടിരിക്കും. കമനീയ കമാനങ്ങള്‍, കവാടങ്ങള്‍. പളളിയുടെ നടുവില്‍ ഒന്നാം മഖ്ദൂം സ്ഥാപിച്ച തൂക്ക് വിളക്കിന് താഴെ വിശ്വ പ്രശസ്ത പണ്ഡിത ശ്രേഷ്ഠന്‍ ഇബ്നുഹജറുല്‍ ഹൈത്തമി പതിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ട വൃത്താകൃതിയിലുളള കല്ല് തുടങ്ങി അപൂര്‍വ്വങ്ങളായ പല പ്രത്യേകതകളും ഈ പള്ളിക്കുണ്ട്. കല്ലിന് ചുറ്റുമിരുന്ന് ഓതിപ്പഠിച്ച്  വിളക്കിത്തിരിക്കല്‍ പദവി നേടിയ പണ്ഡിതډാരാണ് കേരളത്തിന് അകത്തും പുറത്തും പള്ളി ദര്‍സ്സുകള്‍ക്ക് പ്രചുര പ്രചാരം ലഭിക്കാന്‍ കാരണമായിത്തീര്‍ന്നത്.

    അകത്തെ പള്ളിയില്‍ നിന്ന് പതിനേഴ് പടികളുള്ള വലിയ കോണി കയറിയാല്‍ വിശാലമായ ഒന്നാം നില. മരം കൊണ്ട് നിര്‍മ്മിച്ച പൂര്‍ണ്ണമായും പുറത്തേക്ക് തള്ളിയ പൂമുഖ മാളികക്കൂട്. വീണ്ടും പതിനഞ്ച് പടികളുള്ള രണ്ടാം നിലയും, അരതട്ടും (രണ്ടരതട്ട്) ചരിത്രവും ഐതിഹ്യവും കൈകോര്‍ക്കുന്ന ഇവിടെ ഒരു കാലത്ത് അസമയങ്ങളില്‍ ജിന്നുകള്‍ ദൈവീകമന്ത്രങ്ങള്‍ ഉരുവിട്ടിരുന്നുവെന്നും ദൈവീക സാമീപ്യത്താല്‍  അനുഗ്രഹീതരായ മുന്‍കാല മഖ്ദൂമുകള്‍ ജിന്നുകള്‍ക്കായി ഇവിടെവെച്ച് ദര്‍സ്സ് നടത്തിയിരുന്നുവെന്നുമാണ് വാമൊഴിയും വരമൊഴിയും. ചരിത്രം രേഖപ്പെടുത്തിയ കാലടയാളങ്ങളും ലിഖിതങ്ങളും ഇവിടെ കാണാം. മോന്തായത്തെ താഴികക്കുടങ്ങള്‍ പ്രൗഢി വിളിച്ചോതുന്ന പ്രാചീന ചിഹ്നങ്ങളാണ്.