വിജ്ഞാനത്തിന്‍റെ പത്തരമാറ്റ്
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
പ്രവാചകന്‍ അനുചരന്‍മാര്‍ക്ക് മസ്ജിദുന്നബവിയില്‍ വെച്ച് മതകാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക പതിവായിരുന്നു. ആദ്യകാല മുസ്ലിം മത പ്രബോധകര്‍ അധികസമയവും പള്ളി കേന്ദ്രീകരിച്ചു ഇസ്ലാമിക പ്രചരണം നടത്തിയിരുന്നതിനാല്‍ മത കാര്യങ്ങള്‍ പഠിക്കാന്‍ പള്ളികളെ ആശ്രയിക്കേണ്ടി വന്നു. പള്ളികളിലെ ഈ പഠന സമ്പ്രദായത്തിലൂടെയാണ് ദര്‍സ്സുകളുടെ വ്യാപനം. തന്‍മൂലം പള്ളികള്‍ ആരാധനാലയങ്ങള്‍ക്കൊപ്പം മികവാര്‍ന്ന വിജ്ഞാന പ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നു. മലയാളക്കരയിലെ ചില പ്രമുഖ പള്ളികളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ദര്‍സ്സുകള്‍ ഉണ്ടായിരുന്നു.
എഴിമലയിലെ പള്ളിയില്‍ വിജ്ഞാന സമ്പാദനത്തിനായി താമസിച്ച് പഠിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളെ കണ്ടിരുന്നുവെന്നും പള്ളിയുടെ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് അവര്‍ക്ക് ഭക്ഷണവും വട്ടചിലവിനുള്ള പൈസയും നല്‍കിയിരുന്നുവെന്നും പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ലോക സഞ്ചാരി ഇബ്നു ബതൂത്ത രേഖപ്പെടുത്തുന്നു. മുഹമ്മദ് ബ്നു അബ്ദുല്ല ഹളറമിയുടെ നേതൃത്വത്തില്‍ താനൂരിലും ഖാസി സൈനുദ്ദീന്‍ റമദാന്‍ ശാലിയാത്തിയുടെയും അദ്ദേഹത്തിന്‍റെ മകന്‍ അല്ലാമാ അബൂബക്കര്‍ ഫഖറുദ്ദീന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നഗര പരിസരത്തും നടന്നിരുന്ന ദര്‍സ്സുകള്‍ പ്രസിദ്ധമായിരുന്നു.
ഉദയത്തിന്‍റെ സുവര്‍ണതീരം
പോര്‍ച്ചുഗീസ് ആഗമനം തൊട്ട് കേരളത്തിലെ മുസ്ലീം വിദ്യാഭ്യാസ മേഖലയിലെ അധിനിവേശ-അധിനിവേശാനന്തര കാലഘട്ടം പരിശോധിച്ചാല്‍ അത്തരം ദീപസ്തംഭങ്ങളില്‍ പ്രഥമഗണനീയന്‍ മുസ്ലിം കേരളത്തിന്‍റെ വൈജ്ഞാനിക നായകനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തന്നെ.
മലയാളക്കരയില്‍ നിന്ന് വിദ്യാസമ്പാദനത്തിന് മുസ്ലിംകള്‍ കടല്‍കടന്ന് മറുകര പറ്റാത്ത കാലത്ത് പൊന്നാനിയിലും കോഴിക്കോടും പഠനം കഴിഞ്ഞ് ദുര്‍ഘട സന്ധികള്‍ തരണം ചെയ്ത് സഞ്ചരിച്ച് വിശ്വകലാലയങ്ങളായ മക്കത്തെ മസ്ജിദുല്‍ ഹറമിലും അല്‍ അസ്ഹറിലും പഠനം നടത്തിയ പ്രഥമ മലയാളി പണ്ഡിത ശ്രേഷ്ഠനെന്ന ഖ്യാതി അദ്ദേഹം നേടി. ഉപരിപഠന കാലത്ത് സഹപാഠികള്‍ക്കും പണ്ഡിതډാര്‍ക്കുമിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് മഖ്ദൂം പഠനം പൂര്‍ത്തിയാക്കി പൊന്നാനിയില്‍ തിരിച്ചെത്തി വലിയപള്ളിയും ദര്‍സ്സും (മതപഠന ക്ലാസ്സ്) സ്ഥാപിച്ചു. തന്‍റെ പിതൃവ്യനായ ശൈഖ് സൈനുദ്ധീന്‍ ഇബ്രാഹിമിന്‍റെ തുടര്‍ച്ചയായി തദ്ദേശീയര്‍ മഖ്ദൂമിനെ ഖാസിയായും അംഗീകരിച്ചു.
അന്നുവരെ സാമൂതിരിയുടെ രണ്ടാം ആസ്ഥാനമായി അറിയപ്പെട്ടിരുന്ന പൊന്നാനി തുടര്‍ന്ന് കൈരളിയുടെ മക്കയെന്നും ഖ്യാതിനേടി. മുസ്ലിം കേരളത്തിന്‍റെ വിജ്ഞാനനായകനും അനിഷേധ്യ നേതാവും ഉന്നത ഗ്രന്ഥകാരനും ബഹുഭാഷാപണ്ഡിതനും തികഞ്ഞ സൂഫിയുമായിരുന്ന മഖ്ദും തന്‍റെ അസുലഭമായ സിദ്ധി വിശേഷം സ്വദേശത്തിന്‍റെയും കൈരളിയുടെയും സര്‍വ്വതോډുഖമായ പുരോഗതിക്കും സ്വസമുദായത്തിനും മതസാഹോദര്യത്തിനും സാമ്ര്യാജ്യത്വ വിരുദ്ധ പോരാട്ടത്തിനും നിസ്വാര്‍ത്ഥമായി വിനിയോഗിച്ചത് അദ്ദേഹത്തെ മാലിക്ക് ഇബ്നു ദീനാറിനും അനുചരന്‍മാര്‍ക്കും ശേഷം മലയാളക്കരയില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാക്കി ഉയര്‍ത്തി.
പറങ്കികളുടെ ആഗമനത്തോടെ കേരളാ മുസ്ലിംകളുടെ അധഃപതനത്തിന് തുടക്കം കുറിച്ചപ്പോള്‍ അതിനെ തടയിടാന്‍ ഒന്നും രണ്ടും മൂന്നും മഖ്ദൂമുകളുടെ നേതൃത്വം താങ്ങും തണലുമായി 'സാംസ്കാരിക ജീര്‍ണ്ണത' സ്വയം കുഴിച്ചിട്ടിരുന്ന ശവക്കുഴിയിലേക്ക് കേരളത്തെ തള്ളിയിടാന്‍ പോര്‍ച്ചുഗീസുകാരുടെ മൃഗീയ മര്‍ദ്ദനം തയ്യാറെടുത്ത ആ കാലഘട്ടം കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരദ്ധ്യായമായി അവശേഷിക്കുന്നു. ഈ തകര്‍ച്ചയില്‍നിന്നും നാടിനെ രക്ഷിച്ചത് കേരളത്തിലെ നവോത്ഥാന പ്രതിനിധികളായ എഴുത്തച്ഛനും, മഖ്ദൂം ഒന്നാമന്‍റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും, പൂന്താനവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിളള രേഖപ്പെടുത്തിയിട്ടുണ്ട്.