90. ഐഎസ്എസ് സ്കൂള്‍
പൊന്നാനി
ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
9495095336
കഴിഞ്ഞ അഞ്ച് പതിറ്റാണ്‍ണ്ടായി പൊന്നാനിയിലും പരിസരത്തും മത -സാമൂഹിക -സാംസ്കാരിക -വിദ്യാഭ്യാസ രംഗത്ത് പാദമുദ്ര ചാര്‍ത്തിയ സംഘടനയാണ് ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി (ഐഎസ്എസ്). ഈ സംഘടനയുടെ പിറവിക്കും വളര്‍ച്ചക്കും സുപ്രധാന പങ്ക് വഹിച്ചത് പൊന്നാനിയിലെ ജമാഅത്തെ ഇസ്ലാമി സംഘടനയാണ്. മൈസൂരില്‍ ബീഡിത്തൊഴിലാളികളായിരുന്ന കമ്മാലിക്കാനകത്ത് കുഞ്ഞിമുഹമ്മദ്, വി.പി. ഇമ്പിച്ചി എന്നിവരാണ് 1950കളുടെ തുടക്കത്തില്‍ ആദ്യമായി പ്രസ്ഥാനത്തിന് ഇവിടെ വിത്ത്പാകിയത്. തുടര്‍ന്ന് കളത്തില്‍ കുഞ്ഞിമുഹമ്മദാജി, എ.പി.എം. കുഞ്ഞിമുഹമ്മദാജി, സി.വി. ഉമ്മര്‍, ടി.വി. മുഹമ്മദാജി, തറോല മുഹമ്മദ്, വി.കെ. ഉസ്മാന്‍, എം.പി. കുഞ്ഞിബാവ, എം.സി. ഇമ്പിച്ചി, കെ.വി. സൈനുദ്ദീന്‍കുട്ടിഹാജി, കെ.വി. അബ്ദുല്ലകുട്ടി (താടി), കെ. മൊയ്തീന്‍കുട്ടി (കോണ്‍ഗ്രസ്), കെ. ഉമ്മര്‍ മൂപ്പന്‍, കെ.പി. ഉമ്മര്‍, പി.വി.സി. മുഹമ്മദ്, മുഹമ്മദലി (മീന്‍തെരുവ്) തുടങ്ങിയവര്‍ തുടക്കം മുതല്‍ തന്നെ വളര്‍ച്ചക്ക് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ഇക്കൂട്ടത്തില്‍ ഇതെഴുതുമ്പോള്‍ ജീവിച്ചിരിക്കുന്നത് പിവിസി മുഹമ്മദ് മാത്രമാണ്.
ഒരു മുത്തവ്വയുടെ നേതൃത്വത്തിലായി ചെറു സംഘങ്ങളായുള്ള ജനസമ്പര്‍ക്ക പ്രബോധനം, ഖുര്‍ആന്‍ ക്ലാസ്, വാരാന്ത്യ അവലോകനം, മൗലാനാ അബുല്‍ അഅ്ല മൗദൂദുയുടെ കൃതികളായ ഖുതുബാത്ത്, തഫ്ഹീമുല്‍ ഖുര്‍ആന്‍ തുടങ്ങിയ പ്രധാന ഇസ്ലാമിക സാഹിത്യ കൃതികളുടെയും 1948ല്‍ ആരംഭിച്ച പ്രബോധനം പ്രതിപക്ഷ പത്രത്തിന്‍റെയും വായന, പ്രസിദ്ധീകരണത്തിന് വരിക്കാരെ ചേര്‍ക്കല്‍ തുടങ്ങിയവയായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രഥമ ഹംദര്‍ദ് ഹല്‍കയുടെ ഓഫീസ് പുതുപള്ളിക്ക് സമീപം ഇപ്പോഴത്തെ ജന്‍സ് ക്ലബ്ബിന്‍റെ മുകളിലും തുടര്‍ന്ന് മുഹ്യ്ദീന്‍ പള്ളിക്ക് സമീപമത്തുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ആദ്യകാലം മുതല്‍ മലബാറില്‍ പ്രസ്ഥാനത്തിന്‍റെ സര്‍വ്വതല സ്പര്‍ശിയും ചാലകശക്തിയുമായ ഖയ്യിം എടയൂര്‍ വി.പി. മുഹമ്മദലി ഹാജി(മ.1959) ഇടക്കിടെ പൊന്നാനിയില്‍ വന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 1942ല്‍ പഠാന്‍കോട്ടില്‍ മൗലാനാ അബുല്‍ അഅ്ല മൗദൂദിയുടെ ശിക്ഷണത്തില്‍ പത്ത് മാസത്തോളം മിശ്ക്കാത്തുല്‍മസാബിഹ് എന്ന കൃതി പഠനം പൂര്‍ത്തിയാക്കിയ പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. ടി. മുഹമ്മദ് സാഹിബ് (കൊടിഞ്ഞി), അബ്ദുറഹിമാന്‍ അസ്കര്‍ അലി സാഹിബ്(മണ്ണാര്‍ക്കാട്), താജുദ്ദീന്‍ സാഹിബ്(എടപ്പാള്‍), കൊലക്കാട്ട് മുഹമ്മദ്കുട്ടി സാഹിബ് (സര്‍ദാര്‍) തുടങ്ങിയ പ്രഗത്ഭര്‍ വളര്‍ച്ചക്ക് ആക്കംകൂട്ടി. അടിയന്തരാവസ്തയുടെ ആദ്യത്തില്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിനെ തുടര്‍ന്ന് സി.വി. ഉമ്മര്‍, ടി.വി. മുഹമ്മദ്ഹാജി, എ.പി.എം. കുഞ്ഞിമുഹമ്മദ് ഹാജി, കെ. മൊയ്തീകുട്ടി തുടങ്ങിയവരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ഏതാനും ദിവസത്തിനുശേഷം മോചിതരാവുകയും ചെയ്തു.
1965 നുശേഷം പ്രവര്‍ത്തനം വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തേക്കുകൂടി കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഏതാണ്ടണ്‍് അറുപതോളം വിദ്യാസമ്പന്നരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ സി.വി. ഉമ്മര്‍, ടി.വി. മുഹമ്മദാജി, കെ.വി. സൈനുദീന്‍കുട്ടി ഹാജി, വി. കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവരെ ജമാഅത്ത് അധികാരപ്പെടുത്തി. തډൂലം പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.എന്‍. അബ്ദുല്ലമൗലവിയുടെ നേതൃത്വത്തില്‍ പതിനഞ്ച് ദിവസത്തെ മതപ്രസംഗപരമ്പര സംഘടിപ്പിച്ചു.
1969ല്‍ അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ ഖാസി മൈതാനത്തെ കെ.വി. സൈനുദ്ദീന്‍കുട്ടി ഹാജിയുടെ തറവാട് കുറുപ്പാക്കവീട് അങ്കണത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ഐഎസ്എസ് പിറവിയെടുത്തു. തുടക്കത്തില്‍ പുതുപള്ളിയും പിന്നീട് മുഹ്യദ്ദീന്‍ പള്ളിയും കേന്ദ്രീകരിച്ചുള്ള ഖുര്‍ആന്‍ മതപഠന ക്ലാസ്സുകള്‍ ആരംഭിച്ചാണ് പ്രവര്‍ത്തനത്തിന്‍റെ തുടക്കം. മുഹ്യിദ്ദീന് പള്ളിയുടെ മുഴുവന്‍ പരിപാലന ചിലവും സി.വി. ഉമ്മര്‍, ടി.വി. മുഹമ്മദ് ഹാജി, സൈനുദ്ദീന്‍കുട്ടി ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി എന്നീ നാല്‍വര്‍ സംഘം ഏറ്റെടുത്തു.
തുടര്‍ന്ന് മുജാഹിദ്, തബ്ലീഗ് അനുഭാവികളുടെയും കൂടി സഹകരണത്തോടെ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് നിലവിലുള്ള ആചാരങ്ങള്‍ നിലനിര്‍ത്തി തന്നെ ആദ്യ ഖുതുബ മാത്രം മലയാള ഭാഷയില്‍ ജുമുഅ നടത്താന്‍ ധാരണയാവുകയും മാസങ്ങളോളം ആ രീതിയില്‍ മുഹ്യിദീന്‍ പള്ളിയില്‍ ജുമുഅ നിസ്കാരം തുടരുകയും ചെയ്തു. പിന്നീടുണ്‍ണ്ടായ അസ്വാരസ്യങ്ങള്‍ ഹേതുവായി പ്രസ്തുത സംരംഭത്തിന് വിരാമമിട്ടു. 1973 ഫെബ്രുവരി മാസത്തിലെ ഒരു വെള്ളിയാഴ്ച പൊന്നാനി വെളിയംകോട് എടപ്പാള്‍ ഉള്‍പ്പെട്ട ജമാഅത്തിന്‍റെ ഒരു ഫര്‍ക്ക സമ്മേളനം എടപ്പാള്‍വെച്ച് നടക്കുന്ന ദിവസമായിരുന്നു അന്ന്. തډൂലം ഭൂരിപക്ഷം പ്രവര്‍ത്തകരും എടപ്പാളിലായിരുന്നു അന്ന്. കെടി അബ്ദുള്‍ റഹീം മൗലവിയായിരുന്നു അന്നത്തെ സ്ഥിരം ഖത്തീബ്. പകരം കെ മ്മമുണ്ണി മൗലവി ഖുതുബ നിര്‍വഹിക്കാന്‍ മിംബറില്‍ കയറുന്ന അവസരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ജുമുഅ നടന്നത് കെഎംന്‍ ഉമ്മര്‍ സാഹിബിന്‍റെ വീട്ടിലുമായിരുന്നു. തുടര്‍ന്നുള്ള രണ്ടണ്‍് വെള്ളിയാഴ്ചകളില്‍ കെ.എന്‍. ഉമ്മര്‍ സാഹിബിന്‍റെ വീട്ടിലും അദ്ദേഹത്തിന്‍റെ ചാണയിലെ ഓയില്‍ മില്ല് അങ്കണത്തിലും പരിഭാഷയോടെ ജുമുഅ നടന്നു. ശേഷം വണ്ടിപ്പേട്ടയില്‍ ജംബു കുഞ്ഞിമുഹമ്മദില്‍ നിന്നും ടി.വി. മുഹമ്മദ് ഹാജി വാങ്ങിയ ഇപ്പോള്‍ വണ്ടിപ്പേട്ട ഐഎസ്എസ് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് താല്‍ക്കാലിക ഓലപ്പള്ളി സ്ഥാപിച്ച് തുടര്‍ പ്രവര്‍ത്തനം സജീവമാക്കി.
ജെ.എം. റോഡിലെ പഴയ ലീഗ് ഓഫീസിന് താഴെ ഗോഡൗണില്‍ ആറ് കുട്ടികളുമായി 1969ല്‍ ആരംഭിച്ച പ്രാഥമിക മദ്രസ്സയായിരുന്നു സംഘത്തിന്‍റെ പ്രഥമ സംരംഭം. കടവനാട് പി. അബ്ദുറഹിമാനായിരുന്നു ആദ്യത്തെ അധ്യാപകന്‍. പി.വി. അബ്ദുല്‍ ഹമീദ്, പ്രൊഫ. എ.വി. മൊയ്തീന്‍കുട്ടി, പ്രൊഫ.കെ.എ. കുഞ്ഞിക്കാദര്‍, പിടു. അബൂബക്കര്‍, അഡ്വ. കൊച്ചഹമ്മദ്, ആര്‍.വി.സി. ബാവക്കുട്ടി, പി.വി. ബാവക്കുട്ടി, സി.പി. അബ്ദുല്‍ അസീസ്, ബിസ്മി അബ്ദുല്ല, ആര്‍.വി. അബ്ദുസമദ്, കെ.പി. ഇബ്രാഹിംകുട്ടി, പി.പൂക്കോയ തങ്ങള്‍, ടി.കെ. അബൂബക്കര്‍, കെ. മുഹമ്മദ്, കെ.സി. കുഞ്ഞുമുഹമ്മദ്, പി.കെ. കാദര്‍കുട്ടി ഹാജി, പി.കെ.വി ഇബ്രാഹിംകുട്ടി തുടങ്ങിയവരും ജമാഅത്തെ ഇസ്ലാമിയയുടെ പൊന്നാനിയിലെ ആദ്യകാല പ്രധാന പ്രവര്‍ത്തകരും ഐഎസ്എസിന്‍റെ (ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി) സ്ഥാപക അംഗങ്ങളില്‍പ്പെടും. പിവി അബ്ദുല്‍ ഹമീദ് പ്രസിഡന്‍റും അഡ്വ. കൊച്ചഹമ്മദ് സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. തുടര്‍ന്ന് കെഎന്‍ ബാവഹാജിയായിരുന്നു പ്രസിഡന്‍റ്. ഫാത്തിമ ഉമ്മറിനെ 1982ല്‍ വനിതാ പ്രതിനിധിയായി കമ്മിറ്റിയിലുള്‍പ്പെടുത്തി.
സൊസൈറ്റി ആക്ട് അനുസരിച്ച് 1972ല്‍ 73/72-ാം നമ്പറായി സംഘം റജിസ്റ്റര്‍ ചെയ്തു. സംഘത്തിനുകീഴില്‍ 1975ല്‍ ആരംഭിച്ച സ്കൂളിന്‍റെ പ്രഥമ മാനേജര്‍ കെ.എന്‍. ബാവഹാജിയും ഹെഡ്മാസ്റ്റര്‍ വെളിയംകോട്ടെ കെ. മുഹമ്മദുണ്ണി മാസ്റ്ററും ആയിരുന്നു. 1976ലാണ് അറബിക് കോളേജ് ആംരംഭിച്ചത്. കെഎന്‍ അബ്ദുല്ല മൗലവിയാണ് പ്രഥമ പ്രന്‍സിപ്പാള്‍. 1979 ജൂണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുണ്‍ണ്ടുകടവ് ജംഗ്ഷനിലെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1985ല്‍ യു.പി. സ്കൂളിനും 2003ല്‍ എല്‍.പി., ഹൈസ്ക്കൂള്‍ക്കും 2005ല്‍ ഹയര്‍സെക്കണ്ടണ്‍റി സ്കൂളിനും സര്‍ക്കാറില്‍ നിന്ന് അംഗീകാരം ലഭിച്ചു. പലിശരഹിതനിധി, കമ്പ്യൂട്ടര്‍ സെന്‍റര്‍, സംഘടിത സകാത്ത് ഫിതര്‍സകാത് വിതരണം, ഈദാഗാഹ്, ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മാണം, നിരാലംബരായ രോഗികള്‍ക്ക് ചികിത്സാഫണ്ട് എന്നീ മാനുഷിക റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ശ്ലാഘനീയമായ രീതിയില്‍ ആദ്യകാലം മുതലേ നടന്നുവരുന്നു. നാല് പള്ളികള്‍, കാലിക്കറ്റ് സര്‍വ്വകലാശാല സിലബസ്സനുസരിച്ച് അഫ്ദലുല്‍ ഉലമാ അറബി കോളേജും മതപഠനത്തിന് മജ്ലിസുത്തഅലീമുല്‍ ഇസ്ലാമിയയമായി അഫിലിയേറ്റ് ചെയ്ത മദ്രസയും പ്രവര്‍ത്തിക്കുന്നു. അംഗീകാരം ലഭിച്ചത് മുതല്‍ തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നിലനിര്‍ത്തിവരുന്നു. 1998ല്‍ സ്ഥാപനത്തിന്‍റെ സില്‍വര്‍ ജൂബിലി വിപുലമായ രീതിയില്‍ തന്നെ ആഘോഷിച്ചു.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരും ഗുണകാംക്ഷികളുമായ ഇരുപത്തിയഞ്ച് അംഗങ്ങളാണ് ഭരണസമിതിയില്‍ അധികവും. ടി.വി. മുഹമ്മദ് ഹാജി, പി.സി. ഹംസ ഹാജി, ടി.വി. ഇബ്രാഹിംകുട്ടി, എ.പി.എം. ഇസ്മാഈല്‍, കെ.വി.മുഹമ്മദ്, കെ.അബ്ദു തുടങ്ങിയവര്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ടണ്‍്. 2000 ജനുവരി 10 തിങ്കളാഴ്ച(റംസാന്‍ 27ന്) ടി.വി. മുഹമ്മദ്ഹാജി ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് പി.വി.അബ്ദുല്ലത്വീഫ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
പിവി അബ്ദുള്‍ ലത്തീഫാണ് സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ മാനേജര്‍. അദ്ദേഹവും പ്രിന്‍സിപ്പാളും ജമാഅത്തെ ഇസ്ലാമിയുടെ പൊന്നാനി ഏരിയ പ്രസിഡന്‍റുമായ ചെറുകുളമ്പ് പി.കെ. അബ്ദുല്‍ അസീസ് സാഹിബും സെക്രട്ടറി എം. മുഹമ്മദ് മാസ്റ്ററും, അക്കാഡമിക് കോഡിനേറ്റര്‍ പിവി അബ്ദുള്‍കാദര്‍ മാസ്റ്ററും ഉള്‍പ്പെട്ട സ്ഥാപനത്തിന്‍റെ നിലവിലുള്ള കമ്മിറ്റിയും സ്റ്റാഫും സംയുക്തമായി ഐഎസ്എസ് സ്ഥാപനങ്ങളുടെ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച വളര്‍ച്ചക്ക് പൂര്‍വ്വോപരി തീവ്രശ്രമങ്ങള്‍ നടത്തിവരുന്നു.
ആലിക്കുട്ടി മൗലവി, സെയ്ത് മുഹമ്മദ് സാഹിബ് (ആലുവ), പി.പി. കുഞ്ഞിമൊയ്തീന്‍കുട്ടി മൗലവി, കെ.എം.അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പ്രിന്‍സിപ്പാള്‍മാരായിരുന്നു. ഹയര്‍സെക്കണ്ടറിയുടെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദ് ശിഹാബുദ്ദീനും, ഹെഡ്മാസ്റ്റര്‍ പി ഗീതയുമാണ്.