കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനം



കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനം 




Snhn A_vZpdlnam³Ip«n

9495095336

  


 
നൂറ്റാണ്ടുകളുടെ പ്രതാപൈശ്വര്യങ്ങള്‍ക്ക് സാക്ഷിയായ നാടാണ് പൊന്നാനി. ഇന്ന് ചരിത്രപ്രസക്തമല്ലെങ്കിലും ഈ നാടിന്‍റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സമ്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള പാരമ്പര്യം ഈ ദേശത്തിനുണ്ട്. ശതാബ്ദങ്ങളുടെ ഐശ്വര്യശോഭയും സാംസ്കാരിക സൗരഭ്യവും വ്യാവസായിക മുന്നേറ്റവും പ്രസരിച്ചുനിന്ന ഈ പൗരാണിക പട്ടണം ഒരു കാലത്ത് വന്‍ ശക്തികളെ ആകര്‍ഷിച്ചു. ഇതില്‍ നിന്നെല്ലാം ഉപരിയായി മലബാറിലെ മക്ക, ചെറിയ മക്ക എന്നീ വിശേഷണങ്ങളും ഈ നാടിനുണ്ട്.

    ഭൂമിശാസ്ത്രപരമായി  വളരെയേറെ സവിശേഷതകളുള്ള നിളയുടെ സംഗമ സ്ഥാനവും കേരള കടല്‍ തീരത്തെ ഏതാണ്ട് മദ്ധ്യബിന്ദുവും കൊച്ചിക്കും കോഴിക്കോടിനും ഇടയില്‍ സ്ഥിതിചെയ്യുന്നതുമായ പൊന്നാനി തുറമുഖത്തിനോട് വള്ളുവ കോനാതിരി, സാമൂതിരി, കൊച്ചി രാജാവ് തുടങ്ങി മലയാളക്കര ഭരിച്ചിരുന്ന ഭരണാധികാരികള്‍ക്കെല്ലാം പ്രത്യേക കണ്ണുണ്ടായിരുന്നു. സാമൂതിരി ഭരണത്തിന്‍റെ പ്രതാപകാലത്ത് സുപ്രധാന നയരൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ ദേശം പലപ്പോഴും ആസ്ഥാനമായിട്ടുണ്ട്.

    കടലിന്‍റെ താരാട്ട് കേട്ടുറങ്ങുന്ന ഈ പട്ടണം തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടദേശമാണ്. അറിയുംതോറും കൂടുതല്‍ ആകാംക്ഷയുളവാക്കുന്നതാണ് ഈ ദേശചരിത്രം. നൂറ്റാണ്ടുകളായുള്ള മതമൈത്രി ഈ നാടിന്‍റെ മുഖമുദ്രയാണ്.

    മലപ്പുറം ജില്ലയുടെ തെക്ക് പടിഞ്ഞാറെ കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന പുരാതന തുറമുഖ പട്ടണമാണ് പൊന്നാനി. വടക്ക് ഭാരതപ്പുഴ, തെക്ക് പൂക്കൈതപ്പുഴ, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് എടപ്പാള്‍-കാലടി ഗ്രാമപഞ്ചായത്തുകളാണ് അതിരുകള്‍. പൊന്നാനി നഗരം, ഈഴുവത്തിരുത്തി എന്നീ രണ്ട് വില്ലേജുകള്‍ ഉള്‍പ്പെട്ട നഗരസഭയുടെ വിസ്തീര്‍ണ്ണം 23.32 ച.കി.മീറ്ററാണ്.

    2011 ലെ ജനസംഖ്യ 90442. പുരുഷډാര്‍ 42657, സ്ത്രീകള്‍ 47785. (ജനസാന്ദ്രത ച. കി. മീറ്ററിന് 3878) 2015 ല്‍ നഗരസഭയിലെ കണക്കനുസരിച്ച് മുസ്ലിംകള്‍ 64294ഉം ഹിന്ദുക്കള്‍ 30764ഉം ക്രിസ്ത്യാനികള്‍ 194ഉം നഗരസഭയില്‍ വസിക്കുന്നു. ചരിത്രത്തിന്‍റെ അക്ഷയഖനിയാണ് പൊന്നാനി. ഈ നാടിന്‍റെ ഓരോ മണല്‍തരിക്കും ചരിത്രമുണ്ട്. അറിയുംതോറും കൂടുതല്‍ ആകാംക്ഷ ഉളവാക്കുന്നതാണ് ഈ ദേശ ചരിത്രം.


പേരിലെ പൊരുള്‍

    പൊന്നാനി എന്ന പേര് സിദ്ധിച്ചതിനെ കുറിച്ച് സ്ഥലനാമ ചരിത്രകാരډാര്‍ വിവിധ വീക്ഷണക്കാരാണ്. അതിപ്രാചീന തുറമുഖ പട്ടണമായതിനാല്‍ പൗരാണിക കാലം മുതല്‍ അറബികളും പേര്‍ഷ്യക്കാരും മറ്റു വിദേശികളും വ്യാപാരത്തിനായി ഇവിടെ വന്നിരുന്നു. അവര്‍ അക്കാലത്തെ നാണയമായ പൊന്‍നാണയം ആദ്യമായി പ്രചരിപ്പിച്ചു. പൊന്‍നാണയത്തിന്‍റെ പരിവര്‍ത്തിത രൂപം-പൊന്നാനി. 

    അറബികള്‍ ഫൂനാനിയെന്നും മലബാര്‍ മാനുവല്‍ പൂനാനിയെന്നും പ്രയോഗിച്ചു. അസ്തമയ സൂര്യന്‍റെ പൊന്‍കിരണങ്ങള്‍ ഏറ്റ് പൊന്നാനി അഴിമുഖത്ത് ഭാരതപ്പുഴ പൊന്‍പുഴയായി മാറുന്നു. പൊന്‍വര്‍ണ്ണമാകുന്ന പൊന്‍+വാനി(പുഴ) - പൊന്‍വാനി= പൊന്നാനി. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചില രേഖകളില്‍ പൊന്നാനി വായ്ക്കല്‍ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി. പൊന്നന്‍ എന്ന നാടുവാഴി ഭരിച്ച ദേശം-പൊന്നാനി. ഇങ്ങനെ പലതും.

    ആദ്യകാലത്ത് തിരുമനശ്ശേരി നാടുവാഴിയും തുടര്‍ന്ന് സാമൂതിരിയും 1766 മുതല്‍ മൈസൂര്‍ ഭരണാധികാരികളായ ഹൈദരലിഖാനും ടിപ്പുസുല്‍ത്താനും 1792 മുതല്‍ 1858വരെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയും തുടര്‍ന്ന് സ്വാതന്ത്ര്യലബ്ധിവരെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ടും ഈ നാട് ഭരിച്ചു.

    പതിനാറ് പതിനേഴ് നൂറ്റാണ്ടുകളില്‍ സാമൂതിരി രാജാക്കډാര്‍ കോഴിക്കോടിനേക്കാള്‍ അധികവും വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത് പൊന്നാനിയിരുന്നുവെന്ന് ആധികാരിക സാമൂതിരി ചരിത്രക്കാരډാര്‍ പറയുന്നു. അക്കാലത്ത് ഭരണസിരാകേന്ദ്രം പലപ്പോഴും ഇവിടത്തെ തൃക്കാവ് കോവിലകമായിരുന്നു. 

    ഭാരതത്തില്‍ ആദ്യമായി സാമ്രാജ്യത്വ ഭരണത്തിനാരംഭം കുറിച്ച വാസ്കോഡിഗാമയുടെ കപ്പല്‍ 1498ല്‍ മലബാറിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടപ്പോള്‍ സാമൂതിരി പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു. ഗാമ തന്‍റെ ആഗമനോദ്ദേശം അറിയിക്കാനായി രണ്ട് ദൂതരെ പൊന്നാനിക്ക് അയച്ചതിനെ തുടര്‍ന്നാണ് സാമൂതിരി കോഴിക്കോട് രാജധാനിയിലേക്ക് എഴുന്നെള്ളിയത്. 


സാമൂതിരിയുടെ രണ്ടാം ആസ്ഥാനം


    സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍റെ തട്ടകം, നേവി ഹെഡ് ക്വാര്‍ട്ടേഴ്സ്, ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയ ദേശം, നൂറ്റാണ്ടുകളായി മതസാഹോദര്യം കണ്ണിന്‍റെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന പ്രദേശം, 1921ലെ മലബാര്‍ കലാപകാലത്തുപോലും ദേശത്തിന് പോറലേല്‍ക്കാതെ മതമൈത്രി സംരക്ഷിച്ച നാട്, മാനവമൈത്രി ജീവിത ലക്ഷ്യമാക്കിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ജډം നല്‍കിയ ഇടം, മലയാളക്കരയില്‍നിന്ന് ആദ്യമായി  വിദേശ ബിരുദം നേടിയ പണ്ഡിതശ്രേഷ്ഠനും നവോത്ഥാന നായകനുമായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും കേരളത്തിന്‍റെ ലക്ഷണമൊത്ത പ്രഥമ ചരിത്രകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും പ്രവര്‍ത്തന മണ്ഡലം, മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെയും മലയാള സാഹിത്യ തറവാട്ടില്‍ ചിരപ്രതിഷ്ഠനേടിയ പൊന്നാനി കളരിയുടെയും വന്നേരി കളരിയുടെയും സ്വാതന്ത്ര്യസമര അക്കാദമി ആനക്കര വടക്കത്തിന്‍റെയും മാമാങ്ക മഹോത്സവങ്ങളുടെയും കേരള വാത്മീകി വള്ളത്തോള്‍ നാരായണമേനോന്‍റെയും പഴയ താലൂക്ക് ആസ്ഥാനം, ? തുടങ്ങി പല വിശേഷണങ്ങള്‍ക്കും അര്‍ഹമായ നാടാണ് പൊന്നാനി.

    ഒരു കാലത്ത് കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുറമുഖ നഗരങ്ങളോളം വ്യാവസായിക, വാണിജ്യരംഗത്തും ഇതര മേഖലകളിലും പൊന്നാനി മികച്ചുനിന്നു. ഭൂമിശാസ്ത്രപരമായി  വളരെയേറെ സവിശേഷതകളുള്ള നിളയുടെ സംഗമ സ്ഥാനവും കൊച്ചിക്കും കോഴിക്കോടിനും ഇടയില്‍ കേരള കടല്‍ തീരത്തിന്‍റെ ഏതാണ്ട് മദ്ധ്യബിന്ദുവിലായി  സ്ഥിതിചെയ്യുന്ന പൊന്നാനി തുറമുഖത്തിനോട് വള്ളുവ കോനാതിരി സാമൂതിരി കൊച്ചി രാജാവ് തുടങ്ങി മലയാളക്കര ഭരിച്ചിരുന്ന ഭരണാധികാരികള്‍ക്കെല്ലാം പ്രത്യേക കണ്ണുണ്ടായിരുന്നു. സാമൂതിരി ഭരണത്തിന്‍റെ പ്രതാപകാലത്ത് സുപ്രധാന നയരൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ ദേശം പലപ്പോഴും ആസ്ഥാനമായിട്ടുണ്ട്.

    പ്രാചീന കേരളത്തിലെ ദ്വിതീയ തുറമുഖമായ തിണ്ടീസ് പൊന്നാനിയാണെന്ന് ഭൂരിപക്ഷം ചരിത്രകാരډാരും രേഖപ്പെടുത്തിയിട്ടുണ്ട്. തډൂലം നൂറ്റാണ്ടുകള്‍ക്ക് മുമ്പുമുതല്‍ ജലഗതാഗതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് ഭരതപ്പുഴയുടെ സംഗമസ്ഥാനം കൂടിയായ ഇവിടം പ്രമുഖ വ്യാവസായിക തുറമുഖ പട്ടണവും പുരാതന കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രവുമായിരുന്നു.

    ഇപ്പോഴത്തെ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്ന പഴയ വെട്ടത്തുനാട്, കൂറ്റനാട്, ചാവക്കാട് എന്നീ താലൂക്കുകളിലെ 66 അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1881ല്‍ പുനഃ ക്രമീകരിച്ചതായിരുന്നു അവിഭക്ത പൊന്നാനി താലൂക്ക്. വടക്ക് ഏറനാടിന്‍റെ അതിര് പരപ്പനങ്ങാടി പൂരപ്പുഴ, തെക്ക് കൊച്ചിന്‍ രാജ്യത്തിന്‍റെ അതിര് കൊടുങ്ങല്ലൂര്‍ ആല, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് പട്ടാമ്പിപ്പുഴയും തിരുന്നാവായയും അനുബന്ധരേഖയും അതിരിട്ട 125 കിമി ദൈര്‍ഘ്യമുള്ള ഈ താലൂക്കിന്‍റെ ഭരണസിരാകേന്ദ്രം പൊന്നാനിയായിരുന്നു. കൈപ്പമംഗലം, നാട്ടിക, ഗുരുവായൂര്‍, പൊന്നാനി, തൃത്താല, തവനൂര്‍, തിരൂര്‍, താനൂര്‍ എന്നീ എട്ട് അസംബ്ലി മണ്ഡലങ്ങളും ഇന്നത്തെ ചാവക്കാട്, പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ പൂര്‍ണ്ണമായും പട്ടാമ്പി താലൂക്കിന്‍റെ ചില ഭാഗങ്ങളും പ്രസ്തുത താലൂക്കിന്‍റെ പരിധിയിലായിരുന്നു.


ഇപ്പോഴത്തെ സാംസ്കാരിക ആസ്ഥാനം


    കേരളത്തിന്‍റെ ഇപ്പോഴത്തെ സാംസ്കാരിക ആസ്ഥാനമായ തൃശൂരിന്‍റെ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന വടക്കുംനാഥ ക്ഷേത്രത്തിന് ചുറ്റും ഒരു കാലത്ത് കൊടുംകാടായിരുന്നു. കൊച്ചിന്‍ രാജാവായ ശക്തന്‍ തമ്പുരാന്‍റെ ഭരണ(1790 -1805)കാലത്ത് വെട്ടിത്തെളിച്ച് സമനിരപ്പാക്കിയാണ് ഇന്നത്തെ തൃശൂര്‍ നഗരത്തിന് ആരംഭം കുറിച്ചത്. കരഗതാഗതത്തിന് പ്രാമുഖ്യം വന്നതോടെയാണ് തൃശൂര്‍ നഗരമായിത്തീര്‍ന്നതും ക്രമാനുഗതമായി സാംസ്കാരികമായി വളര്‍ന്നതും.